കപിൽ ദേവ്

ഇന്ത്യൻ ക്രിക്കറ്റ് താരം

കപിൽ ദേവ് രാം‌ലാൽ നിഖൻ‌ജ് അഥവാ കപിൽ ദേവ് (ജ. ജനുവരി 6, 1959, ചണ്ഡിഗഡ്) ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾ‌റൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.

Kapil Dev
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Kapil Dev Ramlal Nikhanj
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm Fast
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 141)16 October 1978 v Pakistan
അവസാന ടെസ്റ്റ്19 March 1994 v New Zealand
ആദ്യ ഏകദിനം (ക്യാപ് 25)1 October 1978 v Pakistan
അവസാന ഏകദിനം17 October 1994 v West Indies
പ്രാദേശിക തലത്തിൽ
വർഷംടീം
1975–1992Haryana
1984–1985Worcestershire
1981–1983Northamptonshire
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 131 225 275 309
നേടിയ റൺസ് 5248 3783 11356 5461
ബാറ്റിംഗ് ശരാശരി 31.05 23.79 32.91 24.59
100-കൾ/50-കൾ 8/27 1/14 18/56 2/23
ഉയർന്ന സ്കോർ 163 175* 193 175*
എറിഞ്ഞ പന്തുകൾ 27740 11202 48853 14947
വിക്കറ്റുകൾ 434 253 835 335
ബൗളിംഗ് ശരാശരി 29.64 27.45 27.09 27.34
ഇന്നിംഗ്സിൽ 5 വിക്കറ്റ് 23 1 39 2
മത്സരത്തിൽ 10 വിക്കറ്റ് 2 n/a 3 n/a
മികച്ച ബൗളിംഗ് 9/83 5/43 9/83 5/43
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 64/– 71/– 192/– 99/–
ഉറവിടം: Cricinfo, 24 January 2008

ക്രിക്കറ്റ് ജീവിതം

തിരുത്തുക

1978-79ൽ ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിലൂടെയാണ് കപിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തന്റെ ആദ്യ അർദ്ധശതകം തികച്ച കപിൽ പറത്തിയ മൂന്നു പടുകൂറ്റൻ സിക്സറുകൾ പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായ തകർപ്പനടികളുടെ തുടക്കമായിരുന്നു.

ഒരു വർഷത്തിനു ശേഷം പാകിസ്താന്റെ ഇന്ത്യൻ പര്യടനവേളയിൽ പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേ സീസണിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിലരങ്ങേറിയ പരമ്പരയിൽ ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരുപോലെ തിളങ്ങി. ഈ പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വാലറ്റത്ത് കപിൽ നടത്തിയ ചെറുത്തു നില്പ് ബാറ്റ്സാ‍മാനെന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ച വിളിച്ചോതുന്നതായിരുന്നു. 1981-82ൽ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടു പരമ്പരകളിലും മാൻ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1983ൽ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചാണ് കപിൽ തന്റെ കടമ നിർവഹിച്ചത്.

ലോകകപ്പ് വിജയം

തിരുത്തുക

ഇംഗ്ലണ്ടിൽ അരങ്ങേറിയ മുന്നാം ലോകകപ്പിനെത്തിയപ്പോൾ സകലരും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. എന്നാൽ ആദ്യ മത്സരത്തിൽ നിലവിലുള്ള ജേതാക്കളായ വെസ്റ്റ് ഇൻ‌ഡീസിനെ തോല്പിച്ചതോടെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കപിലിന്റെ ചെകുത്താന്മാർ(Kapil's Devils) എന്നായിരുന്നു ഇംഗ്ലീ‍ഷ് മാധ്യമങ്ങൾ ഇന്ത്യൻ ടീമിനു നൽകിയ വിശേഷണം. ഈ ലോകകപ്പിൽ സിംബാബ്‌വേയ്ക്കെതിരെ പരാജയം മണത്തപ്പോൾ കപിൽ കാഴ്ചവെച്ച പ്രകടനം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. താരതമ്യേന ദുർബലരായ സിംബാബ്‌വേയ്ക്കെതിരെ അഞ്ചു വിക്കറ്റിന് 17 എന്നനിലയിൽ തകർന്നടിഞ്ഞപ്പോഴാണ് കപിൽ ബാറ്റിങ്ങിനെത്തിയത്. നായകന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ശ്രദ്ധാപൂർവ്വം കളിച്ച അദ്ദേഹം ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ചു. 16 ഫോറുകളും ആറു സിക്സറുകളും പറത്തി പുറത്താകാതെ നേടിയ 175 റൺസ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ബാറ്റിംഗ് പൂർത്തിയാക്കിയപ്പോൾ എട്ടു വിക്കറ്റിന് 266 എന്നതായിരുന്നു ഇന്ത്യയുടെ സ്കോർ. കപിൽ കഴിഞ്ഞാൽ വിക്കറ്റ് കീപ്പർ കിർമാണി നേടിയ 24 റൺ‌സായിരുന്നു ഇന്ത്യൻ നിരയിലെ ഉയർന്ന സ്ക്കോർ. ഈയൊരറ്റക്കാര്യത്തിൽ നിന്നും കപിൽ നടത്തിയ പടയോട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കാം. ഏതായാലും മത്സരം ഇന്ത്യ ജയിച്ചു. ഈ ജയത്തോടെ കപ്പു നേടാൻ സാധ്യതയുള്ള ടീമുകളുടെ ഗണത്തിലേക്ക് നിരീക്ഷകർ ഇന്ത്യയെ ഉയർത്തി.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോർഡ്സിൽ നടന്ന കലാശക്കളിയിൽ നിലവിലെ ജേതാക്കളാ‍യ വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്കോറിൽ പുറത്തായതോടെ വിൻഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിൻഡീസ് ഇന്നിംഗ്സിൽ വിവിയൻ റിച്ചാർഡ്സ് തകർത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടർന്നു. എന്നാൽ മദൻ‌ലാലിന്റെ പന്തിൽ മുപ്പതു വാര പുറകിലേക്കോടി കപിൽ റിച്ചാർഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ഒടുവിൽ 43 റൺസിന് വിൻ‌ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപിൽ ദേവിന്റെ അവസ്മരണീയമായ ക്യാച്ചാണ് കളിയിൽ വഴിത്തിരിവായതെന്ന് പിന്നീട് വിവിയൻ റിച്ചാർഡ്സ് തന്നെ പറഞ്ഞിട്ടുണ്ട്. സിംബാബ്‌വേക്കെതിരേ കപിൽ പുറത്താകാതെ നേടിയ 175 റൺസ് കുറേക്കാലം ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്ക്കോറായിരുന്നു.

ലഫ.കേണൽ കപിൽ ദേവ്

തിരുത്തുക

2008 സെപ്തംബറിൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണൽ ആയി കപിൽ ദേവിന് സ്ഥാനം നൽകി[1]. പഞ്ചാബ് റജിമെണ്ടിലെ 150 ഇൻഫന്ററി ബറ്റാലിയനിലാണ് ചുമതല. യുവജനങ്ങൾക്കിടയിൽ സൈന്യത്തിന്റെ അംബാസിഡറായി അദ്ദേഹം സേവനം ചെയ്യും.

സ്വന്തം ജോലി നിലനിർത്തിക്കൊണ്ട് രാജ്യരക്ഷാ സേവനം ചെയ്യാൻ പൗരന്മാർക്കുള്ള സംവിധാനമാണ് ടെറിട്ടോറിയൽ ആർമി.

അവാർഡുകൾ

തിരുത്തുക
  1. http://www.hindustantimes.com/StoryPage/StoryPage.aspx?sectionName=&id=0bca4d2f-96da-49aa-85c4-f015ed4518f3&&IsCricket=true&Headline=Kapil+Dev+now+an+honorary+army+officer[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കപിൽ_ദേവ്&oldid=3700966" എന്ന താളിൽനിന്ന് ശേഖരിച്ചത്