എ.വി. കുഞ്ഞമ്പു

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിന്റെ പ്രത്യേകിച്ചും ഉത്തരമലബാറിന്റെ പ്രാദേശിക ചരിത്രത്തിൽ അറിയപ്പെടുന്നൊരു വ്യക്തിയാണ്‌ എ.വി. കുഞ്ഞമ്പു. കരിവെള്ളൂർ സമരത്തിൽ പങ്കെടുത്തും, തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതിന്റെ പേരിലുമാണ്‌ എ.വി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എ.വി. കുഞ്ഞമ്പു അറിയപ്പെട്ടത്[1]. ജീവിതാവസാനം വരെ തൊഴിലാളി വർഗ്ഗത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചു.

എ.വി. കുഞ്ഞമ്പു
എ.വി. കുഞ്ഞമ്പു
വ്യക്തിഗത വിവരങ്ങൾ
ജനനം(1908-04-10)ഏപ്രിൽ 10, 1908
കരിവെള്ളൂർ, കണ്ണൂർ
മരണംജൂൺ 8, 1980(1980-06-08) (പ്രായം 72)
കണ്ണൂർ
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളികെ. ദേവയാനി
കുട്ടികൾരാധ, മുരളി, ജയദേവൻ ബാലചന്ദ്രൻ, adv വിജയകുമാർ, മാലതി, ഭാസുര
ജോലിപൊതുപ്രവർത്തകൻ

സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ചെറുപ്രായത്തിൽ തന്നെ ദേശീയപ്രസ്ഥാനത്തിലേക്ക് പ്രവേശിച്ചു. കോൺഗ്രസ്സ് അംഗമായി വിവിധ സമരങ്ങളിൽ ഏർപ്പെട്ടു. പലതവണ ജയിൽ ശിക്ഷ അനുഭവിച്ചു. കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ നിരാശനായ കുഞ്ഞമ്പു, വിപ്ലവാശയങ്ങളോട് താൽപര്യം പ്രകടിപ്പിച്ചു തുടങ്ങി. പി. കൃഷ്ണപിള്ളയുമായുള്ള പരിചയം കുഞ്ഞമ്പുവിന്റെ മുന്നിൽ സോഷ്യലിസത്തിന്റെ പാത തുറന്നിട്ടു. കർഷകരെ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങി. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിലംഗമായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു.

സി.പി.ഐ(എം) രൂപീകരിച്ചപ്പോൾ മുതൽ അതിന്റെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മൂന്നാം കേരള നിയമസഭയിലും നാലാം കേരള നിയമസഭയിലും പയ്യന്നൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 1957-1958 കാലഘട്ടത്തിൽ രാജ്യസഭാംഗം ആയിരുന്നു.[2] കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര സമര സേനാനിയുമായ, കെ. ദേവയാനിയാണ് ഭാര്യ.[3]. പ്രശസ്ത കവിയായ കരിവെള്ളൂർ മുരളിയടക്കം ആറു് മക്കളുണ്ടു്.മൂത്ത മകൾ ആയ രാധ മരണപെട്ടു.

ആദ്യകാല ജീവിതം

തിരുത്തുക

1908 ഏപ്രിൽ 10-നു് കരിവെള്ളൂരിലെ അച്ചം വീട്ടിൽ ഉച്ചിരമ്മയുടെയും, ചെറുവത്തൂർ കുട്ടമത്തെ തോട്ടോൻ രാമൻ നായരുടെയും മകനായി ജനിച്ചു. നാടുവാഴിത്തത്തിനെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ എ.വിയുടെ അച്ഛൻ രാമൻ നായരെ പോലീസ് ആൻഡമാനിലേക്ക് നാടുകടത്തിയതിനെത്തുടർന്ന് അമ്മയോടൊപ്പം അമ്മാവന്റെ വീട്ടിലായിരുന്നു കുഞ്ഞമ്പു കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. കുഞ്ഞമ്പുവിന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും, ആറു വയസ്സുള്ളപ്പോൾ അമ്മയും അന്തരിച്ചു. അമ്മാവന്റെ സംരക്ഷണയിലാണ് പിന്നീട് അദ്ദേഹം വളർന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം അഞ്ചാം ക്ലാസ്സിനപ്പുറം പഠിക്കാൻ സാധിച്ചില്ല. അതിനുശേഷം ഒരു ജന്മികൂടിയായ അകന്നബന്ധുവിന്റെ വീട്ടിൽ പണിക്കായി പോയിയെങ്കിലും, കടുത്ത ജോലി കാരണം അധികനാൾ അവിടെ തുടർന്നില്ല.[4] തിരികെ വന്ന് അമ്മാവനെ കൽ വെട്ട് ജോലിയിൽ സഹായിച്ചു. രാമായണവും,കൃഷ്ണപ്പാട്ടും വായിക്കാൻ പല വീടുകളിൽ പോവുമായിരുന്നു. ഇക്കാലഘട്ടത്തിൽ ദേശീയരാഷ്ട്രീയത്തിന്റെ മാറ്റങ്ങൾ ബാലനായ കുഞ്ഞമ്പുവും തിരിച്ചറിയുന്നുണ്ടായിരുന്നു.

രാഷ്ട്രീയം

തിരുത്തുക

പയ്യന്നൂരിൽ സ്വാതന്ത്ര്യഭടന്മാരുടെ ഒരു ജാഥയിൽ പങ്കെടുത്താണ് രാഷ്ട്രീയത്തിന്റെ ഹരിശ്രീ കുറിക്കുന്നത്. 1930-ൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തുന്നതിനിടയിൽ കെ.കേളപ്പനെ കാണാനും പ്രസംഗം കേൾക്കാനും ഇടയായത് രാഷ്ട്രീയ ബോധത്തിന്റെ ആദ്യ നങ്കൂരം മനസ്സിലുറപ്പിക്കുന്നതിനു സഹായകരമായി. ഇതിനു ശേഷം കുഞ്ഞമ്പു തിരികെ വീട്ടിലേക്കു പോയില്ല. തുടർന്ന് കോൺഗ്രസ്സിൽ ചേർന്ന അദ്ദേഹം 1932-ൽ കാടകത്തു വെച്ച് വനനിയമം ലംഘിച്ചതിന്റെ പേരിൽ തടവിലായി. കൂടാതെ കള്ളുഷാപ്പ് പിക്കറ്റിംഗ്, ഉപ്പു സത്യാഗ്രഹം, വിദേശവസ്ത്ര കടകൾ പിക്കറ്റിംഗ് തുടങ്ങിയ പരിപാടികളിൽ പങ്കെടുത്തു. പല തവണ ജയിൽവാസം അനുഭവിച്ചു. ജയിലിൽ വെച്ച് ദേശീയവിപ്ലവകാരികളുമായി അടുത്തിടപഴകാൻ അവസരം കിട്ടി. ഈ ജയിൽ ജീവിതം എ.വിയിൽ വിപ്ലവബോധം സൃഷ്ടിച്ചു. ഇതേത്തുടർന്ന് 1934 ഏപ്രിൽ 13-ന്‌ കരിവെള്ളൂർ കരിമ്പിൽ കുഞ്ഞിരാമേട്ടന്റെ പീടികമുറ്റത്തു വെച്ച് ഭഗത് സിംഗ് രൂപവത്കരിച്ച നവജവാൻ പാർട്ടിയുടെ മാതൃകയിൽ അഭിനവ ഭാരത യുവക് സംഘം രൂപവത്കരിച്ചു. ഈ സംഘത്തിന്റെ സ്ഥാപകനും പ്രധാന പ്രവർത്തകനും എ.വിയായിരുന്നു. സംഘത്തിന്റെ പ്രവർത്തനങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കുവാനായി ധാരാളം പൊതുപ്രവർത്തനങ്ങളും അഭിനവ ഭാരത യുവക് സംഘം നടത്തിയിരുന്നു. ഇതേ സമയം തന്നെ കോൺഗ്രസ്സുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നില്ല. വാഗ്ഭടാനന്ദൻ, മഹാകവി കുട്ടമത്ത്, കെ. കേളപ്പൻ, ടി.എസ്. തിരുമുമ്പ് തുടങ്ങിയവർ കരിവെള്ളൂരിലെത്തുകയും പ്രവർത്തിക്കുകയും ചെയ്തു.[5]

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്

തിരുത്തുക

എ.വിയിലെ വിപ്ലവബോധം അറിഞ്ഞ പി. കൃഷ്ണപിള്ള ആദ്യം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും എ.വിയെ നയിച്ചു. പി. കൃഷ്ണപിള്ളയുമായുള്ള പരിചയം സോഷ്യലിസത്തിന്റെ വിശാലമായ പാതയിലേക്ക് എ.വി.കുഞ്ഞമ്പുവിനെ കൊണ്ടുചെന്നെത്തിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് കുഞ്ഞമ്പു ചെന്നെത്തി. അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കുന്നതിനു മുമ്പ് കരിവെള്ളൂരിലെ കർഷകരെ സംഘടിപ്പിച്ച് ഒരു കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നുതിന് കുഞ്ഞമ്പു നേതൃത്വം വഹിച്ചിരുന്നു. കരിവെള്ളൂർ കർഷക സംഘത്തിന്റെ പേരിൽ നടത്തിയ സമരങ്ങൾ കൊണ്ട് ആ പ്രദേശത്തെ ജന്മികൾ നിർബന്ധിത പിരിവുകളും, അക്രമരീതികളും ഉപേക്ഷിക്കാൻ തയ്യാറായി.[6]

പിണറായിയിലെ പാറപ്പുറം എന്ന സ്ഥലത്തു ചേർന്ന യോഗത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ ഒന്നടങ്കം കമ്മ്യൂണിസ്റ്റുകാരായി. യുദ്ധത്തിനെതിരേ നടത്തിയ പ്രവർത്തനങ്ങൾകാരണം കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു, കമ്മ്യൂണിസ്റ്റുകാർക്കെതിരേ അറസ്റ്റ് വാറണ്ടായി. തുടർന്ന് 1942 ൽ തിരുവിതാംകൂറായി എ.വിയുടെ പ്രവർത്തന മേഖല. തിരുവിതാംകൂറിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അടിത്തറ പണിയുന്നതിൽ എ.വി പ്രധാന പങ്കുവഹിച്ചു. പാർട്ടിയുടെ സെക്രട്ടറി എന്ന സ്ഥാനം ഏറ്റെടുത്തു. 1942 മുതൽ 1944 വരെ പാർട്ടിയുടെ തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. കരിവെള്ളൂർ കേസിൽ ജയിലിൽ നിന്നും പുറത്തു വന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാരണം വീണ്ടും ഒളിവിൽ പോയി. 1964 ൽ സി.പി.ഐ. ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നു, സി.പി.ഐ(എം രൂപീകരിച്ചപ്പോൾ അതിന്റെ കൂടെ നിന്നു. ചൈനാരനെന്നു മുദ്രകുത്തി മറ്റു നേതാക്കളോടൊപ്പം വീണ്ടും ജയിൽവാസം. രാജ്യസഭാംഗം, എം.എൽ.എ. എന്നീ നിലകളിലും പ്രവർത്തിച്ചു.[7]


തിരുവിതാംകൂറിൽ നിന്നും കൊച്ചിയിലേക്ക് കുഞ്ഞമ്പു തന്റെ പ്രവർത്തനമേഖല മാറി. ഒളിവിലിരുന്നു പാർട്ടി പ്രവർത്തനങ്ങൾ നടത്തി. 1943 ൽ ആലപ്പുഴയിൽ ഒളിവിൽ കഴിയവേ മഹിളാപ്രവർത്തകയായ കെ. ദേവയാനിയെ വിവാഹം ചെയ്തു. 1980 ജൂൺ 8-ന്‌ എ.വി അന്തരിച്ചു. സാഹിത്യകാരനും പുരോഗമന കലാസാഹിത്യസംഘം പ്രസിഡണ്ടുമായ കരിവെള്ളൂർ മുരളി എ.വിയുടെ മകനാണ്‌.

കരിവെള്ളൂർ സമരം

തിരുത്തുക

കുഞ്ഞമ്പുവിന്റെ ജീവിതത്തിലെ സുപ്രധാനമായ സമരം കരിവെള്ളൂരിലെ ജന്മികൾക്കെതിരേ നടത്തിയതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന രാജ്യത്തെങ്ങും കടുത്ത ക്ഷാമവും പട്ടിണിയും നേരിട്ടു. എന്നാൽ ജന്മികൾ ഇത്തരം കെടുതികൾ ഒന്നും കണ്ടെന്നു വച്ചില്ല. കുടിയാന്മാരിൽ നിന്നും ലഭിക്കേണ്ട പാട്ടവും, വരവും ഒന്നും കുറക്കാൻ അവർ തയ്യാറായിരുന്നില്ല. കൂടാതെ, സാധാരണക്കാരെ ചൂഷണം ചെയ്യാൻ നെല്ല് അവരുടെതന്നെ പത്തായത്തിൽ പൂഴ്ത്തിവെച്ചു. മിച്ചം വരുന്ന നെല്ല് സ്റ്റോറിൽ അടക്കണമെന്നും, കരിഞ്ചന്ത അവസാനിപ്പിക്കണമെന്നും കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള കർഷകസംഘം ആവശ്യപ്പെട്ടു. ഇതിനെ അവഗണിച്ചുകൊണ്ട് ചിറക്കൽ തമ്പുരാൻ നെല്ല് പോലീസിന്റേയും, ഗുണ്ടകളുടേയും സഹായത്താൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ ജനങ്ങൾ ഇത് തടഞ്ഞു.[8] പിന്നീട് നടന്ന പോലീസ് വെടിവെപ്പിൽ മൂന്നു കർഷകർ മരിച്ചു. കുഞ്ഞമ്പുവും മരിച്ചുവെന്നു കരുതി ഓലയിൽ കെട്ടിയാണ് കൊണ്ടുപോയത്. കരിവെള്ളൂ‍ർ കേസിൽ 1950 വരെ ജയിലിൽ കിടന്നു.

രാജ്യസഭ കാലഘട്ടവും പാർട്ടിയും

തിരുത്തുക
  • 1957-1958 : സി.പി.ഐ.
  1. "കരിവെള്ളൂരിന്റെ ഇതിഹാസം". ഏഴിമല (ഒന്നാമത്തെ എഡിഷൻ ed.). മാതൃഭൂമി ബുക്സ്. pp. 17–18. ISBN 81-8264-519-0. {{cite book}}: |access-date= requires |url= (help); |first= missing |last= (help); Check date values in: |accessdate= (help)
  2. "കേരളത്തിലെ നിയമസഭാ സാമാജികർ". കേരള നിയമസഭ. Archived from the original on 2013-09-13. Retrieved 13-സെപ്തംബർ-2013. എ.വി.കുഞ്ഞമ്പു {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. സ്റ്റാഫ്, റിപ്പോർട്ടർ. "മെമ്മോയേഴ്സ് ഓഫ് എ റെവല്യൂഷണറി ലീഡർ". ദ ഹിന്ദു ദിനപത്രം. Archived from the original on 2013-09-13. Retrieved 06-ജൂൺ-2011. ദേവയാനിയുടെ ആത്മകഥ വി.എസ്.അച്യുതാനന്ദൻ പ്രകാശനം ചെയ്യുന്നു {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 83. ISBN 81-262-0482-6. എ.വി.കുഞ്ഞമ്പു - ആദ്യകാല ജീവിതം
  5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 84. ISBN 81-262-0482-6. എ.വി.കുഞ്ഞമ്പു - പൊതുപ്രവർത്തകൻ
  6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 85. ISBN 81-262-0482-6. എ.വി.കുഞ്ഞമ്പു - സംഘാടകൻ
  7. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 87-88. ISBN 81-262-0482-6. എ.വി.കുഞ്ഞമ്പു - രാഷ്ട്രീയ ജീവിതം
  8. കെ.കെ.എൻ, കുറുപ്പ് (1989). അഗ്രേരിയൻ സ്ട്രഗ്ഗിൾസ് ഇൻ കേരള. സി.ബി.എച്ച്. ISBN 978-8185381015.
"https://ml.wikipedia.org/w/index.php?title=എ.വി._കുഞ്ഞമ്പു&oldid=3970805" എന്ന താളിൽനിന്ന് ശേഖരിച്ചത്