അബൂബക്കർ സിദ്ദീഖ്‌

ഒന്നാം ഖലീഫ
(Abu Bakr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യത്തെ ഇസ്‌ലാമിക ഖലീഫ, പ്രവാചകന്റെ വിശ്വസ്ത അനുചരൻ, പ്രസിദ്ധനായ വ്യാപാരി, പ്രവാചകപത്നി ആഇശയുടെ പിതാവ് എന്നിങ്ങനെ പ്രശസ്തനാണ് അബൂബക്കർ സിദ്ദീഖ്' എന്ന് വിളിക്കപ്പെടുന്ന അബ്‌ദുല്ലാഹിബ്നു അബീഖുഹാഫ (അറബി: عبد الله بن أبي قحافة) (ജീവിതകാലം: 573 - 634 ഓഗസ്റ്റ് 23). ബാല്യകാലം മുതൽ തന്നെ പ്രവാചകൻ മുഹമ്മദിന്റെ കൂട്ടുകാരനായിരുന്ന അബൂബക്കർ ആയിരുന്നു മുതിർന്ന പുരുഷൻമാർക്കിടയിൽനിന്നും ഇസ്‌ലാം മതം സ്വീകരിച്ച ആദ്യ വ്യക്തി. പിന്നീട് ഇസ്‌ലാമിന്റെ പ്രചരണത്തിൽ മുഴുകി. മൂന്നാം ഖലീഫ ഉസ്മാൻ , സുബൈർ ഇബ്നുൽ-അവ്വാം, അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്, സ‌അദു ബ്ൻ അബീ വഖാസ്, ത്വൽഹത്ത് ഇബ്നു ഉബൈദില്ല ഉൾപ്പെടെയുള്ള ആദ്യകാല സ്വഹാബികളിൽ പലരും ഇദ്ദേഹം മുഖേനയാണ് ഇസ്‌ലാം സ്വീകരിച്ചത്. മുസ്‌ലിമായതിന്റെ പേരിൽ ശത്രുപക്ഷത്ത് നിന്ന് ക്രൂര മർദ്ദനങ്ങൾക്കിരയായി കൊണ്ടിരുന്ന ബിലാൽ അടക്കമുള്ള എട്ട് അടിമകളെ വിലക്ക് വാങ്ങി അദ്ദേഹം സ്വതന്ത്രരാക്കുകയുണ്ടായി. പ്രവാചകൻ മുഹമ്മദ് പറയുന്ന ഏതുകാര്യങ്ങളും സംശയം കൂടാതെ വിശ്വസിച്ചതുകൊണ്ടാണു “സിദ്ദീഖ്” എന്ന പേര് ലഭിച്ചത്. പ്രവാചകന്‌ ശേഷം ആദ്യ ഇസ്‌ലാമിക ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഖുർ‌ആൻ ഇന്ന് കാണുന്ന വിധം ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

അബൂബക്കർ സിദ്ദീഖ്‌
ഖലീഫ
അബൂബക്കർ സിദ്ദീഖിന്റെ ഭരണ പ്രദേശങ്ങൾ 634.
ഭരണകാലം632 സി.ഇ. – 634 സി.ഇ.
പൂർണ്ണനാമംഅബൂബക്കർ സിദ്ദീഖ്‌
പദവികൾഅമീറുൽ മുഅ്മിനീൻ (വിശ്വസികളുടെ നേതാവ്)
സിദ്ദീഖുൽ അക്ബർ.
അടക്കം ചെയ്തത്മസ്ജിദുന്നബവി, മദീന
മുൻ‌ഗാമിമുഹമ്മദ് നബി
പിൻ‌ഗാമിഖലീഫ ഉമർ
പിതാവ്ഉഥ്‌മാൻ അബൂ ഖുഹാഫ
മാതാവ്സൽമ ഉമ്മുൽ ഖൈർ

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ബാല്യം, യൗവനം

തിരുത്തുക

ക്രിസ്ത്വാബ്ദം 573 ൽ മക്കയിലെ ഖുറൈശി ഗോത്രത്തിലെ ബനൂതൈം വംശത്തിലാണ്‌ അബൂബക്കറിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവിന്റെ നാമം ഉഥ്‌മാൻ അബൂ ഖുഹാഫ എന്നും മാതാവിന്റെ പേര് സൽ‌മ ഉമ്മുൽ ഖൈർ എന്നുമായിരുന്നു. അബൂബക്കർ ജനിച്ചപ്പോൾ അദ്ദേഹത്തിന്‌ നൽകപ്പെട്ട നാമം അബ്ദുൽ ക‌അ്ബ എന്നായിരുന്നു. ക‌അ്ബയുടെ അടിമ എന്നർത്ഥം വരുന്ന ആ പേര്‌ ഇസ്‌ലാം സ്വീകരണത്തോടെ അബ്ദുല്ല (ദൈവത്തിന്റെ ദാസൻ) എന്ന് മാറ്റി[1][2]. വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു അബൂബക്കറിനുണ്ടായിരുന്നത്[3]. ഒരു സമ്പന്നകുടുംബത്തിലാണ്‌ അബൂബക്കറിന്റെ ജനനം. മറ്റു അറബ് കുട്ടികളെപ്പോലെ തന്നെ അദ്ദേഹം തന്റെ കുട്ടിക്കാലം ചെലവഴിച്ചത് ബദുക്കളുടെ ഇടയിലായിരുന്നു. അഹ്‌ൽ-ഇ- ബ‌ഈർ (ഒട്ടകങ്ങളുടെ ആളുകൾ-ഒട്ടകങ്ങളോട് പ്രത്യേകമായ ഒരു പ്രിയം സൂക്ഷിക്കുന്നവർ) എന്നായിരുന്നു ബദുക്കൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇമാം സുയൂത്തിയുടെ "തഹ്‌രീക്കെ ഖുലുഫ" എന്നഗ്രന്ഥത്തിലെ വിവരണമനുസരിച്ച് ചെറുപ്രായത്തിലേ അബൂബക്കർ വിഗ്രഹാരാധനയിൽ താല്പര്യമില്ലാത്ത ആളായിരുന്നു. പത്ത് വയസ്സായപ്പോൾ പിതാവിന്റെ കൂടെ കച്ചവടസംഘമായിച്ചേർന്ന് അബൂബക്കർ സിറിയയിലേക്ക് പോയി. ആ സമയം 12 വയസ്സുള്ള മുഹമ്മദും കച്ചവടസംഘത്തോടൊപ്പം ഉണ്ട്. മക്കയിലെ മറ്റു സമ്പന്ന കച്ചവടകുടുംബത്തിലെ കുട്ടികളെപ്പോലെ അബുബക്കറും സാക്ഷരനും കവിതകളോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയുമായിരുന്നു. വർഷാവർഷം ഉക്കാദിൽ നടക്കുന്ന കാവ്യസദസ്സിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. ഓർമ്മശക്തിയിൽ മികച്ചു നിന്നിരുന്ന അബൂബക്കറിന്‌ അറബ് ഗോത്രങ്ങളുടെ വംശപരമ്പരകൾ കൃത്യമായി അറിയാമായിരുന്നു. AD 591 ൽ തന്റെ 18-ആം വയസ്സിൽ അദ്ദേഹം വ്യാപാരത്തിലേക്ക് തിരിയുകയും കുടുംബവ്യാപാരമായ വസ്ത്രവ്യാപാരം ഒരു തൊഴിലായി സ്വീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് നാലു ഭാര്യമാർ ഉണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അബൂബക്കർ നിരന്തരം വ്യാപാരയാത്രകൾ നടത്തി. യെമൻ, സിറിയ കൂടാതെ മറ്റിടങ്ങളിലും അദ്ദേഹം ഈ ആവശ്യാർഥം സഞ്ചരിച്ചു. കൂടുതൽ സമ്പാദ്യവും അനുഭവങ്ങളും ഈ യാത്രകൾ അദ്ദേഹത്തിന്‌ സമ്മാനിച്ചു. നല്ല വ്യാപാരോന്നതി കൈവന്ന് അബൂബക്കറിന്‌ സാമൂഹ്യ പദവിയിലും പ്രാധാന്യം ലഭിച്ചു. പിതാവ് ജീവിച്ചിരിക്കെ തന്നെ അബൂബക്കർ തന്റെ ഗോത്രത്തിന്റെ പ്രധാനിയായി അംഗീകാരം നേടി. ഗോത്രത്തിലെ തർക്കങ്ങൾക്ക് പരിഹാരം തേടി അദ്ദേഹത്തെയാണ്‌ ആളുകൾ സമീപിച്ചിരുന്നത്.[4].

ഇസ്‌ലാം സ്വീകരണം

തിരുത്തുക

മുഹമ്മദ് ദൈവദൂതനാണെന്ന് പ്രഖ്യാപിച്ച വിവരം യെമനിൽ നിന്ന് വ്യാപാര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അബൂബക്കറിനോട് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ അറിയിച്ചിരുന്നു. മുഹമ്മദിന്റെ പ്രവാചകത്വം അംഗീകരിക്കുന്ന ആദ്യത്തെ പുരുഷനാണ്‌ അബൂബക്കർ സിദ്ദീഖ്. എന്നാൽ എല്ലാവിഭാഗത്തിലുമുള്ള പണ്ഡിതന്മാരുടേയും വീക്ഷണപ്രകാരം പരസ്യമായി ഇസ്‌ലാം സ്വീകരിക്കുന്ന ആദ്യത്തെ പുരുഷൻ അലിയ്യുബിനു അബീത്വാലിബ് ആണ്‌. പക്ഷേ ഇസ്‌ലാം സ്വീകരിക്കുമ്പോൾ അദ്ദേഹത്തിന്‌ പ്രായപൂർത്തിയായിരുന്നില്ല. പ്രവാചകൻ മുഹമ്മദിന്റെ കുടുംബത്തിൽ ഉൾപ്പെടാത്ത പരസ്യമായി ഇസ്‌ലാമിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ആദ്യ വ്യക്തിയും അബൂബക്കർ സിദ്ദീഖാണ്‌.[5]

അബൂബക്കറിന്റെ ഇസ്‌ലാം സ്വീകരണം, ഇസ്‌ലാമികചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. അടിമ സമ്പ്രദായം മക്കയിൽ നടമാടിയിരുന്ന കാലമായിരുന്നു അത്. സ്വതന്ത്രനായ ഒരാൾ അക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്‌ എതിർപ്പുണ്ടെങ്കിൽ പോലും, തന്റെ ഗോത്രത്തിന്റെ എല്ലാവിധ സം‌രക്ഷണവും കിട്ടിയിരുന്നു. അടിമകൾക്ക് പക്ഷേ അത്തരത്തിലുള്ള സം‌രക്ഷണം ലഭ്യമായിരുന്നില്ല. അവർ പീഡനങ്ങൾക്ക് വിധേയരായിരുന്നു. താൻ വിശ്വസിക്കുന്ന ആദർശത്തിനായി തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് അദ്ദേഹം നൽകി.[6][7]. പുതിയ വിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി പീഡനങ്ങൾ‍ക്കിരയായ എട്ട് അടിമകളെ വിലക്കു വാങ്ങി അദ്ദേഹം സ്വതന്ത്രരാക്കി.[8]

അബൂബക്കർ മോചിപ്പിച്ച അടിമകളിൽ മിക്കവരും ഒന്നുകിൽ സ്ത്രീകളോ അല്ലെങ്കിൽ പുരുഷന്മാരിലെ ദുർബലരായവരോ ആയിരുന്നു[9]. കരുത്തരും ചെറുപ്പക്കാരുമായവരെ മോചിപ്പിച്ചിരുന്നെങ്കിൽ അവർ നിനക്ക് ഉപകാരപ്പെടുമായിരുന്നില്ലേ എന്ന തന്റെ പിതാവിന്റെ ചോദ്യത്തിന്‌ അബൂബക്കറിന്റെ മറുപടി താൻ അടിമകളെ മോചിപ്പിക്കുന്നത് ദൈവ മാർഗ്ഗത്തിലാണ്‌, തനിക്ക് വേണ്ടിയല്ല എന്നായിരുന്നു. താഴെ പറയുന്ന ഖുർ‌ആൻ സൂക്തം ഈ ഉദ്ദേശ്യാർഥം ഇറങ്ങിയതാണ്‌ എന്ന് സുന്നി പണ്ഡിതർ അഭിപ്രായപ്പെടുന്നു.

"എന്നാൽ, ആർ (ദൈവമാർഗ്ഗത്തിൽ) ധനം നൽകുകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ അവന്‌ നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു."(ഖുർ‌ആൻ-92,5-7)

അബൂബക്കറിന്റെ മതസ്വീകരണം, ഇസ്‌ലാമിന്‌ വളരെയധികം ഗുണകരമായി ഭവിച്ചു. അദ്ദേഹം വഴി നിരവധിയാളുകൾ ഇസ്‌ലാം സ്വീകരിച്ചു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ അദ്ദേഹം ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. മറ്റുള്ളവർ ഇസ്‌ലാമിനെ മതമായി തിരഞ്ഞെടുക്കാൻ കാരണമാകും വിധത്തിലായിരുന്നു അബൂബക്കർ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്തത്.

ഖുറൈശികളുടെ പീഡനം

തിരുത്തുക

ഇസ്‌ലാമിക പ്രബോധന കാലഘട്ടത്തിലെ ആദ്യ മൂന്ന് വർഷം , മുസ്‌ലിംകൾ തങ്ങളുടെ വിശ്വാസം രഹസ്യമാക്കി വെക്കുകയായിരുന്നു. പ്രാർത്ഥനകളും രഹസ്യമായിട്ടായിരുന്നു. എ.ഡി 613 ൽ പ്രവാചകൻ ജനങ്ങളെ ഇസ്‌ലാമിലേക്ക് പരസ്യമായി ക്ഷണിക്കാൻ തീരുമാനിച്ചു. പ്രവാചകനോട് വിശ്വാസം പുലർത്തുന്നുവെന്ന പ്രഖ്യാപനം നടത്തുന്നതിനായി വിളിച്ചു ചേർത്ത ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്തത് അബൂബക്കർ ആയിരുന്നു. രോഷാകുലനായ ഒരു ഖുറൈശി യുവാവ് അബൂബക്കറിന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയും ബോധരഹിതനാവുന്നത് വരെ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് അബൂബക്കറിന്റെ മാതാവും ഇസ്‌ലാം സ്വീകരിച്ചു. നിരവധി തവണ അബൂബക്കർ ഖുറൈശികളുടെ പീഡനത്തിനു വിധേയമായിട്ടുണ്ട്.

മക്കയിലെ അവസാന വർഷങ്ങൾ

തിരുത്തുക

ക്രിസ്താബ്ദം 617 ൽ ബനൂ ഹാഷിം കുടുംബത്തിനെതിരെ ഖുറൈശികൾ ബഹിഷ്കരണം പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദും ബനൂ ഹാഷിമിൽപ്പെടുന്ന അദ്ദേഹത്തിന്റെ അനുയായികളും മക്കയിൽ നിന്ന് ബഹിഷ്‌കൃതരായി. ബനൂ ഹാഷിം വിഭാഗവുമായുള്ള എല്ലാ സാമൂഹിക ബന്ധങ്ങളും വിഛ്ചേദിക്കപ്പെടുകയും അവർ ജയിലിലടക്കപ്പെട്ടവരെ പോലെ ആവുകയും ചെയ്തു. അതിനു മുമ്പ് തന്നെ ധാരാളം മുസ്‌ലിംകൾ അബീസീനിയയിലേക്ക് (ഇന്നത്തെ എത്യോപ്യ) പലായനം ചെയ്തു. അസ്വസ്ഥനായ അബൂബക്കർ യെമനിലേക്കും അവിടെനിന്ന് അബീസിനിയയിലേക്കും പോയി. മക്കക്ക് പുറത്തുള്ള ഇബ്‌നുദ്ദുഗ്‌‌ന എന്ന തന്റെ സുഹൃത്തിനെ അബൂബക്കർ കണ്ടു. ഖുറൈശികൾക്കെതിരെ, ഇബ്‌നുദുഗ്‌‌നയുടെ സഹായം തേടിയ അബൂബക്കർ മക്കയിലേക്ക് തിരിച്ചു വന്നു. പക്ഷേ ഖുറൈശികളുടെ സമ്മർദ്ദം കാരണം ഇബ്‌നുദുഗ്‌‌ന അബൂബക്കറിന്‌ നൽകിവന്ന സം‌രക്ഷണം പിൻ‌വലിക്കാൻ നിർബന്ധിതനായി. ഒരിക്കൽ കൂടി ഖുറൈശികൾക്ക് അബൂബക്കറിനെ മർദ്ദിക്കാനും പീഡിപ്പിക്കാനും സ്വാതന്ത്ര്യം ലഭിച്ചു. 620 ൽ പ്രവാചകന്റെ ഇസ്രാഅ്‌ മിഅ്‌റാജ് (രാപ്രയാണം) സംഭവത്തെ ആദ്യമായി വിശ്വസിക്കുന്ന വ്യക്തി അബൂബക്കറായിരുന്നു.[10] സത്യസന്ധൻ, നേരായവൻ എന്നീ അർത്ഥങ്ങൾ വരുന്ന "സിദ്ദീഖ്" എന്ന നാമം പ്രവാചകന്റെ രാപ്രയാണത്തിൽ യാതൊരു സംശയവും പ്രകടിപ്പിക്കാതെ വിശ്വസിച്ചത് കൊണ്ട് നൽകപ്പെട്ടതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. റോമൻ-പേർഷ്യൻ യുദ്ധകാലഘട്ടത്തിൽ മക്കയിലെ ഖുറൈശികൾ അഗ്നിയാരാധകരായ പേർഷ്യക്കാരോടായിരുന്നു അനുഭാവം പ്രകടിപ്പിച്ചത്. എന്നാൽ മുസ്‌ലിംകൾ തങ്ങളുടെ അനുഭാവം കാട്ടിയത് അബ്രഹാമിക് ദൈവത്തിൽ വിശ്വസിക്കുന്ന വേദക്കാരായ (ക്രിസ്ത്യാനികൾ) ബൈസന്റൈൻ പക്ഷത്തോടായിരുന്നു. അവസാനം പേർഷ്യക്കാർ ബൈസന്റൈനെതിരെ വിജയം വരിച്ചു. അതിനു ശേഷം ഖുർ‌ആനിലെ "അൽ-റൂം" എന്ന അദ്ധ്യായത്തിന്റെ ഭാഗമായി ഇറങ്ങിയ വചനങ്ങളിലൂടെ ബൈസന്റൈന്റെ (റോമക്കാരുടെ) വിജയം പ്രവചിക്കുകയുണ്ടായി. റോമക്കാർ തങ്ങളുടെ നഷ്ടം വീണ്ടെടുക്കുമെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ പേർഷ്യക്കാർ പരാജയം ഏറ്റുവാങ്ങുമെന്നുമായിരുന്നു ഖു‌ർ‌ആന്റെ ആ പ്രവചനം. ഈ വിഷയത്തിൽ ഉബയ്യു ഇബ്‌നു ഖൽഫുമായി അബൂബക്കർ പന്തയം വെക്കുകയും പന്തയം നഷ്ടപ്പെടുന്ന ആൾ നൂറു ഒട്ടകം നൽകണമെന്ന് തീരുമാനിക്കപ്പെടുകയും ചെയ്തു (പന്തയത്തിനു ഇസ്‌ലാമിൽ നിരോധനം വരുന്നതിനു മുമ്പാണ്‌ ഈ സംഭവം). 627 ൽ പേർഷ്യക്കതിരെ റോമിന്റെ (ബൈസന്റൈൻ) നിർണ്ണായകമായ വിജയത്തോടെ അബൂബക്കർ പന്തയജേതാവായി പ്രഖ്യാപിക്കപ്പെട്ടു. ഉബയ്യ് ഇബ്‌നു ഖൽഫ് അപ്പോൾ ജീവിച്ചിരുന്നില്ലങ്കിലും അദ്ദേഹത്തിന്റെ അനന്തരവകാശികൾ കരാർ മാനിച്ചുകൊണ്ട് അബൂബക്കറിന്‌ 100 ഒട്ടകങ്ങളെ നൽകി. അബൂബക്കർ ഈ 100 ഒട്ടകങ്ങളും ദാനം ചെയ്യുകയാണുണ്ടായത്.

മദീനയിലേക്കുള്ള പലായനം

തിരുത്തുക

622 ൽ മദീനയിലെ മുസ്‌ലിംകൾ ക്ഷണിച്ച മദീനയിലേക്ക് പലായനം ചെയ്യാൻ മുഹമ്മദ് നബി കൽ‌പിച്ചു. പലായനം നടന്നത് വിവിധ സംഘങ്ങളായാണ്‌. അലി ആയിരുന്നു മക്കയിൽ ഒടുവിലായി ഉണ്ടായിരുന്നത്. അദ്ദേഹത്തിനു അവിടെ ചില ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. മക്കക്കാർ പ്രവാചകനെ ഏൽപിച്ചിരുന്ന കടങ്ങൾ കൊടുത്തു തീർക്കുന്നതിനു വേണ്ടി അലിയെ ആയിരുന്നു ഏല്പിച്ചിരുന്നത്. മാത്രമല്ല ഇക്‌രിമയുടെ നേതൃത്വത്തിൽ ഖുറൈശി സംഘം പ്രവാചകനെ കൊലചെയ്യാനായി വന്നപ്പോൾ പ്രവാചകന്റെ കിടക്കയിൽ പ്രവാചകന്‌ പകരം അലിയായിരുന്നു കിടന്നത്. പ്രവാചകനെ പ്രതീക്ഷിച്ചു വന്ന ഖുറൈശികൾ അലിയാണെന്ന് മനസ്സിലാക്കി തിരിച്ചു പോവുകയായിരുന്നു. ഇതിനിടയിൽ മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിൽ അബൂബക്കർ പ്രവാചകനെ അനുഗമിച്ചു. ഖുറൈശികളുടെ അപകടം കാരണം മദീനയിലേക്കുള്ള പാതയല്ല അവർ തിരഞ്ഞെടുത്തത്. പകരം എതിർ ദിശയിൽ സഞ്ചരിച്ച് മക്കയിൽ നിന്ന് തെക്ക്മാറി അഞ്ചു മൈലോളം ദൂരത്തിലുള്ള "തൂർ" മലയിൽ അവർ അഭയം പ്രാപിക്കുകയായിരുന്നു. അബൂബക്കറിന്റെ മകൻ അബ്ദുല്ലാ ഇബ്നു അബൂബക്കർ ഖുറൈശികളുടെ പദ്ധതികളൂം സംസാരങ്ങളും ശ്രവിച്ച് രാത്രിയിൽ ആ വിവരങ്ങൾ, ഗുഹയിലുള്ള പ്രവാചകനും അബൂബക്കറിനും എത്തിച്ചു കൊടുക്കും. അബൂബക്കറിന്റെ മകൾ അസ്മാ ബിൻ‌ത് അബീബക്‌ർ എല്ലാദിവസവും ഇരുവർക്ക് ഭക്ഷണം എത്തിക്കുമായിരു‍ന്നു. അതുപോലെ അബൂബക്കറിന്റെ ഭൃത്യൻ ആമിർ എല്ലാ രാത്രികളിലും ആടുകളുമായി ഗുഹാമുഖത്ത് എത്തുകയും അവർക്കായി പാൽ നൽകുകയും ചെയ്യും. ഖുറൈശികൾ എല്ലാ ഭാഗത്തേക്കും പ്രവാചകനെ പിടികൂടുന്നതിനായി ആളുകളെ അയച്ചു. ഒരു സംഘം ഗുഹയുടെ അടുത്തുവരെ എത്തിയതായിരുന്നു. പക്ഷേ പ്രവാചകനേയും അബൂബക്കറിനേയും കണ്ടെത്താനിയില്ല.

മുഹമ്മദ് നബിയുമായുള്ള ബന്ധം

തിരുത്തുക

ചെറുപ്പം മുതലേ നബിയുടെ അടുത്ത കൂട്ടുകാരനായിരുന്നു അബൂബക്കർ. ഈ ബന്ധം അവസാനം വരെ നിലനിൽക്കുകയും ചെയ്തു. അബൂബക്കറിന്റെ മകൾ ആഇശയെ നബി വിവാഹം കഴിക്കുകയുണ്ടായി. നബിയുടെ അഭാവത്തിൽ നമസ്കാരത്തിന്‌ നേതൃത്വം നൽകാൻ അബൂബക്കറിനെയാണ്‌ ഏൽപ്പിച്ചിരുന്നത്. മുഹമ്മദ് നബി മദീനയിലേക്ക് പലായനം (ഹിജ്‌റ ) ചെയ്യുമ്പോൾ സഹയാത്രികനായി അബൂബക്കറും ഉണ്ടായിരുന്നു.[11]

ഹിജ്ര ഒമ്പതാം വർഷം ഹജ്ജിന്റെ നേതാവായി പ്രവാചകൻ ഇദ്ദേഹത്തെ നിയോഗിച്ചു. അനാരോഗ്യം മൂലം മദീനയിൽ പ്രാർഥന നയിക്കാൻ സാധിക്കാതെ വന്നപ്പോൾ ആ ജോലിയും മുഹമ്മദ് നബി അബൂബക്കറെയാണ് ഏല്പിച്ചത്. ഇക്കാരണങ്ങളാൽ ഇദ്ദേഹത്തെയാണ് തന്റെ പിൻഗാമിയായി പ്രവാചകൻ കണ്ടുവച്ചിരുന്നത് എന്ന അഭിപ്രായം ശക്തിപ്പെട്ടു.

മുഹമ്മദ് നബി(s) വഫാത്തിന് ശേഷം ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അബൂബക്കർ ആയിരുന്നു. ഉമർ അദ്ദേഹത്തിന്റെ പേര്‌ നിർ‍ദേശിക്കുകയും സമൂഹം അദ്ദേഹത്തിന്‌ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യുകയുമാണ്‌ ഉണ്ടായത്.[12]

നബിയുടെ മരണശേഷം അനുചരൻമാർക്കിടയിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ ദൃഢനിശ്ചയത്തോടും സാമർഥ്യത്തോടുംകൂടി അബൂ ബക്കർ നേരിട്ടു. പേർഷ്യ, ഇറാഖ്, പലസ്തീൻ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളും അബൂ ബക്കറിന്റെ ഭരണകാലത്ത് കീഴടക്കപ്പെട്ടിരുന്നു. നീതിനിഷ്ഠയുടേയും നിസ്വാർഥതയുടെയും മഹനീയ മാതൃകയായിരുന്നു ഇദ്ദേഹത്തിന്റെ രണ്ടു വർഷത്തെ ഭരണം. ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നുവെങ്കിലും വളരെ ലളിതമായ ജീവിതമാണ് ഇദ്ദേഹം നയിച്ചത്. മർദനമേറ്റ് വലയുന്ന വിശ്വാസികളായ അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കാൻ ഇദ്ദേഹം തന്റെ ധനത്തിൽ വലിയൊരു ഭാഗം ചെലവാക്കിയത്രെ. മരണസമയത്ത് തന്റെ കൈവശം ഉണ്ടായിരുന്ന ചില്ലറ നാണയങ്ങൾപോലും പൊതുഭണ്ഡാരത്തിലേക്ക് തിരിച്ചടയ്ക്കാൻ ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

പ്രഥമ പ്രഭാഷണം

തിരുത്തുക

ഖിലാഫത്ത് ഏറ്റെടുത്ത് ഉടനെ അബൂബക്കർ തൻറെ പ്രഥമ പ്രഭാഷണം നടത്തി. അതിൽ ഇപ്രകാരം പറയുകയുണ്ടായി

പ്രഥമ നടപടി

തിരുത്തുക

സൈദുബ്നു ഹാരിസ് എന്ന സ്വഹാബിയെ മൂഅതയിൽ കൊലപ്പെടുത്തിയ റോമക്കാർ പ്രതികാരം വീട്ടുന്നതിന് വേണ്ടി നബി തങ്ങളുടെ വഫാത്തിന് തൊട്ടുമുമ്പ് ഉസാമത് ബിനു സൈദ് വിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ ഉബ്‌ന എന്ന സ്ഥലത്തേക്ക് തയ്യാർ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഈ സൈന്യം പുറപ്പെടുന്നതിനുമുമ്പ് നബിയുടെ വഫാത്ത് സംഭവിച്ചു. അതേത്തുടർന്ന് രാജ്യത്തുണ്ടായ പ്രതിക പ്രതികൂല സാഹചര്യങ്ങൾ ഒന്നും വകവയ്ക്കാതെ ഈ സൈന്യത്തെ ലക്ഷ്യസ്ഥാനത്തേക്ക് അയക്കുക എന്നതായിരുന്നു അബൂബക്കർ എന്നിവരുടെ ഒന്നാമത്തെ നടപടി. ഉസാമ യുടെ സൈന്യം റോമക്കാരെ വിരട്ടിയോടിച്ചു വിജയംവരിച്ചു തിരിച്ചുവന്നു. ഇത് മുസ്‌ലിംകളുടെ ശക്തി തെളിയിക്കുന്നതിനും തക്കം പാർത്തിരുന്ന ശത്രുക്കളെ ഭയപ്പെടുത്തുന്നതിനും ഏറെ സഹായകമായി.

പരിഷ്കരണം

തിരുത്തുക

അബൂബക്കർ (റ) അറബ് നാടുകളെ 11 സംസ്ഥാനങ്ങളായി തിരിക്കുകയും ഓരോ സംസ്ഥാനത്തും ഓരോ അമീറുമാരെ നിയമിക്കുകയും ചെയ്തു. നിസ്കാരത്തിന് നേതൃത്വം നൽകുക പ്രശ്നങ്ങൾക്ക് തീരുമാനമുണ്ടാകുക ശിക്ഷാനടപടികൾ നടപ്പിലാക്കുക എന്നിവയായിരുന്നു അമീർമാരുടെ ബാദ്ധ്യത. ഇറാക്ക് ശാം എന്നിവിടങ്ങളിൽ സൈനികതലവന്മാർ തന്നെയായിരുന്നു ഭരണകർത്താക്കൾ. ഇറാഖിലെ സൈന്യാധിപൻ അൽ മുസന്ന ഇബ്നു ഹാരിസ എന്നവരും ശാമിലെ സൈന്യാധിപൻ ഖാലിദ് ഇബ്നു വലീദ് എന്നവരുമായിരുന്നു.

നബി (സ)യുടെ വഫാത്തിനെ തുടർന്ന് ദുഃഖിതനായ അബൂബക്കർ(റ) വിന്റെ ശരീരം അനുദിനം ശോഷിച്ചു കൊണ്ടിരുന്നു. ഹിജ്റ പതിമൂന്നാം വർഷം ജമാദുൽ ആഖിർ 8 ന് അദ്ദേഹം രോഗബാധിതനായി. പനിയായിരുന്നു രോഗം. പതിനഞ്ചു ദിവസം പനി ബാധിതനായി കിടപ്പിലായി. ഉമർ (റ) ആണ് പ്രതിനിധിയായി പള്ളിയിൽ നിസ്കാരം നിർവഹിച്ചത്. മരണം അടുത്തതായി ബോധ്യപ്പെട്ടപ്പോൾ പ്രമുഖ സ്വഹാബിമാരുമായി കൂടിയാലോചന നടത്തി. തൻറെ ശേഷമുള്ള ഖലീഫയായി ഉമറുൽ ഫാറൂഖ് (റ) വിനെ നിശ്ചയിച്ചു. അദ്ദേഹത്തിന് വേണ്ട ഉപദേശങ്ങൾ നൽകി. ഉപദേശങ്ങളുടെ കൂട്ടത്തിൽ ഇപ്രകാരം ഉണ്ടായിരുന്നു

ഹിജ്റ പതിമൂന്നാം വർഷം ജമാദുൽ ആഖിർ ഇരുപത്തി ഒന്നിന്‌ (634 ഓഗസ്റ്റ് 23-ന്) തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹം മരണപ്പെട്ടു.

അദ്ദേഹത്തിൻറെ അവസാന സംസാരം ഇപ്രകാരമായിരുന്നു

മയ്യത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത് അദ്ദേഹത്തിന് പ്രതിനിധി ഉമറുൽ ഫാറൂഖ് (റ)ആയിരുന്നു .മദീനയിൽ പ്രവാചകൻ മുഹമ്മദിന്റെ(സ) ഖബറിന് സമീപം ആയിഷ (റ) യുടെ റൂമിൽ ചൊവ്വാഴ്ച രാവ് അദ്ദേഹത്തെ മറവ് ചെയ്തു.

  1. "ആദ്യത്തെ നാലു ഖലീഫമാർ". Archived from the original on 2007-10-10. Retrieved 2007-10-10.
  2. ഇസ്‌ലാം ചരിത്രം-രണ്ടാം ഭാഗംപേജ് 24, അൽ അമീൻ പ്രസ്സ്
  3. 3/ 188
  4. The Middle East Journal by the Middle East Institute, Washington, D.C., published 1991
  5. പ്രവാചകാനുചരന്മാർ
  6. Tabaqat ibn Sa'd 3/ 169, 174
  7. Tarikh ar-Rusul wa al-Muluk 3/ 426
  8. പ്രവാചകാനുചരന്മാർ
  9. The Mohammedan Dynasties: Chronological and Genealogical Tables with Historical Introductions (1894) by Stanley Lane-Poole, published by Adamant Media Corporation ISBN 978-1-4021-6666-2
  10. Islam (Exploring Religions) by Anne Geldart, published by Heinemann Library, 28 September 2000. ISBN 978-0-431-09301-7
  11. Abu Bakr As-Siddeeq
  12. Abubakr becomes Calif
"https://ml.wikipedia.org/w/index.php?title=അബൂബക്കർ_സിദ്ദീഖ്‌&oldid=3752232" എന്ന താളിൽനിന്ന് ശേഖരിച്ചത്