മെസപ്പൊട്ടേമിയ

(മെസപ്പൊട്ടാമിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യപൂർവേഷ്യയിലെ യൂഫ്രട്ടിസ്, ടൈഗ്രിസ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ്‌ മെസപ്പൊട്ടേമിയ. ആധുനിക ഇറാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, സിറിയയുടെ വടക്കു കിഴക്കൻ‍ പ്രദേശങ്ങളും, തുർക്കിയുടെ തെക്കു കിഴക്കൻ ഭൂഭാഗങ്ങളും ഇറാന്റെ തെക്കൻ പ്രദേശങ്ങളും ഇതിൽപ്പെ‍ടുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ നാഗരികതകൾ ഉടലെടുത്തത് മെസപ്പൊട്ടേമിയയിലാണ്. സുമേറിയർ, ബാബിലോണിയർ, അസീറിയർ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ സാമ്രാജ്യങ്ങളുടെ കേന്ദ്രമായിരുന്നു മെസപ്പൊട്ടേമിയ.

പൗരാണികമെസപ്പൊട്ടേമിയയുടെ ഭൂപടം

രേഖാമൂലമുള്ള ചരിത്രത്തിന്റെ തുടക്കം മുതൽ (ബി.സി. 3100) ഹഖാമനി സാമ്രാജ്യം മൂലമുണ്ടായ ബാബിലോണിന്റെ പതനം വരെ (ബി.സി. 539) മെസൊപ്പൊട്ടേമിയയിൽ സുമേറിയക്കാരും അക്കാദിയക്കാരും, അസീറിയക്കാരും, ബാബിലോണിയക്കാരും ആധിപത്യം പുലർത്തി. ബി.സി.ഇ 332 -ൽ മെസപ്പൊട്ടേമിയ അലക്സാണ്ടർ ചക്രവർത്തിക്ക് കീഴിലായി. അദ്ദേഹത്തിന്റെ മരണശേഷം അത് ഗ്രീക്ക് സെല്യൂക്കിഡ് സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. പിന്നീട് മെസപ്പൊട്ടേമിയയുടെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ അരാമിയക്കാർ ആധിപത്യം സ്ഥാപിച്ചു.[1][2]

150 ബി.സി.ഇ യോടടുത്ത് മെസപ്പൊട്ടേമിയ പാർത്തിയൻ സാമ്രാജ്യത്തിനു കീഴിലായി. മെസപ്പൊട്ടേമിയക്കുവേണ്ടി റോമക്കാർക്കും പാർത്തിയക്കാർക്കുമിടയിൽ യുദ്ധങ്ങൾ നടക്കുകയും പടിഞ്ഞാറൻ മെസപ്പൊട്ടേമിയ കുറച്ചുകാലത്തേക്ക് റോമൻ നിയന്ത്രണത്തിലാവുകയും ചെയ്തു. 226 സി.ഇ-യിൽ മെസൊപ്പൊട്ടേമിയയുടെ കിഴക്കൻ പ്രദേശങ്ങൾ സസാനിഡ് പേർഷ്യയുടെ അധീനതയിലായി. ബൈസന്റൈൻ, സസാനിഡ് സാമ്രാജ്യങ്ങൾ തമ്മിലുള്ള മെസൊപ്പോട്ടേമിയയുടെ വിഭജനം ഏഴാം നൂറ്റാണ്ടിൽ സസാനിയൻ പേർഷ്യയെ റാഷിദീയ ഖിലാഫത്ത് കീഴടക്കുന്നതു വരെ നീണ്ടുനിന്നു. ഹത്ര, ഒസ്റോയിൻ, അഡിയോബെൻ എന്നിവയുൾപ്പെടെയുള്ള കുറച്ച് നവ അസീറിയൻ, ക്രിസ്ത്യൻ മെസപ്പൊട്ടേമിയൻ രാജ്യങ്ങൾ ബി.സി.ഇ ഒന്നാം ശതകത്തിനും സി.ഇ മൂന്നാം ശതകത്തിനുമിടയിൽ നിലനിന്നിരുന്നു

പേരിനു പിന്നിൽ തിരുത്തുക

ഗ്രീക്കു ഭാഷയിൽ 'മെസോ'(μέσος) എന്നാൽ 'മധ്യം' എന്നും 'പൊട്ടേമിയ'(ποταμός) എന്നാൽ 'നദി' എന്നുമാണർത്ഥം. രണ്ടു നദികൾക്കു മദ്ധ്യത്തിലുള്ള ഭൂപ്രദേശമായതിനാലാണ്‌ ഇടയാർ‍ എന്ന അർത്ഥമുള്ള മെസപ്പൊട്ടേമിയ എന്ന പേരു് ഈ ഭൂപ്രദേശത്തിനു് ലഭിച്ചത്. ഗ്രീക്ക് പദം, അരമായഭാഷയിൽ നിന്നും പദാനുപദ തർജ്ജിമയാണെന്നും അരമായ പദം തന്നെ ബിരിത് നരീം എന്ന അക്കാദിയൻ പദത്തിന്റെ തർജ്ജിമയാണെന്നും കരുതപ്പെടുന്നു. മെസൊപ്പൊട്ടേമിയ എന്ന പേരു അതിനും മുമ്പു തന്നെ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവ് ദി അനാബാസിസ് ഓഫ് അലക്സാണ്ടർ എന്ന കൃതിയിൽ നിന്ന് ലഭ്യമാണ്. ഈ കൃതി സി.ഇ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതിയതാണെങ്കിലും ഇതിന്റെ മൂലസ്രോതസ്സ് അലക്സാണ്ടറിന്റെ കാലത്തേതാണ്. അനാബാസിസിൽ, വടക്കൻ സിറിയയിലെ യൂഫ്രട്ടീസിന് കിഴക്കുള്ള ഭൂമിയെ മെസൊപ്പൊട്ടേമിയ എന്നു വിളിച്ചിരുന്നു. പിന്നീട്, മെസൊപ്പൊട്ടേമിയ എന്ന പദം യൂഫ്രട്ടീസിനും ടൈഗ്രീസിനും ഇടയിലുള്ള എല്ലാ പ്രദേശങ്ങളേയും കുറിക്കാനുപയോഗിച്ചു. ഈ പ്രയോഗം സിറിയയുടെ ഭാഗങ്ങൾ മാത്രമല്ല, ഇറാഖിൻ്റെ മിക്ക ഭാഗങ്ങളും തെക്കുകിഴക്കൻ തുർക്കിയുടെയും ഭാഗങ്ങളും മെസപ്പൊട്ടേമിയയിൽ ഉൾപ്പെടുത്തി.[3]

ഭൂമിശാസ്ത്രം തിരുത്തുക

യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾക്കിടയിലുള്ള ഭൂപ്രദേശമാണ് മെസപ്പൊട്ടേമിയ. അർമേനിയയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈ രണ്ടുനദികളും ഉത്ഭവിക്കുന്നത്.[4]

ചരിത്രം തിരുത്തുക

ആയിരക്കണക്കിനു വർഷങ്ങളുടെ ദൈർഘ്യമുള്ള മെസപ്പൊട്ടേമിയൻ കാലഘട്ടത്തെ പൊതുവേ രണ്ടായി തിരിക്കാം. ചരിത്രാതീതകാലമെന്നും ചരിത്രകാലമെന്നും. എഴുത്തുവിദ്യ നിലവിൽ വരുന്നതിന് മുമ്പുള്ളതാണ് ചരിത്രാതീതകാലം. അന്നത്തെ മെസപ്പൊട്ടേമിയയെ പറ്റി കാര്യമായ അറിവുകളൊന്നുമില്ല. അതിൽത്തന്നെ ബി.സി.6500 വരെയുള്ള കാലം തികച്ചും ഇരുളടഞ്ഞതാണ്.

സുമേറിയർ തിരുത്തുക

ബി.സി. 3000-നോടടുത്ത് സുമേറിയരാണ് ലോകത്തെ ആദ്യത്തെ യഥാർത്ഥ നാഗരികതകൾ വികസിപ്പിച്ചത്.[5]

അസീറിയൻ സാമ്രാജ്യം തിരുത്തുക

ആദ്യകാലത്ത് വളരെ ചെറിയ രാജ്യമായിരുന്നു അസീറിയ. ഇന്നത്തെ വടക്കന് ഇറാഖും തുറ്ക്കിയുടെ ഭാഗവും ചേർന്ന പ്രദേശമായിരുന്നു ഇത്. മണലാരണ്യ ദേവനായ അശൂറിന്റെ പേരിലുള്ള അശൂറ് പട്ടണമായിരുന്നു ആദ്യ തലസ്ഥാനം.

ബി.സി. 1365-ല് അശൂർബാലിറ്റ് ഒന്നാമൻ രാജാവായതോടെയാണ് അസീറിയ വളർന്ന് തുടങ്ങിയത്. അസീറിയയ്ക്കു വടക്കുള്ള ചില പ്രദേശങ്ങൾ കീഴടക്കി അദ്ദേഹം രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു.

പഞ്ചാംഗവും സമയവും തിരുത്തുക

മെസൊപ്പൊട്ടേമിയക്കാർ വളരെ പണ്ടു മുതലേ പഞ്ചാംഗം ഉണ്ടാക്കിയിരുന്നു. സുമേറിയക്കാരാണ് ആദ്യത്തെ പഞ്ചാംഗം ഉണ്ടാക്കിയത്. ചന്ദ്രനെ അടിസ്ഥാനമാക്കിയ ചാന്ദ്രപഞ്ചാംഗമായിരുന്നു അത്. ഈ പഞ്ചാംഗത്തിൽ 29 ഉം 30 ഉം ദിവസം വീതമുള്ള 12 മാസങ്ങളായി വർഷ‍ത്തെ വിഭജിച്ചു. കറുത്തപക്ഷത്തിനു ശേഷം ചന്ദ്രൻ ദൃശ്യമാകുന്നതോടെയാണ് ഓരോ മാസവും തുടങ്ങിയിരുന്നത്. സുമേറിയൻ പഞ്ചാംഗത്തിൽ ഒരു വറ്ഷം ആകെ 354 ദിവസങ്ങളാണ് ഉണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു പഞ്ചാംഗത്തിന്റെ പ്രധാന കുഴപ്പം. ഈ പ്രശ്നം ആദ്യം പരിഹരിച്ചത് ബാബിലോണിയക്കാരായിരുന്നു. അവർ മൂന്നു വറ്ഷത്തിലൊരിക്കൽ ഒരു അധികമാസം-പതിമൂന്ന് മാസം ചേറ്ത്ത സുമേറിയൻ പഞ്ചാംഗം പരിഷ്കരിച്ചു. പിന്നീട്, കാൽഡി‍യരാണ് പഞ്ചാംഗത്തിൽ ഏഴു ദിവസങ്ങളുള്ള ആഴ്ച ക്രമീകരിച്ചത്. == മതവും ജ്യോതിഷവും

സംഭാവനകൾ തിരുത്തുക

എഴുത്തുവിദ്യ തിരുത്തുക

മെസപ്പൊട്ടാമിയയിലെ എഴുത്തുവിദ്യ ക്യൂണിഫോം എന്നാണു അറിയപ്പെടുന്നത്. അവരുടെ ലിപികൾക്കു ആപ്പിന്റെ (Wedge) ആകൃതിയായിരുന്നു. മണ്ണ് കുഴച്ചുണ്ടാക്കിയ ചെറുഫലകങ്ങളുടെ മിനുസമുള്ള പ്രതലത്തിലാണ് അവർ എഴുതിയിരുന്നത്. കൂർത്ത മുനയുള്ള എഴുത്താണി ഉപയോഗിച്ച് എഴുതിയതിനു ശേഷം ഉണക്കിയെടുക്കുകയായിരുന്നു ചെയ്തത്.

പുറം കണ്ണികൾ തിരുത്തുക

  1. Liverani, Mario (December 4, 2013). The Ancient Near East. p. 549.
  2. Saggs, Henry William Frederick (1984). The Might That Was Assyria. p. 128. ISBN 0-283-98961-0.
  3. Foster, Benjamin R.; Polinger Foster, Karen (2009), Civilizations of ancient Iraq, Princeton: Princeton University Press, ISBN 978-0-691-13722-3
  4. "Euphrates River | Definition, Location, & Facts | Britannica".
  5. സാമുവൽ ക്രാമർ - Cradle of Civilization (1969) - p11
"https://ml.wikipedia.org/w/index.php?title=മെസപ്പൊട്ടേമിയ&oldid=4069686" എന്ന താളിൽനിന്ന് ശേഖരിച്ചത്