കൊമോഡോ (ദ്വീപ്)

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്

ഇന്തോനേഷ്യയുടെ ഭാഗമായ 17,508 ദ്വീപുകളിൽ ഒന്നാണ് കൊമോഡോ (ഇന്തോനേഷ്യൻ: പുലാവു കൊമോഡോ). ഭൂമിയിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണിന്റെ ആവാസ കേന്ദ്രമെന്ന നിലയിൽ ഈ ദ്വീപ് പ്രത്യേകിച്ചും ശ്രദ്ധേയമാണ്. കൊമോഡോ ദ്വീപിന്റെ ഉപരിതല വിസ്തീർണ്ണം 280 ചതുരശ്ര കിലോമീറ്ററും[1] ജനസംഖ്യ രണ്ടായിരത്തിലധികവുമാണ്. ദ്വീപിലേക്ക് നാടുകടത്തപ്പെട്ട കുറ്റവാളികളും സുലവേസിയിൽ നിന്നുള്ള ബുഗിസ് വശജരുമായി ഇടകലർന്ന ജനതയുടെ പിൻഗാമികളാണ് ദ്വീപിലെ ഇന്നത്തെ ജനങ്ങൾ. ജനങ്ങൾ പ്രാഥമികമായി മുസ്ലീങ്ങളാണ്. ക്രിസ്ത്യൻ, ഹിന്ദു മതവിശ്വാസികളും ഇവിടെയുണ്ട്.

കൊമോഡോ
കൊമോഡോ ദ്വീപിന്റെ വടക്കേ മുനമ്പ്
Geography
Locationതെക്ക് കിഴക്കൻ ഏഷ്യ
Coordinates8°33′S 119°27′E / 8.55°S 119.45°E / -8.55; 119.45
Archipelagoലെസ്സെർ സുന്ദ ദ്വീപുകൾ
Area280 കി.m2 (110 ച മൈ)
Administration
ഇന്തോനേഷ്യ
പ്രവിശ്യകിഴക്കൻ നുസാ തെൻഗാരാ
Demographics
Populationc. 2000
Ethnic groupsബുഗിസ്, മറ്റുള്ളവർ

കൊമോഡോ ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ് ഈ ദ്വീപ്[2]. ഭരണപരമായി ഇത് നുസാ തെൻഗാര പ്രവിശ്യയുടെ ഭാഗമണ്.[3]

ചരിത്രം

തിരുത്തുക
 
കൊമോഡോ ഡ്രാഗൺ

ഈ പ്രദേശത്ത് നിലവിലുള്ള ഒരു വ്യാളിയെപ്പോലുള്ള മൃഗത്തിന്റെ ആദ്യകാല കഥകൾ പാശ്ചാത്യർക്കിടയിൽ വ്യാപകമായി പ്രചരിക്കുകയും വളരെയധികം ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. 1910 കളുടെ തുടക്കത്തിൽ ലെസ്സർ സുന്ദ ദ്വീപുകളിലെ ഒരു ചെറിയ ദ്വീപിൽ വസിച്ചിരുന്ന ഒരു വ്യാളിയെ കുറിച്ചുള്ള കഥകൾ കിഴക്കൻ നുസാ തെൻഗാരയിലെ ഫ്ലോറസ് ആസ്ഥാനമായുള്ള ഡച്ച് നാവികരിൽ നിന്നാണ് കേട്ടുതുടങ്ങിയത്.

ഈ ജീവി ഏഴ് മീറ്റർ (ഇരുപത്തിമൂന്ന് അടി) വരെ നീളമുള്ള ഒരു വലിയ ശരീരവും വായയും ഉപയോഗിച്ച് നിരന്തരം തീ ശ്വസിക്കുന്നതായി ഡച്ച് നാവികർ റിപ്പോർട്ട് ചെയ്തു. ഇതിന്റെ തീ അവരെ പൊള്ളിച്ചതിനാൽ അന്വേഷണം തുടരാൻ അവർക്ക് കഴിഞ്ഞില്ല. ഈ വിചിത്രജീവിക്ക് പറക്കാൻ കഴിയുമെന്നും അന്ന് വിശ്വസിക്കപ്പെട്ടു. റിപ്പോർട്ടുകൾ കേട്ട്, ഫ്ലോറസിലെ ഡച്ച് കൊളോണിയൽ അഡ്മിനിസ്ട്രേഷന്റെ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് സ്റ്റെയ്ൻ വാൻ ഹെൻസ്ബ്രൂക്ക്, ഇതേക്കുറിച്ച് അൻവേഷിക്കുവാനായി കൊമോഡോ ദ്വീപിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്തു. ആയുധധാരിയായ അദ്ദേഹം ഒരു കൂട്ടം സൈനികരോടൊപ്പം ദ്വീപിൽ വന്നിറങ്ങി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അന്വേഷിക്കാൻ പല്ലികളിൽ ഒന്നിനെ കൊന്ന് പരിശോധിക്കുവാൻ ഹെൻസ്ബ്രൂക്കിന് കഴിഞ്ഞു.

വാൻ ഹെൻസ്ബ്രൂക്ക് ഈ ജീവിയെ തന്റെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഏകദേശം 2.1 മീറ്റർ (6.9 അടി) നീളമുണ്ടായിരുന്ന പല്ലിയുടെ ആകൃതിയുള്ള ജീവിയായിരുന്നു അത്. ജാവയിലെ ബൊഗോറിലെ സുവോളജിക്കൽ മ്യൂസിയം ബൊട്ടാണിക്കൽ ഗാർഡൻസ് ഡയറക്ടർ പീറ്റർ എ. ഓവൻസ് ഇവയുടെ കൂടുതൽ ചിത്രങ്ങൾ പകർത്തി. കൊമോഡോ ഡ്രാഗൺ (അല്ലെങ്കിൽ കൊമോഡോ മോണിറ്റർ) എന്ന് വിളിക്കപ്പെടുന്ന ജീവിയെക്കുറിച്ചുള്ള വിശദാംശങ്ങളുടെ ആദ്യത്തെ വിശ്വസനീയമായ രേഖകളാണ് ഓവൻസിന്റേത്.

ഇവയുടെ അധിക സാമ്പിളുകൾ ലഭ്യമാക്കാൻ ഓവൻസ് പരിശ്രമിച്ചു. വേട്ടക്കാരുടെ സഹായത്തോടെ 3.1 മീറ്റർ, 3.35 മീറ്റർ എന്നിങ്ങനെ രണ്ട് ഡ്രാഗണുകളെ കൊല്ലുകയും, കൂടാതെ ഒരു മീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള രണ്ട് കുഞ്ഞുങ്ങളെ പിടികൂടുകയും ചെയ്തു. ഈ സാമ്പിളുകളിൽ പഠനങ്ങൾ നടത്തിയ ഓവൻസ്, കൊമോഡോ ഡ്രാഗൺ ഒരു തീജ്വാല വമിപ്പിക്കുന്ന വ്യാളിയല്ല, മറിച്ച് ഒരു തരം ഉടുമ്പാണെന്ന് നിഗമനം ചെയ്തു. ഗവേഷണ ഫലങ്ങൾ 1912-ൽ പ്രസിദ്ധീകരിച്ചു. ഓവൻസ് ഈ ഭീമൻ പല്ലിക്ക് വാരനസ് കൊമോഡോൻസിസ് എന്ന് പേരിട്ടു. വംശനാശഭീഷണി നേരിടുന്ന കൊമോഡോ ദ്വീപിലെ ഡ്രാഗണുകളുടെ പ്രാധാന്യം മനസ്സിലാക്കിയ ഡച്ച് സർക്കാർ 1915 ൽ കൊമോഡോ ദ്വീപിലെ പല്ലികളുടെ സംരക്ഷണത്തിനായി ഒരു നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചു.

പിൽക്കാലത്ത് കൊമോഡോ ഡ്രാഗൺ ഒരു ജീവിക്കുന്ന ഇതിഹാസമായി മാറി. കൊമോഡോ കണ്ടെത്തിയതിനുശേഷമുള്ള ദശകങ്ങളിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ശാസ്ത്ര പര്യവേഷണങ്ങൾ കൊമോഡോ ദ്വീപിലെ ഡ്രാഗണുകളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തി.[4]

ആധുനിക കാലം

തിരുത്തുക
 
കൊമോഡോ ഗ്രാമം
 
പിങ്ക് ബീച്ച്, കൊമോഡോ

കൊമോഡോയിലെ സ്വദേശികളായ കൊമോഡോ ജനതയ്ക്ക് 1980-ൽ വംശനാശം സംഭവിച്ചു. രണ്ടായിരത്തിലധികം ജനസംഖ്യയുള്ള ഈ ദ്വീപിലെ ഇന്നത്തെ മനുഷ്യർ കൊമോഡോ എന്നു തന്നെ പേരായ ഗ്രാമത്തിൽ വസിക്കുന്നു. പ്രധാനമായും ഇതൊരു മത്സ്യബന്ധനഗ്രാമമാണ്.

കൊമോഡോ ദ്വീപിൽ അപൂർവമായ ചില പക്ഷികൾ, മാൻ, കാട്ടു പന്നികൾ എന്നിവയുമുണ്ട്, അവ കൊമോഡോ ഡ്രാഗണുകൾക്കും ഇരയാണ്.

ഡൈവിംഗിൽ താല്പര്യമുള്ള വിനോദസഞ്ചാരികൾക്ക് ഒരു പ്രധാന ആകർഷണമാണ് ഈ ദ്വീപ്. 2011 നവംബർ 11 -ൽ പ്രസിദ്ധീകരിച്ച വിവാദമായ 'ന്യൂ 7 വണ്ടേഴ്സ് ഓഫ് നേച്ചർ' പട്ടികയിൽ കൊമോഡോ ദ്വീപും ഉൾപ്പെടുത്തിയിട്ടുണ്ട്.[5] കൊമോഡോ ദ്വീപിലെ "പിങ്ക്" നിറമുള്ള ഒരു കടൽത്തീരം മറ്റൊരു ആകർഷണമാണ്. ഫോറമിനിഫെറ എന്ന സൂക്ഷ്മജീവികളിൽ നിന്ന് രൂപംകൊണ്ട ചുവന്ന മണലിനൊപ്പം വെളുത്ത മണൽ കലർന്ന മിശ്രിതമായതിനാൽ ഈ തീരം പിങ്ക് നിറത്തിൽ കാണപ്പെടുന്നു. ലോകത്തിൽ തന്നെ ഇത്തരം ഏഴ് കടൽത്തീരങ്ങൾ മാത്രമാണുള്ളത്.[6]

  1. http://www.indonesia-tourism.com/east-nusa-tenggara/komodo_island.html
  2. https://www.theguardian.com/world/2019/apr/04/tourists-banned-from-home-of-komodo-dragon-as-smugglers-eye-dwindling-numbers
  3. https://www.theguardian.com/world/2019/oct/01/indonesia-cancels-komodo-island-closure-saying-tourists-are-no-threat-to-dragons
  4. "Sejarah Pulau Komodo". indonesiaindonesia.com.
  5. http://www.indonesia-tourism.com/east-nusa-tenggara/komodo_island.html
  6. http://www.traveltourxp.com/the-7-magical-pink-beaches-around-the-world/
"https://ml.wikipedia.org/w/index.php?title=കൊമോഡോ_(ദ്വീപ്)&oldid=3254511" എന്ന താളിൽനിന്ന് ശേഖരിച്ചത്