പുരോഗമന മലയാളസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്നു കുറ്റിപ്പുഴ കൃഷ്ണപ്പിള്ള (1900 ഓഗസ്റ്റ് 1 - 1971 ഫെബ്രുവരി 11). ആലുവ യു.സി. കോളേജിലെ മലയാളം പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മതത്തെ യുക്തിപൂർവ്വം പഠനവിധേയമാക്കിയ ഇദ്ദേഹം മാർക്സിസത്തോട് അനുഭാവം കാണിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം കാൾ മാർക്സിന്റെ ദാസ് ക്യാപ്പിറ്റൽ, ലെനിന്റെ തിരഞ്ഞെടുത്ത കൃതികൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് നേതൃത്വം നൽകി. 1969 ൽ സോവിയറ്റ് ലാന്റ് അവാ‍ഡ് ലഭിച്ചു.

കുറ്റിപ്പുഴ കൃഷ്ണപ്പിള്ള
ജനനം1900 ഓഗസ്റ്റ് 1
മരണം1971 ഫെബ്രുവരി 11
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്പുരോഗമന മലയാളസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയും

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടിൽ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1-നാണ് കൃഷ്ണപ്പിള്ള ജനിച്ചത്. അയിരൂർ പ്രൈമറി സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1922ൽ ആലുവ അദ്വൈതാശ്രമം സംസ്കൃത പാഠശാലയിൽ ഇംഗ്ലീഷ് അധ്യാപകനായി. അവിടെ വച്ച് ശ്രീ നാരായണ ഗുരുവുമായി അടുക്കുന്നത്. ദിവസവും 6 മൈൽ നടന്ന് പെരിയാറിന്റെ 2 കൈവഴികൾ കടന്നാണു വരുന്നതെന്ന് അറിഞ്ഞപ്പോൾ ഗുരു ആശ്രമത്തിന്റെ വടക്കേ അറ്റത്തെ മുറിയിൽ അദ്ദേഹത്തിനു താമസസൗകര്യം ഒരുക്കി. കുറ്റിപ്പുഴ അങ്ങനെ അദ്വൈതാശ്രമത്തിലെ അംഗമായി. കാവിക്കു പകരം ഖദർ ധരിച്ച അദ്ദേഹം നിരീശ്വരവാദി ആയിരുന്നു.[1] 1926-ൽ മദിരാശി സർവകലാശാലയുടെ വിദ്വാൻ പരീക്ഷ വിജയിച്ച ഇദ്ദേഹം ആലുവ യു.സി. കോളേജിൽ മലയാളം അധ്യാപകനായി ജോലി നോക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ, കേരള സർവകലാശാല സെനറ്റ് അംഗം, പാഠപുസ്തക കമ്മിറ്റി കൺവീനർ, ദക്ഷിണ ഭാഷാ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം ഉപദേഷ്ടാവ്, യുക്തിവാദിസംഘം നേതാവ് തുടങ്ങിയ നിലകളിലും കുറ്റിപ്പുഴ പ്രവർത്തിച്ചു.[1] ശ്രീനാരായണ ഗുരുവിന്റെ മരണമാണ് തന്നെ യുക്തിവാദിയാക്കിയതെന്ന് കുറ്റിപ്പുഴ പറഞ്ഞിട്ടുണ്ട്.[2]

സാഹിതീയം,വിചാരവിപ്ലവം, വിമർശരശ്മി,നിരീക്ഷണം, ചിന്താതരംഗം, മനസോല്ലാസം, മനനമണ്ഡലം, സാഹിതീകൗതുകംനവദർശനം, ദീപാവലി, വിമർശദീപ്തി, യുക്തിവിഹാരം, വിമർശനവുംവീക്ഷണവും, ഗ്രന്ഥാവലോകനം, സ്മരണമഞ്ജരി എന്നീ കൃതികളുടെ കർത്താവ് കൂടിയാണ് അദ്ദേഹം.മാർക്‌സിസത്തോട് അനുഭാവമുണ്ടായിരുന്ന കുറ്റിപ്പുഴ മാർക്‌സിന്റെ ദാസ് ക്യാപ്പിറ്റൽ, ലെനിന്റെ തിരഞ്ഞെടുത്ത കൃതികൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് നേതൃത്വം നൽകി. കേരളത്തിലെ യുക്തിവാദ ചിന്തയുടെ പ്രാരംഭഘട്ടത്തിലെ ആശയധാരകൾക്ക് അടിസ്ഥാനം കുറിച്ച ചിന്തകനായിരുന്നു കുറ്റിപ്പുഴ. ഭൂതകാലത്തെ വിമർശിക്കുക, വർത്തമാനകാലത്തെ നേരിടുക, ഭാവിയെ രൂപവത്കരിക്കുക എന്നതായിരുന്നു കുറ്റിപ്പുഴയുടെ ആശയ ദർശനം.[2]

ആലുവയിൽ ഒരു ബുക്ക് സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ച ഉടൻ കുഴഞ്ഞുവീണ് ആശുപത്രിയിലായ കുറ്റിപ്പുഴയെയും അദ്ദേഹത്തിന്റെ സഹോദരൻ ചന്ദ്രനെയും അവസാന കാലത്തു ശുശ്രൂഷിച്ചതു തൃശൂർ സ്വദേശിയും യുക്തിവാദിയുമായ എ.വി. ജോസ് ആണ്. കുറ്റിപ്പുഴയുടെ മരണശേഷം ചന്ദ്രനെ ജോസ് തൃശൂരിലെ തന്റെ വാടകവീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് 8 സെന്റ് സ്ഥലം വാങ്ങി അവിടെ ‘നാസ്തികം’ എന്ന വീടു നിർമിച്ചു. കോർപറേഷന്റെ അനുമതിയോടെ ആ പ്രദേശത്തിനു കുറ്റിപ്പുഴ നഗർ എന്നു പേരു നൽകി. അവിവാഹിതനായിരുന്നു. 1971 ഫെബ്രുവരി 11-ന് അന്തരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായിരുന്ന അദ്ദേഹത്തെ ആലുവ എസ്എൻഡിപി ശാഖാ ശ്മശാനത്തിലാണു സംസ്കരിച്ചത്. [1]ചിതാഭസ്മം തൊട്ടുതാഴെയുള്ള ശവക്കോട്ടപ്പാടത്തു വിതറി. [1]

കുറ്റിപ്പുഴയുടെ സ്മാരകങ്ങൾ

തിരുത്തുക

ജന്മനാട്ടിൽ കുറ്റിപ്പുഴയ്ക്കു രണ്ട് സ്മാരകങ്ങളുണ്ട്. കുന്നുകര പഞ്ചായത്ത് സാംസ്കാരിക പഠന കേന്ദ്രവും ഒരു സ്വകാര്യ ആശുപത്രിയും. കുറ്റിപ്പുഴ തന്റെ കൃതികളുടെ പകർപ്പവകാശം നൽകിയതു ജോസിനും മിശ്രവിവാഹ സംഘത്തിന്റെ സ്ഥാപക നേതാവ് വി.കെ. പവിത്രനുമാണ്.[3] ആലുവ നഗരസഭാ ലൈബ്രറി കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ പേരിലാണ്.

കേരള സാഹിത്യ അക്കാദമി അഞ്ച് ഭാഗങ്ങളായി കുറ്റിപ്പുഴയുടെ കൃതികൾ പുറത്തിറക്കിയിട്ടുണ്ട്.

  1. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ 1 തത്ചചിന്ത . 1990
  2. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ - 21 സാഹിത്യുവിമർശനം- 1990
  3. കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ - 227 നിരീക്ഷണം - 1990
  4. ഗ്രന്ഥാവലോകനം - (പുതിയപതിപ്പ്‌) - 1990
  5. സ്മരണമഞ്ജരി - (പൂതിയപതിപ്പ്‌) - 1990
  • സാഹിതീയം
  • വിചാരവിപ്ലവം
  • വിമർശരശ്മി
  • നിരീക്ഷണം
  • ചിന്താതരംഗം
  • മനസോല്ലാസം
  • മനനമണ്ഡലം
  • സാഹിതീകൗതുകം
  • നവദർശനം
  • ദീപാവലി
  • വിമർശദീപ്തി
  • യുക്തിവിഹാരം
  • വിമർശനവും വീക്ഷണവും
  • ഗ്രന്ഥാവലോകനം

മരണാനന്തരം പ്രസിദ്ധപ്പെടുത്തിയ കൃതികൾ

  • സ്മരണമഞ്ജരി
  • വിമർശദിപ്തി (1974)
  • യുക്തിവിഹാരം (1975)

വിമർശനവും വീക്ഷണവും (1976)

  1. 1.0 1.1 1.2 1.3 "കുറ്റിപ്പുഴയുടെ ഓർമകൾക്ക് നാളെ അരനൂറ്റാണ്ട്, കാവി ഉടുക്കാത്ത സന്യാസി". Retrieved 2023-03-14.
  2. 2.0 2.1 "കുറ്റിപ്പുഴ കൃഷ്ണപിള്ള; മലയാള നിരൂപണത്തിലെ വിപ്ലവകാരി" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  3. https://web.archive.org/web/20221212231535/https://www.manoramaonline.com/district-news/ernakulam/2021/02/10/ernakulam-kuttipuzha-krishnapillai-50th-death-anniversary.html