പൃഥിരാജ് നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ 2011 ഒക്ടോബർ 6-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്ത്യൻ റുപ്പി. എസ് കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷഹബാസ് അമൻ സംഗീതവും നിർവഹിക്കുന്നു. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെ ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2011-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരവും സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു[1].
മുല്ലനേഴി, വി.ആർ. സന്തോഷ് എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഷഹബാസ് അമനാണ് സംഗീതം നൽകിയിരിക്കുന്നത്. 2011 ഓഗസ്റ്റ് 23-ന് പുലിയർമല കൃഷ്ണ ഗൗഡർ ഹാളിൽ വച്ചാണ് ഓഡിയോ പ്രകാശനം ചെയ്തത്. എം.ടി. വാസുദേവൻ നായരുടെ ഒരു കഥയെ ആസ്പദമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്യാനിരുന്ന അതു മന്ദാരപ്പൂവല്ല എന്ന ചിത്രത്തിനായി മുല്ലനേഴി രചിച്ച ഈ പുഴയും എന്ന ഗാനവും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്[2].