സമസ്ത കേരള സാഹിത്യപരിഷത്ത്
കേരളത്തിലെ ഒരു സാംസ്കാരികസംഘടനയാണ് സമസ്ത കേരള സാഹിത്യപരിഷത്ത്. [1] (Pan-Kerala Literary Academy)[2]. ഈ സംഘടന സാഹിത്യസമാജം എന്ന പേരിൽ 1926 നവംബർ 14-നാണ് രൂപവൽക്കരിക്കപ്പെട്ടത്.[3] രൂപീകരിച്ച് ആറുമാസം കഴിഞ്ഞ് 12-ആം സമ്മേളനം കേരളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചു നടത്തുകയും അതോടൊപ്പം സമസ്ത കേരള സാഹിത്യപരിഷത്ത് എന്ന് പേരുമാറ്റം നടത്തുകയുമായിരുന്നു.[4]
കൊച്ചിയിലെ 1088-ലെ രണ്ടാം റെഗുലേഷനനുസരിച്ച് എറണാകുളം രജിസ്റ്ററാപ്പീസിൽ 1107 ധനു 27-ന് (1932 ജനുവരി 11) സമസ്തകേരള സാഹിത്യ പരിഷത്തിന്റെ മെമ്മോറാണ്ടവും നിയമാവലിയും രജിസ്റ്റർ ചെയ്തു.[5]
ഉദ്ദേശങ്ങൾ
തിരുത്തുകരജിസ്റ്റർ ചെയ്ത മെമ്മോറാണ്ടമനുസരിച്ചും നിയമാവലി അനുസരിച്ചും സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇവയാണ്.[5][6]
- മലയാളഭാഷയ്ക്കും സാഹിത്യത്തിനും പരിഷ്കാരവും പോഷണവും വരുത്തുന്നതിനുതകുന്നതും ആവശ്യവുമായ എല്ലാ പ്രവൃത്തികളും ചെയ്യുകയും അതിനു വേണ്ടി ധനമുണ്ടാക്കുകയും സൂക്ഷിച്ചു ചെലവഴിക്കുകയും ചെയ്യുക.
- ഭാഷയ്ക്ക് സർവ്വതോന്മുഖമായ അഭിവൃദ്ധി സമ്പാദിക്കുക
ഉദ്ദേശസാദ്ധ്യത്തിനുള്ള മാർഗ്ഗങ്ങൾ
തിരുത്തുക- (ക) ഗവേഷണം - കേവലഭാഷാചരിത്രം, നിഘണ്ടു, വ്യാകരണം, ദേശചരിത്രം മുതലായ വിഷയങ്ങളിൽ ഗവേഷണം നടത്തുക
- (ഖ) സംഭരണം - പഴയ ഗ്രന്ഥങ്ങൾ, രേഖകൾ, പുസ്തകങ്ങൾ മുതലായവ അടങ്ങിയ ഗ്രന്ഥശാല ഏർപ്പെടുത്തുക. ഭാഷാചരിത്രം മുതലായ ചരിത്രങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്ന പദാർത്ഥങ്ങളടങ്ങിയ ഒരു പ്രദർശനശാല സ്ഥാപിക്കുക.
- (ഗ) നിർമ്മിതി - കൽപ്പിതങ്ങളും, വിവർത്തിതങ്ങളും അനുകൃതങ്ങളുമായ ഗ്രന്ഥങ്ങളുടെ നിർമ്മിതി.
- (ഘ) പ്രസാധനം - പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും പുതിയതുമായ ഗ്രന്ഥങ്ങളെ നന്നാക്കി പ്രസാധനം ചെയ്യുക.
- (ങ) മുദ്രണം - ഭാഷാവ്യാകരണ നിയമങ്ങൾക്കും സാഹിത്യനിയമങ്ങൾക്കും വിരോധം വരാതെ മുദ്രണത്തിനു വേണ്ടുന്ന വ്യവസ്ഥകൾ ചെയ്യുക.
- (ച) വിമർശനം - ശരിയായ രീതിയിൽ വിമർശിച്ചു കാണിക്കുക.
- (ഛ) പ്രവർത്തനം - വർത്തമാന പത്രങ്ങൾ, മാസികകൾ മുതലായവ ഉത്തമരീതിയിൽ നടത്താൻ അവയുടെ അധികൃതന്മാരെ പ്രേരിപ്പിക്കുക.
- (ജ) പ്രചരണം - ഗ്രന്ഥശാല, കലാശാല, പാഠശാല, പ്രസംഗം, പ്രദർശനം, ലഘുപത്രിക, മാസിക, ഇത്യാദി മാർഗ്ഗങ്ങളിൽ കൂടി ഭാഷാ സാഹിത്യത്തിനു പ്രചാരം വരുത്തുക
പ്രസിദ്ധീകരണം
തിരുത്തുക1108 ചിങ്ങത്തിൽ പരിഷത്ത് ത്രൈമാസികം ഒന്നാം ലക്കം പുറത്തുവന്നു.[2]
മാസികാ പ്രവർത്തകസംഘത്തിലെ അംഗങ്ങൾ
- അപ്പൻ തമ്പുരാൻ (അദ്ധ്യക്ഷൻ), പി.എസ്. അനന്ത നാരായണ ശാസ്ത്രി (പണ്ഡിതൻ), എ.ഡി. ഹരിശർമ്മ (വിദ്വാൻ), അമ്പാടി കാർത്ത്യായനി അമ്മ ബി.എ.എൽ.ടി., പി.കെ. കൃഷ്ണമേനോൻ ബി.എ. (ഖജാൻജി; കാര്യദർശി - എഡിറ്റർ), പ്രൊഫ. പി.കെ. ശങ്കരൻ നമ്പ്യാർ (കാര്യദർശി).[2]
പെരുമാനൂർ സനാതനധർമ്മം അച്ചുകൂടത്തിലാണ് ആദ്യം ഈ പ്രസിദ്ധീകരണം അച്ചടിച്ചിരുന്നത്. പിന്നീട് 1120 ധനുവിൽ അച്ചടി എറണാകുളം വിശ്വനാഥ പ്രസ്സിലേയ്ക്ക് മാറ്റുകയുണ്ടായി.[7]
കൊല്ലവർഷം 1122 മേടം മുതൽ ത്രൈമാസികത്തിനുപകരം ദ്വൈമാസികം പുറത്തിറങ്ങാൻ തുടങ്ങി.[8] ഇതിന്റെ അച്ചടി കേരളമിത്രത്തിൽ തുടരാൻ1947-48 കാലഘട്ടത്തിൽ തീരുമാനമെടുത്തു.[9]
പശ്ചാത്തലം
തിരുത്തുകസമസ്ത കേരള സാഹിത്യ പരിഷത്തിനു മുന്നോടിയായി ഭാഷാപോഷിണിസഭ (കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള 1892-ൽ ആരംഭിച്ചത്), ഭാരതവിലാസം (മാളിയമ്മാവു മാത്തു ലോന 1905-ൽ ആരംഭിച്ചത്), കൊച്ചി സാഹിത്യ സമാജം (അപ്പൻ തമ്പുരാൻ നേതൃത്വം കൊടുത്ത് 1913-ൽ ആരംഭിച്ചത്), സമസ്തകേരള സാഹിത്യ സമാജം (വൈക്കം സന്മാർഗ്ഗപോഷിണി സഭയുടെ നേതൃത്വത്തിൽ 1922-ൽ ആരംഭിച്ചത്) എന്നിങ്ങനെ പല സമാജങ്ങളും കേരളത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും ഇവയൊക്കെ അൽപ്പായുസ്സുകളായിരുന്നു.[10]
ചരിത്രം
തിരുത്തുക1926 നവംബർ 14-ന് ഇടപ്പള്ളിയിൽ ആർ. കുഞ്ഞൻതമ്പുരാൻ എന്ന വ്യക്തിയുടെ അദ്ധ്യക്ഷതയിലാണ് സാഹിത്യസമാജം രൂപം കൊണ്ടത്. ഇടപ്പള്ളി കൃഷ്ണരാജയായിരുന്നു സമാജത്തിന്റെ രക്ഷാധികാരി.[3] എല്ലാ മാസവും ഒന്നും മൂന്നും ഞായറാഴ്ച്ചകളിൽ യോഗം ചേരണമെന്നും സാഹിത്യവിഷയങ്ങളെ ആധാരമാക്കി ഗദ്യപദ്യ പ്രബന്ധങ്ങൾ അവതരിപ്പിക്കണം എന്നുമായിരുന്നു തീരുമാനം. വിദ്യാർത്ഥികൾക്ക് അക്ഷരശ്ലോകമത്സരം, സമസ്യാപൂരണങ്ങൾ, ഉപന്യാസരചന, സംസ്കൃതശ്ലോകങ്ങളുടെ ഭാഷാന്തരീകരണം എന്നിവയ്ക്കൊക്കെ മത്സരങ്ങളുണ്ടായിരുന്നു. ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, സി.ആർ. കേരളവർമ്മ എന്നിവർ ഈ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[11]
ആർ. കുഞ്ഞൻ തമ്പാൻ, തട്ടായത്തു പരമേശ്വരപ്പണിക്കർ, കെ. മാധവൻ, ഇ.കെ. രാമവർമ്മ, നാകപ്പടി കൃഷ്ണപിള്ള, താനത്തു കൃഷ്ണപിള്ള, എം.എസ്. കൃഷ്ണൻ ഇളയത്, ഇടപ്പള്ളി കരുണാകരമേനോൻ, മേലങ്ങത്ത് അച്യുതമേനോൻ എന്നിവർ സാഹിത്യസമാജത്തിന്റെ ആദ്യ പ്രവർത്തകസമിതിയിലെ അംഗങ്ങളായിരുന്നു.[11]
സമാജത്തിന്റെ പന്ത്രണ്ടാം സമ്മേളനത്തോടെ (സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദ്യ സമ്മേളനം) സാഹിത്യസമാജം 'സമസ്ത കേരള സാഹിത്യപരിഷത്ത്' എന്ന് പേരുമാറ്റി. സാഹിത്യപഞ്ചാനനൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ, പുത്തേഴത്ത് രാമമേനോൻ, അമ്പാടി കാർത്യായനി അമ്മ, അപ്പൻ തമ്പുരാൻ [12] തുടങ്ങി കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുത്ത സമ്മേളനത്തിലെ പ്രസംഗങ്ങൾ സാഹിത്യപ്രഭവം എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.[4] കൊല്ലവർഷം 1102 മേടം 11,12,13 തീയതികളിലാണ് (1927 ഏപ്രിൽ 24, 25, 26 എന്നീ ദിവസങ്ങൾ) ഈ സമ്മേളനം നടന്നത്.[13]
സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദ്യ പ്രവർത്തകസമിതിയിലെ അംഗങ്ങളുടെ പേരുവിവരം താഴെക്കൊടുത്തിരിക്കുന്നു. അംഗങ്ങളുടെയെല്ലാം പേരുകൾ നിർദ്ദേശിച്ചത് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയാണ്. എൻ. കേശവൻ ഇളയത് നാമനിർദ്ദേശങ്ങളെ പിന്താങ്ങി.[14]
അദ്ധ്യക്ഷൻ: അപ്പൻ തമ്പുരാൻ
സെക്രട്ടറിമാർ: പി. ശങ്കരൻ നമ്പ്യാർ, മേങ്ങലത്ത് അച്യുതമേനോൻ, ഇടപ്പള്ളി കരുണാകരമേനോൻ
അംഗങ്ങൾ: ഉള്ളൂർ, വള്ളത്തോൾ, സാഹിത്യപഞ്ചാനനൻ, എം. രാമവർമ്മ തമ്പാൻ, കുറ്റിപ്പുറം, പുത്തേഴൻ, സി.എസ്. നായർ, സി.വി. കുഞ്ഞിരാമൻ, ടി.കെ. ജോസഫ്, കുറ്റിപ്പുഴ, കറുപ്പൻ, പള്ളത്തു രാമൻ, ആറ്റൂർ, ആറ്റുകാൽ നീലകണ്ഠപ്പിള്ള, സി.എൻ. രാമയ്യ ശാസ്ത്രി, ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്, കട്ടക്കയം, ഒ.എം. ചെറിയാൻ, കെ.ടി. ചന്തുനമ്പ്യാർ, മധുരവനം കൃഷ്ണക്കുറുപ്പ്, സി. സുബ്രഹ്മണ്യൻപോറ്റി, ആർ. ഈശ്വരപിള്ള, ചേലനാട്ട് അച്യുതമേനോൻ, കടത്തനാട്ടു ശങ്കരവർമ്മരാജ, പി.വി. കൃഷ്ണവാര്യർ, ടി.കെ. കൃഷ്ണമേനോൻ, പുന്നശ്ശേരി നമ്പി, അമ്പാടി കാർത്യായനിയമ്മ, ടി.സി. കല്യാണിയമ്മ.
അപ്പൻ തമ്പുരാന്റെയും ഉള്ളൂരിന്റെയും നേതൃത്വം
തിരുത്തുകരണ്ടാം സമ്മേളനം
തിരുത്തുകസാഹിത്യപരിഷത്തിന്റെ രണ്ടാം സമ്മേളനം കൊല്ലവർഷം 1103 ധനു 15,16 തീയതികളിൽ (1927 ഡിസംബർ 30,31) തൃശ്ശിവപേരൂരിൽ വച്ചാണ് നടത്തിയത്. കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റി ഇതുമായി സഹകരിച്ചിരുന്നു.[15] തൃശൂർ വിവേകോദയം സ്കൂൾ പരിസരത്തുവച്ചാണ് ഈ സമ്മേളനം നടന്നത്.[16] ഇതോടൊപ്പം 9 ചെപ്പേടുകളും 24 ശിലാരേഖകളും 53 താളിയോലകളും 15 സ്ഥാന തീട്ടൂരങ്ങളും 1 പട്ടോലകരണവും 1 ഓലച്ചുരുണയും 7 കൈയ്യെഴുത്തുപുസ്തകങ്ങളും 15 കൈയെഴുത്തുകടലാസുകളും അന്തരിച്ച 36 സാഹിത്യകാരന്മാരുടെ ചിത്രങ്ങളും അച്ചടിച്ച 15 പഴയ പുസ്തകങ്ങളും 114 പുതിയ പ്രസിദ്ധീകരണങ്ങളും 117 മാസികകളും ഉൾപ്പെട്ട ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു.[17] പുള്ളുവൻപാട്ട്, പാണർപാട്ട്, മ്ലാവേലി (ഡാവേലി) വായന, മണ്ണാൻപാട്ട്, ഐവർകളി, പുലയർകളി, ഭാഷാകഥാകാലക്ഷേപം, പദ്യനാടകം, സംഗീതനാടകം, ഗദ്യനാടകം, പ്രഹസനം, പ്രഹസനപ്രമേയം എന്നിങ്ങനെ പല പരിപാടികളും വൈകുന്നേരങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.[18] ഒന്നാം സമ്മേളനത്തിൽ ഭക്ഷണം വിളമ്പിയതിൽ വേർതിരിവുണ്ടായിരുന്നല്ല്ലെങ്കിലും രണ്ടാം സമ്മേളനത്തിൽ ജാതി അടിസ്ഥാനത്തിലാണ് ഭക്ഷണം വിളമ്പിയത്.[19]
മൂന്നാം സമ്മേളനം
തിരുത്തുകപരിഷത്തിന്റെ മൂന്നാം സമ്മേളനം 1104 ധനു 15, 16 തീയതികളിൽ (1928 ഡിസംബർ 29, 30) കോട്ടയ്ക്കൽ വച്ചാണ് നടന്നത്. സമ്മേളനവിവരങ്ങൾ പി.വി. കൃഷ്ണവാര്യർ 411 താളുകളുള്ള ഗ്രന്ഥമായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി.[20] ജി. ശങ്കരക്കുറുപ്പ് മൂന്നാം സമ്മേളനത്തിൽ കവിത വായിച്ചിരുന്നു. ജി. ശങ്കരൻ എന്നാണ് കവിയുടെ പേര് അച്ചടിച്ചിരുന്നത്.[21] ധനു 16-ആം തീയതി രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം വനിതകളായിരുന്നു. സാഹിത്യപരിഷത്ത് സംഘടിപ്പിച്ച ആദ്യ വനിതാസമ്മേളനമാണിത്.[22]
മൂന്നാം സമ്മേളനത്തിൽ ദൂഷിതവലയം എന്ന അർത്ഥത്തിൽ 'ഉരുണ്ടകുഴപ്പം' എന്ന പ്രയോഗം സുബ്രഹ്മണ്യൻ പോറ്റി മുന്നോട്ടുവയ്ക്കുകയുണ്ടായി. അപ്പൻ തമ്പുരാൻ കോഴിക്കോട്ടു നിന്ന് 1039-ൽ (1863-64) പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു മാസികയെപ്പറ്റി തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചിരുന്നു. ഇതാണ് മലയാളത്തിലെ ആദ്യമാസിക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊല്ലവർഷം 1031-ൽ (1855) മരിച്ച സാമൂതിരിപ്പാട് കേരളചരിത്രപരിശോധന എന്നൊരു ഗ്രന്ഥം ആറുപടലമായി പ്രസിദ്ധീകരിച്ചിരുന്നു എന്നും ഈ സമ്മേളനത്തിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു.[23] 1054-ൽ (1879) അന്തരിച്ച ഏറാൾപ്പാടുതമ്പുരാൻ ഒരു പത്രം നടത്തിയിരുന്നുവെന്നും പ്രസ്താവിക്കപ്പെട്ടു. പത്രത്തിന്റെ മാതൃക ലഭ്യമല്ലെങ്കിലും പത്രം നടത്തിപ്പിന്റെ ചെലവ് കൊട്ടാരം കണക്കിലുണ്ടായിരുന്നു. ഇതാവണം മലയാളത്തിലെ ആദ്യപത്രമെന്ന് മൂന്നാൾപ്പാട് അഭിപ്രായപ്പെട്ടിരുന്നു.[24]
നാലാം സമ്മേളനം
തിരുത്തുക1105 ധനു 13,14,15 (1929 ഡിസംബർ 28,29,30) തീയതികളിലാണ് സമസ്തകേരള സാഹിത്യപരിഷത്തിന്റെ നാലാം സമ്മേളനം തിരുവനന്തപുരത്തുവച്ചു നടന്നത്. ഉള്ളൂർ എസ്. പരമേശ്വരയ്യരായിരുന്നു സമ്മേളനം തിരുവനന്തപുരത്തു നടത്താനായി ക്ഷണം മുന്നോട്ടുവച്ചത്.[25] വഞ്ചിയൂർ ഇംഗ്ലീഷ് ഹൈസ്കൂളിനും പടിഞ്ഞാറുവശത്തുള്ള മൈതാനത്താണ് സമ്മേളനം നടന്നത്. [26] നാഗസ്വരം, കതിനവെടി എന്നിവയോടെയാണ് സമ്മേളനമാരംഭിച്ചത്. പ്രദർശനത്തിൽ ദണ്ഡിയുടെ അവന്തിസുന്ദരി, മങ്ഖൂകന്റെ സാഹിത്യമീമാംസ, ബുദ്ധമതഗ്രന്ഥമായ ആര്യശ്രീമൂലകൽപ്പം എന്നിവയുണ്ടായിരുന്നു.[27] സ്വാതിതിരുന്നാൾ സ്വന്തം കൈപ്പടയിൽ എഴുതിയ ദൂതവാക്യം ആട്ടക്കഥ പ്രദർശനത്തിനുണ്ടായിരുന്നു.[28]
നാലാം സമ്മേളനത്തിൽ ലിപി പരിഷ്കരണത്തെപ്പറ്റി ചർച്ചയുണ്ടായി. 500 ഉള്ള ലിപികൾ 40 ആക്കിക്കുറയ്ക്കാം എന്ന് ഫാദർ ഡിസിൽവ പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് 56 എങ്കിലും ആക്കിക്കുറയ്ക്കാം എന്ന് എൻ.കെ. കൃഷ്ണപിള്ള ഇത് 56 എങ്കിലും ആക്കാം എന്ന് പ്രസ്താവിക്കുകയുണ്ടായി. ഒരു സാങ്കേതികശബ്ദ നിഘണ്ടു ഉണ്ടാക്കുവാനുഌഅ ശ്രമമുണ്ടായിരുന്നതായി സൂചനകളുണ്ട്.[29] വിദ്യാഭ്യാസം മലയാളത്തിലാക്കുന്നതിന് തുടക്കം എന്ന നിലയിൽ ഹൈസ്കൂളുകളിൽ ഇന്ത്യാചരിത്രം, പ്രകൃതിപാഠം, ഭൂമിശാസ്ത്രം, അങ്കഗണിതം എന്നിവ പഠിപ്പിക്കുന്നത് മലയാളത്തിലാക്കണം എന്ന് കെ.ഇ. ജോബ് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.[30]
അഞ്ചാം വാർഷികോത്സവം
തിരുത്തുകഇത് കൊല്ലത്തുവച്ചാണ് നടന്നത്. ഇതിനായി കൃഷ്ണക്കുറുപ്പാണ് (ഒ.എൻ.വി. കുറുപ്പിന്റെ അച്ഛൻ) ക്ഷണം മുന്നോട്ടുവച്ചത്. കൊല്ലം ഇംഗ്ലീഷ് ഹൈസ്കൂളിന് കിഴക്കുള്ള മലയാളിസഭാ മന്ദിരത്തിന് മുന്നിലുള്ള പന്തലിലായിരുന്നു 1930 ഡിസംബർ 29, 30, 31, 1931 ജനുവരി 1 എന്നീ തിയതികളിൽ സമ്മേളനം നടന്നത്. സംഘാടകർക്കിടയിലെ അഭിപ്രായവ്യത്യാസം നടത്തിപ്പിനെ ബാധിച്ചിരുന്നു. ആയിരം പേർക്കിരിക്കാവുന്ന പന്തലിൽ ആദ്യ യോഗത്തിൽ കൂടിയത് 500 പേരേ ഉണ്ടായിരുന്നുള്ളൂ. പ്രദർശനം നടത്തുന്നതിലും ബുദ്ധിമുട്ടുകൾ നേരിട്ടു. വള്ളത്തോളാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.[31]
കേസരി എഴുതിയ മുഖപ്രസംഗത്തിൽ അഞ്ചുവർഷത്തെ പ്രവർത്തനം കൊണ്ട് പരിഷത്തിന് ഒന്നും നേടാനായിട്ടില്ല എന്നും, ജാതിമത വ്യത്യാസം കൂടാതെ ഏകജനത എന്ന ബോദ്ധ്യം വളർത്താൻ പരിഷത്തിന് കഴിഞ്ഞിട്ടില്ല എന്നും, ഭരണഭാഷ മലയാളമാക്കുക, നിഘണ്ടു നിർമ്മിക്കുക, സർവ്വകലാശാല സ്ഥാപിക്കുക എന്നീ കാര്യങ്ങളിൽ നടപടികളെടുപ്പിക്കാൻ പരിഷത്തിന് സാധിച്ചിട്ടില്ല എന്നും കുറ്റപ്പെടുത്തി. അപ്പൻ തമ്പുരാന്റെ സ്വേച്ഛാധിപത്യം പരിഷത്തിനെയും വള്ളത്തോളിന്റെ സ്വേച്ഛാധിപത്യം കലാമണ്ഡലത്തിനെയും തകർക്കുന്നു എന്നും മുഖപ്രസംഗത്തിൽ ആരോപിച്ചിരുന്നു.[32]
ആറാം സമ്മേളനം
തിരുത്തുക1931 ഡിസംബർ 28,29,30 തീയതികളിൽ എറണാകുളത്തുവച്ചാണ് പരിഷത്തിന്റെ ആറാം സമ്മേളനം നടന്നത്.[33] പാഠകം, കഥകളി, തിരുവാതിരകളി, ഓട്ടൻതുള്ളൽ, കോലടി, അമ്മാനമാട്ടം, പുലത്തുടി, ചവിട്ടുനാടകം, വീണക്കച്ചേരി തുടങ്ങി ധാരാളം കലാപരിപാടികൾ നടന്നു.[34] അടുത്ത പരിഷത്തിന് രണ്ടുമാസം മുൻപുവരെ പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ഥങ്ങളിൽ നിന്ന് ശ്രേഷ്ഠമായവ തിരഞ്ഞെടുത്ത് പുരസ്കാരം നൽകണം എന്ന് തീരുമാനിക്കപ്പെട്ടു. നിഘണ്ടു നിർമ്മാണത്തിന് ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു.[35] പത്രപ്രവർത്തനത്തെപ്പറ്റി ഒരു പാഠപുസ്തകം തയ്യാറാക്കാൻ നിർദ്ദേശമുണ്ടായി.[36] പരിഷത്ത് ഒരു രജിസ്റ്റേർഡ് സംഘടനയാക്കണം എന്ന് തീരുമാനമുണ്ടായി. [5]
എറണാകുളം മഹാരാജാസ് കോളേജ് ഭാഷാസാഹിത്യമണ്ഡലമാണ് ഈ സമ്മേളനം ഏറ്റെടുത്തു നടത്തിയത്.[37]
ഏഴാം സാഹിത്യോത്സവം
തിരുത്തുകകോഴിക്കോടാണ് ഏഴാം സമ്മേളനം നടന്നത്. 1108 മേടം 10,11,12 തീയതികളിലാണ് (1933 ഏപ്രിൽ 22,23,24) സമ്മേളനം നടന്നത്.[38] മാർത്താണ്ഡവർമ്മ നാടകം, പൂരക്കളി, കോൽക്കളി, കൃഷ്ണനാട്ടം, കളരിപ്പയറ്റ് എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടക്കുകയുണ്ടായി.[39].
ഇതിനുശേഷം 1108-ൽ നിർവ്വാഹകസമിതി ഉള്ളൂരിനോട് ഭാഷാചരിത്രം രചിക്കാനും കെ.പി.കറുപ്പനോട് പഴയപാട്ടുകൾ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുവാനും, ഉചിത ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുവാൻ മനോരമ കമ്പനിയോടും ആവശ്യപ്പെടുകയുണ്ടായി.
എട്ടും ഒൻപതും പത്തും സമ്മേളനങ്ങൾ
തിരുത്തുകനിലമ്പൂരാണ് എട്ടാം സമ്മേളനം നടന്നത്. 1109 മേടം 16, 17 (1934 ഏപ്രിൽ 28,29) തീയതികളിലാണ് സമ്മേളനം നടന്നത്.[40]
തലശ്ശേരിയിൽ വച്ചാണ് 9-ആം സാഹിത്യോത്സവം നടന്നത്.[41] തലശ്ശേരി സമ്മേളന ദിവസങ്ങളിൽ പരിഷത്തിനെ എതിർക്കുന്ന ചിലർ ഒരു സമാന്തര സമ്മേളനം നടത്തുകയുണ്ടായി. മൂർക്കോത്ത് കുമാരനായിരുന്നു തലശ്ശേരി സമ്മേളനസംഘാടകരിൽ പ്രമുഖൻ. ഇദ്ദേഹത്തിന്റെ എതിരാളിയായിരുന്ന കെ.ടി. ചന്തു നമ്പ്യാർ സമാന്തരമായി യുവജന സാഹിത്യ പരിഷത്ത് ബാസൽ മിഷനിൽ വച്ച് നടത്തി. യോഗത്തിൽ പങ്കെടുത്ത കേശവദേവ് രാമായണം കത്തിക്കണം എന്ന് പ്രസംഗിക്കുകയുണ്ടായി. വള്ളത്തോൾ, കുട്ടമത്ത് എന്നിവർ രണ്ടു സമ്മേളനങ്ങളിലും പങ്കെടുത്തു. ഏഴ് ആനകൾ സമാന്തരസമ്മേളനത്തിൽ അണിനിരന്നിരുന്നു.[42]
തൃശൂരാണ് പത്താം സമ്മേളനം നടന്നത്. സെന്റ് തോമസ് കോളേജ് പരിസരത്തുവച്ച് 1936 ഏപ്രിൽ 30, മേയ് 1 എന്നീ തീയതികളിലായിരുന്നു സമ്മേളനം.[43] കേരളത്തിൽ ഒരു സർവ്വകലാശാല വേണമോ, ഇന്ത്യയിൽ ഒരു പൊതു ലിപി വേണമോ (വേണമെങ്കിൽ അത് ദേവനാഗരിയാകണോ അതോ റോമൻ ലിപിയാകണോ) എന്നീ വിഷയങ്ങളിൽ ചർച്ച നടക്കുകയുണ്ടായി. മദിരാശി സർവ്വകലാശാലയിലുള്ള 49 കോളേജുകളിൽ 16 എണ്ണം കേരളത്തിലാണെന്നും അതിനാൽ കേരളത്തിന് ഒരു സർവ്വകലാശാല വേണമെന്നും അതിന്റെ ആസ്ഥാനം മദ്ധ്യകേരളത്തിലാകണമെന്നും ആവശ്യമുയർന്നു.[44]
പതിനൊന്നും പന്ത്രണ്ടും പതിമൂന്നും സമ്മേളനങ്ങൾ
തിരുത്തുകതിരുവനന്തപുരത്ത് വഞ്ചിയൂർ ശ്രീമൂലവിലാസം മൈതാനിയിൽ 1936 ഡിസംബർ 28,29,30 തീയതികളിലാണ് പരിഷത്തിന്റെ പതിനൊന്നാം സമ്മേളനം നടന്നത്. സി.പി. രാമസ്വാമി അയ്യരാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.[45] അമ്പലപ്പുഴയിൽ കുഞ്ചൻ നമ്പ്യാരുടെ ഗൃഹം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സംസ്കൃത-ദ്രാവിഡ കൃതികളും ഗ്രന്ഥങ്ങളും ശേഖരിച്ചുവച്ച് ഗവേഷണവും ഗ്രന്ഥപാരായണവും നടത്താനുള്ള സൗകര്യം ഏർപ്പാടുചെയ്യണമെന്ന പ്രമേയം ഈ സമ്മേളനത്തിൽ പാസാക്കുകയുണ്ടായി.[46] നിഘണ്ടു ഉണ്ടാക്കിയതിന് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് സ്വർണ്ണ മെഡൽ നൽകുകയുണ്ടായി.[47]
കോട്ടയത്താണ് പന്ത്രണ്ടാം സമ്മേളനം നടന്നത്. 1113 മേടം 14, 15, 16 തീയതികളിൽ (1938 ഏപ്രിൽ 27,28,29) കോട്ടയം സി.എം.എസ്. കോളേജിൽ വച്ചാണ് സമ്മേളനം നടന്നത്. കെ.സി. മാത്യു ആയിരുന്നു സ്വാഗതാദ്ധ്യക്ഷൻ.[48]
പരിഷത്തിന്റെ പതിമൂന്നാം സമ്മേളനം വീണ്ടും ഇടപ്പള്ളിയിൽ വച്ചു നടന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയായിരുന്നു സമ്മേളനത്തെ ഇടപ്പള്ളിയിലേയ്ക്ക് ക്ഷണിച്ചത്. 1939 ഓഗസ്റ്റ് 16, 17, 18 എന്നീ തീയതികളിലാണ് സമ്മേളനം നടന്നത്.[49]
പതിനാലും പതിനഞ്ചും പതിനാറും സമ്മേളനങ്ങൾ
തിരുത്തുകപതിനാലാം വാർഷിക പൊതുയോഗം വൈക്കത്തുവച്ചാണ് നടന്നത്. 1113 കർക്കടകം 9, 10, 11 എന്നീ ദിവസങ്ങളിലാണ് (1938 ജൂലൈ 24, 25, 26) സമ്മേളനം നടന്നത്.[50]
പതിനഞ്ചാം സമ്മേളനം 1118 മേടം 21,22 തീയതികളിൽ പറവൂരാണ് (1943 മേയ് 4,5) നടന്നത്. വള്ളത്തോളായിരുന്നു സമ്മേളനങ്ങളുടെ പൊതു അദ്ധ്യക്ഷൻ.[51] തകഴി ശിവശങ്കരപ്പിള്ള, ഉള്ളൂർ, ലളിതാംബിക അന്തർജ്ജനം എന്നിവർ പെങ്കെടുത്തിരുന്നു.[52]
പതിനാറാം സമ്മേളനം 1119 മേടം 31, ഇടവം 1,2 തീയതികളിൽ (1944 മേയ് 13,14,15) എറണാകുളത്തുവച്ച് പരിഷത്തിന്റെ സ്വന്തം ഉത്തരവാദിത്തത്തിലാണ് നടന്നത്. വള്ളത്തോളായിരുന്നു പൊതു അദ്ധ്യക്ഷൻ. ഋഗ്വേദം എന്തുകൊണ്ട് മലയാളത്തിലാക്കിക്കൂടാ എന്ന് വള്ളത്തോൾ ആരായുകയുണ്ടായി.[53] മലബാറിൽ ഒരു കേരള ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തതായി അറിഞ്ഞപ്പോൾ മലയാളികൾ ഉള്ള സ്ഥലങ്ങളിൽ എല്ലാം ഇത്തരം സംരംഭങ്ങൾ വേണം എന്ന് സാഹിത്യപരിഷത്ത് അഭിപ്രായപ്പെടുകയുണ്ടായി.[54]
പരിഷദധ്യക്ഷന്റെ സ്ഥാനത്ത് 12 വർഷം തുടർന്നുവരുകയായിരുന്ന ഉള്ളൂർ അയച്ച രാജിക്കത്ത് 1945 നവംബർ 21-ന് രജിസ്റ്റർ ചെയ്ത പരിഷത്തിന്റെ പന്ത്രണ്ടാം വാർഷികത്തിൽ പരിഗണിച്ചു. രാജി സ്വീകരിക്കപ്പെട്ടു. പുതിയ നിർവ്വാഹകസമിതിയുടെ അദ്ധ്യക്ഷനായി വള്ളത്തോളിനെ തിരഞ്ഞെടുത്തു. [55][56] ചെറുകഥ, നാടകം, ഉപന്യാസം, പരിഭാഷ എന്നിവയിൽ ഓരോന്നിലും ഓരോ വർഷവും ഉണ്ടാകുന്ന നല്ല ഗ്രന്ഥത്തിന് നൂറു രുപവീതം സമ്മാനമായി നൽകണമെന്ന് ഈ വർഷം തീരുമാനിക്കപ്പെട്ടു. ഇതിൽ നൂറുരുപ ദേശാഭിമാനി ഫണ്ടിൽ നിന്ന് നൽകാമെന്നും ബാക്കി തുക ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാമെന്നും തീരുമാനിക്കപ്പെട്ടു. സാഹിത്യപരിഷത്തിന്റെ അവാർഡ് എന്ന ആശയം ഇങ്ങനെയാണ് രൂപപ്പെട്ടത്. [57]
വള്ളത്തോളിന്റെ കാലം
തിരുത്തുക1946 മുതലുള്ള പ്രവർത്തനങ്ങൾ
തിരുത്തുക1946 മേയ് മാസത്തിൽ 16,17 തീയതികളിൽ ചങ്ങനാശ്ശേരി വച്ചാണ് പരിഷത്തിന്റെ പതിനേഴാം വാർഷികാഘോഷം നടന്നത്. ഇതിന്റെ ആസൂത്രണം മോശമായിരുന്നു. 1946 ഓഗസ്റ്റ് 18-നും 1946 ഒക്റ്റോബർ 30നും പിന്നീടും ചേർന്ന നിർവ്വാഹകസമിതി യോഗങ്ങൾ വളരെ അശ്രദ്ധമായാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. [58]
പതിനെട്ടാം സാഹിത്യോത്സവം 1947 മേയ് 17,18 തീയതികളിൽ കോഴിക്കോട്ടുവച്ചാണ് നടന്നത്. എസ്.കെ. പൊറ്റെക്കാട്ടായിരുന്നു പ്രധാന ആസൂത്രകൻ.[59] ജി. ശങ്കരക്കുറുപ്പ് പ്രത്യയശാസ്ത്രങ്ങൾ എഴുത്തുകാരെ അടിമകളാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.[60] ജോസഫ് മുണ്ടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവസാന യോഗത്തിൽ പുരോഗമനസാഹിത്യത്തെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി.[61] സാഹിത്യോത്സവത്തോടനുബന്ധിച്ച് മത്സരങ്ങളും നടത്തുകയുണ്ടായി.
പത്തൊൻപതാം സാഹിത്യോത്സവം 1948 ഏപ്രിൽ 23,24,25 തീയതികളിൽ കണ്ണൂർ വച്ചാണ് നടന്നത്. പടന്നപ്പാലത്തിനു സമീപമായിരുന്നു സമ്മേളനപ്പന്തൽ.[62]
പുതിയ പരിഷത്ത് കാലം
തിരുത്തുക1996 മുതൽ ഡോ എം അച്യുതനായിരുന്നു പരിഷത്ത് അധ്യക്ഷൻ. എം വി ബെന്നി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2011 മുതൽ 2017 മെയ് വരെ ഡോ എം ലീലാവതിയായിരുന്നു സാഹത്യ പരിഷത്ത് അധ്യക്ഷ. എം വി ബെന്നിയുടെ തുടർച്ചയായി, 2014 മുതൽ 2017 മെയ് വരെ നിരൂപകൻ രഘുനാഥൻ പറളി സമസ്തകേരള സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചു പ്രവർത്തിച്ചു. ഈ കാലയളവിൽ, ക്ലാസിക്: ഭാവനയുടെ കൊടുമുടികൾ, മലയാളത്തിന്റെ സർഗകാന്തി എന്നീ പേരുകളിൽ- തുടർച്ചയായി ഇരുപത്തഞ്ചു മാസങ്ങളിൽ, പ്രമുഖരുടെ ഇരുപത്തഞ്ചു സാഹിത്യപ്രഭാഷണങ്ങൾ എറണാകുളം ജി ഓഡിറ്റോറിയത്തിൽ നടന്നു. അതുപോലെ വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സാഹിത്യപരിപാടികളും നടന്നു. 2016 ആഗസ്റ്റ് മുതൽ സാഹത്യപരിഷത്ത് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളിലേക്ക് പ്രവേശിച്ചു. നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ജ്ഞാനപീഠ ജേതാവും കേന്ദ്രസാഹിത്യ അക്കാദമി ഉപാധ്യക്ഷനും പ്രമുഖ കന്നട എഴുത്തുകാരനുമായ ചന്ദ്രശേഖര കമ്പാർ നിർവ്വഹിച്ചു. ഡോ എം ലീലാവതി അധ്യക്ഷയും രഘുനാഥൻ പറളി ജനറൽ കൺവീനറുമായ നവതി സ്വാഗതസംഘമാണ് പരിഷത്ത് നവതി ആഘോഷങ്ങൾക്കു നേതൃത്വം നൽകിയത്. നവതി ആഘോഷങ്ങളുടെ ഭാഗമായി, സംസ്ഥാനത്തെ വിവിധ കലാലയങ്ങളിലായി ഒമ്പത് കലാലയ പ്രഭാഷണങ്ങളും നടക്കുകയുണ്ടായി.
കുറിപ്പുകൾ
തിരുത്തുക- ↑ "ഡോ.എം. ലീലാവതി സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡൻറ്". കാസർകോട്.കോം. 17 ജനുവരി 2011. Archived from the original on 2013-05-26. Retrieved 26 മേയ് 2013.
- ↑ 2.0 2.1 2.2 വസന്തൻ 2007, പുറം. 73.
- ↑ 3.0 3.1 വസന്തൻ 2007, പുറം. 17.
- ↑ 4.0 4.1 വസന്തൻ 2007, പുറം. 19.
- ↑ 5.0 5.1 5.2 വസന്തൻ 2007, പുറം. 66.
- ↑ വസന്തൻ 2007, പുറം. 67.
- ↑ വസന്തൻ 2007, പുറം. 132.
- ↑ വസന്തൻ 2007, പുറം. 143.
- ↑ വസന്തൻ 2007, പുറം. 145.
- ↑ വസന്തൻ 2007, പുറം. 16.
- ↑ 11.0 11.1 വസന്തൻ 2007, പുറം. 18.
- ↑ വസന്തൻ 2007, പുറം. 22.
- ↑ വസന്തൻ 2007, പുറം. 21.
- ↑ വസന്തൻ 2007, പുറം. 26.
- ↑ വസന്തൻ 2007, പുറം. 29.
- ↑ വസന്തൻ 2007, പുറം. 30.
- ↑ വസന്തൻ 2007, പുറം. 32.
- ↑ വസന്തൻ 2007, പുറം. 36.
- ↑ വസന്തൻ 2007, പുറം. 33.
- ↑ വസന്തൻ 2007, പുറം. 37.
- ↑ വസന്തൻ 2007, പുറം. 39.
- ↑ വസന്തൻ 2007, പുറം. 40.
- ↑ വസന്തൻ 2007, പുറം. 42.
- ↑ വസന്തൻ 2007, പുറം. 43.
- ↑ വസന്തൻ 2007, പുറം. 45.
- ↑ വസന്തൻ 2007, പുറം. 46.
- ↑ വസന്തൻ 2007, പുറം. 49.
- ↑ വസന്തൻ 2007, പുറം. 50.
- ↑ വസന്തൻ 2007, പുറം. 53.
- ↑ വസന്തൻ 2007, പുറം. 54.
- ↑ വസന്തൻ 2007, പുറം. 55.
- ↑ വസന്തൻ 2007, പുറം. 59.
- ↑ വസന്തൻ 2007, പുറം. 61.
- ↑ വസന്തൻ 2007, പുറം. 62.
- ↑ വസന്തൻ 2007, പുറം. 63.
- ↑ വസന്തൻ 2007, പുറം. 65.
- ↑ വസന്തൻ 2007, പുറം. 71.
- ↑ വസന്തൻ 2007, പുറം. 77.
- ↑ വസന്തൻ 2007, പുറം. 78.
- ↑ വസന്തൻ 2007, പുറം. 81.
- ↑ വസന്തൻ 2007, പുറം. 85.
- ↑ വസന്തൻ 2007, പുറം. 92.
- ↑ വസന്തൻ 2007, പുറം. 94.
- ↑ വസന്തൻ 2007, പുറം. 95.
- ↑ വസന്തൻ 2007, പുറം. 98.
- ↑ വസന്തൻ 2007, പുറം. 101.
- ↑ വസന്തൻ 2007, പുറം. 102.
- ↑ വസന്തൻ 2007, പുറം. 103.
- ↑ വസന്തൻ 2007, പുറം. 111.
- ↑ വസന്തൻ 2007, പുറം. 115, 116, 117.
- ↑ വസന്തൻ 2007, പുറം. 121.
- ↑ വസന്തൻ 2007, പുറം. 125, 126.
- ↑ വസന്തൻ 2007, പുറം. 129.
- ↑ വസന്തൻ 2007, പുറം. 128.
- ↑ വസന്തൻ 2007, പുറം. 134.
- ↑ "മാർച്ച് 13 മഹാകവി വള്ളത്തോൾ ഓർമയായിട്ട് 55 വർഷം". മാതൃഭൂമി. 13 മാർച്ച് 2013. Archived from the original on 2013-05-27. Retrieved 26 മേയ് 2013.
- ↑ വസന്തൻ 2007, പുറം. 135.
- ↑ വസന്തൻ 2007, പുറം. 136.
- ↑ വസന്തൻ 2007, പുറം. 139.
- ↑ വസന്തൻ 2007, പുറം. 140.
- ↑ വസന്തൻ 2007, പുറം. 141.
- ↑ വസന്തൻ 2007, പുറം. 146.
അവലംബം
തിരുത്തുക- എസ്.കെ., വസന്തൻ (2007 ഒക്റ്റോബർ). സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ചരിത്രം. കറണ്ട് ബുക്ക്സ്. ISBN 81-240-1815-4.
{{cite book}}
: Check date values in:|year=
(help)