ഇന്ത്യയുടെ ദേശീയപതാക

ഇന്ത്യ രാജ്യത്തിന്റെ ഔദ്യോഗിക പതാക
(Indian National Flag എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. (Indian National Flag) 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഇത് മാറി.[2] ഇന്ത്യയിൽ ഇത് ത്രിവർണ്ണ പതാക എന്ന പേരിൽ അറിയപ്പെടുന്നു.

ഇന്ത്യ
പേര്Tiraṅgā ത്രിവർണ്ണപതാക
ഉപയോഗംNational flag
അനുപാതം2:3
സ്വീകരിച്ചത്22 ജൂലൈ 1947; 77 വർഷങ്ങൾക്ക് മുമ്പ് (1947-07-22)
മാതൃകA horizontal triband of India saffron, white, and India green; charged with a navy blue wheel with 24 spokes in the centre
രൂപകൽപ്പന ചെയ്തത്പിംഗളി വെങ്കയ്യ[N 1]
ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം പേരാൽ[1]
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം
ഇന്ത്യയുടെ ദേശീയ പതാക
അനുപാതം: 2:3

ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്.[3] ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.

ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് .[4] ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം[3] ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.

രൂപകല്‌പന

തിരുത്തുക

പതാകയിൽ ഉപയോഗിക്കേണ്ട നിറങ്ങളുടെ വിശദവിവരം താഴെ ഉള്ള പട്ടികയിൽ കാണുന്നതാണ്.[2]

Scheme നിറം HTML CMYK Textile colour Pantone
കുങ്കുമം കുങ്കുമം #FF9933 0-50-90-0 India saffron 1495c
വെള്ള വെള്ള #FFFFFF 0-0-0-0 White 1c
ഇന്ത്യൻ പച്ച ഇന്ത്യൻ പച്ച #138808 100-0-70-30 India green 362c
നാവിക നീല നാവിക നീല #000080 100-98-26-48 Navy blue 2755c

പ്രതീകാത്മകത

തിരുത്തുക
 
അശോക ചക്രം

ഇന്ത്യയിലെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്യത്തിനു മുൻപ് 1921-ൽ ചുവപ്പും, പച്ചയും, വെള്ളയും ചേർന്ന ഒരു പതാക അതിന്റെ ഔദ്യോഗികപതാകയായി അംഗീകരിച്ചിരുന്നു. ഈ പതാകയിലെ ചുവപ്പ് ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയേയും, വെള്ള മറ്റ് ചെറിയ ന്യൂനപക്ഷമതവിഭാഗങ്ങളെയേയും ആണ് പ്രതിനിധാനം ചെയ്തിരുന്നത്. ഐർലാന്റിന്റെ ദേശീയപതാകയിലേതു പോലെ വെള്ള രണ്ട് പ്രധാന മതവിഭാഗങ്ങൾ തമ്മിലുള്ള സമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ് നില കൊള്ളുന്നത് എന്ന വേറെ ഒരു വാദവും ഉണ്ടായിരുന്നു. 1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുങ്കുമം , പച്ച, വെള്ള എന്നീ നിറങ്ങൾ അടങ്ങിയ മദ്ധ്യഭാഗത്തെ വെള്ള നാടയിൽ ഒരു ചർക്ക ആലേഖനം ചെയ്ത ആയ മറ്റൊരു പതാക അതിന്റെ ഔദ്യോഗികപതാകയായി അംഗീകരിച്ചു. ഈ പതാകയ്ക്ക് നേരെത്തെയുള്ള പതാകയെ പോലെ മതങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപാത്മകത്വം ഒന്നും കല്‌പിച്ചിരുന്നില്ല.

1947 ഓഗസ്റ്റ് 15-നു ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാൾ മുൻപ് ഭരണഘടനാസമിതിയുടെ ഒരു പ്രത്യേക സമ്മേളനം ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക എല്ലാ രാഷ്ട്രീയസംഘടനകൾക്കും മതവിഭാഗങ്ങൾക്കും സമ്മതമായ[2] ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക ആക്കാൻ തീരുമാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റം മദ്ധ്യത്തിലുണ്ടായിരുന്ന ചർക്കയ്ക്ക് പകരം അശോകചക്രം വെച്ചു എന്നതാണ്. മുൻപുണ്ടായിരുന്ന പതാകയിലെ നിറങ്ങൾക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്‌പിച്ചിരുന്നതിനാൽ, പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സർവേപ്പള്ളി രാധാകൃഷ്ണൻ, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിർവചിക്കുകയും ചെയ്തു.

കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. പതാകയിലുള്ള വിവിധ നിറങ്ങൾ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്നും വേറൊരു വ്യാഖ്യാനവുമുണ്ട്.

ചരിത്രം

തിരുത്തുക
 
ബ്രിട്ടീഷ് ഇന്ത്യയുടെ പതാക
 
ബ്രിട്ടീഷ് ഇന്ത്യൻ സേനയുടെ പതാക
 
കൽക്കത്ത പതാക
 
1907-ൽ ബികാജി കാമ ഉയർത്തിയ പതാക.
 
1917-ൽ ഹോം റൂൾ പ്രസ്ഥാനം ഉപയോഗിച്ചിരുന്ന പതാക.
 
1921-ൽ അനൌദ്യോഗികമായി സ്വീകരിച്ച പതാക.
 
1931-ൽ നിർദ്ദേശിക്കപ്പെട്ട ചർക്ക ആലേഖിതമായ കുങ്കുമ പതാക.
 
1931-ൽ സ്വീകരിക്കപ്പെട്ട പതാക. ഇതുതന്നെയായിരുന്നു ഇന്ത്യൻ നാഷണൽ ആർമിയുടെ പതാകയും.
 
സുഭാഷ് ചന്ദ്രബോസ് രൂപവത്കരിച്ച ഫ്രീ ഇന്ത്യ ലീജിയൻ എന്ന സേനയ്ക്കായി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയിൽ ഉയർത്തപ്പെട്ട ആസാദ് ഹിന്ദ് പതാക.

ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യാഭിവാഞ്ഛയ്ക്കു്‌ ഊർജ്ജം പകരാൻ ഒരു ദേശീയ പതാക തികച്ചും ആവശ്യമായി വന്നു. 1904-ൽ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചതു്‌.ഈ പതാക പിന്നീടു്‌ സിസ്റ്റർ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പം വജ്രചിഹ്നവും(thunderbolt) ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നർത്ഥം വരുന്ന 'ബന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു്‌.[2]

ബംഗാൾ വിഭജനത്തിനെതിരേ, 1906 ആഗസ്ത് 7 നു്‌ കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ സചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയതു്‌. ആ പതാകയാണു്‌ കൽക്കട്ട പതാക എന്നറിയപ്പെടുന്നതു്‌. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്‌, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അതു്‌. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ 'വന്ദേ മാതരം' എന്നും ഏറ്റവും മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.[5]

1907 ഓഗസ്റ്റ് 22-ന് ബികാജി കാമ മറ്റൊരു ത്രിവർണ്ണ പതാക ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ ചുരുൾവിടർത്തി. മേൽഭാഗം ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവിൽ ഹൈന്ദവതയെയും ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കുങ്കുമവും ഏറ്റവും താഴെ ചുവപ്പും നിറങ്ങളുള്ള പതാകയായിരുന്നു അതു്‌. ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകളെ പ്രതിനിധാനം ചെയ്തുകൊണ്ടു്‌, പച്ചപ്പട്ടയിൽ എട്ടു താമരകൾ ഒരു വരിയിൽ ആലേഖനം ചെയ്ത ആ പതാകയുടെ മദ്ധ്യഭാഗത്ത്‌ 'വന്ദേ മാതരം' എന്നു്‌ ദേവനാഗരി ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താഴത്തെ ഖണ്ഡത്തിൽ കൊടിമരത്തിനോടടുത്തുള്ള ഭാഗത്തായി ചന്ദ്രക്കലയും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ഇത്‌ ബർലിൻ സമിതിയിലെ ഇന്ത്യൻ വിപ്ലവകാരികൾ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാൽ ബർലിൻ കമ്മിറ്റി പതാക എന്നായിരുന്നു ഇത്‌ അറിയപ്പെട്ടിരുന്നതു്‌. ഇതുതന്നെയായിരുന്നു ഒന്നാംലോകമഹായുദ്ധക്കാലത്തു മെസപ്പൊട്ടാമിയയിലും സജീവമായി ഉപയോഗിച്ചുപോന്നതു്‌. ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ഐക്യനാടുകളിൽ ഖദർ പാർട്ടി പതാകയും ഇന്ത്യയുടെ പ്രതീകമായി ഉപയോഗിച്ചിരുന്നു.

ബാലഗംഗാധരതിലകും ആനിബസന്റും ചേർന്നു്‌ 1917-ൽ രൂപം നല്കിയ സ്വയംഭരണപ്രസ്ഥാനത്തിനു വേണ്ടി സ്വീകരിച്ചതു്‌ ചുവപ്പും പച്ചയും ഇടകലർന്നു അഞ്ച് തുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു. അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാൻ ശ്രമിച്ച നിയന്ത്രണാധികാരപദവിയെ അതു സൂചിപ്പിക്കുന്നു. ഏഴു വെള്ള നക്ഷത്രങ്ങൾ, ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന സപ്തർഷി താരസമൂഹത്തിന്റെ(the constellation Ursa Major) മാതൃകയിൽ ക്രമീകരിച്ചിരുന്ന പതാകയുടെ മുകൾഭാഗത്തു്‌ വെള്ളനിറത്തിൽ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു. യൂണിയൻ ജാക്കിന്റെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യൻ ജനതയ്ക്കിടയിൽ അത്ര അംഗീകാരം കിട്ടാതെ പോയതു്‌.[5]

1916-ന്റെ ആരംഭഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിൽ നിന്നുള്ള പിംഗലി വെങ്കയ്യ എന്ന വ്യക്തി സർവ്വസമ്മതമായ ഒരു പതാക നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഉമർ സോബാനി, എസ്.പി. ബൊമൻജി എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഇന്ത്യൻ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ, മഹാത്മാഗാന്ധിയുടെ അംഗീകാരത്തിനായി പതാക സമർപ്പിക്കുകയും, "ഇന്ത്യയുടെ മൂർത്തിമദ്ഭാവത്തിന്റെയും അവളുടെ ദു:സ്ഥിതിയിൽ നിന്നുള്ള മോചനത്തിന്റെയും പ്രതിനിധാനം എന്ന നിലയിൽ" ചർക്ക കൂടി പതാകയിൽ ഉൾപ്പെടുത്തണമെന്നു ഗാന്ധിജി നിർദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തികനവോത്ഥാനത്തിന്റെ പാവനമായ പ്രതീകമായി ചർക്ക എന്ന ലളിതമായ നൂൽനൂൽക്കൽ യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി ചർക്ക കൂടി ഉൾപ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു. എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്‌.[4]

മഹാത്മാഗാന്ധിയുടെ ആശങ്ക മാനിച്ചുകൊണ്ടു്‌ മറ്റൊരു പതാകയും രൂപകല്പന ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു്‌ മുകളിൽ വെള്ള, ഇസ്ലാമിനെ പ്രതിനിധീകരിച്ചു്‌ നടുവിൽ പച്ച, ഹൈന്ദവതയെ പ്രതിനിധീകരിക്കാൻ താഴെ ചുവപ്പു്‌ എന്നിങ്ങനെയായിരുന്നു പതാകയിലെ നിറവിന്യാസം. ചർക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക്ക വിധം ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി ഐറിഷ് പതാകയോടു സാദൃശ്യമുള്ള രീതിയിലാണു സമാന്തരഖണ്ഡങ്ങൾ പതാകയിലുള്ളതു്‌. അഹമ്മദാബാദിൽനടന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ പതാക നിവർത്തിയതു്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക പതാകയായി സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.

എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തിൽ പലരും തൃപ്തരല്ലായിരുന്നു. 1924-ൽ കൽക്കട്ടയിൽ നടന്ന അഖിലേന്ത്യാ സംസ്കൃത കോൺഗ്രസ്സിൽ ഹൈന്ദവ പ്രതീകങ്ങളായി കുങ്കുമനിറവും വിഷ്ണുവിന്റെ ആയുധമായ ‘ഗദയും’ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. പിന്നീടു്‌ അതേ വർഷം തന്നെ, "ആത്മത്യാഗത്തിന്റെ ഓജസ് ഉൾക്കൊള്ളുന്നതും ഹിന്ദു സന്യാസിമാരുടെയും യോഗികളുടെയും എന്ന പോലെ മുസ്ലീം ഫക്കീറുകളേയും ഒരുപോലെ പ്രതിനിധീകരിക്കാനുതകുന്നതുമായ മൺചുവപ്പു നിറം"(geru (an earthy-red colour)) ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ടായി. സിഖുകാരാകട്ടെ, ഒന്നുകിൽ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയിൽ ഉൾപ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.

ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണു്‌, പ്രശ്നപരിഹാരത്തിനായി 1931 ഏപ്രിൽ 2-ന് കോൺഗ്രസ് പ്രവർത്തകസമിതി, ഒരു ഏഴംഗ പതാകാ സമിതിയെ നിയോഗിച്ചു. "സാമുദായികാടിസ്ഥാനത്തിൽ നിർവ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു" രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു. ഈ സംവാദങ്ങളുടെ ഫലമായി കുങ്കുമ നിറത്തിന്റെ പശ്ചാത്തലത്തിൽ, മുകളിൽ കൊടിമരത്തോടടുത്തുള്ള ഭാഗത്തായി ചർക്ക ആലേഖനം ചെയ്ത, ഒരു പതാകയായിരുന്നു പതാക സമിതി നിർദ്ദേശിച്ചതു്‌. ഒരു സാമുദായികാശയം മാത്രം ഉയർത്തിക്കാട്ടുന്നു എന്ന ധാരണ ഉളവാക്കുന്ന ഈ പതാക കോൺഗ്രസ്സിനു സ്വീകാര്യമായിരുന്നില്ല.[2]

പിന്നീട് 1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളിൽനിന്നു യഥാക്രമം കുങ്കുമം, ശുഭ്ര, ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി. ചർക്ക ഭാരതത്തിന്റെ സാമ്പത്തിക നവോത്ഥാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.

അതേ സമയം ഇന്ത്യൻ നാഷനൽ ആർമി ഈ പതാകയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു പോന്നു. ചർക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു ഐ.എൻ.എ. പതാകയിൽ ആലേഖനം ചെയ്തിരുന്നതു്‌. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു വിപരീതമായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സായുധസമരരീതി ഇതിൽ വെളിവാകുന്നുണ്ട്. ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഈ പതാക ഇന്ത്യൻ മണ്ണിൽ ഉയർന്നിട്ടുമുണ്ടു്‌. മണിപ്പൂരിൽ സുഭാസ് ചന്ദ്രബോസ് തന്നെയായിരുന്നു ഇതു ഉയർത്തിയതും.

1947 ആഗസ്റ്റിൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാൾ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചർച്ച ചെയ്യാൻ ഒരു നിയമനിർമ്മണസഭ രൂപവത്കരിക്കുകയുണ്ടായി. അവർ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബുൽ കലാം ആസാദ്, കെ.എം.പണിക്കർ, സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം. മുന്ഷി, ബി.ആർ. അംബേദ്കർ എന്നിവർ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. 1947 ജൂൺ 23-ന് രൂപവത്കരിച്ച ആ പതാകാ സമിതി പ്രശ്നം ചർച്ച ചെയ്യുകയും മൂന്നാഴ്ചയ്ക്കു ശേഷം, 1947 ജൂലൈ 14-നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ കക്ഷികൾക്കും സമുദായങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ചില സമുചിതമായ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്നു അവർ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായികബിംബങ്ങളും പതാകയിൽ അന്തർലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947 ഓഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.[6]

നിർമ്മാണ പ്രക്രിയ

തിരുത്തുക

1950-ൽ ഭാരതം ഒരു റിപ്പബ്ലിക് ആയതിനു ശേഷം, ഇന്ത്യൻ നിലവാര കാര്യാലയം(ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ് അഥവാ ബി.ഐ.എസ്) 1951-ൽ ചില പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ആദ്യമായി കൊണ്ടുവന്നു. 1964-ൽ, ഇവ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മെട്രിക്‌ സംവിധാനത്തിനു അനുരൂപമായി പുനഃപരിശോധന നടത്തി. ഈ മാർഗ്ഗനിർദ്ദേശങ്ങൾക്കു്‌ 1968 ഓഗസ്റ്റ് 17 നു വീണ്ടും ഭേദഗതി വരുത്തുകയും ചെയ്തു.[6] അളവുകൾ, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം, ചണനൂൽ തുടങ്ങി പതാകയുടെ നിർമ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അങ്ങേയറ്റം കർക്കശമാണു്‌. പതാകയുടെ നിർമ്മാണത്തിൽ വരുത്തുന്ന ഏതു പിഴവും പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.[7]

Flag sizes
Size mm
1 6300 × 4200
2 3600 × 2400
3 2700 × 1800
4 1800 × 1200
5 1350 × 900
6 900 × 600
7 450 × 300
8 225 × 150
9 150 × 100
 
മുംബൈയിലെ മന്ത്രിസഭാ കാര്യാലയത്തിനു മുകളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ പതാകയാണ് ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടതിൽ ഏറ്റവും വലിയ ദേശീയ പതാക
 
മുകളിലെ പതാകയുടെ സൂക്ഷ്മ ദൃശ്യം

ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിർമ്മാണത്തിനു്‌ ഉപയോഗിക്കാവൂ. ഖാദിയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ പരുത്തി, പട്ട്, കമ്പിളി എന്നിവയിൽ ഒതുങ്ങുന്നു. രണ്ടു തരത്തിലുള്ള ഖദർ ഉപയോഗിക്കുന്നതിൽ, ആദ്യത്തേതു്‌, പതാക നിർമ്മിക്കാനുപയോഗിക്കുന്ന ഖാദിക്കൊടിയും രണ്ടാമത്തേതു്‌ പതാകയെ കൊടിമരത്തോടു്‌ ബന്ധിപ്പിക്കുന്ന മഞ്ഞകലർന്ന ചാര നിറത്തിലുള്ള ഖാദികട്ടിശ്ശീലയുമാണു്‌. ഒരു നെയ്ത്തിൽ മൂന്നു ഇഴകളുപയോഗിക്കുന്ന സവിശേഷരീതിയിലാണു്‌ ഖാദികട്ടിത്തുണി നെയ്യുന്നതു്‌. ഒരു നെയ്തിൽ രണ്ടിഴകളുള്ള പരമ്പരാഗതരീതിയിൽ നിന്നു വ്യത്യസ്തമാണു്‌ ഇതു്‌. ഈ രീതിയിലുള്ള നെയ്ത്തു്‌ അപൂർവ്വമാണു്‌. ഇന്ത്യയിൽത്തന്നെ ഇതിനു കഴിയുന്ന നെയ്ത്തുകാർ ഒരു ഡസനിലേറെ വരില്ല. ഒരു ചതുരശ്ര സെന്റിമീറ്ററിൽ കൃത്യമായും 150 ഇഴകളും ഒരു തുന്നലിൽ നാലു്‌ ഇഴകളും[7] ഒരു ചതുരശ്ര അടിക്കു കൃത്യം 205 ഗ്രാം ഭാരവും വേണമെന്നു്‌ ഈ മാർഗ്ഗരേഖ അനുശാസിക്കുന്നു.[6][8]

ഉത്തരകർണ്ണാടകത്തിലെ ധാർവാഡ്, ബഗൽകോട്ട് എന്നീ ജില്ലകളിലെ രണ്ടു കൈത്തറിശാലകളിൽ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണു്‌. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണു്‌ പ്രവർത്തിക്കുന്നതു്‌. ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)), ആണു്‌ ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌. മാർഗ്ഗരേഖകൾ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസ്.-ൽ നിക്ഷിപ്തമാണു്‌.[6]

ഒരിക്കൽ ഖാദി നെയ്തു കഴിഞ്ഞാൽ അതു ബി.ഐ.എസ് പരിശോധനയ്ക്കു വിധേയമാക്കും. വളരെ കർശനമായ പരിശോധനകൾക്കു ശേഷം അതു്‌ അംഗീകരിക്കപ്പെട്ടാൽ നിർമ്മാണശാലയിലേക്കു തിരിച്ചയയ്ക്കും. അവിടെ അതു ശ്വേതീകരിച്ചു്‌, യഥാവിധം ചായം കൊടുക്കുന്നു. നടുവിൽ അശോകചക്രം പാളിമുദ്രണം(screen printng) ചെയ്യുകയോ അച്ചുപയോഗിച്ചു പതിക്കുകയോ തുന്നിച്ചേർക്കുകയോ ചെയ്യുന്നു. അശോകചക്രം അനുരൂപമായിരിക്കാനും രണ്ടു വശത്തുനിന്നും പൂർണ്ണമായും ദൃശ്യമായിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടു്‌. പതാകയിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങൾക്കു്‌ ബി.ഐ.എസിന്റെ അന്തിമാംഗീകാരം കിട്ടിക്കഴിഞ്ഞാൽ അതു വിൽക്കാനാകും.[7]

ഓരോ വർഷവും 40 ദശലക്ഷം പതാകകൾ ഇന്ത്യയിൽ വിറ്റുപോകുന്നുണ്ട്‌. മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രമായ 'മന്ത്രാലയ' മന്ദിരത്തിന്റെ മുകളിൽ മഹാരാഷ്ട്ര സർക്കാർ ഉപയോഗിച്ചിരിക്കുന്ന പതാകയാണു്‌ ഇന്ത്യയിലെ ഏറ്റവും വലിയ പതാക.[8]

പതാകയുമായി ബന്ധപ്പെട്ട നിയമങ്ങൾ

തിരുത്തുക

ദേശീയ പതാകയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.[9]

  1. 1950-ലെ എംബ്ബ്ലംസ് ആന്റ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇം‌പ്രോപ്പർ യൂസ്) ആക്ട്
  2. 1971-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങൾ തടയൽ ആക്ട്
  3. 2002-ലെ ഇന്ത്യൻ ഫ്ലാഗ് കോഡ്

ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.[9]

പതാക ഉപയോഗിക്കുവാനുള്ള ശരിയായ കീഴ്‌വഴക്കങ്ങൾ

തിരുത്തുക

2002 ആണ്ടിനു മുൻപു വരെ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ചില നിശ്ചിത ദേശീയ അവധികൾക്കൊഴികെ ദേശീയപതാക പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സർക്കാർ ആപ്പീസുകളിലും സർക്കാരിലെയും നീതിന്യായവ്യവസ്ഥയിലേയും ചില ഉയർന്ന പദവികളിലുള്ളവർക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദർശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ നവീൻ ജിണ്ടാൽ എന്ന ഒരു വ്യവസായി ഇതിനെതിരെ ദില്ലി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിച്ചു. അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ഇതു ദേശീയപതാക നിയമത്തിന്‌ എതിരായതിനാൽ ഈ പതാക കണ്ടുകെട്ടപ്പെടുകയും അദ്ദേഹത്തിനോട്‌ നിയമനടപടികൾക്കു വിധേയനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ദേശീയപതാകയെ അതിനുചിതമായ രീതിയിൽ പ്രദർശിപ്പിക്കുന്നത്‌ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക്‌ തന്റെ അവകാശമാണെന്നും അത്‌ തനിക്കു രാജ്യത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണെന്നും ജിണ്ടാൽ വാദിച്ചു.[10] പിന്നീട്‌ ഈ കേസ്‌ സുപ്രീം കോടതിയിലേയ്ക്ക്‌ മാറ്റപ്പെട്ടപ്പോൾ കോടതി ഇന്ത്യൻ സർക്കാറിനോട്‌ ഇതേക്കുറിച്ചു പഠിക്കാനായി ഒരു കമ്മിറ്റി രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2002 ജനുവരി 26-ന്‌ കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ദേശീയപതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുന്ന നിയമനിർമ്മാണം നടത്തി.[11]

ദേശീയപതാകാനിയമം മന്ത്രിസഭ പാസാക്കിയ ഒന്നല്ലെങ്കിലും അതിലനുശാസിക്കുന്ന കീഴ്‌വഴക്കങ്ങൾ പതാകയുടെ അന്തസ്സു നിലനിർത്താൻ പരിപാലിക്കപ്പെടേണ്ടതാണെന്നും. ദേശീയപതാക പ്രദർശിപ്പിക്കാനുള്ള അവകാശം ആത്യന്തികമായ ഒന്നല്ല മറിച്ചു അർഹിക്കപ്പെട്ടവർക്കുള്ള അവകാശമാണെന്നും അതു ഭരണഘടനാ ആർട്ടിക്കിൾ 51A യോട്‌ ചേർത്തു വായിക്കപ്പെടേണ്ട ഒന്നാണെന്നും, ഇന്ത്യൻ സർക്കാർ v. നവീൻ ജിണ്ടാൽ കേസിന്റെ വിധി ന്യായത്തിൽ അനുശാസിക്കുന്നു.[12]

ദേശീയപതാകയ്ക്കുള്ള ബഹുമാനം

തിരുത്തുക

ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002-ൽ ഉണ്ടാക്കിയ 'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. 2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ 2005-ൽ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു.[13][14]

പതാക കൈകാര്യം ചെയ്യേണ്ട വിധം

തിരുത്തുക
 
പതാകയുടെ കൃത്യമായ പ്രദർശനം.

ദേശീയപതാക കൈകാര്യം ചെയ്യുമ്പോഴും പ്രദർശിപ്പിക്കുമ്പോളും പരമ്പരാഗതമായി ശ്രദ്ധിച്ചുപോരുന്ന ചില നിയമങ്ങൾ ഉണ്ട്‌. പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലർന്നതിനു ശേഷം ഉയർത്തേണ്ടതും അസ്തമയത്തിനു മുൻപ്‌ താഴ്ത്തേണ്ടതുമാകുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പൊതുമന്ദിരങ്ങൾക്കുമുകളിൽ രാത്രിയും പതാക പ്രദർശിപ്പിക്കാവുന്നതാണ്‌. തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കരുതാത്തതാകുന്നു. പാരമ്പര്യ ചിട്ടകളുനുസരിച്ച്‌ കുത്തനെ വെച്ചിരിക്കുന്ന പതാക 90 ഡിഗ്രി തിരിയ്ക്കുവാനോ മേൽ കീഴ്‌ തിരിച്ചു കാണിക്കുവാനോ പാടില്ലാത്തതാകുന്നു. പതാക "വായിക്കുന്ന" (കാണുന്ന)ത്‌ ഒരു പുസ്തകം വായിക്കുന്നതുപോലെ ഇടതുനിന്ന്‌ വലത്തോട്ടും മുകളിൽ നിന്ന് താഴോട്ടുമായതുകൊണ്ടാണ്‌ ഇത്‌. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്‌. പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും, കൊടിയുയർ‌ത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയിൽ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്‌.[3]

ശരിയായ പ്രദർശനരീതി

തിരുത്തുക
 

ദേശീയപതാകയുടെ ശരിയായ പ്രദർശനരീതിയെപറ്റി പറയുന്ന നിയമം അനുശാസിക്കുന്നത്‌ ഒരു വേദിയിൽ രണ്ടു പതാകകൾ ഒരേ സമയം തിരശ്ചീനമായും, മുഴുവൻ വിടർത്തിയും പ്രദർശിപ്പിക്കുമ്പോൾ അവ രണ്ടിന്റേയും കൊടിമരത്തിനോടു ചേർന്നവശങ്ങൾ പരസ്പരം അഭിമുഖമായും കുങ്കുമ വർണ്ണം മുകളിലായും ഇരിയ്ക്കണമെന്നാണ്‌. ചെറിയ തണ്ടുകളിൽ കെട്ടിയിരിയ്ക്കുന്ന കൊടികളാണെങ്കിൽ അവ രണ്ടും പരസ്പരം കോണുകൾ ഉണ്ടാക്കത്തക്കവിധം ചുമരിൽ ഉറപ്പിച്ചിരിയ്ക്കണം. പതാകകൾ ഭംഗിയായ രീതിയിൽ വിടർത്തിയിട്ടിരിയ്ക്കുകയും വേണം. ദേശീയപതാക മേശകൾക്കോ, വായിക്കാനുള്ള പീഠങ്ങൾക്കോ, വേദികൾക്കോ അതോ കെട്ടിടങ്ങൾക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാനോ, കൈവരികളിൽ നിന്നു തൂക്കിയിടുവാനോ പാടില്ലാത്തതാകുന്നു.[3]

  • രാജ്യത്തെ അപമാനിക്കും വിധം പതാകയെ പ്രദർശിപ്പിക്കാൻ പാടില്ല
  • പതാകയിൽ ഒന്നും എഴുതാൻ പാടില്ല
  • അഴുക്കും കേടുപാടുകളും ഉള്ള പതാകകൾ പ്രദർശിപ്പിക്കാൻ പാടില്ല.
  • കുങ്കുമ നിറം താഴെയായി പതാക പ്രദർശിപ്പിക്കാൻ പാടില്ല.

മറ്റു ദേശീയപതാകകൾക്കൊപ്പം.

തിരുത്തുക

ഇന്ത്യയുടെ പതാക മറ്റു രാജ്യങ്ങളുടെ ദേശീയപതാകകളോടൊപ്പം ഉയർത്തിയിരിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പല സംഗതികളും ഉണ്ട്‌. പ്രാധാന്യമുള്ള‌ രീതിയിൽ മാത്രമേ അതു പ്രദർശിപ്പിക്കാവൂ എന്നതാണ്‌ അതിലൊന്ന്. മറ്റു രാജ്യങ്ങളുടെ പതാകകൾ ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിൽ ഉയർത്തിയിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക നിരയുടെ വലത്തേയറ്റത്ത്‌ (കാണുന്നവർക്ക്‌ ഇടത്തേ അറ്റത്ത്‌) ആയിരിയ്ക്കണം. ഓരോ രാജ്യങ്ങളുടേയും പതാകകൾ പ്രത്യേകം കാലുകളിലായിരിയ്ക്കണം. ഒന്നിനുമുകളിൽ മറ്റൊന്നു വരത്തക്ക വിധം രണ്ടു രാജ്യങ്ങളുടെ പതാകകൾ ക്രമീകരിയ്ക്കാൻ പാടുള്ളതല്ല. പതാകകളുടെ വലിപ്പം ഏതാണ്ട്‌ ഒരുപോലെയായിരിയ്ക്കണം. ഇന്ത്യയുടെ പതാകയിലും വലിയതായി മറ്റൊന്ന് പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.

പലപ്പോഴും തുടക്കത്തിലും ഒടുക്കത്തിലും ഇന്ത്യയുടെ പതാക പ്രദർശിപ്പിക്കാറുണ്ട്‌. പതാകകൾ ഒരു വൃത്തത്തിൽ പ്രദർശിപ്പിയ്ക്കുമ്പോൾ ഇന്ത്യയുടെ ദേശീയപതാക വൃത്തത്തിന്റെ തുടക്കത്തേയും ഘടികാരദിശയിൽ അടുത്തുവരുന്നത്‌ അക്ഷരമാലാ ക്രമത്തിൽ ആദ്യത്തേതും ആയിരിക്കണം. ഇന്ത്യയുടെ പതാക ആദ്യം ഉയർത്തുകയും അവസാനം താഴ്ത്തുകയും വേണം.

ഒന്നിനു കുറുകേ മറ്റൊന്നായി രണ്ടു പതാകകൾ വെച്ചിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക മുകളിലായും കാണുന്നവരുടെ ഇടതു വശത്തേയ്ക്കും വെച്ചിരിയ്ക്കണം. എന്നാൽ ഐക്യരാഷ്ട്രസഭയുടെ കൊടിയ്ക്കൊപ്പം വെച്ചിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക ഏതു വശത്തേയ്ക്കയിരിന്നാലും കുഴപ്പമില്ല. എന്നാലും പൊതുവായ കീഴ്‌വഴക്കം പതാക വലത്തേയറ്റത്ത്‌, അതിന്റെ മുഖമായിരിയ്ക്കുന്ന ദിശയിലേയ്ക്ക്‌ സൂചകവുമായി വെയ്ക്കുന്നതാണ്‌.[3]

ദേശീയപതാകകളല്ലാത്തവയ്‌ക്കൊപ്പം

തിരുത്തുക
 

വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ പതാകയോടൊപ്പമോ പരസ്യങ്ങളോടൊപ്പമോ ഇന്ത്യയുടെ ദേശീയപതാക പ്രദർശിപ്പിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്‌. പതാകകൾ പ്രത്യേകം കാലുകളിലായിരിക്കണം ഉയർത്തേണ്ടത്‌. ഇന്ത്യയുടെ പതാക നടുവിലോ അല്ലെങ്കിൽ കാണുന്നയാളുടെ ഇടത്തേ അറ്റത്തോ ആയിരിക്കണം. ഇന്ത്യയുടെ പതാകയുടെ വീതി മറ്റുള്ളവയിലും അധികമായിരിക്കണം. ഇന്ത്യയുടെ പതാകയുടെ കാൽ മറ്റുള്ളവയുടേതിന്‌ ഒരു ചുവടു മുൻപിലായിരിയ്ക്കണം. എല്ലാ പതാകകളും ഒരേനിരയിലാണെങ്കിൽ ഇന്ത്യയുടെ പതാക മറ്റുള്ളവയിൽ നിന്ന് ഉയർന്നു നിൽക്കണം. ഘോഷയാത്രകളിലും മറ്റും പതാക പ്രദർശിപ്പിക്കുമ്പോൾ അത്‌ വഹിക്കുന്നവർ ഏറ്റവും മുൻപിലായി നടക്കേണ്ടതാണ്‌. എന്നാൽ ഒന്നിലധികം പതാകകൾ വഹിയ്ക്കുന്നവർ ഒരു നിരയായി നടക്കുമ്പോൾ ഇന്ത്യയുടെ പതാക വഹിക്കുന്നയാൾ നിരയുടെ വലത്തേയറ്റത്ത്‌ നടക്കേണ്ടതാണ്‌.[3]

ദേശീയപതാക സദസ്സുകളിൽ ഉപയോഗിക്കുമ്പോൾ

തിരുത്തുക

ഏതു തരത്തിലുള്ള പൊതുയോഗമായാലും സമ്മേളനമായാലും, അവിടെ ദേശീയപതാക പ്രദർശ്ശിപ്പിക്കാനുദ്ദേശിക്കുന്നെങ്കിൽ, അതു നടക്കുന്ന ഹാളിൽ വേദിയുടെ വലതുവശത്തായി,അതായതു സദസ്സിന്റെ ഇടതുവശത്തു വേണം പ്രദർശ്ശിപ്പിക്കേണ്ടതു്‌.കാരണം വലതുഭാഗം അധികാരത്തിന്റേതെന്നാണു സങ്കല്പം. അതുകൊണ്ട് വേദിയിൽ പ്രസംഗകന്റെ തൊട്ടടുത്താണെങ്കിൽ അദ്ദേഹത്തിന്റെ വലതുവശത്തും, ഹാളിൽ വേറെ എവിടെയെങ്കിലുമാണെങ്കിൽ, സദസ്യരുടെ വലതുഭാഗത്തുമാണു്‌ പതാക പ്രദർശ്ശിപ്പിക്കേണ്ടത്.

 

കുങ്കുമപ്പട്ട മുകളിൽ വരത്തക്ക വിധം, കഴിയുന്നതും എല്ലാവർണ്ണങ്ങളും അശോകചക്രവും കാണത്തക്കവണ്ണം ദേശീയപതാക പ്രദർശ്ശിപ്പിക്കണം. വേദിക്കു പിന്നിലെ ചുവരിൽ ലംബമായി പതാക തൂക്കിയിടുകയാണെങ്കിൽ, അതു പിടിപ്പിച്ച ചരടു്‌ മുകൾഭാഗത്തായും, കുങ്കുമപ്പട്ട നിരീക്ഷകനു അഭിമുഖമാകുമ്പോൾ, ഇടതുവശത്തു വരുന്ന വിധത്തിലുമാകണം.[3]

ദേശീയ പതാക സാമൂഹ്യ മാധ്യമങ്ങളിൽ

തിരുത്തുക

ഇന്ത്യൻ ദേശീയ പതാക പ്രദർശന ചിത്രമായി സാമൂഹ്യമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ദേശീയ പതാക സംബന്ധിച്ച നിയന്ത്രണങ്ങൾ അനുശാസിക്കുന്ന നിയമങ്ങൾ പ്രകാരം ഏതൊരു ഇന്ത്യൻ പൌരനും ദേശീയ പതാക അവരവരുടെ പ്രദർശന ചിത്രമാക്കാൻ സാധിക്കുമെന്ന് യാഥാർത്ഥ്യം ഒത്തുനോക്കുന്ന (Fact Checker) വെബ്‌സൈറ്റ് ആയ ബൂം ലൈവ് പറയുന്നു. എന്നാൽ ഇന്ത്യൻ പതാകയോടുള്ള ആദരവും, പവിത്രതയും നിലനിർത്തി മാത്രമേ അത് ചെയ്യാൻ പാടുള്ളൂ എന്ന് മാത്രം. അതോടൊപ്പം ഇന്ത്യൻ പതാകയെ അപമാനിക്കും വിധമുള്ള യാതൊരുവിധ പ്രദർശനങ്ങൾ നിയമം അനുവദിക്കുന്നില്ല.

പരേഡുകളും ചടങ്ങുകളും

തിരുത്തുക

പരേഡുകളിലോ ഘോഷയാത്രയിലോ മറ്റു കൊടികളോടൊപ്പമോ ദേശീയപതാക കൊണ്ടുപോകേണ്ടിവരുമ്പോൾ, അതിന്റെ സ്ഥാനം ഏറ്റവും വലതുവശത്തോ ഒറ്റയ്ക്കു ഏറ്റവും മുന്നിൽ മദ്ധ്യഭാഗത്തോ ആയിരിക്കണം. പ്രതിമ, സ്മാരകം, ശിലാഫലകം തുടങ്ങിയവയുടെ അനാവരണച്ചടങ്ങുകളിൽ, ഉത്കൃഷ്ടവും വ്യതിരിക്തവുമായ ഒരു പങ്കു്‌ ദേശീയപതാകയ്ക്കു വഹിക്കാനാവുമെങ്കിലും, ഒരിക്കലും അവയുടെ ആവരണമായി പതാക ഉപയോഗിക്കാൻ പാടില്ല. ദേശീയപതാകയോടുള്ള ആദരസൂചകമായി അതിനെ ചരിച്ചു തിരശ്ചീനമാക്കുകയോ തറയിൽ മുട്ടിക്കുകയോ ചെയ്യാൻ('ഡിപ്പിങ്') പാടുള്ളതല്ല. സൈനിക പതാകകളും മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പതാകകളും ബഹുമാനസൂചകമായി 'ഡിപ്' ചെയ്യാവുന്നതാണു്‌.

 

ചടങ്ങുകളിൽ ദേശീയപതാക ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോഴും പരേഡുകളിൽ പതാക കടന്നു പോകുമ്പോഴും അവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം എഴുന്നേറ്റ് പതാകയ്ക്കഭിമുഖമായി 'അറ്റൻഷനി'ൽ നിൽക്കേണ്ടതാണു്‌. യൂണിഫോമിൽ ഉള്ളവർ യഥോചിതമായി അഭിവാദ്യമർപ്പിക്കണം‌. ഒരു ഔദ്യോഗികാധികാരി അഭിവാദ്യം ചെയ്യുന്നതു ശിരോസ്തമില്ലാതെയായിരിക്കും. പതാകാവന്ദനം കഴിഞ്ഞാൽ ദേശീയഗാനാലാപനവും നടത്തണമെന്നുണ്ടു്‌.[3]

വാഹനങ്ങളിലെ പ്രദർശനം

തിരുത്തുക

വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ, ലഫ്റ്റനന്റ്‌ ഗവർണ്ണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, ഇന്ത്യൻ പാർലമന്റിലെയും സംസ്ഥാനനിയമസഭകളിലെയും ജൂനിയർ കാബിനറ്റ് അംഗങ്ങൾ, ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും സഭാദ്ധ്യക്ഷർ, രാജ്യസഭാ ചെയർമാൻ, നിയമനിർമ്മാണ സമിതി ചെയർമാൻ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങി ചുരുക്കം ചിലർക്കു മാത്രമേയുള്ളൂ.

ആവശ്യമെന്നു കണ്ടാൽ മേല്പ്പറഞ്ഞവർക്കൊക്കെ ഔദ്യോഗിക വാഹനങ്ങളിൽ ദേശീയപതാക യുക്തമായി ഉപയോഗിക്കാവുന്നതാണു്‌. കാറിന്റെ മുൻഭാഗത്തെ മൂടിക്കു പുറത്തു മദ്ധ്യത്തിലായോ മുൻഭാഗത്തു വലതുവശത്തായോ ദണ്ഡിൽ പിടിപ്പിച്ചു പതാക ബലമായി നാട്ടണം. ഏതെങ്കിലും അന്യരാജ്യത്തുനിന്നുള്ള വിശിഷ്ടവ്യക്തി സർക്കാർകാറിൽ യാത്ര ചെയ്യുകയാണെങ്കിൽ, ത്രിവർണ്ണപതാക വലതുവശത്തും ആ രാജ്യത്തിന്റെ പതാക ഇടതു വശത്തും പാറണം.

രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിദേശരാജ്യങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ, അവർ പോകുന്ന വിമാനത്തിൽ ദേശീയപതാക ഉപയോഗിക്കണം. ഒപ്പം, ആ രാജ്യത്തിന്റെ പതാകയാണു സാധാരണ ഉപയോഗിക്കേണ്ടതെങ്കിലും, യാത്രാമധ്യേ വേറെ ഏതെങ്കിലും രാജ്യങ്ങളിൽ വിമാനമിറങ്ങുകയാണെങ്കിൽ ഔദാര്യത്തിനുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാൻ അതതിടങ്ങളിലെ ദേശീയപതാകയായിരിക്കണം പകരം ഉപയോഗിക്കേണ്ടതു്‌. ഭാരതത്തിനുള്ളിലാണെങ്കിൽ, രാഷ്ട്രപതിയുടെ സന്ദർശനങ്ങളിൽ രാഷ്ട്രപതി കയറുന്ന അല്ലെങ്കിൽ ഇറങ്ങുന്ന ഭാഗത്തു ദേശീയപതാക പ്രദർശിപ്പിക്കണം. രാഷ്ട്രപതി രാജ്യത്തിനകത്തു പ്രത്യേക തീവണ്ടിയാത്ര ചെയ്യുമ്പോൾ, ഡ്രൈവറുടെ കാബിനിൽ നിന്നു തീവണ്ടി പുറപ്പെടുന്ന പ്ലാറ്റ്ഫോമിന്റെ വശം അഭിമുഖീകരിച്ചു പതാക പാറണം. തീവണ്ടി നിർത്തിയിട്ടിരിക്കുമ്പോഴും, ഏതെങ്കിലും സ്റ്റേഷനിൽ തങ്ങാനായി എത്തുമ്പോഴും മാത്രമേ ദേശീയ പതാക ഉപയോഗിക്കാവൂ.[3]

പതാക ഉയർത്തൽ

തിരുത്തുക
 
കേരളത്തിലെ അങ്കമാലിയിലെ ഒരു വിദ്യാലയത്തിൽ ദേശീയ പതാക ഉയർത്തിയിരിക്കുന്നു

രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുപ്രകാരം ദേശീയ ദുഃഖാചരണ വേളകളിൽ,ത്രിവർണ്ണ പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌.ഈ സമയത്ത് എന്നുവരെ ഈ സ്ഥിതി തുടരണമെന്നും രാഷ്ട്രപതി തന്റെ ഉത്തരവിൽ സൂചിപ്പിക്കാറുണ്ട്. പകുതി താഴ്ത്തിക്കെട്ടുന്ന വേളയിലും ചില ആചാര മര്യാദകൾ പാലിയ്ക്കേണ്ടതുണ്ട്; ആദ്യം പതാക മുഴുവനായി ഉയർത്തുന്നു, അതിനു ശേഷം മാത്രമേ സാവധാനം താഴേയ്ക്കിറക്കി പകുതിയിലെത്തിച്ച് കെട്ടാറുള്ളൂ. പകുതി താഴ്ത്തിക്കെട്ടിയ അവസ്ഥയിൽനിന്നും പതാക പൂർണ്ണമായും ഉയർത്തിയതിനു ശേഷം മാത്രമേ പതാക താഴെയിറക്കാവൂ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ നിര്യാണത്തിൽ അനുശോചിച്ചുള്ള ഔദ്യോഗിക ദുഃഖാചരണവേളയിൽ ഭാരതമൊട്ടുക്ക് ത്രിവർണ്ണപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ലോക്‌സഭാ സ്പീക്കർ,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർ മരിച്ചാൽ ദില്ലിയിൽ മുഴുവനും; കേന്ദ്രമന്ത്രിമാരുടെ നിര്യാണത്തിൽ ദില്ലിയിലും, ഓരോ സംസ്ഥാനങ്ങളുടേയും തലസ്ഥാനത്തും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ഏതെങ്കിലും സംസ്ഥാനത്തെ ഗവർണ്ണറോ മുഖ്യമന്ത്രിയോ മരിച്ചാൽ അതത് സംസ്ഥാനങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടാറുണ്ട്.

ഉച്ചയ്ക്ക് ശേഷമാണ്‌ മരണവിവരം ലഭിയ്ക്കുന്നതെങ്കിൽ തൊട്ടടുത്ത ദിവസം പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌. ആ ദിവസം പുലരുന്നതിനു മുൻപ് ശവസംസ്കാരം നടന്നിട്ടില്ലെങ്കിൽ മാത്രമേ ഇതു ചെയ്യാനാവൂ. സംസ്കാരസ്ഥലത്ത്, സംസ്കാരസമയത്ത് ആവശ്യമെങ്കിൽ പതാക താഴ്ത്തിക്കെട്ടാവുന്നതാണ്‌.

ഗണതന്ത്ര ദിനം(Republic Day), ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, ദേശീയവാരം (ഏപ്രിൽ 6 മുതൽ 13 വരെ) തുടങ്ങിയ ദേശീയാഘോഷവേളകളിൽ ദുഃഖാചരണം വന്നാൽ പതാക ഉയർത്തുന്നതിന്‌ പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. മൃതശരീരം ദർശനത്തിനു വച്ചിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുകളിൽ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി പ്രദർശിപ്പിക്കാവൂ. മൃതശരീരം കെട്ടിടത്തിൽ നിന്നും മാറ്റിയതിന്‌ ശേഷം ത്രിവർണ്ണ പതാക പൂർണ്ണമായും ഉയർത്തി പ്രദർശിപ്പിക്കേണ്ടതാണ്‌.

സൈനികരുടെ മരണാനന്തര ചടങ്ങുകളില് അവരോടുള്ള ആദരസൂചകമായി ശവപ്പെട്ടിയുടെ മുകളിലായി ദേശീയപതാക വിരിച്ചിടാറുണ്ട്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന ദേശീയപതാക മൃതദേഹത്തിന്റെ കൂടെ മറവുചെയ്യാനോ ചിതയില് ദഹിപ്പിയ്ക്കാനോ പാടില്ല.

നിർമാർജ്ജനം

തിരുത്തുക

തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജ്ജനം ചെയ്യണം. മണ്ണിൽ മറവു ചെയ്യണം.[3]

സമാന പതാകകൾ

തിരുത്തുക

ഇന്ത്യൻ ദേശീയപതാകയുമായി സാമ്യമുള്ള ഒന്നിലേറെ പതാകകളുണ്ട്. ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്. മുകളിൽ ഓറഞ്ച് മധ്യത്തിൽ വെള്ള താഴെ പച്ച എന്നിങ്ങനെയാണ് ഈ പതാകയുടെയും നിറവിന്യാസം. മധ്യത്തിൽ ഒരു വൃത്തവുമുണ്ട്. ഓറഞ്ച്, വെള്ള, പച്ച നിറങ്ങൾ ലംബമായി വിന്യസിച്ചിരിക്കുന്ന ഐവറികോസ്റ്റ്, അയർലണ്ട് എന്നീ രാജ്യങ്ങളുടെ ദേശീയപതാകൾക്കും ഇന്ത്യൻ പതാകയുമായി സാമ്യമുണ്ട്. അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ മയാമി നഗരത്തിന്റെ ഔദ്യോഗിക പതാകയുമായാണ് ഏറ്റവും സാദൃശ്യമുള്ളത് .

അടിക്കുറിപ്പുകൾ

തിരുത്തുക
  1. The current flag is an adaptation of Venkayya's original design, but he is generally credited as the designer of the flag.

അവലംബങ്ങൾ

തിരുത്തുക
  1. http://knowindia.gov.in/knowindia/national_symbols.php?id=5
  2. 2.0 2.1 2.2 2.3 2.4 Heimer, Željko (2006-07-02). "India". Flags of the World. Retrieved 2006-10-11. {{cite web}}: Check date values in: |date= (help)
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 "Flag Code of India" (PDF). Ministry of Home Affairs, Government of India. Archived from the original (PDF) on 2013-01-21. Retrieved 2012-08-14.
  4. 4.0 4.1 "National Flag of India". Funmunch.com. Archived from the original on 2010-01-28. Retrieved 2006-10-11.
  5. 5.0 5.1 "The National Flag". Indian National Congress. 2004-06-16. Archived from the original on 2008-12-24. Retrieved 2006-10-11. {{cite web}}: Check date values in: |date= (help)
  6. 6.0 6.1 6.2 6.3 "Flag code of India, 2002". Fact Sheet. Press Information Bureau, Government of India. 2002-04-04. Retrieved 2006-10-11. {{cite web}}: Check date values in: |date= (help)
  7. 7.0 7.1 7.2 Vattam, Shyam Sundar (2004-06-15). "Why all national flags will be 'Made in Hubli'". Deccan Herald. Retrieved 2006-10-11. {{cite news}}: Check date values in: |date= (help)
  8. 8.0 8.1 Ganapati, Priya (2002-01-25). "Dhanesh Bhatt: India's only licensed Tricolour maker". Rediff.com. Retrieved 2006-10-11. {{cite news}}: Check date values in: |date= (help)
  9. 9.0 9.1 "ദേശീയ പതാക : അനാദരം പാടില്ല" (പത്രലേഖനം). മലയാള മനോരമ. ആഗസ്റ്റ് 14, 2014. Archived from the original on 2014-08-14. Retrieved ആഗസ്റ്റ് 14, 2014. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |10= (help)
  10. "Union of India vs. Navin Jindal". Supreme Court of India. Archived from the original on 2004-12-24. Retrieved ജൂലൈ 1, 2005.
  11. "വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക നാളെ ഉയർത്താം". Retrieved 2022-08-12.
  12. (2004) 2 SCC 510
  13. "Now wear the Indian tricolour, not below belt". Hindustan Times tabloid. Archived from the original on 2007-09-30. Retrieved 2006-10-11.
  14. "No national flag on underwear". Daily Times of Pakistan. Archived from the original on 2012-12-21. Retrieved 2006-10-11.

ഇവയും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ത്യയുടെ_ദേശീയപതാക&oldid=4114487" എന്ന താളിൽനിന്ന് ശേഖരിച്ചത്