ഒബാദിയായുടെ പുസ്തകം

(Book of Obadiah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ലഘുഗ്രന്ഥമാണ് ഒബാദിയായുടെ പുസ്തകം. 21 വാക്യങ്ങളിൽ ഒരേയൊരദ്ധ്യായം മാത്രമുള്ള ഈ രചന, എബ്രായ ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകമാണ്. ഗ്രന്ഥനാമത്തിൽ സൂചിപ്പിക്കുന്ന രചയിതാവിന്റെ 'ഒബാദിയ' എന്ന പേരിന് "ദൈവദാസൻ", "ദൈവാരാധകൻ" എന്നൊക്കെയാണർത്ഥം. ദൈർഘ്യം കുറഞ്ഞ 12 പ്രവചന ഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ ആമോസിന്റേയും യോനായുടേയും പുസ്തകങ്ങൾക്കിടയിലാണ്, മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. ഇസ്രായേലിന്റെ പൂർവബന്ധുക്കളും ഒപ്പം പരമ്പരാഗതശത്രുക്കളുമായി തെക്കു കിഴക്ക് യോർദ്ദാൻ നദിയ്ക്കക്കരെ ഉണ്ടായിരുന്ന ഏദോം എന്ന ദേശത്തിനെതിരെയുള്ള പരാതികളും പ്രവചനങ്ങളുമാണ് ഈ രചനയുടെ ഉള്ളടക്കം. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ പൂർവപിതാവായി കരുതപ്പെടുന്ന യാക്കോബിന്റെ ഇരട്ട സഹോദരൻ എസ്സാവിന്റെ വംശത്തിൽ പെട്ടവരായിരുന്നു ഏദോമിയർ.

കർതൃത്വം

തിരുത്തുക

ഈ രചനയിൽ അതിന്റെ കത്താവിനെക്കുറിച്ച് സൂചനകളൊന്നുമില്ല്ല. അതിൽ വിവരിക്കുന്ന സംഭവങ്ങൾ കണക്കിലെടുത്ത്, ജെറമിയായുടെ പുസ്തകത്തെപ്പോലെ, ക്രി.മു. 587-6-ൽ നബുക്കദ്നസ്സറുടെ സൈന്യം യെരുശലേം നഗരവും യഹൂദരുടെ അവിടത്തെ ഒന്നാം ദേവാലയവും നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ഇതെന്ന് കരുതപ്പെടുന്നു.[1] ഒബാദിയായിൽ 1 മുതൽ 9 വരെ വാക്യങ്ങൾ ജെറമിയായുടെ പുസ്തകം 49-ആം അദ്ധ്യായം 7 മുതൽ 16 വരെ വാക്യങ്ങളുമായി പ്രകടിപ്പിക്കുന്ന സമാന്തരതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രവാചകന്മാരിൽ ആർക്ക് ആരോടാണ് കടപ്പാടെന്നു നിശ്ചയമില്ല. ഇരുവരും മുന്നേയുണ്ടായിരുന്ന ഒരു പൊതു സ്രോതസ്സിനെ ആശ്രയിച്ചതാകാം എന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.[1] ഒബാദിയായുടെ ചില വാക്യങ്ങൾ ജോയേലിന്റെ പുസ്തകത്തിലെ വാക്യങ്ങളുമായും സമാനത കാട്ടുന്നു. ഒബാദിയ എന്നൊരു പ്രവാചകൻ തന്നെ ഉണ്ടായിരുന്നില്ലെന്നും "ചെറിയപ്രവാചകന്മാരുടെ" സംശോധകർ ഗ്രന്ഥങ്ങളുടെ എണ്ണം ഇസ്രായേൽ ഗോത്രങ്ങളുടെ സംഖ്യയായ 12 തികയ്ക്കാനായി മറ്റു പ്രവചനങ്ങളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയതാണ് ഈ ലഘുഗ്രന്ഥം എന്നും അവകാശപ്പെടുന്ന തീവ്രപക്ഷവും ഈ സമാനതകൾക്കു വിശദീകരണമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.[2]

ഉള്ളടക്കം

തിരുത്തുക

ഗ്രന്ഥത്തിന്റെ ആദ്യത്തെ ഒൻപതു വാക്യങ്ങൾ ദൈവം ഏദോമിനു വരുത്താനിരുന്ന നാശത്തിന്റെ പ്രവചനമാണ്. ഒന്നും അവശേഷിക്കാത്ത തരം നാശമായിരിക്കും അതെന്നാണ് ഒബാദിയാ പറയുന്നത്. ഏദോമിന്റെ സഖ്യക്ഷികൾ പോലും അതിനെ കൈവിടുകയും ഏദോമിയരെ അവരുടെ ദേശത്തു നിന്ന് ഓടിക്കുന്നതിൽ പങ്കുചേരുകയും ചെയ്യും. ഇസ്രായേൽ ശത്രുക്കളുടെ ആക്രമണത്തിനിരയായപ്പോൾ, സഹോദരന്മാരായ ഏദോമിയർ അവരെ സഹായിക്കുന്നതിനു പകരം കൊള്ളയിൽ പങ്കുചേരുകയാണുണ്ടായത് എന്ന വിശദീകരണമാണ് 10 മുതൽ 14 വരെ വാക്യങ്ങളിൽ. ഒരു ബന്ധുവിനോട് ഇങ്ങനെ പെരുമാറിയതിനാൽ ഏദോം ലജ്ജ കൊണ്ടു പൊതിയപ്പെടുകയും നിത്യമായി നശിപ്പിക്കപ്പെടുകയും ചെയ്യും. ഏദോമിന്റെ നാശത്തിനൊപ്പം ഇസ്രായേലിനു സംഭവിക്കാനിരിക്കുന്ന പുനരുദ്ധാരണത്തിന്റെ പ്രവചനമാണ് 15 മുതൽ 21 വരെ വാക്യങ്ങൾ ചേർന്ന അന്തിമഭാഗം. ഇസ്രായേൽ വിശുദ്ധ ദേശമാവുകയും പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തി ഏദോമിയരുടെ പ്രദേശങ്ങൾ കൈയ്യടക്കുകയും ചെയ്യുമ്പോൾ ദൈവം തന്നെയായിരിക്കും രാജാവ്.

  1. 1.0 1.1 Obadiah, A Commentary on the Holy Bible by Various Writers, Edited by J.R. Dummelow(പുറങ്ങൾ 571-74)
  2. കേംബ്രിഡ്ജ് ബൈബിൾ സഹായി (പുറം 208)
"https://ml.wikipedia.org/w/index.php?title=ഒബാദിയായുടെ_പുസ്തകം&oldid=2281386" എന്ന താളിൽനിന്ന് ശേഖരിച്ചത്