ഓട്ടൊമൻ സാമ്രാജ്യം

(ഓട്ടോമൻ സാമ്രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ഓട്ടൊമൻ സാമ്രാജ്യം.(പുരാതന ഓട്ടൊമൻ ടർക്കിഷ്: دولتْ علیّه عثمانیّه ദെവ്ലെതി ആലിയെയി ഓസ്മാനിയ്യെ[2] ആധുനിക ടർക്കിഷ്: Osmanlı İmparatorluğu). ഇത് ടർക്കിഷ് സാമ്രാജ്യം, ടർക്കി എന്നൊക്കെയും അറിയപ്പെട്ടിരുന്നു. 1923 ഒക്ടോബർ 29ന്‌ ലൊസാൻ ഉടമ്പടിയിലൂടെ റിപ്പബ്ലിക്ക് ഓഫ് ടർക്കി എന്ന രാജ്യത്തിന്‌ സാമ്രാജ്യം വഴിമാറി.

ഉസ്മാനിയ്യ രാജ്യം

دولتْ علیّه عثمانیّه
Devlet-i Âliye-yi Osmâniyye
1299–1923
ഉസ്മാനിയ്യ സാമ്രാജ്യം
പതാക
{{{coat_alt}}}
കുലചിഹ്നം
'മുദ്രാവാക്യം: 'دولت ابد مدت
Devlet-i Ebed-müddet
(സനാതന രാജ്യം)
ഓട്ടൊമൻ സാമ്രാജ്യത്തിന്റെ അതിരുകൾ (1683) (കാണുക: കൈവശപ്രദേശങ്ങളുടെ പട്ടിക)
ഓട്ടൊമൻ സാമ്രാജ്യത്തിന്റെ അതിരുകൾ (1683) (കാണുക: കൈവശപ്രദേശങ്ങളുടെ പട്ടിക)
പദവിസാമ്രാജ്യം
തലസ്ഥാനംസൊഗൂത് (1299–1326)
ബുർസാ (1326–1365)
എഡൈൻ (1365–1453)
കോൺസ്റ്റാന്റിനോപ്പിൾ (1453–1922)
ഗവൺമെൻ്റ്രാജഭരണം
സുൽത്താൻ
 
• 1281–1326 (പ്രഥമ)
ഒസ്മാൻ I
• 1918–22 (അവസാന)
മെഹ്മെദ് VI
ഗ്രാൻഡ് വിസിയർ 
• 1320–31 (പ്രഥമ)
അലാദിൻ പാഷ
• 1920–22 (അവസാന)
അഹമ്മദ് തെവ്ഫിക്ക് പാഷ
ചരിത്രം 
1299
1402–1413
1876-1878
1908-1918
• അവസാന സുൽത്താൻ മെഹ്മെദ് VI വിടവാങ്ങുന്നു
നവംബർ 17, 1922
ജൂലൈ 24 1923
വിസ്തീർണ്ണം
16805,500,000 km2 (2,100,000 sq mi)
Population
• 1856
35350000
• 1906
20884000
• 1914
18520000
• 1919
14629000
നാണയവ്യവസ്ഥആക്സെ, കൂറൂസ്, ലീറ
മുൻപ്
ശേഷം
പ്രമാണം:Flag of Seljuq Empire.PNG Seljuk Sultanate of Rûm
ടർക്കി

സാമ്രാജ്യത്തിന്റെ ഏറ്റവും വിസ്തൃതമായ 16ആം നൂറ്റാണ്ടിനും 17ആം നൂറ്റാണ്ടിനും ഇടയ്ക്ക് മൂന്നു ഭൂഖണ്ഡങ്ങൾ വ്യാപിച്ചുകിടന്ന ഓട്ടൊമൻ സാമ്രാജ്യം തെക്കുകിഴക്കൻ യൂറോപ്പ്, മദ്ധ്യപൂർവ്വേഷ്യ, വടക്കേ ആഫ്രിക്ക എന്നി പ്രദേശങ്ങളുടെ ഭൂരിഭാഗത്തും ആധിപത്യം സ്ഥാപിച്ചിരുന്നു. സാമ്രാജ്യത്തിൽ 29 പ്രൊവിൻസുകളും അനേകം സാമന്തരാജ്യങ്ങളും ഉണ്ടായിരുന്നു. ഈ സാമന്തരാജ്യങ്ങളിൽ ചിലത് പിൽക്കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു, മറ്റു ചിലത് കാലക്രമേണ സ്വയംഭരണം കൈവരിച്ചു. ദൂരദേശത്ത് സ്ഥിതി ചെയ്തിരുന്ന പല പ്രദേശങ്ങളും ഓട്ടൊമൻ സുൽത്താനും ഖലീഫയ്ക്കും കൂറ് പ്രഖ്യാപിച്ചുകൊണ്ട് സാമ്രാജ്യത്തിന്‌ താത്കാലികമായി കീഴ്പ്പെട്ടിരുന്നു. 1565ൽ ആച്ചെ സുൽത്താന്റെ പ്രഖ്യാപനവും അതുപോലെ അറ്റ്ലന്റിക്ക് സമുദ്രത്തിലെ ദ്വീപുകളായ ലാൻസറോട്ട് (1585), മഡൈറ (1617), വെസ്റ്റ്മന്നയാർ (1627), ലുണ്ഡി (1655) എന്നിവയും ഉദാഹരണങ്ങളാണ്‌.‌[3]

മുസ്ലീങ്ങളുടെ വിശുദ്ധനഗരങ്ങളായ മെക്കയും മദീനയും ജെറുസലേമും, സാംസ്കാരികകേന്ദ്രങ്ങളായിരുന്ന കെയ്‌റോ, ദമാസ്കസ്, ബാഗ്ദാദ് എന്നിവയുടെയെല്ലാം നിയന്ത്രണം സ്വായത്തമായിക്കിയിരുന്ന ഓട്ടൊമൻ സാമ്രാജ്യത്തിന് ഇസ്ലാമികലോകത്തിന്റെ തന്നെ സംരക്ഷകൻ എന്ന രീതിയിൽ നേതൃസ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു.[4]

പടിഞ്ഞാറൻ ഏഷ്യയിലെ വിവിധ തുർക്കിക് വിഭാഗങ്ങളിൽ, ഇസ്താംബൂളിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ബുർസ കേന്ദ്രീകരിച്ച് വളർന്നുവന്ന സാമ്രാജ്യമായ ഓട്ടൊമൻ വിഭാഗം, 1259-1326 കാലഘട്ടത്തിൽ ഭരണത്തിലിരുന്ന ഉസ്മാൻ ഒന്നാമന്റെ കീഴിൽ ഏറ്റവും പ്രധാനപ്പെട്ട തുർക്കി വിഭാഗമായി പരിണമിച്ചു. സുൽത്താൻ ബെയാസിത് ഒന്നാമന്റെ കാലത്ത് ബൈസാന്റൈൻ സാമ്രാജ്യത്തേക്കാൾ ശക്തിപ്പെട്ടു. മുഹമ്മദ് ദ് കോൺക്വറർ എന്നറിയപ്പെടുന്ന സുൽത്താൻ മുഹമ്മദിന്റെ കാലത്ത് ഇവർ ബൈസാന്റൈൻ സാമ്രാജ്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു.[4]

ഓട്ടൊമൻ സാമ്രാജ്യം, പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെ വികസനപാതയിലായിരുന്നു. അത് കിഴക്ക് പേർഷ്യൻ കടലിടുക്ക് മുതൽ പടിഞ്ഞാറ് അൾജീരിയ വരെയും തെക്ക് സുഡാൻ മുതൽ വടക്കുകിഴക്ക ഭാഗത്ത് ദക്ഷിണറഷ്യവരേയും വടക്കുപടിഞ്ഞാറു ഭാഗത്ത് ബുഡാപെസ്റ്റിനപ്പുറത്തേക്കും വ്യാപിച്ചിരുന്നു.[4]

ജനാധിപത്യഭരണത്തിന്റെ ആരംഭം

തിരുത്തുക

പതിനേഴാം നൂറ്റാണ്ടിൽ സാർ റഷ്യ, മദ്ധ്യേഷ്യ മുഴുവൻ നിയന്ത്രണത്തിലാക്കിയിരുന്നു. 1861-76 കാലത്ത് ഭരണത്തിലിരുന്ന ഓട്ടൊമൻ സുൽത്താൻ അബ്ദുൾ അസീസിന്റെ കാലത്ത്, മദ്ധ്യേഷ്യൻ ഇസ്ലാമികനേതാക്കൾ റഷ്യക്കെതിരെ നടപടിയെടുക്കാൻ സുൽത്താനോട് അപേക്ഷിച്ചു. എന്നാൽ യൂറോപ്യൻ ശക്തികളെ ഭയന്നിരുന്ന സുൽത്താന് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. മാത്രമല്ല 1870കളിൽ, ബൾഗേറിയ ബോസ്നിയ, സെർബിയ, മോണ്ടിനിഗ്രോ എന്നിവിടങ്ങളിൽ റഷ്യൻ പിന്തുണയിൽ ഇസ്താംബൂളിനെതിരെ കലാപങ്ങളുയർന്നു. ഇത് അബ്ദുൾ അസീസിന്റെ ഭരണത്തിനും അന്ത്യം വരുത്തി.

 
മിദ്‌ഹത് പാഷ

വിശ്വാസികളുടെ പ്രാതിനിത്യഭരണം ലക്ഷ്യമാക്കി 1859-ൽ രൂപം കൊണ്ട ഓട്ടൊമൻ യുവജനസംഘടനയുടെ നേതാവായ മിദ്‌ഹത് പാഷ ആയിരുന്നു ഈ അട്ടിമറി നയിച്ചത്. ഇതിനെത്തുടർന്ന് തിരഞ്ഞെട്പ്പിൽ അധിഷ്ഠിതമായ ഒരു ഭരണഘടന മിദ്ഹത് പാഷ, പ്രഖ്യാപിക്കുകയും ഓട്ടമൻ സുൽത്താന്‌ ഔപചാരികനേതൃസ്ഥാനം നൽകുകയും ചെയ്തു. സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമൻ (ഭ.കാ. 1876-1909) എതിർപ്പുകളോടെയെങ്കിലും 1876 ഡിസംബർ മാസത്തിൽ ഈ ഭരണഘടന അംഗീകരിച്ചു.[4]

സുൽത്താൻ അധികാരം തിരിച്ചുപിടിക്കുന്നു

തിരുത്തുക

1877-ൽ സ്ലാവ് ജനതയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന വാദമുയർത്തി, റഷ്യൻ സേന ഓട്ടൊമൻ അതിർത്തി കടക്കുകയും ഇസ്താംബൂളിലെത്തുകയും ചെയ്തു. ഇതിന്റെ ഫലമായി 1878 മാർച്ചിൽ സാൻ സ്റ്റെഫാനോ ഉടമ്പടിയിൽ ഒപ്പുവെക്കാൻ നിർബന്ധിതരാനയി. ജൂലൈയിൽ ബെർലിനിൽ വെച്ച് ഈ ഉടമ്പടിക്ക് ഭേദഗതി വരുത്തി. ഉടമ്പടിയനുസരിച്ച്, സൈപ്രസ്, ബ്രിട്ടണും, ട്യൂണിസ് ഫ്രാൻസിനും വിട്ടുകൊടുക്കേണ്ടിവന്നു. കർസ്, ബാതും അർദാഹാൻ എന്നീ ജില്ലകൾ റഷ്യയുടെനിയന്ത്രണത്തിലും വിട്ടുകൊടൂത്തു. നിയന്ത്രണപ്രദേശങ്ങളുടെ തുടർച്ചയായ നഷ്ടവും ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള യൂറോപ്യൻ ശക്തികളുടെ ഇടപെടലും നിമിത്തം, പരിഷ്കരണപദ്ധതിയായിരുന്ന തൻസീമത് പദ്ധതി[൧], യൂറോപ്യൻ ശക്തികളേയോ സ്വന്തം ക്രിസ്ത്യൻ പ്രജകളേയോ അടക്കിയിരുത്താൻ പ്രാപ്തമല്ലെന്ന് സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമൻ വിലയിരുത്തി. 1878 ഫെബ്രുവരിയിൽ അദ്ദേഹം ഭരണഘടന റദ്ധാക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു. മിദ്ഹത് പാഷയെ തടവിലാക്കുകയും ഓട്ടൊമൻ യുവജനനേതാക്കളെ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് നാടൂകടത്തുകയും തുടർന്ന് ഇസ്ലാമിന്റെ പേരിൽ ജനങ്ങളെ സംഘടിപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്തു.[4]

പാർലമെന്ററി സംവിധാനത്തിന്റെ പുനഃസ്ഥാപനം

തിരുത്തുക

രാജ്യത്തിനകത്ത് ഇസ്ലാമിന്റെ പ്രചാരണത്തിനും, പുറത്ത് പാൻ ഇസ്ലാമികതയുടേയും വ്യാപനത്തിനുമുള്ള നടപടികളും ഓട്ടൊമൻ സാമ്രാജ്യത്തിന്റെ പതനത്തെ തടയാനായില്ല. 1908-ൽ സാമ്രാജ്യത്തിന്റെ യൂറോപ്യൻ ഭാഗങ്ങളിലുള്ള സൈനികരും, യുവതുർക്കികൾ എന്ന പിൽക്കാലത്ത് അറിയപ്പെട്ട യുവബുദ്ധിജീവികളും 1876-ലെ ഭരണഘടന തിരികെക്കൊണ്ടുവരാൻ സുൽത്താനെ നിർബന്ധിതനാക്കി.

1908-ലെ ഈ അട്ടിമറിക്കു പിന്നാലെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ക്രീറ്റ്, ഗ്രീസിനൊപ്പം ചേർന്നു. ബൾഗേറിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബോസ്നിയ, ഹെർസെഗോവിന എന്നിവ ഓസ്ട്രിയയുടെ ഭാഗമായി. 1909 ഏപ്രിലിൽ യുവതുർക്കികളെ അധികാരത്തിൽ നിന്നും പുറത്താകാനുള്ള ഒരു ശ്രമം സുൽത്താൻ അബ്ദുൾ‌ഹമീദ് രണ്ടാമൻ നടത്തിയെങ്കിലും അവർ സുൽത്താനെ അധികാരഭ്രഷ്ടനാക്കി.[4]

ഒന്നാം ലോകമഹായുദ്ധത്തിലെ പങ്കാളിത്തം

തിരുത്തുക
 
അവസാന ഓട്ടൊമൻ സുൽത്താനും ഖലീഫയുമായിരുന്ന മെഹ്മത് ആറാമൻ
 
അൻവർ പാഷ

1912-13-ലെ ബാൾക്കൻ യുദ്ധത്തിൽ ഓട്ടൊമൻ സാമ്രാജ്യത്തിന് ശേഷിച്ച യൂറോപ്യൻ ഭാഗങ്ങളും ലിബിയയും നഷ്ടമായി. അവശേഷിച്ച ഓട്ടൊമൻ സാമ്രാജ്യഭാഗത്ത് ബഹുഭൂരിപക്ഷവും മുസ്ലീങ്ങളായി. ഇത് പാൻ-ഇസ്ലാമികവാദവും പാൻ-തുർക്കി വാദവും പുനരാവിഷ്കരിക്കാൻ യുവതുർക്കിത്രയമായ അൻവർ പാഷ, ജമാൽ പാഷ, തലാത് ബേയ് എന്നിവർക്ക് പ്രചോദനമായി (1913-ൽ ഇവർക്കായിരുന്നു ഇസ്താംബൂളിൽ തത്ത്വത്തിലുള്ള അധികാരം). റഷ്യയുടെ നിയന്ത്രണത്തിൽ നിന്ന് തുർക്കി സഹോദരങ്ങളേയും മദ്ധ്യേഷ്യയിലെ മുസ്ലീങ്ങളേയും മോചിപ്പിക്കുന്നതിന് 1914-ൽ ജർമനിയിലെ കൈസറിന്റെ ആഹ്വാനവും, അതുവഴി യൂറോപ്പിലേയും ഉത്തരാഫ്രിക്കയിലേയും നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാമെന്ന ഉദ്ദേശ്യവുമായി, 1914 ഒക്ടോബറീൽ ഓട്ടൊമൻ തുർക്കി ഒന്നാം ലോകമഹായുദ്ധത്തിൽ, ജർമ്മനിയോടൊപ്പം സഖ്യത്തിലായി. ഓട്ടൊമൻ യുദ്ധമന്ത്രിയായിരുന്ന അൻവർ പാഷയുടെ നിർദ്ദേശപ്രകാരം സുൽത്താൻ ഖലീഫ മെഹ്മത് ആറാമൻ, ബ്രിട്ടൺ ഫ്രാൻസ്, റഷ്യ തുടങ്ങിയ ശക്തികൾക്കെതിരെ ജിഹാദ് നടത്താൻ ലോകവ്യാപകമായി മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു.

ലോകമഹായുദ്ധത്തിലെ പരാജയത്തിനു ശേഷം യുവതുർക്കികൾ രാജിവക്കുകയും സുൽത്താൻ ഒരു പുതിയ മന്ത്രിസഭയെ നിയമിക്കുകയും ചെയ്തു. 1918 ഒക്ടോബർ 30-ന് തുർക്കി തോൽവി അംഗീകരിച്ച് സഖ്യകക്ഷികളൂമായി ഒരു വെടിനിർത്തലിൽ ഒപ്പുവച്ചു. എന്നാൽ ഇതിനിടയിൽ 1918 മാർച്ചിൽ ബോൾഷെവിക് റഷ്യയും ജർമ്മനിയുമായി ഒപ്പുവക്കപ്പെട്ട ബ്രെസ്റ്റ്-ലിറ്റോവ്സ്ക് സമാധാനക്കരാർ പ്രകാരം 40 വർഷം മുൻപ് റഷ്യ കക്കലാക്കിയ കർസ്, ബാതും, അർദഹാൻ ജില്ലകൾ ഓട്ടൊമൻ തുർക്കിക്ക് തിരിച്ചുലഭിച്ചിരുന്നു.[4]

സാമ്രാജ്യത്തിന്റെ അന്ത്യം

തിരുത്തുക
പ്രമാണം:MustafaKemalAtaturk.jpg
മുസ്തഫ കമാൽ അത്താത്തുർക്ക്

1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന ഇസ്താംബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഓട്ടൊമൻ സുൽത്താൻ മെഹ്മെത് ആറാമന്റെ മൗനാനുവാദത്തോടെ നിരവധി പാർലമെന്റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിച്ചു. തൊട്ടടുത്ത ദിവസം സൈനികനേതാവായ മുസ്തഫ കമാൽ അങ്കാറ കേന്ദ്രീകരിച്ച് ഗ്രാൻഡ് നാഷണൽ അസംബ്ലി (GNA) എന്ന മറ്റൊരു പാര്ലമന്റ് രൂപീകരിക്കാൻ നേതൃത്വം നൽകി. 1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള സമാധാനധാരണകൾക്ക് വിരുദ്ധമായി തുർക്കിയിലെ ഇസ്മിർ തുറമുഖം നിയന്ത്രണത്തിലാക്കാൻ 1920 മേയ് 15-ന് സഖ്യകക്ഷികൾ ഗ്രീസിന് അനുവാദം നൽകി. തുടർന്ന് പടിഞ്ഞാറൻ അനറ്റോളിയ മുഴുവനായും അധീനതയിലാക്കി ഒരു വിശാലഗ്രീസിന്റെ രൂപീകരണത്തിനായി ഗ്രീസ് ശ്രമമാരംഭിച്ചു. മുസ്തഫ കമാൽ അത്താത്തുർക്കിന്റെ നേതൃത്വത്തിൽ അനറ്റോളിയയിലെ മുസ്ലീങ്ങൾ ഇതിനെതിരെ സായുധപോരാട്ടം ആരംഭിച്ചു.

ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണം അംഗീകരിച്ചുകൊണ്ട് 1920 ഓഗസ്തിൽ സെവ്ര കരാർ, മെഹ്മെത് ആറാമൻ അംഗീകരിച്ചെങ്കിലും ജി.എൻ.എ. ഇതിനെ അംഗീകരിച്ചില്ല. തൊട്ടടുത്ത ഓഗസ്റ്റിൽ ഗ്രീക്ക് സേനക്കെതിരെ തുർക്കികളുടെ സ്വാതന്ത്ര്യസമരം ഔദ്യോഗികമായി വിജയിച്ചു. ഇത് തുർക്കികളുടെ സ്വയംഭരണം അംഗീകരിച്ച് ലോസന്ന ഉടമ്പടി 1923 ജൂലൈയിൽ ഒപ്പുവക്കാൻ സഖ്യകക്ഷികളെ നിർബന്ധിതരാക്കി. ഈ ഉടമ്പടിയിലൂടെ സെവ്ര ഉടമ്പടി അസാധുവാക്കുകയും ചെയ്തു.

ലോസന്ന ഉടമ്പടി, ഓട്ടൊമൻ സാമ്രാജ്യത്തിന് ഔപചാരിക അന്ത്യം കുറിച്ചു. എന്നാൽ ഇതിനു മുൻപേ 1922 നവംബർ 1-ന് കമാലിന്റെ താൽപര്യപ്രകാരം ജി.എൻ.എ. പാസാക്കിയ നിയമനുസരിച്ച് ഓട്ടൊമൻ ഭരണത്തെ അസാധുവാക്കിയിരുന്നു. അങ്ങനെ 1259-ൽ ഉസ്മാൻ ഒന്നാമന്റെ കാലത്ത് ആരംഭിച്ച രാജഭരണം അവസാനിച്ചു. സുൽത്താൻ ഭരണത്തിന് അവസാനമായെങ്കിലും ഖലീഫ സ്ഥാനത്തെ ജി.എൻ.എ. തുടർന്നും നിലനിർത്തി. എന്നാൽ ഖലീഫയെ നിയമിക്കാനുള്ള അധികാരം ജി.എൻ.എ. ഏറ്റെടുത്തു. നിലവിൽ സുൽത്താനും ഖലീഫയുമായിരുന്ന മെഹ്മെത് ആറാമനെ ഖലീഫയായി തുടരാൻ ജി.എൻ.എ. അനുവദിച്ചില്ല. പകരം മെഹ്മെതിന്റെ അന്തരവനായ അബ്ദുൾ‌ മജീദിനെ ഖലീഫയാക്കി. മെഹ്മെത് ആറാമൻ 1923-ൽ രാജ്യം വിട്ട് പലായനം ചെയ്തു. മുസ്തഫ കമാലിന്റെ നേതൃത്വത്തിൽ 1923 ഒക്ടോബർ 29-ന് ജി.എൻ.എ ഭരണഘടനയിൽ ഭേദഗതി വരുത്തുകയും രാജ്യത്തെ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. മുസ്തഫ കമാലിനെ, ആദ്യ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.

1924 മാർച്ച് 3-ന് മുസ്തഫ കമാലിന്റെ പ്രേരണയിൽ ജി.എൻ.എ. നടപ്പിലാക്കിയ നിയമപ്രകാരം, തുർക്കിയെ ഒരു മതേതരരാഷ്ട്രമാക്കുകയും, 1292 വർഷത്തെ പാരമ്പര്യമുള്ള ഖലീഫാസ്ഥാനം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം, ഓട്ടൊമൻ രാജകുടുംബത്തിലെ എല്ലാ അംഗങ്ങളേയ്യും നാടൂകടത്തി.[4]

കുറിപ്പുകൾ

തിരുത്തുക
  • ^ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാങ്കേതികവിദ്യയിലും ഭരണരംഗത്തും യൂറോപ്യൻ ശക്തികൾ കാര്യമായ മുന്നേറ്റം നടത്തി. ഇത് ഓട്ടൊമൻ സാമ്രാജ്യത്തെ പ്രതിരോധത്തിലാക്കി. യൂറോപ്യൻ ശക്തികൾക്കെതിരെ പിടിച്ചുനിൽക്കുന്നതിന് 1827-ൽ സുൽത്താൻ മഹ്മൂദ് (ഭ.കാ. 1808-39) ഭരണ-സൈനികരംഗത്ത് യൂറോപ്യൻ രീതിയിൽ പരിഷ്കരണങ്ങൾ നടപ്പാക്കി. തൻസീമത് (പുനഃസംഘാടനം എന്നർത്ഥം) എന്നാണ് ഈ നടപടി വിശേഷിപ്പിക്കപ്പെടുന്നത്.[4] 1876-ലെ അട്ടിമറി വരെയുള്ള കാലഘട്ടത്തിൽ തൻസീമത് പരിഷ്കരണനടപടികൾ തുടർന്നിരുന്നു.
  1. The Treaty of Sèvres (August 10, 1920) afforded a small existence to the Ottoman Empire. The abolishment of the Ottoman Sultanate on November 1, 1922 did not end the Ottoman State, but only the Ottoman dynasty. The official end of the Ottoman State was declared through the Treaty of Lausanne (July 24, 1923). It recognized the new "Ankara government", and not the old Constantinople-based Ottoman government, as representing the rightful owner and successor state. The Constantinople-based government was practically headless after the sultan left the capital. The TBMM declared the successor state to be the "Republic of Turkey" (October 29, 1923).
  2. "Ottoman banknote with Arabic script". Archived from the original on 2017-03-28. Retrieved 2009-01-19.
  3. "Turkish Navy Official Website: "Atlantik'te Türk Denizciliği"". Archived from the original on 2009-04-16. Retrieved 2009-01-19.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 66–73. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഓട്ടൊമൻ_സാമ്രാജ്യം&oldid=4102448" എന്ന താളിൽനിന്ന് ശേഖരിച്ചത്