ഡേവിഡ് കോപ്പർഫീൽഡ്
ഇംഗ്ലീഷ് സാഹിത്യകാരനായ ചാൾസ് ഡിക്കൻസ് രചിച്ച ഒരു നോവലാണ് ഡേവിഡ് കോപ്പർഫീൽഡ്.[1] 1849 മെയ് മുതൽ 1850 നവംബർ വരെ ഖണ്ഡശയായാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ കൃതി 1850-ൽ തന്നെ പുസ്തകരൂപത്തിൽ പുറത്തിറക്കുകയും ചെയ്തു. ഡേവിഡിന്റെ മറ്റു കൃതികളായ ഒലിവർ ട്വിസ്റ്റ്, രണ്ടു നഗരങ്ങളുടെ കഥ എന്നിവയെപ്പോലെ ഏറ്റവും അധികം ജനപ്രീതിയാർജിച്ച നോവലുകളിൽ ഒന്നാണ് ഇത്. ഡിക്കൻസിന്റെ കൃതികളിൽ ആത്മകഥാംശത്തിന് ഏറ്റവും മുൻതൂക്കം നൽകിയിരിക്കുന്നതും ഈ കൃതിക്കു തന്നെയാണ്.
കർത്താവ് | ചാൾസ് ഡിക്കൻസ് |
---|---|
യഥാർത്ഥ പേര് | The Personal History, Adventures, Experience and Observation of David Copperfield the Younger of Blunderstone Rookery (which he never meant to publish on any account) |
ചിത്രരചയിതാവ് | Hablot Knight Browne (Phiz) |
പുറംചട്ട സൃഷ്ടാവ് | Hablot Knight Browne (Phiz) |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | Monthly: May 1849 – November 1850 |
സാഹിത്യവിഭാഗം | Fiction Social criticism |
പ്രസാധകർ | Bradbury & Evans |
പ്രസിദ്ധീകരിച്ച തിയതി | 1850 |
മാധ്യമം | Print (Serial, Hardback, and Paperback) |
ഏടുകൾ | 721 |
മുമ്പത്തെ പുസ്തകം | Dombey and Son |
ശേഷമുള്ള പുസ്തകം | Bleak House |
ഇതിവൃത്തം
തിരുത്തുകഒരു അനാഥ ബാലൻ തന്റെ ജീവിത ദുരിതങ്ങൾ തരണം ചെയ്ത് വിജയകരമായ ദാമ്പത്യജീവിതത്തിന്റേയും സാഹിത്യജീവിതത്തിന്റേയും പടിവാതിൽക്കലെത്തുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഇതിൽ ഗ്രന്ഥകർത്താവിന്റെ ആത്മകഥാംശം ഉൾക്കൊണ്ടിരിക്കുന്നു.
ഉള്ളടക്കം
തിരുത്തുകസഫോക്കിലെ ബ്ളണ്ടർ സ്റ്റോണിലായിരുന്നു ഡേവിഡ് കോപ്പർഫീൽഡിന്റെ ജനനം. ഡേവിഡിന്റെ ജനനത്തിനും ആറു മാസം മുമ്പ് പിതാവ് മരണമടഞ്ഞു. കുഞ്ഞ് ആണാണെന്നറിഞ്ഞ നിമിഷം മാതുലയായ മിസ് ബെറ്റ്സി ട്രോട് വുഡ് വീട്ടിൽ നിന്നിറങ്ങിപ്പോയി. അമ്മയായ ക്ലാര കോപ്പർഫീൽഡിന്റേയും ഭൃത്യയായ പെഗോട്ടിയുടേയും കൂടെ ഡേവിഡ് ബാല്യത്തിന്റെ ആദ്യ നാളുകൾ കഴിച്ചു കൂട്ടി. അചിരേണ മർഡ്സ്റ്റോൺ എന്നൊരാൾ വിധവയായ ക്ലാരയെ വിവാഹം കഴിച്ചു. യാർമത്തിലെ ബന്ധുക്കളുടെ അടുത്തേക്ക് പെഗോട്ടിയോടൊപ്പം ഡേവിഡിനെ പറഞ്ഞയയ്ക്കാൻ പിന്നെ അധികം വൈകിയില്ല. തിരിച്ച് വീട്ടിലെത്തിയ ഡേവിഡിനെ സ്വാഗതം ചെയ്തത് വളർത്തച്ഛന്റെ ക്രൂരമായ പെരുമാറ്റമായിരുന്നു. വളർത്തച്ഛനുമായി പിണങ്ങിയ ഡേവിഡിനെ ലണ്ടനടുത്തുള്ള സേലം ഹൗസ് എന്ന സ്കൂളിൽ പഠിക്കാൻ അയച്ചു. എന്നാൽ അമ്മയുടെ മരണം മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പത്താമത്തെ വയസ്സിൽ ഒരു പണ്ടകശാലയിൽ ജോലി ചെയ്യാൻ ഡേവിഡ് നിയോഗിക്കപ്പെട്ടു.
ജീവിതത്തിൽ സ്വന്തമായ ഒരു പന്ഥാവു വെട്ടിത്തെളിക്കാൻ തന്നെ തീരുമാനിച്ച ഡേവിഡ് ഡോവറിൽ താമസിക്കുന്ന മാതുലയായ ബെറ്റ്സി ട്രോട് വുഡിന്റെ അടുത്തെത്തി. അവർ ഡേവിഡിനെ കാന്റർബെറിയിൽ പഠിക്കാനയച്ചു. പതിനേഴാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്പെൻലോ എന്ന അധ്യാപകന്റെ കീഴിൽ നിയമപഠനമാരംഭിച്ചു. സ്പെൻലോയുടെ മകളായ ഡോറയുമായി പ്രണയത്തിലാകാനും അവളെ വിവാഹം കഴിക്കാനും ഈ അവസരത്തിൽ ഭാഗ്യം സിദ്ധിച്ചു. താമസിയാതെ ഡേവിഡ് വക്കീൽ ഗുമസ്തനായി ജോലി നേടിയെങ്കിലും ഡോറയുടെ ആരോഗ്യനില വഷളായത് ഡേവിഡിനെ മാനസികമായി തളർത്തി. ഭാര്യയുടെ മരണശേഷം സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ആഗ്നസ് പിക് ഫീൽഡ് ആയിരുന്നു ഏക ആശ്രയം. അവളുടെ ഉപദേശപ്രകാരം വിദേശയാത്രയ്ക്കു തിരിച്ച ഡേവിഡ് മൂന്നു വർഷം യൂറോപ്പിൽ താമസിച്ചു. തിരിച്ചുവന്ന് ആഗ്നസിനെ വിവാഹം കഴിച്ച് നോവലിസ്റ്റെന്ന നിലയിൽ ഡേവിഡ് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതോടെ നോവൽ അവസാനിക്കുന്നു.
രചനാരീതി
തിരുത്തുകഉത്തമപുരുഷാഖ്യാന രീതിയിലാണ് ഡിക്കൻസ് ഈ കൃതി രചിച്ചിരിക്കുന്നത്. കഥാഖ്യാനത്തെ യാഥാർഥ്യ പ്രതീതി ജനിപ്പിക്കാൻ തികച്ചും പര്യാപ്തമാക്കുന്നതോടൊപ്പം കഥാനായകനുമായി താദാത്മ്യം പ്രാപിക്കാൻ വായനക്കാരന് അവസരം നല്കാനും ഈ രീതി ഉപകരിക്കുന്നു. കഥാനായകന്റെ ഔദ്യോഗിക ജീവിത വിജയത്തേക്കാൾ മറ്റു കഥാപാത്രങ്ങളുമായുള്ള ബന്ധത്തിനാണ് നോവലിസ്റ്റ് ഊന്നൽ നല്കുന്നത്. തികഞ്ഞ ഏകാഗ്രതയോടെയാണ് ഡിക്കൻസ് നോവൽശില്പം മെനഞ്ഞെടുത്തിരിക്കുന്നത്. നിരവധി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുകയും നിരവധി സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നുണ്ടെങ്കിലും വൈകാരികവും പ്രമേയപരവുമായ ഐക്യം എല്ലാറ്റിനും അന്തർധാരയായി വർത്തിക്കുന്നു. കഥാനായകന്റെ വ്യക്തിത്വത്തിന്റെ വികാസം എന്ന ചരടിന്മേൽ എല്ലാ ഇഴകളും വിദഗ്ദ്ധമായി കോർത്തിണക്കുകയാണ് ഡിക്കൻസ് ചെയ്തിരിക്കുന്നത്. ഡേവിഡ് പൂർണമായും ഡിക്കൻസിന്റെ പ്രതി രൂപമല്ലെങ്കിലും അയാളുടെ സ്വഭാവവും ജീവിതഗതിയും ഡിക്കൻസിന്റേതിനോട് സാദൃശ്യമുള്ളതാണ്. മിസ്റ്റർ മിക്കാബർ എന്ന കഥാപാത്രത്തിന് ഡിക്കൻസിന്റെ പിതാവിനോടും ഡോറയ്ക്ക് ഡിക്കൻസിന്റെ ആദ്യ പ്രണയിനിയായ മറിയ ബീഡ്നെലിനോടുമുള്ള സാദൃശ്യം ഇതിനു തെളിവാണ്. പണ്ടകശാലയിൽ ഡേവിഡിന് ഉണ്ടാകുന്നതായി ചിത്രീകരിക്കപ്പെടുന്ന അനുഭവങ്ങൾ ഡിക്കൻസിന്റെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ തന്നെയാണ്. സർവോപരി കഥാ നായകനെ നോവലിസ്റ്റായി ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഡിക്കൻസ് കഥ അവസാനിപ്പിച്ചിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Dickens invented over 14 variations of the title for this work, see "Titles, Titling, and Entitlement to", by Hazard Adams in The Journal of Aesthetics and Art Criticism, Vol. 46, No. 1 (Autumn, 1987), pp. 7–21
- Jeffers, Thomas L. (2005). Apprenticeships: The Bildungsroman from Goethe to Santayana. New York: Palgrave.
{{cite book}}
: Unknown parameter|papes=
ignored (help) - David Copperfield (Major Literary Characters series). Edited and with an Introduction by Harold Bloom. 255 pages. 1992 New York: Chelsea House Publishers
- Graham Storey: David Copperfield – Interweaving Truth and Fiction (Twayne's Masterworks Studies). 111 pages. 1991 Boston: Twayne Publishers
- Approaches to Teaching Dickens' David Copperfield. Edited by Richard J. Dunn. 162 pages. 1984 New York: The Modern Language Association of America
- Barry Westburg: The Confessional Fictions of Charles Dickens. See pages 33 to 114. 1977 DeKalb: Northern Illinois University Press
- Catcher in The Rye, J.D. Salinger; Penguin 1951
- Black Books -TV Series/DVD – Assembly Film and Television/Channel 4, 2002; Episode 2, Series 1 – 'Manny's First Day.'
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകOnline editions
- David Copperfield പുസ്തകരൂപത്തിൽ ഓൺലൈനിൽ വായിക്കുവാൻ
- David Copperfield പുസ്തകം കൂടുതൽ വർണ്ണനകളോടെ
- David Copperfield പുസ്തകം കേൾക്കുവാൻ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡേവിഡ് കോപ്പർഫീൽഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |