ഗംഗാ ഡോൾഫിൻ

(സുസു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗംഗാ നദിയിലും ബ്രഹ്മപുത്രാ നദിയിലും കണ്ടുവരുന്ന ശുദ്ധജല ആറ്റേടി ആണ് സുസു അഥവാ ഗംഗാ ഡോൾഫിൻ[2] (ശാസ്ത്രീയനാമം:Platanista gangetica gangetica). ഈ സസ്തനി ഇന്ത്യയുടെ ദേശീയ ജലജീവിയാണ്[3]. കടുത്ത വംശനാശം നേരിടുന്നതാൽ ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ കുറിച്ചിരിക്കുന്ന സുസുവിനെ ലോകത്തിൽ ഏറ്റവും മനുഷ്യ സാന്ദ്രതയേറിയ പ്രദേശത്ത് ജീവിക്കുന്ന ഡോൾഫിനായി ഡബ്ല്യു.ഡബ്ല്യു.എഫ്. കണ്ടെത്തിയിട്ടുണ്ട്[4]. വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം ഒന്നാമത്തെ പട്ടികയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ജീവിയാണ് സുസു. പരക്കെ സുസു എന്നാണ് വിളിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ പ്രത്യേകിച്ച് കിഴക്കേ ഇന്ത്യയിൽ ഇവയെ ഹിഹു എന്നും വിളിക്കാറുണ്ട്. ശുദ്ധജലവാസികളായി ലോകത്ത് കണ്ടെത്തിയിട്ടുള്ള മൂന്ന് ഡോൾഫിനുകളിൽ ഒന്നാണ് സുസു. ചൈനയിലെ യാങ്സീ നദിയിൽ ഉള്ള ഒരു വംശം ([[യാങ്സീ നദീ ഡോൾഫിൻ), ആമസോണിൽ കാണപ്പെടുന്ന ശുദ്ധജല ഡോൾഫിൻ, ഗംഗയിലെ ഡോൾഫിൻ എന്നിവയാണവ. യാങ്സീ ഡോൾഫിനുകൾ അത്യന്തം അപകടകരമാം വിധത്തിൽ എണ്ണക്കുറവ് നേരിടുന്നു. യാങ്സീ ഡോൾഫിനുകൾ ഇന്ന് മനുഷ്യർ സൃഷ്ടിച്ചിട്ടുള്ള സംരക്ഷിത പ്രദേശത്താണ് നിലനിൽക്കുന്നത്. അസം സംസ്ഥാനത്തിന്റേയും ദേശീയ ജലജീവി സുസുവാണ്. സുസുവിന്റെ സഹോദരജാതി ശുദ്ധജല ഡോൾഫിനുകൾ സിന്ധുനദീ പ്രദേശത്തുണ്ട്.

സുസു

ഇന്ത്യയുടെ ദേശീയ ജലജീവി

Ganges and Indus river dolphin size.svg
Size comparison against an average human
Scientific classification
Kingdom:
Phylum:
Class:
Subclass:
Order:
Suborder:
Superfamily:
Family:
Platanistidae

Gray, 1846
Genus:
Platanista

Wagler, 1830
Species:
P. gangetica
Binomial name
Platanista gangetica
(Lebeck, 1801); (Roxburgh, 1801)
Subspecies

Platanista gangetica gangetica
Platanista gangetica minor

Cetacea range map Indus and Ganges River Dolphin 2.png
Ranges of the Ganges River Dolphin and of the Indus River Dolphin

പ്രത്യേകതകൾതിരുത്തുക

 
സുസു

സുസുവിന്റെ വായയുടെ ഭാഗം മെലിഞ്ഞ് നീണ്ടിരിക്കുന്നത് പ്രത്യേകം എടുത്തറിയാൻ കഴിയും. ബലമേറിയ വലിയ ചിറകുകളാണുണ്ടാവുക, ഉദരഭാഗം വട്ടത്തിലായിരിക്കും. കണ്ണിൽ മറ്റുജീവികളെ പോലെ കാചം ഉണ്ടാകാറില്ല, ഇക്കാരണം കൊണ്ട് ഇവയെ അന്ധഡോൾഫിൻ എന്നു വിളിക്കാറുണ്ടെങ്കിലും, വെളിച്ചം തിരിച്ചറിയാനുള്ള കാഴ്ചയുണ്ടെന്നതാണ് വസ്തുത. കടുത്ത ചെളി നിറഞ്ഞ നദിയിലെ ജലത്തിൽ കണ്ണുകൊണ്ട് കാര്യമായ ഉപയോഗവുമില്ല[5]. ഇരയെ കണ്ടെത്താനായി ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി ശ്രദ്ധിച്ചു (Echolocation system) മനസ്സിലാക്കാനുള്ള സങ്കീർണ്ണമായ സംവിധാനം ഈ ജീവികളിൽ വികസിച്ചിട്ടുണ്ട്. ചിറകുകൾ നിലത്തു കുത്തി വശങ്ങളിലേയ്ക്ക് സഞ്ചരിക്കുന്ന സ്വഭാവമുണ്ട്. സാധാരണ ഭക്ഷണം കണ്ടെത്താൻ സുസു ഇത്തരത്തിൽ വശങ്ങളിലേയ്ക്ക് നീങ്ങുന്നു. പെൺജീവികൾക്ക് ആൺജീവികളേക്കാളും വലിപ്പമുണ്ടാകും. ആൺജീവികൾക്ക് ഏകദേശം 2.2 മീറ്റർ നീളമുണ്ടാകുമ്പോൾ പെൺജീവികൾക്ക് 2.4 മീറ്റർ നീളം വരെയുണ്ടാകും. പൂർണ്ണവളർച്ചയെത്തിയ ജീവികൾക്ക് ചാരനിറമാണുണ്ടാവുക, കുട്ടികൾക്ക് കൂടുതൽ ഇരുണ്ട നിറമുണ്ടാകുന്നതാണ്. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് കുട്ടികളുണ്ടാവുക. ഒമ്പതു പത്ത് മാസമാണ് ഗർഭകാലം.

അന്തരീക്ഷവായു ശ്വസിക്കുന്ന ഈ ജീവിയുടെ ശ്വാസോച്ഛ്വാസത്തിനുള്ള ദ്വാരം തലയ്ക്കു മുകളിലായി നിലകൊള്ളുന്നു. രണ്ട് മുതൽ മൂന്നു മിനിറ്റിനുള്ളിൽ ജലോപരിതലത്തിൽ പൊന്തിവന്ന് ശ്വാസമെടുക്കും. അപ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ നിന്നാണ് സുസു എന്ന പേരുണ്ടായത്. ദേശാടന സ്വഭാവമുണ്ടെന്നു പറയപ്പെടുന്നെങ്കിലും കാര്യമായ അറിവൊന്നുമില്ല. എന്നിരുന്നാലും ജലനിരപ്പ് ഉയരുമ്പോൾ ഒഴുക്കിനെതിരെയും ജലനിരപ്പ് താഴുമ്പോൾ താഴേയ്ക്കും സഞ്ചരിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.

ആവാസവ്യവസ്ഥതിരുത്തുക

ഗംഗ, ബ്രഹ്മപുത്ര നദികളിൽ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ പ്രദേശങ്ങളിലാണ് സുസുവിനെ കാണുന്നത്. ഏതാനം ചില മറ്റു നദികളിലും ഇവ ഉള്ളതായി പറയപ്പെടുന്നുണ്ട്[5]. യമുനയിൽ 1967-ലാണ് അവസാനമായി കണ്ടത്[6]. പാകിസ്താനിലെ ബിയാസ്, സത്‌‌ലജ് നദികളിൽ സഹോദരജാതിയായ സിന്ധുനദീ ഡോൾഫിനെ കണ്ടുവരുന്നു. ചെളിനിറഞ്ഞ അടിത്തട്ടുള്ള പ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. സർക്കാരിന്റെ കണക്കു പ്രകാരം 4000 മുതൽ 5000 വരെ സുസുക്കൾ ഉണ്ടാകാനിടയുണ്ട്[5]. ഗംഗയിലും ബ്രഹ്മപുത്രയിലുമായി ഗംഗാ ഡോൾഫിനുകൾ രണ്ടായിരത്തിൽ താഴെ എണ്ണം മാത്രം അവശേഷിക്കുന്നുവെന്നാണ് ഡബ്ല്യു.ഡബ്ല്യു.എഫിന്റെ കണക്ക്[4]. എന്നാലിതും വളരെ കൂടുതലാണെന്നും 200 എണ്ണം മാത്രമേ ഉണ്ടാവാനിടയുള്ളുവെന്നും വാദിക്കുന്നവരുമുണ്ട്.

പ്രാധാന്യംതിരുത്തുക

നദികളിലെ ഭക്ഷ്യശൃംഖലയിൽ ഏറ്റവും മുകളിലുള്ള ജീവിയാണ് സുസു[3]. അതുകൊണ്ട് സുസുവിന്റെ അതിജീവനത്തിനു ശുദ്ധമായ ആവാസവ്യവസ്ഥ ആവശ്യമാണ്. മറ്റു ജീവജാലങ്ങളിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും സുസുവിനെ ദോഷകരമായി ബാധിക്കുന്നതാണ്. സുസുവിന്റെ സംരക്ഷണം ഉറപ്പാക്കപ്പെട്ടാൽ നദിയുടേയും മറ്റ് നദീജീവികളുടേയും സംരക്ഷണമുറപ്പാക്കപ്പെടും. ഇതുകൊണ്ട് പലപ്പോഴും സുസുവിനെ കടുവയുമായി താരതമ്യപ്പെടുത്താറുണ്ട്. സുസുവിനെ ദേശീയ ജലജീവിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടന്ന ആശയവിനിമയത്തിൽ ഈ ജീവി ഗംഗയിൽ പണ്ടത്തേതു പോലെ തിരിച്ചെത്തിയാൽ അത് ഗംഗ ശുദ്ധമായതിന്റെ തെളിവാകും എന്ന് ഇന്ത്യയുടെ പരിസ്ഥിതി-വനം മന്ത്രിയായ ജയറാം രമേശ് പറഞ്ഞിട്ടുണ്ട്[7].

വംശനാശഭീഷണിതിരുത്തുക

കടുത്ത വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഗംഗാ ഡോൾഫിനുകൾ. ഡബ്ല്യു.ഡബ്ല്യു.എഫിന്റെ കണക്കനുസരിച്ച് ഇവയുടെ എണ്ണത്തിൽ വർഷം പത്ത് ശതമാനം കുറവുണ്ടാകുന്നു. ഗംഗയിൽ നിന്നു തന്നെ വർഷം 130 മുതൽ 160 വരെ എണ്ണത്തെ വേട്ടയാടുന്നുണ്ടെന്നു കരുതുന്നു[7]. ഐ.യു.സി.എൻ. 1996 മുതൽ ഈ ജീവികളെ വംശനാശഭീഷണി നേരിടുന്നവയായി അടയാളപ്പെടുത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ പഞ്ചസാര ഫാക്റ്ററികളിൽ നിന്നും പുറംതള്ളുന്ന വിഷാംശമുള്ള മലിനജലവും, പ്രദേശത്തെ നൂൽനൂൽക്കൽ കേന്ദ്രങ്ങളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങളും നേരിട്ട് ഗംഗാ നദിയിലേയ്ക്കാണ് വരുന്നത് ഇത് ഡോൾഫിനുകൾക്ക് ഏറ്റവും ദോഷകരമായി ഭവിക്കുന്നു. ഗംഗാനദിയ്ക്കു കുറുകെ പണിഞ്ഞിരിക്കുന്ന അമ്പതിലധികം അണക്കെട്ടുകളും ഡോൾഫിനുകളെ പ്രതികൂലമായി ബാധിക്കുന്നു. ഗംഗയിൽ നിമഞ്ജനം ചെയ്യുന്ന വിഗ്രഹങ്ങളും ഇവയ്ക്ക് വളരെ ദോഷം ചെയ്യുന്നു. 1990-കളിൽ കളിമണ്ണിൽ നിർമ്മിച്ച, കൃത്രിമമല്ലാത്ത വർണ്ണങ്ങൾ പൂശിയിരുന്ന വിഗ്രഹങ്ങളായിരുന്നു നിമഞ്ജനം ചെയ്തിരുന്നത്, എന്നാലിന്നവ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച കൃത്രിമ വർണ്ണങ്ങൾ പൂശിയവയാണ്[8].

ഇന്ത്യയുടെ ദേശീയ ജലജീവിതിരുത്തുക

ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോൾഫിൻ. 2009 ഒക്ടോബർ 5-നാണ് കേന്ദ്രസർക്കാർ ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. നാഷണൽ ഗംഗാ റിവർ ബേസിൻ അതോറിറ്റിയുടെ ആദ്യ യോഗത്തിലാണ് ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയാക്കണം എന്ന നിർദ്ദേശം വച്ചത്. 2009 മുതൽ ആസാമിന്റെ ദേശീയ ജലജീവിയും ഈ ഡോൾഫിനാണ്.[2]

അവലംബംതിരുത്തുക

  1. Smith, B. D. and G. T. Braulik (2008). "Platanista gangetica". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 14 December 2008. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link) Database entry includes justification for why this species is endangered
  2. 2.0 2.1 "പഠിപ്പുര, ഹായ് ഡോൾഫിൻ". മനോരമ ദിനപത്രം. 2013 സെപ്റ്റംബർ 18. ശേഖരിച്ചത് 2013 സെപ്റ്റംബർ 20. Check date values in: |accessdate= and |date= (help)
  3. 3.0 3.1 Aarti Dhar (5 ഒക്ടോബർ 2009). "River dolphin is India's national aquatic animal" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത് 11-10-2009. Check date values in: |accessdate= (help)
  4. 4.0 4.1 "A blind dolphin in one of the world's most densely populated area" (ഭാഷ: ഇംഗ്ലീഷ്). WWF. ശേഖരിച്ചത് 11-10-2009. Check date values in: |accessdate= (help)CS1 maint: unrecognized language (link)
  5. 5.0 5.1 5.2 "The Ganga" (ഭാഷ: ഇംഗ്ലീഷ്). National Informatics Center. ശേഖരിച്ചത് 11-10-2009. Check date values in: |accessdate= (help)CS1 maint: unrecognized language (link)
  6. R.K. Sinha (2002). "Time running out for Ganga dolphins?" (ഭാഷ: ഇംഗ്ലീഷ്). സ്വച്ഛ് ഗംഗ. ശേഖരിച്ചത് 11-10-2009. Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help); Check date values in: |accessdate= (help)CS1 maint: unrecognized language (link)
  7. 7.0 7.1 "Ganga dolphin declared national aquatic animal" (ഭാഷ: ഇംഗ്ലീഷ്). Newkerala.com. 5 ഒക്ടോബർ 2009. ശേഖരിച്ചത് 11-10-2009. Check date values in: |accessdate= (help)
  8. IANS (6 ഒക്ടോബർ 2009). "Environmentalists hail 'national' status to Ganga dolphin (Lead)" (ഭാഷ: ഇംഗ്ലീഷ്). Thaindian.com. ശേഖരിച്ചത് 11-10-2009. Cite has empty unknown parameter: |coauthors= (help); Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=ഗംഗാ_ഡോൾഫിൻ&oldid=3669430" എന്ന താളിൽനിന്ന് ശേഖരിച്ചത്