ഇസ്ലാമിക കലണ്ടറിലെ ഓരോ മാസവും തുടങ്ങുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. ഇസ്ലാമിക് കലണ്ടർ അഥവാ ഹിജ്റ കലണ്ടറിൽ 12 മാസങ്ങളും ആഴ്ചയിൽ 7 ദിവസങ്ങളുമാണുള്ളത്. എന്നാൽ മറ്റു കലണ്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്ലാമിക് കലണ്ടർ ഓരോ വർഷവും പത്ത്-പന്ത്രണ്ട് ദിവസങ്ങൾ മുന്നിലായിരിക്കും. ഒരു വിശ്വാസി, മുപ്പത്തിയാറ് വർഷങ്ങൾ ജീവിക്കുമ്പോൾ അയാളുടെ ആരാധനകളും അനുഷ്ഠാനങ്ങളും എല്ലാ കാലാവസ്ഥകളിലും അനുഷ്ഠിക്കുവാനും അനുഭവിക്കുവാനും ഇതിലൂടെ സാധ്യമാകുന്നുണ്ട്. മാത്രവുമല്ല,ലോകത്തിൽ എവിടേയുമുള്ള ഇതര മതസ്ഥരുടെ ആഘോഷങ്ങളോടും അനുഷ്ഠാനങ്ങളോടും ഒത്തു വരുന്നതിനും കലണ്ടറിലെ ഈ ദിവസ വ്യത്യാസം ഗുണമാകുന്നു. ഉദാ: ഓണം, വിഷു, ക്രിസ്തുമസ് മറ്റു ആഘോഷങ്ങളോടൊപ്പവും ഈദ് (പെരുന്നാൾ) വരുന്നത്. രാത്രി പന്ത്രണ്ടു മണിക്ക് ദിവസം തുടങ്ങലോ, ഇന്ന മാസം 28/30/31 എന്ന് മുൻകൂട്ടി ദിവസങ്ങൾ നിശ്ചയിച്ച് മാസം തികക്കലോ ഇസ്ലാമിക കലണ്ടറിൽ ഇല്ല. ഏതൊരു മാസത്തിനും 29/30 ദിവസം ആകാം. 31 ദിവസങ്ങൾ ഇല്ലതാനും. 12 മാസത്തിൽ ഏതൊരു മാസവും 29ന്‌ ചന്ദ്രദർശനം സാധ്യമായില്ലെങ്കിൽ 30ന്‌ ചന്ദ്രദർശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂർത്തിയായതായി കണക്കാക്കുന്നു.

മാസം തുടങ്ങുന്നതിന് ചന്ദ്രനെ (Moon)കാണുക എന്നതിനാണ് പ്രാധാന്യം.29 ദിവസത്തിൽ ബാലചന്ദ്ര ദർശനം സാധ്യമായാൽ പിറ്റേദിവസം അടുത്ത മാസം 1 അഥവാ മാസപ്പിറവി സംഭവിച്ചു. ഒന്നോ അതിൽ കൂടുതലോ വിശ്വസ്തരായ വ്യക്തികൾ, ഇരുപത്തിയൊമ്പതാം ദിവസം ചന്ദ്രനെ കണ്ടതായി (Moon view) ഇസ്‌ലാമിക നേതൃത്വത്തിന്റെ കമ്മിറ്റിക്ക് മുമ്പിൽ സാക്ഷ്യം വഹിച്ചാലേ മാസപ്പിറവി അംഗീകരിക്കപ്പെടുകയുള്ളൂ. ചന്ദ്ര ദർശനം സാധ്യമായില്ലെങ്കിൽ നിലവിലുള്ള മാസം 30 ദിനങ്ങൾ പൂർത്തിയാക്കി പിറ്റേന്ന് മുതൽ അടുത്ത മാസം (മാസപ്പിറവി) തുടങ്ങുന്നു.

ചന്ദ്രനെ കാണുക എന്നതിന് ഇസ്‌ലാമിക കലണ്ടറിലുള്ള പ്രാധാന്യം അനേകം മുസ്‌ലിം ശാസ്ത്രജ്ഞർ ജ്യോതിശാസ്ത്രത്തിലേക്ക് തിരിയുന്നതിനും മധ്യകാലത്ത് ജ്യോതിശാസ്ത്രത്തിന്റെ മുൻപന്തിയിൽ ഇസ്‌ലാമികലോകം എത്തുന്നതിനും കാരണമായിരുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങളാലോ മറ്റോ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി കാണാൻ സാധിക്കാതെ വരാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നോമ്പും ഈദും (പെരുന്നാൾ) മറ്റും വ്യത്യാസത്തിൽ ആകാൻ കാരണം ഇതാണ്. ഈ വിഷമതകൾ അകറ്റാൻ ചില രാജ്യങ്ങൾ (മലേഷ്യ, ഇന്തൊനേഷ്യ മുതലായവ) ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി മാസപ്പിറവി നിശ്ചയിക്കുന്നു. എന്തായാലും ചന്ദ്രദർശനം സാധ്യമായാൽ മാത്രമേ 29 ദിവസത്തിൽ ആ മാസം അവസാനിച്ചതായും പുതിയ മാസം തുടങ്ങിയതായും അംഗീകരിക്കപ്പെടുകയുള്ളൂ.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=മാസപ്പിറവി&oldid=3556377" എന്ന താളിൽനിന്ന് ശേഖരിച്ചത്