മൊഹമ്മദ് അസ്‌ഹറുദ്ദീൻ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(മുഹമ്മദ് അസ്‌ഹറുദ്ദീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൊഹമ്മദ് അസ്‌ഹറുദ്ദീൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിലൊരാളായിരുന്നു അസ്‌ഹർ. 1963 ഫെബ്രുവരി 8നു ആന്ധ്രയിലെ ഹൈദരാബാദിൽ ജനിച്ചു. മികച്ച ബാറ്റ്സ്മാനും ഫീൽഡറുമായിരുന്ന അസ്‌ഹർ തൊണ്ണൂറുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 22 സെഞ്ചുറികളടക്കം ആറായിരത്തിലധികം റൺസും ഏകദിനത്തിൽ ഒൻപതിനായിരത്തിലധികം റൺസും നേടിയ അസ്‌ഹറുദ്ദീൻ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളുമായിരുന്നു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായിരുന്ന ഹാൻസി ക്രോണ്യേ ഉൾപ്പെട്ട മൽസര ഒത്തുകളിയിൽ പെട്ട് രണ്ടായിരാമാണ്ടിൽ ആജീവനാന്തവിലക്കു കൽ‌പ്പിച്ചതോടെ അസ്‌ഹറുദ്ദീന്റെ കരിയർ അവസാനിച്ചു. ഇപ്പോൾ ലോകസഭാംഗമാണ്‌ അസ്‌ഹർ. ഉത്തർപ്രദേശിലെ മുറാദാബാദ് ലോകസഭാമണ്ഡലത്തിൽ നിന്ന് കോൺഗ്രസ്സ് ടിക്കറ്റിലാണ്‌ അദ്ദേഹം എം.പി യായി വിജയിച്ചത്.[2]

മൊഹമ്മദ് അസ്‌ഹറുദ്ദീൻ
മൊഹമ്മദ് അസ്‌ഹറുദ്ദീൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മൊഹമ്മദ് അസ്‌ഹറുദ്ദീൻ
ജനനം (1963-02-08) 8 ഫെബ്രുവരി 1963  (61 വയസ്സ്)
ഹൈദരാബാദ്, തെലങ്കാന
ഇന്ത്യ
വിളിപ്പേര്അസർ, അജ്ജു, അസു[1]
ബാറ്റിംഗ് രീതിവലം കൈ ബാറ്റ്സ്മാൻ
ബൗളിംഗ് രീതിവലം കൈ മീഡിയം പേസ്
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾമൊഹമ്മദ് അസാസുദ്ദീൻ (മകൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 169)31 ഡിസംബർ 1984 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്2 മാർച്ച് 2000 v സൗത്ത് ആഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 51)20 ജനുവരി 1985 v ഇംഗ്ലണ്ട്
അവസാന ഏകദിനം3 ജൂൺ 2000 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
1981–2000ഹൈദരാബാദ്
1983–2001ദക്ഷിണ മേഖല
1991–1994ഡെർബിഷെയർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് A
കളികൾ 99 334 229 433
നേടിയ റൺസ് 6,216 9,378 15,855 12,941
ബാറ്റിംഗ് ശരാശരി 45.08 36.92 51.98 39.33
100-കൾ/50-കൾ 22/21 7/58 54/74 11/85
ഉയർന്ന സ്കോർ 199 153* 226 161*
എറിഞ്ഞ പന്തുകൾ 13 552 1432 827
വിക്കറ്റുകൾ 0 12 17 15
ബൗളിംഗ് ശരാശരി 98.44 46.23 47.26
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0
മികച്ച ബൗളിംഗ് 3/19 3/36 3/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 105/- 156/– 220/– 200/–
ഉറവിടം: ഇഎസ്‌പിഎൻ, 13 ഫെബ്രുവരി 2009

ആദ്യജീവിതം

തിരുത്തുക

1963 ഫെബ്രുവരി 8-ന് ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ജനിച്ചു. ഹൈദരാബാദിലെ ആൾ സെയ്ന്റസ് സ്കൂൾ, നിസാം കോളജ് എന്നിവിടങ്ങളിൽ നിന്നായി പഠനം പൂർത്തിയാക്കി. ബികോം. ബിരുദധാരിയായ ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് ശാഖയിൽ ഉദ്യോഗസ്ഥനായിരുന്നു.

ഔദ്യോഗിക ജീവിതം

തിരുത്തുക

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ

തിരുത്തുക

ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബമായിരുന്നു അസ്ഹറിന്റേത്. മാതുലൻ സൈനുൽ ആബീദിൻ 60-കളിൽ ഉസ്മാനിയാ സർവകലാശാലാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. രണ്ടു സഹോദരന്മാരും ക്രിക്കറ്റ് കളിക്കാരായിരുന്നു. 1981-82-ൽ രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനുവേണ്ടി കളിച്ചുകൊണ്ടാണ് അസ്‌ഹർ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 1984-ൽ ദിലീപ് ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടിയ ഇദ്ദേഹം അക്കൊല്ലം സിംബാബ്‌വേ പര്യടനം നടത്തിയ 25 വയസ്സിന് താഴയുള്ളവരുടെ ദേശീയടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിലെയും ബുച്ചിബാബു ടൂർണമെന്റിലെയും ഉജ്ജ്വല ഫോമായിരുന്നു ഇദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കിയത്.

അന്താരാഷ്ട്രക്രിക്കറ്റിൽ

തിരുത്തുക

21-ാം വയസ്സിൽത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അസ്‌ഹർ തന്റെ വരവറിയിച്ചത് ലോകറെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു. 1984-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ തുടർച്ചയായ സെഞ്ച്വറികൾ ഇന്നും മറികടക്കപ്പെടാത്ത ലോകറെക്കോർഡായി നിലനിൽക്കുന്നു. 1985-ൽ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റവും. തുടർന്ന് ബാറ്റിംഗിൽ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. 99 ടെസ്റ്റ് മത്സരങ്ങളിൽ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ ഇദ്ദേഹം 22 സെഞ്ച്വറികളോടെ 6215 റൺസ് നേടി. 334 ഏകദിനങ്ങളിൽ നിന്നായി 7 സെഞ്ച്വറികളോടെ 9378 റൺസും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 229 മത്സരങ്ങളിലായി 15855 റൺസാണ് അസ്ഹറിന്റെ സമ്പാദ്യം. 1991-94 കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഡെർബിഷെയറിന് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്.

ബാറ്റിംഗിൽ അസ്ഹർ കൈവരിച്ച നേട്ടങ്ങൾക്കപ്പുറം, വേറിട്ട ബാറ്റിംഗ് ശൈലികൊണ്ടായിരുന്നു അസ്ഹർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മധ്യനിരയിൽ തന്റെ സ്വതഃസിദ്ധമായ 'റിസ്റ്റ് ഫ്ലിക്ക്' ശൈലിയിൽ ബാറ്റ് വീശിയ ഇദ്ദേഹം ഏതൊരു സ്പിൻബൗളറുടെയും പേടിസ്വപ്നമായിരുന്നു പ്രതിരോധത്തിലൂന്നിയും അക്രമണോത്സുക ബാറ്റിംഗും അവസരത്തിനൊത്ത് പുറത്തെടുക്കാനുള്ള പക്വതയായിരുന്നു മധ്യനിരയിൽ അസ്ഹറിനെ വ്യത്യസ്തനാക്കിയത്. മികച്ച ഫീൽഡർ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ ക്യാച്ചുകൾ കളിയിൽ നിന്നും വിരമിക്കുവോളം റെക്കോർഡായി നിലനിന്നു. ടെസ്റ്റിൽ 105-ഉം ഏകദിനത്തിൽ 156-ഉം ക്യാച്ചുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അപൂർവമായി ബൗൾ ചെയ്യാറുണ്ടായിരുന്ന ഇദ്ദേഹം ഏകദിനത്തിൽ 12 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുള്ള എല്ലാ രാജ്യങ്ങൾ​ക്കെതിരെയും ഇന്ത്യയിലും അതത് രാജ്യങ്ങളിലും കളിച്ച ആദ്യ ക്രിക്കറ്റർ കൂടിയാണ് അസ്ഹർ.

ക്യാപ്റ്റൻ ആയി

തിരുത്തുക

തൊണ്ണൂറുകളുടെ തുടക്കം മുതൽ പല തവണ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അസ്ഹറുദ്ദീൻ. 103 ഏകദിന മത്സരങ്ങളിലും 14 ടെസ്റ്റ് മത്സരങ്ങളിലും ഇദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യ വിജയംവരിച്ചു. ഇതിൽ ഏകദിന വിജയങ്ങൾ ഇന്നും മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും എത്തിപ്പിടിക്കാനാവാത്തതാണ്. നാല് ലോകകപ്പ് ക്രിക്കറ്റ് പരമ്പരകളിൽ കളിച്ചിട്ടുള്ള ഇദ്ദേഹം മൂന്നിലും (1992, 96, 99) ഇന്ത്യയെ നയിച്ചു. 1996-ൽ നടന്ന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിലാണ് പുറത്തായത്. തൊണ്ണൂറുകളുടെ അവസാനത്തിൽ, ഫോം നഷ്ടപ്പെട്ടതിനെത്തുടർന്ന് ടീമിൽ നിന്നും പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തി. എന്നാൽ അധികകാലം ടീമിൽ തുടരാനായില്ല.

2000-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോഴ വിവാദത്തിൽ അസ്‌ഹറും പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ [3] ഇദ്ദേഹത്തിന് ഐ.സി.സി.യും ബി.സി.സി.ഐ.യും ആജീവനാന്ത വിലക്കേർ​പ്പെടുത്തി[4]. ഇതോടെ അസ്ഹറിന്റെ കരിയർ ഏതാനും പ്രദർശന മത്സരങ്ങളിലൊതുങ്ങി. 2000 ജൂൺ 3-ന് ധാക്കയിൽ പാകിസ്താനെതിരെയായിരുന്നു അവസാന മത്സരം. വിടവാങ്ങുമ്പോൾ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലായിരുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക

ഒന്നര പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തിനിടെ പല പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 86-ൽ കേന്ദ്രസർക്കാർ ഇദ്ദേഹത്തിന് അർജുന അവാർഡ് നല്കി ആദരിച്ചു. 1985-ലെ 'ക്രിക്കറ്റർ ഒഫ് ദി ഇയർ' അവാർഡ്, 1991-ൽ 'വിസ്ഡൻ ക്രിക്കറ്റർ ഒഫ് ദി ഇയർ' അവാർഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച മറ്റു പ്രധാന പുരസ്കാരങ്ങൾ.

സ്വകാര്യജീവിതം

തിരുത്തുക

ഭാര്യ നൗറീനെ ഉപേക്ഷിച്ച അസ്ഹർ 96-ൽ ബോളിവുഡ് നടിയും മോഡലുമായ സംഗീതബിജലാനിയെ വിവാഹം ചെയ്തു. ഇപ്പോൾ ഹൈദരാബാദിൽ ഒരു കായിക വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്നു.

  1. "Of comparisons and imitations". The Hindu. 1 March 2011. Retrieved 14 July 2012.
  2. "Congress wins 21 seats in Uttar Pradesh, stumps rivals". The Economic Times. 16 May 2009. Archived from the original on 2009-05-20. Retrieved 2009-05-16.
  3. rediff.com: cricket channel - The CBI Report, in full
  4. "Azharuddin hit with life ban". BBC News. 5 December 2000. Retrieved 27 March 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മൊഹമ്മദ്_അസ്‌ഹറുദ്ദീൻ&oldid=3950946" എന്ന താളിൽനിന്ന് ശേഖരിച്ചത്