ഇന്ത്യയിലെ ഇസ്ലാമിക സാമ്രാജ്യങ്ങൾ
മദ്ധ്യ കാലഘട്ടങ്ങളിൽ, തെക്കേ ഏഷ്യയിൽ പല ഇസ്ലാമിക സാമ്രാജ്യങ്ങളും നിലനിന്നു.
ദില്ലി സൽത്തനത്ത്
തിരുത്തുകപന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മുഹമ്മദ് ഘോറി സിന്ധു ഗംഗാ സമതലം ആക്രമിച്ച് ഘസ്നി, മുൾത്താൻ, സിന്ധ്, ലാഹോർ, ദില്ലി എന്നീ സ്ഥലങ്ങൾ യഥാക്രമം പിടിച്ചടക്കി. അദ്ദേഹത്തിന്റെ സേനാനായകരിൽ ഒരാളായ ഖുത്ബുദ്ദീൻ ഐബക്ക് സ്വയം ദില്ലി സുൽത്താൻ ആയി അവരോധിച്ചു. 13-ആം നൂറ്റാണ്ടിൽ ഒരു മുൻ-അടിമ സൈനികനായിരുന്ന ഷംസുദിൻ ഇൽത്തുമിഷ് (1211 - 1236) ദില്ലിയിൽ തുർക്കിക് സാമ്രാജ്യം സ്ഥാപിച്ചു. ഇത് പിൻകാല സുൽത്താന്മാർക്ക് എല്ലാ ദിക്കിലേയ്ക്കും സാമ്രാജ്യം സ്ഥാപിക്കുന്നതിന് വഴിയൊരുക്കി. അടുത്ത നൂറുവർഷ കാലത്ത് ദില്ലി സൽത്തനത്ത് കിഴക്ക് ബംഗാളിലേക്കും തെക്ക് ഡെക്കാനിലേക്കും വ്യാപിച്ചു. ഇതേ സമയം സൽത്തനത്തിന് വടക്കുപടിഞ്ഞാറുനിന്നും പല ഭീഷണികളും നേരിടുകയും, പരാജിതരായ, സ്വതന്ത്ര ചിന്താഗതിയുള്ള രാജാക്കന്മാരിൽ നിന്നും സാമ്രാജ്യത്തിനുള്ളിൽ നിന്നുതന്നെ ലഹളകൾ നേരിടുകയും ചെയ്തു. അഞ്ച് രാജവംശങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തതുകൊണ്ട് ഈ സാമ്രാജ്യം തുടർച്ചയായി മാറ്റങ്ങൾക്കു വിധേയമായിരുന്നു: അടിമ രാജവംശം (1206-90), ഖിൽജി രാജവംശം (1290-1320), തുഗ്ലക്ക് രാജവംശം (1320-1413), സയ്യിദ് രാജവംശം (1414-51), ലോധി രാജവംശം (1451-1526) എന്നിവയായിരുന്നു അവ. അലാവുദീൻ ഖിൽജിയുടെ കീഴിൽ (1296 - 1316) ഖിൽജി രാജവംശം തെക്കേ ഇന്ത്യയുടെ ഭൂരിഭാഗവും ചുരുങ്ങിയ കാലത്തേക്ക് തങ്ങളുടെ ഭരണത്തിനു കീഴിൽ കൊണ്ടുവന്നു, എന്നാൽ കീഴടക്കിയ പ്രദേശങ്ങൾ പെട്ടെന്ന് വിഘടിച്ചുപോയി. ദില്ലിയിലെ ഭരണം പലപ്പൊഴും കയ്യടക്കിയത് രക്തപങ്കിലമായി ആയിരുന്നു - മുപ്പത്തഞ്ച് സുൽത്താന്മാരിൽ പത്തൊൻപതുപേരും കൊല്ലപ്പെട്ടു. കൊട്ടാരത്തിലെ ഗൂഢാലോചനകളും കക്ഷി വഴക്കുകളും അനവധിയും ചതിനിറഞ്ഞതുമായിരുന്നു. സുൽത്താന്മാരുടെ വ്യക്തിത്വവും കഴിവും ഭാഗ്യവുമനുസരിച്ച് അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശവിസ്തൃതി വികസിക്കുകയും ചുരുങ്ങുകയും ചെയ്തു.
ഇസ്ലാമിക ശരിയതുനിയമം ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരുടെ മേൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിന് അടിസ്ഥാനമായി, എന്നാൽ സൽത്തനത്ത് ആദ്യകാലത്ത് ചെറിയ പുരോഗതിയേ നേടിയുള്ളൂ; പല യുദ്ധങ്ങളും കൊള്ളയടിക്കുന്നതിനും എതിരാളികളുടെ കോട്ടകളുടെ ശക്തി കുറയ്ക്കുന്നതിനും ആയിരുന്നു. ഒരു സുൽത്താന്റെ ഭരണത്തിന്റെ സ്വാധീനം നിർണ്ണയിച്ചത് അദ്ദേഹം നിയന്ത്രിച്ചിരുന്ന സൈനിക പാതകളും വാണിജ്യപാതകളും ഉൾപ്പെട്ട തന്ത്രപ്രധാനമായ സ്ഥലങ്ങൾ, വർഷാവർഷം ഭൂനികുതി പിരിക്കുന്നതിനുള്ള കഴിവ്, സൈന്യത്തിന്റെയും പ്രവിശ്യാ ഗവർണ്ണർമാരുടെയും മേലുള്ള വ്യക്തിപരമായ നിയന്ത്രണം, തുടങ്ങിയവയായിരുന്നു. സുൽത്താൻ അലാവുദ്ദിൻ ഭൂനികുതികളും പട്ടണ നികുതികളും പുനർനിർണ്ണയിക്കുന്നതിനും ക്രമീകരിക്കുന്നതിനും ഒരുമിപ്പിക്കുന്നതിനും ശ്രമിച്ചു, എന്നാൽ ഈ ശ്രമങ്ങൾ പരാജയപ്പെട്ടു. വടക്കേ ഇന്ത്യയിലെ കൃഷി പുതിയ കനാൽ നിർമ്മിതികളുടെയും ജലസേചനമാർഗ്ഗങ്ങളുടെയും ഫലമായി (ഇതിൽ പേർഷ്യൻ ചക്രം എന്ന് അറിയപ്പെട്ട സമ്പ്രദായവും ഉൾപ്പെട്ടു) അഭിവൃദ്ധിപ്പെട്ടെങ്കിലും, നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വവും നികുതി ശേഖരിക്കുന്നതിന്റെ ചൂഷണമാർഗ്ഗങ്ങളും കർഷകരെ ദുരിതത്തിലാക്കി. എങ്കിലും വാണിജ്യവും കമ്പോള സമ്പദ്‌വ്യവസ്ഥയും ഉപഭൂഖണ്ഡത്തിലും വിദേശരാജ്യങ്ങളുമായും അഭിവൃദ്ധിപ്പെട്ടു. ഉപരിവർഗ്ഗത്തിന്റെ ലോഭമില്ലാതെ പണം ചെലവാക്കുന്ന ശീലം ഇതിനെ സഹായിച്ചു. കൊല്ലന്മാർ, കല്ലാശാരിമാർ, തുണി ഉല്പ്പാദനം, എന്നിവ മുഗൾ ഭരണത്തിന്റെ പിന്തുണയോടെ അഭിവൃദ്ധി പ്രാപിച്ചു. ഈ കാലയളവിൽ പേർഷ്യൻ ഭാഷയും പല പേർഷ്യൻ സാംസ്കാരിക ഘടകങ്ങളും ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളിൽ പ്രധാനമായി.
തെക്കൻ രാജവംശങ്ങൾ
തിരുത്തുകദില്ലി സുൽത്താന്മാർ ഡെക്കാനും തെക്കേ ഇന്ത്യയും തങ്ങളുടെ നിയന്ത്രണത്തിൽ നിറുത്തുന്നതിൽ പരാജയപ്പെട്ടത് മുസ്ലിം ബഹ്മനി സൽത്തനത്ത് (1347-1527), ഹിന്ദു വിജയനഗര സാമ്രാജ്യം (1336-1585) എന്നീ പരസ്പരം മത്സരിക്കുന്ന തെക്കൻ സാമ്രാജ്യങ്ങളുടെ ഉദയത്തിനു കാരണമായി. തുഗ്ലക്കുകളുടെ ഒരു പ്രവിശ്യാ ഭരണാധികാരിയായിരുന്ന സഫർ ഖാൻ തന്റെ തുർക്കിക്ക് യജമാനന് എതിരായി കലാപമുയർത്തി, സ്വയം സുൽത്താനായി അവരോധിച്ചു, 1347-ൽ അലാവുദിൻ ബഹ്മൻ ഷാ എന്ന പേര് സ്വീകരിച്ചു. വടക്കേ ഡെക്കാനിൽ കേന്ദ്രീകരിച്ച ബഹ്മനി സൽത്തനത്ത് ഏകദേശം രണ്ട് നൂറ്റാണ്ടുകൾ നിലനിന്നു, അതിനുശേഷം അഞ്ച് ചെറിയ രാജ്യങ്ങളായി ഛിദ്രമായി. ഡെക്കാൻ സൽത്തനത്തുകൾ എന്നറിയപ്പെട്ട ഇവ ബിജാപ്പൂർ, ഗോൽക്കൊണ്ട, അഹ്മദ്നഗർ, ബീരാർ, ബിദാർ എന്നിവയായിരുന്നു. 1527-ൽ ആണ് ഈ വിഘടനം നടന്നത്. ദില്ലി സുൽത്താന്മാർ നികുതി പിരിവിനും ഭരണത്തിനും ഉപയോഗിച്ച വ്യവസ്ഥകൾ ബഹ്മനി സുൽത്താന്മാരും പിന്തുടർന്നു. ബഹ്മനി സൽത്തനത്തിന്റെ പതനത്തിനു പ്രധാനമായും കാരണമായത് ഡെക്കാനികൾ (തദ്ദേശീയരായി മാറിയ മുസ്ലീം കുടിയേറ്റക്കാരും മതപരിവർത്തനം ചെയ്ത പ്രദേശവാസികളും) പരദേശികളും (താൽക്കാലിക സേവനത്തിനുവന്ന വിദേശികളും ഉദ്യോഗസ്ഥരും) തമ്മിൽ നിലനിന്ന മത്സരവും വെറുപ്പുമായിരുന്നു. ബഹ്മനി സുൽത്താന്മാർ ആരംഭിച്ച സാംസ്കാരിക സമന്വയ പ്രക്രിയയുടെ ഉദാഹരണങ്ങൾ ഇന്നും ഹൈദ്രബാദിൽ പുഷ്കലമായി തുടരുന്ന ഡെക്കാനി വാസ്തുവിദ്യയിലും ചിത്രകലയിലും കാണാം.
1336-ൽ സ്ഥാപിച്ച വിജയനഗര സാമ്രാജ്യം (തലസ്ഥാനമായ [[[വിജയനഗരം|വിജയനഗരത്തിന്റെ]] (വിജയത്തിന്റെ നഗരം എന്ന് അർത്ഥം വരുന്നത്) പേരിൽ നിന്നാണ് സാമ്രാജ്യത്തിന് ആ പേരുവന്നത്) വേഗത്തിൽ തെക്ക് മധുര വരെയും പടിഞ്ഞാറ് ഗോവ വരെയും വ്യാപിച്ചു. ഇവർ കിഴക്കേ തീരത്തിനുമേൽക്കും തെക്കുപടിഞ്ഞാറൻ അതിർത്തികൾ വരെയും ഇടവിട്ട് അധികാരം സ്ഥാപിച്ചു. തങ്ങളുടെ ചോള മുൻഗാമികളുടെ മാതൃകയിൽ ഇവർ കാർഷിക, വാണിജ്യ നികുതികൾ പിരിക്കുകയും വാണിജ്യ സംഘങ്ങളെ പ്രോൽസാഹിപ്പിക്കുകയും ക്ഷേത്രങ്ങൾക്ക് വലിയതോതിൽ പ്രോൽസാഹനവും സഹായങ്ങളും നൽകുകയും ചെയ്തു. ബഹ്മനി സുൽത്താന്മാരോട് യുദ്ധം ചെയ്യുന്നതിനുള്ള അധിക വരുമാനം സ്വരൂപിച്ചത് വാണിജ്യ സ്ഥാപനങ്ങൾക്കും ഉദ്യോഗങ്ങൾക്കും വ്യവസായങ്ങൾക്കും മേൽ ഒരു കൂട്ടം നികുതികൾ ചെലുത്തിക്കൊണ്ടായിരുന്നു. ബഹ്മനി, വിജയനഗര ഭരണാധികാരികൾക്ക് ഇടയിൽ നിലനിന്ന രാഷ്ട്രീയ ശത്രുതയിൽ കൃഷ്ണ - തുംഗഭദ്ര നദീതടത്തിന്റെ നിയന്ത്രണവും ഭാഗമായിരുന്നു, ഏത് ഭരണാധികാരിയാണോ കൂടുതൽ ശക്തൻ, അതനുസരിച്ച് ഈ നദീതടത്തിന്റെ നിയന്ത്രണം മാറിക്കൊണ്ടിരുന്നു. ശത്രുക്കളുടെ മേൽ വിജയം നേടാനുള്ള വിജയനഗര സാമ്രാജ്യത്തിന്റെ കഴിവ് രണ്ട് ഘടകങ്ങളെ അനുസരിച്ചിരുന്നു: കുതിരകളുടെ ലഭ്യത -ആദ്യകാലത്ത് അറബ് വ്യാപാരികളിൽ നിന്നും പിന്നീട് പോർച്ചുഗീസുകാരിൽ നിന്നും ഇവർ കുതിരകളെ വാങ്ങി; പാതകളും വിനിമയമാർഗ്ഗങ്ങളും പ്രവർത്തനക്ഷമമായി സംരക്ഷിക്കുന്നത് എന്നിവയെ.
മുഗൾ കാലഘട്ടം
തിരുത്തുകമുഗൾ സാമ്രാജ്യം ( പേർഷ്യൻ: مغل بادشاہ) അതിന്റെ സാമ്രാജ്യോന്നതിയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഭരിച്ച സാമ്രാജ്യമാണ്. 1526 മുതൽ 1857 വരെയായിരുന്നു ഈ സാമ്രാജ്യത്തിന്റെ ഭരണകാലം. 1526-ൽ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ദില്ലി സൽത്തനത്തിലെ അവസാന രാജാവായ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിക്കൊണ്ട് മംഗോൾ വംശജനായ ബാബർ ആണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്.
പ്രശസ്തരായ മുഗൾ ഭരണാധികാരികൾ | ||||||||||||
ചക്രവർത്തി | ഭരണകാലത്തിന്റെ ആരംഭം | ഭരണകാലത്തിന്റെ അന്ത്യം | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|
ബാബർ | 1526 | 1530 | ||||||||||
ഹുമയൂൺ | 1530 | 1556 | ||||||||||
അക്ബർ | 1556 | 1605 | ||||||||||
ജഹാംഗീർ | 1605 | 1627 | ||||||||||
ഷാ ജഹാൻ | 1627 | 1658 | ||||||||||
ഔറംഗസേബ് | 1658 | 1707 |
ഡെക്കാനിലെ അസഫ് ഷാഹി
തിരുത്തുക1719-ൽ അസഫ് ഷാ രാജവംശം തുടങ്ങിയതുമുതൽ ഇന്ത്യയിലെ ഹൈദ്രബാദ് രാജ്യത്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേരായിരുന്നു പ്രദേശത്തിന്റെ ഭരണാധികാരി എന്ന് അർത്ഥം വരുന്ന നിസാം-ഉൾ-മുൽക്ക് (ഉർദു: نظامالملک) എന്നതിന്റെ ചുരുക്കമായ നൈസാം/ നിസാം. 1724-ൽ ഈ രാജവംശം സ്ഥാപിച്ചത് മുഗളരുടെ കീഴിൽ 1713 മുതൽ 1721 വരെ വൈസ്രോയി ആയിരുന്ന മിർ കമറുദ്ദീൻ സിദ്ദിഖി ആണ്. കമറുദ്ദീൻ സിദ്ദിഖി അസഫ് ഷാ എന്ന സ്ഥാനപ്പേരിൽ ഇടവിട്ട് ഭരിച്ചിരുന്നു. 1707-ൽ ഔറംഗസേബിന്റെ മരണത്തിനുശേഷം മുഗൾ സാമ്രാജ്യം നാമാവശേഷമായതിനു പിന്നാലെ, ഹൈദ്രബാദിലെ വൈസ്രോയി ആയ അസഫ് ഷാ സ്വയം സ്വതന്ത്ര രാജാവായി പ്രഖ്യാപിച്ചു.
അവലംബം
തിരുത്തുക- ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. - ഇന്ത്യ, പാകിസ്താൻ
ഗ്രന്ഥാവലി
തിരുത്തുക- Majumdar, R. C. (ed.), The History and Culture of the Indian People, Volume VI, The Delhi Sultanate, Bombay, 1960; Volume VII, The Mughal Empire, Bombay, 1973.
- Elliot, Sir H. M., Edited by Dowson, John. The History of India, as Told by Its Own Historians. The Muhammadan Period; published by London Trubner Company 1867–1877.