ദശരഥൻ

രാമായണത്തിലെ കഥാപാത്രം
(Dasharatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ദശരഥൻ (Sanskrit: दशरथ, IAST Daśaratha, Malay: Dasarata, Thai: Thotsarot). ഇക്ഷ്വാകുവംശത്തിലെ അജമഹാരാജാവിന്റെയും ഇന്ദുമതി എന്ന രാജ്ഞിയുടെയും പുത്രനും പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ. ദശരഥന്റെ യഥാർത്ഥ നാമം നേമി എന്നായിരുന്നു. രഥം ഏകകാലത്തിൽ പത്തു ദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട് സാരഥ്യവൈദഗ്ഗ്ദ്ധ്യത്തോടുകൂടി സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട് ഇദ്ദേഹത്തിന് ബ്രഹ്മാവിൽ നിന്ന് ദശരഥൻ എന്ന പേരു ലഭിച്ചു.കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി. ദശരഥന്റെ മന്ത്രിമാരിൽ പ്രാധാനി സുമന്ദ്രനാണ്.സരയൂനദിയുടെ തീരത്താണ് അയോദ്ധ്യ സ്ഥിതി ചെയ്തിരുന്നത്. [1] [2]വിഷ്ണുവിന്റെ അവതാരവും രാമായണത്തിലെ പ്രധാനകഥാപാത്രവുമായ രാമന്റെ പിതാവ് കൂടിയാണ് ദശരഥൻ. ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. കൌസല്യ, കൈകേയി, സുമിത്ര എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി രാമനും, കൈകേയിയിൽ പുത്രനായി ഭരതനും, സുമിത്രയിൽ പുത്രനായി ശത്രുഘ്നനും,ലക്ഷ്മണനും അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനു കൌസല്യയിൽ ശാന്ത എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.[3] [4]. ദശരഥമഹാരാജാവിന്റെ പുത്രിയായ ശാന്തയെ വളർത്തുപുത്രിയായി നൽകിയത് രോമപാദനനാണ്.[5]ശാന്തയെ വിവാഹം കഴിച്ചത് ഋഷ്യശൃംഗൻ എന്ന മുനികുമാരനായിരുന്നു. ഈ മുനികുമാരനാണ് അംഗരാജ്യത്ത് ലോമപാദനുവേണ്ടി മഴപെയ്യിച്ചതും, ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാവാൻ പുത്രകാമേഷ്ടിയാഗം കഴിച്ചതും.

ദശരഥനും കരഞ്ഞു നിലത്തു കിടക്കുന്ന കൈകേയിയും

ഒരിക്കൽ അസുരന്മാരുമായുണ്ടായ ഒരു യുദ്ധത്തിൽ തന്റെ ജീവൻ രക്ഷിച്ചതിന് ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ കൊടുത്തു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ ആവശ്യപ്പെട്ടോളാനും ദശരഥൻ കൈകേയിയെ അനുവദിച്ചു. ഈ ശപഥമാണ് ശ്രീരാമന്റെ പതിന്നാലു വർഷത്തെ വനവാസത്തിനു ഹേതുവായത്‌.

  1. അദ്ധ്യാത്മരാമായണം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- കറന്റ് ബുക്ക്സ്
  2. രാമായണം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  3. അദ്ധ്യാത്മരാമായണം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- കറന്റ് ബുക്ക്സ്
  4. രാമായണം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  5. Sooknanan, Aadidev; Hosein, Patrick (2022-02-21). "Estimating the Carbon Content of Oceans using Satellite Sensor Data". Retrieved 2024-08-03.

"https://ml.wikipedia.org/w/index.php?title=ദശരഥൻ&oldid=4105113" എന്ന താളിൽനിന്ന് ശേഖരിച്ചത്