അഴകത്ത് പത്മനാഭക്കുറുപ്പ്

(അഴകത്ത് പദ്മനാഭക്കുറുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭക്കുറുപ്പ് (15 ഫെബ്രുവരി 1869 - 6 നവംബർ 1931 (1044ാം ആണ്ട് കുംഭമാസം 5-1107ആം ആണ്ട് തുലാം 20) [1].[2]

അഴകത്ത്_പത്മനാഭക്കുറുപ്പ്

ജീവിതരേഖ

തിരുത്തുക

ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടിൽ 1869 ഫെബ്രുവരി 16-ന് ജനിച്ചു. ചന്ദ്രവാരത്തിലെ ഉത്രട്ടാതിനക്ഷത്രത്തിൽ പ്രഭാതയാമത്തിലായിരുന്നു ജനനം. പിതാവ് നാരായണൻ എമ്പ്രാന്തിരി. തുളുബ്രാഹ്മണനായിരുന്ന ഇദ്ദേഹം തെക്കുംഭാഗത്തുള്ള പനയ്ക്കത്തോട്ടിൽ ഭഗവതിക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. മാതാവ് കൊച്ചുകുഞ്ഞ് കുഞ്ഞമ്മ. നാരായണൻ എമ്പ്രാന്തിരി - കുഞ്ഞമ്മ ദമ്പതികൾക്ക് ഒരു പെൺകുട്ടിയുൾപ്പെടെ നാലു സന്താനങ്ങളാണുണ്ടായിരുന്നത്. ഇവരിൽ മൂന്നാമനായിരുന്നു പദ്‌മനാഭൻ. അഴകത്തു കുടുംബത്തിന്റെ മാറാപ്പേരാണ് ഈശ്വരൻ. അഴകത്തു പള്ളിയാടി ഈശ്വരൻ പത്മനാഭൻ എന്നാണ്കവിയുടെ മുഴുവൻ പേര്.പതിനൊന്ന് വയസ്സുവരെ പുതുവീട്ടിൽ പപ്പുപ്പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചു. ഇവിടെ നിന്നാണ് തമിഴ്, സംസ്കൃതം ജ്യോതിഷം തുടങ്ങിയവയുടെ ബാലപാഠങ്ങൾ ഇദ്ദേഹം അഭ്യസിച്ചത്. തുടർന്ന് തിരുവനന്തപുരത്തുള്ള ഫോർട്ട് ഇംഗ്ലീഷ് സ്കൂളിൽ ആറാം തരത്തിൽ ചേർന്നു.[2]

ആറുവർഷം ഫോർട്ട് സ്കൂളിൽ പഠിച്ച ഇദ്ദേഹം ചില കുടുംബപ്രശ്നങ്ങളാൽ പഠനം തുടരാനാകാതെ ചവറയിലേക്കുതന്നെ തിരിച്ചുപോയി. ചവറയിൽ ഇംഗ്ലീഷ് പഠനം തുടരാൻ മാർഗ്ഗമൊന്നുമില്ലാത്തതിനാൽ, അവിടെ ആയിടയ്ക്ക് പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ സ്ഥാപിച്ച സംസ്കൃത വിദ്യാലയത്തിൽ ചേർന്നു സംസ്കൃതപഠനം പുനരാരംഭിച്ചു. ഇവിടെയും പഠനം മുഴുമിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ഇളയ അമ്മാവന്റെ അകാലമരണമായിരുന്നു കാരണം. അമ്മാവന്റെ മരണത്തോടെ പതിനേഴുകാരനായ പദ്‌മനാഭന് കുടുംബഭാരം മുഴുവൻ ഏറ്റെടുക്കേണ്ടിവന്നു. സംസ്കൃതപഠനം നിന്നുപോയെങ്കിലും സ്വപിതാവിന്റെ സഹായത്തോടെ കന്നടയും ഹിന്ദിയും പഠിച്ചെടുക്കാൻ കൃത്യാന്തരബാഹുല്യത്തിനിടയിലും ഇദ്ദേഹം സമയം കണ്ടെത്തി.[2] 1892ൽ അമ്മയുടെ മരണശേഷം പദ്‍മനാഭകുറുപ്പ് ഇളയ ജ്യേഷ്ഠന്റെ കൂടെ വീണ്ടും കുറച്ചുകാലം തിരുവനന്തപുരത്ത് താമസമാക്കി. ഈയവസരത്തിലാണ് കരമന കേശവശാസ്ത്രികളെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ കീഴിൽ സംസ്കൃതപഠനം തുടരാനും ഇദ്ദേഹത്തിന് സാധിച്ചത്. ഏ. ആർ രാജരാജവർമ്മ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയവരുമായി പരിചയപ്പെടാനും ആ സംസർഗ്ഗഫലമായി തന്റെ സാഹിത്യവാസന പരിപോഷിപ്പിക്കാനും അഴകത്ത് പദ്‌മനാഭകുറുപ്പിന് സാധിച്ചത് ഈ തിരുവനന്തപുരം വാസത്തിലൂടെയാണ്.

1894-ലാണ് അദ്ദേഹം രാമചന്ദ്രവിലാസം എഴുതാൻ ആരംഭിച്ചത്.[3] 1918 മുതൽ ചവറ ഇംഗ്ലീഷ് ഹൈസ്കൂളിൽ മലയാളം മുൻഷിയായി ജോലി ചെയ്തു.1894 മുതൽ മലയാളി പത്രത്തിൽ ഖണ്ഡശ്ശ പ്രകാശനം ചെയ്ത രാമചന്ദ്രവിലാസം പുസ്തകമായതു 1907ലാണ്.[4] ഇരുപതോളം പുസ്തകങ്ങൾ രചിച്ചു. കുന്നത്തൂർ പള്ളിക്കൽ പകുതിയിൽ ചാങ്ങയിൽ പുതിയവീട്ടിൽ ഭാഗീരഥിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. 1918 ൽ ചവറ ഇംഗ്ളീഷ് ഹൈസ്ക്കൂളിൽ മലയാളം അധ്യാപകനായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇദ്ദേഹത്തിന്റെ കുടുംബത്തിന് പരമ്പരാഗതമായി ഉണ്ടായിരുന്ന അവകാശാധികാരങ്ങളുടെ ഫലമായി ഇദ്ദേഹത്തിന്റെ നാമം പ്രമാണങ്ങളിലും എഴുത്തുകുത്തുകളിലും ഉപയോഗിച്ചിരുന്നത് അഴകത്ത് കണക്ക്പിള്ളയാടി ഈശ്വരൻ പത്മനാഭൻ എന്നാണ്.[5] 1929കാസരോഗം പിടിപെട്ടു. അതേത്തുടർന്ന് 1931 നവംബർ 6ന് (കൊ.വ. 1107 തുലാം 20) 62-ആം വയസ്സിൽ അന്തരിച്ചു. പ്രശസ്ത മലയാള ചലച്ചിത്രഗാനരചയിതാവായിരുന്ന ഭരണിക്കാവ് ശിവകുമാർ, പത്മനാഭക്കുറുപ്പിന്റെ പേരമകനായിരുന്നു.

സാഹിത്യ ജീവിതം

തിരുത്തുക
 

മലയാളി, മലയാളമനോരമ, കവനകൗമുദി, വിദ്യാവിനോദിനി, കേരളമിത്രം, സുജനാനന്ദിനി, കേരളപത്രിക തുടങ്ങിയ പത്രമാസികകളിലൂടെയാണ് അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ആദ്യകാല രചനകൾ പുറത്തുവന്നത്. ശ്ലോകങ്ങൾ, മുക്തകങ്ങൾ, സമസ്യാപൂരണങ്ങൾ തുടങ്ങിയവയായിരുന്നു തുടക്കത്തിൽ ഏറെയും എഴുതിയിരുന്നത്. 1891ൽ എഴുതിയ ഗന്ധർവവിജയം ആട്ടക്കഥയാണ് കവിയുടെ ആദ്യകൃതി. ഇതെഴുതുമ്പോൾ ഇരുപത്തിരണ്ടുവയസ്സായിരുന്നുു ഇദ്ദേഹത്തിന്റെ പ്രായം. പ്രതാപരുദ്രയശോഭൂഷണം എന്ന സംസ്കതാലങ്കാരികഗ്രന്ഥത്തിലെ ഒരു നാടകഭാഗം, 1892പ്രതാപരുദ്രകല്യാണം എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ കൃതി അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മൃച്ഛകടികത്തിലെ നാല്, അഞ്ച്, ആറ് അങ്കങ്ങൾ അദ്ദേഹം പരിഭാഷപ്പെടുത്തി വിദ്യാവിനോദിനിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റ് അങ്കങ്ങൾ വേറെ ചിലരാണ് വിവർത്തനം ചെയ്തിട്ടുള്ളത്. ഇതരകൃതികൾ കുംഭനാസവധം, ഗന്ധർവ്വവിജയം (ആട്ടക്കഥകൾ), മീനകേതനചരിതം (നാടകം), പ്രഭുശകതി (ഖണ്ഡകാവ്യം), തുലാഭാരശതകം, വ്യാഘ്രാലയേശസ്തവം (തർജ്ജമകൾ), ശ്രീഗണേശപുരാണം, മാർക്കണ്ഡേയപുരാണം, കുവലയാശ്വീയം (കിളിപ്പാട്ടുകൾ), ചാണക്യശതകം, രാമചന്ദ്രവിലാസം (മഹാകാവ്യം) എന്നിവയാണ്. മീനകേതനചരിതം ആയില്യം തിരുനാളിന്റെ കൃതിയെ ഉപജീവിച്ച് എഴുതിയതാണ്. തുലാഭാരശതകം, വ്യാഘ്രാലയേശസ്തവം എന്നീ കൃതികൾ കേരളവർമ്മ കോയിത്തമ്പുരാന്റെ കൃതികളുടെ പരിഭാഷയാകുന്നു. മൂന്നൂസർഗ്ഗങ്ങളുള്ള ഖണ്ഡകാവ്യമാണ് പ്രഭുശക്തി. അതിന്റെ പ്രമേയം, തിരുവിതാംകൂറിനെക്കുറിച്ചുള്ള ഐതിഹ്യമാണ്. ചാണക്യശതകവും സംസ്കൃതകൃതിയുടെ തർജ്ജമ തന്നെ.

കുറുപ്പിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി രാമചന്ദ്രവിലാസം ആണ്. പിതാവിൽ നിന്നും ഹിന്ദിഭാഷ അഭ്യസിച്ചിരുന്ന കുറുപ്പിന് തുളസീദാസരാമായണം വായിച്ചതോടെ ഇഷ്ടദേവൻ ശ്രീരാമനായി. ഇദ്ദേഹത്തിന്റെ ശ്രീരാമഭക്തിയാണ് രാമചന്ദ്രവിലാസ രചനയ്ക്ക് നിമിത്തമായിത്തീർന്നത്. അധ്യാത്മരാമായണത്തിന്റെ നിത്യപാരായണമാണ് രാമചന്ദ്രവിലാസത്തിന്റെ രചനയ്ക്ക് പ്രധാന പ്രേരകശക്തിയെന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. 21 സർഗങ്ങളുള്ള ഈ കൃതി മലയാളി പത്രത്തിൽ 1894 മുതൽ ഖണ്ഡഃശ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് എ. ആറിന്റെ അവതാരികയോടെ 1907ൽ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തു. [6]സജാതീയദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചിട്ടില്ലാത്ത മഹാകാവ്യമാണ് രാമചന്ദ്രവിലാസം.

പ്രധാനകൃതികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അഴകത്ത് പത്മനാഭക്കുറുപ്പ് എന്ന താളിലുണ്ട്.
  • പ്രതാപരുദ്രകല്യാണം
  • മീനകേതനചരിതം (നാടകങ്ങൾ )
  • കുംഭനാസവധം
  • ഗന്ധർവവിജയം (ആട്ടക്കഥ)
  • ദൃഷ്ടാന്ത പാഠാവലി
  • സാഹിത്യസാരബോധിനി
  • മാർക്കണ്ഡേയപുരാണം
  • ചാണക്യശതകം
  • പ്രഭുശക്തി (ഖണ്ഡകാവ്യം)
  • ശ്രീഗണേശപുരാണം കിളിപ്പാട്ട്
  1. The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2 By Amaresh Datta
  2. 2.0 2.1 2.2 ‍ഡോ. ചേരാവള്ളി ശശി (2015). "ജീവിതത്തിന്റെ നേർരേഖകൾ". അഴകത്ത് പദ്മനാഭകുറുപ്പ് (ജീവചരിത്രം) (1 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 5. ISBN 9789385313080.
  3. The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2 By Amaresh Datta
  4. അഴകത്ത് പദ്മനാഭക്കുറുപ്പ് (ജീവചരിത്രം) കേരള സർവകലാശാല, (2011 )ചേരാവള്ളി ശശി
  5. ചെങ്ങാരപ്പള്ളി നാരായണൻപോറ്റി. മലയാളസാഹിത്യസർവസ്വം. കേരളസാഹിത്യ അക്കാദമി. p. 631.
  6. വിശ്വസാഹിത്യ വിജ്ഞാനകോശം. കേരളസംസ്ഥാന സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്. p. 557.