ഹൈറദ്ദീൻ ബാർബറോസ

(Hayreddin Barbarossa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാറാം നൂറ്റാണ്ടിലെ ഓട്ടൊമൻ നാവിക സൈന്യത്തിന്റെ അതി പ്രഗൽഭനായ ഒരു സൈന്യാധിപനാണ് ഹൈറദ്ദീൻ ബാർബറോസ (Arabic: خير الدين بربروس‎, romanized: Khayr ad-Din Barbarus).ഹിസ്ർ എന്നതാണ് ഇദ്ദേഹത്തിൻറെ യഥാർത്ഥനാമം. ഇദ്ദേഹത്തിൻറെ മതമൂല്യം കണക്കിലെടുത്ത് ചില ഇസ്ലാം ആത്മീയ സന്യാസികൾ 'വിശ്വാസത്തിൻറെ നന്മ’ എന്നർത്ഥം വരുന്ന ഖൈർ-അൽ-ദീൻ (ഹൈറദ്ദീൻ) എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഹിസ്ർ ഹൈറദ്ദീൻ പാഷ, ഹിസ്ർ റയീസ് തുടങ്ങിയ ഔദ്യോദിക നാമങ്ങളിലും ഇദ്ദേഹം അറിയപ്പെടുന്നു. . ഓട്ടോമൻ നാവിക സേനക്ക് മെഡിറ്ററേനിയൻ കടലിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത് ഹൈറദ്ദീൻ ബാർബറോസയുടെ നേതൃത്വത്തിൽ നടന്ന യുദ്ധങ്ങളിലാണ്. 1538ൽ യൂറോപ്യൻ സഖ്യസേനയുമായി നടന്ന പ്രിവേസ യുദ്ധത്തിൽ തുർക്കികൾ നേടിയ നിർണ്ണായക വിജയം ഇദ്ദേഹത്തിന്റെ നേതൃപാടവം കാരണമായിരുന്നു.[1]

ഖൈർ അൽ ദീൻ ബാർബറോസ്സ
ഖൈറുദ്ദീൻ ബാർബറോസയുടെ ഛായാചിത്രം
Nicknameബാർബറോസ (ചുവന്ന താടിക്കാരൻ)
ഹൈറദ്ദീൻ
ഹിസ്ർ റയീസ്
ജനനംc. 1478
ലെസ്ബോസ്, ഓട്ടോമൻ സാമ്രാജ്യം
മരണം4 ജൂലായ് 1546 (വയസ്സ് 67–68)
ബുയുക്ദേരെ, സരിയാസ്, ഓട്ടോമൻ സാമ്രാജ്യം
ദേശീയത ഓട്ടോമൻ സാമ്രാജ്യം
വിഭാഗം ഓട്ടോമൻ നാവിക സേന
ജോലിക്കാലംc. 1500–1545
പദവിസമുദ്രാധിപതി

ഉത്തര ഏഷ്യൻ നാവിക ഇതിഹാസമായ കുഞ്ഞാലി മരക്കാർക്ക് സമാനമായ ജീവചരിത്രമാണ് ബാർബറോസ്സയിൽ ദർശിക്കാനാവുക എന്നത് കൗതുകകരമായ വസ്തുതയാണ്. (൧)

1466 - 1478 മിദ്‌ലിയിൽ (ലെസ്ബോസ്) ജനനം.[2] അൽബേനിയൻ വംശജനായ യാകോബ് ആഗ് പിതാവും, ഗ്രീക്ക് വംശജ കാതറീന മാതാവുമാണ്. 1462 ഇൽ ജെനുഎസെ ഗത്തിലൂസിയോ രാജവംശത്തിൽ നിന്നും മിദ്‌ലി ഓട്ടോമൻ സേന പിടിച്ചെടുത്തു. ഈ യുദ്ധത്തിൽ ഓട്ടോമൻ സിപായി ആയിരുന്ന യാക്കൂബിന് ആദര സൂചകമായി ബോനോവ ഗ്രാമാധികാരം ലഭിച്ചു. ഈയിടം കേന്ദ്രമാക്കി കച്ചവടം ആരംഭിച്ച യാക്കോബ് സമുദ്രവ്യാപാരത്തിലേക്കും ശ്രദ്ധപതിപ്പിച്ചു. രണ്ട് പെണ്മക്കളുൾപ്പെടെ ആറ് സന്താനങ്ങൾ. അറൂജ്, ഹിസ്ർ, ഇസ്ഹാക്, ഇല്യാസ് എന്നീ നാല് ആൺ സന്താനങ്ങളും പിതാവിനെ കച്ചവടത്തിൽ സഹായിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ നല്ല നാവികന്മാരായ യാക്കോബിൻറെ നാല് മക്കളും രാജ്യാന്തര ചരക്ക് നീക്കങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ചു പ്രസിദ്ധരായി. അനറ്റോളിയ, സിറിയ, ഈജിപ്ത് കച്ചവട യാത്രകൾ അറൂജ്' ഇല്യാസ് എന്നിവർ നിയ്രന്തിച്ചപ്പോൾ ഈജിയൻ കടൽ കേന്ദ്രീകരിച്ചായിരുന്നു ഹിസ്റിന്റെ പ്രവർത്തനം. സാമ്പത്തിക ചുമതലകളായിരുന്നു ഇസ്ഹാൿ നിർവ്വഹിച്ചിരുന്നത്.

സമർത്ഥനായ ഒരു നാവികനായിരുന്നു ചുവന്ന താടിക്കാരൻ (ബാർബറോസ) എന്ന വിളിപ്പേരുള്ള അറൂജ്. ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ഗ്രീക്ക്, അറബിക്, ടർക്കിഷ് തുടങ്ങി നിരവധി ഭാഷകൾ അസാമാന്യ കൈകാര്യം ചെയ്യാൻ ഇദ്ദേഹത്തിനാകുമായിരുന്നു. കച്ചവട സാധ്യതകൾ പരമാവധി മുതലെടുക്കാനുള്ള സാമർഥ്യം ഇദ്ദേഹത്തിന് കൈമുതലായിരുന്നു. ട്രിപ്പോളിയിലേക്കും, ലെബനാനിലേക്കും കച്ചവട സാധ്യതകൾ വികസിപ്പിക്കാൻ അറൂജിനായി. ഇത് പലപ്പോഴും സംഘർഷങ്ങൾക്ക് വഴി മരുന്നിട്ടു മെഡിറ്റേറിയൻ കടൽ തങ്ങൾക്ക് ദൈവിക ദത്തമായി ലഭിച്ചതാണെന്നു വിശ്വസിച്ചിരുന്ന റോഡ്സിലെ സെൻറ് ജോൺ പടയാളികൾ തങ്ങളുടേതല്ലാത്ത കപ്പലുകൾ ആക്രമിക്കുകയും ചരക്കുകൾ കൈവശപ്പെടുത്തുകയും പതിവായിരുന്നു. നൈറ്റ് ഹോസ്പിറ്റലറുടെ ശക്തമായ ആക്രമണങ്ങൾക്ക് സഹോദരങ്ങളുടെ ചരക്ക് നൗകകൾ പലപ്പോഴും ഇരയായി. ട്രിപ്പോളിയിൽ നിന്നും മടങ്ങി വരവെ യാക്കൂബിൻറെ ചരക്ക് കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഇല്യാസ് അടക്കം നിരവധി പേർ കൊല്ലപ്പെട്ടു. കപ്പലുകൾ പിടിച്ചെടുത്ത റോഡ്‌സ് സൈന്യം ഗുരുതര പരിക്ക് പറ്റിയ അറൂജിനെ ബോദ്റൂമിലെ സെൻറ് പീറ്റർ കോട്ടയ്ക്കുള്ളിൽ തടവിലടച്ച് അതി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കി.

 
ബോദ്‌റൂം കോട്ട

യാക്കോബിന്റെ കുടുംബത്തിനേറ്റ മാരക പ്രഹരമായിരുന്നു ഇത് കപ്പലുകളും ചരക്കുകളും സമ്പത്തും നഷ്ടപ്പെട്ട കുടുംബത്തിൻറെ നേടും തൂണായി ഹിസ്ർ. മാറി. നഷ്ടങ്ങൾ നികത്തി കുടുംബത്തെ മുന്നോട്ട് നയിക്കുന്നതോടൊപ്പം തൻറെ സഹോദരന്മാരെ കുറിച്ചുള്ള അന്വേഷണത്തിലും അദ്ദേഹം മുഴുകി, മൂന്ന് വർഷം നീണ്ട പ്രയത്നത്തിനൊടുവിൽ അതി സുരക്ഷിതമായ സെന്റ് പീറ്റർ തടവറയിൽ അറൂജ് ഉണ്ടെന്ന വിവരം ലഭിച്ചു. പോരാട്ട രംഗത്തേക്കുള്ള ഹിസ്റിന്റെ പ്രവേശനം ഇവിടം മുതൽക്കാണ്. ബോഡ്റൂമിലെ രഹസ്യനീക്കത്തിലൂടെ അറൂജിനെ ഹിസ്ർ മോചിപ്പിച്ചു.

സഹോദരൻറെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന ലക്ഷ്യത്തിൽ ഇരു സഹോദരന്മാർ എത്തി ചേർന്നു. അതി ശക്തമായ സെൻറ് ജോൺ ശക്തിയെ വെല്ലിവിളിക്കാൻ ഓട്ടോമൻ സഹായം തേടാൻ അവർ തീരുമാനിച്ചു. മുസ്ലിം സ്പെയിനിലെ അവസാന ശക്തി കേന്ദ്രമായിരുന്ന ഗ്രാനാഡയും സ്പാനിഡേഴ്സ് പിടിച്ചെടുത്തതോട് കൂടി വലിയ തോതിൽ മുസ്ലിം അഭയാർത്ഥി പ്രവാഹത്തിന് മെഡിറ്റേറിയൻ സാക്ഷ്യം വഹിച്ചു. സ്പെയിനിൽ നിന്നും ഉത്തര ആഫ്രിക്കയിലേക്ക് അധീശത്വം വ്യാപിപ്പിക്കാനുള്ള പോർച്ചുഗീസ്- സ്പാനിഡേയ്സ്- ഇറ്റാലിയൻ ശ്രമത്തിന് വിലങ് തടിയിടാൻ ഓട്ടോമൻ സൈന്യം തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് സഹായം വാഗ്‌ദാനം ചെയ്തുള്ള അറൂജിൻറെ കടന്ന് വരവ്. തങ്ങളുടെ നാവിക ശക്തിയും, നൈപുണ്യവും സഹോദരന്മാർ വാഗ്‌ദാനം ചെയ്തു. ഇതംഗീകരിച്ച ഓട്ടോമൻ രാജകുമാരനും, അനറ്റോളിയൻ ഗവർണ്ണരുമായ ഷെഹ്സാദെ കോർകുത് 18 പടക്കപ്പലുകൾ നൽകി പോരാട്ടത്തിന് ഊർജ്ജം പകർന്നു. പോർച്ചുഗീസ്, സ്പാനിഷ്, ഇറ്റാലിയൻ വാണിജ്യ കപ്പലുകളെ ആക്രമിച്ചു ശ്രദ്ധ തിരിച്ചു ഉത്തരാഫ്രിക്കയിലേക്കുള്ള അവരുടെ ആഗമനത്തിന് തടയിടുക എന്നതായിരുന്നു കോർക്ക് മുന്നോട്ട് വെച്ച തന്ത്രം

കാലങ്ങൾക്കുള്ളിൽ മനിസയിലെ ഗവർണ്ണർ ആയി സ്ഥാനമേറ്റെടുത്ത കോർക്കുത് 24 വലിയ പടക്കപ്പലുകൾ അറൂജിനും സംഘത്തിനും നൽകി. മെഡിറ്റേറിയൻ കടലിലുള്ള ഇറ്റാലിയൻ ആക്രമണങ്ങൾക്ക് തിരിച്ചടിയേകാൻ ഉത്തരവ് നൽകി. ഓട്ടോമൻ നാവിക സേനയുടെ ഭാഗമായി അപുലിയ ആക്രമിച്ച അറൂജ് നിരവധി കോട്ടകൾ തകർത്ത് കപ്പലുകൾ പിടിച്ചെടുത്തു. 'ഈവിയ'യിൽ വെച്ച് മൂന്ന് പടക്കപ്പലുകളും ഒരു ചരക്കുകപ്പലും കൂടി അധീനതയിലാക്കി വിജയ ശ്രീലാളിതരായി വന്ന അറൂജിനെ കാത്തിരുന്നത് രാജകുടുംബത്തിലെ അധികാര തർക്കത്തെ തുടർന്ന് കോർക്കുത്ത് പാലായനം ചെയ്ത വാർത്തയായിരുന്നു. ഇതിനകം സാൻഡ് ജോൺ സേനയ്ക്ക് പുറമെ ഇറ്റാലിയൻ- സ്പാനിഷ് പടക്കപ്പലുകളുടെയും നോട്ടപ്പുള്ളിയായി അറൂജ് മാറിയിരുന്നു.

ജെർബ ദ്വീപ് താവളമാക്കി കച്ചവടം പുനരാരംഭിച്ച അറൂജ് ആക്രമണ പ്രത്യാക്രമണങ്ങൾക്ക് നേതൃത്വം നൽകി. ഓട്ടോമൻ നാവിക സേനയുമായുള്ള സഹകരണം അവസാനിപ്പിച്ച് സ്വന്തമായി കപ്പലുകളെ ആക്രമിക്കാൻ അറൂജ് ആരംഭിച്ചു. ടുണീഷ്യൻ സുൽത്താൻ അബു അബ്ദുല്ല മുഹമ്മദ് ഹാമിസിന്റെ സഹായത്തോടെ പോരാട്ടങ്ങൾ വ്യാപിപ്പിക്കാൻ സഹോദരങ്ങൾക്കായി

യാക്കോബ് സഹോദരങ്ങളെ കടൽകൊള്ളക്കാരായി ഇറ്റലിയും, സ്പെയിനും പ്രഖ്യാപിച്ചു. എന്നാൽ ഇതര യൂറോപ്യൻ രാജ്യങ്ങൾക്ക് അറൂജിന്റെ അക്രമണമേൽക്കേണ്ടി വന്നിട്ടില്ലാത്തതിനാൽ അറൂജിനെതിരായ നീക്കത്തിന് വ്യാപക പിന്തുണ ലഭിച്ചില്ല. അക്രമണങ്ങൾക്ക് പ്രത്യാക്രമണം നടത്തുമെന്നും കപ്പലുകൾ പിടിച്ചെടുത്ത് ചരക്കുകൾ കൈവശപ്പെടുത്തിയാൽ തിരിച്ചും അത് തന്നെ ചെയ്യുമെന്നുമായിരുന്നു എതിരാളികളോടുള്ള അറൂജ് സഹോദരങ്ങളുടെ ഭീഷണി. ആക്രമണ പ്രത്യാക്രമണങ്ങളായി ഇവ നീണ്ടു പോയി. സഹോദരന്മാർക്ക് തന്നെയായിരുന്നു പോരാട്ട മേധാവിത്യം. ഒട്ടനേകം കപ്പലുകൾ പിടിച്ചെടുക്കാൻ ഇവർക്കായി. എല്ബ, ലിപാരി എന്നിവിടങ്ങളിലെല്ലാം അക്രമണങ്ങൾ സംഘടിപ്പിച്ചു. 380 സ്പാനിഷ് പോരാളികളെയും 80 വിശുദ്ധ യോദ്ധാക്കളെയും വഹിച്ചുള്ള സ്പാനിഷ് പടക്കപ്പൽ പിടിച്ചെടുത്ത സംഭവം സഹോദരങ്ങളുടെ പോരാട്ട വീര്യം വ്യക്തമാക്കുന്നു.

 
കിഴക്കൻ മെഡിറ്റേറിയൻ 1450

1509 ഇൽ ഇസഹാക്കും തൻറെ സഹോദരങ്ങൾക്കൊപ്പം ചേർന്ന്. സ്പെയിനിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികളെ സഹായിക്കാനുള്ള ഉദ്യമത്തിനിറങ്ങി. സ്പാനിഷ് വിശുദ്ധ യോദ്ധാക്കളെ തടയിട്ട് കൊണ്ട് പാലായനം ചെയ്യുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു നൽകാനും, സ്വത്ത് വകകൾ സംരക്ഷിക്കാനും സഹോദരങ്ങൾ കൈയ്യും മെയ്യും മറന്ന് പ്രവർത്തിച്ചു. ബാബാ അറൂജ് (അറൂജ് പിതാവ്) എന്ന് സ്പാനിഷ് മുസ്ലിങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു. ഒരു ഭാഗത്ത് ആദരവ് നേടുമ്പോൾ മറുഭാഗത്ത് ഭീതിയും വിതച്ചിരുന്നു അറൂജ്, ഇറ്റാലിയൻ- ഫ്രാൻസ് -സ്പാനിഷ് ക്രൂസിഡിഷുകൾ ഭയത്തോടെ ബാർബറോസ്സ (ചുവന്ന താടിക്കാരൻ) എന്നദ്ദേഹത്തെ വിശേഷിപ്പിച്ചു. 1510- 1515 കാല ഘട്ടത്തിൽ നിരവധി ഇതിഹാസ വിജയങ്ങൾ കരസ്ഥമാക്കാൻ സഹോദരങ്ങൾക്കായി സിസിലിയിലെ തീര പ്രദേശങ്ങൾ, കാപെ പാസിറൊ, ഉത്തര ഇറ്റലിയിലെ രെജ്ജു കലാബ്രിയ, ആന്തലൂസിയൻ തീരങ്ങൾ, വലെസിയ, സാർഡീനിയ, ബലെയാരിച് ദ്വീപ്, സ്പാനിഷ് ഭൂമികൾ, ജിനോയിസ് അധീനതയിലുള്ള ജിയേൽ എന്നിവ ആക്രമിക്കുകയും ബോഗി തിരിച്ചു പിടിക്കാൻ സ്പെയിൻ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു ഈ യുദ്ധത്തിൽ അറൂജിന് തൻറെ കരം നഷ്ടപ്പെട്ടു. തുടർന്ന് വെള്ളി കൊണ്ടുള്ള കൃതിമ കൈ വെച്ച് പിടിപ്പിച്ച അറൂജിന് തത്ഫലമായി ജുമുശ് കോൾ (വെള്ളി കൈയ്യൻ) എന്ന വിളിപ്പേരും ലഭിച്ചു.

ജെനോവ ആക്രമിച്ചു കപ്പലുകൾ പിടിച്ചെടുത്ത അറൂജ് മെനോർകയിലെ തീര കോട്ട കീഴടക്കിയ ശേഷം ലിഗോറിയ, ലഗുലേറ്റ എന്നീ പ്രദേശങ്ങളും ആക്രമിച്ചു. ഒരു മാസത്തിനുള്ളിൽ 23 കപ്പലുകളും വെടിമരുന്ന് സംഭരണികളും പിടിച്ചെടുക്കാൻ സഹോദര സംഘത്തിനായിരുന്നു. തുടർന്ന് മാലഗ, ചെയൂറ്റ എന്നിവിടങ്ങൾ ആക്രമിച്ചു നിരവധി കപ്പലുകൾ പിടിച്ചെടുത്തു. കനത്ത പോരാട്ടത്തിലൂടെ ജിയേൽ, മഹ്ദിയ എന്നീ പ്രദേശങ്ങൾ അധീനതയിലാക്കി. ഓട്ടോമൻ സുൽത്താൻ സലിമിൻറെ നിർദേശാനുസരണം ഓട്ടോമൻ നാവിക സേനാപതി കുർതോഗുവിനോടൊപ്പം ചേർന്ന് എൽബ കോട്ട ഉപരോധത്തിൽ സഹോദരന്മാർ പങ്കാളികളായി. 1516 ഇൽ സ്പാനിയാർഡ്സ് അനുകൂലികളിൽ നിന്നും ജിജെൽ, അൾജിയേഴ്സ് എന്നീ പ്രവിശ്യകൾ പിടിച്ചെടുക്കാൻ മൂവർ സഹോദരങ്ങൾക്കായി. അൾജിയേസിൽ നിന്നും പെന്നിയോനിലേക്ക് പലായനം ചെയ്ത സ്പാനിയാർട്സുകൾ സ്പൈൻ-റോമൻ രാജാവ് ചാൾസ് അഞ്ചാമനോട് അൾജിയേഴ്സിൽ അധിനിവേശം നടത്തി സഹോദര സംഘങ്ങളെ ഇല്ലായ്മ ചെയ്യാൻ അഭ്യർത്ഥിച്ചു. തുടർന്ന് സ്പൈനിന്റെ കപ്പൽ പട ആ ദൗത്യമേറ്റെടുത്തെങ്കിലും വിജയിക്കാനായില്ല.

അൾജീയെസിന്റെ ഭരണാധികാരിയായി അറൂജ് സ്വയ പ്രഖ്യാപനം നടത്തി, ഇൻലാൻഡ്, മിലാന, മദിയ്യ , ടെന്നിസ് എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് അധികാര പ്രവിശ്യാ വിപുലീകരണം നടത്തി. ഓട്ടോമൻ സാമ്രാജ്യത്തിൻറെ പ്രവിശ്യയായി തൻറെ പ്രദേശത്തെ അംഗീകരിക്കണമെന്ന് സുൽത്താൻ സലിം ഒന്നാമനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് അൾജിയെസിനെ ഓട്ടോമൻ സഞ്ചക് (പ്രവിശ്യ) ആയി സുൽത്താൻ അംഗീകരിക്കുകയും, അറൂജിനെ അൾജിയേസ് ഗവർണറായും, പടിഞ്ഞാറൻ മെഡിറ്റേറിയൻ കടലിൻറെ സ്ഥാനപതിയായും നിയമിച്ചു കൊണ്ടുള്ള ഉത്തരവിറക്കുകയും ചെയ്തു.[3] സ്പൈൻ പക്ഷപാതി 'ത്ലംസൻ' അധികാരി അബു സയൻ അൽജിയെസിനെ കീഴ്പ്പെടുത്താനായി ഒരുക്കങ്ങൾ നടത്തുന്നതറിഞ്ഞ അറൂജ് ത്ലംസൻ ആക്രമിച്ചു കീഴടക്കി

1518 മെയ് മാസം ചാൾസ് അഞ്ചാമൻ ഇരുപത്തിനായിരത്തിലേറെ വരുന്ന ബൃഹത് സൈന്യവുമായി ഒറാൻ പ്രവിശ്യയിൽ തമ്പടിച്ചു കൊണ്ട് ത്ലംസൻ അക്രമിക്കുച്ചു, 6500 സൈനികരുമായി പ്രതിരോധിച്ചുവെങ്കിലും ഇരുപത് ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ അറൂജ്ഉം സഹോദരൻ ഇഷ്ഹാക്കും വധിക്കപ്പെട്ടു. അറൂജിന്റെ മരണാനന്തരം ഹിസ്റിനെ തത്‌സ്ഥാനത്ത് പ്രതിഷ്ഠിച്ച 'സുൽത്താൻ സലിം' അൾജിയേഴ്സ് ബെയ്‌ലർ ബേ (മുഖ്യ ഗവർണ്ണർ) എന്ന സ്ഥാന ബഹുമതി നൽകി കൊണ്ട് സൈനികർ, കപ്പൽ, പീരങ്കികൾ അടക്കമുള്ള ആയുധ ശേഖരങ്ങൾ എന്നിവയാൽ പുതു നായകനെ പുഷ്ടിപ്പെടുത്തി. അറൂജിന്റെ വിളിപ്പേരായ ബാർബറോസ്സ ചാർത്തപ്പെട്ട ഹിള്ർ സഹോദരൻറെ ലക്ഷ്യങ്ങൾ സാധൂകരിക്കാനുള്ള പോരാട്ട ഗോദയിലേക്ക് തുനിഞ്ഞിറങ്ങി.

 
പതിനാറാം നൂറ്റാണ്ടിലെ അൾജിയേസ്

ആദ്യകാല പോരാട്ടങ്ങൾ

തിരുത്തുക

1518 ഡിസംബറിൽ അരങ്ങേറിയ കഠിന യുദ്ധത്തിലൂടെ ത്ലംസെൻ തിരിച്ചു പിടിച്ച ബാർബറോസ്സ ആന്തലൂസിയയിലെ മുസ്ലിം അഭയാർത്ഥികളെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ തുടർന്നും വ്യാപൃതനായി. അൾജിയേഴ്സ് ആക്രമിക്കാൻ വന്ന ഇറ്റാലിയൻ സ്പാനിഷ് സൈന്യങ്ങളെ പരാജയപ്പെടുത്തി. സ്പാനിഷ് പ്രവിശ്യ ബോൺ ആക്രമിച്ചു കീഴ്പ്പെടുത്തി. 1519 -30 കാലയളവിൽ ടൂളാൻ, ഇൽഡിയെഹ്, ബാലിയാറിക് ദ്വീപ്, സാർഡീനിയ, ക്രൊതോനി, കേപ് സ്പാർട്ടിവെന്റോ, മെസ്സീന തുറമുഖം, ടസ്കനി തുടങ്ങിയ നിരവധി ഇറ്റാലിയൻ- സ്പാനിഷ്- ഫ്രാൻസ് പ്രവിശ്യകളിൽ നിരന്തര ആക്രമണങ്ങൾ സംഘടിപ്പിക്കാനും നിരവധി കപ്പലുകൾ പിടിച്ചെടുക്കാനും, കോട്ടകളും , തുറമുഖങ്ങളും ആയുദശേഖരങ്ങളും നശിപ്പിക്കുവാനും ഹിസ്റിന്റെ സൈന്യത്തിനായി. സ്പെയിനിന്റെ മെഡിറ്റേറിയൻ തീരങ്ങളിൽ നിരന്തര അക്രമങ്ങൾ സംഘടിപ്പിച്ച ബാർബറോസ്സ പെന്നിയോൻ കോട്ട പിടിച്ചെടുക്കുകയും സ്പൈൻ പ്രവിശ്യകളിൽ കുടുങ്ങി കിടന്ന 70000 ലേറെ വരുന്ന മുസ്ലിം അഭയാർത്ഥികളെ രക്ഷപ്പെടുത്തുകയും ചെയ്തു. [4]

1530- 36 സിസിലി, മാർസേയ്, ലിഗ്വേറിയ, പ്യുമ്ബിനോ, ഫാവിഗ്നാന ദ്വീപ്, കംപീനിയ, കപ്രി, പ്രോചിദ, ഗൾഫ് ഓഫ് നൈപിൽസ്, ലാറ്റ്സിയോ, സ്പിർലോൻഗ, ഫോണ്ടി , ടെറിചീന , ഓസ്റ്റിയ എന്നിവിടങ്ങളിലെ സൈനിക വ്യാപാര കേന്ദ്രങ്ങൾ നിരന്തരം ആക്രമിച്ച ബാർബറോസ്സ കബ്രേറ, കോറൺ, പാട്രസ്, ലേപാന്റൊ, ടുണീഷ്യ എന്നീ കേന്ദ്രങ്ങൾ പിടിച്ചെടുത്തു. കബ്രേറ കോട്ട കേന്ദ്രമാക്കി സൈനിക നീക്കങ്ങൾ നടത്തി. പെന്നിയോൻ തിരിച്ചു പിടിക്കാൻ വന്ന വിഖ്യാത നാവിക സേനാധിപൻ ആന്ദ്രേ ഡോറിയയുടെ നാവിക സൈന്യത്തെ തുരത്തി

ബാർബറോസ്സയുടെ സൈനിക നീക്കങ്ങളിൽ പിടിച്ചു നിൽക്കാൻ നിൽക്കക്കള്ളിയിലായതായതോടെ ചാൾസ് രാജാവ് വലിയ വാഗ്‌ദാനങ്ങളുമായി ദൂതയച്ചു. ഓട്ടോമൻ പക്ഷത്ത് നിന്നും മാറി തങ്ങളുടെ കൂടെ നിൽക്കുകയോ നിക്ഷ്പക്ഷത പാലിക്കുകയോ ചെയ്‌താൽ ഉത്തര ആഫ്രിക്കയുടെ ആധിപത്യം പൂർണ്ണമായി നൽകാമെന്നതായിരുന്നു പ്രലോഭനം അല്ലാത്ത പക്ഷം കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.[5] ബാർബറോസ്സ ഇത് നിരസിക്കുകയാണുണ്ടായത്. തുടർന്ന് ടുണീഷ്യ തിരിച്ചു പിടിക്കാൻ 300 പടക്കപ്പലുകളിലായി വന്ന 24000 ഇറ്റാലിയൻ- സ്പാനിഷ് സംയുക്ത സൈന്യത്തെ പരാജയപ്പെടുത്തി കൊണ്ട് ഹൈറദ്ദീൻ തൻറെ നിലപാട് വ്യക്തമാക്കി.

1536 ഇൽ സുൽത്താൻ സുലൈമാൻ ബാർബറോസയെ ഇസ്താംബൂളിയ്ക്ക് വിളിപ്പിച്ചു നേപ്പിൾസ് കീഴടക്കുവാനുള്ള സുപ്രധാന ദൗത്യം ഏൽപ്പിച്ചു. 200 കപ്പലുകൾ ഉപയോഗിച്ച് നടത്തിയ വൻ സൈനിക നീക്കത്തിലൂടെ 1537 ഇൽ ഓത്രന്തോ കീഴടക്കി. പിന്നാലെ കാസ്ട്രോ, ഉജെന്തോ നഗരങ്ങളും ഓട്ടോമൻ ആധിപത്യത്തിൻ കീഴിലാക്കി

1537 ല്തഫി പാഷയുമായി ചേർന്ന് നടത്തിയ പടയോട്ടത്തിലൂടെ ഈജിയൻ -ലോണിയൻ ദ്വീപുളും ബാർബറോസ്സ കീഴടക്കി. പോപ് പോൾ മൂന്നാമൻറെ നിർദേശാനുസരണം ഓട്ടോമൻ സേനക്കെതിരായി സ്പൈൻ- റോമൻ- സാമ്രാജ്യം, പേപ്പൽ രാഷ്രങ്ങൾ, വൈനീസ്, മാൾട്ടൻ പോരാളികൾ എന്നിവർ യോജിച്ചു കൊണ്ട് ഹോളി ലീഗ് എന്ന സഖ്യ സേന രൂപീകരിച്ചു. 1538 ഇൽ അതി പ്രശസ്തനായ നാവിക സേനാപതി ആന്ദ്രേ ഡോറിയയുടെ കീഴിൽ ഹോളി ലീഗ് സഖ്യ സേന ഓട്ടോമൻ സാമ്രാജ്യത്തെ ആക്രമിക്കാൻ പുറപ്പെട്ടു. മെഡിറ്റേറിയൻ കടലിൽ ഉണ്ടായ ഗംഭീര യുദ്ധത്തിൽ ഓട്ടോമൻ നാവിക സേനയെ നയിച്ചത് ബാർബറോസ്സ ആയിരുന്നു. പായ്കപ്പലുകൾക്ക് പകരം തുഴകൾ ഉള്ള പടയോടങ്ങൾ ഉപയോഗിച്ചായിരുന്നു ബാർബറോസായുടെ ആക്രമണം. കാറ്റധികം ലഭ്യമാകാത്ത സ്ഥലങ്ങൾ പാഴ്ക്കപ്പലുകളെക്കാൾ വേഗതയും,ഗതിമാറ്റലും തുഴ ഉപയോഗിച്ചാൽ കിട്ടുമെന്ന തന്ത്രമായിരുന്നു ഇതിന് പിറകിൽ(൨). ഹോളി ലീഗിനെ നാമാവേശമാക്കി കൊണ്ട് ഓട്ടോമൻ സാമ്രാജ്യം വെന്നി കോടി പാറിച്ചു. 300 വമ്പൻ പടക്കപ്പലുകൾക്കെതിരെ 122 കപ്പലുകൾ ഉപയോഗിച്ചായിരുന്നു ഈ വിജയം നേടിയത്. ബാർബറോസ്സയുടെ പോരാട്ട മികവ് ചരിത്ര താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടാൻ ഈ യുദ്ധം നിമിത്തമായി. ദീർഘ കാലം മെഡിറ്റേറിയൻ കടലിലെ അപ്രമാണിത്യം നില നിർത്താൻ തുർക്കിയെ ഈ യുദ്ധം സഹായിച്ചു.ഈ വിജയത്തോടെ ട്രിപ്പോളിയും കിഴക്കൻ മെഡിറ്ററേറിയൻ പ്രദേശങ്ങളും ഓട്ടോമൻ സാമ്രാജ്യ ഭാഗമായി തീർന്നു.

 
ബാർബറോസ്സ സുൽത്താൻ സുലൈമാൻറെ ദർബാറിൽ

അവസാന ഘട്ട പടയോട്ടങ്ങൾ

തിരുത്തുക

പ്രിവേസയിലെ ഗംഭീര സൈനിക വിജയത്തെ തുടർന്ന് സുൽത്താൻ സുലൈമാൻ ബാർബറോസയെ ഓട്ടോമൻ നാവിക സേനയുടെ മുഖ്യ സേനാധിപൻ (കപ്താൻദെര്യ) ഉത്തര ആഫ്രിക്കയുടെ ബെയ്‌ലർ ബേ എന്നീ നിയമനങ്ങൾ നൽകി ആദരിച്ചു. ഈ കാലയളവിൽ തന്നെ ഫ്രാൻസുമായി അനുരഞ്ജനം നടത്തി നയതന്ത്ര കാര്യാലയങ്ങൾ തുറക്കുവാനും, സൈനിക നീക്കങ്ങളിൽ പരസ്പര സഹകരണം ഉറപ്പ് വരുത്തുവാനും ബാർബറോസ്സ മുൻകൈ എടുത്തത് നയതന്ത്ര നീക്കങ്ങളിൽ അദ്ദേഹത്തിൻറെ പ്രാവീണ്യം പ്രശംസിക്കപ്പെടുവാൻ നിദാനമായി.[6] ജെനോസിസിൽ നിന്നും ;ഡ്യൂക് ഓഫ് സാവയ്' തിരിച്ചു പിടിക്കാനുള്ള ഫ്രാൻസ് നാവിക സൈന്യ നീക്കം ഫലം കാണാതെ വന്നപ്പോൾ ഫ്രാൻസിസ് രാജാവ് ഓട്ടോമൻ സേനയുടെ സഹായം തേടുകയും ബാർബറോസ്സയുടെ ശക്തമായ സൈനിക സഹായത്താൽ ഫ്രാൻസ് 'ഡ്യൂക് ഓഫ് സാവയ്' തിരിച്ചു പിടിക്കുകയും ചെയ്തു. തുടർന്ന് സർ പട്ടം നൽകി ഫ്രാൻസ് ബാർബറോസയെ ആദരിച്ചു. സർ ഹൈറുദ്ദീൻ എന്നദ്ദേഹം ഫ്രാൻസിൽ വിശേഷിപ്പിക്കപ്പെട്ടു .


1539-40 സ്കിയതോസ്, സ്കിറോസ്, ആന്ദ്രോസ്, സിരിഫോസ് എന്നീ ദ്വീപുകളും കാസ്റ്റിൽനൊവൊ, കാസ്റ്റിൽറിസൻ എന്നീ കോട്ടകളും, ലോണിയൻ - ഈജിയൻ കടലുകളിലെ ഹോളി സൈനിക സഖ്യത്തിൻറെ നാവിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. കത്താറോ, സാന്താ വെനിരന്ത കോട്ടകൾ തകർത്തു. നിൽക്കകള്ളിയില്ലാതായതോടെ വൈനീസ് ഹോളി സൈനിക സഖ്യത്തിൽ നിന്നും പിന്മാറി. ഓട്ടോമൻ മേധാവിത്യം അംഗീകരിച്ചു. ഓട്ടോമൻ നാവിക ശക്തിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ട ചാൾസ് അഞ്ചാമൻ ഒരിക്കൽ കൂടി ബാർബറോസയെ വലയിലാക്കുവാനുള്ള തന്ത്രങ്ങൾ മിനഞ്ഞു. സ്പാനിഷ് സേനയുടെ സർവ്വ സൈന്യാധിപ സ്ഥാനവും, നോർത്ത് ആഫ്രിക്കയുടെ ഭരണവും തലത്തിൽ വെച്ചു നൽകിയെങ്കിലും ആ വമ്പൻ മോഹ വാഗ്ദാനവും ബാർബറോസ്സ തിരസ്കരിച്ചു. മുസ്ലിം സ്പൈൻ കീഴടക്കി കൂട്ടക്കൊല നടത്തിയ സ്പാനിഷ് സാമ്രാജ്യത്തോടുള്ള യുദ്ധവും , അവിടങ്ങളിലെ അഭയാർത്ഥികളെ സഹായിക്കലും അധികാരത്തിൻറെ ഭാഗമായല്ല, വിശ്വാസത്തിൻറെ ഭാഗമായാണെന്നും സ്പാനിയാർഡുകൾ അക്രമം അവസാനിപ്പിക്കാത്ത കാലത്തോളം അത് തുടരുമെന്നുമുള്ള തൻറെ നയവും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 1541- ചാൾസ് അഞ്ചാമൻ നേരിട്ട് നയിച്ച വൻ സൈനിക സഖ്യം അൾജിയേഴ്സ് ഉപരോധത്തിന് തുനിഞ്ഞെങ്കിലും പരാജയപ്പെട്ട് മടങ്ങി.

സൈനിക സഹകരണത്തിൻറെ പേരിൽ ഫ്രാൻസ് സഹായം അഭ്യർത്ഥിച്ചതോടെ 1543 ഇൽ ഓട്ടോമൻ സുൽത്താൻ ബാർബറോസ്സയുടെ കീഴിൽ 210 കപ്പലുകളും 30000 സൈനികരുമുൾക്കൊള്ളുന്ന വലിയ ഒരു നാവിക സൈന്യത്തെ ഫ്രാൻസിന്റെ സഹായത്തിനായി അയച്ചു നൽകി. മെസ്സീന കടലിടുക്കിലെ സഞ്ചാരത്തിനിടെ പേപ്പൽ രാഷ്ട്രത്തിൽ ഉൾപ്പെട്ട റെജിയൊ കലാബ്രിയയിൽ നിന്നും നിന്നും നേരിട്ട ആക്രമണത്തിൽ അരിശം പൂണ്ട ബാർബറോസ്സ അവിടം ആക്രമിച്ചു പിടിച്ചടക്കി. അടുത്തടുത്ത ദ്വീപുകൾ ആക്രമിച്ചു ടൈബർ നഗരത്തിൻറെ പടിവാതിൽക്കലിലേക്ക് ബാർബറോസ്സയുടെ സൈന്യം കടന്നു ചെന്നു. പേപ്പൽ രാഷ്ട്രങ്ങളുടെയും, പോപ്പിൻറെയും ആസ്ഥാനമായ റോമിന്റെ കവാടത്തിനരികിലേക്ക് ബാർബറോസ്സ എത്തിയതോടെ റോം ഓട്ടോമൻ സൈന്യം നിക്ഷ്പ്രയാസം കീഴടക്കുമെന്ന സ്ഥിതി സംജാതമായി. പരിഭ്രാന്തനായ പോപ്പ് ഫ്രാൻസിൻറെ അഭയം തേടി. പ്രശ്നത്തിലിടപ്പെട്ട ഫ്രാൻസ് റോം ആക്രമണത്തിൽ നിന്നും പിന്മാറി നീസ് പിടിച്ചെടുക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും, അഭ്യർത്ഥന സ്വീകരിച്ച സുൽത്താൻ സുലൈമാൻ ബാർബറോസ്സയോട് പിന്തിരിയാൻ ഉത്തരവ് നൽകുകയും ചെയ്തു. റോമൻ- ബ്രിട്ടീഷ് സേനകളുമായി എതിരിട്ട് നീസ് ഉപരോധത്തിൽ പങ്കാളിയായി വിജയ ശ്രീലാളിതനായ ബാർബറോസ്സ തൻറെ പോരാട്ടവീര്യം ഒന്ന് കൂടി ഉറപ്പിച്ചു. വ്യാമോഹമായിരുന്ന നീസ് പട്ടണ അധികാരം ഓട്ടോമൻ സൈനിക സഹകരണത്തിലൂടെ ഫ്രാൻസിന് കീഴിലായി.

ആന്റിബ്സ്, സൈന്റ്റ് മാർഗേറിയറ്റ്, ലീഗുവേറിയൻ തുറമുഖങ്ങൾ, മോനക്കോ, ല തുർബി, സ്പൈൻ തീരങ്ങൾ, സാന്ററെമോ, ബോർഗെത്തോ, സാന്തോ സ്പിരിറ്റോ, ചെറിയാലെ, എന്നിവ ആക്രമിച്ച ശേഷം ജനീവ വളഞ്ഞ ബാർബറോസ്സ ജീനോസിസ് തടവിലാക്കിയ ഓട്ടോമൻ നാവികൻ തുർഗുത് റയീസിനെ വിട്ടയച്ചില്ലെങ്കിൽ ജനീവ നഗരം ചാമ്പലാക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ ആന്ദ്ര ഡോറിയ്യ ബാർബറോസയെ ചർച്ചകൾക്ക് ക്ഷണിക്കുകയും ഇരു നാവിക സേനാധിപന്മാരും നടത്തിയ മധ്യസ്ഥയിൽ തുർഗുത്ത് മോചിപ്പിക്കപ്പെടുകയും ചെയ്തു. ജെനീവൻ നഗരങ്ങൾ അക്രമിക്കാതിരിയ്ക്കാൻ വലിയ മോചന ദ്രവ്യവും പിന്നീട് ജെനോസീസുകൾ ബാർബറോസ്സയ്ക്ക് കൊടുത്തയച്ചു. തുടർന്ന് എൽബ്ബയിലെത്തിയ ബാർബറോസ്സ സ്പാനിയാർട്സുകൾ പത്ത് വർഷമായി തടവിലിട്ടിരിക്കുന്ന സിനാൻ റയീസിന്റെ മകനെ വിട്ടയക്കണമെന്നും അല്ലാത്ത പക്ഷം നഗരം അക്രമിക്കുമെന്നും ഭീഷണി മുഴക്കി. തടവുകാരൻ മോചിതനായതോടെ എൽബയിൽ നിന്നും മടങ്ങിയ ഹിസ്ർ കാസ്റ്റിലിയോൻ ഡെല പിസ്ക്കായ, തലമോൻ, ഓർബിത്താലോ, മോന്തിയാനൊ, പോർത്തോ എർക്കോലി, ഫോറിയോ, പോർച്ചിദ ദ്വീപ്, കറ്റൊന, ഫ്യുമാറ, കലാന്ന, കറിയാത്തി, ലീപരി എന്നീ പ്രദേശങ്ങൾ കീഴടക്കി 1545 ഇൽ ഇസ്താംബൂളിലേക്ക് തിരിച്ചെത്തി.

സുൽത്താന്റെ നിർദ്ദേശ പ്രകാരം വീണ്ടും തൻറെ അവസാന നാവിക ദൗത്യത്തിന് ഹിസ്ർ സന്നദ്ധമായി. സ്പാനിഷ് പ്രധാന പട്ടണങ്ങളെ നിലം പരിശാക്കിയ ആക്രമണങ്ങൾ ഈ പടയോട്ട കാലത്തുണ്ടായി . മയോർക്ക , മിനോർക്ക പട്ടണങ്ങൾ കീഴടക്കി ഇസ്താംബൂളിലേക്ക് തിരിച്ചെത്തിയ ബാർബറോസ്സ ബോസ്ഫറസ്സിലെ കൊട്ടാരത്തിൽ വിശ്രമജീവിതം നയിച്ചു.

 
ബാർബറോസ്സ ഉപയോഗിച്ചിരുന്ന പടയോടം മാതൃക 1543

തൻറെ മകൻ ഹസ്സൻ പാഷയെ അൾജിയേസിന്റെ ഭരണ പിന്തുടർച്ചാവകാശിയാക്കി പ്രഖാപിച്ചു 1545 ഇൽ ബാർബറോസ്സ ഔദ്യോദിക ജീവിതത്തിൽ നിന്നും വിരമിച്ചു. ആധ്യാത്മിക രംഗത്ത് ശിഷ്ടകാലം കഴിച്ചു കൂട്ടിയ ബാർബറോസ്സ ഈ കാലയളവിൻ മുറാദി സിനാനുമായി തൻറെ ജീവ ചരിത്രം പങ്ക് വെക്കുകയും പിന്നീട് അഞ്ചു വാള്യങ്ങളിലായി ഗസവത് ഹൈറുദ്ധീൻ പാഷ എന്ന പേരിൽ ജീവസമാഹാരം പ്രസിദ്ധിപ്പെടുത്തുകയുമുണ്ടായി. 1546 ഇൽ ഇസ്താംബൂളിൽ വെച്ചായിരുന്നു ബാർബറോസ്സയുടെ മരണം. മെഡിറ്റേറിയൻ സിംഹം എന്ന ഖ്യാതി കേട്ട ബാരാബറോസ്സ യുടെ ശവകൂടെരം ബെക്തിതാഷിയിൽ സ്ഥിതിചെയ്യുന്നു

ബാർബറോസ്സ തൻറെ അധികാര ചിഹ്നമായി പതാക ഉപയോഗിച്ചിരുന്നു. ചതുര ആകൃതിയിൽ വരുന്ന പച്ചപതാക. മുകളിൽ "نَصرٌ مِنَ اللَّـهِ وَفَتحٌ قَريبٌ وَبَشِّرِ المُؤمِنينَ يَا مُحَمَّد" (നസ്രുൻ മിനല്ലാഹി വ ഫത്ഹുൻ ഗരീബുൻ വ ബഷറിൻ മുഅമിനീന യാ മുഹമ്മദ്) എന്ന് അറബിക് കാലിഗ്രഫിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈശ്വരനിൽ നിന്നുള്ള സഹായവും ആസന്നമായ വിജയവും സത്യവിശ്വാസികള്ക്ക് സന്തോഷവാര്ത്ത അറിയിക്കുക എന്നാണ് ഇതിൻറെ മലയാളീകരണം. ഖുർആനിലെ 63 :13 വചനത്തിൽ നിന്നാണ് ഇത് എടുത്തിട്ടുള്ളത്. തുടർന്ന് വരുന്ന യാ മുഹമ്മദ് എന്ന വചനം അന്ത്യ പ്രവാചകൻ മുഹമ്മദിനെ സൂചിപ്പിക്കുന്നു. [7]

മധ്യത്തിൽ ഇരുതലയുള്ള ഒരു വാൾ ചെറു കരത്താൽ ഏന്തിയിരിക്കുന്നു. ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമായ ദുൽഫിഖർ എന്ന വാളിനെ ഇതർത്ഥമാക്കുന്നു. നാലാം ഖലീഫയായ അലിയുടെ പ്രസിദ്ധമായ ആയുധമായിരുന്നു ദുൽഫിഖർ. വാളിന് നാല് ഭാഗത്തായി കാണുന്ന ചന്ദ്രക്കലയിൽ അബൂബക്കർ ഉമർ ഉസ്മാൻ അലി എന്നിങ്ങനെ ആദ്യ നാല് ഖലീഫമാരുടെ പേരുകൾ ലേഖനം ചെയപ്പെട്ടിരിക്കുന്നു

വാളിന്റെ ഇരു തലയ്ക്കും നടുവിലായി ആറ് കോണുള്ള നക്ഷത്രം. യഹൂദന്മാരുടെ ഡേവിഡ് സ്റ്റാറിന് സമാനമായ ഈ നക്ഷത്രം സുലൈമാൻ നബിയുടെ അധികാര ചിഹ്നമായി ഇസ്ലാമിക ലോകത്ത് കരുതപ്പെട്ടിരുന്നു. സൂഫികൾ പ്രതേകിച്ചും നക്ഷബന്ദിയ്യ സൂഫികൾ ഇതിനെ തങ്ങളുടെ ത്വരീഖത്തുമായി ബന്ധപ്പെട്ട ചിഹ്നങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. സർജ്ജുക്ക് - ബെയ്ലിക്കുകളും ഓട്ടോമൻ ഗവർണ്ണമാരും തങ്ങളുടെ പതാകകളിൽ ഈ നക്ഷത്രം ആലേഖനം ചെയ്തിരുന്നു പതിച്ചിരുന്നു. ഓട്ടോമൻ കാലഘട്ടത്തിൽ പള്ളികളിലെ ചുമർ ചിത്ര പണികളിലും , പതാകകളിലും, നാണയങ്ങളിലും നിത്യ സാന്നിധ്യമായിരുന്നു ഈ നക്ഷത്രം

 
ബാർബറോസ്സയുടെ പതാക

കുറിപ്പുകൾ

തിരുത്തുക

കുറിപ്പ് (൧): കടൽ തങ്ങൾക്ക് ദൈവികമായി ലഭിച്ചതാണെന്നു പ്രഖ്യാപിച്ചു കപ്പം നൽകാത്ത കപ്പലുകളും തുറമുഖങ്ങളും ശത്രുപക്ഷം അക്രമിച്ചപ്പോഴാണ് പോരാട്ട രംഗത്തേക്കുള്ള മരക്കാർമാരുടെ കടന്ന് വരവ്. കച്ചവടക്കാരും നാവികരുമായ കുഞ്ഞാലി മരക്കാന്മാർ സ്വന്തം സമ്പത്ത് ഉപയോഗിച്ച് കപ്പൽ പട ഉണ്ടാക്കുകയും അധിനിവേശ ശക്തികളെ വെല്ലുവിളിച്ചുപോരാട്ടങ്ങൾ സംഘടിപ്പിക്കുകയുമായിരുന്നു. കോഴിക്കോട് രാജ്യാധിപനായ സാമൂതിരിയ്ക്ക് തങ്ങളുടെ കപ്പൽ പടയെ വാഗ്‌ദാനം ചെയ്ത് കൊണ്ട് രാജ്യ നാവിക സേനാ തലവനായി ചുമതലയേറ്റു. കോഴിക്കോട് നാവിക സേന അധിപനാണെങ്കിലും സ്വതന്ത്ര ചുമതലയുള്ള സേനാനായകനായിരുന്നു. തുഴയുള്ള ചെറിയ ചതുരികൾ ഉപയോഗിച്ച് ഭീമാകാരമായ ശത്രു പായ്കപ്പലുകളെ ആക്രമിച്ചു പിൻവലിയുന്ന ഹിറ്റ് ആൻഡ് റൺ തന്ത്രം സ്വീകരിച്ചിരുന്നു. മുസ്ലിം ആധ്യാത്മിക മാർഗ്ഗമായ സൂഫിസം സ്വീകരിച്ചവരായിരുന്നു മരക്കാന്മാർ. ഇവയൊക്കെയും ബാർബറോസ്സയിലും സമ്മേളിച്ചിരിക്കുന്നു.

കുറിപ്പ് (൨): കുഞ്ഞാലി മരക്കാന്മാരുടെ പോർ പറവകൾ എന്ന യുദ്ധ തന്ത്രവുമായുള്ള സാമ്യം ഇതിൽ ദർശിക്കാനാവും. ഓട്ടോമൻ നാവിക സേനയുടെ സൈനിക സഖ്യത്തിൽ അംഗമായിരുന്നു മരക്കാർ സേന

  1. "Barbarossa | Ottoman admiral". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2020-11-18.
  2. Konstam, Angus (25 August 2016). The Barbary Pirates 15th–17th Centuries. Bloomsbury Publishing. ISBN 9781472815446.
  3. "Barbarossa | Ottoman admiral". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 7 December 2017.
  4. The Expulsion of the Moriscos from Spain: A Mediterranean Diaspora. BRILL. 22 September 2014. p. 334. ISBN 978-90-04-27935-3.
  5. Kritzler, Edward (3 November 2009). Jewish Pirates of the Caribbean. Anchor. pp. 59–60. ISBN 978-0-7679-1952-4.
  6. Merriman, Roger Bigelow (1 November 2008). Suleiman the Magnificent 1520–1566. Read Books. ISBN 9781443731454 – via Google Books.
  7. ഖുറാൻ 61:13-13 (Sahih International). “And [you will obtain] another [favor] that you love – victory from Allah and an imminent conquest; and give good tidings to the believers.”
"https://ml.wikipedia.org/w/index.php?title=ഹൈറദ്ദീൻ_ബാർബറോസ&oldid=3673153" എന്ന താളിൽനിന്ന് ശേഖരിച്ചത്