ഹാരി പോട്ടർ

ഒരു മാജിക് ലോകത്തിലെ കുട്ടി...
(Harry Potter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ്‌‌ ഹാരി പോട്ടർ. മാന്തിക വിദ്യാലയമായ ഹോഗ്വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറിയിലെ വിദ്യാർത്ഥികളായ ഹാരി പോട്ടർ എന്ന കൗമാരമാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രാഞ്ചെർ എന്നിവരുടേയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത്. മാന്ത്രികലോകത്തേയും തുടർന്ന് മഗിൾ (മാന്ത്രികമല്ലാത്ത) ലോകത്തേയും കീഴടക്കാനുള്ള യജ്ഞത്തിനിടയിൽ ഹാരിയുടെ മാതാപിതാക്കളെ കൊന്ന ദുഷ്ടമാന്ത്രികനായ വോൾഡർമോർട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ കഥാതന്തു.

ഹാരി പോട്ടർ
The Harry Potter logo, used first in American editions of the novel series and later in films.
ആദ്യത്തെ പുസ്തകത്തിന്റെ അമേരിക്കൻ പതിപ്പിന് നൽകിയ ചിഹ്നം. ഇതേ ചിത്രം തന്നെയാണ് ചലചിത്രങ്ങളുടേയും ചിഹ്നമായത്.
രചയിതാവ്ജെ.കെ. റൗളിംഗ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലിഷ്
വിഭാഗംFantasy, young-adult fiction, മാന്ത്രികത, thriller, Bildungsroman, coming of age, magical realism
പ്രസാധകർയുണൈറ്റഡ് കിങ്ഡം ബ്ലൂംസ്‌ബറി പബ്ലിഷിങ്
യുണൈറ്റഡ് സ്റ്റേറ്റ്സ് സ്കോളസ്റ്റിക് പബ്ലിഷിങ്
കാനഡ റെയിൻ‌കോസ്റ്റ് ബുക്ക്സ്
ഓസ്ട്രേലിയന്യൂസിലൻഡ് അല്ലെൻ ആന്റ് അണ്വിൻ
പുറത്തിറക്കിയത്1997 ജൂൺ 262007 ജൂലൈ 21
വിതരണ രീതിഅച്ചടി (ഹാർഡ്‌കവർ, പേപ്പർബാക്ക്), ഓഡിയോബുക്ക്

1997-ൽ പ്രസിദ്ധീകരിച്ച, പരമ്പരയിലെ ആദ്യ നോവലായ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേർസ് സ്റ്റോൺ (അമേരിക്കയിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സറേഴ്‍സ് സ്റ്റോൺ) മുതൽ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ലോകമെമ്പാടും വൻ പ്രശസ്തിയും നിരൂപകപ്രശംസയും സാമ്പത്തികലാഭവും നേടി.[1] എങ്കിലും നോവലുകളുടെ അന്ധകാരം നിറഞ്ഞ രീതി വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പരമ്പരയുമായി ബന്ധപ്പെട്ട സിനിമകളും വീഡിയോ ഗെയിമുകളും മറ്റ് വിൽ‌പന വസ്തുക്കളും പുറത്തിറങ്ങിയിട്ടുണ്ട്. ജൂൺ 2011ലെ കണക്കനുസരിച്ച്, പരമ്പരയിലെ ഏഴു പുസ്തകങ്ങളുടെ ആകെ 45 കോടി പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്.[2] 67 ഭാഷകളിലേക്ക് ഈ പരമ്പര വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.[3][4] പരമ്പരയിലെ അവസാന നാലു നോവലുകളും തുടർച്ചയായി റെക്കോഡുകളായിരുന്നു. 2007 ജൂലൈ 21-ന് ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകം, ഹാരി പോട്ടർ ആന്റ് ദ ഡെത്ത്‌ലി ഹാലോസ് പുറത്തിറങ്ങി.[5]

വിവിധ വിഭാഗത്തിൽ പെടുന്ന (ഭ്രമാത്മകം, മാന്ത്രികത, സാഹസികത, സ്തോഭജനകം, കെട്ടുകഥ) നോവൽ പരമ്പരയാണെങ്കിലും ഇവക്ക് സാമൂഹികമായസാംസ്കാരികമായ നിരവധി അർത്ഥതലങ്ങളുണ്ട്.[6][7][8][9] റൗളിംഗ് ആത്യന്തികമായി ആ അർത്ഥം മരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.[10] മുൻവിധികൾ, അഴിമതി എന്നിവയേയും ഈ പരമ്പര ലക്ഷ്യം വെക്കുന്നു.[11]

ഈ നോവലുകളുടെ വിജയം റൗളിങിനെ ചരിത്രത്തിലെ ഏറ്റവും പ്രതിഫലം നേടുന്ന നോവലിസ്റ്റാക്കി.[12] നോവലുകളുടെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രസാധകർ ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ യഥാക്രമം ബ്ലൂംസ്ബെറി, സ്കോളാസ്റ്റിക് പ്രെസ്സ്, അല്ലെൻ & അൺ‌വിൻ, റെയിൻകോസ്റ്റ് ബുക്ക്‌സ് എന്നിവയാണ്.

ഇതേവരെ പരമ്പരയിലെ ആദ്യ ഏഴു പുസ്തകങ്ങൾ മുഴുവൻ എട്ടു ചലച്ചിത്രം ആയി വാർണർ ബ്രദേഴ്സ് ചലച്ചിത്ര രൂപത്തിൽ പുറത്തിറക്കിയിട്ടുണ്ട്. ആറാമത്തെ ചലച്ചിത്രമായ ഹാരി പോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ്, 2009 ജൂലൈ 15-ന് പുറത്തിറങ്ങി[13]. ഏഴാമത്തെ പുസ്തകമായ ഹാരി പോട്ടർ ആൻഡ്‌ ദ ഡെത്‌ലി ഹാലോസ് രണ്ടു ചലച്ചിത്രങ്ങൾ ആയിട്ടാണ് പുറത്തിറക്കിയത്. അതിൽ ആദ്യ ചിത്രമായ ഹാരി പോട്ടർ ആൻഡ്‌ ദ ഡെത്‌ലി ഹാലോസ് പാർട്ട്‌ ഒന്ന്, 2010 നവംബർ 19-ന് ഇന്ത്യയിലും നവംബറിൽ തന്നെ മറ്റു ദിവസങ്ങളിലായി(11 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ലോകത്തെല്ലായിടത്തുമായി പുറത്തിറങ്ങി. രണ്ടാമത്തെ ചിത്രമായ ഹാരി പോട്ടർ ആൻഡ്‌ ദ ഡെത്‌ലി ഹാലോസ് പാർട്ട്‌ രണ്ട് 2011 ജൂലൈ മാസത്തിൽ പുറത്തിറങ്ങി.

ഹാരി പോട്ടർ പരമ്പരയുമായി ബന്ധപ്പെട്ട് അനേകം ടൈ-ഇൻ ഉല്പ്പന്നങ്ങളും പുറത്തിറങ്ങി. അവയേയും ഉൾപ്പെടുത്തിയാൽ 1500 കോടി പൗണ്ട് (2400 കോടി യു.എസ്. ഡോളർ) ആണ് ഹാരി പോട്ടർ എന്ന ബ്രാന്റിന്റെ മൂല്യം.[14] ഹാരി പോട്ടറിനെ ഒരു തീം പാർക്ക് രുപകൽപന ചെയ്യാനും ഉപയോഗിച്ചിട്ടുണ്ട്. യൂനിവേഴ്സൽ പാർക്ക്സ് & റിസോർട്ട്സിന്റെ ഐലന്റ് ഓഫ് അഡ്വെഞ്ചറിലെ വിസാഡിംഗ് വേൾഡ് ഓഫ് ഹാരി പോട്ടർ ആണ് പ്രസ്തുത പാർക്ക്.

കഥാതന്തു

തിരുത്തുക
 
ഹാരി പോട്ടർ പരമ്പരയിലെ ഏഴു പുസ്തകങ്ങൾ.

സാധാരണ മറ്റുള്ളവരിൽ നിന്ന് അകന്നുമാറി രഹസ്യമായി കഴിയുന്ന മാന്ത്രികലോകത്തിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽ‌പ്പെടുന്ന ഒരു ആഘോഷം നടക്കുന്നതോടെയാണ് കഥയുടെ ആരംഭം. അനേക വർഷങ്ങളായി ദുഷ്ടമാന്ത്രികനായ ലോഡ് വോൾഡെർമോർട്ടിന്റെ അക്രമങ്ങൾ വിധേയരായി കഴിയുകയായിരുന്നു അവർ. തലേ ദിവസം രാത്രി, ഒക്ടോബർ 31ന് വോൾഡെർമോർട്ട് പോട്ടർ കുടുംബത്തിന്റെ ഒളിസങ്കേതം കണ്ടെത്തുകയും ലില്ലി , ജെയിംസ് പോട്ടർ എന്നിവരെ വധിക്കുകയും ചെയ്തു. എന്നാൽ ശിശുവായ അവരുടെ മകൻ ഹാരിയെ കൊല്ലാനായി പ്രയോഗിച്ച അവെഡ കെഡവ്ര എന്ന മരണ മന്ത്രം തിരിച്ചടിക്കുകയും വോൾഡെർമോർട്ടിന്റെ ശരീരം നശിക്കുകയും ചെയ്തു. എന്നാൽ അയാളുടെ ആത്മാവ് നശിച്ചില്ല. വോൾഡെർമോർട്ട് ജീവിക്കുന്നതോ മരിച്ചതോ അല്ലാത്ത ഒരു അവസ്ഥയിലായി. അതേസമയം, അനാഥനായിമാറിയ ഹാരിയുടെ നെറ്റിയിൽ വോൾഡെർമോർട്ടിന്റെ ദുർമന്ത്രത്തിന്റെ ഫലമായി ഇടിമിന്നലുമായി സാമ്യമുള്ള ഒരു പാടുണ്ടായി. അത് മാത്രമായിരുന്നു ആ ആക്രമണം മൂലം അവനുണ്ടായ ശാരീരികമായ മാറ്റം. വോൾഡെർമോർട്ടിന്റെ ദുർമന്ത്രത്തെ അതിജീവിച്ച ഒരേയൊരാളാണ് ഹാരി. ഹാരിയുടെ അമ്മ അവനെ വോൾഡെർമോർട്ടിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചുകൊണ്ട് മരിച്ചപ്പോൾ മുതൽ ഹാരി (ഡഴ്‌സ്ലിമാരും) ഒരു മാന്ത്രിക വലയത്താൽ സം‌രക്ഷിതനാണ്. ഹാരിയുടെ പതിനേഴാം പിറന്നാൾ വരെയേ ഈ സം‌രക്ഷണം നിലനിൽക്കൂ.

നവംബർ ഒന്നിന് ഹാഗ്രിഡ് എന്ന അർദ്ധരാക്ഷസൻ ഹാരിയെ അവന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു ബന്ധുക്കളായ ഡഴ്‌സ്‌ലി കുടുംബത്തിന്റെ അടുക്കൽ എത്തിച്ചു. ക്രൂരരും ജാലവിദ്യയെ വെറുക്കുന്നവരുമായ ആ കുടുംബത്തിലെ അംഗങ്ങൾ ഇവരാണ്; ശുണ്ഠിക്കാരനായ അമ്മാവൻ വെർണൻ, ഹാരിയെ പൂർ‌ണമായും വെറുക്കുന്ന അമ്മായി പെറ്റൂണിയ, അവർ ഓമനിച്ച് വളർത്തി വഷളാക്കിയ അമിതഭാരമുള്ള അവരുടെ മകൻ ഡഡ്‌ലി. പ്രൊഫസർ മക്ഗൊണഗലിന്റെ വാക്കുകളിൽ പറഞ്ഞാൽ "സങ്കല്പ്പിക്കാവുന്നതിൽ ഏറ്റവും മോശക്കാരായ മഗിൾസ്" ആണ് ഡഴ്സ്‌ലി കുടുംബം. അവന്റെ മാതാപിതാക്കൾ മാന്ത്രികരാണെന്ന കാര്യം അവർ ഹാരിയിൽ നിന്ന് മറച്ച്‌വെച്ചു. മാതാപിതാക്കൾ ഒരു കാറപകടത്തിൽ മരിച്ചു എന്നാണ് അവർ ഹാരിയോട് പറഞ്ഞിരുന്നത്. ഒരു അടിമയോടെന്നവണ്ണമാണ് അവർ അവനോട് പെരുമാറിയത്. പ്രൈവറ്റ് ഡ്രൈവിലെ അവരുടെ ഭവനത്തിലെ സ്റ്റെയർ‌കേസിന് കീഴെ താമസിക്കാൻ അവർ അവനെ നിർബന്ധിച്ചു. തന്റെ പതിനൊന്നാം പിറന്നാൾ അടുത്ത സമയത്താണ് ഹാരി ആദ്യമായി മാന്ത്രികലോകവുമായി ബന്ധപ്പെടുന്നത്. ഹോഗ്‌വാർഡ്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്റ് വിസാർഡ്രിയിൽനിന്ന് മൂങ്ങകൾ വഴി അവന എഴുത്തുകൾ ലഭിച്ച് തുടങ്ങിയതോടെയാണത്. എന്നാൽ, ഹാരി അവ വായിക്കുന്നതിനുമുൻപേ, അമ്മാവൻ വെർണൻ ആ കത്തുകളെല്ലാം നശിപ്പിച്ചു. എന്നാൽ ഹാരിക്ക് കത്തുകൾ ലഭിക്കുന്നില്ല എന്ന കാര്യം ഹോഗ്‌വാർട്ട്സ് വിദ്യാലയത്തിലെ അധികൃതർ മനസ്സിലാക്കി. അത് ഡഴ്‌സ്‌ലി കുടുംബത്തെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. എന്നാൽ കത്തുകൾ തുടർന്നും വന്നുകൊണ്ടിരുന്നു. സഹികെട്ട ഡഴ്‌സ്‌ലി കുടുംബം, ഹാരിയേയും കൂട്ടി ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് താമസം മാറ്റി. അതോടെ കത്തുകളുടെ വരവ് നിലക്കും എന്നായിരുന്നു അവരുടെ പ്രതീക്ഷ. ഹാരിയുടെ പതിനൊന്നാം പിറന്നാൾ ദിവസം അർദ്ധരാത്രിയായപ്പോൾ ഹോഗ്‌വാർട്ട്സ് സ്കൂളിലെ മൃഗസൂക്ഷിപ്പുകാരനായ റൂബെസ് ഹാഗ്രിഡ് ദ്വീപിലെ ആ വീട്ടിലെത്തി. വീട്ടിൽ അതിക്രമിച്ച് കയറിയ ഹാഗ്രിഡ്, ഹാരിക്ക് ഹോഗ്‌വാർഡ്സ് സ്കൂളിൽനിന്നുള്ള കത്ത് കൊടുത്തു. ആ വിദ്യാലയത്തിൽ പഠിക്കാൻ തിർഞ്ഞെടുക്കപ്പെട്ട ഒരു മാന്ത്രികനാണ് ഹാരി എന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം.

ഓരോ പുസ്തകത്തിലും ഹാരിയുടേ ജീവിതത്തിലെ ഓരോ വർഷമാണ് പ്രതിപാദ്യം. അവയിൽ ഭൂരിഭാഗവും നടക്കുന്നത് ഹോഗ്‌വാർട്സ് സ്കൂളിലായിരിക്കും. അവിടെ അവൻ ജാലവിദ്യ ഉപയോഗിക്കാനും മാന്ത്രികപാനീയങ്ങൾ നിർമ്മിക്കുന്നതിനും പഠിക്കുന്നു. വിഷമതകൾ നിറഞ്ഞ തന്റെ കൗമാരത്തിലൂടെ കടന്ന് പോകുമ്പോൾ ഹാരി പല മാന്ത്രിക-സാമൂഹിക-വികാര കടമ്പകൾ മറികടക്കാൻ പഠിക്കുന്നു. അവനു വേണ്ട എല്ലാവിധ സഹായങ്ങൾക്കും ഹോഗ്വ്വാർട്സ് സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആൽബസ് ഡംബിൾഡോർ കൂട്ടിനുണ്ട്. വോൾഡർമോർട്ട് രണ്ടാമത് ശക്തിപ്രാപിച്ചതും അഴിമതിയുടേയും കാര്യക്ഷമതയില്ലായ്മയുടേയും പിടിയിൽ അകപ്പെട്ട മിനിസ്ട്രി ഓഫ് മാജിക്ക് ഇക്കാര്യം അവഗണിച്ചതും ഹാരിയുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കി.മാത്രമല്ല,വോൾഡമോർട്ടിന്റെ പല അനുയായികളും മാന്ത്രികതടവറയിൽ നിന്നും രക്ഷപ്പെട്ടു. പല തടസങ്ങളെ നേരിട്ടും, പുതിയ സൗഹൃദങ്ങൾ സ്ഥാപിച്ചും, സ്നേഹിക്കുന്ന പലരേയും നഷപ്പെടുത്തിക്കൊണ്ടും, ഹാരി ഒടുവിൽ വോൾഡർമോർട്ടുമായി അവസാന പോരാട്ടം നടത്തുന്നു. ആ അവസാന പോരാട്ടത്തിൽ അവെഡ കെഡാവ്ര മന്ത്രം തിരിച്ചടിച്ച് വോൾഡമോർട്ട് മരിക്കുന്നു. ഹാരി വിജയിക്കുന്നു. തുടർന്ന് ഹാരി, മിനിസ്ട്രി ഓഫ് മാജിക്കിലെ ഒരു വിഭാഗത്തിന്റെ തലവനാകുന്നു.

ഹാരി പോട്ടർ പ്രപഞ്ചം

തിരുത്തുക

ഹാരി പോട്ടറിലെ മാന്ത്രികലോകം മാനുഷികലോകത്തിൽനിന്നും പൂർണമായും വേർപെട്ടതും അതേസമയം മാനുഷികലോകവുമായി ഗാഢമായ ബന്ധം പുലർത്തുന്നതുമാണ്. നാർണിയയിലെ മാന്ത്രികലോകം മറ്റൊരു പ്രപഞ്ചവും ലോഡ് ഓഫ് ദ റിങ്സിലേത് ഐതിഹ്യപരമായ ഒരു ഭൂതകാലലോകവുമാണ്. എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തമായി, ഹാരി പോട്ടറിലെ മാന്ത്രികരുടെ ലോകം യഥാർത്ഥലോകത്തോട് ചേർന്ന് നിലനിൽക്കുന്നതാണ്. അവിടുത്തെ വസ്തുക്കൾ മാന്ത്രികതയുള്ളവയെങ്കിലും യഥാർത്ഥലോകത്തിലേതിന് സമാനമായവയാണ്. ഈ പരമ്പരയിലെ പല സ്ഥാപനങ്ങളും മറ്റും യഥാർത്ഥലോകത്തിലെ സ്ഥലങ്ങളിലുള്ളവയാണ്. ഉദാഹരണമായി, ലണ്ടൻ നഗരം. യഥാർത്ഥലോകത്തിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അദൃശ്യമായ തെരുവുകളും പുരാതനമായ മദ്യശാലകളും ഗ്രാമങ്ങളിലെ ഏകാന്തമായ മാളികകളും വിജനമായ കോട്ടകളും ചേർന്നതാണ് മാന്ത്രികലോകം. ഇവയെല്ലാം സാധാരണ മനുഷ്യർക്ക് (മാന്ത്രികർക്കിടയിൽ മഗിൾസ് എന്നറിയപ്പെടുന്നു) അദൃശ്യമാണ്. മാന്ത്രികശക്തി പഠിച്ചെടുക്കാവുന്നത് എന്നതിനേക്കാളുപരി ജന്മസിദ്ധമാണ്. എങ്കിലും ആ കഴിവിനെ നിയന്ത്രിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഹോഗ്‌വാർട്സ് പോലെയുള്ള ഒരു വിദ്യാലയത്തിൽ പഠിക്കേണ്ടതുണ്ട്. മാന്ത്രികരായ മാതാപിതാക്കൾക്ക് അല്പം മാത്രം മാന്ത്രികശക്തിയുള്ളതോ മാന്ത്രികശക്തിയേ ഇല്ലാത്തതോ ആയ കുഞ്ഞുങ്ങളും ജനിക്കാം. ഇത്തരക്കാർ സ്ക്വിബ്സ് എന്നാണ് അറിയപ്പെടുന്നത്. മിക്ക മാന്ത്രികർക്കും-ജന്മനായോ അല്ലാതയോ മാന്ത്രികരായവർ- സാധാരണ ലോകം അപരിചിതമാണ്.

കാലഘട്ടം

തിരുത്തുക

ഹാരി പോട്ടറിലെ ഓരോ പുസ്തകത്തേയും ഓരോ യഥാർത്ഥ വർഷങ്ങളിലായി ക്രമീകരിച്ചിട്ടില്ല. എന്നാൽ അവയിൽ നിന്ന് ലഭിക്കുന്ന ചില സൂചനകൾ ഉപയോഗിച്ച് ഓരോ പുസ്തകങ്ങളെയും അവയിൽ പരാമർശിച്ചിരിക്കുന്ന ഭൂതകാല സംഭവങ്ങളേയും ഓരോ യഥാർത്ഥ വർഷത്തിലേക്ക് ക്രമീകരിക്കുവാനാകും. ചേമ്പർ ഓഫ് സീക്രട്ട്‌സിൽ കഥ നടക്കുന്ന കാലഘട്ടത്തേക്കുറിച്ച് ഒരു സൂചന ലഭിക്കുന്നുണ്ട്. ആ കഥയിൽ അഞ്ഞൂറാം മരണ വാർഷികം ആഘോഷിക്കുന്ന നിയർലി ഹെഡ്ലെസ്സ് നിക്ക് തന്റെ മരണം ഒക്ടോബർ 31, 1492ന് ആയിരുന്നുവെന്ന് പറയുന്നുണ്ട്. അതനുസരിച്ച് ചേമ്പർ ഓഫ് സീക്രട്ട്‌സ് നടക്കുന്നത് 1992 മുതൽ 1993 വരെയുള്ള കാലയളവിലായിരിക്കണം. ഡെത്‌ലി ഹാലോസിലും കാലഘട്ടത്തേക്കുറിച്ച് പരാമർശമുണ്ട്. അതിൽ ജെയിംസിന്റെയും ലില്ലിയുടെയും കല്ലറയിൽ അവരുടെ മരണം ഒക്ടോബർ 31, 1981ന് സംഭവിച്ചുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കളുടെ കൊലപാതക സമയത്ത് ഹാരിക്ക് ഒരു വയസായിരുന്നു. അതിനാൽ ഹാരി ജനിച്ചത് 1980ൽ ആയിരിക്കണം. അതിനാൽ കഥയിലെ പ്രധാന സംഭവങ്ങൾ നടക്കുന്നത് 1991 മുതൽ(ഫിലോസഫേഴ്സ് സ്റ്റോണിന്റെ രണ്ടാം അദ്ധ്യായം മുതൽ) 1998 വരെയുള്ള(ഡെത്‌ലി ഹാലോസിന്റെ അവസാനം വരെ) കാലഘട്ടത്തിൽ ആണെന്ന് കരുതാം. ഹാരിയും വോൾഡർമോർട്ടും തമ്മിലുള്ള അവസാന പോരാട്ടം നടക്കുന്നത് 2 മേയ് 1997ന് ആണെന്ന് 2007ൽ ഐറ്റിവി ഡൊക്യുമെന്ററി ബ്രോഡ്കാസ്റ്റിന് വേണ്ട് നൽകിയ അഭിമുഖത്തിൽ റൗളിങ് പറഞ്ഞു. എന്നാൽ ചേമ്പർ ഓഫ് സീക്രട്ട്‌സിലും ഡെത്‌ലി ഹാലോസിലും നൽകിയിരിക്കുന്ന തിയതികളനുസരിച്ച് ഇത് തെറ്റാണ്. അവയനുസരിച്ച് അവസാന പോരാട്ടം 2 മെയ് 1998ന് ആവാനേ വഴിയുള്ളൂ.

കഥാപാത്രങ്ങൾ

തിരുത്തുക

ഹാരി പൊട്ടർ

തിരുത്തുക

ഹാരി പോട്ടർ പരമ്പരയിലെ നായകനാണ് ഹാരി പൊട്ടർ.അനാഥനായ ബാലനായി ആദ്യത്തെ കഥയിൽ പ്രത്യക്ഷപ്പെടുന്നു.

 
ഹാരി പോട്ടർ

ലോർഡ് വോൾഡമോട്ട്

തിരുത്തുക

ഹാരി പോട്ടർ പരമ്പരയിലെ പ്രധാന വില്ലനാണ്‌ ലോർഡ് വോൾഡമോട്ട്. ഹാരി പോട്ടർ നോവലുകളുടെ മൂന്നാമത്തെ ഭാഗമായ ഹാരി പോട്ടർ ആൻ‌ഡ് ദി പ്രിസണർ ഓഫ് അസ്കാബാൻ എന്ന ഭാ‍ഗത്തിലൊഴികെ എല്ലാ ഭാഗങ്ങളിലും കഥാപാത്രമായോ ഫ്ലാഷ് ബാക്കായോ വോൾഡർമോർട്ട് പ്രത്യക്ഷപ്പെടുന്നുണ്ട്

ആൽബസ് ഡംബിൾഡോർ

തിരുത്തുക

പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമാണ്‌ ഹോഗ്വ്വാർട്സ് സ്കൂളിലെ പ്രധാനധ്യാപകനായ ആൽബസ് ഡംബിൾഡോർ. വോൾഡമോർട്ടിനെ നേരിടാൻ കരുത്തുളള മാന്ത്രികൻ. പരമ്പരയിലെ ആറാം പുസ്തകത്തിൽ ഹാരി പോട്ടറെ ദുർമന്ത്രവാദത്തിനെതിരായി ഒരുക്കുകയാണ് ഡംബിൾഡോർ. പക്ഷെ,ഹോഗ്വ്വാർട്സ് സ്കൂളിലെ തന്നെ അദ്ധ്യാപകനായ സ്നെയ്പ്, ഡംബിൾഡോറെ വധിക്കുന്നു.

ഹാരി പോട്ടർ പരമ്പരയിലെ ഏഴ് പുസ്തകങ്ങൾ ഇവയാണ്:

  1. ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ‍* (26 ജൂൺ 1997)
  2. ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ് (2 ജൂലൈ 1998)
  3. ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ‍(8 ജൂലൈ 1999)
  4. ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ‍‍ (8 ജൂലൈ 2000)
  5. ഹാരി പോട്ടർ ആന്റ് ദി ഓർഡർ ഓഫ് ദ ഫീനിക്സ് (21 ജൂൺ 2003)
  6. ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ് (16 ജൂലൈ 2005)
  7. ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് (21 ജൂലൈ 2007)
  • *ഹാരി പോട്ടർ ആന്റ് ദ സോഴ്സറേഴ്‍സ് സ്റ്റോൺ എന്നായിരുന്നു അമേരിക്കയിൽ ആദ്യ പുസ്തകത്തിന്റെ പേര്‌.*
  • ഏഴ് പുസ്തകങ്ങളും ഇംഗ്ലീഷിൽ ശബ്ദരൂപത്തിലും പുറത്തിറങ്ങിയിരുന്നു. ബ്രിട്ടീഷ് പതിപ്പ് സ്റ്റീഫൻ ഫ്രയ്യും അമേരിക്കൻ പതിപ്പ് ജിം ഡേലുമാണ് അവതരിപ്പിച്ചത്.

അനുബന്ധ പുസ്തകങ്ങൾ

ഉദ്ഭവവും പ്രസിദ്ധീകരണ ചരിത്രവും

തിരുത്തുക
 
നോവലിസ്റ്റ് ജെ.കെ. റൗളിംഗ്

1990-ൽ, മാഞ്ചസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ഒരു തിരക്കേറിയ ട്രെയിനിൽ ഇരിക്കുകയായിരുന്നു റൗളിങ്. പെട്ടെന്ന് ഹാരി പോട്ടർ എന്ന ആശയം അവരുടെ "തലയിലേക്ക് വന്ന് വീണു". ആ അനുഭവത്തേക്കുറിച്ച് റൗളിങ് തന്റെ വെബ്സൈറ്റിൽ ഇങ്ങനെ പറയുന്നു:[15]

1995ൽ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ പൂർത്തിയായി. റൗളിങ് പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി ഏജന്റുമാർക്കയച്ചു. റൗളിങ് ശ്രമിച്ച രണ്ടാമത്തെ ഏജന്റ് അവരെ പ്രതിനിധീകരിച്ച് പുസ്തകത്തിന്റെ കൈയെഴുത്ത്‌പ്രതി ബ്ലൂംസ്ബെറിക്ക് അയക്കാമെന്ന് സമ്മതിച്ചു. എട്ട് പ്രസാധകർ ഫിലോസഫേഴ്സ് സ്റ്റോൺ നിരസിച്ചശേഷം ബ്ലൂംസ്ബേറി മുൻകൂർ പ്രതിഫലമായി £2,500 നൽകിക്കൊണ്ട് പുസ്തകം പ്രസിദ്ധീകരണം ഏറ്റെടുത്തു.[16]

ഹാരി പോട്ടർ പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ അത് ഏത് പ്രായക്കാരെ ഉദ്ദേശിച്ചാണ് എന്നൊന്നും റൗളിങ് ചിന്തിച്ചിരുന്നില്ല. എങ്കിലും പ്രസാധകർ ഒമ്പത് മുതൽ പതിനൊന്നു വയസുവരെയുള്ള കുട്ടികളെയാണ് കേന്ദ്രീകരിച്ചത്.[17] ജൊവാനി റൗളിങ് എന്ന സ്ത്രീ നാമം കണ്ടാൽ ആൺകുട്ടികൾ പുസ്തകത്തിൽ താത്പര്യം കാണിക്കില്ല എന്ന് ഭയന്ന പ്രസാധകർ അവരോട് ഒരു പുതിയ തൂലികാനാമം സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു. തന്റെ മുത്തശ്ശിയുടെ പേരും തന്റെ പേരിനോട് കൂട്ടിച്ചേർത്ത് ജെ.കെ. റൗളിങ് (ജൊവാനി കാതലീൻ റൗളിങ്) എന്ന തൂലികാനാമം സ്വീകരിച്ചു.[18]

1997 ജൂലൈയിൽ ബ്ലൂംസ്ബെറി യുണൈറ്റഡ് കിങ്ഡത്തിൽ ആദ്യ ഹാരി പോട്ടർ പുസ്തകം പ്രസിദ്ധീകരിച്ചു. അമേരിക്കയിൽ പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം 105,000 ഡോളറിന് സ്കോളാസ്റ്റിക്സ് നേടി. അറിയപ്പെടാത്ത ഒരു ബാലസാഹിത്യകാരിക്ക് (അന്ന്) സാധാരണ ലഭിക്കുന്നതിലും വളരെയധികമായിരുന്നു ആ തുക.[19] 1998 സെപ്റ്റംബറിൽ അമേരിക്കയിൽ പുസ്തകം പുറത്തിറങ്ങി. ഫിലോസഫേഴ്സ് സ്റ്റോൺ എന്നത് ആൽക്കെമിയുമായി ബന്ധപ്പെട്ടതായതിനാൽ അമേരിക്കക്കാർ അങ്ങനെയൊരു പേര് മായാജാലം എന്ന വിഷയവുമായി ചേർത്തുകാണില്ല എന്ന് പ്രസാധകർ ഭയന്നു. അതിനാൽ അമേരിക്കയിൽ പുസ്തകത്തിന് ഹാരി പോട്ടർ ആന്റ് ദ സോഴ്സറേഴ്സ് സ്റ്റോൺ എന്ന പേര് സ്വീകരിക്കാൻ സ്കോളാസ്റ്റിക് തീരുമാനിച്ചു.

കാലക്രമേണ ധാരാളം മുതിർന്നവരായ ആരാധകരേയും ഹാരി പോട്ടർ ആകർഷിച്ചു. അതിനാൽ ഒരോ പുസ്തകത്തിനും രണ്ട് വ്യത്യസ്ത മുഖചിത്രങ്ങളുള്ള പതിപ്പുകൾ പുറത്തിറക്കാൻ പ്രസാധകർ തീരുമാനിച്ചു. കുട്ടികളുടെ പതിപ്പിലുള്ള മുഖചിത്രത്തേക്കാൾ അല്പം ഗൗരവമുള്ള മുഖചിത്രവുമായി മുതിർന്നവർക്കുള്ള പതിപ്പ് പുറത്തിറക്കുവാനായിരുന്നു തീരുമാനം.

പരമ്പരയുടെ പൂർത്തീകരണം

തിരുത്തുക

പരമ്പരയിലെ അവസാന പുസ്തകം 2006-ൽ എഴുതുമെന്ന്, തന്റെ വെബ്സൈറ്റിലൂടെ 2005 ഡിസംബറിൽ റൗളിങ് പ്രഖ്യാപിച്ചു. അതിനുശേഷം അവരുടെ ഓൺലൈൻ ഡയറിയിൽ ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസിന്റെ എഴുത്തിലെ പുരോഗതിയേക്കുറിച്ച് വിവരങ്ങൾ വന്നുകൊണ്ടിരുന്നു. 2007 ജൂലൈ 11 പുസ്തകത്തിന്റെ പ്രസിദ്ധീകരണ തിയതിയായി തീരുമാനിച്ചു.

എഡിൻബർഗിലെ ബാൽനൊരാൽ ഹോട്ടലിൽവച്ച് 2007 ജനുവരി 11ന് പുസ്തകം പൂർത്തിയായി. പുസ്തകം പൂർത്തീകരിച്ച മുറിയിലെ ഒരു ഹേംസ് ശില്പപത്തിന് പുറകിൽ റൗളിങ് ഇങ്ങനെ ഒരു കുറിപ്പ് എഴുതിവച്ചു. "ജെ.കെ. റൗളിങ്, ഈ മുറിയിൽവച്ച് (652) 2007 ജനുവരി 11-ന്, ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസിന്റെ എഴുത്ത് പൂർത്തീകരിച്ചു."

ഏഴാം പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിന്റെ പൂർത്തീകരണം ഏകദേശം 1990-ൽത്തന്നെ കഴിഞ്ഞുവെന്ന് റൗളിങ് പറഞ്ഞിട്ടുണ്ട്.

2006 ജൂണിൽ ബ്രിട്ടീഷ് അഭിമുഖ പരിപാടിയായ റിച്ചാഡ്&റൂഡിയിൽ പങ്കെടുത്ത റൗളിങ് പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ താൻ ചില മാറ്റങ്ങൾ വരുത്തിയതായി പറഞ്ഞു. ആദ്യമെഴുതിയപ്പോൾ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച ഒരു കഥാപാത്രം മരിക്കാതിരിക്കുകയും അതോടൊപ്പം തുടർന്ന് ജീവിക്കുന്നതായി മുമ്പ് ചിത്രീകരിച്ചിരുന്ന രണ്ട് കഥാപാത്രങ്ങളെ കൊലചെയ്യപ്പെടുകയും ചെയ്യുന്നതാണ് ആ മാറ്റങ്ങൾ എന്ന് റൗളിങ് പ്രസ്താവിച്ചു. ഹാരിയുടെ ഹോഗ്‌വാർട്ട്‌സിലെ പഠനം കഴിഞ്ഞുള്ള ജീവിതത്തേക്കുറിച്ച് മറ്റ് എഴുത്തുകാർ കഥയെഴുതാതിരിക്കുന്നതിനായി ഹാരിയെ "കൊല്ലുന്നതിലെ" യുക്തി താൻ മനസ്സിലാക്കുന്നുവെന്നും അവർ പറഞ്ഞു.

മാർച്ച് 28 2007ന് ബ്ലൂംസ്ബെറിയുടെ മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള പതിപ്പുകളുടേയും യുഎസിൽ പുറത്തിറക്കുന്ന സ്കോളാസ്റ്റിക് പതിപ്പിന്റേയും മുഖചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.

ഡെത്‌ലി ഹാലോസിന് ശേഷം

തിരുത്തുക

പതിനേഴ് വർഷം കൊണ്ടാണ് റൗളിങ് ഏഴ് ഹാരി പോട്ടർ പുസ്തകങ്ങൾ എഴുതിയത്. 2000ൽ ഹാരി പോട്ടറിന്റെ അമേരിക്കൻ പ്രസാധകരായ സ്കോളാസ്റ്റിക്സിന് നൽകിയ അഭിമുഖത്തിൽ, മാന്ത്രിക ലോകത്തിൽ ഹോഗ്‌വാർട്ട്‌സിനുശേഷം ഒരു സർവകലാശാല ഇല്ല എന്ന് ‍റൗളിങ് പറഞ്ഞു. ഏഴാം പുസ്തകം കഴിഞ്ഞും പരമ്പര തുടരുന്ന കാര്യത്തേക്കുറിച്ച് അവർ ഇങ്ങനെ പറഞ്ഞു "ഒരിക്കലും എഴുതില്ല എന്നു ഞാൻ പറയുന്നില്ല. എന്നാൽ എട്ടാം പുസ്തകം എഴുതാൻ ഇപ്പോൾ പദ്ധതിയില്ല." എട്ടാമത് ഒരു പുസ്തകം എഴുതുകയാണെങ്കിൽ അതിലെ പ്രധാന കഥാപാത്രം ഹാരി ആയിരിക്കില്ല എന്നും അങ്ങനെയൊരു പുസ്തകം കുറഞ്ഞത് പത്ത് വർഷത്തിന്ശേഷമേ ഉണ്ടാകൂ എന്നും റൗളിങ് പിന്നീട് പറഞ്ഞു.

കാരുണ്യപ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിനായി ക്വിഡിച്ച് ത്രൂ ഏജസ്, ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്റ് വേർ റ്റു ഫൈന്റ് ദെം എന്നിവപോലുള്ള പുസ്തകങ്ങൾ എഴുതുന്ന കാര്യം പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് റൗളിങ് പറഞ്ഞു. പരമ്പരയിൽ ഉൾപ്പെടാത്ത വിവരങ്ങളും ഉൾപ്പെടുത്തി ഒരു ഹാരി പോട്ടർ വിജ്ഞാനകോശം നിർമ്മിക്കുക എന്നതാണ് മറ്റൊരു നിർദ്ദേശം. താനിപ്പോൾ രണ്ട് പുസ്തകങ്ങൾ‌ ഒന്ന് മുതിർന്നവർക്കും, ഒന്ന് കുട്ടികൾക്കും- എഴുതിക്കൊണ്ടിരിക്കുകയാണെന്ന് റൗളിങ് വെളിപ്പെടുത്തിയിട്ടുണ്ട്.

2007 ഫെബ്രുവരിയിൽ പരമ്പരയുടെ പൂർത്തീകരണത്തെക്കുറിച്ച് റൗളിങ് തന്റെ വെബ്സൈറ്റിൽ ചില കാര്യങ്ങൾ എഴുതി. പരമ്പര പൂർത്തീകരിച്ചപ്പോഴുണ്ടായ മിശ്രിത ‌വികാരങ്ങളെ 1850-ൽ ചാൾസ് ഡിക്കൻസ്, ഡേവിഡ് കോപ്പർഫീൽഡിന്റെ ആമുഖത്തിൽ പ്രകടിപ്പിച്ച വികാരത്തോടാണ് അവർ താരതമ്യം ചെയ്തത്.

ഹാരി പോട്ടർ ലോകത്തെ സംബന്ധിച്ച ഒരു വിജ്ഞാനകോശം താൻ "മിക്കവാറും" എഴുതും എന്ന് 2004 ജൂലൈ 24ന് ഒരു ആഭിമുഖത്തിൽ റൗളിങ് പറഞ്ഞു. പരമ്പരയിൽ നിന്നൊഴിവാക്കിയ പല പാശ്ചാത്തല വിവരങ്ങളും ഡെത്‌ലി ഹാലോസിന് ശേഷമുള്ള കാര്യങ്ങളും- മറ്റ് കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചു, ആരാണ് ഹോഗ്‌വാർട്ട്‌സിലെ പുതിയ ഹെഡ്മാസ്റ്റർ, അങ്ങനെ പലതും- അതിൽ ഉൾപ്പെടുത്തുമെന്ന് റൗളിങ് കൂട്ടിച്ചേർത്തു.

ഡെത്‌ലി ഹാലോസിലെ ഉപസംഹാരത്തിനും അതിനുമുമ്പുള്ള അദ്ധ്യായത്തിനുമിടയിലെ കാലയളവിൽ പല കഥാപാത്രങ്ങളും ചെയ്ത കാര്യങ്ങളെക്കുഇച്ച് 90 മിനിറ്റ് നീണ്ടുനിന്ന ഒരു വെബ് സംഭാഷണത്തിൽ റൗളിങ് വെളിപ്പെടുത്തി.

വിവർത്തനങ്ങൾ

തിരുത്തുക

ഹാരി പോട്ടർ പരമ്പര 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്[3]. ഇത് റൗളിങിനെ ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളുടെ കർത്താക്കളിലൊരാളാക്കി. അമേരിക്കൻ ഇംഗ്ലീഷിലേക്കായിരുന്നു ആദ്യ വിവർത്തനം. നോവലിലെ പല വാക്കുകളും സങ്കല്പങ്ങളും അമേരിക്കൻ വായനക്കാർക്ക് മനസ്സിലാക്കാനാൻ കഴിയാതെ വന്നേക്കാം എന്നതുകൊണ്ടാണ് അമേരിക്കൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. പിന്നീട് ഉക്രേനിയൻ, ഹിന്ദി, ബെംഗാളി, വെൽഷ്, ആഫ്രികാൻസ്, വിയറ്റ്നാമീസ് ഭാഷകളിലുള്ള വിവർത്തനങ്ങൾ പുറത്തിറങ്ങി. ആദ്യ പുസ്തകം ലാറ്റിനിലേക്കും പുരാതന ഗ്രീക്ക് ഭാഷയിലേക്കുംവരെ വിവർത്തനം ചെയ്യപ്പെട്ടു. പുരാതന ഗ്രീക്ക് ഭാഷയിൽ, എഡി മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഹെലിയോഡോറസ് ഓഫ് എമെസ എന്ന നോവലിനുശേഷം പുറത്തിറങ്ങിയ ഏറ്റവും ദൈർഘ്യമേറിയ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയായി അത്.

ഇറ്റലിയടക്കമുള്ള ചില രാജ്യങ്ങളിൽ വായനക്കാരിൽനിന്നുള്ള പ്രതികരണത്തെത്തുടർന്ന് ആദ്യ പുസ്തകം പുതുക്കിയെഴുതപ്പെട്ടിരുന്നു. ചൈന, പോർചുഗൽ എന്നിവയുൾപ്പെടുന്ന ചില രാജ്യങ്ങളിൽ സമയം ലാഭിക്കുന്നതിനായി ഒരു സംഘം വിവർത്തകർ ചേർന്നാണ് പുസ്തകങ്ങൾ വിവർത്തനം ചെയ്തത്. വിവർത്തകരുടെ കൂട്ടത്തിൽ ചില പ്രശസ്ത വ്യക്തികളും ഉണ്ടായിരുന്നു. അതിലൊരാളാണ് അഞ്ചാം പുസ്തകത്തിന്റെ റഷ്യൻ വിവർത്തനത്തിന്റെ മേൽനോട്ടം വഹിച്ച വിക്ടർ ഗൊളിഷെവ്. വില്യം ഫാക്നർ, ജോർജ് ഓർവെൽ എന്നിവരുടെ കൃതികളുടെ വിവർത്തകൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ അടുത്ത പുസ്തകങ്ങളുടെ വിവർത്തനങ്ങളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിരുന്നില്ല. അഭിമുഖങ്ങളിൽ ഹാരി പോട്ടർ പുസ്തകങ്ങളെ അധിക്ഷേപിക്കുന്ന സ്വഭാവവും അതിനെ താണതരം സാഹിത്യമെന്ന് വിശേഷിപ്പിച്ചതുമാവാം അതിനുകാരണമായത്. രണ്ട് മുതൽ ഏഴ് വരെയുള്ള പുസ്തകങ്ങളുടെ ടർക്കിഷ് വിവർത്തനം നടത്തിയത് പ്രശസ്ത നിരൂപകനായ സെവിൻ ഒക്യേയ് ആണ്. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതിനാൽ ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങിയതിന് ശേഷം മാത്രമേ വിവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിരുന്നുള്ളൂ. അതിനാൽ ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങി ചില മാസങ്ങൾ കഴിഞ്ഞശേഷം മാത്രമാണ് വിവർത്തനങ്ങൾ ലഭ്യമായത്. അക്ഷമരായ ആരാധകർ വിവർത്തനങ്ങൾ വരും മുമ്പേ ഇംഗ്ലീഷ് പതിപ്പ് വാങ്ങിക്കുന്നതിനും അതിന്റെ വിൽപന വീണ്ടും വർദ്ധിക്കുന്നതിനും ഇത് കാരണമായി. ഇതേ കാരണത്താൽ നാലാം പുസ്തകമായ ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ ഫ്രാൻസിൽ ബെസ്റ്റ് സെല്ലർ വരെയായി. ഫ്രാൻസിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടിയിൽ സ്ഥാനം നേടിയ ആദ്യ ഇംഗ്ലീഷ് പുസ്തകം എന്ന ഖ്യാതിയും ആ പുസ്തകത്തിന് ലഭിച്ചു.

സാഹിത്യ വിശകലനം

തിരുത്തുക

ഘടനയും വിഭാഗവും

തിരുത്തുക

അതികാൽപനിക വിഭാഗത്തിലാണ് ഹാർ പോട്ടർ പരമ്പര പ്രധാനമായും ഉൾപ്പെടുന്നത്. പല അംശങ്ങളും പരിശോധിക്കുമ്പോൾ അവ ബിൽഡങ്സ്റോമൻ വിഭാഗത്തിലും ഉൾപ്പെടുന്നുവെന്ന് കാണാം.ബോർഡിങ് സ്കൂൾ വിഭാഗത്തിലും ഇവയെ ഉൾപ്പെടുത്താം. എനിഡ് ബ്ലൈറ്റന്റെ മാലൊറി ടവേഴ്സ്, സെന്റ്. ക്ലെയേര്സ്, നോട്ടിയെസ്റ്റ് ഗേൾ എന്നീ പരമ്പരകളും ഫ്രാങ്ക് റിച്ചാർഡിന്റെ ബില്ലി ബണ്ടർ നോവലുകളുമാണ് ഈ വിഭാഗത്തിലെ മറ്റ് ചില പ്രശസ്ത കൃതികൾ. ബ്രിട്ടനിലെ മാന്ത്രികർക്കുള്ള ബോർഡിങ് സ്കൂളായി ഹോഗ്‌വാർട്ട്‌സിലാണ് ഹാരി പോട്ടർ കഥകൾ പ്രധാനമായും നടക്കുന്നത്. ജാലവിദ്യ പഠനവിഷയമായ ഒരു വിദ്യാലയമാണത്. ഈ വീക്ഷണത്തിൽ നോക്കുകയാണെങ്കിൽ ഇവ തോമസ് ഹ്യൂജ്സിന്റെ ടോം ബ്രൗൺസ് സ്കൂൾ ഡേസ് ബ്രിട്ടീഷ് പബ്ലിക് സ്കൂൾ വിഷയമായ മറ്റ് വിക്ടോറിയൻ, എഡ്വാർഡിയൻ നോവലുകൾ എന്നിവയുടെ ഒരു നേരിട്ടുള്ള പിൻഗാമിയാണ് ഹാരി പോട്ടർ കൃതികൾ. സ്റ്റീഫൻ കിങിന്റെ വാക്കുകളിൽ ഇവ "തന്ത്രപൂർണമായ നിഗൂഢകഥകളാണ്". ഷെർലക് ഹോംസ് കഥകളുടെ ശൈലിയിലാണ് ഈ പുസ്തകങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്. കഥയുടെ ആഖ്യാനത്തിൽ പല സൂചനകളും തെളിവുകളും ഒളിച്ചിരിക്കുന്നുണ്ടാവും. കഥാപാത്രങ്ങൾ സംശയിക്കപ്പെട്ട വ്യക്തികളെ വിചിത്രമായ സ്ഥലങ്ങളിലൂടെ പിന്തുടരുന്നു. കഥാപാത്രങ്ങളുടെ വിശ്വാസങ്ങളെ മാറ്റിമറിക്കുന്ന തരത്തിലുള്ള ഒരു അവസാനത്തിലായിരിക്കും ഇത് മിക്കവാറും ചെന്നെത്തുക. തേഡ് പെഴ്സൺ ലിമിറ്റഡ് വീക്ഷണത്തിലൂടെയാണ് ഹാരി പോട്ടറിൽ കഥകൾ പറയപ്പെടുന്നത്. ചിലയിടങ്ങളിൽ മാത്രം ഈ രീതി ഭേദിക്കപ്പെടുന്നുണ്ട്. (ഫിലോസഫേഴ്സ് സ്റ്റോൺ, ഡെത്‌ലി ഹാലോസ് എന്നിവയിലെ ആദ്യ അദ്ധ്യായങ്ങൾ, ഹാഫ് ബ്ലഡ് പ്രിൻസിലെ ആദ്യ രണ്ട് അദ്ധ്യായങ്ങൾ എന്നിവ ഉദാഹരണം.) കഥയിലെ രഹസ്യങ്ങൾ ഹാരി മനസ്സിലാക്കുമ്പോഴാണ് വായനക്കാരനും അത് മനസ്സിലാക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളായ റോൺ, ഹെർമോണി എന്നിവരുടെ ചിന്തകളും പദ്ധതികളും പോലും ഹാരി അറിയുന്നത് വരെ വായനക്കാരനും അറിയുന്നില്ല.

ഏഴ് പുസ്തകങ്ങളിലും ഒരു പ്രത്യേക ഘടന പാലിച്ചിരിക്കുന്നതായി കാണാം. ഹാരിയുടെ ഒരോ വിദ്യാലയ വർഷങ്ങളായി വേർതിരിച്ചിരിക്കുന്ന ഓരോ കഥകളും ആരംഭിക്കുമ്പോഴും ഹാരി മഗിൾ ലോകത്തിലെ ബന്ധുക്കളായ ഡഴ്സ്‌ലി കുടുംബത്തിന്റെ വീട്ടിൽ അവരുടെ ദുഷ് പെരുമാറ്റവും സഹിച്ച് ജീവിക്കുകയായിരിക്കും. തുടർന്ന് അവൻ ഒരു പ്രത്യേക മാന്ത്രിക സ്ഥലത്തെത്തുന്നു. (ഡയഗൺ അലി, വീസ്‌ലി കുടുംബത്തിന്റെ വീട്, നമ്പർ ട്വെൽവ്, ഗ്രിമ്മോൾഡ് പ്ലേസ്) സ്കൂൾ തുടങ്ങും മുമ്പ് അല്പ സമയം അവിടെ ജീവിക്കുന്ന ഹാരി പിന്നീട് കിങ്സ് ക്രോസ് സ്റ്റേഷനിലെ 9 3/4 പ്ലാറ്റ്ഫോമിൽ നിന്ന് സ്കൂൾ ട്രെയിൻ കയറുന്നു. സ്കൂളിലെത്തുന്നതോടെ പുതിയ കഥാപാത്രങ്ങൾ അവതരിക്കുന്നു. പ്രയാസമേറിയ ഉപന്യാസങ്ങൾ, കുഴഞ്ഞുമറിഞ്ഞ പ്രേമങ്ങൾ, ദയയില്ലാത്ത അദ്ധ്യാപകർ തുടങ്ങിയ സാധാരണ സ്കൂൾ പ്രശ്നങ്ങൾ ഹാരി മറികടക്കുന്നു. അവസാന പരീക്ഷക്കടുത്തോ തൊട്ട് ശേഷമോ ഹാരി വോൾഡർമോർട്ടുമായോ അയാളുടെ അനുയായികളായ ഡെത്ത് ഈറ്റേഴ് ഏറ്റുമുട്ടുന്നതോടെ കഥ ഉച്ചാവസ്ഥയിലെത്തുന്നു. പോരാട്ടത്തിന് ശേഷം വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനും ഹാരിയുടെ ഉപദേശകനുമായ ആൽബസ് ഡംബിൾഡോറുമായുള്ള സംഭാഷണത്തിലൂടെ ഒരു പ്രധാന പാഠം പഠിക്കുന്നു. അവസാന നാല് പുസ്തകങ്ങളുടെയും അന്ത്യത്തിൽ ഒന്നോ അതിലധികമോ പ്രധാന കഥാപാത്രങ്ങൾ മരണപ്പെടുന്നുണ്ട്.

എന്നാൽ അവസാന പുസ്തകമായ ഡെത്‌ലി ഹാലോസിൽ ഈ ഘടന പൂർണമായും ലംഘിക്കപ്പെട്ടു. അതിൽ ഹാരിയും കൂട്ടുകാരും മിക്ക സമയവും വിദ്യാലയത്തിൽനിന്നകലെയാണ് ചിലവഴിക്കുന്നത്. കഥവസാനത്തിൽ മാത്രമാണ് വോൾഡർമോർട്ടിനെ നേരിടാൻ അവർ വിദ്യാലയത്തിൽ മടങ്ങിയെത്തുന്നത്.

നേട്ടങ്ങൾ

തിരുത്തുക

സാമൂഹ്യ സ്വാധീനം

തിരുത്തുക

പരമ്പരയിലെ പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങുമ്പോൾ ആരാധകർക്കുള്ള ആകാംഷയും ആവേശവും കണ്ട പുസ്തകശാലകൾ പുസ്തക പ്രകാശനത്തോടനുബന്ധിച്ച വിവിധ പരിപാടികൾ നടത്തിയിരുന്നു. 2000-ത്തിൽ ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയറിന്റെ പ്രകാശനം മുതലാണ് ഇത്തരം പരിപാടികൾ ആരംഭിച്ചത്.

വിമർശനം, പ്രശംസ, വിവാദം

തിരുത്തുക

പരമ്പരയുടെ ആദ്യകാലങ്ങളിൽ ലഭിച്ച പ്രശംസാപരമായ നിരൂപണങ്ങൾ അതിന്റെ വായനാക്കാരുടെ എണ്ണം വർദ്ധിക്കുന്നതിന് സഹായിച്ചു. ആദ്യ പുസ്തകമായ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ പ്രസിദ്ധീകരിച്ചപ്പോൾ ബ്രിട്ടനിലെ മിക്ക പ്രധാന വാർത്താപത്രങ്ങളും അതിനെ വളരെയധികം പ്രശംസിക്കുകയുണ്ടായി.

മറ്റ് മാദ്ധ്യമങ്ങളിൽ

തിരുത്തുക

ചലച്ചിത്രങ്ങൾ

തിരുത്തുക

1999ൽ ജെ.കെ റൗളിങ്, ഹാരി പോട്ടർ പരമ്പരയിലെ ആദ്യ നാല് പുസ്തകങ്ങളുടെ ചലച്ചിത്ര നിർമ്മാണാവകാശം 10 ലക്ഷം £ന് (US$1,982,900) വാർണർ ബ്രദേഴ്സിന് വിറ്റു. അഭിനേതാക്കൾ എല്ലാം തന്നെ ബ്രിട്ടീഷുകാർ ആവണമെന്നായിരുന്നു റൗളിങിന്റെ ഒരു വ്യവസ്ഥ. സ്റ്റീവൻ സ്പിൽബർഗ്ഗ്, ടെരി ജില്ല്യം, ജൊനാഥഅൻ ഡെമ്മി, അലൻ പാർക്കർ തുടങ്ങി പല സം‌വിധായകരും സിനിമക്കായി പരിഗണിക്കപ്പെട്ടു. 2000 മാർച്ച് 28ന് ക്രിസ് കൊളംബസിനെ ആദ്യ സിനിമയായ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോണിന്റെ (അമേരിക്കയിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സറേഴ്സ് സ്റ്റോൺ) സം‌വിധായകനായി നിയമിച്ചു. അദ്ദേഹം സം‌വിധായകനായ ഹോം എലോൺ, മിസിസ്. ഡൗട്ട്‌ഫയർ എന്നീ കുടുംബചിത്രങ്ങളാണ് ഈ തീരുമാനത്തിൽ തങ്ങളെ സ്വാധീനിച്ചതെന്ന് അവർ പറഞ്ഞു. അഭിനേതാക്കളെ തീരുമാനിച്ചശേഷം 2000 ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ലണ്ടനിലെ ലിവെസ്ഡെൻ ഫിലിം സ്റ്റുഡിയോയിൽ വച്ചായിരുന്നു ചിത്രീകരണം. ജൂല്യ 2001ൽ ചിത്രീകരണം അവസാനിച്ചു. 2001 നവംബർ പതിനാറിന് ഫിലോസഫേഴ്സ് സ്റ്റോൺ പുറത്തിറങ്ങി.

ഫിലോസഫേഴ്സ് സ്റ്റോൺ പുറത്തിറങ്ങി മൂന്ന് ദിവസത്തിനകം ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സിന്റെ ചിത്രീകരണം ആരംഭിച്ചു. കൊളംബസ് തന്നെയായിരുന്നു സം‌വിധായകൻ. 2002 വേനൽക്കാലത്ത് പൂർത്തിയായ ചിത്രം നവംബർ 15ന് പുറത്തിറങ്ങി.

പ്രമാണം:Logo = File:Warner Bros logo.svg 200px

മൂന്നാം സിനിമ സം‌വിധാനം ചെയ്യാൻ വിസമ്മതിച്ച ക്രിസ് കൊളംബസ് നിർമാതാവ് എന്ന നിലയിൽ തുടർന്നു. മെക്സിക്കൻ സം‌വിധായകൻ അൽഫോൺസോ കുവാരോൺ ആ സ്ഥാനത്തെത്തി. 2004 ജൂൺ നാലിന് ചിത്രം പുറത്തിറങ്ങി.

മൂന്നാം സിനിമ പുറത്തിറങ്ങിയതിന് മുമ്പേ നാലാം സിനിമയായ ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ ന്റെ നിർമ്മാണം ആരംഭിച്ചതിനാൽ സം‌വിധായകനായി മൈക്ക് ന്യൂവെല്ലിനെ തിരഞ്ഞെടുത്തു. 2008 നവംബർ 28ന് നാലാം സിനിമ പുറത്തിറങ്ങി.

അടുത്ത സിനിമ സം‌വിധാനം ചെയ്യാൻ ന്യൂവെൽ വിസമ്മതിച്ചതിനാൽ ബ്രിട്ടിഷ് ടിവി സം‌വിധായകനായ ഡേവിഡ് യേറ്റ്സിനെ ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സിന്റെ സം‌വിധായകനാക്കി. ജനുവരി 2006ന് നിർമ്മാണമാരംഭിച്ച അഞ്ചാം സിനിമ ജൂലൈ 11, 2007ന് പുറത്തിറങ്ങി.

2009 ജൂലൈ 15-ന് പുറത്തിറങ്ങിയ ഹാരി പോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസും യേറ്റ്സ് തന്നെയാണ് സം‌വിധാനം ചെയ്തത്. പരമ്പരയിലെ അവസാന പതിപ്പായ ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. ആദ്യ പതിപ്പ് നവംബർ 2010നും രണ്ടാം പതിപ്പ് ജൂലൈ 2011നും പുറത്തിറങ്ങി. യേറ്റ്സ് തന്നെയായിരുന്നു രണ്ടിന്റേയും സം‌വിധായകൻ.

ഹാരി പോട്ടർ സിനിമകൾ എല്ലാംതന്നെ വൻ ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു. ലോകവ്യാപകമായി ഏറ്റവും കൂടുതൽ ലാഭം നേടിയ സിനിമകളുടെ പട്ടികയിൽ അഞ്ച് ഹാരി പോട്ടർ സിനിമകളും 20 സ്ഥാനങ്ങൾക്കകത്തുണ്ട്.

ഗെയിമുകൾ

തിരുത്തുക
 
ഹാരി പോട്ടർ,
പ്ലേസ്റ്റേഷൻ സി.ഡി കവറിൻ മേൽ, ഹാരിപോട്ടർ എന്ന നോവലിലെ നായക കഥാപാത്രം മാന്ത്രിക വടിയുമായി.

ഹാരി പോട്ടർ പുസ്തകത്തേയും സിനിമയേയും ആധാരമാക്കി ഇലക്ട്രോണിക് ആർട്ട്‌സ് ഇതേവരെ 8 വീഡിയോ ഗെയിമുകൾ പുറത്തിറക്കിയിട്ടുണ്ട്. അഞ്ചെണ്ണം കഥയുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. 2003-ൽ ഹാരി പോട്ടറിലെ ക്വിഡിച്ച് കളി ആധാരമാക്കി ഹാരി പോട്ടർ:ക്വിഡിച്ച് വേൾഡ് കപ്പ് എന്ന പേരിൽ ഒരു ഗെയിം പുറത്തിറക്കി. ലെഗോ ക്രിയേറ്റർ: ഹാരി പോട്ടർ എന്ന പേരിൽ ആദ്യ രണ്ട് പുസ്തകങ്ങളെ ആധാരമാക്കി ഒരു പരമ്പരയും നിർമിച്ചു. സിനിമകളുടെ ഒപ്പമാണ് ഇവയും പുറത്തിറങ്ങിയത്.

  1. Allsobrook, Dr. Marian (2003-06-18). "Potter's place in the literary canon". BBC. Retrieved 2007-10-15.
  2. David Glovin (2008). "Rowling Warns of Potter Plagiarism in Trial Testimony". Bloomberg.com. Retrieved 2008-04-27.
  3. 3.0 3.1 Rowling, JK. "J.K.Rowling Official Site — Harry Potter and more: Acknowledgements". Archived from the original on 2007-06-10. Retrieved 2009-12-24.
  4. "All Time Worldwide Box Office Grosses". Box Office Mojo, LLC. 1998–2008. Retrieved 29 July 2008.
  5. "Publication Date for Harry Potter and the Deathly Hallows". Joanne Rowling. Archived from the original on 2011-07-22. Retrieved 2007-06-26.
  6. Fry, Stephen (10 December 2005). "Living with Harry Potter". BBC Radio 4. Archived from the original on 2009-06-02. Retrieved 10 December 2005.
  7. Jenson, Jeff (7 September 2000). "Harry Up!". Entertainment Weekly. Archived from the original on 2012-07-30. Retrieved 20 September 2007.{{cite news}}: CS1 maint: date and year (link)
  8. Nancy Carpentier Brown (2007). "The Last Chapter" (PDF). Our Sunday Visitor. Archived from the original (PDF) on 2007-10-13. Retrieved 28 April 2009.
  9. J. K. Rowling. "J. K. Rowling at the Edinburgh Book Festival". Archived from the original on 2006-08-20. Retrieved 10 October 2006.
  10. Geordie Greig (11 January 2006). "'There would be so much to tell her...'". The Daily Telegraph. London. Archived from the original on 2007-03-11. Retrieved 4 April 2007.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mzimba, Lizo, moderator. Interview with Steve Kloves and J.K. Rowling എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Watson, Julie and Kellner, Tomas. "J.K. Rowling And The Billion-Dollar Empire". Forbes.com, 26 February,2004. Accessed 19 March,2006.
  13. "Harry Potter - Global release dates" (html) (in English). warnerbros. Retrieved 2009 ഡിസംബർ 24. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  14. "Business big shot: Harry Potter author JK Rowling". Archived from the original on 2012-07-08. Retrieved 14 July 2009.
  15. Rowling, J.K. "Biography". JKRowling.com. Archived from the original on 2008-12-17. Retrieved 2006-05-21.
  16. Lawless, John. "Nigel Newton". BusinessWeek Online. Retrieved 2006-09-09.
  17. "Harry Potter - Brought to you by Kidsreads.com". Archived from the original on 2007-12-24. Retrieved 2008-06-22.
  18. Savill, Richard. "Harry Potter and the mystery of J K's lost initial". The Daily Telegraph. Retrieved 2006-09-09.
  19. Rozhon, Tracie (2007-04-21). "A Brief Walk Through Time at Scholastic". The New York Times. p. C3. Retrieved 2007-04-21. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഹാരി_പോട്ടർ&oldid=4119516" എന്ന താളിൽനിന്ന് ശേഖരിച്ചത്