കുമാന ദേശീയോദ്യാനം

(Kumana National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യാല ഈസ്റ്റ് നാഷണൽ പാർക്ക് എന്ന അപരനാമത്തിലറിയപ്പെടുന്ന കുമാന ദേശീയോദ്യാനം തെക്കു കിഴക്കൻ ശ്രീലങ്കയിലെ അമ്പര ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. 35,664 ഹെക്ടർ വിസ്തീർണ്ണത്തിൽ ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. ഉദ്യാനത്തിന്റെ പടിഞ്ഞാറ് കുമുബുക്കൻ ഓയ നദി അതിരിടുമ്പോൾ തെക്കു കിഴക്കൻഭാഗത്ത് പനാമ സ്ഥിതിചെയ്യുന്നു. 200 ഹെക്ടർ വിസ്തീർണ്ണത്തിൽ ''കുമാന വില്ലു'' എന്നറിയപ്പെടുന്ന കണ്ടൽക്കാടുകൾ കാണപ്പെടുന്നു. മേയ്,ജൂൺ എന്നീ മാസങ്ങളിൽ ധാരാളം പക്ഷികൾ കൂട് നിർമ്മിക്കാൻ ഈ ചതുപ്പിലെത്തുന്നു. ദേശാടനപ്പക്ഷികൾക്ക് പേരുകേട്ട പ്രദേശമാണ് കുമാന ദേശീയോദ്യാനം. വാട്ടർ ഫൌൾ (താറാവ്, വാത്ത, അരയന്നം), വേഡിംഗ് ബേർഡ്സ് (കൊറ്റി,കൊക്ക്) എന്നീ ഇനത്തിൽപ്പെട്ട ദേശാടനപക്ഷികളുടെ വലിയ പറ്റങ്ങളെയാണ് ഇവിടെ കണ്ടുവരുന്നത്. ഈ ദേശീയോദ്യാനത്തിൽ അങ്ങിങ്ങായി ധാരാളം കുളങ്ങൾ കാണപ്പെടുന്നു. ഇതിൽ കുടവില വേവ, തുമ്മുല്ല വേവ, കൊറ്റലിൻഡ വേവ എന്നീ ഭാഗങ്ങൾ ധാരാളം വന്യജീവികളുടെ വിഹാരകേന്ദ്രങ്ങളാണ്.

കുമാന ദേശീയോദ്യാനം
Kumana National Park aerial view near Kudumbigala sanctuary
Locationകിഴക്കൻ പ്രവിശ്യ, ശ്രീലങ്ക
Nearest cityഹമ്പൻടോട്ട
Coordinates6°30′47″N 81°41′16″E / 6.51306°N 81.68778°E / 6.51306; 81.68778
Area35,664 ha
Established20 ജനുവരി 1970
Governing bodyDepartment of Wildlife Conservation

കുമാന പ്രദേശം ബി.സി.മൂന്നാം നൂറ്റാണ്ടിലെ പുരാതന സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു[1]. ബി.സി.ഒന്നാം നൂറ്റാണ്ടിലെയും രണ്ടാം നൂറ്റാണ്ടിലെയും ശിലാലിഖിതങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

1985 മുതൽ 2003 മാർച്ച് വരെ തമിഴ് പുലികളുടെ ആക്രമത്തെ തുടർന്ന് കുമാന ദേശീയോദ്യാനം അടച്ചിട്ടിരുന്നു. അതുകൂടാതെ 2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയും കുമാന ദേശീയോദ്യാനത്തെ സാരമായി ബാധിച്ചു[2].

കാലാവസ്ഥ

തിരുത്തുക

1,300 മില്ലിമീറ്റർ വർഷപാതമാണ് കുമാനയിൽ ലഭിക്കുന്നത്. താപനില 27 ഡിഗ്രി സെൽഷ്യസാണ്[3].

സസ്യജാലങ്ങൾ

തിരുത്തുക

ഈ ദേശീയോദ്യാനത്തിലെ ഈർപ്പം നിറഞ്ഞ പ്രദേശങ്ങൾക്കു ചുറ്റും ട്രോപ്പിക്കൽ തോൺ വനങ്ങൾ കൊണ്ട് നിബിഡമാണ്. ഉദ്യാനത്തിനകത്തെ വനങ്ങളിൽ പഴമൂൺപാല (Manilkara hexandra), കണിക്കൊന്ന (Cassia fistula), മലയത്തി (Bauhinia racemosa), സിലോൺ ചന്ദനമരം (Chloroxylon swietenia), ഉകമരം (Salvadora persica) എന്നീ വൃക്ഷങ്ങളും നിറഞ്ഞുകാണപ്പെടുന്നു. ചക്കരക്കണ്ടൽ, ആപ്പിൾ കണ്ടൽ അഥവാ ബ്ലാത്തിക്കണ്ടൽ (Sonneratia caseolaris), നാരോ ലീഫ് കട്ടെയ്ൽ (Typha angustifolia) എന്നീ ഇനം സസ്യങ്ങൾ കുമാന വില്ലു പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു. കുമുബുക്കൻ ഓയ നദീതീരത്ത് നീർമരുത് (Terminalia arjuna) ധാരാളമായി കാണപ്പെടുന്നു. ജലസസ്യങ്ങളായ ലുദ് വിജിയ (വാട്ടർ പ്രൈം റോസ്), താമര (Nelumbo nucifera), സുന്ദരി ആമ്പൽ (Nymphaea pubescens) എന്നിവയും ചതുപ്പിൽ കാണപ്പെടുന്നു.

പക്ഷിജന്തുജാലങ്ങൾ

തിരുത്തുക

കുമാന ദേശീയോദ്യാനത്തെ ഉൾക്കൊള്ളിച്ചുകൊണ്ട് കുമാന പക്ഷിസങ്കേതം 1938-ൽ പ്രഖ്യാപിക്കപ്പെട്ടു. 255-ൽപരം പക്ഷിവർഗ്ഗങ്ങൾ ഈ ദേശീയോദ്യാനത്തിലുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു[4]. കുമാനയിലെ ചതുപ്പുപ്രദേശങ്ങളിൽ 10000ത്തിലധികം ദേശാടനപക്ഷികൾ ഏപ്രിൽ മുതൽ ജൂലായ് മാസങ്ങളിൽ ദേശാടനം നടത്തുന്നു. അപൂർവ്വയിനങ്ങളായ ബ്ലാക്ക് നെക്ക്ഡ് സ്റ്റോർക്ക് (Ephippiorhynchus asiaticus), വയൽനായ്ക്കൻ (Leptoptilos javanicus), ചട്ടുകക്കൊക്കൻ (Platalea leucorodia), പെരുങ്കൊക്കൻ പ്ലോവർ (Esacus recurvirostris) എന്നിവയെ ഇവിടെ സംരക്ഷിക്കപ്പെടുന്നു. വേഡേഴ്സിന്റെ കുടുംബത്തിൽപ്പെട്ട സാൻഡ്പൈപേഴ്സ്, ഖരാദ്രിഡേ എന്നിവ വാട്ടർ ഫൌൾകൾക്കൊപ്പം ഈ പ്രദേശം സന്ദർശിക്കുന്നു. ദേശാടനപക്ഷിയായ മുൾവാലൻ ചുണ്ടൻ കാട (Gallinago stenura") സൈബീരിയയിൽ നിന്ന് 9,000 കിലോമീറ്റർ (5,600 മൈൽ) മുതൽ 11,000 കിലോമീറ്റർ (6,800 മൈൽ) ദൂരം സഞ്ചരിച്ച് ഇവിടെയെത്തുന്നു. പർപ്പിൾ ഹെറോൺ, നൈറ്റ് ഹെറോൺ, എഗ്രെറ്റ്സ്, സ്പോട്ട്-ബിൽഡ് പെലിക്കൻ, ചേരാക്കൊക്കൻ, കുളക്കൊക്ക് (Ardeola grayii), കിന്നരി നീർക്കാക്ക (Phalacrocorax fuscicollis), ചെറിയ നീർക്കാക്ക (Phalacrocorax niger), തീപ്പൊരിക്കണ്ണൻ (Gallicrex cinerea), പട്ടക്കോഴി (Gallinula chloropus), പർപ്പിൾ സ്വാംഫെൻ, കുളക്കോഴി (മുണ്ടക്കോഴി) (Amaurornis phoenicurus), വാലൻ താമരക്കോഴി (Hydrophasianus chirurgus), പവിഴക്കാലി (Himantopus himantopus), ചൂളൻ എരണ്ട (Dendrocygna javanica), മുങ്ങാങ്കോഴി (Tachybaptus ruficollis) ഇവയെല്ലാം വലിയ കൂട്ടങ്ങളായി പറന്നെത്തുന്ന ദേശാടനപക്ഷികളാണ്. മഞ്ഞക്കാലി പച്ചപ്രാവ് (Treron phoenicoptera), കാടുമുഴക്കി (Dicrurus paradiseus), തീക്കാക്ക (Harpactes fasciatus), കള്ളിക്കുയിൽ (Phaenicophaeus leschenaultii), റെഡ് ഫേസെഡ് മാൽക്കോഹ (Phaenicophaeus pyrrhocephalus) എന്നിവ ദേശാടനപക്ഷികളിൽ അപൂർവ്വയിനങ്ങളാണ്[5].

ശ്രീലങ്കൻ ആന, പുലി, സ്വർണ്ണ കുറുനരി, മീൻ പിടിയൻ പൂച്ച, കാട്ടുപന്നി, യൂറോപ്യൻ ഓട്ടർ തുടങ്ങിയ സസ്തനികളും ഇവിടെയുണ്ട്. പച്ചക്കടലാമ (Chelonia mydas), ലോഗ്ഗെർഹെഡ് സീ ടർട്ടിൽ (Caretta caretta), ഒലീവ് റിഡ്‌ലി കടലാമ (Lepidochelys olivacea) എന്നീ മൂന്ന് വർഗ്ഗത്തിൽപ്പെട്ട ആമകളെ ഈ ഉദ്യാനത്തിൽ കാണപ്പെടുന്നു. ഇന്ത്യൻ ഫ്ലാപ്പ് ഷെൽ ടർട്ടിൽ (Lissemys punctata), കാരാമ (Melanochelys trijuga), മഗ്ഗർ ക്രൊക്കോഡൈൽ (Crocodylus palustris) എന്നിവയും ഈ ഉദ്യാനത്തിലെ ജൈവവൈവിധ്യത്തിൽപ്പെടുന്നതാണ്.

വിനോദസഞ്ചാരം

തിരുത്തുക

കുമാന ദേശീയോദ്യാനത്തിന്റെ പ്രവേശനകവാടത്തിലേയ്ക്കുള്ള വഴി പനാമയിലൂടെയാണ്. പനാമയുടെ തെക്ക് നിന്ന് 22 കിലോമീറ്റർ അകലെയുള്ള ഒകാൻടയിലാണ് ദേശീയോദ്യാനത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. പ്രമുഖ തീർത്ഥാടന ക്ഷേത്രമായ കാറ്റരാഗമ യിലേയ്ക്കുപോകുന്ന മാർഗ്ഗ മധ്യേയാണ് കുമാന ദേശീയോദ്യാനം. തമിഴരും സിംഹളരും ഇവിടെ തീർത്ഥാടനം നടത്തുന്നുണ്ട്.[6].

ചിത്രശാല

തിരുത്തുക
  1. "Yala East National Park". iwmi.org. International Water Management Institute. 2006. Retrieved 2009-06-16.
  2. Kariyawasam, Dayananda (3 March 2005). "Major plan under way to restore Lanka's natural ecosystems". Daily News. Retrieved 2009-06-16.
  3. https://lanka.com/about/attractions/kumana-national-park/
  4. (in Sinhalese) Senarathna, P.M. (2005). Sri Lankawe Wananthara (1st ed.). Sarasavi Publishers. pp. 222–223. ISBN 955-573-401-1.
  5. (in Sinhalese) Senarathna, P.M. (2004). Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. pp. 129–149. ISBN 955-573-346-5.
  6. Sandrasagra, Manik (18 August 2002). "Pilgrims brave land mines, jungle poachers,drought in ancient annual trek". Sunday Observer. Retrieved 2009-06-16.
"https://ml.wikipedia.org/w/index.php?title=കുമാന_ദേശീയോദ്യാനം&oldid=3948969" എന്ന താളിൽനിന്ന് ശേഖരിച്ചത്