ആറ്റൂർ കൃഷ്ണപ്പിഷാരടി
ഗവേഷകൻ, പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ[1][2] എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനായിരുന്നു ആറ്റൂർ കൃഷ്ണപ്പിഷാരടി (1876 ഒക്ടോബർ 4 - 1964 ജൂൺ 5). കേരളശാകുന്തളം എന്നപേരിലുള്ള ശാകുന്തളവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവും പ്രധാനപ്പെട്ട കൃതികൾ.
ആറ്റൂർ കൃഷ്ണ പിഷാരടി | |
---|---|
ജനനം | കൃഷ്ണചന്ദ്ര 29 സെപ്റ്റംബർ 1875 ആറ്റൂർ |
മരണം | 5 ജൂൺ 1964 തൃശ്ശൂർ | (പ്രായം 88)
തൊഴിൽ | അദ്ധ്യാപകൻ, എഴുത്തുകാരൻ, നാടകകൃത്ത്, സംഗീതജ്ഞൻ |
ഭാഷ | സംസ്കൃതം, മലയാളം |
ദേശീയത | ഇന്ത്യൻ |
പങ്കാളി | നാണിക്കുട്ടി പിഷാരസ്യാർ
(m. 1900–1956) |
കുട്ടികൾ | 3 കുട്ടികൾ |
ജീവിതരേഖ
തിരുത്തുക1876 ഒക്ടോബർ 4-ന് ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയ്ക്കടുത്ത് ആറ്റൂരിൽ ആറ്റൂർ പിഷാരത്തെ പാപ്പിക്കുട്ടിപ്പിഷാരസ്യാരുടെയും വെള്ളാറ്റഞ്ഞൂർ മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും മകനായി ജനിച്ചു. നാട്ടിലെ പാരമ്പര്യരീതിയിലുള്ള പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം കൊടുങ്ങല്ലൂർ കോവിലകത്ത് ഉപരിപഠനം. വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപകവൃത്തിയിലേക്കു തിരിഞ്ഞു. പിന്നീട് മൂന്നു കൊല്ലത്തോളം പലയിടങ്ങളിലായി അദ്ധ്യാപകജീവിതമായിരുന്നു. ഇതിനിടയിൽ പഴയന്നൂർ വടക്കൂട്ടു പിഷാരത്തെ നാനിക്കുട്ടിപിഷാരസ്യാരുമായുള്ള വിവാഹം ആറ്റൂരിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി മാറുകയായിരുന്നു. നല്ലൊരു സംഗീത വിദുഷിയും വായ്പാട്ടിൽ അസാമാന്യ വിദഗ്ദ്ധയുമായിരുന്ന പത്നിയിൽ നിന്നു ആറ്റൂർ സംഗീതജ്ഞാനത്തിന്റെ പടവുകൾ താണ്ടാനും ഒപ്പം അവരെ അങ്ങോട്ടു വീണ പഠിപ്പിക്കാനും തുടങ്ങി.ആലത്തൂർ ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് തൃശ്ശൂർ ഭാരതവിലാസം പ്രസ്സുടമ മാളിയമ്മാവു കുഞ്ഞുവറീത് പ്രസാധകസ്ഥാനം നൽകി ആറ്റൂരിനെ തൃശ്ശൂർക്ക് ക്ഷണിക്കുന്നത്. തൃശ്ശൂരിലെ നാലഞ്ചുകൊല്ലത്തെ ജീവിതമാണ് യഥാർത്ഥത്തിൽ ആറ്റൂരിന്റെ സാഹിത്യജീവിതത്തിന് തുടക്കമിട്ടത്. തൃശ്ശൂരിൽ അദ്ദേഹം ഭാരതവിലാസം പ്രസ്സിലെ പ്രസാധകസ്ഥാനം എറ്റെടുത്തതിനുപുറമേ സർക്കാർ ഹൈസ്ക്കൂളിൽ ഭാഷാദ്ധ്യാപകനായി ജോലിയും നോക്കിയിരുന്നു. ശ്രീ രാമവർമ്മ അപ്പൻ തമ്പുരാൻ, മഹാകവി കുണ്ടൂർ നാരായണമേനോൻ,ജോസഫ് മുണ്ടശ്ശേരി മുതലായവരുമായി അടുപ്പം സ്ഥാപിക്കാൻ അവസരമുണ്ടായതും ഇക്കാലയളവിൽ തന്നെ. അപ്പൻ തമ്പുരാനെ സംസ്കൃതം പഠിപ്പിക്കുന്നതോടൊപ്പം മംഗളോദയം മാസികയുടെ നടത്തിപ്പിൽ തമ്പുരാനെ സഹായിക്കുകയും മാസികയിൽ നിരൂപണങ്ങളും മറ്റും എഴുതുകയും ആറ്റൂർ ചെയ്തിരുന്നു. ഇക്കാലത്ത് ‘നീതിമാല’ എന്നൊരു ബാലസാഹിത്യപുസ്തകത്തിന്റെ രചന നിർവ്വഹിച്ചു.[3]
ഏ.ആർ.രാജരാജവർമ്മ തമ്പുരാന്റെ (കേരളപാണിനി) “മണിദീപിക” എന്ന സംസ്കൃതവ്യാകരണ ഗ്രന്ഥത്തിന് മംഗളോദയം മാസികയിൽ ആറ്റൂർ എഴുതിയ നിരൂപണം മറ്റൊരു വഴിത്തിരിവായി. അന്ന് തിരുവനന്തപുരം മഹാരാജാ കോളേജിൽ ഭാഷാവിഭാഗം പ്രൊഫസറായിരുന്ന തമ്പുരാൻ ഈ നിരൂപണം വായിച്ച് നിരൂപകന്റെ പാണ്ഡിത്യത്തിൽ ആകൃഷ്ടനാവുകയും തന്റെ സഹപ്രവർത്തകനായി ജോലി ചെയ്യാൻ അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ആറ്റൂരിന്റെ താമസം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പെട്ടു. കേരളപാണിനിയുടെ സഹാദ്ധ്യാപകനായിട്ടും പീന്നീട് അദ്ദേഹത്തിന്റെ നിര്യാണശേഷം ഭാഷവിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തുകൊണ്ടും ഏതാണ്ട് 18 കൊല്ലത്തോളം മഹാരാജാസ് കോളേജിൽ ആറ്റൂർ സേവനമനുഷ്ഠിച്ചു. അതിനുശേഷം അഞ്ചുകൊല്ലത്തോളം ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായും ജോലി ചെയ്തു.ഈ കാലഘട്ടത്തിലെ പ്രധാന രചനകൾ ഉത്തരരാമചരിതം ഒന്നാം ഭാഗം, ബാലരത്നം, ലഘുരാമായണം, ‘അംബരീഷചരിതം’ കഥകളിയുടെ വ്യാഖ്യാനം, ലീലാതിലകം തർജ്ജുമ, സംസ്കൃതപാഠക്രമം(പാഠപുസ്തകം), ഉണ്ണുനീലിസന്ദേശം വ്യാഖ്യാനം, എന്നിവയാണ്. കൂടാതെ ആറ്റൂർ സ്വന്തമായി നടത്തിയിരുന്ന ‘രസികരത്നം’ എന്ന മാസികയിലൂടെയും പല കൃതികളും പുറത്തു വന്നു. കേരളപാണിനീയത്തിലെ ലിപിസംബന്ധമായ ചില സിദ്ധാന്തങ്ങളെ വിമർശിച്ചുകൊണ്ടുള്ള പുസ്തകമായ ‘ലിപിസാധാരണ്യം’ മറ്റൊരു ശ്രദ്ധേയമായ രചനയാണ്.
1934-ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം തിരുവനന്തപുരം വിട്ട് ആറ്റൂർ വീണ്ടും തൃശ്ശൂരിൽ താമസമാക്കി. കേരളസാഹിത്യ അക്കാദമിയിലെ അംഗത്വത്തിനുപുറമേ കേരളകലാപരിഷത്തിന്റെ അദ്ധ്യക്ഷൻ, തൃശ്ശൂർ സംസ്കൃതപരിഷത്തിന്റെ പ്രസിഡന്റ് എന്നീ പദവികളും അക്കാലത്ത് വഹിച്ചിട്ടുണ്ട്. കേരളചരിത്രം, കേരളചരിതം ഒന്നാംഭാഗം, ഭാഷാസാഹിത്യചരിതം എന്നീ മൂന്നു ചരിത്രപുസ്തകങ്ങൾ, വിദ്യാവിവേകം എന്ന ഉപന്യാസസമാഹാരം, ഭാഷാദർപ്പണം എന്ന അലങ്കാരഗ്രന്ഥം, കേരളശാകുന്തളം എന്ന ശാകുന്തളവിവർത്തനം, , ഭീഷ്മരെ നായകനാക്കിയുള്ള, ധീരവ്രതം എന്ന നാടകം, കേരളകഥ എന്നപേരിലുളള കഥാസമാഹാരം, സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥം എന്നിവയാണ് ഇക്കാലത്തെ പ്രധാന കൃതികൾ.
1956-ൽ പത്നിയുടെ ദേഹവിയോഗത്തിനുശേഷം അദ്ധ്യാപകജീവിതം അവസാനിപ്പിച്ച് ഒരു നിസ്സംഗജീവിതം നയിക്കുകയായിരുന്ന ആറ്റൂർ 88-ആം വയസ്സിൽ 1964 ജൂൺ 5-ന് ദിവംഗതനായി.
കൃതികൾ
തിരുത്തുക- സംഗീതചന്ദ്രിക (സംഗീതശാസ്ത്രം)
- ഭാഷാദർപ്പണം (അലങ്കാരഗ്രന്ഥം)
- നീതിമാല (ബാലസാഹിത്യം)
- ഭാർഗ്ഗവീയചരിതം (ഭാഷാകാവ്യം)
- ധീരവ്രതം (നാടകം)
- കേരളകഥ (കഥ)
- താരക (ബാലസാഹിത്യം)
- പുരാണപുരുഷന്മാർ (ബാലസാഹിത്യം)
- ലഘുരാമായണം (ബാലസാഹിത്യം)
- ഉണ്ണുനീലിസന്ദേശം (വ്യാഖ്യാനം)
- വിദ്യാവിവേകം (പ്രബന്ധസമാഹാരം)
- വിദ്യാസംഗ്രഹം (ഉപന്യാസം)
- ഭാഷാസാഹിത്യചരിതം (സാഹിത്യചരിത്രം)
- മലയാളഭാഷയും സാഹിത്യവും (സാഹിത്യചരിത്രം)
- ലിപിസാധാരണ്യം (സാഹിത്യചരിത്രം)
- കോട്ടയം കഥകളി (ആട്ടക്കഥാവ്യാഖ്യാനം)
- കേരളചരിത്രം- (ചരിത്രം)
- കേരളചരിതം ഒന്നാം ഭാഗം
- തിരുവിതാംകൂർ ചരിത്രം (ചരിത്രം)
- കേരളകഥാനാടകങ്ങൾ <സംസ്കൃതം> (നാടകങ്ങൾ)
- കേരളശാകുന്തളം (വിവർത്തനം)
- ലീലാതിലകം (വിവർത്തനം)
- സംസ്കൃതപാഠക്രമം-2 ഭാഗങ്ങൾ (പാഠപുസ്തകം)
- ബാലരത്നം (ലഘു ബാലവ്യാകരണം)
- ഉത്തരരാമചരിതം ഒന്നാം ഭാഗം (കാവ്യം)
- അംബരീഷചരിതം (ആട്ടക്കഥാവ്യാഖ്യാനം)
- രസികരത്നം (സംസ്കൃതം)
- വിഷവൈദ്യസാരസംഗ്രഹം (വിഷവൈദ്യം)
- സഹസ്രയോഗം <വൈദ്യം> (വ്യാഖ്യാനം)
- മുഹൂർത്തപദവി <ജ്യോതിഷം> (വ്യാഖ്യാനം)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- legendS Archived 2008-12-23 at the Wayback Machine.
- http://www.kerala.gov.in/music/music7.pdf Archived 2009-12-29 at the Wayback Machine.