കാസരോഗം
കാസം എന്ന പദം ആയുർവേദമുൾപ്പടെയുള്ള പാരമ്പര്യ ഭാരതീയ ചികിത്സാരീതികളിൽ ചുമയെ കുറിക്കുവാൻ ഉപയോഗിക്കുന്നതാണ്. അമിതമായ കഫം ഉല്പാദിപ്പിക്കപ്പെടുന്ന ചുമപ്രധാനമായ രോഗങ്ങൾക്ക് പൊതുവേ കാസരോഗം എന്നു പറയുന്നു.
വർഗ്ഗീകരണം
തിരുത്തുകആയുർവേദപ്രകാരം കാസം 5 വിധത്തിലുണ്ട് : വാതജ കാസം, പിത്തജകാസം, കഫജ കാസം, ക്ഷതജ കാസം, ക്ഷയം എന്നിങ്ങനെ. വാത പിത്ത കഫാദികളായ ത്രിദോഷങ്ങളിൽ ഏത് വർദ്ധിക്കുന്നു എന്നതനുസരിച്ച് ആദ്യത്തെ മൂന്ന് തരം കാസങ്ങളെ മനസ്സിലാക്കാമെന്നാണ് ആയുർവേദാചാര്യവചനം. ക്ഷതജ കാസം പേരു സൂചിപ്പിക്കുമ്പോലെ നെഞ്ചിനോ ശ്വാസകോശത്തിനോ സംഭവിക്കുന്ന ക്ഷതങ്ങളിൽ നിന്നാണുണ്ടാകുന്നത്. ക്ഷയമാകട്ടെ ശരീരകലകൾ “ക്ഷയിക്കുന്ന” അവസ്ഥയിൽ നിന്നാണുണ്ടാകുന്നത് (ഉദാ: ക്ഷയരോഗം അഥവാ ട്യൂബർക്കുലോസിസ്)
വാതജ കാസം
തിരുത്തുകകഫം തീരെക്കുറഞ്ഞതും വരണ്ടതുമായ ചുമയാണ് ഇതിന്റെ മുഖമുദ്ര. ശബ്ദം പരുപരുത്തതാകുക, ശബ്ദനഷ്ടവും നെഞ്ചുവേദന എന്നിവ കാണപ്പെടാം. വളരെ നേരം നിർത്താതെയുള്ള ചുമയും കാണാം.
കഫജ കാസം
തിരുത്തുകധാരാളമായ കൊഴുത്ത കഫം ഉല്പാദിപ്പിക്കപ്പെടുന്നതരം കാസമാണു കഫജകാസം. തലവേദന, വായ്ക്കകം കഫം കൊണ്ട് നിറയുക എന്നിവ കാണാം.നെഞ്ചിനുള്ളിൽ ഭാരം പോലെ തോന്നുക, കഫം തുപ്പുക എന്നിവ സാധാരണ കാണുന്നു. പനിയും നെഞ്ചുവേദനയും ഇതിനൊപ്പം സാധാരണയായി കാണാറില്ലെന്ന് ആയുർവേദമതം.
പിത്തജ കാസം
തിരുത്തുകകഫം ധാരാളം ഉല്പാദിപ്പിക്കപ്പെടുന്ന മറ്റൊരു തരം കാസം. നെഞ്ചുവേദനയോടൊപ്പമോ പനിയോടൊപ്പമോ കാണപ്പെടുന്നു. കഫത്തിനു മഞ്ഞനിറമുണ്ടാവാമെന്ന് ആയുർവേദമതം. ആധുനികവൈദ്യത്തിലെ ന്യുമോണിയയുമായി സാദൃശ്യമുള്ള വിവരണമാണ് ആയുർവേദത്തിലെ പിത്തജകാസത്തിന്റേത്. നെഞ്ചിൽ എരിച്ചിൽ, തലക്കറക്കം, ബോധക്ഷയം,ശക്തമായ അരുചി എന്നിവ കാണാം.
ക്ഷതജ കാസം
തിരുത്തുകനെഞ്ചിനേൽക്കുന്ന ക്ഷതങ്ങളാണു ഇതിനു നിദാനം. ഈ കാസത്തിന് കഫജകാസത്തിന്റെയും പിത്തജകാസത്തിന്റെയും സമ്മിശ്രസ്വഭാവം കാണാം. കഫം രക്തവർണമോ കറുത്തതോ മഞ്ഞയോ ആകാം.രക്തം ഛർദ്ദിക്കുക, ശക്തമായ നെഞ്ചുവേദന, ശ്വാസം മുട്ടൽ എന്നിവയും സന്ധികളിൽ വേദന, പനി എന്നിവയും അനുസാരി ലക്ഷണങ്ങളായി കണ്ടേക്കാം. പ്രാവുകുറുകുമ്പോലുള്ള ശബ്ദത്തിലെ ചുമ ഇതിന്റെ ലക്ഷണങ്ങളിലൊന്നായി ആയുർവേദാചാര്യന്മാർ പറയുന്നു.
ക്ഷയജ കാസം
തിരുത്തുകപനി, ശരീരം മെലിച്ചിൽ, വേദന, ബോധക്ഷയം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഇതിനോടനുബന്ധിച്ചു കാണാം. ക്ഷയരോഗം (Tuberculosis) ഇതിനു ഒരുദാഹരണമായി പറയപ്പെടുന്നു. രോഗി ദുർഗന്ധപൂർണമായതും പച്ചയോ മഞ്ഞയോ കലർന്നതുമായ കഫം തുപ്പാം.ക്ഷയത്തിനു വാതദോഷവർദ്ധനവാണു മുഖ്യകാരണമായി പറയുന്നതെങ്കിലും മൂന്ന് ദോഷത്തിന്റെയും വൃദ്ധി (സന്നിപാതം) ക്ഷയത്തിനു കാരണമാകാം എന്ന് ആയുർവേദമതം.
അവലംബം
തിരുത്തുക1. Rao SKR, Sudarshan SR (2005). Encyclopaedia of Indian Medicine: Diseases and their cures. Popular Prakashan. ISBN-13: 9788171548620,978-8171548620. Vol 6. pp 106-8.
2. സുശ്രുത സംഹിത. ഉത്തരസ്ഥാനം 52, 5-13.