സിറിയൻ മരുഭൂമി

സിറിയയിലെ മരുഭൂമി
(Syrian Desert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിറിയയിൽ സ്ഥിതിചെയ്യുന്ന ഒരു ഉഷ്ണ മരുഭൂമിയാണ് സിറിയൻ മരുഭൂമി അഥവാ ഹമദ് മരുഭൂമി.[1] മരങ്ങളില്ലാത്ത വിശാലമായ പുൽമൈതാനത്തിന്റെ ഒരു സങ്കലനമാണ് ഈ മരുഭൂമി. മദ്ധ്യേഷ്യയുടെ ഏതാണ്ട് 5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഇതു വ്യാപിച്ചുകിടക്കുന്നു. ഇതിൽ സിറിയയുടെ തെക്കുകിഴക്ക് ഭാഗങ്ങൾ, ജോർദ്ദാന്റെ വടക്കുകിഴക്ക് ഭാഗങ്ങൾ, സൗദി അറേബ്യയുടെ വടക്കൻ ഭാഗങ്ങൾ, ഇറാഖിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. സിറിയൻ മരുഭൂമി അറേബ്യൻ മരുഭൂമിയിലേക്കും വ്യാപിച്ചിട്ടുണ്ട്.[2] വിശാലമായ മരുഭൂമിയിലെ ചില ഭാഗങ്ങളിൽ കല്ലു പാകിയ നിരത്തുകളുണ്ട്.[3][4]

സിറിയൻ മരുഭൂമി (بادية الشَّام)
Badiyat al-Sham
sand desert
സിറിയൻ മരുഭൂമി
രാജ്യം സിറിയ
ഇറാഖ്
ജോർദ്ദാൻ
 
സിറിയൻ മരുഭൂമി

പടിഞ്ഞാറ് ഓറോണ്ടസ് നദിയും ഹറാത്ത്-ഇ-ഷമാഹ് അഗ്നിപർവ്വത മേഖലയും കിഴക്ക് യൂഫ്രട്ടീസ് നദിയും ചുറ്റപ്പെട്ടു കിടക്കുകയാണ് സിറിയൻ മരുഭൂമി. വടക്കു ദിശയിൽ മനോഹരമായ പുൽത്തകിടിയുണ്ട്. തെക്കുഭാഗം അറേബ്യൻ ഉപദ്വീപിലേക്കു പതിക്കുന്നു.[3] മരുഭൂമിയുടെ പൂർണ്ണമായ മേഖല ഹമദ് ആണെന്നും വടക്കുഭാഗം മാത്രമാണ് സിറിയൻ മരുഭൂമിയെന്നും വാദിക്കുന്നവരുണ്ട്.[1][5][6] ഈ മരുഭൂമിയുടെ വിവിധ ഭാഗങ്ങൾ 'പാൽമൈറ', 'ഹോംസ് മരുഭൂമി' എന്നിങ്ങനെ അറിയപ്പെടുന്നു.[7] സിറിയൻ മരുഭൂമിയെ 'ഷാമിയാഹ് ' എന്നും വിളിക്കാറുണ്ട്.[8]

ഭൂമിശാസ്ത്രം

തിരുത്തുക

വിശാലമായ മണൽപ്പരപ്പും മണൽക്കല്ലുകളും നിറഞ്ഞ ഭൂപ്രദേശമാണ് സിറിയൻ മരുഭൂമി. സിറിയൻ അതിർത്തിയോടു ചേർന്നുകിടക്കുന്നതു കൊണ്ടുതന്നെ കള്ളക്കടത്തും മറ്റും ഇവിടെ വ്യാപകമാണ്. മരുഭൂമിയുടെ മധ്യഭാഗത്തായുള്ള 700 മീറ്റർ മുതൽ 900 മീറ്റർ വരെയുള്ള ഉയർന്ന മേഖലയെ 'ഹമദ് പീഠഭൂമി' എന്നു വിളിക്കുന്നു. നിറയെ ചരൽക്കല്ലുകളും ചുണ്ണാമ്പുകല്ലു കൊണ്ടുള്ള തട്ടുകളും ഉള്ള ഒരു അർദ്ധ മരുഭൂമിയാണ് ഹമദ് പീഠഭൂമിയെന്നും പറയാം. അറേബ്യൻ ഉപദ്വീപിലെ മറ്റു മരുഭൂമികളും ഹമദ് മരുഭൂമിയും ലോകത്തിലെ തന്നെ ഏറ്റവും തരിശു മരുഭൂമികളിൽ മുന്നിൽ നിൽക്കുന്നവയാണ്.[9] സിറിയയുടെ കാർഷിക പുരോഗതിയിൽ ഇവിടുത്തെ ജലസ്രോതസ്സുകൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നദിയാണ് യൂഫ്രട്ടീസ്. സിറിയൻ ജലസ്രോതസ്സിന്റെ 80 ശതമാനവും ഈ നദിയിൽ നിന്നാണ്.

ജീവജാലങ്ങൾ

തിരുത്തുക

സിറിയൻ ഹാംസ്റ്റർ എന്ന പ്രത്യേകയിനം എലികൾ ഈ മരുഭൂമിയിൽ കാണപ്പെടുന്നുണ്ട്.[10] ഇതുകൂടാതെ മൂഷികവംശത്തിൽപ്പെട്ട ധാരാളം ജന്തുക്കൾ ഇവിടെയുണ്ട്. ഇരപിടിച്ചു ഭക്ഷിക്കുന്ന പാമ്പ്, കുറുക്കൻ, പൂച്ച, ഒട്ടകപ്പക്ഷി, ചീറ്റപ്പുലി, തേൾ തുടങ്ങിയ ജീവികളെയും ഇവിടെ കാണാൻ സാധിക്കും. ഇവിടെ വസിക്കുന്ന അനേകം സസ്തനികൾ കടുത്ത വേട്ടയാടലിനു വിധേയരായിക്കൊണ്ടിരിക്കുന്നു.[3][8]

ചരിത്രം

തിരുത്തുക

സിറിയൻ മരുഭൂമിയിൽ ചരിത്രകാലം മുതൽക്കേ ബെഡൂയിൻ (Bedouin) പോലുള്ള അറബ് ഗോത്രവർഗ്ഗക്കാർ അധിവസിച്ചുവരുന്നു. ചില ബെഡൂയിൻ ഗോത്രക്കാർ ഇപ്പോഴും അവരുടെ പരമ്പരാഗത ജീവിതശൈലി പിന്തുടരുന്നുണ്ട്. ഇന്ന് ഈ വിഭാഗക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇവരുടെ കുടുംബങ്ങൾ മരുപ്പച്ചകൾക്കു സമീപമുള്ള പട്ടണങ്ങളിലും മറ്റുമാണ് താമസിക്കുന്നത്. വിദ്യാസമ്പന്നരായിരുന്ന ബെഡൂവിൻ ഗോത്രവർഗ്ഗക്കാർ അറബിക് ഭാഷയിലും സഫൈറ്റിക് ലിപിയിലും എഴുതിയ ശിലാലിഖിതങ്ങളും മറ്റും ഈ മരുഭൂമിയിലുടനീളം കാണാൻ സാധിക്കും. ഇതിൽ പലതും ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. നാലാം നൂറ്റാണ്ടിനുമിടയിൽ രചിക്കപ്പെട്ടവയാണ്.

 
പാൽമിറ

സിറിയൻ മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് പാൽമിറ. റോമൻ കാലഘട്ടത്തിലെ ഒരു പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായിരുന്നു ഈ നഗരം.

1919-ഓടു കൂടിയാണ് സിറിയൻ മരുഭൂമിയിൽ വാഹനങ്ങൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.[11] ഇറാഖ് യുദ്ധസമയത്ത് അഭയാർത്ഥികളായെത്തിയ ഇറാഖി ജനത ഈ മരുഭൂമിയിൽ താമസം തുടങ്ങി.

  1. 1.0 1.1 Encyclopædia Britannica: A New Survey of Universal Knowledge, Volume 2. 1941. p. 173. Retrieved 2 February 2017.
  2. Harris, Nathaniel (2003). "Syrian+desert" Atlas of the world's deserts. New York: Fitzroy Dearborn. pp. 49, 51. ISBN 9781579583101. Retrieved 2 February 2017.
  3. 3.0 3.1 3.2 Betts, Alison (1996). The Harra and the Hamad : excavations and surveys in Eastern Jordan, vol. 1. England: Collis Publication. p. 1. ISBN 9781850756149. Retrieved 2 February 2017.
  4. "Syrian Desert". Archived from the original on January 13, 2008. Retrieved 2008-01-13. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help), New International Encyclopedia, Edition 2, Published by Dodd, Mead, 1914, Arabia, page 795 and Syrian Desert, Encarta
  5. "Syrian Desert". Britannica.com. 1999. Retrieved 3 February 2017.
  6. The International Whitaker, Volume 2. International Whitaker. 1913. p. 62. Retrieved 3 February 2017.
  7. Annual Review, Volume 2. Institute for Defence Studies and Analyses. 1973. p. 476. Retrieved 3 February 2017.
  8. 8.0 8.1 McIntosh, Jane (2005). "Shamiyah+desert" Ancient Mesopotamia: New Perspectives (in ഇംഗ്ലീഷ്). Santa Barbara: ABC-CLIO. p. 11. ISBN 9781576079652. Retrieved 3 February 2017.
  9. "Transboundary Aquifers, Challenges and New Directions" (PDF). Paris: UNESCO. December 2010. p. 4. Retrieved 2 February 2017.
  10. McPherson, Charles W. (1987). Laboratory hamsters. Orlando: Academic Press. p. 216. ISBN 9780127141657. Retrieved 2 February 2017.
  11. Grant, Christina Phelps (2003). The Syrian desert : caravans, travel and exploration. Hoboken: Taylor and Francis. p. 273. ISBN 9781136192715.

33°20′00″N 38°50′00″E / 33.3333°N 38.8333°E / 33.3333; 38.8333

"https://ml.wikipedia.org/w/index.php?title=സിറിയൻ_മരുഭൂമി&oldid=2718803" എന്ന താളിൽനിന്ന് ശേഖരിച്ചത്