രാമജന്മഭൂമി

(Ram Janmabhoomi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തർ പ്രദേശിലെ അയോദ്ധ്യക്കടുത്ത് ഹിന്ദു ദേവനായ രാമൻ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് രാമജന്മഭൂമി എന്നറിയപ്പെടുന്നത്. " അയോധ്യ " എന്ന നഗരത്തിൽ സരയൂ നദിയുടെ തീരത്താണ് രാമന്റെ ജന്മസ്ഥലം എന്ന് രാമായണം പറയുന്നു. ഇന്നത്തെ അയോധ്യ ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലാണ് .

ഇന്നത്തെ ഉത്തർപ്രദേശിലെ അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലമാണ് രാമന്റെ ജന്മസ്ഥലമെന്ന് ചില ഹിന്ദുക്കൾ അവകാശപ്പെടുന്നു .   1992 ഡിസംബർ 6 ന് വിശ്വ ഹിന്ദു പരിഷത്തിലെയും അനുബന്ധ സംഘടനകളിലെയും ഒരു വലിയ കൂട്ടം ഹിന്ദു പ്രവർത്തകർ ബാബറി മസ്ജിദ് തകർക്കുകയും ചെയ്തു. വിശ്വ ഹിന്ദു പരിഷത്ത് ഇവിടെ ഒരു രാമക്ഷേത്രം പണിയാൻ തീരുമാനിക്കുകയും അതിനു ശേഷം കോടതിയിലും രാഷ്ട്രീയമായും ചരിത്രപരമായും സാമൂഹിക-മതപരവുമായുള്ള ബാബറി മസ്ജിദിന്റെ പിന്നിലെ ചരിത്രത്തിനെക്കുറിച്ചുള്ള ചർച്ചകളെ "അയോധ്യാ തർക്കം" എന്നാണ് അറിയപ്പെട്ടത്.

ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിന്റെ 1986-ലെ ലക്കത്തിൽ റിപ്പോർട്ട് ചെയ്തത് "മുഗൾ ചക്രവർത്തിയായിരുന്ന ബാബർ 1528-ൽ രാമന്റെ ജന്മസ്ഥലത്തെ നേരത്തെയുണ്ടായിരുന്ന ക്ഷേത്രത്തിന്റെ സ്ഥാനത്ത് പള്ളി പണിതു" എന്നാണ്.[1] ഹിന്ദുക്കളുടെ ഭാഷ്യത്തിൽ പുരാതന ക്ഷേത്രം ബാബർ തകർത്തു എന്നാണ്. സ്വാതന്ത്ര്യത്തിന് മുൻപേതന്നെ ഈ സ്ഥലത്ത് ആരാധനക്കായി ഹിന്ദുക്കൾ ആവശ്യം ഉന്നയിച്ചിരുന്നു.

സ്ഥലത്തെ പര്യവേക്ഷണങ്ങൾ

ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) 1970-ലും 1992-ലും 2003-ലും തർക്കസ്ഥലത്തിന് ചുറ്റും നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ, ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ഒരു ക്ഷേത്ര സമുച്ചയം നിലനിന്നിരുന്നു എന്ന് സൂചിപ്പിക്കുന്നു.

ജോസഫ്‌ ടെഫെൻതലേർ

ഓസ്ട്രേലിയക്കാരനായ ജോസഫ്‌ ടെഫെൻതലേർ 1768-ൽ എഴുതി: "മുഗൾ ചക്രവർത്തിയായ ഔറംഗസീബ് രാമകോട്ട് തകർത്തു അവിടെ പള്ളി പണിതു. ചിലർ വിശ്വസിക്കുന്നത് ബാബർ ആണ് പള്ളി പണിതത് എന്ന് വിശ്വസിക്കുന്നു."[2] കൂടാതെ അദ്ദേഹം ഹിന്ദുക്കൾ രാമനവമി (ശ്രീരാമന്റെ ജന്മദിനഉത്സവം) ക്ഷേത്രത്തിന്റെ സ്ഥലത്ത് നിർമിച്ച പള്ളിക്ക് മുൻപിൽ ആഘോഷിച്ചിരുന്നു എന്നും എഴുതി.[3] "എന്തെന്നാൽ അവിടെ സ്ഥിതി ചെയ്തിരുന്ന ഒരു ഗൃഹത്തിലാണ് ശ്രീരാമനും മൂന്നു സഹോദരന്മാരും ജനിച്ചത്‌. ഔറംഗസീബ്, ചിലർ പറയുന്നതനുസരിച്ച് ബാബർ, ഹിന്ദുക്കൾ ആരാധനയും ആഘോഷങ്ങളും അവിടെ നടത്താതിരിക്കാൻ ആ സ്ഥലം നശിപ്പിച്ചു. എങ്കിലും അവിടെ ഹിന്ദുക്കൾ ആരാധനയും ആഘോഷങ്ങളും തുടരുകയും ജന്മസ്ഥാനത്തിന് ചുറ്റും മൂന്നു തവണ വലം വക്കുകയും ചെയ്തു പോന്നു."[4]

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ്‌ ഈ സ്ഥലം ശ്രീരാമന്റെ ജന്മസ്ഥാനമായി കരുതുന്ന രീതി ആരംഭിച്ചത്. ജോസഫ്‌ ടെഫെൻതലേർ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ 1788-ൽ ഫ്രഞ്ച് ഭാഷയിൽ ബർലിനിൽ ഇറക്കിയ പ്രസിദ്ധീകരണത്തിൽ ഇങ്ങനെ പറയുന്നു: "നമുക്ക് മന്ദിരത്തിൽ 14 കറുത്ത കല്ല്‌ തൂണുകൾ അഞ്ച് നില ഉയരത്തിൽ കാണാം. അതിൽ 12 എണ്ണം പള്ളിയുടെ അകത്തുള്ള ഭാഗങ്ങളെ താങ്ങി നിർത്തുമ്പോൾ 2 എണ്ണം പ്രവേശനകവാടത്ത് സ്ഥിതി ചെയ്യുന്നു. ഈ തൂണുകൾ ഹനുമാൻ, ലങ്കയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് കരുതപ്പെടുന്നു. ഇടത്തുഭാഗത്തായി 5 ഇഞ്ച്‌ നീളവും 4 ഇഞ്ച്‌ വീതിയും 5 ഇഞ്ച്‌ പൊക്കവുമുള്ള മണ്ണിലും ചുണ്ണാമ്പിലും തീർത്ത ഒരു തറ ഉണ്ടായിരുന്നു. ഹിന്ദുക്കൾ ഇതിനെ ശ്രീരാമന്റെയും സഹോദരന്മാരുടെയും ജന്മസ്ഥലമായി കരുതുന്നു. തുടർന്ന് ഔറംഗസീബ്, മറ്റുള്ളവരുടെ അഭിപ്രായത്തിൽ ബാബർ, ഹിന്ദുക്കൾ ആരാധന നടത്താതിരിക്കാൻ ഈ തറ തകർത്തു. എങ്കിലും അവർ ആരാധനയും വിശ്വാസവും തുടർന്ന് പോന്നു."

ഈ രേഖകൾ ഔറംഗസീബ് രാമകോട്ട് തകർക്കുകയും ഔറംഗസീബ്, അല്ലെങ്കിൽ ബാബർ, അവിടെ പള്ളി പണിയുകയും ലങ്കയിൽ നിന്ന് കൊണ്ട് വന്ന 12 തൂണുകൾ ഉപയോഗിക്കുകയും പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ശ്രീരാമന്റെ ജനമസ്ഥലം അറിയാൻ ചെറിയ ഒരു മൺതറ നിർമ്മിക്കുകയും ചെയ്തു എന്ന് വെളിവാക്കുന്നു.

ഷേക്ക്‌ മുഹമ്മദ്‌ അസാമത് അലി കകോരവി നമി

ഷേക്ക്‌ മുഹമ്മദ്‌ അസാമത് അലി കകോരവി നമി(1893) എഴുതി: "പഴയ രേഖകൾ പ്രകാരം, എവിടെല്ലാം അവിശ്വാസികൾക്ക്‌(കാഫിർ) മേൽക്കൈ ഉണ്ടോ, അവിടെല്ലാം മുസ്ലീം ഭരണാധികാരികൾ ആദ്യം പള്ളികളും പ്രാർഥനാലയങ്ങളും നിർമ്മിക്കുകയും മതം പ്രചരിപ്പിക്കുകയും അമുസ്ലീങ്ങളുടെ ആചാരങ്ങളെ നിർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. മഥുര, വൃന്ദാവൻ തുടങ്ങിയിടത്ത് വരെ അമുസ്ലീം വിശ്വാസങ്ങളെ ഇല്ലാതാക്കിയത് പോലെ ബാബറി മസ്ജിദ് 923(?)[ഹിജറക്ക്‌ ശേഷം]-ൽ സയ്യദ് മൂസ അഷികന്റെ നേതൃത്വത്തിൽ ശ്രീരാമന്റെ അച്ഛന്റെ തലസ്ഥാനമായിരുന്ന, ആരാധിച്ചിരുന്ന ജന്മസ്ഥാന ക്ഷേത്രത്തിൽ പണിതു."(പേജ് 9) ഹിന്ദുക്കൾക്കിടയിൽ ഇത് 'സീതാ രസോയി' എന്നാണ് അറിയപ്പെട്ടിരുന്നത്.[5] രജാബ് അലി ബെഗ് സുറൂർ(1787-1867), ഫസനാഹ്-ഇ ഇബ്രാതിൽ എഴുതി:" സിതാ രസോയി ഇരുന്ന സ്ഥലത്ത് ഒരു ഗംഭീര പള്ളി പണിതു. ബാബറിന്റെ ഭരണകാലത്ത് 923(?)[ഹിജറക്ക്‌ ശേഷം]-ൽ സയ്യദ് മിർ അഷികന്റെ നേതൃത്വത്തിൽ... ഔറംഗസീബ് ഹനുമാൻ ഗർഹിക്കുമേൽ ഒരു പള്ളി പണിതു.. സന്യാസിമാർ ആ പള്ളിക്കുള്ളിൽ ക്ഷേത്രം നിർമ്മിക്കുകയും വിഗ്രഹം പ്രതിഷ്ട്ടിക്കുകയും പരസ്യമായി ബാബറി പള്ളിയുടെ സീതാ രസോയി സ്ഥിതി ചെയ്യുന്നിടത്ത് ആരാധന നടത്തുകയും ചെയ്തു."(പേജ് 71-72)

ഗുരു നാനാക്ക് ദേവ്

ഭായ് മാൻ സിംഗ് പോതി ജനം സഖിയുടെ(പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം) അഭിപ്രായപ്രകാരം ഗുരു നാനാക്ക് അയോധ്യയിൽ സന്ദർശനം നടത്തുകയും തന്റെ മുസ്ലീം അനുയായിയോട്‌ ഇങ്ങനെ പറഞ്ഞു: "മർദന! ഈ അയോധ്യ ശ്രീരാമചന്ദ്രന്റെതാണ്‌. അതിനാൽ നമുക്ക് പോയി ദർശനം നടത്താം."[6]

മറ്റ് അടിസ്ഥാനങ്ങൾ

എ.ഫഹ്രെർ എഴുതി: "ബാബറിന്റെ ഭരണകാലത്തിൽ മിർ ഖാൻ, 930[ഹിജറക്ക്‌ ശേഷം]-ൽ ബാബറിന്റെ പേര് വഹിക്കുന്ന ഒരു പള്ളി പണിതു. പഴയ ക്ഷേത്രം നല്ലതായിരുന്നിരിക്കണം, ആ ക്ഷേത്രത്തിന്റെ നിരവധി തൂണുകൾ ബാബറിന്റെ മസ്ജിദ് പണിയാൻ മുസ്ലീങ്ങൾ ഉപയോഗിച്ചു."[7]

എച്.ആർ. നെവില്ലി എഴുതിയത്, ജന്മസ്ഥാൻ ക്ഷേത്രം "ബാബർ നശിപ്പിക്കുകയും പകരം ഒരു പള്ളി പണിയുകയും ചെയ്തു."[8] അദ്ദേഹം എഴുതി: "രാമകോട്ടിൽ ആയിരുന്നു ശ്രീരാമന്റെ ജന്മസ്ഥലമായിരുന്ന ജന്മസ്ഥാൻ എന്ന് അടയാളപ്പെടുത്തിയിരുന്നത്. 1528 എ.ഡി.യിൽ ബാബർ വരികയും അയോധ്യയിൽ ഒരാഴ്ച തങ്ങുകയും ചെയ്തു. ബാബർ പുരാതനമായ ആ ക്ഷേത്രം തകർക്കുകയും ആ സ്ഥലത്ത് ഇപ്പോഴും ബാബറിന്റെ പള്ളി എന്നറിയപ്പെടുന്ന ഒരു പള്ളി പണിയുകയും ചെയ്തു. പഴയ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കൂടുതലായി ഉപയോഗിക്കുകയും അതിൽ നിരവധി തൂണുകൾ നല്ലത് പോലെ സംരക്ഷിക്കപ്പെട്ടിരുന്നു."[9]

1608-1611 എ.ഡി.യിൽ ഭാരതത്തിൽ കഴിഞ്ഞിരുന്ന ബ്രട്ടീഷ് ചരിത്രകാരനായ വില്ല്യം ഫ്ലിൻച്, അയോധ്യയെക്കുറിച്ചും രാമകോട്ട് എന്ന ശ്രീരാമന്റെ കോട്ടയെക്കുറിച്ചും "സ്വർണ്ണത്തിനായുള്ള തിരച്ചിൽ നടത്താൻ കഴിയും വിധം വലുതായ" തുടങ്ങി, വിശദമായ വിവരണങ്ങൾ തരുന്നു. ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് വിശദമാക്കുന്നില്ലെങ്കിലും, ശ്രീരാമന്റെ ചിതാഭസ്മം വച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് വിശദമായ വിവരണം അദ്ദേഹം തരുന്നു. "നദിയുടെ തീരത്ത് നിന്നും ഏകദേശം രണ്ട് മൈൽ അകലെയായി ചെറിയ പ്രവേശനകവാടമുള്ള ഒരു ഗുഹയിൽ, എന്നാൽ വിസ്താരവും വളവുകളുമുള്ള ഉൾവശമുള്ള ഇടത്തിലാണ് അദ്ദേഹത്തിന്റെ ചിതാഭസ്മം അടക്കിയിരിക്കുന്നത്. അതിനുശേഷം ഇവിടെയ്ക്ക് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ പഴയ വിശ്വാസപ്രകാരം കറുത്ത അരിപ്പൊടിയും കൊണ്ടുവരുന്നു."

പ്രൊഫെസർ രാം ശരൺ ശർമ, തന്റെ കമ്മ്യൂണൽ ഹിസ്റ്ററി ആൻഡ്‌ രാമാ'സ് അയോധ്യാ എന്ന പുസ്തകത്തിൽ എഴുതുന്നു: "അയോധ്യ വൈദിക കാലഘട്ടത്തിൽ തന്നെ ഒരു തീർഥാടന കേന്ദ്രമായി മാറിയിരുന്നതായി കാണുന്നു. വിഷ്ണുസ്മൃതിയിലെ അദ്ധ്യായം 85-ൽ കൊടുത്തിരിക്കുന്ന പട്ടണങ്ങളും, നദികളും, പർവതങ്ങളും അടങ്ങുന്ന 52 തീർഥാടന കേന്ദ്രങ്ങൾ പരാമര്ശിക്കുന്നെങ്കിലും അതിൽ അയോധ്യ അടങ്ങുന്നില്ല.[10] " 1574-ൽ രാമചരിതമാനസം എഴുതിയ തുളസീദാസ് ഒരു തീർഥാടന കേന്ദ്രമായി അയോധ്യയെ പരാമർശിക്കുന്നില്ല എന്ന് ശർമ ചൂണ്ടിക്കാണിക്കുന്നു. ഇത് ബാബറി പള്ളിയുടെ സ്ഥലത്ത് ഒരു പ്രധാന ഹിന്ദു ക്ഷേത്രം ഇല്ലായിരുന്നു എന്ന് സൂചിപ്പിക്കുന്നു.[10]

റോമില ഥാപ്പറുടെ അഭിപ്രായത്തിൽ "ഹിന്ദുക്കളുടെ ഐതിഹ്യങ്ങൾ അകറ്റി നിർത്തി പരിശോധിച്ചാൽ, അയോധ്യയെക്കുറിച്ച് ചരിത്രത്തിൽ ആദ്യം പ്രതിപാദിക്കുന്നത് ഏഴാം നൂറ്റാണ്ടിൽ ചൈനയിൽ നിന്നുള്ള തീർഥാടകനായ സിയാൻ സംഗ്, ഹിന്ദുക്കൾ നിറഞ്ഞിരുന്ന അയോധ്യയിൽ 20 ബുദ്ധവിഹാരങ്ങളും 3000 ബുദ്ധഭിക്ഷുക്കളും ഉണ്ടായിരുന്നു എന്ന് കണ്ടെത്തുന്നതാണ്. 1528-ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ അനുയായികൾ തർക്കപ്രദേശത്ത് ഒരു പള്ളി പണിതു. ഈ പള്ളി ബാബറി മസ്ജിദ് എന്നറിയപ്പെടുകയും ഹിന്ദുക്കൾക്ക് തർക്കമുണ്ടാകാൻ കാരണമാകുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും അയോധ്യയിൽ 96 ഹൈന്ദവ ക്ഷേത്രങ്ങളും 36 മുസ്ലീം പള്ളികളും ഉണ്ടായിരുന്നു. പ്രാദേശികമായ പലതും അവസാനിച്ചെങ്കിലും എല്ലാ വർഷവും 500,000 ആളുകൾ കൂടുന്ന ഹിന്ദുക്കളുടെ രാമനവമി എന്ന ഉത്സവം നടന്നു പോന്നിരുന്നു.[11]

സെൻസർഷിപ്പ് ആരോപണം

രാമജന്മഭൂമിയും മറ്റിടങ്ങളിലെ ക്ഷേത്രങ്ങളും തകർത്തതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നശിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുള്ളതായി കണ്ടെത്തിയതായി ഹൈന്ദവ വിഭാഗങ്ങൾ സമർധിക്കുന്നു. മിക്ക ലൈബ്രറികളിൽ നിന്നും മൌലാനാ ഹാകിം സായിദ് അബ്ദുൾ ഹായി എഴുതിയ 'ഹിന്ദുസ്ഥാൻ ഇസ്ലാമി ആഹദ് മേം' എന്ന പുസ്തകത്തിൽ നിന്ന് രാമജന്മഭൂമിയും മറ്റിടങ്ങളിലെ ക്ഷേത്രങ്ങളും തകർത്തതുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമായി. ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് വേർഷനിൽ ഈ അദ്ധ്യായങ്ങൾ സെൻസർ ചെയ്യപ്പെട്ടിരുന്നു.

എഫ്.എ. അഹമ്മദ് മെമ്മോറിയൽ കമ്മറ്റിയുടെ സാമ്പത്തിക സഹായത്താൽ സകി കകോരവി ഇറക്കിയ ഷേക്ക് മൊഹമ്മദ്‌ അസാമത് അലി നമിയുടെ 'മുറുക്ക-ഇ ഖുസ്രാവി' എന്ന പുസ്തകത്തിലും രാമജന്മഭൂമി തകർത്തതുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾ സെൻസർ ചെയ്യപ്പെട്ടു. സകി കകോരവി ഈ അദ്ധ്യായങ്ങൾ പ്രത്യേകം പിന്നീട് പ്രസിദ്ധപ്പെടുത്തി. ഇതിനെക്കുറിച്ച്‌ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ് "ഇത്തരത്തിൽ പഴയതിനെ വെട്ടിക്കുറക്കുന്നത്‌ ചരിത്രകാരന്മാർക്കും പഠിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കാൻ കഴിയുന്നതാണ്."[12]

അലഹാബാദ് കോടതി വിധി

2010 സെപ്റ്റംബർ 30-ന് 2400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബാബറി പള്ളി ഉൾപ്പെട്ടിരുന്ന തർക്കഭൂമി കേസിലെ കക്ഷികളായിരുന്ന മുന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയിൽ കോടതി വ്യക്തമാക്കി. അങ്ങനെ രാമവിഗ്രഹം പ്രതിഷ്ട്ടിച്ചിരുന്ന ഭാഗം രാം ലല്ലയ്ക്കും, സീതാ രസോയി നിന്നിരുന്ന ഭാഗം നിര്മോഹി അഖാരക്കും മൂന്നാം ഭാഗം സുന്നി വക്കഫ് ബോർഡിനും ലഭിച്ചു.[13] എന്നാൽ, 2011 മെയ് 8 ന് രാജ്യത്തെ സുപ്രീം കോടതി, വീതിച്ചു കൊടുക്കാൻ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി 2010 സെപ്റ്റംബർ 30 ലെ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു.[14]

നാൾവഴികൾ

  • 1528: മുഗൾ ചക്രവർത്തി ബാബറുടെ ഗവർണർ ജനറലായിരുന്ന മീർബാഖി ബാബരിമസ്ജിദ് പണിതു.
  • 1853: പുരാതനമായ രാമക്ഷേത്രം തകർത്താണു മുഗൾ ചക്രവർത്തി ബാബർ പള്ളിപണിതതെന്ന് ആരോപിച്ച് നിർമോഹി എന്ന ഹിന്ദുവിഭാഗം ബാബരിമസ്ജിദിന് അവകാശവാദം ഉന്നയിക്കുന്നു.
  • 1853-55: അയോധ്യയിൽ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്ലിം സംഘർഷം.
  • 1883 മെയ്: ഒരു പ്ളാറ്റ്ഫോമിൽ ക്ഷേത്രം പുനഃസ്ഥാപിക്കുന്നതിനു മുസ്ലിംകളുടെ എതിർപ്പിനെ തുടർന്ന് ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണർ അനുമതി നിഷേധിക്കുന്നു.
  • 1885: പുരോഹിതനായ രഘുബീർദാസ് ക്ഷേത്രം പണിയാൻ അനുമതിതേടി കോടതിയിൽ ഹരജി നൽകുന്നു.
  • 1886 മാർച്ച്: ദാസിന്റെ ഹരജിക്ക് ജഡ്ജി അനുമതി നിഷേധിക്കുന്നു, അപ്പീൽ തള്ളുന്നു.
  • 1870: ബ്രിട്ടീഷുകാരനായ എച്ച്.ആർ. നെവിൽ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറിൽ ബാബരിമസ്ജിദ് എന്നതിനു പകരം ജന്മസ്ഥാൻ-മസ്ജിദ് എന്നു പ്രയോഗിക്കുന്നു. പ്രദേശം തർക്കസ്ഥലം എന്ന ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചതായും പരാമർശം.
  • 1934: പള്ളിക്കുനേരെ ആക്രമണം നടത്തി അക്രമിസംഘം ഗേറ്റും ഗോപുരവും തകർത്തു. പ്രദേശത്തെ ഹിന്ദുക്കൾക്കു കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് സർക്കാർ പള്ളി സർക്കാർ ചെലവിൽ കേടുപാടു തീർത്തു.
  • 1949 ഡിസംബർ 22: ബാബരിമസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടർന്ന്, ഹൈന്ദവരും മുസ്ലിംകളും പള്ളിയിൽ കടക്കുന്നതു ജില്ലാ ഭരണകൂടം തടയുന്നു.
  • 1950 ജനുവരി: ആരാധനാസ്വാതന്ത്ര്യം തേടി ഗോപാൽസിങ് വിശാരദ് കോടതിയിൽ. വിഗ്രഹം നീക്കുന്നതു തടഞ്ഞ കോടതി ആരാധനയ്ക്കു ഭംഗം വരുത്തുന്നതും തടഞ്ഞു. വിഗ്രഹം നീക്കുന്നതിൽ നിന്നും ആരാധനയ്ക്കു ഭംഗം വരുത്തുന്നതിൽ നിന്നും സർക്കാരിനെയും മുസ്ലിംകളെയും തടയണമെന്നു രണ്ടു ഹരജികളിലൂടെ ആവശ്യം.
  • 1959: തർക്കസ്ഥലത്തിന്റെ മാനേജർ തങ്ങളാണെന്ന് അവകാശപ്പെട്ട് നിംറോഹികൾ കോടതിയിൽ.
  • 1961: പള്ളിയിൽ നിന്നു വിഗ്രഹം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് കോടതിയിലെത്തി. കേസ് ഇപ്പോഴും കോടതിയിൽ.
  • 1984 ഒക്ടോബർ: ബാബരിമസ്ജിദ് തർക്കം ദേശീയപ്രശ്നമാക്കുന്നതിന് വി.എച്ച്.പിയുടെ തീരുമാനം.
  • 1984 ഒക്ടോബർ 8: അയോധ്യയിൽ നിന്നു ലഖ്നോയിലേക്ക് വി.എച്ച്.പിയുടെ 130 കിലോമീറ്റർ ലോങ് മാർച്ച്.
  • 1984 ഒക്ടോബർ 14: ക്ഷേത്രം പുനഃസ്ഥാപിക്കുക, ഹിന്ദുക്കൾക്കു പൂജയ്ക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളുമായി ലോങ് മാർച്ച് ലഖ്നോയിൽ.
  • 1985: പള്ളിയുടെ പരിസരം ഉപയോഗിക്കാൻ പുരോഹിതർക്ക് പ്രാദേശിക കോടതിയുടെ അനുമതി.
  • 1986 ഫെബ്രുവരി 1: പള്ളിയുടെ പൂട്ടുകൾ തുറന്ന് ഹൈന്ദവർക്കു ദർശനത്തിന് അനുമതി. മുസ്ലിംകൾ പ്രശ്നമുണ്ടാക്കരുതെന്ന് യ.പി. വഖ്ഫ് മന്ത്രി.
  • 1989 മെയ്: അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി 25 കോടി രൂപ സമാഹരിക്കാൻ വി.എച്ച്.പി. തീരുമാനിക്കുന്നു.
  • 1989 ജൂൺ: ബാബരിമസ്ജിദ് പ്രശ്നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം അംഗീകരിക്കുന്നു.
  • 1989 നവംബർ 9: ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമാത്രം മുമ്പ് രാജീവ്ഗാന്ധി സർക്കാർ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിനു ശിലാന്യാസത്തിന് അനുമതിനൽകുന്നു. തർക്കസ്ഥലത്തു നടത്തിയ തറക്കല്ലിടൽ തർക്കസ്ഥലത്തല്ലെന്നു പ്രചരിപ്പിക്കാൻ ഗൂഢനീക്കം.
  • 1990 ജനുവരി 8: സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതുവരെ ക്ഷേത്രനിർമ്മാണം തടയണമെന്നു സ്പെഷ്യൽ ജുഡീഷ്യൽ കോടതി മുമ്പാകെ അപേക്ഷ.
  • 1990 ഫെബ്രുവരി 14: ക്ഷേത്രനിർമ്മാണം തുടങ്ങാൻ ശുഭസമയം വി.എച്ച്.പി. പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രി വി.പി. സിങ് തിയ്യതി മാറ്റിവയ്ക്കുന്നതിൽ വിജയിക്കുന്നു.
  • 1990 ജൂൺ 8: ക്ഷേത്രനിർമ്മാണത്തിനുള്ള പുതിയ അന്തിമ തിയ്യതിയായി വി.എച്ച്.പി. ഒക്ടോബർ പ്രഖ്യാപിക്കുന്നു.
  • 1990 ആഗസ്ത്: എൽ.കെ. അഡ്വാനി അയോധ്യയിൽ സമാപിക്കുന്ന പതിനായിരം കിലോമീറ്റർ രഥയാത്ര ആരംഭിക്കുന്നു.
  • 1990 സപ്തംബർ: എൽ.കെ. അഡ്വാനി സോമനാഥ് - അയോധ്യ രഥയാത്ര തുടങ്ങുന്നു.
  • 1990 ഒക്ടോബർ: അഡ്വാനിയെ ബിഹാറിൽ അറസ്റ് ചെയ്തു. വി.പി. സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി. പിൻവലിച്ചു.
  • 1990 നവംബർ: വി.പി. സിങ് മന്ത്രിസഭ തകർന്നു.
  • 1991: തർക്കപ്രദേശത്തിനുമേലുള്ള ചരിത്രപരവും പുരാവസ്തുഗവേഷണ പഠനപരവുമായ അവകാശവാദങ്ങൾ പരിശോധിക്കുന്നതിനായി നാലു വിദഗ്ദ്ധസംഘങ്ങളെ നിയോഗിക്കാൻ വി.എച്ച്.പിയും ആൾ ഇന്ത്യ ബാബരിമസ്ജിദ് ആക്ഷൻ കമ്മിറ്റിയും തീരുമാനിക്കുന്നു. ബാബരി കമ്മിറ്റിയുടെ അവകാശവാദങ്ങൾ വി.എച്ച്.പി. നിരാകരിക്കുന്നു.
  • 1991 ജൂലൈ: കർസേവകർ ബാബരിമസ്ജിദിൽ പതാകയുയർത്തി.
  • 1992 ജൂലൈ: സ്ഥിരം നിർമ്മാണത്തിന്റെ ആദ്യഘട്ടമായി മൂന്നടി ഉയരത്തിലുള്ള തറ ഉയർന്നു. നിർമ്മാണം നിർത്തിവയ്ക്കണമെന്നു യു.പി. സർക്കാരിന് സുപ്രിംകോടതിയുടെ നിർദ്ദേശം.
  • 1992 നവംബർ 23: അയോധ്യാപ്രശ്നത്തിൽ ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനും ദേശീയോദ്ഗ്രഥന കൌൺസിൽ (എൻ.ഐ.സി.) പ്രധാനമന്ത്രിക്ക് പൂർണസമ്മതം നൽകി.
  • 1992 ഡിസംബർ 6: കർസേവകർ ബാബരിമസ്ജിദ് തകർത്തു. രാജ്യമെങ്ങും സംഘർഷം. എൽ.കെ. അഡ്വാനിക്കും മറ്റു വി.എച്ച്.പി, ബി.ജെ.പി, നേതാക്കൾക്കും മറ്റും എതിരേ കേസ്.
  • 1992 ഡിസംബർ 7: ബാബരിമസ്ജിദ് അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കുമെന്നു പ്രധാനമന്ത്രി റാവു.
  • 1992 ഡിസംബർ 16: ലിബർഹാൻ കമ്മീഷനെ നിയമിച്ചു.
  • 1992 ഡിസംബർ 27: പള്ളി തകർത്ത സ്ഥാനത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി.
  • 1993: ബാബരി തകർത്തതിനുശേഷം പ്രദേശത്തെ നിലവിലുള്ള അവസ്ഥ തുടരും വിധം പ്രധാനമന്ത്രി റാവുവിന്റെ സർക്കാർ ചില പ്രദേശങ്ങൾ ഏറ്റെടുക്കുന്നു.
  • 1993 ജനുവരി: അയോധ്യയിൽ അലഹബാദ് ഹൈക്കോടതി ദർശനം അനുവദിച്ചു.
  • 1994 ഒക്ടോബർ 24: പള്ളി നിന്ന സ്ഥലത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിന് സുപ്രിംകോടതിയുടെ അനുമതി (അറബ് ന്യൂസ്, 2000 ഡിസം. 7).
  • 1997 ഫെബ്രുവരി: സർക്കാർ അക്വയർ ചെയ്ത ജന്മഭൂമിസ്ഥാനത്തിന്റെ ചുമതലക്കാരനായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അമിതാഭ് ശ്രീവാസ്തവയെ കൊല്ലപ്പെട്ട നിലയിൽ കണ്െടത്തി.
  • 1998 ഫെബ്രുവരി 17: സിമി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ശാഹിദ് ബദറിന്റെ നേതൃത്വത്തിൽ കേന്ദ്ര പ്രതിനിധി സഭാംഗങ്ങൾ ബാബരിമസ്ജിദ് ഭൂവിൽ സന്ദർശിച്ച് പ്രാർഥന നടത്തി. പള്ളി തകർക്കപ്പെട്ടശേഷം അവിടത്തെ ബാരിക്കേഡിനുള്ളിൽ പ്രവേശിക്കുന്ന ആദ്യ മുസ്ലിം സംഘമായിരുന്നു ഇത് (സിമി കേരള സോൺ പ്രസിദ്ധീകരിച്ച ലഘുലേഖ, 1998).
  • 2005-ൽ 5 ഇസ്ലാമിക ഭീകരർ മന്ദിരം അക്ക്രമിക്കുകയും സുരക്ഷാസേനയുടെ വെടിയേറ്റ്‌ വീഴുകയും ചെയ്തു. ആ സംഭവത്തിൽ 35 സി.ആർ.പി.എഫ് ജവാന്മാരും കൊല്ലപ്പെട്ടു.
  • 2007 ഡിസംബർ 6: ബാബരിമസ്ജിദ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡൽഹി ജന്തർമന്ദറിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും ആൾ ഇന്ത്യാ മജ്ലിസെ മുശാവറയുടെയും സംയുക്ത ധർണ.
  • 2009 ജൂൺ 30: ലിബർഹാൻ കമ്മീഷൻ റിപോർട്ട് സമർപ്പിച്ചു.
  • 2009 നവംബർ 23: ലിബർഹാൻ റിപോർട്ട് ചോർച്ച.
  • 2009 നവംബർ 24: ലിബർഹാൻ റിപോർട്ട് പാർലമെന്റിൽ വച്ചു.
  • 2009 ഡിസംബർ 6: ലിബർഹാൻ കമ്മീഷൻ കണ്െടത്തിയ കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ന്യൂഡൽഹി ജന്തർമന്ദറിൽ ധർണനടത്തി.
  • 2010 സപ്തംബർ 23: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ അലഹബാദ് ഹൈക്കോടതി വിധി പറയാൻ ഒരു ദിവസം ശേഷിക്കെ സുപ്രിം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
  • 2010 സപ്തംബർ 28: ബാബരി വിധി പറയുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കേസിലെ 17ാം കക്ഷിയായ രമേശ് ചന്ദ്ര സമർപ്പിച്ച ഹരജി സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളി.
  • 2010 സെപ്റ്റംബർ 30:തർക്കഭൂമി മുന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയിൽ കോടതി വ്യക്തമാക്കി.[15]
  • 2011 മെയ് 8 ന് രാജ്യത്തെ സുപ്രീം കോടതി, വീതിച്ചു കൊടുക്കാൻ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി 2010 സെപ്റ്റംബർ 30 ലെ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു.[14]

അവലംബം

  1. 15th edition of the Encyclopaedia Britannica, 1986, entry "Ayodhya", Chicago: Encyclopedia Britannica Inc.
  2. (Quoted by R.S. Sharma et al.: Historians Report, p.19)
  3. (A.K. Chatterjee: “Ram Janmabhoomi: some more evidence”, Indian Express, 27-3-1990 and History and Geography of India, by Joseph Tieffenthaler, (published in French by Bernoulli in 1785))
  4. Joseph Tieffenthaler, History and Geography of India, 1785, publisher: Bernoulli, France, cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  5. Shykh Azamat Ali Kakorawi Nami, Muraqqah-i Khusrawi or Tarikh-i Avadh cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  6. Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, pp 14-15, 1993, New Delhi, Penman Publications. ISBN 81-85504-16-4
  7. (A. Führer: The Monumental Antiquities and Inscriptions in the North-Western Provinces and Oudh, Archaeological Survey of India Report, 1891, pp 296-297) cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  8. (H.R. Neville in the Barabanki District Gazetteer, Lucknow, 1905, pp 168-169)
  9. H.R. Neville, Fyzabad District Gazetteer, Lucknow, 1905, pp 172-177) cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  10. 10.0 10.1 Sikand, Yoginder (2006-08-05). "Ayodhya's Forgotten Muslim Past". Counter Currents. Retrieved 2008-01-12.
  11. Thapar 2000
  12. (Amir Ali Shahid aur Ma’rkah-i Hanuman Garhi, p. 3)
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-11. Retrieved 2011-05-21.
  14. 14.0 14.1 http://www.thehindu.com/news/national/article2003448.ece ദി ഹിന്ദു ഓൺലൈൻ 2011 മെയ് 9]
  15. "തർക്കഭൂമി മൂന്നായി വീതിക്കണം". മാധ്യമം ദിനപത്രം. 2010-10-01. Archived from the original on 2010-10-04. Retrieved 2010-10-01.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാമജന്മഭൂമി&oldid=4112105" എന്ന താളിൽനിന്ന് ശേഖരിച്ചത്