സി.കെ. നായുഡു
കൊട്ടരി കനകയ്യ നായുഡു എന്ന സി.കെ. നായുഡു (ഒക്ടോബർ 31, 1895 നാഗ്പൂർ, ഇന്ത്യ – നവംബർ 14, 1967, ഇൻഡോർ, ഇന്ത്യ) ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഒരു നല്ല ബാറ്റ്സ്മാനാനായിരുന്ന ഇദ്ദേഹത്തിന്റെ പ്രഹരശേഷി ശ്രദ്ധാർഹമാണ്. 1956-ൽ ഭാരത സർക്കാർ ഇദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. പത്മഭൂഷൻ ലഭിച്ച ആദ്യ ക്രിക്കറ്റുകളിക്കാരനായിരുന്നു സി.കെ. നായുഡു.
സി.കെ. നായുഡു ഇന്ത്യ (IND) | ||
ബാറ്റിങ്ങ് ശൈലി | വലം കയ്യൻ | |
ബൗളിങ്ങ് ശൈലി | വലം കയ് സ്ലോ മീഡിയം | |
ടെസ്റ്റുകൾ | ഫസ്റ്റ് ക്ലാസ് | |
മൽസരങ്ങൾ | 7 | 207 |
റൺസ് | 350 | 11,825 |
ബാറ്റിങ്ങ് ശരാശരി | 25.00 | 35.94 |
100s/50s | 0/2 | 26/58 |
ഉയർന്ന സ്കോർ | 81 | 200 |
ബോളുകൾ | 858 | 25,798 |
വിക്കറ്റുകൾ | 9 | 411 |
ബോളിങ് ശരാശരി | 42.88 | 29.28 |
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം | - | 12 |
10 വിക്കറ്റ് പ്രകടനം | - | 2 |
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം | 3/40 | 744 |
ക്യാച്ചുകൾ/സ്റ്റുമ്പിങ് | 4 | 170/1 |
Test debut: 25 June, 1932 |
ക്രിക്കറ്റ് ജീവിതം
തിരുത്തുകമാതൃഭാഷ തെലുങ്കാണെങ്കിലും നായുഡു വളർന്നത് നാഗ്‌പൂരാണ്. സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ ക്രിക്കറ്റിൽ ഒരു ഭാവി വാഗ്ദാനമായി അറിയപ്പെട്ടിരുന്നു. നായുഡു മിക്കവാറും കളിച്ചിരുന്നത് മദ്ധ്യ ഭാരതത്തിലായിരുന്നു. 1916-ൽ ഒന്നാം ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. അന്നു മുതൽ തന്നെ ഒരു ക്രിക്കറ്റുകളിക്കാരനെന്ന നിലയിൽ പ്രശസ്തിയാർജ്ജിക്കാൻ നായുഡുവിനു സാധിച്ചു. ഹിന്ദു-യൂറോപ്യൻ ക്രിക്കറ്റ് മാച്ചിൽ ബാറ്റു ചെയ്യാനിറങ്ങുമ്പോൾ ടീം 79/7 എന്ന നിലയിലായിരുന്നു. ആദ്യത്തെ മൂന്നു പന്തും തടുത്തിട്ട നായുഡു നാലാമത്തെ പന്ത് സിക്സടിച്ചുകൊണ്ട് തന്റെ ക്രിക്കറ്റ് കരിയറിനു തുടക്കമിട്ടു. 1958 വരെ ഒന്നാം ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്ന നായുഡു 1963-ൽ തന്റെ 68-ആം വയസ്സിൽ ഒരു പ്രദർശനമൽസരത്തിൽ പങ്കെടുക്കുകയുണ്ടായി. ആറു വ്യത്യസ്ത പതിറ്റാണ്ടുകളിൽ ഒന്നാം ക്ലാസ് ക്രിക്കറ്റ് കളിച്ച അപൂർവ്വപ്രതിഭകളിലൊരാളായിരുന്നു നായുഡു. 1923-ൽ ഹോൾകറിലെ ഭരണാധികാരി നായുഡുവിനെ ഇൻഡോറിലേക്ക് ക്ഷണിക്കുകയും തന്റെ പട്ടാളത്തിൽ ക്യാപ്റ്റൻ സ്ഥാനം നൽകുകയും ചെയ്തു. ആർതർ ഗില്ലിഗൻ 1926-27 സീസണിൽ ആദ്യ എം.സി.സി ടൂർ നയിച്ച. ഹിന്ദൂസിനുവേണ്ടി ബോംബെ ജിംഖാനയിൽ കളിച്ച നായുഡു 116 മിനിട്ടിൽ 11 സിക്സുകളടക്കം 153 റൺ നേടി. അതിലൊരു സിക്സ് ചെന്നു വീണത് ജിംഖാനയുടെ പുരപ്പുറത്തായിരുന്നു.
1932-ൽ ഭാരതം ആദ്യ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം നടത്തി. പര്യടനത്തിനു പോകാൻ പട്യാലയിലെ മഹാരാജാവ് നായകനും ലിംഡിയിലെ ഘനശ്യാംസിങ്ജി ഉപനായകനുമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും പട്യാലയിലെ മഹാരാജാവിന് ആരോഗ്യപരമായകാരണങ്ങളാൽ വിട്ടു നിൽക്കേണ്ടി വന്നു. ആ സ്ഥാനം പോർബന്തറിലെ മഹാരാജാവ് ഏറ്റെടുത്തു. അന്നു ടീം കളിച്ച 26 മൽസരങ്ങളിലും നായുഡു കളിച്ചു. കളിച്ച ഒന്നാം ക്ലാസ് മൽസരങ്ങളിൽ 40.45 എന്ന ശരാശരിയിൽ 1618 റൺ നേടിയ നായുഡു 65 വിക്കറ്റും നേടി. ആകെ ടൂറിൽ അദ്ദേഹം 1842 റൺസ് സ്വന്തമാക്കി. അടുത്ത വർഷം വിസ്ഡൻ ഇദ്ദേഹത്തെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ആ സീസണിൽ 32 സിക്സുകൾ അടിച്ച് സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച കളിക്കാരനായി. എഡ്ജ്ബാസ്റ്റണിൽ കളിക്കുമ്പോൾ അടുത്തുള്ള റീ നദിയിലേക്ക് പന്തടിച്ചിട്ടതിനാൽ അടുത്ത കൗണ്ടിയിലേക്ക് പന്തടിച്ചെന്ന ഖ്യാതിയും നായുഡുവിനുണ്ട്. ലിംഡിക്ക് പുറത്തിനു പരിക്കേറ്റതിനാൽ ആദ്യ ടെസ്റ്റിന് നായുഡുവിനെ നായകനാക്കി. നല്ല തുടക്കം ലഭിച്ചെങ്കിലും ഇന്ത്യ പരമ്പര തോറ്റു.
1933-34-ൽ ഡഗ്ലസ് ജാർഡീൻ ഒരു നല്ല എംസിസി ടീമുമായി ഇന്ത്യൻ പര്യടനത്തിനെത്തി. പഞ്ചാബ് ഗവർണേഴ്സ് ഇലവനു വേണ്ടി കളിച്ച നായുഡു സെഞ്ചുറി നേടി. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നായുഡു നിലനിർത്തപ്പെട്ടു. ഡിസംബർ 15-18ൽ ബോംബെ ജിംഖാനയിൽ വെച്ചു നടന്ന ആദ്യ മൽസരം കാണാൻ ഒരു ലക്ഷത്തിലേറെ പേർ എത്തിയിരുന്നു. ഇതായിരുന്നു ഇന്ത്യയിൽ വെച്ചു നടന്ന ആദ്യ ടെസ്റ്റ് മൽസരം. ഇന്ത്യ പരമ്പര 2-0ത്തിനു തോറ്റു.
1956-57ൽ 62-ആം വയസ്സിൽ തന്റെ അവസാന രഞ്ജി ട്രോഫി മൽസരം കളിച്ചു. ഉത്തർപ്രദേശിനു വേണ്ടി കളിച്ച അദ്ദേഹം അവസാന മൽസരത്തിൽ 52 റൺസ് നേടി. അതേ സീസണിൽ രാജസ്ഥാനെതിരേ 84 റൺസും നേറ്റിയിരുന്നു. വിനൂ മങ്കാദിനെ രണ്ട് സിക്സുകൾ അടിച്ചത് ആ ഇന്നിൻസിലെ പ്രത്യേകതയായിരുന്നു. 1963-ൽ മഹാരാഷ്ട്ര ചീഫ് മിനിസ്റ്റേഴ്സ് ഇലവനെതിരേ മഹാരാഷ്ട്ര ഗവർണേഴ്സ് ഇലവനു വേണ്ടി ഒരു ചാരിറ്റി മൽസരത്തിലാണ് നായുഡു അവസാനമായി കളിച്ചത്.[1]. നായുഡുവിന്റെ കൊച്ചുമകൻ വിജയ് നായുഡു മദ്ധ്യപ്രദേശിനു വേണ്ടി ഒന്നാം ക്ലാസ് മൽസരങ്ങൾ കളിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- മിഹിർ ബോസ് - എ ഹിസ്റ്ററി ഓഫ് ഇന്ത്യൻ ക്രിക്കറ്റ്, 1990 എഡിഷൻ
- Captains galore
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സി.കെ. നായുഡു: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.