മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, മണിയൻപിള്ള രാജു, ലിസി, പ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986 ജനുവരി 25-ന് പ്രദർശനത്തിനിറങ്ങിയ ഹാസ്യ പ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു. മമ്മൂട്ടി അതിഥിവേഷത്തിൽ ഇതിൽ അഭിനയിച്ചിരിക്കുന്നു. ചിത്രദേശം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇടപ്പഴഞ്ഞി വേലപ്പൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാജ് മൂവീസ് ആണ്. ഈ ചിത്രത്തിന്റെ കഥ നടൻ ജഗദീഷിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ഇടപ്പഴഞ്ഞി വേലപ്പൻ |
കഥ | ജഗദീഷ് |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | മോഹൻലാൽ മുകേഷ് ശ്രീനിവാസൻ മണിയൻപിള്ള രാജു ലിസി പ്രിയ |
സംഗീതം | കെ.ജെ. ജോയ് |
ഗാനരചന | പന്തളം സുധാകരൻ |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ചിത്രദേശം പ്രൊഡക്ഷൻസ് |
വിതരണം | സാജ് മൂവീസ് |
റിലീസിങ് തീയതി | 1986 ജനുവരി 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 128 മിനിറ്റ് |
കഥാസംഗ്രഹം
തിരുത്തുകഅമേരിക്കയിൽ പഠിച്ച് മടങ്ങിവന്ന ശ്രീ എം.എ. ധവാന്റെ - MA ധവാൻ - മാധവൻ -(ശ്രീനിവാസൻ) വീട്ടിലെ ഡ്രൈവറാണ് ശംഭു (മോഹൻലാൽ). മാധവന്റെ പിതാവു (സി.ഐ. പോൾ) മകന് വധുവായി കണ്ടുവച്ച പെണ്ണിനെ കാണാൻ പോകാൻ മാധവനെ നിർബന്ധിക്കുന്നു. അടുത്തുള്ള പട്ടണത്തിലെ ഒരു ധനാഡ്യൻ സർദാർ കൃഷ്ണക്കുറുപ്പിന്റെ (ജഗതി) മകൾ ശോഭയാണ് (ലിസി) പ്രതിശ്രുത വധു. വിവാഹം കഴിക്കുന്ന പെണ്ണിനെക്കുറിച്ച് വിചിത്രമായ സങ്കല്പങ്ങളുള്ള ധവാൻ അവളുടെ എളിമയും മറ്റും ദൂരെ നിന്ന് പഠിക്കണമെന്ന് ശഠിക്കുന്നു. മാധവന്റെ കുടുംബ സുഹൃത്ത് മേനോൻ (ബഹദൂർ) ഇതിനൊരുപായം മാധവനു പറഞ്ഞുകൊടുക്കുന്നു. സർദാർ കൃഷണക്കുറുപ്പിന്റെ വീട്ടിൽ മാധവൻ കുറച്ച് ദിവസം താമസിക്കാൻ പോവുമ്പോൾ, ശോഭയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ വേണ്ടി ഒരു ആൾമാറാട്ടം നടത്താൻ മേനോനുപദേശിക്കുന്നു. ഡ്രൈവർ ശംഭു അമേരിക്കക്കാരനായും മാധവൻ ഡ്രൈവറായും പോയാൽ ശോഭയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാം എന്നതാണ് മേനോന്റെ ഉപായം. അവർ പുറപ്പെട്ടതിനു ശേഷം കാണാൻ അല്പം മോശമായ മാധവനെ ശോഭ അവഗണിക്കാതിരിക്കാൻ വേണ്ടി സർദാർ കൃഷ്ണക്കുറുപ്പിന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് ഡ്രൈവറായി വരുന്നവനാണ് അമേരിക്കക്കാരൻ എന്ന് പറയുന്നു. ഇതിനിടെ പോവുന്ന വഴിയിലുണ്ടാവുന്ന ചില തിക്താനുഭവങ്ങൾ കാരണം ഡ്രൈവർ വേഷം മടുത്ത മാധവൻ ആൾമാറാട്ടം വേണ്ട എന്ന് തീരുമാനിക്കുന്നു. പക്ഷെ ഇതിനെക്കുറിച്ച് അറിയാത്ത സർദാർ കൃഷ്ണക്കുറുപ്പും കുടുംബവും ഡ്രൈവറാണെന്ന് കരുതി മാധവനോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും, ശോഭ ശംഭുവാണ് തന്റെ പ്രതിശ്രുത വരൻ എന്ന് കരുതി ശംഭുവുമായി പ്രേമത്തിലുമാവുകയും ചെയ്യുന്നു.
ഇതിനിടെ സർദാർ കൃഷ്ണക്കുറുപ്പിന്റെ മാതുലപുത്രനും ബദ്ധശത്രുവുമായ കോമക്കുറുപ്പിന്റെ (കുതിരവട്ടം പപ്പു) വീട്ടിൽ ദാമു (മണിയൻപിള്ള രാജു) എന്ന ചെറുപ്പക്കാരൻ വക്കീൽ എന്ന വ്യാജേന നുഴഞ്ഞു കയറി കുറുപ്പിന്റെ വിശ്വസ്തനാവുന്നു. ഈ ദാമു ശംഭുവിന്റെ നാട്ടുകാരനാണ് പക്ഷെ ശംഭുവും ദാമുവും തമ്മിൽ പരസ്പരം പരിചയമില്ല. മേനോൻ (ബഹദൂർ) ദാമു വക്കീലിന്റെ അമ്മാവനാണ്. ശംഭുവിന്റെയും ദാമുവിന്റെയും നാട്ടിലെ ഒരു സുഹൃത്താണ് ശിവൻ (മുകേഷ്). നഗരത്തിലെ ഒരു ഹോട്ടലിൽ വച്ച് ദാമുവും അവിടെ സപ്ലയറായി ജോലി ചെയ്യുന്ന ശിവനും കണ്ടുമുട്ടുന്നു. ഒരു ദുർബല നിമിഷത്തിൽ കോമക്കുറുപ്പിന്റെ വീട്ടിൽ നുഴഞ്ഞുകയറിയതും അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ചും ദാമു ശിവനോട് തുറന്നു പറയുന്നു. ഈ വിവരങ്ങളുപയോഗിച്ച് ശിവൻ ദാമുവിന്റെ അനിയൻ എന്ന വ്യാജേന കോമക്കുറുപ്പിന്റെ വീട്ടിൽ നുഴഞ്ഞു കയറുകയും കോമക്കുറുപ്പിന്റെ മകളുമായി പ്രേമത്തിലാവുകയും ചെയ്യുന്നു.
ശംഭുവും ശോഭയും തമ്മിൽ പ്രേമത്തിലായ വിവരമറിഞ്ഞ് ധവാൻ ശംഭുവിനെ തല്ലാൻ പപ്പൻ ഗുരുക്കൾ എന്ന കൂലിതല്ലുകാരന്റെ സഹായം തേടുന്നു. പപ്പൻ ഗുരുക്കളെയും കൂട്ടരെയും ഇടിച്ചോടിച്ച ശംഭു കലി വന്ന് "ഞാനാണെടാ അമേരിക്കക്കാരൻ" എന്ന് ഒളിഞ്ഞിരിക്കുന്ന ധവാനോട് വിളിച്ച് പറയുന്നു. പിന്നെ സർദാർ കൃഷ്ണക്കുറുപ്പിന്റെ വീട്ടിൽ പോയി കൃഷ്ണക്കുറുപ്പിനോടും ഭാര്യയോടും താനാണ് അമേരിക്കക്കരൻ എന്നും, വെറുതെ ഒരു തമാശയ്ക്ക് (ഫൊർ ഹൊറർ) ഡ്രൈവറായി അഭിനയിച്ചതാണെന്നും പറയുന്നു. എന്നിട്ട് തന്റെ വീട്ടിൽ അറിയിക്കാതെ കല്യാണം ഉടനെ നടത്തണമെന്നാവശ്യപ്പെടുന്നു. കല്യാണം കൂടാൻ മാധവന്റെ മാതാപിതാക്കൾ എത്തുന്നതോടെ ശംഭുവിന്റെ കള്ളി വെളിച്ചത്താകുന്നു. ധവാനും ശോഭയുമായുള്ള കല്യാണം ഉറപ്പിക്കുന്നു. ശംഭു ശോഭയെ രക്ഷിക്കാൻ വേഷപ്രഛന്നനായി എത്തുന്നു. വേഷം മാറിവന്നതാണെന്ന് മനസ്സിലാക്കി കൃഷ്ണക്കുറുപ്പും കൂട്ടരും അവരെ തല്ലിയോടിക്കുന്നു. അതിനിടയിൽ സർദാർ കൃഷ്ണക്കുറുപ്പും കോമക്കുറുപ്പും എന്തോ പറഞ്ഞു തെറ്റി വീണ്ടും തമ്മിൽ തല്ല് തുടങ്ങുന്നു. ശംഭുവും, ശിവനും ചേർന്ന് കൃഷണക്കുറുപ്പ് വീട്ടിൽ കള്ളക്കടത്ത് സ്വർണ്ണം ഒളിപ്പിച്ചിരിക്കുന്നു എന്ന വ്യാജ പരാതി നൽകുന്നു. വീട് പരിശോധിക്കാൻ വന്ന പോലീസ്കാരെ സർദാർ കൃഷ്ണക്കുറുപ്പും കൂട്ടരും പെൺകുട്ടികളെ തട്ടിക്കൊണ്ട്പോകാൻ വന്നവർ എന്ന് തെറ്റിദ്ധരിച്ച് അവരെ ആക്രമിക്കുന്നു. പോലീസ് സേന സർദാർ കൃഷ്ണക്കുറുപ്പിന്റെ വീട്ടിലേയ്ക്ക് ഇരച്ചു കയറുന്നു. ഈ കോലാഹലത്തിന്റെ മറവിൽ ശംഭുവും ശിവനും വീടിനുള്ളിൽ നുഴഞ്ഞു കയറി പെൺകുട്ടികളെയും കൊണ്ട് കടന്നു കളയാൻ ശ്രമിക്കുന്നു. ഒടുവിൽ ആക്രമണം ഒരു പൊരിഞ്ഞ യുദ്ധത്തിൽ കലാശിക്കുകയും ചെയ്യുന്നു. യുദ്ധം ചെയ്തു ക്ഷീണിതരായ കുറുപ്പന്മാരെയും കൂട്ടരെയും പോലീസ് കീഴടക്കുകയും പോലീസിന്റെ സംരക്ഷണയിൽ ശംഭു ശോഭയെയും, ശിവൻ കോമക്കുറുപ്പിന്റെ മകളെയും കല്യാണം കഴിക്കുന്നു [1]
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻ ലാൽ | ശംഭു |
ലിസി | ശോഭ |
മമ്മൂട്ടി | അതിഥി താരം |
മുകേഷ് | ശിവൻ |
ശ്രീനിവാസൻ | മാധവൻ/എം.എ. ധവാൻ |
മണിയൻപിള്ള രാജു | ദാമു |
ജഗതി ശ്രീകുമാർ | സർദാർ കൃഷ്ണൻ കുറുപ്പ് |
കുതിരവട്ടം പപ്പു | കോമകുറുപ്പ് |
ജഗദീഷ് | പോലീസ് എസ്.ഐ. |
ബഹദൂർ | മേനോൻ |
സി.ഐ. പോൾ | |
പൂജപ്പുര രവി | ഡോൿടർ |
കൊച്ചിൻ ഹനീഫ | കടത്തനാട്ട് പപ്പൻ ഗുരുക്കൾ |
കൊതുക് നാണപ്പൻ | |
പ്രിയ | |
സുകുമാരി | ദേവകി |
ലളിത ശ്രീ |
സംഗീതം
തിരുത്തുകപന്തളം സുധാകരൻ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് കെ.ജെ. ജോയ് ആണ്.
- ഗാനങ്ങൾ
ഗാനം | പാടിയത് |
---|---|
ധനുമാസക്കുളിരല... | പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, കോറസ് |
തുമ്പി മഞ്ചലേറി വാ... | എം.ജി. ശ്രീകുമാർ, ലതിക |
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
കല | കെ. കൃഷ്ണൻ കുട്ടി |
ചമയം | വേലപ്പൻ |
വസ്ത്രാലങ്കാരം | പുലിയൂർ സരോജ |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
പ്രോസസിങ്ങ് | ചിത്രാഞ്ജലി |
നിർമ്മാണ നിയന്ത്രണം | ചന്ദ്രൻ പനങ്ങോട് |
ടൈറ്റിൽസ് | നീതി കൊടുങ്ങല്ലൂർ |
വാതിൽപുറചിത്രീകരണം | കെ.എസ്.എഫ്.ഡി.സി. |
അസോസിയേറ്റ് ഏഡിറ്റർ | രാജശേഖരൻ |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/6966/mazha-peyyunnu-maddalam-kottunnu.html[പ്രവർത്തിക്കാത്ത കണ്ണി]