ഐവർകളി
പ്രധാനമായും കാളീചരിതം പ്രതിപാദിച്ച് പമ്പാനദിയുടെ തീരപ്രദേശങ്ങളിൽ മല അരയയരാലും വള്ളുവനാടൻ പ്രദേശങ്ങളിൽ മറ്റ് പല സമുദായങ്ങളാലും അവതരിപ്പിയ്ക്കപ്പെടുന്ന അനുഷ്ഠാനകലയാണ് ഐവർകളി. പാണ്ഡവർകളി, ഐവർനാടകം, തട്ടിന്മേൽകളി, കണ്ണിൽകുത്തിക്കളി എന്നും പേരുകളുണ്ട്. ഈ കലാരൂപം ആരാണ് രൂപ്പെടുത്തിയത് എന്നതിനെ ചൊല്ലി പ്രത്യക്ഷമായ തെളിവുകൾ ഒന്നും തന്നെയില്ല. ഇത്തരത്തിലുള്ള പഠനം ഒന്നും ഇവിടെ നടത്തപ്പെട്ടിട്ടില്ല. ബ്രാഹ്മണരുടെ സംഘ/ യാത്ര/ശാസ്ത്രക്കളിയിൽ മലമ ശാസ്ത്രത്തിൻ്റെ പരാമർശം ഉണ്ട്. മലമശാസ്ത്രം മലയരുടെ അഥവാ മലയരയരുടെ ശാസ്ത്രം ആണ് എന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.. ഈ ശാസ്ത്രത്തിൻ്റെ പ്രത്യേകത ആയ വൈഷ്ണവ/അമ്മ ദൈവാരാധനകളുടെ സങ്കലനം ഐവർകളിയിൽ സുവ്യക്തമായി ദർശിക്കാൻ സാധിക്കും. മലയർ എന്ന സമുദായം സംഘ കാലത്ത് പോലും നിലവിലിരുന്ന സമുദായമാണ്. ഇത്രക്ക് പുരാതനമായ ഒരു സമുദായം അവരുടെ ശാസ്ത്രത്തിൽ ഊന്നി നിർമ്മിക്കപ്പെട്ട ഒരു കലാരൂപത്തിൻ്റെ ഉപജ്ഞാതാക്കൾ ആയിരിക്കാം എന്ന് ധരിക്കുന്നതിൽ ഒരു തെറ്റുമില്ല.[1]ഗുരുക്കന്മാരിൽ നിന്നും പകർന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീർത്തനങ്ങളും അഭ്യസിച്ചതിനു ശേഷമാണ് കളിക്കാർ തട്ടിലേറുന്നത്. ഇവർക്ക് വ്രതം നിർബന്ധമാണ്. രാമായണത്തിലേയോ ഭാരതത്തിലേയോ കഥകൾ പ്രമേയമാക്കിയാണ് ഈ കളി. ഇതിലെ പാട്ടുകൾ ചമ്പൂഗദ്യം പോലെ നീട്ടിച്ചൊല്ലുന്നവയാണ്. ക്ഷേത്ര മതലിനു വെളിയിൽ മൂന്നോ നാലോ അടി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ തറയിലാണ് കളി അരങ്ങേറുന്നത്. ഇതാണ് തട്ടിന്മേൽ കളി എന്ന പേരുവരാൻ കാരണം.
സന്ദർഭം
തിരുത്തുകകാളീഭക്തനായ കർണ്ണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നശിപ്പിക്കാൻ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താൻ ശ്രീകൃഷ്ണൻ പാണ്ഡവർക്ക് ഉപദേശിച്ച് കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം. കാളീകോപം തിരിച്ചറിഞ്ഞ ശ്രീകൃഷ്‌ണൻ പാണ്ഡവന്മാരെ വരുത്തി ദേവിയെ സ്‌തുതിച്ച് പാട്ടുപാടി കളിച്ചു ദേവീപ്രീതിനേടണമെന്നു നിർദ്ദേശിച്ചു. ശ്രീകൃഷ്‌ണൻതന്നെ നടുവിൽ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടുത്തു പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം.[2]. ഭദ്രകാളിസ്‌തുതിക്കു പുറമേ ശ്രീകൃഷ്‌ണചരിതവും രാമായണവും ഐവർകളിപ്പാട്ടിനു വിഷയമാകാറുണ്ട്. സീതാവിരഹത്താൽ ദുഃഖിതനായ രാമനെ സന്തോഷിപ്പിക്കാൻ സുഗ്രീവാദികൾ നടത്തിയ വിനോദമാണ് എന്നും കഥയുണ്ട്. വേല, താലപ്പൊലി ഇവയോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കുക.
പേരിനു പിന്നിൽ
തിരുത്തുകഭഗവതിയുടെ പ്രീതിക്കായി പാണ്ഡവർക്ക് ശ്രീകൃഷ്ണൻ ഉപദേശിച്ചുകൊടുത്തതാണ് ഈ അനുഷ്ഠാന കല എന്നാണ് മലയരയർ വിശ്വസിക്കുന്നത്. പഞ്ചപാണ്ഡവരുടെ കളി ആയതിനാൽ ആണ് ഈ കലാരൂപത്തിന് ഐവർകളി എന്ന പേര് ലഭിച്ചത് എന്നുകരുതുന്നു. കളിക്കാരുടെ നടുവിൽ കത്തിച്ചുവച്ചിരിക്കുന്ന വിളക്ക് ശ്രീകൃഷ്ണൻ തന്നെ ആണെന്നാണ് സങ്കൽപ്പം. വേട്ടുവരും കണിയാന്മാരും ഇത് കളിക്കാറുണ്ട്. മധ്യതിരുവിതാംകൂറിൽ ഈഴവരും ഈ കളി നടത്താറുണ്ട്.[1]
അവതരണം
തിരുത്തുകതറയിൽ മുളംപന്തലിട്ട് കുരുത്തോലകൊണ്ട് തോരണം തൂക്കുന്നു. എഴുതിരിയിട്ട വിളക്കിനുമുമ്പിൽ (ചിലപ്പോൾ ഐന്തിരി) നാക്കിലയിൽ അരി, പൂവ്, നാളീകേരം എന്നിവവച്ച് പ്രാരംഭ ചടങ്ങെന്നോണം വിളക്കിനെ വന്ദിച്ച് തൊഴുകയ്യോടെ ചുവട്‌വെയ്ക്കുന്നു. അഞ്ചോ, ഏഴോ, ഒൻപതോ, പതിനൊന്നോ കളിക്കാരാണ് ഉണ്ടാവുക. കരചരണങ്ങളുടേയും മെയ്യഭ്യാസത്തിന്റേയും വേഗതയനുസരിച്ച് ചലനങ്ങളെ ഒന്നാംചുവടെന്നും രണ്ടാംചുവടെന്നും തുടങ്ങി എട്ട് ചുവടുകൾ വരെ തിരിച്ചിരിയ്ക്കുന്നു. ഈ നൃത്തനാടകം വട്ടക്കളി, പരിചകളി, കോൽക്കളി എന്നിങ്ങനെ സന്ദർഭാനുസരണം തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തരിച്ചിലമ്പു പിടിപ്പിച്ച ചെറുകോലുകൾ കുലുക്കിയുള്ള നൃത്തം പ്രധാനമാണ്.
ഐവർനാടകം തികച്ചും ഗാനപ്രധാനമായൊരു ദൃശ്യകലാരൂപമാണ്. ഈ കളിയ്ക്കുവേണ്ടി താളം പിടിയ്ക്കാൻ കുഴിത്താളവും പൊന്തിയുമാണ് ഉപയോഗിയ്ക്കുന്നത്. 927-ൽ മംഗളോദയം പ്രസ്സിൽനിന്നു പ്രസിദ്ധീകരിച്ച പാട്ടുകൾ എന്ന പേരിലുള്ള ഗ്രന്ഥാവലിയിൽ ഐവർ കളിപ്പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. രാമായണ ഭാരതേതിഹാസകഥകളെ ആസ്‌പദമാക്കി രചിച്ചിട്ടുള്ള "ഒളരിക്കരപ്പാട്ട്" "നമ്പോർക്കാവിലെപ്പാട്ട്" തുടങ്ങിയ ഏറെ ജനപ്രീതിനേടിയ ഐവർകളിപ്പാട്ടുകളാണ്. ശേഖരിച്ച ഐവർകളിപ്പാട്ടുകളിൽ മിക്കവയും തൃശൂർ ജില്ലയിൽ നിന്നായതിനാൽ ഈ പ്രദേശത്തെ ഐങ്കുടിക്കമ്മാളരുടെ പ്രാദേശിക ഭാഷാസ്വരൂപം ഈ പാട്ടുകളിൽ പ്രകടമാണ്[2].
കാളീചരിതങ്ങൾക്കു പുറമേ രാമായണം, മഹാഭാരതം, കല്യാണസൗഗന്ധികം, ശ്രീകൃഷ്ണകഥകൾ, നള-ദമയന്തി കഥകളും ഇതിൽ അവതരിപ്പിയ്ക്കപ്പെട്ടുപോരുന്നു.
ഈ രംഗത്തെ പ്രമുഖർ
തിരുത്തുക- മണിത്തറ ശങ്കു ആശാരി
- കരുവാൻ കുഞ്ഞിമോൻ
- ആശാരി നാരായണൻ
- ശങ്കരൻ ആശാരി
അവലംബം
തിരുത്തുക- ↑ 1.0 1.1 >എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 1 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. pp. 232, 233. ISBN 9788176385985.
- ↑ 2.0 2.1 "ഐവർനാടകം". സർവവിജ്ഞാനകോശം. 14/08/2014. Retrieved 22/ഓഗസ്റ്റ്/2016.
{{cite web}}
: Check date values in:|access-date=
and|date=
(help)
കേരളീയതയുടെ നാട്ടറിവ്