ഷഡ്‌ദർശനങ്ങൾ
ഭാരതീയ തത്ത്വചിന്തയെ ആസ്തികം, നാസ്തികം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ബുദ്ധ-ജൈന ചിന്താ സരണികൾ വേദങ്ങളെ അംഗീകരിക്കുന്നില്ല. അവ നാസ്തിക തത്ത്വചിന്താപദ്ധതികളായി അറിയപ്പെട്ടു. വേദങ്ങളെ അംഗീകരിക്കുന്ന തത്ത്വചിന്താപദ്ധതിയാണ് ആസ്തികം. ആസ്തികദർശനങ്ങളാണ് ഷഡ്‌ദർശനങ്ങൾ എന്നറിയപ്പെടുന്നത്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം ഇവയാണ് ഷഡ്‌ദർശനങ്ങൾ.
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
ന്യായദർശനം
തിരുത്തുകന്യായദർശനത്തിന്റെ സ്ഥാപകൻ അക്ഷപാദഗൗതമ മഹർഷി അഥവാ അക്ഷപാദർ ആണ്. വിജ്ഞാനസമ്പാദനം വഴി മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയയാണ് ഈ പദ്ധതി. പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം എന്നീ മാർഗ്ഗങ്ങളാണു ഈ സിദ്ധാന്തം ശുപാർശ ചെയ്യുന്നത്. ശരിയായി ചിന്തിച്ച് പ്രശ്നങ്ങളെ അപഗ്രഥനം ചെയ്യാൻ ഈ പദ്ധതി സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ന്യായദർശനം കാണുക.
വൈശേഷികദർശനം
തിരുത്തുകവൈശേഷികദർശനത്തിന്റെ സ്ഥാപകൻ കണാദൻ ആണ്. വൈശേഷികസൂത്രം രചിച്ചതും ഇദ്ദേഹം തന്നെ. ഈ പദ്ധതി ഭൗതിക വസ്തുക്കളുടെ സൂക്ഷ്മമായും മുഴുവനായും ഉള്ള പഠനത്തിനു പ്രാമുഖ്യം നൽകുന്നു. മോക്ഷപ്രാപ്തിക്കായി ഭൗതിക വസ്തുക്കളുടെ അവാസ്തവികതയും ആത്മാവിന്റെ പരിശുദ്ധിയും അംഗീകരിക്കേണ്ടതുണ്ട്. ഇതിനായി ഓരോ വ്യക്തിയും വിവേചനാശക്തി വളർത്തിയെടുക്കണം. ആണവികവിശേഷ സിദ്ധാന്തം ആവിഷ്കരിക്കുക വഴി ഈ ദർശനം ഊർജ്ജതന്ത്ര പഠനത്തിന് അടിത്തറ പാകി. വിവേകത്തിന്റെ തത്ത്വശാസ്ത്രം എന്ന് വൈശേഷികദർശനം അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് വൈശേഷികദർശനം കാണുക.
സാംഖ്യദർശനം
തിരുത്തുകസാംഖ്യദർശനത്തിന്റെ സ്ഥാപകൻ കപിലമഹർഷി ആണ്. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ തത്ത്വചിന്തയായി കണക്കാക്കപ്പെടുന്നത് ഇതാണ്. സാംഖ്യം എന്നതിന്റെ അക്ഷരാർത്ഥമാണ് 'എണ്ണം'. ലോകത്തിൻറെ അസ്തിത്വം ദൈവത്തെക്കാൾ കൂടുതൽ പ്രകൃതിയെയാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് സമർത്ഥിക്കുകയാണ് ഈ ദർശനം. കൂടാതെ മനുഷ്യൻറെ ബുദ്ധിപരമായ സ്വാതന്ത്ര്യത്തിനും മനശ്ശാന്തിക്കും പ്രാധാന്യം കൽപിക്കുന്നു. ഈ ദർശനത്തിനു ആദ്യകാലങ്ങളിൽ ഭൗതികവാദത്തിന്റെ പരിവേഷമുണ്ടായിരുന്നു. ക്രമേണ അത് ആത്മീയതയിൽ വിശ്വാസമർപ്പിക്കുന്ന സിദ്ധാന്തമായി രൂപം കൊണ്ടു. സാംഖ്യസൂത്രത്തിന്റെ വ്യാഖ്യാനമായി സാംഖ്യകാരിക എന്ന ഗ്രന്ഥവും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് സാംഖ്യദർശനം കാണുക.
യോഗദർശനം
തിരുത്തുകയോഗദർശനത്തിന്റെ സ്ഥാപകൻ പതഞ്ജലി ആണ്. യോഗസൂത്രം രചിച്ചതും ഇദ്ദേഹം തന്നെ. മോക്ഷപ്രാപ്തിക്കായി യോഗദർശനം ശരീരത്തിന്റെയും മനസ്സിന്റെയും പരിപൂർണ്ണ നിയന്ത്രണം അനുശാസിക്കുന്നു. ഇതിനുള്ള മാർഗ്ഗങ്ങളാണ് വികാരങ്ങൾ നിയന്ത്രിച്ച് മാനസിക ഏകാഗ്രത കൈവരിക്കുവാനുള്ള ധ്യാനവും ശാരീരികാരോഗ്യം നിലനിർത്തുവാനുള്ള ആസനങ്ങളും പ്രാണായാമങ്ങളും. അമാനുഷിക സിദ്ധികൾ കൈവരിക്കാൻ യോഗികൾക്ക് കഴിയുമത്രേ. ഇദ്ദേഹത്തിന്റെ യോഗദർശനം അഷ്ടാംഗയോഗ എന്നറിയപ്പെടുന്നു.
- യമം
- നിയമം
- ആസനം
- പ്രാണായാമം
- പ്രത്യാഹാരം
- ധാരണ
- ധ്യാനം
- സമാധി
എന്നിവ പതഞ്ജലി യോഗത്തിന്റെ 8 പടികളായി അറിയപ്പെടുന്നു. യോഗസൂത്രത്തിന്റെ വ്യാഖ്യാനങ്ങളായി തത്ത്വവൈശാരദി, യോഗവാർത്തിക എന്നിവയുണ്ട്. ആധുനികകാലത്ത് യോഗദർശനത്തിൽ പ്രാവീണ്യം നേടിയ മഹാനാണ് അരവിന്ദഘോഷ്.
കൂടുതൽ വിവരങ്ങൾക്ക് യോഗദർശനം കാണുക.
മീമാംസ
തിരുത്തുകജൈമിനി മഹർഷിയാണ് മീമാംസദർശനത്തിന്റെ ഉപജ്ഞാതാവ്. കർമ്മങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാൽ ഇത് കർമ്മകാണ്ഡം എന്നും അറിയപ്പെടുന്നു. മോക്ഷപ്രാപ്തിക്കായി വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും യാതൊരു വീഴ്ചയും കൂടാതെ പാലിക്കണമെന്ന് അനുശാസിക്കുന്നതാണ് മീമാംസാദർശനം. ഈ ദർശനത്തിൽ ബ്രാഹ്മണപുരോഹിതന്മാർക്ക് അനിഷേധ്യമായ പങ്കുണ്ട്. ഇങ്ങനെയുള്ള നിലപാടിലൂടെ ബ്രാഹ്മണമേധാവിത്വവും ജാതിവ്യവസ്ഥയും നിലനിർത്താൻ മീമാംസകർ സഹായിച്ചു. ബ്രഹ്മനും ആത്മനും ( ആത്മാവും പരമാത്മാവും) വ്യത്യസ്തമാണെന്നു മീമാംസകർ സമർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മീമാംസ ദർശനം കാണുക.
വേദാന്തം
തിരുത്തുകഷഡ്ദർശനങ്ങളിൽ വേദാന്തത്തിനാണു പരമപ്രധാനം. ഒരേയൊരു സത്യം ബ്രഹ്മമാണെന്നും മറ്റെല്ലാം മിഥ്യയാണെന്നും വേദാന്തം ഉദ്ഘോഷിക്കുന്നു. ആത്മാവിനെ അറിയുവാൻ കഴിയുന്നവന് ബ്രഹ്മത്തെ അറിയുവാനും മോക്ഷം നേടുവാനും കഴിയും. ഛന്ദോദ്യോഗ ഉപനിഷത്തിലെ തത്വമസി എന്ന സൂക്തം ഈ ആശയം വ്യക്തമാക്കുന്നു. ബ്രഹ്മവും ആത്മാവും അനശ്വരമാണെന്ന ആശയത്തിലൂടെ സ്ഥിരത,ദൃഡത,ശാശ്വതാവസ്ഥ എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുക വഴി രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിക്ക് കോട്ടം തട്ടാതെ നിലനിർത്തുവാനുള്ള ഉപാധിയായി വേദാന്തസിദ്ധാന്തം. മുജ്ജന്മ പാപങ്ങളുടെ ഫലം അടുത്ത ജന്മങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്ന് വേദാന്തം ശഠിക്കുന്നു. പുനർജന്മം വാസ്തവമാണെന്നും അതിനാലാണ് മനുഷ്യശക്തിക്ക് നിയന്ത്രിക്കാൻ കഴിയാത്ത തിക്തവും മധുരവുമായ ജീവിതാനുഭവങ്ങൾ ഉണ്ടാകുന്നത് എന്ന് വേദാന്തം നമ്മെ പഠിപ്പിക്കുന്നു.
വേദാന്തം ഉപനിഷദ്, ഭഗവദ്‌ഗീത, ബ്രഹ്മസൂത്ര എന്നിവയിലൂന്നുന്നു. അഞ്ച് തരത്തിലുള്ള വേദാന്തങ്ങളാണ് ഭാരതത്തിലുടലെടുത്തത്.
- കേവലാദ്വൈതം അഥവാ അദ്വൈതവേദാന്തം
- വിശിഷ്ടാദ്വൈതം
- ദ്വൈതവാദം
- ദ്വൈതാദ്വൈതവാദം
- ശുദ്ധാദ്വൈതവാദം
ആധുനിക കാലത്ത് വേദാന്തതത്വങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ് സ്വാമി വിവേകാനന്ദനും ഡോ. എസ് രാധാകൃഷ്ണനും
കൂടുതൽ വിവരങ്ങൾക്ക് വേദാന്ത ദർശനം കാണുക.
അവലംബം
തിരുത്തുക- തത്വശാസ്ത്ര സിദ്ധാന്തങ്ങളും ശാസ്ത്രരംഗത്തെ നേട്ടങ്ങളും, ഇന്ത്യാ ചരിത്രം, വോള്യം I, എ ശ്രീധരമേനോൻ പേജ് 151-155
- മാതൃഭൂമി തൊഴിൽവാർത്ത ഹരിശ്രീ ലക്കം 2005ഡിസംബർ