കൊമോഡോ ഡ്രാഗൺ

(കൊമോഡോ ഡ്രാഗൺ‍‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ, റിൻ‌കാ, ഫ്ലോർസ്, ഗിലി മുതലായ ദ്വീപുകളിൽ കണ്ടുവരുന്നതും ഒരു പ്രത്യേക വംശത്തിൽപ്പെടുന്നവയുമായ പല്ലികളാണ് കൊമോഡോ ഡ്രാഗണുകൾ[2]. ഉരഗങ്ങളായ വരനിഡേയ് (Varanidae) കുടുംബത്തിൽ പെടുന്ന ഇവയാണ് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പല്ലികൾ. ഇവക്ക് 2 മുതൽ 3 മീ വരെ നീളവും വെക്കുന്നതും 70 കി.ഗ്രാം വരെ ഭാരവും വരാറുണ്ട്. അധിവാസദ്വീപുകളിൽ എതിരാളികൾ ഒന്നുമില്ലാതായതും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയുമാണ് ഈ ജീവികൾക്ക് അസാധാരണമായ വലിപ്പം കിട്ടാൻ കാരണമായതെന്ന് കരുതപ്പെടുന്നു[3][4]. ദ്വീപുകളിലെ വലിപ്പം കൂടിയ ജീവിയായതുകൊണ്ട് ഇവിടത്തെ ഭക്ഷ്യശൃംഖലയിലേയും ജൈവവ്യവസ്ഥയുടേയും അവസാനകണ്ണിയാണ് ഈ പല്ലികൾ[5]. മറ്റുജീവികളുടെ ശവശരീരങ്ങളാണ് പ്രധാനഭക്ഷണമെങ്കിലും ഇരകളാക്കാവുന്ന എന്തിനേയും വേട്ടയാടിപ്പിടിച്ചും ഇവ ഭക്ഷിക്കാറുണ്ട്. മേയ് മുതൽ ഓഗസ്റ്റ് വരെയാണ് ഇണചേരൽ കാലം. സെപ്തംബറോടുകൂടി മുട്ടകളിടുന്നു. മെഗാപോഡ് എന്ന പക്ഷികൾ ഉപേക്ഷിക്കുന്ന കൂടുകളിലാണ് കൊമോഡോ ഡ്രാഗണുകൾ മുട്ടയിടുന്നത്. ഏഴെട്ടുമാസം അടയിരുന്നതിനു ശേഷം മുട്ടകൾ ഏപ്രിൽ മാസത്തിൽ വിരിയുന്നു. കൊച്ചു കൊമോഡോകളെ മുതിർന്നവതന്നെ തിന്നാനിടയുള്ളതിനാൽ അവ മരങ്ങളിലും മറ്റും ഒളിച്ചാണു പാർക്കുക. അമ്പത് കൊല്ലം വരെ ജീവിച്ചിരിക്കാറുള്ള കൊമോഡോ ഡ്രാഗണുകളുകൾക്ക് ബീജസംയോജനം കൂടാതെ മുട്ടയിടാനുള്ള കഴിവുമുണ്ട്[6][7].

കൊമോഡോ ഡ്രാഗൺ[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Scleroglossa
Family:
Genus:
Species:
V. komodoensis
Binomial name
Varanus komodoensis
Komodo dragon distribution

1910 -ൽ മാത്രമാണ് ഈ ഉരഗങ്ങൾ പടിഞ്ഞാറൻ ശാസ്ത്രലോകത്തിന്റെ കണ്ണിൽ പെടുന്നത്. പ്രാദേശികപരിസ്ഥിതിയിൽ മനുഷ്യരുടെ ഇടപെടലിന്റെ ഫലമായി വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ ഐ.യു.സി.എൻ. പെട്ടെന്നുതന്നെ നാശോന്മുഖമായ ജീവികളുടെ പട്ടികയിൽ പെടുത്തുകയുണ്ടായി. ഇന്തോനേഷ്യയിൽ ഇവ നിയമത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സംരക്ഷണ പ്രവർത്തനങ്ങൾക്കായി കൊമോഡോ ദേശീയോദ്യാനം എന്നൊരു ദേശീയോദ്യാനം തന്നെ അവിടേയുണ്ട്. ശാസ്ത്രസാഹിത്യത്തിൽ കൊമോഡോ ഡ്രാഗണുകളെ പലപ്പോഴും കൊമോഡോ മോണിറ്റർ അല്ലെങ്കിൽ കൊമോഡോ ഐലൻഡ് മോണിറ്റർ (Komodo Island Monitor) എന്നൊക്കെ വിളിക്കാറുണ്ട്[1]. പ്രാദേശികമായി ഇവയെ ‘ഓറ’യെന്നോ ‘ബുവാജ ദുറാത്’ (കര മുതല) എന്നോ ‘ബിയാവക് രാക്സസ‘ (ഭീമൻ രാക്ഷസൻ) എന്നൊക്കെ വിളിക്കുന്നു[8][9].

പരിണാമം

തിരുത്തുക

ഏകദേശം പത്തുകോടി വർഷങ്ങൾക്കു മുമ്പ് മദ്ധ്യേഷ്യൻ പ്രദേശത്താണ് വരനസ് ഗണത്തിലെ ആദ്യജീവികൾ പ്രത്യക്ഷപ്പെടുന്നത്. കടലിലും കരയിലും അവ ജീവിച്ചിരുന്നു. കടലിലുണ്ടായിരുന്നവ പടുകൂറ്റന്മാരായിരുന്നു. കരയിലുണ്ടായിരുന്ന മൂന്നു മീറ്റർ വരെ നീളമുണ്ടായിരുന്ന ജീവികളിൽ നിന്നാണ് ഉടുമ്പ് വർഗ്ഗങ്ങളായ[10] വരാനിഡ്ഡുകൾ രൂപം കൊണ്ടത്. അഞ്ചു കോടി വർഷങ്ങൾ കഴിയുമ്പോഴേക്ക് അവ യൂറോപ്പിലേക്കും തെക്കനേഷ്യയിലേക്കും, വടക്കെ അമേരിക്കയിലേക്കും എത്തിപ്പെട്ടു. ഒന്നരക്കോടി വർഷം മുമ്പ് ആസ്ത്രേലിയൻ വൻകര ഏഷ്യയുടെ തെക്കുഭാഗത്ത് വന്നിടിച്ചപ്പോൾ വരനിഡ്ഡുകൾ ആസ്ത്രേലിയയിലെത്തി. ഹിമയുഗങ്ങളുടെ അവസാനത്തോടെ സമുദ്രനിരപ്പിൽ വന്ന മാറ്റങ്ങളുടെ (130 അടി വരെ) ഫലമായി ഇന്തോനേഷ്യക്കും ആസ്ത്രേലിയക്കുമിടയിൽ നിരവധി ദ്വീപുകൾ രൂപം കൊണ്ടു. അവയിൽ ഏതാനും ദ്വീപുകളിൽ ഒറ്റപ്പെട്ടുപോയ വരാനിഡ്ഡുകളുടെ പിതുടർച്ചക്കാരാണ് കൊമൊഡൊ ഡ്രാഗണുകൾ.കൊമോഡോ ഡ്രാഗണുകൾ അവയുടെ ഓസ്ട്രേലിയൻ പൂർവികരിൽ നിന്നും 40 ലക്ഷം വർഷങ്ങൾക്കു മുമ്പെങ്കിലും വേർപെട്ടുവെന്നും അവയുടെ ആവാസം കിഴക്കോട്ട്, ടിമോർ ദ്വീപ് വരെ വ്യാപിച്ചിരുന്നു എന്നും കരുതപ്പെടുന്നു. [9].

ശരീരപ്രകൃതി

തിരുത്തുക
 
ഭീമൻ പല്ലികളുടെ ചർമ്മത്തിന്റെ സമീപദൃശ്യം.

കാടുകളിൽ വസിക്കുന്ന പൂർണ്ണവളർച്ചയെത്തിയ കൊമോഡോ ഡ്രാഗണുകൾക്ക് 70 കിലോഗ്രാം വരെ ഭാരമുണ്ടാകും[11]. എന്നാൽ മൃഗശാലകളിൽ വളർത്തുന്നവക്ക് അതിനേക്കാൾ ഭാരം ഉണ്ടാകാറുണ്ട്. അക്കൂട്ടത്തിൽ അറിയപ്പെടുന്ന ഏറ്റവും വലുത്, 166 കിലോഗ്രാം ഭാരമുള്ളതും(ദഹിക്കാത്ത ഭക്ഷണമടക്കം) 3.13 മീറ്റർ നീളമുള്ളതുമായ ഒന്നാണ്‌ [9].

കൊമോഡോ ഡ്രാഗണുകളുടെ വാലിന് അതിന്റെ ഉടലിനോളം തന്നെ നീളമുണ്ടാകും. 2.5 സെ.മീ. നീളമുള്ളതും ഇടക്കിടക്ക് പൊഴിയുന്നതുമായ അറുപതോളം പരുപരുത്ത പല്ലുകളും ഇവയ്ക്കുണ്ടാകും. പല്ലുകളുടെ അഗ്രം മാത്രമേ മോണക്കു‍ പുറത്തേക്ക് കാണുകയുള്ളൂ. തന്മൂലം ഭക്ഷണം ചവയ്ക്കുമ്പോൾ മോണ ഇടക്കിടെ[1]മുറിയുന്നതിനാൽ ഉമിനീരിൽ എപ്പോഴും രക്താംശമുണ്ടായിരിക്കും[12]. ഇത് വായ്ക്കുള്ളിൽ അത്യന്തം അപകടകാരികളായ പ്രത്യേകതരം ബാക്റ്റീരിയകൾക്ക് താമസിക്കാനുള്ള മാദ്ധ്യമമായി വർത്തിക്കുന്നു[13]. നീണ്ടു രണ്ടായി പിരിഞ്ഞ മഞ്ഞനിറമുള്ള നാവാണ് ഇവയ്ക്കുള്ളത്.

ഇന്ദ്രിയ ശേഷികൾ

തിരുത്തുക

കൊമോഡോ ഡ്രാഗണുകൾക്ക് അത്ര സൂക്ഷ്മമായ കേഴ്‌വിശക്തി ഇല്ല, 400 ഹെട്സിനും 2000 ഹെട്സിനും ഇടയിൽ ആവൃത്തിയുള്ള ശബ്ദം മാത്രം ശ്രവിക്കാനുള്ള കഴിവേ അവയ്ക്കുള്ളു[14][9]. മുന്നൂറ് മീറ്റർ അകലെയുള്ള കാര്യങ്ങൾ കാണാനുള്ള കഴിവുണ്ടെങ്കിലും റെറ്റിനയിൽ കോൺ കോശങ്ങൾ മാത്രം ഉള്ളതിനാൽ രാത്രികാഴ്ച തുലോം പരിമിതമാണ്. ദൃശ്യപ്രകാശത്തിലെ നിറങ്ങൾ കാണാനുള്ള കഴിവുണ്ടെങ്കിലും നിശ്ചലമായ വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവ് കുറവാണ്[15].

 
വെയിൽ കായുന്ന കൊമോഡോ ഡ്രാഗൺ - ചിത്രീകരിച്ചത് ഡിസ്നിയുടെ അനിമൽ കിങ്ഡം

മറ്റു പല ഉരഗങ്ങളേയും പോലെ ജേക്കബ്സൺസ് അവയവം ഉപയോഗിച്ച്, കൊമോഡോ ഡ്രാഗൺ തന്റെ നാവിന്റെ സഹായത്തോടെ പദാർത്ഥങ്ങളെ രുചിച്ചും മണത്തുമാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഈ കഴിവ് ഇരുട്ടിലും ഇവയ്ക്ക് വഴികാട്ടുന്നു[13]. സഞ്ചരിക്കുമ്പോൾ തല ഇരുവശത്തോട്ടും ആട്ടുന്ന സ്വഭാവം കൊണ്ട് അനുകൂലമായ കാറ്റിന്റെ സഹായം ഉണ്ടെങ്കിൽ ജീർണ്ണമാംസത്തെ 4 മുതൽ 9.5 കി.മി. അകലെ നിന്നേ തിരിച്ചറിയാൻ ഇവയ്ക്കു കഴിയും[12][15]. കൊമോഡോ ഡ്രാഗണുകളുടെ നാസാരന്ധ്രങ്ങൾ തൊറാസിക് ഡയഫ്രത്തിന്റെ അഭാവം മൂലം കാര്യമായ ഉപയോഗമില്ലാത്തതാണ്‌.[12][16].

ഏതാനും ചില രുചി മുകുളങ്ങളേ അവയുടെ തൊണ്ടക്കീഴിലുള്ളൂ[13]. ശൽക്കങ്ങളിൽ ചിലത് എല്ലുമായി ചേർന്ന് ബലപ്പെട്ടുനിൽക്കുന്നു. വേറെ ഏതാനും ശൽക്കങ്ങൾ സ്പർശനക്ഷമതയുള്ള മൃദുകോശങ്ങളാൽ (plaque) തലച്ചോറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ അവക്ക് സ്പർശനം അറിയാൻ കഴിവുണ്ട്. ഇവയുടെ ചെവി, ചുണ്ട്, കവിൾ, കാൽ‌പ്പാദം എന്നിവയിൽ മൂന്നോ അതിലധികമോ സ്പർശസംവേദിനികൾ കാണാറുണ്ട്[12]. വന്യാവസ്ഥയിൽ കൊമോഡോ ഡ്രാഗണുകൾ മർമ്മരങ്ങൾക്കും, ഒച്ചകൾക്കും ഒന്നും പ്രതികരിക്കാറില്ലായിരുന്നതു കൊണ്ട് അവ ബധിരരാണെന്നു മുമ്പ് വിശ്വസിച്ചിരുന്നു. എന്നാൽ ലണ്ടനിലെ സെഡ്.എസ്.എൽ. മൃഗശാലയിലെ ജോവൻ പ്രോക്റ്റർ എന്ന ജീവനക്കാരി തന്റെ ശബ്ദം കേൾക്കുമ്പോൾ ഭക്ഷണത്തിനായി അടുത്തേക്കുവരാൻ ഒരു കൊമോഡോ ഡ്രാഗണെ പരിശീലിപ്പിച്ചെടുക്കുകയുണ്ടായി. അവരെ നേരിൽ കണ്ടില്ലെങ്കിൽ പോലും അവരുടെ ശബ്ദം കേൾക്കുമ്പോൾ ആ ജന്തു അടുത്തെത്തിയിരുന്നു[17].

ആവാസവ്യവസ്ഥ

തിരുത്തുക
 
കൊമോഡോ ഡ്രാഗന്റെ പാദങ്ങളുടേയും വാലിന്റേയും സമീപദൃശ്യം

കൊമോഡോ ഡ്രാഗണുകൾ വരണ്ട ചൂടുള്ള പ്രദേശം ഇഷ്ടപ്പെടുന്നതുകൊണ്ട് പൊതുവേ തുറസായ വരണ്ട പുൽമേടുകളോ സവേനകളോ താഴ്ന്ന സ്ഥലങ്ങളിലെ മധ്യരേഖാ വനങ്ങളോ ആവാസത്തിനായി തിരഞ്ഞെടുക്കുന്നു. ശീതരക്തജീവികൾ ആയതിനാൽ ഇവ പകലാണ് കൂടുതൽ സജീവമാകുന്നത്. എന്നിരുന്നാലും രാത്രിയിലും ഇവ പുറത്തിറങ്ങാറുണ്ട്. ഭക്ഷണം കഴിക്കാനും പ്രത്യുത്പാദനത്തിനും മാത്രമേ ഇവ ഒത്തുകൂടാറുള്ളു. മണിക്കൂറിൽ 20 കി.മീ. വേഗത്തിൽ ഓടാൻ കഴിവുള്ള ഇവയ്ക്ക് 4.5 മീറ്റർ ദൂരം ചാടാനും കഴിവുണ്ട്. കാൽനഖങ്ങൾ ഉപയോഗിച്ച് മരം കയറാനും (പ്രത്യേകിച്ച് ചെറുപ്പത്തിൽ) ഇവയ്ക്ക് കഴിയും[11]. വലുതാവും തോറും നഖങ്ങൾ ആയുധങ്ങളായി രൂപം പ്രാപിക്കുകയും അതിന്റെ വലിപ്പക്കൂടുതൽ കൊണ്ട് മരംകയറ്റം പ്രായോഗികമല്ലാതായി തീരുകയും ചെയ്യുന്നു[12]. കൊമോഡോ ഇരപിടിക്കാനായി പിൻ‌കാലുകളിൽ ഉയർന്നു വാലിനെക്കൂടി താങ്ങാക്കി നിൽക്കാറുണ്ട്. ബലമുള്ള മുൻ‌കാലുകളും നഖങ്ങളുമുപയോഗിച്ച് താമസിക്കാനായി 1 മുതൽ 2 മീറ്റർ വരെയുള്ള മാളങ്ങൾ തീർക്കുന്ന ഇവ രാത്രികാലങ്ങളിൽ ശരീര താപനില നിലനിർത്താനായി അതിനുള്ളിൽ കഴിയുന്നു[18].

കൊമോഡോ ഡ്രാഗണുകൾ ഉച്ചതിരിഞ്ഞാണ് വേട്ടയാടാനിറങ്ങുക. ദിവസത്തിലെ ചൂടുകൂടിയ സമയങ്ങളിൽ തണലുകളിൽ ഇവ അഭയം പ്രാപിക്കും[19]. തണുത്ത കടൽക്കാറ്റ് ധാരാളം ലഭിക്കുന്ന ഇത്തരം അഭയസ്ഥാനങ്ങൾ സ്വന്തം വിസർജ്ജ്യങ്ങളുപയോഗിച്ചും, ചെടികൾ നീക്കം ചെയ്തും അവ അടയാളപ്പെടുത്തിവക്കുകയും ചെയ്യും. മാനുകളേയും മറ്റും ആക്രമിക്കാനുള്ള ഒളിസ്ഥലമായും ഇവ ഉപയോഗിക്കുന്നു[20].

 
കൊമോഡോ ഡ്രാഗണുകൾ, റിൻ‌കായിൽ നിന്ന്

കൊമോഡോ ഡ്രാഗണുകൾ മാംസഭുക്കുകളാണ്. പ്രധാനമായും ചീഞ്ഞമാംസമാണവ ഭക്ഷിക്കുക[3] എങ്കിലും ഒളിഞ്ഞിരുന്നാക്രമിച്ച് ഇരപിടിക്കാറുമുണ്ട് . അവ പതുങ്ങിയിരിക്കുന്ന സ്ഥലത്തിനു സമീപം പ്രാപ്യരായ ഇരകൾ വരുമ്പോൾ കൊമോഡോ ഡ്രാഗണുകൾ വളരെ പെട്ടെന്ന് പാഞ്ഞടുത്ത് ഇരയുടെ കഴുത്തിൽ കടിച്ച് കീഴ്പ്പെടുത്തുകയാണു ചെയ്യുക[12]. ചത്തതോ ചത്തുകൊണ്ടിരിക്കുന്നതോ ആയ ജീവികളെ 9.5 കി.മീ. അകലെ നിന്നു തന്നെ ശക്തമായ ഘ്രാണശക്തി ഉപയോഗിച്ച് തിരിച്ചറിയാനിവയ്ക്കു കഴിവുണ്ട്[12]. കൊമൊഡോ ഡ്രാഗണുകൾ അവയുടെ ശക്തിയുള്ള വാലുകൾ ഉപയോഗിച്ച് പന്നികളേയും മറ്റും അടിച്ചിടാറുമുണ്ട്.

മുൻ‌കാലുകൾ ഉപയോഗിച്ച് ഇരയെ അമർത്തിപ്പിടിച്ചശേഷം വൻ മാംസക്കഷണങ്ങൾ ചീന്തിയെടുത്ത് വിഴുങ്ങുകയാണ് ഭക്ഷണ രീതി. ആടികളേപ്പോലെ ചെറിയ ഇരകളാണെങ്കിൽ, ലഘുവായി മാത്രം തലയോടുമായി ഘടിപ്പിച്ചിട്ടുള്ള താടിയെല്ലും വികസിപ്പിക്കാവുന്ന തലയോടും ഉദരവും നൽകുന്ന സൌകര്യമുപയോഗിച്ച് ഒറ്റയടിക്ക് വിഴുങ്ങുകയാണ് ചെയ്യുക. ഇരയുടെ വയറ്റിലുണ്ടാകുന്ന സസ്യഭക്ഷണവും കുടൽ ഭാഗങ്ങളും ഉപേക്ഷിക്കുന്നു[20]. ഇവ ചുവന്ന ഉമിനീര് ധാരാളം ഉത്പാദിപ്പിക്കുന്നുണ്ട് ഇത് ഭക്ഷണം വഴുവഴുപ്പുള്ളതാക്കാൻ സഹായിക്കുമെങ്കിലും ഈ ഇരവിഴുങ്ങൽ ഒരു നീണ്ട പ്രക്രിയയാണ് (ഒരു ആടിനെ വിഴുങ്ങാൻ 15-20 മിനിട്ടുകൾ എടുക്കും). വിഴുങ്ങുന്നതിന്റെ വേഗത കൂട്ടാൻ ശരീരം അടുത്തുള്ള മരത്തിൽ ശക്തിയായി ഇടിക്കുക പതിവാണ്. ചിലപ്പോഴൊക്കെ മരം തന്നെ മറിഞ്ഞ് വീഴാൻ അത് കാരണമാകുകയും ചെയ്യാറുണ്ട്. അത്രയ്ക്ക് ശക്തിയിലാണവയുടെ പ്രഹരം[20]. വിഴുങ്ങുമ്പോൾ ശ്വാസോച്ഛ്വാസം തടസ്സപ്പെടാതിരിക്കാൻ ഈ ഭീമൻ പല്ലികൾക്ക് നാക്കിനടിയിലൂടെ ശ്വാസകോശങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുന്ന ചെറിയൊരു നാളിയുണ്ട്[12]. ഒരിക്കൽ ശരീരഭാരത്തിന്റെ 80 ശതമാനത്തോളം ഭക്ഷണം കഴിക്കാറുള്ള[5] ഇവ തുടർന്ന് ദഹനം വേഗത്തിലാകാൻ വെയിലേൽക്കാൻ പാകത്തിൽ എവിടെയെങ്കിലും വിശ്രമിക്കുന്നു. മെല്ലെയുള്ള പോഷണ സ്വാംശീകരണം മൂലം ഇവയ്ക്ക് വർഷത്തിൽ വെറും 12 പ്രാവശ്യം ഭക്ഷണം കഴിച്ചാൽ മതിയാവും[12]. ദഹനത്തിനു ശേഷം കൊമോഡോ ഡ്രാഗണുകൾ കൊമ്പ്, രോമങ്ങൾ, പല്ലുകൾ തുടങ്ങിയവ ദുർഗന്ധം വമിക്കുന്ന മ്യൂക്കസിൽ പൊതിഞ്ഞ കട്ടകളായി ഛർദ്ദിക്കുന്നു. മുഖത്തും മറ്റും പുരളുന്ന മ്യൂക്കസ് ഒഴിവാക്കാൻ ഇവ മണ്ണിലും കുറ്റിച്ചെടികളിലും മുഖമിട്ടുരക്കാറുണ്ട്. മനുഷ്യനെ പോലെ സ്വന്തം വിസർജ്ജ്യങ്ങളുടെ ഗന്ധം ഇവയ്ക്കും ഇഷ്ടമല്ലെന്നാണ് പറയപ്പെടുന്നത്[12].

 
പോത്തിന്റെ ശവശരീരം ഭക്ഷിക്കുന്ന കുട്ടിക്കൊമോഡോ ഡ്രാഗൺ, റിൻ‌കോയിൽ നിന്നുമുള്ള ചിത്രം

കൂട്ടത്തിൽ വലിപ്പം കൂടിയവ ആദ്യമാദ്യം ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കുന്ന ഊഴത്തിൽ ചെറിയവ പിന്തുടർച്ചാവകാശം കാണിക്കാറുണ്ട്. വലിയ മൃഗം തന്റെ ആധിപത്യം കാട്ടുമ്പോൾ ചെറിയവ ശരീരഭാഷകൊണ്ടും ശീൽക്കാരം കൊണ്ടും വിധേയത്വം പ്രകടമാക്കും. ഒരേ വലിപ്പമുള്ളവ തമ്മിൽ മൽപ്പിടുത്തമുണ്ടായെന്നുവരാം. തോൽക്കുന്നവർ സാധാരണ ഓടി രക്ഷപെടുന്നു, വിജയികൾ പരാജിതരെ കൊന്നു തിന്നുകയും ചെയ്യാറുണ്ട്[12]

കൊമോഡോ ഡ്രാഗണുകളുടെ ഭക്ഷണത്തിൽ നട്ടെല്ലില്ലാത്ത ജീവികൾ മറ്റുരഗങ്ങൾ (ചെറിയ കൊമോഡോ ഡ്രാഗണുകളടക്കം), പക്ഷികൾ, പക്ഷിമുട്ടകൾ, കുരങ്ങുകൾ, കാട്ടുപന്നികൾ, ആടുകൾ, മാനുകൾ, കുതിരകൾ, പോത്ത് മുതലായവ ഉൾപ്പെടുന്നു. ചെറിയ കൊമോഡോകൾ ഷഡ്പദങ്ങളേയും, മുട്ടകളേയും, ചെറു‌ഉരഗങ്ങളേയും ചെറു സസ്തനികളേയും മറ്റും തിന്നു വിശപ്പടക്കുന്നു[3]. ഇടയ്ക്കിടെ മനുഷ്യരേയും, ശവക്കുഴികളിൽ നിന്നും തോണ്ടിയെടുത്ത് മനുഷ്യശരീരങ്ങളും തിന്നതായും പറയപ്പെടുന്നു[17]. ഇത് മൂലം അവിടുത്തെ ഗ്രാമീണർ ശവക്കുഴികൾ കളിമണ്ണും പാറയുമുപയോഗിച്ച് ബലപ്പെടുത്താറുണ്ട്[20]. പരിണാമജീവശാസ്ത്രജ്ഞനായ ജാഡ് ഡയമണ്ടിന്റെ അഭിപ്രായത്തിൽ വംശനാശം വന്നു പോയതും പ്രദേശത്ത് ഒരിക്കൽ ജീവിച്ചിരുന്നതുമായ കുള്ളൻ ആനകളായ സ്റ്റെഗോഡനേയും ഇവ ഭക്ഷിച്ചിരുന്നു[21]. ഗർഭിണിയായ ഒരു മാനിനെ ബോധപൂർവ്വം ഞെട്ടിക്കാൻ ശ്രമിക്കുന്ന കൊമോഡോ ഡ്രാഗണേയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തത്ഫലമായി ഗർഭം അലസുകയാണെങ്കിൽ അത് ഭക്ഷിക്കാമെന്നുള്ള ആഫ്രിക്കയിലെ വന്യമൃഗങ്ങളുടെ സാധാരണ തന്ത്രമായിരുന്നു അത്[21].

നെഞ്ചിനടിയിലെ ശ്വാസ പാളി (tThorasic Diaphragm) ഇല്ലാത്തതിനാൽ ഇവയ്ക്ക് ജലം വലിച്ചുകുടിക്കാൻ സാധിക്കില്ല. വെള്ളം പുറത്തുനിന്ന് വായിലേക്ക് തള്ളിക്കയറ്റാനാവശ്യമായ വീതികൂടിയ നാക്കും ഇവക്കില്ല. അതുകൊണ്ട് അവ വെള്ളം കൂടിക്കാനായി വായ് നിറയെ വെള്ളമെടുത്ത് തലയുയർത്തുമ്പോൾ ജലം തൊണ്ടയ്ക്കുള്ളിലൂടെ വയറ്റിലേക്ക് സ്വയം ഒഴുകിപ്പോകുകയാണ് ചെയ്യുന്നത്[12].

വിഷവും ബാക്റ്റീരിയയും

തിരുത്തുക
 
ഉറങ്ങുന്ന ഒരു ദ്വീപ് രാക്ഷസൻ .

2005-നൊടുവിൽ മെൽബോൺ സർവ്വകലാശാലയിൽ നടന്ന പഠനത്തിൽ കൊമോഡോ ഡ്രാഗൺ,പെരെന്റൈ (Varanus giganteus) തുടങ്ങിയ ഏതാനും ഭീമൻ ഉടുമ്പുകളുടെ കടിയേറ്റാൽ ചെറിയ വിഷബാധയുണ്ടാകുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. ഇവയുടെ ഉമിനീരിലുള്ള കീടാണുക്കളാണ് വിഷബാധയേൽപ്പിക്കുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ കടിയേറ്റയുടനേയുണ്ടാകുന്ന ചെറു വിഷബാധ ഈ ജീവികൾ ഉത്പാദിപ്പിക്കുന്ന വിഷം കൊണ്ടുതന്നെയാണെന്ന് ഗവേഷകർ പിന്നീട് കണ്ടെത്തി. ലേസ് മോണിറ്റർ (V. varius), കൊമോഡോ ഡ്രാഗൺ, ട്രീ മോണിറ്റർ (V. scalaris) തുടങ്ങിയവ ഭീമൻ ഉടുമ്പുകളെക്കൊണ്ട് മനുഷ്യരുടെ വിരലുകളിൽ കടിപ്പിക്കുകയും തുടർന്ന് അവരെ നിരീക്ഷിക്കുകയുമാണ്‌ ചെയ്തത്. എല്ലാവർക്കും ഒരേ ലക്ഷണങ്ങളാണു ശാസ്ത്രജ്ഞന്മാർ കണ്ടത്: മിനിറ്റുകൾക്കകം നീരു ബാധിക്കുകയും, കടിയേറ്റ ഭാഗത്ത് ചോര കട്ടപിടിക്കാതിരിക്കുകയും, സന്ധികളിലെല്ലാം കടുത്ത വേദന ഉണ്ടാവുകയും ചെയ്തു. ചിലപ്പോൾ ഈ ലക്ഷണങ്ങൾ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുകയും ചെയ്തു[22].

കൊമോഡോ ഡ്രാഗണുകളുടെ ഉമിനീരിൽ വളരെവേഗത്തിൽ പെരുകുന്ന ബാക്റ്റീരിയകൾ ഉണ്ട് അതിൽ 28 എണ്ണത്തിലധികം ഗ്രാം നെഗറ്റീവും 29 എണ്ണം ഗ്രാം പോസിറ്റീവുമാണ്‌[23]. ഈ ബാക്റ്റീരിയകൾ ഇരയുടെ രക്തത്തിൽ വിഷബാധയുണ്ടാക്കുന്നു. കടിയേറ്റ ഇര ഉടനെത്തന്നെ ചത്തുപോകാൻ സാദ്ധ്യതയില്ലെങ്കിലും ഒരാഴ്ചക്കുള്ളിൽ തന്നെ വിഷബാധയുടെ ഫലമായി അവയുടെ മരണം സുനിശ്ചിതമാണ്. എലികളെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളിൽ നിന്നും, കൊമോഡോ ഡ്രാഗണുകൾ വഹിക്കുന്ന ബാക്റ്റീരിയ പാസ്റ്ററേല മൾട്ടോസിഡ (Pasteurella multocida) ആണെന്നു കണ്ടെത്തിയിട്ടുണ്ട്[24]. ഈ ബാക്റ്റീരിയകൾക്കെതിരെ കോമോഡോ ഡ്രാഗണുകൾക്ക് പ്രതിരോധശേഷി എങ്ങനെ ലഭിക്കുന്നു എന്നതിനെപ്പറ്റി ശാസ്ത്രലോകം ഗവേഷണം നടത്തുന്നുണ്ട്[25]. മനുഷ്യനിലും ഈ പ്രതിരോധം സൃഷ്ടിക്കാൻ കഴിയുന്ന തന്മാത്രകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടേയാണ് ഈ ഗവേഷണങ്ങൾ നടക്കുന്നത്.

പ്രത്യുത്പാദനം

തിരുത്തുക

മേയ് ഓഗസ്റ്റ് മാസങ്ങളിലാണ് ഇണ ചേരൽ നടക്കുന്നത്, സെപ്റ്റംബറിൽ മുട്ടകളിടുന്നു[25]. ഇണ ചേരൽ മാസങ്ങളിൽ പെൺകൊമോഡോകൾക്കും വിഹാരസീമക്കും വേണ്ടി ആണുങ്ങൾ യുദ്ധം ചെയ്യാറുണ്ട്. പിൻ‌കാലുകളിൽ ഉയർന്നു നിന്ന് കൈയ്ക്കു കൈ നടത്തുന്ന യുദ്ധത്തിനൊടുവിൽ പരാജിതനെ വിജയി നിലത്ത് ഒതുക്കിയിടുന്നു. ഈ യുദ്ധത്തിനു മുമ്പ് ആൺജീവികൾ ഛർദ്ദിക്കുകയും വിസർജ്ജിക്കുകയും ചെയ്യാറുണ്ട്[17]. ഇണയുടെ യോഗ്യതയെക്കുറിച്ചറിയാൻ പിന്നീട് തന്റെ നീണ്ട നാക്കുപയോഗിച്ച് ആണ് പെണ്ണിനെ പരിശോധിക്കുന്നു[5]. പെൺകൊമോഡോകൾ പല്ലും നഖവുമുപയോഗിച്ച് എതിർക്കാറുണ്ട്, എന്നാൽ ആണുങ്ങൾ മുറിവുകളൊന്നും പറ്റാതിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കും. അവ മുഖമുരസിയും പുറം ചൊറിഞ്ഞും നക്കിയും സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്[26] . ഉരഗങ്ങളിൽ അപൂർവ്വങ്ങളായ ഏകപത്നി-ഏകപതി സ്വഭാവവും ഇവയിൽ കണ്ടുവരുന്നു[17].

 
In this image, the long tail and claws are fully visible.

കുന്നിൻ ചെരുവുകളിലും മറ്റും സ്ക്രബ്ഫൌൾ (Orange-footed Scrubfowl അഥവാ Moundbuilder അഥവാ Megapode) എന്ന പക്ഷി നിർമ്മിക്കുകയും ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചു പോകുന്നതുമായ കൂടുകളിലാണ് പെൺ കൊമോഡോ ഡ്രാഗണുകൾ മുട്ടയിടാറുള്ളത്[27]. വിരിയാനായി ഏഴെട്ടുമാസമെടുക്കുന്ന ഇരുപതോളം മുട്ടകളാണ് കൂട്ടിലുണ്ടാവുക[17]. ഏപ്രിൽ മാസത്തിൽ മഴക്കാലത്തിനൊടുവിൽ ധാരാളം ഷഡ്പദങ്ങളുള്ളപ്പോൾ വിരിയാൻ പാകത്തിനാവും അവയുണ്ടാവുക. മുട്ട വിരിഞ്ഞ് പുറത്തെത്തുക എന്നത് കൊച്ച് കൊമോഡോകൾക്ക് ശ്രമകരമായ പണിയാണ്. തങ്ങളുടെ മുട്ടപ്പല്ല് (Egg tooth) ഉപയോഗിച്ച് മുട്ടത്തോട് പൊട്ടിക്കുന്ന ഇവ പിന്നെ മണിക്കൂറുകളോളം അതിനുള്ളിൽ തന്നെ വിശ്രമിക്കുന്നു. പിന്നീട് കുഴിയിൽ നിന്നും പുറത്തു കടക്കേണ്ടതുണ്ട്. ജനിച്ചുവീഴുമ്പോൾ യാതൊരു പ്രതിരോധ ശക്തിയുമില്ലാത്ത ഇവയെ മറ്റിരപിടിയന്മാർ ധാരാളമായി പിടിച്ചു തിന്നാറുണ്ട്. [12].

കൊച്ചു കൊമോഡോ ഡ്രാഗണുകൾ ജീവിതത്തിലെ ആദ്യ വർഷങ്ങൾ താരതമ്യേന സുരക്ഷിതമായ അഭയസ്ഥാനങ്ങളായ മരങ്ങളിലാണ് കഴിച്ചുകൂട്ടുന്നത്. അവിടെ അവ പ്രായപൂർത്തിയായ കൊമോഡോ ഡ്രാഗണുകളടക്കമുള്ള മറ്റ് ഇരപിടിയന്മാരിൽ നിന്നും സുരക്ഷിതരായിരിക്കും. കൊമോഡോ ഡ്രാഗണുകളുടെ ഭക്ഷണത്തിന്റെ 10% സ്വന്തം കുഞ്ഞുങ്ങൾ തന്നെയാണ്. ഇടത്തരം ഇരകൾ ദ്വീപുകളിൽ കുറവായതുകൊണ്ടാണ് കൊമോഡോകൾ സ്വവംശഭോജികളായത് എന്നാണ് ഡേവിഡ് ആറ്റൻബറോയുടെ അഭിപ്രായം[28]. മുതിർന്ന കൊമോഡോ സമീപിക്കുമ്പോൾ വിസർജ്ജ്യത്തിൽ കിടന്നുരുണ്ടും മറ്റും അവയെ പിന്തിരിപ്പിക്കാൻ ചെറിയവ ശ്രമിക്കാറുണ്ട്[17]. കൊമോഡോ ഡ്രാഗണുകൾ മൂന്നുമുതൽ അഞ്ച് വർഷം വരെയെടുത്താണ് പൂർണ്ണവളർച്ചയെത്തുക, പിന്നീട് 50 കൊല്ലം വരെ ജീവിച്ചിരിക്കാറുമുണ്ട്[29].

ബീജരഹിത പ്രത്യുത്പാദനം

തിരുത്തുക

ലണ്ടൻ മൃഗശാലയിൽ സുൻ‌ഗായി എന്ന പേരിൽ അറിയപ്പെട്ട പെൺകൊമോഡോ രണ്ടുവർഷത്തോളം ആൺകൊമോഡോയുടെ സാമീപ്യമില്ലാതിരുന്നിട്ടും 2005 ഒടുവിൽ മുട്ടകളിടുകയുണ്ടായി. ആൺപ്രജയുമായുള്ള മുൻസംയോഗത്തിലെ ബീജങ്ങൾ അവൾ സൂക്ഷിച്ച് വച്ച് പിൽക്കാലത്ത് ബീജസങ്കലനത്തിന് ഉപയോഗിച്ചതായിരിക്കും(superfecundation) എന്നാണ് ശാസ്ത്രജ്ഞർ ആദ്യം കരുതിയത്[30]. എന്നാൽ 2006 ഡിസംബർ 20-ന്‌ ഇംഗ്ലണ്ടിലെ തന്നെ ചെസ്റ്റർ മൃഗശാലയിലെ ഫ്ലോറ എന്ന കൊമോഡോ ഡ്രാഗണും ഇങ്ങനെ 11 മുട്ടകളിട്ടു; അതിൽ 7 എണ്ണം വിരിയുകയും ചെയ്തു, എല്ലാം ആൺകുഞ്ഞുങ്ങളായിരിക്കുകയും ചെയ്തു[31]. അടവെയ്ക്കാനായി മാറ്റിയപ്പോൾ ഉടഞ്ഞുപോയ മൂന്നു മുട്ടകളിൽ വടക്കൻ ഇംഗ്ലണ്ടിലെ ലിവർപൂൾ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിൽനിന്ന് ഫ്ലോറയ്ക്ക് പുരുഷസാമീപ്യം ലഭിച്ചിട്ടില്ലെന്നു മനസ്സിലായി. അതിനു ശേഷം സുൻ‌ഗായിയുടെ മുട്ടകളിൽ നടന്ന പഠനവും അവയിൽ ബീജസംയോജനം നടന്നിട്ടില്ലെന്നു വെളിവാക്കി.[32]

 
ഇംഗ്ലണ്ടിലെ ചെസ്റ്റർ മൃഗശാലയിൽ ജനിച്ച ബീജസംയോജന ഫലമല്ലാതെയുണ്ടായ കുട്ടി

കൊമോഡോ ഡ്രാഗണുകൾക്ക് സസ്തനികളിലെ എക്സ്.വൈ. ലിംഗ നിർണ്ണയ രീതി അല്ല, മറിച്ച് സെഡ്.ഡബ്ല്യു. ലിംഗ നിർണ്ണയ രീതി ആണുള്ളത്. അതുകൊണ്ട് മാതാവിന് പുത്രന്മാരെ സൃഷ്ടിക്കാൻ കഴിയും. ഉദാഹരണമായി ഫ്ലോറയുടെ മുട്ടകളിലെല്ലാം ഒറ്റക്രോമസോം ആയിരുന്നു ഉണ്ടായിരുന്നത് അത് പിന്നീടാണ് ഇരട്ട ക്രോമസോം ഉള്ളതായി തീർന്നത്. ഒരു പെൺ കൊമോഡോ ഡ്രാഗണ് (സെഡ്.ഡബ്ല്യു ക്രോമസോമാണ് പെണ്ണിനുള്ളത്) ഒരൊറ്റ ക്രോമസോം ഉപയോഗിച്ച് പ്രത്യുത്പാദനം സാധ്യമാകും. ഈ ഒരൊറ്റ ഗണം ക്രോമസോം മുട്ടക്കുള്ളിൽ വച്ച് രണ്ടാകുന്നു. സെഡ് ക്രോമസോം ലഭിക്കുന്നവ സെഡ്.സെഡ്. ആകുന്നു (പുത്രൻ). ഡബ്ല്യു ലഭിച്ച് പിന്നീട് ഡബ്ല്യു.ഡബ്ല്യു. ആകുന്നവ നശിച്ചും പോകുന്നു[33][34].


പെൺ കൊമോഡോ ഡ്രാഗണുകൾക്ക് ഇത്തരത്തിൽ അലൈംഗിക പ്രത്യുത്പാദനശേഷിയുള്ളതുകൊണ്ട് ഏതെങ്കിലും ദ്വീപിലോ മറ്റോ ഒറ്റപ്പെട്ടുപോയാൽ തങ്ങളുടെ വംശം നിലനിർത്താനാകുന്നുവെന്ന് ഈ പ്രതിഭാ‍സം പഠിച്ച ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇങ്ങനെ ആൺപ്രജകളുണ്ടായാൽ പിന്നെ ലൈംഗിക പ്രത്യുത്പാദനം തുടരുകയുമാകാം.[33]. എന്നാൽ ജനിതക വൈവിധ്യം നഷ്ടമാകാനിടയുള്ളതിനാൽ മൃഗശാലകളിൽ ഇതു സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. [35].

2008 ജനുവരി 31-നു അമേരിക്കയിലെ കാൻസാസിലുള്ള സെഡ്വിഗ് മൃഗശാലയിലും ബീജരഹിത പ്രത്യുത്പാദനം നടന്നു. മൃഗശാലയിലുണ്ടായിരുന്ന രണ്ട് പെൺ കോമഡോ ഡ്രാഗണുകളിലൊന്ന് 2007 മേയ് 19 - 20 തീയതികളിലായി 17 മുട്ടകളിട്ടു. സ്ഥലപരിമിതിമൂലം രണ്ട് മുട്ടകൾ മാത്രമേ മൃഗശാലയിൽ അടവച്ചുള്ളു. 2008 ജനുവരി 31-നു ആദ്യമുട്ടയും ഫെബ്രുവരി 1-നു രണ്ടാമത്തെ മുട്ടയും വിരിഞ്ഞു. രണ്ടും ആൺകുഞ്ഞുങ്ങളായിരുന്നു[36][37].

ചരിത്രം

തിരുത്തുക

പാശ്ചാത്യലോകത്തിനുള്ള അറിവ്

തിരുത്തുക
 
ഇന്തോനേഷ്യയിലെ കൊമോഡോ ഡ്രാഗൺ നാണയം

ഇന്തോനേഷ്യൻ ഡച്ച് കോളനി ഭരണത്തിലെ ലെഫ്റ്റനന്റ് ആയിരുന്ന വാൻ സ്റ്റെയ്ൻ വാൻ ഹെൻസ്ബ്രോക്കിനെ (van Steyn van Hensbroek) ‘കര മുതലകൾ‘ എന്നൊരുകൂട്ടം ജന്തുക്കൾ ആക്രമിക്കാനടുത്തു എന്ന വാർത്ത പരന്നതിനെത്തുടർന്ന് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ 1910 -ൽ ആണ് യൂറോപ്യന്മാർ ആദ്യമായി കൊമോഡോ ഡ്രാഗണെക്കുറിച്ച് രേഖപ്പെടുത്തുന്നത്.[38]. 1912-ൽ ജാവാ ദ്വീപിലെ ജന്തുശാസ്ത്രമ്യൂസിയം ഡിറക്റ്ററായിരുന്ന പീറ്റർ ഓവൻസ് ഈ വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതിനു ശേഷമാണ്‌ ഈ ജീവികൾക്ക് വൻ പ്രസിദ്ധി കൈവന്നത്.‌ ഒരു ലെഫ്റ്റനെന്റിന്റെ കൈയ്യിൽ നിന്നും ഈ ജീവിയുടെ ഒരു ചിത്രവും തുകലും, മറ്റൊരു ശേഖരണകുതുകിയുടെ കൈയിൽ നിന്നും രണ്ട് മാതൃകകളും ലഭിച്ചതിനെത്തുടർന്നാണ്‌ അദ്ദേഹം ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്[9][17]. 1926-ൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ ഒരു ട്രസ്റ്റിയായ വില്ല്യം ഡഗ്ലസ് ബർഡൻ കൊമോഡോ ദ്വീപിലേക്കു നടത്തിയ സാഹസിക യാത്രയ്ക്കൊടുവിൽ ജീവനുള്ള രണ്ടു ഡ്രാഗണുകളേയും സ്റ്റഫ് ചെയ്ത പന്ത്രണ്ട് ഡ്രാഗൺ ശവങ്ങളും അമേരിക്കയിലെത്തിച്ചു. 1933-ൽ പുറത്തിറങ്ങിയ കിങ് കോങ് എന്ന ചലച്ചിത്രത്തിനും ഈ യാത്ര പ്രേരകമായി. [39]. ബർഡനാണ് ഈ ജീവിയ്ക്ക് കൊമോഡോ ഡ്രാഗണെന്നു പേരു നൽകിയത്[19] ഡഗ്ലസ് ബർഡൻ കൊണ്ടുവന്ന മൂന്നു മാതൃകകൾ അമേരിക്കൻ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഇന്നുമുണ്ട്[40].

പഠനങ്ങൾ

തിരുത്തുക

ദ്വീപുകളിൽ കൊമോഡോ ഡ്രാഗണുകളുടെ എണ്ണത്തിൽ പിൽക്കാലത്തുണ്ടായ ക്രമാതീതമായ കുറവിനെത്തുടർന്ന് കൊമോഡോ ദ്വീപുകൾ നിയന്ത്രിച്ചിരുന്ന ഡച്ചുകാർ വിനോദത്തിനായുള്ള നായാട്ടും, പഠനത്തിനായി ജീവികളെ കൊണ്ടുപോകുന്നതും നിരോധിച്ചു. രണ്ടാം ലോകമഹായുദ്ധത്തോടെ ഡ്രാഗണുകൾക്കായുള്ള പടിഞ്ഞാറൻ സാഹസികരുടെ യാത്രകൾ വളരെ കുറഞ്ഞു. 1950-1960-കളിലാണ്‌ ഇവയുടെ ഭക്ഷണക്രമം, പ്രത്യുല്പാദനം, ശരീരതാപനില എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ പുനരാരംഭിച്ചത്. 1969-ൽ അമേരിക്കയിലെ ഫ്ലോറിഡ നാച്ച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ അദ്ധ്യക്ഷനായിരുന്ന വാൾട്ടർ ഓഫൻബർഗും കുടുംബവും പതിനൊന്നു മാസക്കാലം കൊമോഡോ ദ്വീപിൽ താമസിച്ച് ഡ്രാഗണുകളെക്കുറിച്ചുള്ള ഒരു വിശദമായ പഠനം നടത്തി. അക്കാലത്ത് ഓഫൻബർഗും പുത്ര ശസ്ത്രവാൻ എന്ന അദ്ദേഹത്തിന്റെ സഹായിയും ചേർന്ന് അമ്പതിലധികം കൊമോഡോ ഡ്രാഗണുകളെ അടയാളപ്പെടുത്തി വിടുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു.[25]. ഡ്രാഗണുകളെ സംബന്ധിച്ച ഒട്ടേറെ വിവരങ്ങൾ ഈ പഠനങ്ങളിലൂടെ വെളിപ്പെട്ടു. അത് ഇവയെ പിടികൂടി വളർത്താനും കാരണമായി[2]. അതിനു ശേഷം, ക്ലൌഡിയോ സിയോഫിയെ പോലുള്ള ജന്തു ശാസ്ത്രജ്ഞർ ഇന്നും ഇവയെക്കുറിച്ചുള്ള പഠനങ്ങൾ തുടരുന്നുണ്ട്[41].

സംരക്ഷണം

തിരുത്തുക
കൊമോഡോ ദ്വീപിൽ.

കൊമോഡോ ഡ്രാഗൺ വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ജീവിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഐ.യു.സി.എൻ 1996-ൽ അതിനെ ചുവന്ന പട്ടികയിൽ ചേർത്തു[42]. 4,000 മുതൽ 5,000 വരെ കൊമോഡോ ഡ്രാഗണുകൾ വന്യാവസ്ഥയിൽ ഇന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു. ജനസംഖ്യാവിതരണം ഇപ്രകാരമാണ്: ഗിലി മോതങ് -100, ഗിലി ദസമി -100, റിൻ‌ക-1300, ഫ്ലോർസ്- 2000[2]. ഇവയിൽ പ്രത്യുത്പാദനപ്രാപ്തിയുള്ള 300 പെൺ ഡ്രാഗണുകളുണ്ടെന്ന് ഉറപ്പായിട്ടുണ്ട്.[8]. 1980-ൽ കൊമോഡോ, റിൻ‌ക, പദർ ദ്വീപുകളിലായി ഇവയുടെ സംരക്ഷണത്തിനായി കൊമോഡോ ദേശീയോദ്യാനം സ്ഥാപിതമായി[43]. പിന്നീട് വേ വൂൾ, വോളോ താഡോ എന്നിങ്ങനെ രണ്ട് സംരക്ഷണ പ്രദേശങ്ങൾ കൂടി ഫ്ലോർസിൽ രൂപീകരിക്കുകയുണ്ടായി.[41]. ഇവിടങ്ങളിലൊക്കെ കൊമോഡോ ഡ്രാഗണുകൾ മനുഷ്യരോട് ഇണങ്ങിത്തുടങ്ങിയതിനാൽ അവക്ക് ഭക്ഷണം നൽകാനായി നിരവധി കേന്ദ്രങ്ങൾ അവിടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. [3].

അഗ്നിപർവ്വത പ്രവർത്തനങ്ങൾ, ഭൂകമ്പം, ആവാസവ്യവസ്ഥയുടെ നാശം, തീ (പദർ ദ്വീപിലുണ്ടായ ഒരു കാട്ടുതീയ്ക്കു ശേഷം അവിടെനിന്ന് ഈ ജീവികളെല്ലാം, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പെട്ടെന്ന് അപ്രത്യക്ഷമാകുകയുണ്ടായി.)[41][12] ഇരകളിലുണ്ടായ കുറവ്, വിനോദസഞ്ചാരം, വേട്ട മുതലായവയെല്ലാം ഇവ നാശോന്മുഖമാകാൻ കാരണമായി. സൈറ്റ്സിന്റെ (CITES -the Convention on International Trade in Endangered Species) ഒന്നാം അനുബന്ധം അനുസരിച്ച് ഇതിന്റെ തോലിന്റേയും സ്പെസിമനുകളുടേയും വ്യാപാരം നിയമവിരുദ്ധമാണ്[16][44].

ഓസ്റ്റ്രേലിയൻ ജീവശാസ്ത്രജ്ഞനായ ടിം ഫ്ലാനെറി കൊമോഡോ ഡ്രാഗണുകൾക്കായി മെഗാലാനിയ എന്ന വംശനാശം വന്ന ഓസ്റ്റ്രേലിയൻ ഭീമൻ പല്ലികൾ താവളമാക്കിയിരുന്ന പ്രദേശം തുറന്നു കൊടുക്കാവുന്നതാണെന്ന് നിർദ്ദേശിച്ചു. കൊമോഡോ ഡ്രാഗണുകൾക്ക് പുതിയ വാസപ്രദേശത്ത് ജീവിക്കുമ്പോൾ അവക്കുണ്ടാകാവുന്ന പ്രശ്നങ്ങളേക്കുറിച്ചും അവയുടെ സാമീപ്യത്തിൽമനുഷ്യർക്കുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായൽമുതലകളുമായി പ്രദേശവാസികൾ കൈക്കൊണ്ടു വരുന്ന വിജയകരമായ സഹവാസത്തെക്കുറിച്ചും അദ്ദേഹം ഉദാഹരിച്ചു[45].

മനുഷ്യർക്കു നേരേയുള്ള ആക്രമണങ്ങൾ വളരെ വിരളമാണെങ്കിലും കൊമോഡോ ഡ്രാഗണുകളുടെ ആക്രമണം മൂലം മനുഷ്യർ മരിച്ചിട്ടുണ്ട്. 2007 ജൂൺ 4-നു എട്ടുവയസ്സുള്ള ഒരാൺകുട്ടിയെ കൊമോഡോ ദ്വീപിൽ വച്ച് ഒരു കൊമോഡോ ഡ്രാഗൺ ആക്രമിക്കുകയും തുടർന്ന് മുറിവുകളിലൂടെ രക്തം വാർന്ന് കുട്ടി മരിക്കുകയും ചെയ്തിട്ടുണ്ട്. 33 വർഷത്തിനിടെ മനുഷ്യർക്കുനേരേയുണ്ടായ മരണകാരണമായ ഏക ആക്രമണമായിരുന്നു അത്[46].

മനുഷ്യബന്ധനത്തിൽ

തിരുത്തുക
 
അമേരിക്കയിലെ സ്മിത്ത്സോണിയൻ ദേശീയ ജൈവോദ്യാനത്തിൽ. കാണാവുന്ന ചെവിയുണ്ടെങ്കിലും കേഴ്വിശക്തി പരിമിതമാണ്

കൊമോഡോ ഡ്രാഗണുകൾക്ക് മൃഗശാലയിലേക്ക് ആൾക്കാരെ ആകർഷിക്കാനുള്ള കഴിവുണ്ട്, അവയുടെ ഭീമാകാരം കാണാൻ ആൾക്കാർ എത്താറുമുണ്ട്. പക്ഷേ അപൂർവ്വം മൃഗശാലകളിലേ ഇവയുള്ളു കാരണം വനത്തിൽ നിന്നു പിടിക്കുന്ന മൃഗങ്ങൾ പല പരാദരോഗങ്ങളെയും അണുബാധകളേയും അതിജീവിക്കാൻ പ്രാപ്തമായിരിക്കില്ല. പ്രത്യുത്പാദനം വേഗത്തിൽ നടക്കാറുമില്ല[8].

അമേരിക്കൻ ഐക്യനാടുകളിലെ സ്മിത്‌സോണിയൻ മൃഗശാലയിൽ 1934-ൽ ആദ്യ കൊമോഡോ ഡ്രാഗണെ കൊണ്ടുവന്നെങ്കിലും അത് രണ്ട് കൊല്ലം മാത്രമേ ജീവിച്ചിരുന്നുള്ളു. ഈ ദിഅയിൽ കൂടുതൽ പരിശ്രമങ്ങൾ നടന്നെങ്കിലും കൂടിനകത്ത് ഇവയുടെ ജീവിതം ശരാശരി അഞ്ചുകൊല്ലമേ നീണ്ടുനിന്നിരുന്നുള്ളു. വാൾട്ടർ ഓഫൻബർഗ് നടത്തി ‘ദ് ബിഹേവിയറൽ ഇകോളജി ഓഫ് ദ കൊമോഡോ മോണിറ്റർ‘ (The Behavioral Ecology of the Komodo Monitor“) എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ ഇവയെ എങ്ങനെ വിജയകരമായി നാട്ടിൽ വളർത്താമെന്നു കാണിച്ചു.[2].

മനുഷ്യബന്ധനത്തിൽ വളരുന്ന പല കൊമോഡോ ഡ്രാഗണുകളും കുറഞ്ഞകാലയളവിൽ തന്നെ നല്ലപോലെ ഇണങ്ങുന്നതായി കണ്ടുവരുന്നു. പലസൂക്ഷിപ്പുകാരും ഈ ജീവികളെ കുട്ടികളടക്കമുള്ള മൃഗശാലാസന്ദർശകരുടെ അടുത്ത് അപായമൊന്നും സംഭവിക്കാതെ കൊണ്ടുവരാറുണ്ട്[47][48]. ഈ ജീവികൾക്ക് വ്യത്യസ്ത വ്യക്തികളെ തിരിച്ചറിയാനുള്ള കഴിവുമുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഡള്ളാസ് മൃഗശാലയിലെ റസ്റ്റൺ ഹാർട്ടൺ പറയുന്നത് കൊമോഡോ ഡ്രാഗണുകൾ സ്ഥിരം സൂക്ഷിപ്പുകാരനോടും ഇടക്കിടെ വരുന്നയാളോടും ഒട്ടും പരിചയമില്ലാത്തയാളോടും ഇടപഴകുന്നത് വ്യത്യസ്തമായിട്ടായിരിക്കുമെന്നാണ്[49].

നാട്ടിൽ വളരുന്ന കൊമോഡോ ഡ്രാഗണുകളിൽ നടത്തിയ പഠനങ്ങൾ ഇവ കളികളിൽ ഏർപ്പെടുന്നുണ്ടെന്നു വെളിവാക്കി. ഒരു പഠനത്തിൽ ഒരു മൃഗം തന്റെ സൂക്ഷിപ്പുകാരൻ ഉപേക്ഷിച്ചു പോയ കൈക്കോട്ട് തള്ളിക്കൊണ്ട് നടക്കുന്നതായാണ് കണ്ടത്, പ്രത്യേകിച്ചും അവ പാറപ്രദേശത്ത് ഒച്ച കേൾപ്പിച്ചുകൊണ്ട് തള്ളിനടന്നിരുന്നു. അമേരിക്കയിലെ വാഷിങ്ടൺ ഡി.സി.യിലെ ദേശീയോദ്യാനത്തിൽ വളർന്ന ഒരു കൊമോഡോ പെൺകുട്ടി പ്രതിമകളും, പാട്ടക്കുപ്പികളും, പ്ലാസ്റ്റിക് വളയങ്ങളും മറ്റും വലിച്ചുകൊണ്ടു നടക്കുന്നതിലും ഇളക്കുന്നതിലും ആനന്ദം കണ്ടെത്തി. പെട്ടികളിലും ഷൂവുകളിലും തലയിടാനും ഈ ജീവി ശ്രമിച്ചിരുന്നു. എലിയുടെ ചോരകൊണ്ട് നനക്കുമ്പോൾ മാത്രമേ അവൾ അതെല്ലാം വിഴുങ്ങാൻ ശ്രമിച്ചിരുന്നുള്ളു. ഇത്തരം കളികൾ സസ്തനികൾക്കിടയിലെ കളികളുമായി നേരേ താരതമ്യം ചെയ്യപ്പെടാറുണ്ട്. [5].

 
കാനഡയിലെ ടൊറന്റോ മൃഗശാലയിൽ. കൃത്യമായി ഭക്ഷണം ലഭിക്കുന്നതിനാൽ മനുഷ്യൻ വളർത്തുന്നവയുടെ വാൽഭാഗം ,കൂടുതൽ വലിപ്പം വക്കുന്നു.

അമേരിക്കയിലെ ടെന്നിസീ സർവ്വകലാശാലയിൽ 1992 സെപ്റ്റംബർ 13-നു ജനിച്ച ഇന്തോനേഷ്യക്കു പുറത്ത് മനുഷ്യൻ ആദ്യം വിരിയിച്ച കോമഡോ ഡ്രാഗണായ “ക്രാക്കൺ” കുട്ടിയായിരുന്നപ്പോൾ ഇതുപോലെ പ്ലാസ്റ്റിക് വളയങ്ങളും, ഒരു ഷൂ, ഒരു പാട്ട മുതലായവയും ഉപയോഗിച്ച് കളിച്ചിരുന്നു. അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത്. പ്രധാന ഗവേഷകനായ ഗോർഡൻ ബർഗാർട്ടിന്റെ അഭിപ്രായത്തിൽ ഈ കളികളെല്ലാം ഇരപിടുത്തം പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. [50][9].

ചിലപ്പോൾ അപ്രതീക്ഷിതമായി, പ്രത്യേകിച്ച് അധീനപ്രദേശത്തേയ്ക്ക് അപരിചിതർ കടന്നുവന്നാൽ ഇവ ആക്രമണകാരികളാകാറുണ്ട്. 2001 ജൂണിൽ ‘സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ‘ എന്ന പത്രത്തിന്റെ എഡിറ്ററായ ഫിൽ ബ്രോൻസ്റ്റണ് ഇത്തരത്തിൽ ഗൌരവതരമായ പരിക്കേറ്റിരുന്നു. ലോസ് ആഞ്ചലസ് മൃഗശാലയിൽ സൂക്ഷിപ്പുകാരൻ സ്വാഗതം ചെയ്തതിനെത്തുടർന്ന് അദ്ദേഹം ഒരു കൊമോഡോ ഡ്രാഗണിന്റെ അടുത്തു ചെന്നപ്പോഴായിരുന്നു ഇത്. അദ്ദേഹത്തിന്റെ വെളുത്ത ഷൂ ജീവിയെ പ്രകോപിച്ചേക്കാം എന്ന സൂക്ഷിപ്പുകാരന്റെ ഉപദേശമനുസരിച്ച് ഷൂ അഴിച്ചപ്പോൾ നഗ്നമായ കാലിലായിരുന്നു കടി കിട്ടിയത്[51][52]. അദ്ദേഹം രക്ഷപ്പെട്ടെങ്കിലും കാൽ ശരിയാകാൻ ശസ്ത്രക്രിയവേണ്ടി വന്നു[53].

കുറിപ്പുകൾ

തിരുത്തുക
  • ^ പല്ലുകൾ എല്ലിൽ ഉറപ്പിച്ചിരിക്കുന്ന ഭാഗത്ത് മാത്രമേ മോണ മൂടിക്കിടക്കുകയുള്ളൂ. എന്നാൽ അപൂർവമായി ഇത് പല്ലുകളുടെ മേലേക്ക് വളരാറുണ്ട്, ഇതിനെ ജിൻജൈവൽ ഹൈപ്പെർ പ്ലാസിയ എന്നും മോണയുടെ കോശങ്ങളുടെ വലിപ്പം കൂടി ഉണ്ടാകുന്ന ദശക്ക് ജിൻജൈവൽ ഹൈപ്പെർ ട്റൊഫി എന്നും പറയും. ഡ്രാഗണുകളുടെ പല്ലുകൾ ഏതാണ്‌ പൂർണ്ണമായും മോണകൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാൽ ചവക്കുമ്പോൾ മോണ മുറിഞ്ഞ് രക്തം വരുമെന്നതാണ്‌ പ്രസ്താവിച്ചിരിക്കുന്നത്.

അവലംബം‍

തിരുത്തുക
  1. 1.0 1.1 "Varanus komodoensis". Integrated Taxonomic Information System. 19 June. {{cite web}}: Check date values in: |date= and |year= / |date= mismatch (help)
  2. 2.0 2.1 2.2 2.3 Trooper Walsh;Murphy, James Jerome; Claudio Ciofi; Colomba De LA Panouse (2002). Komodo Dragons: Biology and Conservation (Zoo and AquariumBiology and Conservation Series). Washington, D.C.: SmithsonianBooks. ISBN 1-58834-073-2.{{cite book}}: CS1 maint: multiple names: authors list (link)
  3. 3.0 3.1 3.2 3.3 Chris Mattison, (1989 & 1992). Lizards of the World. New York: Facts on File. pp. pp. 16, 57, 99, 175. ISBN 0-8160-5716-8. {{cite book}}: |pages= has extra text (help); Check date values in: |year= (help)CS1 maint: extra punctuation (link) CS1 maint: year (link)
  4. Burness G, Diamond J, Flannery T (2001). "Dinosaurs, dragons, and dwarfs: theevolution of maximal body size". Proc Natl Acad Sci U S A. 98 (25): 14518–23. PMID 11724953.{{cite journal}}: CS1 maint: multiple names: authors list (link)
  5. 5.0 5.1 5.2 5.3 Tim Halliday(Editor), Kraig Adler (Editor) (2002). Firefly Encyclopedia of Reptiles and Amphibians. Hove: Firefly Books Ltd. pp. 112, 113, 144, 147, 168, 169. ISBN 1-55297-613-0. {{cite book}}: |author= has generic name (help)
  6. http://www.nature.com/nature/journal/v444/n7122/full/4441021a.html;jsessionid=97944BF417119D462D0B87A1460A87B6
  7. "'Virgin births' for giant lizards" (in ഇംഗ്ലീഷ്). ബിബിസി. 2006 നവംബർ 16. Retrieved 17-07-2008. {{cite news}}: Check date values in: |accessdate= and |date= (help)
  8. 8.0 8.1 8.2 "Endangered! Ora". American Museum of Natural History. Retrieved 2007-01-15.
  9. 9.0 9.1 9.2 9.3 9.4 9.5 Ciofi, Claudio. "The Komodo Dragon". Scientific American. Retrieved 2006-12-21.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-06. Retrieved 2013-03-11.
  11. 11.0 11.1 Burnie, David (2001). Animal. New York, New York: DK Publishing,Inc. pp. 417, 420. ISBN 0-7894-7764-5. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  12. 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 12.11 12.12 12.13 Tara Darling (Illustrator). Komodo Dragon: On Location (Darling, Kathy. on Location.). Lothrop, Lee and Shepard Books. ISBN 0-688-13777-6.
  13. 13.0 13.1 13.2 "Komodo Dragon". Singapore Zoological Gardens. Archived from the original on 2006-11-27. Retrieved 2006-12-21. {{cite web}}: line feed character in |title= at position 7 (help)
  14. "Komodo Conundrum". bbc.co.uk. Archived from the original on 2012-12-23. Retrieved 2007-11-25.
  15. 15.0 15.1 "Komodo Dragon Fact Sheet". National Zoo. Retrieved 2007-11-25.
  16. 16.0 16.1 "Zipcodezoo: Varanus komodoensis (Komodo Dragon, Komodo Island Monitor, Komodo Monitor)". BayScience Foundation, Inc. Archived from the original on 2007-09-27. Retrieved 2007-02-01.
  17. 17.0 17.1 17.2 17.3 17.4 17.5 17.6 text by David Badger; photography by John Netherton (2002). Lizards: A Natural History of Some Uncommon Creatures, Extraordinary Chameleons, Iguanas, Geckos, and More. Stillwater, MN: Voyageur Press. pp. 32, 52, 78, 81, 84, 140–145, 151. ISBN 0-89658-520-4.{{cite book}}: CS1 maint: multiple names: authors list (link)
  18. Eric R. Pianka and Laurie J. Vitt; with a foreword by Harry W. Greene (2003). Lizards: Windows to the Evolution of Diversity. Berkeley: University of California Press. p. 244. ISBN 0-520-23401-4.{{cite book}}: CS1 maint: multiple names: authors list (link)
  19. 19.0 19.1 "Komodo National Park". Komodo Foundation. Retrieved 2007-10-25. {{cite web}}: Text "Frequently Asked Questions" ignored (help); Text "Komodo Island" ignored (help)
  20. 20.0 20.1 20.2 20.3 Alison Ballance; Morris, Rod (2003). South Sea Islands: A Natural History. Hove: Firefly Books Ltd. ISBN 1-55297-609-2.{{cite book}}: CS1 maint: multiple names: authors list (link)
  21. 21.0 21.1 Diamond, Jared M. (1987). "Did Komodo dragons evolve to eat pygmy elephants?". Nature. 326 (6116): 832. doi:10.1038/326832a0. {{cite journal}}: Cite has empty unknown parameters: |month= and |coauthors= (help)
  22. Fry, Brian G.; et al. "Early Evolution of the Venom System in Lizards and Snakes" (PDF). The Center for North American Herpetology. Archived from the original (PDF) on 2017-10-10. Retrieved 2008-03-13. {{cite web}}: Explicit use of et al. in: |author= (help)
  23. Montgomery JM, Gillespie D, Sastrawan P, Fredeking TM, Stewart GL (2002). "Aerobic salivary bacteria in wild and captive Komodo dragons". J. Wildl. Dis. 38 (3): 545–51. PMID 12238371.{{cite journal}}: CS1 maint: multiple names: authors list (link)
  24. Feldman, Ruth Tenzer (2007). "Dragon Drool!". Odyssey. 16.2: 49. {{cite journal}}: Unknown parameter |month= ignored (help)
  25. 25.0 25.1 25.2 Cheater, Mark (2003). "Chasing the Magic Dragon". National Wildlife Magazine. 41 (5). National Wildlife Federation. Archived from the original on 2009-02-20. Retrieved 2008-06-18. {{cite journal}}: Unknown parameter |month= ignored (help)
  26. "Komodo Dragon". San Diego Zoo. Archived from the original on 2005-12-16. Retrieved 2008-01-24.
  27. Jessop, Tim S.; et al. "Distribution, Use and Selection of Nest Type by Komodo Dragons" (PDF). Elsevier. Archived from the original (PDF) on 2008-09-05. Retrieved 2008-03-13. {{cite web}}: Explicit use of et al. in: |author= (help)
  28. Attenborough, David (2008). Life in Cold Blood. Princeton, N.J: Princeton University Press. ISBN 0-691-13718-8.
  29. consultant editors, Harold G. Cogger & Richard G. Zweifel; illustrations by David Kirshner (1998). Encyclopedia of Reptiles & Amphibians. Boston: Academic Press. pp. 132, 157–8. ISBN 0-12-178560-2. {{cite book}}: |author= has generic name (help)CS1 maint: multiple names: authors list (link)
  30. Morales, Alex. "Komodo Dragons, World's Largest Lizards, Have Virgin Births". Bloomberg Television. Retrieved 2008-03-28.
  31. Notice by her cage in Chester Zoo in England
  32. "Wise men testify to Dragon's virgin birth". The Times. Archived from the original on 2020-05-28. Retrieved 2007-11-26.
  33. 33.0 33.1 "'Virgin births' for giant lizards". BBC News. Retrieved 2008-03-13.
  34. "Strange but True: Komodo Dragons Show that "Virgin Births" Are Possible: Scientific American". Scientific American. Retrieved 2008-03-24.
  35. Watts PC, Buley KR, Sanderson S, Boardman W, Ciofi C, Gibson R (2006). "Parthenogenesis in Komodo Dragons". Nature. 444 (7122): 1021–2. doi:10.1038/4441021a. PMID 17183308.{{cite journal}}: CS1 maint: multiple names: authors list (link)
  36. "Recent News - Sedgwick County Zoo". Sedgwick County Zoo. Archived from the original on 2008-02-11. Retrieved 2008-02-12.
  37. "Komodo dragons hatch with no male involved". MSNBC. Archived from the original on 2012-10-23. Retrieved 2008-02-12.
  38. Daily Mail - Should we really be scared of the Kimodo dragon?
  39. Rony, Fatimah Tobing (1996). The third eye: race, cinema, and ethnographic spectacle. Durham, N.C: Duke University Press. pp. 164. ISBN 0-8223-1840-7.
  40. "American Museum of Natural History: Komodo Dragons". American Museum of Natural History. Retrieved 2007-06-07.
  41. 41.0 41.1 41.2 "Trapping Komodo Dragons for Conservation". National Geographic. Retrieved 2007-11-08.
  42. World Conservation Monitoring Centre (1996). Varanus komodoensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
  43. "The official website of Komodo National Park, Indonesia". Komodo National Park. Archived from the original on 2007-02-05. Retrieved 2007-02-02.
  44. "Appendices I, II and III". CITES. Retrieved 2008-03-24.
  45. Flannery, Tim (2002). The Future Eaters: An Ecological History of the Australian Lands and People. New York: Grove Press. pp. 384-385. ISBN 0-8021-3943-4.
  46. "Komodo dragon kills boy in Indonesia". MSNBC. Retrieved 2007-06-07.
  47. Procter, J.B. (1928). "On a living Komodo Dragon Varanus komodoensis Ouwens, exhibited at the Scientific Meeting". Proc. Zool. Soc. London: 1017–1019. {{cite journal}}: Unknown parameter |month= ignored (help)
  48. Lederer, G. (1931). "Erkennen wechselwarme Tiere ihren Pfleger?". Wochenschr. Aquar.-Terrarienkunde. 28: 636–638. {{cite journal}}: Cite has empty unknown parameter: |month= (help)
  49. Murphy, J. (2006). "Dragons and Humans". Herpetological Review. 37: 269–275. {{cite journal}}: Cite has empty unknown parameter: |month= (help); Unknown parameter |coauthors= ignored (|author= suggested) (help)
  50. "Such jokers, those Komodo dragons". Science News. 78 (1): 78. 2002. {{cite journal}}: Unknown parameter |month= ignored (help)
  51. "Transcript: Sharon Stone vs. the Komodo Dragon". Time. Archived from the original on 2001-06-30. Retrieved 2008-03-20.
  52. Phillip T. Robinson (2004). Life at the Zoo: Behind the Scenes with the Animal Doctors. New York: Columbia University Press. pp. 79. ISBN 0-231-13248-4.
  53. "Editor stable after attack by Komodo dragon / Surgeons reattach foot tendons of Chronicle's Bronstein in L.A." San Francisco Chronicle. Retrieved 2008-03-23.

കൂടുതൽ അറിവിന്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊമോഡോ_ഡ്രാഗൺ&oldid=4116625" എന്ന താളിൽനിന്ന് ശേഖരിച്ചത്