ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം (ദേവനാഗരി: युग) ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്.[1] ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും [2]സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. ഇതനുസരിച്ച് കൃതയുഗം 17,28,000 വർഷവും ത്രേതായുഗം 12,96,000 വർഷവും ദ്വാപരയുഗം 8,64,000 വർഷവും കലിയുഗം 4,32,000 വർഷവും ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.

ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം, 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. അധർമം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തിൽ ധർമ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കൽക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.

അവലംബം തിരുത്തുക

  1. ഹിന്ദുമതത്തിന്റെ രാജമാർഗ്ഗം, ഡോ.സി.കെ.ചന്ദ്രശേഖരൻ നായർ, കറന്റ് ബുക്സ്, ജൂലൈ 206
  2. "ശ്രീമദ് ഭാഗവതം 3.11.19". Archived from the original on 2011-03-12. Retrieved 2011-01-12.
"https://ml.wikipedia.org/w/index.php?title=യുഗം_(ഹിന്ദുമതം)&oldid=3807796" എന്ന താളിൽനിന്ന് ശേഖരിച്ചത്