ഫ്രീഡ്രിക്ക് നീച്ച

(ഫ്രീഡ്രിക് നീച്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ജർമ്മൻ തത്ത്വചിന്തകനും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞനും ആയിരുന്നു ഫ്രീഡ്രിക്ക് വിൽഹെം നീച്ച (ഒക്ടോബർ 15, 1844ഓഗസ്റ്റ് 25, 1900). മതം, സന്മാർഗം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളിൽ അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചു. ഒരു പ്രത്യേകജർമ്മൻ ഭാഷാശൈലിയിൽ, അലങ്കാരങ്ങളും ആപ്തവാക്യങ്ങളും നിറഞ്ഞവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. നീച്ചയുടെ ശൈലിയും, സത്യത്തിന്റെ മൂല്യത്തേയും വസ്തുനിഷ്ഠതയേയും കുറിച്ച് മൗലിക പ്രശ്നങ്ങൾ ഉന്നയിക്കുന്ന ചിന്തയും, വ്യാഖ്യാതാക്കളെ വിഷമിപ്പിക്കുകയും ഒട്ടേറെ ആനുഷംഗിക രചനകൾക്ക് പ്രചോദനമാവുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അടിസ്ഥാനനിലപാടുകളിൽ പലതിലും അവ്യക്തതയൊന്നുമില്ല. ദുഃഖ:പര്യവസായിയായ സാഹിത്യത്തെ (tragedy) ജീവിതത്വരയുടെ ഏറ്റുപറച്ചിലായി അംഗീകരിച്ചതും, അനേകം വിമർശകരുടെ പുനർവ്യാഖ്യാനത്തിന് വിഷയമായ പ്രത്യാഗമനനൈരന്തര്യം (eternal recurrence) എന്ന ആശയവും, പാശ്ചാത്യചിന്തയിൽ നൂറ്റാണ്ടുകളോളം വലിയ സ്വാധീനം ചെലുത്തിയ പ്ലേറ്റോയുടെ സിദ്ധാന്തങ്ങളുടെ തിരസ്കാരവും അവയിൽ പെടുന്നു. ഒപ്പം ക്രിസ്തുമതത്തേയും (പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിൽ അതിന്റെ ലേബലിൽ പ്രചരിച്ചിരുന്ന ആശയങ്ങളെയും), ജനാധിപത്യം, സോഷ്യലിസം എന്നിവയടക്കം സമത്വവാദത്തിന്റെ എല്ലാ രൂപങ്ങളേയും അദ്ദേഹം തള്ളിപ്പറഞ്ഞു.

ഫ്രീഡ്രിക്ക് നീച്ച
കാലഘട്ടംപത്തൊൻപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരവെയ്മർ ക്ലാസ്സിസിസം; കോണ്ടിനെന്റൽ തത്ത്വചിന്തയുടെ പൂർവഗാമി, അസ്തിത്വവാദം, ഉത്തരാധുനികത, ഉത്തരഘടനാവാദം, മനോവിശ്ലേഷണം
പ്രധാന താത്പര്യങ്ങൾസൗന്ദര്യശാസ്ത്രം, സാന്മാർഗ്ഗികത, സത്താമീമാംസ, ചരിത്രദർശനം, മനഃശാസ്ത്രം, മൂല്യസിദ്ധാന്തം
ശ്രദ്ധേയമായ ആശയങ്ങൾഅപ്പോള്ളോനിനും ഡയോനിഷ്യനും, ദൈവത്തിന്റെ മരണം, പ്രത്യാഗമനനൈരന്തര്യം, കാലിക്കൂട്ടമനസ്ഥിതി, അടിമ-യജമാന ധാർമ്മികത, അതിമനുഷ്യൻ, വീക്ഷ്ണകോണവാദം, ശക്തിക്കുള്ള ഇച്ഛ


ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞൻ എന്ന നിലയിലെ തുടക്കത്തിനുശേഷമാണ് നീച്ച തത്ത്വചിന്തയിലേക്ക് തിരിഞ്ഞത്. 24 വയസ്സുള്ളപ്പോൾ സ്വിറ്റ്സർലണ്ടിലെ ബാസൽ സർവകലാശാലയിൽ ക്ലാസ്സിക്കൽ ഭാഷാവിജ്ഞാനീയത്തിന്റെ പ്രൊഫസറായി നിയമിതനായ നീച്ച, ആ സ്ഥാനം വഹിച്ചവരിൽ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.[1] എന്നാൽ ജീവിതകാലം മുഴുവൻ അലട്ടിയ അരോഗ്യപ്രശ്നങ്ങൾ മൂലം 1879-ൽ അദ്ദേഹത്തിന് ആ സ്ഥാനത്തുനിന്ന് വിരമിക്കേണ്ടിവന്നു. 1889-ൽ നീച്ച ഗുരുതരമായ മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. 1900-ൽ മരണം വരെ, അവശേഷിച്ച വർഷങ്ങൾ, അമ്മയുടേയും സഹോദരിയുടേയും പരിചരണത്തിലാണ് നീച്ച കഴിഞ്ഞത്.

ജീവിതരേഖ

തിരുത്തുക

ജനനം വിദ്യാഭ്യാസം

തിരുത്തുക

1844 ഒക്ടോബർ 15-ന് ജനിച്ച നീച്ച വളർന്നത് പ്രഷ്യയിലെ സാക്സണി പ്രദേശത്തെ ലീപ്സിഗിനടുത്തുള്ള റോക്കൻ എന്ന ചെറുപട്ടണത്തിലാണ്. പ്രഷ്യയിലെ നാലാം ഫ്രീഡ്രിക്ക് വിൽഹം രാജാവിന് 49 വയസ്സുതികഞ്ഞ ദിവസം ജനിച്ച നീച്ചക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകപ്പെട്ടത്. (ഫ്രീഡ്രിക്ക് വിൽഹം നീച്ച എന്നതിലെ 'വിൽഹം' എന്ന മദ്ധ്യനാമം നീച്ച പിന്നീട് ഉപേക്ഷിച്ചു.[2]) ആദ്യകാലത്ത് അദ്ധ്യാപകനും പിന്നീട് ലൂഥറൻ സഭയിലെ പാസ്റ്ററും ആയിരുന്ന കാൾ ലുഡ്‌വിഗ് നീച്ചയും(1813-1849),ഫ്രാൻസെസ്കാ ഓഹ്‌ലറും(1826-1897) ആയിരുന്നു മാതാപിതാക്കൾ. അവരുടെ ആദ്യസന്താനമായിരുന്നു നീച്ച. നീച്ചക്ക് അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് മസ്തിഷ്കസംബന്ധമായ രോഗം മൂലം മരിച്ചു. അദ്ദേഹത്തിന് ഒരു സഹോദരിയും ഉണ്ടായിരുന്നു. പിതാവ് മരിച്ചതിനടുത്ത വർഷം രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന സഹോദരനും മരിച്ചു. തുടർന്ന് കുടുംബം നാംബർഗ്ഗിലെ അമ്മയുടെ വീട്ടിൽ അവരുടെ അമ്മയുടേയും അവിവാഹിതരായ രണ്ടു സഹോദരിമാരുടേയും ഒപ്പം താമസിച്ചു. 1856-ൽ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് നീച്ചയും കുടുംബവും സ്വന്തമായൊരു വീട്ടിലേക്ക് താമസം മാറ്റി.

 
ഫ്രീഡ്രിക്ക് നീച്ച, 1861ലെ ചിത്രം

അദ്ദേഹം ആദ്യം ആൺകുട്ടികൾക്കുവേണ്ടിയുള്ള ഒരു സ്കൂളിലും തുടർന്ന് മറ്റൊരു സ്വകാര്യവിദ്യാലയത്തിലും പഠിച്ചു. 1854-ൽ നീച്ച നാംബർഗ്ഗിലെ ഡോംജിംനേഷിയം എന്ന വിദ്യാലയത്തിൽ ചേർന്നു. എന്നാൽ അവിടെവച്ച് സംഗീതത്തിന്റേയും ഭാഷകളുടേയും പഠനത്തിൽ പ്രകടിപ്പിച്ച പ്രത്യേക പ്രതിഭ കണക്കിലെടുത്ത് 1858-ൽ, രാജ്യാന്തരപ്രശസ്തമായ ഷുൽഫോർട്ടാ (schulpforta) എന്ന സ്ഥാപനം അദ്ദേഹത്തെ വിദ്യാർത്ഥിയായി സ്വീകരിച്ചു. 1864 വരെ അദ്ദേഹം അവിടെ പഠനം തുടർന്നു. സംസ്കൃതപണ്ഡിതൻ ഉപനിഷത്‌വ്യാഖ്യാതാവ് എന്നീ നിലകളിൽ പിൽക്കാലത്ത് പ്രശസ്തനായ പോൾ ഡ്യൂസൻ അവിടെ അദ്ദേഹത്തിന്റെ സഹപാഠിയും സുഹൃത്തുമായി. ഇക്കാലത്ത് നീച്ച പഠനത്തിനൊപ്പം കവിതാരചനയിലും സംഗീതനിർമ്മാണത്തിലും ഏർപ്പെട്ടു. ഷുൽഫോർട്ടായിൽ നീച്ചക്ക് സാഹിത്യപഠനത്തിന്റെ നല്ലൊരടിസ്ഥാനം കിട്ടി. പൗരാണികഗ്രീസിലേയും റോമിലേയും സാഹിത്യത്തെ കേന്ദ്രീകരിച്ചുള്ള പഠനമായിരുന്നു അത്. ചെറുപട്ടണത്തിലെ ക്രിസ്തീയപശ്ചാത്തലമുള്ള കുടുംബാന്തരീക്ഷത്തിൽ നിന്ന് നീച്ച വിട്ടുനിന്നത് അത് ആദ്യമായായിരുന്നു.

ഷുൽഫോർട്ടായിലെ പഠനം പൂർത്തിയാക്കിയ നീച്ച ബോൺ സർവകലാശാലയിൽ ചേർന്ന് ദൈവശാസ്ത്രവും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രാവും പഠിക്കാൻ തുടങ്ങി. എന്നാൽ ഒരു സെമസ്റ്റർ കഴിഞ്ഞപ്പോൾ അമ്മയുടെ ഇഷ്ടത്തിനെതിരായി അദ്ദേഹം ദൈവശാസ്ത്രപഠനം മതിയാക്കി. ഇതിനകം നീച്ചക്ക് ക്രിസ്തുമതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു.[3] ഇതിന് ഒരുപരിധിവരെയെങ്കിലും കാരണമായത് ഡേവിഡ് സ്ട്രാസ് എഴുതിയ "യേശുവിന്റെ ജീവിതം" എന്ന പുസ്തകത്തിന്റെ വായനയായിരിക്കാം. ആ പുസ്തകം നീച്ചയെ വല്ലാതെ സ്വാധീനിച്ചിരുന്നെങ്കിലും[3] നീച്ചയുടെ വിശ്വാസം അതിന്റെ വായനക്കുമുൻപേ തന്നെ ശിഥിലമാകാൻ തുടങ്ങിയിരുന്നുവെന്നു വിശ്വസിക്കാനും കാരണമുണ്ട്. ചരിത്രഗവേഷണം ക്രിസ്തുമതത്തിന്റെ മൗലികസിദ്ധാന്തങ്ങളുടെ അടിസ്ഥാനരാഹിത്യം തെളിയിച്ചുവെന്ന് "വിധിയും ചരിത്രവും" എന്ന പേരിൽ 1862-ൽ എഴുതിയ ഒരു ലേഖനത്തിൽ തന്നെ നീച്ച ചൂണ്ടിക്കാട്ടിയിരുന്നു.[4] തുടർന്ന് നീച്ച പ്രൊഫസർ ഫ്രീഡ്രിക്ക് വിൽഹെം റിറ്റ്ഷലിന്റെ കീഴിൽ ഭാഷാശാസ്ത്രത്തിന്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്ത വർഷം റിറ്റ്ഷൽ ലീപ്സിഗ് സർവകലാശാലയിലേക്ക് മാറിയപ്പോൾ നീച്ചയും അദ്ദേഹത്തോടൊപ്പം അവിടേക്കുപോയി. ലീപ്സിഗിൽ, ക്ലാസിക്കൽ പണ്ഡിതനെന്ന നിലയിൽ പിന്നീട് പ്രസിദ്ധനായ എർവിൻ റോഡ്, നീച്ചയുടെ സതീർഥ്യനായിരുന്നു. അവർ അടുത്ത സുഹൃത്തുക്കളായി. ഭാഷാവിജ്ഞാനീയത്തിലെ നീച്ചയുടെ ആദ്യരചനകൾ താമസിയാതെ വെളിച്ചം കണ്ടു.

1865-ൽ നീച്ച ജർമ്മൻ ചിന്തകനായ ആർതർ ഷോപ്പൻഹോവറുടെ രചനകൾ വിശദമായി പഠിച്ചു. ആ ചിന്തകന്റെ അശുഭാപ്തിചിന്തയിലൂന്നിയ മുഖ്യനിലപാടുകളുകളെ നീച്ച പിന്നീട് തള്ളിപ്പറഞ്ഞെങ്കിലും, ഷോപ്പൻഹോവറുമായുള്ള ഈ ബൗദ്ധികമുഖാമുഖത്തിന്റെ സ്വാധീനം നീച്ചയുടെ സക്രിയജീവിതത്തിന്റെ അവശേഷിച്ച നാളുകളത്രയും വിടാതെനിന്നു. "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" എന്ന ഷോപ്പൻ‌ഹോവറുടെ മുഖ്യരചനയുടെ വായനയാണ് തന്നെ തത്ത്വചിന്തകനാക്കിയതെന്ന് നീച്ച പറഞ്ഞിട്ടുണ്ട്. 1866-ൽ നീച്ച ഫ്രീഡ്രിക്ക് ആൽബർട്ട് ലാങ്ങിന്റെ "ഭൗതികവാദത്തിന്റെ ചരിത്രം" വായിച്ചു. കാന്റിന്റെ ചിന്തയിലെ ഭൗതികവാദവിരോധം, യൂറോപ്യൻ ഭൗതികവാദത്തിന്റെ ഉദയം, വളർന്നുകൊണ്ടിരുന്ന ശാസ്ത്രീയവീക്ഷണം, ഡാർവിന്റെ സിദ്ധാന്തങ്ങൾ, അധികാരസ്ഥാനങ്ങൾക്കെതിരെ പൊതുവേ കണ്ടിരുന്ന കലാപം തുടങ്ങിയവയെ ലാങ്ങ് വിവരിച്ചത് നീച്ചയിൽ കൗതുകം ഉണർത്തി. അപ്പോഴത്തെ സാംസ്കാരികപശ്ചാത്തലം തന്റെ ചിന്തയുടെ ചക്രവാളത്തെ ഭാഷാശാസ്ത്രത്തിനപ്പുറം തത്ത്വചിന്തയിലേക്കു കൂടി വളർത്താൻ നീച്ചക്ക് പ്രേരണനൽകി.

1867-ൽ നീച്ച പ്രഷ്യൻ സൈന്യത്തിന്റെ നാംബർഗിലുള്ള പീരങ്കി വിഭാഗത്തിൽ ഒരുവർഷത്തെ സന്നദ്ധസേവനത്തിന് ചേർന്നു. എന്നാൽ 1868-ൽ കുതിരസവാരിക്കിടയിലുണ്ടായ ഗുരുതരമായ ഒരപകടം അദ്ദേഹത്തെ സൈന്യസേവനത്തിന് അപ്രാപ്തനാക്കി.[5] തുടർന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വീണ്ടും പഠനത്തിലെക്ക് തിരിഞ്ഞു. നീച്ചയുടെ ജീവിതത്തെ കാര്യമായി സ്വാധീനിച്ച പ്രഖ്യാതസംഗീതജ്ഞൻ റിച്ചാർഡ് വാഗ്നറെ നീച്ച പരിചയപ്പെട്ടത് 1868 അവസാനമായിരുന്നു.[6]

ബാസലിൽ പ്രൊഫസർ

തിരുത്തുക
 
1871 ഒക്ടോബർ മധ്യത്തിലെ ചിത്രം - ഇടത്തുനിന്ന്: സുഹൃത്തുക്കളായ എർവിൻ റോഡ്, കാൽ വോൺ ഗെർസ്ഡോർഫ് എന്നിവരും നീച്ചയും

ഗുരുവായ റിറ്റ്ഷലിന്റെ പിന്തുണകൊണ്ടുകൂടിയാണ് നീച്ചക്ക്, സാധാരണഗതിയിൽ അദ്ധ്യാപനയോഗ്യതക്ക് അനുപേക്ഷണീയമായി കണക്കാക്കപ്പെട്ടിരുന്ന ഗവേഷണബിരുദം കരസ്ഥമാക്കുന്നതിനുമുൻപ്, സ്വിറ്റ്സർലൻഡിലെ ബാസൽ സർവകലാശാലയിൽ ക്ലാസ്സിക്കൽ ഭാഷാശാസ്ത്രത്തിന്റെ പ്രൊഫസറായി നിയമനം കിട്ടിയത്. ഭാഷാവിജ്ഞാനത്തിൻ നിന്ന് ശാസ്ത്രത്തിലേക്ക് തിരിയുന്ന കാര്യംപോലും നീച്ച പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ അവസരം അദ്ദേഹത്തെ തേടിവന്നത്.[7] ബാസലിലേക്ക് പോകുന്നതിനുമുൻപ് നീച്ച തന്റെ ജർമ്മൻ പൗരത്വം ഉപേക്ഷിച്ചു. പിൽക്കാലജീവിതമത്രയും നീച്ച സാങ്കേതികമായ അർത്ഥത്തിൽ രാജ്യരഹിതനായിരുന്നു.

എന്നാലും 1870-71-ൽ ഫ്രാൻസും പ്രഷ്യയും തമ്മിൽ നടന്ന യുദ്ധത്തിൽ നീച്ച ഒരു മെഡിക്കൽ സഹായിയായി സേവനം അനുഷ്ഠിച്ചു. ഹ്രസ്വകാലത്തെ ഈ സൈന്യസേവനത്തിനിടെ അദ്ദേഹം യുദ്ധത്തിന്റെ ക്രൂരമുഖം നേരിട്ടുകണ്ടു. ഡിഫ്ത്തീരിയ അതിസാരം തുടങ്ങിയ രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചു. മറ്റുവ്യാധികൾക്കോപ്പം ഇക്കാലത്ത് നീച്ചക്ക് സിഫിലിസ് രോഗവും പരന്നുകിട്ടിയെന്നും അതാണ് പിൽക്കാലത്ത് അദ്ദേഹത്തെ ബാധിച്ച മനോവിഭ്രാന്തിക്ക് കാരണമായതെന്നും പറയുന്ന ജീവചരിത്രകാരന്മാരുണ്ട്. എന്നാൽ ഇത് തർക്കവിഷയമായിരിക്കുന്നു.[8] 1870-ൽ ബാസലിലേക്ക് മടങ്ങിയ നീച്ച, ജർമ്മൻ സാമ്രാജ്യത്തിന്റെ സ്ഥാപനവും ജർമ്മനിയിലെ ബിസ്മാർക്ക് യുഗത്തിന്റെ മുന്നേറ്റവും ഒരു പുറം കാഴ്ച്ചക്കാരന്റെ മനോഭാവത്തോടെ വീക്ഷിച്ചു. ആ സംഭവഗതികളുടെ അഭികാമ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു. സർവകലാശാലയിൽ അദ്ദേഹത്തിന്റെ കന്നിപ്രഭാഷണത്തിന്റെ വിഷയം "ഹോമറും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രവും" എന്നതായിരുന്നു. അക്കാലത്ത് പരിചയപ്പെട്ട ഫ്രാൻസ് ഓവർബെക്ക് എന്ന ദൈവശാസ്ത്രപ്രൊഫസർ ജീവിതകാലമത്രയും നീച്ചയുടെ സുഹൃത്തായി തുടർന്നു. ഈ സമയത്തുതന്നെ "ചിന്തയും യാഥാർത്ഥ്യവും" എന്ന കൃതിയുടെ രചയിതാവും ഏറെയൊന്നും അറിയപ്പെടത്തവനുമായ ആഫ്രിക്കൻ സ്പിർ എന്ന റഷ്യൻ ദാർശനികനും [9] അയാളുടെ സുഹൃത്ത് ജേക്കബ് ബർക്കാർഡ്ട്ട് എന്ന ചരിത്രകാരനും നീച്ചയുടെമേൽ കാര്യമായ സ്വാധീനം ചെലുത്താൻ തുടങ്ങി. നീച്ച ബർക്കാർഡ്ട്ടിന്റെ അദ്ധ്യാപനപ്രസംഗങ്ങൾ കേൾക്കുക പതിവായിരുന്നു.

ലീപ്സിഗിൽ വച്ച് 1868-ൽ റിച്ചാർഡ് വാഗ്നറേയും അദ്ദേഹത്തിന്റെ ഭാര്യ കോസിമയെ പിന്നീടും പരിചയപ്പെട്ടിരുന്ന നീച്ചക്ക് ഇരുവരേയും ഇഷ്ടമായി. ബാസലിലെ ജീവിതത്തിനിടയിൽ നീച്ച സ്വിറ്റ്സർലൻഡിണ്ടിലെ ലൂസറേൻ പ്രവിശ്യയിലെ ട്രിബ്സ്ചെനിലുള്ള വാഗ്നർമാരുടെ വീട് ഇടക്കിടെ സന്ദർശിച്ചിരുന്നു. വാഗ്നറും പത്നിയും തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി നീച്ചയെ പരിചയപ്പെടുത്തി. ബെയ്റൂത്ത് എന്ന ചെറുപട്ടണത്തിൽ വാഗ്നർ സംഘടിപ്പിച്ച തിയേറ്റർ മേളയിൽ നീച്ച കാണിച്ച താത്പര്യം വാഗ്നറെ സന്തോഷിപ്പിച്ചു. 1870-ൽ നീച്ച കോസിമയ്ക്ക്, "ദുരന്തനാടകമെന്ന ആശയത്തിന്റെ ഉല്പത്തി" എന്ന തന്റെ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി ജന്മദിനസമ്മാനമായി നൽകി. 1872-ൽ നീച്ച തന്റെ ആദ്യകൃതി പ്രസിദ്ധീകരിച്ചു. "സംഗീതചൈതന്യത്തിൽ നിന്ന് ദുരന്തകഥയുടെ ജനനം" (The Birth of Tragedy out of the Spirit of Music) എന്നായിരുന്നു അതിന്റെ പേര്. എന്നാൽ റിറ്റ്ഷൽ അടക്കം ക്ലാസ്സിക്കൽ ഭാഷാശാസ്ത്രരംഗത്തുള്ള നീച്ചയുടെ സുഹൃത്തുക്കളാരും ആ കൃതിയിൽ വലിയ താത്പര്യം കാട്ടിയില്ല. തത്ത്വചിന്തയിലെ അന്വേഷണത്തിന് ഭാഷാശാസ്ത്രത്തിലെ ഒരു പ്രത്യേക രീതിയെ അവലംബമാക്കുകയാണ് ഈ കൃതിയിൽ നീച്ച ചെയ്തത്. പുസ്തകത്തിന് തണുപ്പൻ സ്വീകരണം ഉറപ്പാക്കുകയും അതിന് കുപ്രസിദ്ധി നേടിക്കൊടുക്കുകയും ചെയ്യുന്ന തരത്തിലുള്ള നിരൂപണങ്ങളാണുണ്ടായത്. വാഗ്നറും മറ്റു ചില സുഹൃത്തുക്കളും നീച്ചയെ പിന്തുണക്കാനെത്തി. ഭാഷാശാസ്ത്രരംഗത്ത് തനിക്കനുഭവപ്പെട്ട ഒറ്റപ്പെടലിനെക്കുറിച്ച് നീച്ച ബോധവാനായിരുന്നു. ബാസലിൽ തന്നെ തത്ത്വചിന്താവിഭാഗത്തിൽ അദ്ധ്യാപകനായി നിയമനം കിട്ടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

 
നീച്ച ബാസലിൽ, 1875-നടുത്തെങ്ങോ.

1873-നും 76-നുമിടെ നീച്ച മൂന്നു ദീർഘപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. "ഡേവിൻ സ്ട്രാസ്: കുംബസാരക്കാരനും എഴുത്തുകാരനും", "ചരിത്രത്തിന്റെ ഉപയോഗവും ദുരുപയോഗവും", "ഷോപ്പൻഹോവർ, ഗുരുനാഥനെന്ന നിലയിൽ", "റിച്ചാർഡ് വാഗ്നർ ബെയ്റൂത്തിൽ" എന്നിവയായിരുന്നു ആ പ്രബന്ധങ്ങൾ. പിന്നീട് ഈ നാലു പ്രബന്ധങ്ങളൊന്നിച്ച് "അസമയത്തെ ചിന്തകൾ" (Untimely Meditations) എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഷോപ്പൻഹോവറുടേയും വാഗ്നറുടേയും നിലപാടുകളുടെ അടിസ്ഥാനത്തിൽ, ജർമ്മൻ സംസ്കാരത്തിന്റെ അപ്പോഴത്തെ വികാസഗതിയെ വിമർശിക്കുന്നവയായിരുന്നു ആ പ്രബന്ധങ്ങൾ. 1873-ൽ തന്നെ നീച്ച, മരണശേഷം "ഗ്രീക്ക് ദുരന്തയുഗത്തിലെ തത്ത്വചിന്ത" (Philosophy in the tragic Age of the Greeks) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പുകൾ എഴുതി തുടങ്ങി. ഇക്കാലത്ത്, വാഗ്നർ ഉൾപ്പെടെ പല പ്രമുഖന്മാരുടേയും സുഹൃദ്‌വലയത്തിൽ ഉൾപ്പെട്ടിരുന്ന മൽവിഡാ വോൺ മെയ്സൻബർഗ് എന്ന എഴുത്തുകാരിയും പ്രഖ്യാതസംഗീതജ്ഞൻ ഹാൻസ് വോൺ ബ്യൂലോയും ആയി നീച്ച പരിചയത്തിലായി. ആദ്യകാലരചനകളിലെ അശുഭാപ്തിയുടെ തത്ത്വചിന്ത ഉപേക്ഷിക്കാൻ 1876-ൽ തന്നെ പ്രേരിപ്പിച്ച എഴുത്തുകാരനും തത്ത്വചിന്തകനുമായ പോൾ റീയുമായി നീച്ച സൗഹൃദത്തിലായതും ഇക്കാലത്താണ്. അതേസമയം 1876-ലെ ബെയ്റൂത്ത് തിയേറ്റർ മേള നീച്ചയെ നിരാശപ്പെടുത്തി. അവിടെ കണ്ട തരംതാണതരം പ്രകടനങ്ങളും ആസ്വാദകരുടെ നിലവാരമില്ലായ്മയും ആ പ്രസ്ഥാനത്തിന്റെ കേന്ദ്രവ്യക്തിത്വമായിരുന്ന വാഗ്നറിൽ നിന്ന് നീച്ചയെ അകറ്റി.


1878-ൽ തത്ത്വമീമാംസ, സന്മാർഗശാസ്ത്രം, മതം, ലൈംഗികത എന്നിങ്ങനെ നാനാവിധ വിഷയങ്ങളെ സംബന്ധിച്ച ആപ്തവാക്യങ്ങളുടെ(aphorisms) സമഹാരമായ "മാനുഷികം, അങ്ങേയറ്റം മാനുഷികം" (Human, all Too Human) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടെ ഷോപ്പൻഹോവറും വാഗ്നറും പിന്തുടർന്ന അശുഭാപ്തിയുടെ തത്ത്വചിന്തയുമായി നീച്ചക്കുള്ള വിയോജിപ്പ് പ്രകടമായി. പോൾ ഡ്യൂസണെപ്പോലുള്ളവരുമായുള്ള നീച്ചയുടെ സൗഹൃദവും തണുത്തു. ബാല്യം മുതലേ, അന്ധതയോളമെത്തുന്ന കാഴ്ചശക്തിക്കുറവ്, കൊടിഞ്ഞിമൂലമുള്ള തലവേദന, അസഹ്യമായ വയറുവേദന തുടങ്ങി ഒരുകൂട്ടം രോഗങ്ങൾ അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നു. 1868-ൽ കുതിരസവാരിക്കിടെ ഉണ്ടായ അപകടവും 1870-ലുണ്ടായ രോഗങ്ങളെമെല്ലാം, വിട്ടുമാറാതിരുന്ന ഈ അവസ്ഥയെ വഷളാക്കിയിട്ടുണ്ടാകാം. തുടർച്ചയായി അവധിയെടുക്കേണ്ടിവന്ന് ഒടുവിൽ ജോലിചെയ്യുകയെന്നതുതന്നെ അസാദ്ധ്യമായി. ഈ സാഹചര്യത്തിൽ 1879-ൽ, ബാസൽ സർവകലാശാലയിലെ ജോലി രാജിവയ്ക്കാൻ നീച്ച നിർബന്ധിതനായി.

സ്വതന്ത്ര തത്ത്വചിന്തകൻ

തിരുത്തുക

രോഗാവസ്ഥ, കൂടുതൽ അനുയോജ്യമായ കാലാവസ്ഥതേടി നടക്കാൻ നീച്ചയെ പ്രേരിപ്പിച്ചു. ഇടക്കിടെ യാത്രചെയ്ത നീച്ച, രചനയിലേർപ്പെട്ട്, 1889 വരെ വിവിധനഗരങ്ങളിൽ താമസിച്ചു. സ്വിറ്റ്സർലൻഡിലെ മോറിറ്റ്സിനടുത്തുള്ള സിലാസ് മരിയയിൽ അദ്ദേഹം വേനൽക്കാലത്ത് പലപ്പോഴും താമസിച്ചു. ശീതകാലങ്ങളിൽ ഇറ്റലിയിലെ ജെനോവ, റപാല്ലോ, ടൂറിൻ എന്നിവിടങ്ങളിലോ ഫ്രാൻസിനെ നൈസിലോ ആയിരുന്നു വാസം. 1881-ൽ ഫ്രാൻസ് ടുണീഷ്യയിൽ അധിനിവേശം സ്ഥാപിച്ചപ്പോൾ, യൂറോപ്പിനെ വെളിയിൽ നിന്ന് മനസ്സിലാക്കുകയെന്ന ലക്‌ഷ്യത്തോടെ ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസിലെക്ക് യാത്രചെയ്യുന്ന കാര്യം ആലോചിച്ചെങ്കിലും, ആരോഗ്യകാരണങ്ങളാൽ അത് നടപ്പായില്ല.[10]

ഇടക്കിടെ കുടുംബത്തെ സന്ദർശിക്കാനായി നീച്ച നാംബർഗ്ഗ് സന്ദർശിച്ചിരുന്നു. ഈയവസരങ്ങളിൽ നീച്ചയും സഹോദരി എലിസബത്തും തമ്മിൽ കലഹിക്കുന്നതും രമ്യപ്പെടുന്നതും പതിവായിരുന്നു. ബാസലിൽ നിന്ന് കിട്ടിയിരുന്ന പെൻഷനേയും സുഹൃത്തുക്കളുടെ സഹായത്തേയും ആശ്രയിച്ചാണ് അദ്ദേഹം ജീവിച്ചത്. പീറ്റർ ഗാസ്റ്റ് എന്നുപേരുള്ള ഒരു പഴയ ശിഷ്യൻ നീച്ചക്ക് ഏതാണ് സ്വകാര്യസഹായിയെപ്പോലെയായി. ജീവിതാവസാനം വരെ, ഗാസ്റ്റും ഫ്രാൻസ് ഓവർബെക്കും നീച്ചയുടെ വിശ്വസ്ത സുഹൃത്തുക്കളായി തുടർന്നു. നീച്ച വാഗ്നറുടെ സുഹൃദ്‌വലയത്തിനു പുറത്തായതിനു ശേഷവും മൽവിഡാ വോൺ മെയ്സൻബർഗ് ഒരമ്മയ്ക്കുസമമായ പരിഗണന അദ്ദേഹത്തോട് കട്ടി. നീച്ച തന്റെ ചിന്താജീവിതത്തിലെ ഏറ്റവും സൃഷ്ടിപരമായ കാലത്തിന്റെ തുടക്കത്തിലായിരുന്നു അപ്പോൾ. "മാനുഷികം, അങ്ങേയറ്റം മാനുഷികം" എഴുതിയ 1878 മുതൽ എല്ലാവർഷവും നീച്ച, വർഷത്തിൽ ഒരു പുസ്തകം അല്ലെങ്കിൽ ഒരുപുസ്തകത്തിന്റെ ഒരു പ്രധാനഖണ്ഡം എന്ന കണക്കിൽ എഴുതി. രചനാജീവിതത്തിന്റെ അവസാനവർഷമായ 1888-ലാകട്ടെ അദ്ദേഹം അഞ്ചു പുസ്തകങ്ങൾ പൂർത്തിയാക്കി.

 
ലൗ ആന്ദ്രിയ സലോമിയും, പോൾ റീയും നീച്ചയോടൊപ്പം - 1882-ലെ ചിത്രം.

1882-ൽ നീച്ച സന്തുഷ്ടശാസ്ത്രം (Gay Science) എന്ന കൃതിയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. അതേവർഷം തന്നെ നീച്ച, റഷ്യാക്കാരി ലൗ ആന്ദ്രിയ സലോമിയെ, മൽവിഡാ വോൺ മെയ്സൻബർഗ്, പോൾ റീ എന്നിവർ വഴി പരിചയപ്പെട്ടു. മനോവിശ്ലേഷകയും എഴുത്തുകാരിയും ആയി പിൽക്കാലത്ത് അറിയപ്പെട്ട ആ യുവതി റിച്ചാർഡ് വാഗ്നർ, പ്രശസ്ത മനോവിജ്ഞാനി സിഗ്മണ്ട് ഫ്രോയിഡ്, ജർമ്മൻ കവി റെയ്നർ മരിയ റിൽക്കെ എന്നിവരുടേയും സുഹൃത്തായിരുന്നു. ഒരു വേനൽക്കാലം നീച്ചയും സലോമിയും നീച്ചയുടെ സഹോദരി എലിസബത്തിനൊപ്പം ജർമ്മനിയിലെ തുരിഞ്ചിയ പ്രവിശ്യയിൽ കഴിഞ്ഞു. സലോമിയെ നീച്ച തുല്യനിലയിലുള്ള ഒരു സുഹൃത്തെന്നതിനുപകരം പ്രതിഭാശാലിയായ ഒരു ശിഷ്യയായാണ് കണ്ടത്. നീച്ച തന്നോട് വിവാഹാഭ്യർത്ഥ്യന നടത്തിയെന്നും താനത് നിരസിച്ചെന്നും സലോമി അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ ചോദ്യം നിശ്ചയമില്ല.[11] പോൾ റീയും സലോമിയുമായുള്ള നീച്ചയുടെ സൗഹൃദം 1882/83-ലെ ശൈത്യകാലത്ത് ശിഥിലമായി. നീച്ചയുടെ സഹോദരി എലിസബത്തിന്റെ തന്ത്രങ്ങളാണ് ഇതിന് കാരണമായതെന്ന് പറയപ്പെടുന്നു. വർദ്ധിച്ച രോഗാവസ്ഥയും, സലോമിയുടെ പേരിൽ അമ്മയും സഹോദരിയുമായുമായി പിണങ്ങിയതുമൂലമുണ്ടായ ഒറ്റപ്പെടലും, ആത്മഹത്യചിന്തകളും മൂലം വലഞ്ഞ നീച്ച, ഇറ്റലിയിലെ റപാല്ലോയിലേക്ക് പോയി. അവിടെ കേവലം പത്തുദിവസം കൊണ്ട് അദ്ദേഹം "സരത്തുസ്ത്രാ അങ്ങനെ പറഞ്ഞു" എന്ന തന്റെ ഏറ്റവും പ്രസിദ്ധകൃതിയുടെ ആദ്യഭാഗം എഴുതി തീർത്തു.

തത്ത്വചിന്തയിൽ ഷോപ്പൻ‍ഹോവറുടെ വഴിയും വാഗ്നറുമായുള്ള സാമൂഹ്യബന്ധങ്ങളും ഉപേക്ഷിച്ചതിൽ പിന്നെ നീച്ചക്ക് സുഹൃത്തുക്കളെന്ന് പറയാൻ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 'സരത്തുസ്ത്രാ'യിൽ ഉപയോഗിച്ച പ്രത്യേക ശൈലിയും കൂടിയായപ്പോൾ ആ ഒറ്റപ്പെടൽ പൂർത്തിയായി. ആ കൃതിയെക്കുറിച്ച് ഔപചാരികതയുടെ പേരിൽ മാത്രമാണ് ആരെങ്കിലും നല്ലത് പറഞ്ഞത്. നീച്ച ഇത് മനസ്സിലാക്കുകയും ഒറ്റയ്ക്കുതന്നെ കഴിയുകയും ചെയ്തു. എന്നാൽ ഒറ്റപ്പെടലിനെക്കുറിച്ച് അദ്ദേഹം ഇടക്ക് പരാതിപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി. 1885-ൽ 'സരത്തുസ്ത്രാ'യുടെ നാല്പതുപ്രതികളാണ് അദ്ദേഹം അച്ചടിപ്പിച്ചത്. അതിൽ ഒരുഭാഗം മാത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത്.

1883-ൽ നീച്ച ലീപ്സിഗ് സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി നേടാൻ ശ്രമിച്ചുനോക്കി. ക്രിസ്തുമതത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടും, 'സരത്തുസ്ത്രാ'യിലെ പ്രത്യേകതരം ദൈവസങ്കല്പവും കാരണം യൂറോപ്പിലെ സർവകലാശാലകൾക്കെല്ലാം അദ്ദേഹം അസ്വീകാര്യനായെന്ന് അതോടെ വ്യക്തമായി. അത് നീച്ചയെ ക്രൂദ്ധനാക്കി. "ശിഷ്യന്മാരെ കണ്ടെത്തുന്നതിൽ നിന്നും അവരുടെ വിശ്വാസം ആർജ്ജിക്കുന്നതിൽ നിന്നും എന്നെ തടയാൻ, എന്റെ സൽപ്പേരിനേയും സ്വഭാവത്തെയും ലക്‌ഷ്യങ്ങളേയും താഴ്ത്തിക്കാണിക്കുന്നതടക്കം ഏതു തരംതാണവഴിയും മതിയാകുമെന്ന് എനിക്ക് മനസ്സിലായി" എന്ന് അദ്ദേഹം എഴുതി.[12]

1886-ൽ നീച്ച തന്റെ പ്രസാധകൻ ഷ്മീറ്റ്സറുമായി അയാളുടെ യഹൂദവിരുദ്ധനിലപാടിന്റെ പേരിൽ തെറ്റിപ്പിരിഞ്ഞു. തന്റെ രചനകൾ ഷ്മീറ്റ്സറുടെ "യഹൂദവിരുദ്ധചവറിനടിയിൽ വീണ്ടെടുക്കാനാവാത്തവിധം സംസ്കരിക്കപ്പെട്ടുപോവുന്നത്" അദ്ദേഹത്തിന് ഇഷ്ടമായില്ല. ഷ്മീറ്റ്സറുടെ അഭിപ്രായങ്ങൾ "വിവരമുള്ളവരെല്ലാം അവജ്ഞാപൂർവം തള്ളിക്കളയേണ്ടവയാണെന്ന്" നീച്ച കരുതി.[13] തുടർന്ന് അദ്ദേഹം "നന്മതിന്മകൾക്കപ്പുറത്ത്" എന്ന തന്റെ പുതിയകൃതി സ്വന്തം ചിലവിൽ അച്ചടിച്ചു. 1886-87-ൽ നേരത്തേ പ്രസിദ്ധപ്പെടുത്തിയിരുന്ന നാലു കൃതികൾ - ദുരന്തകഥയുടെ ഉല്പത്തി, മാനുഷികം-അങ്ങേയറ്റം മാനുഷികം, പുലരി, സന്തുഷ്ടശാസ്ത്രം എന്നിവ, അവയെ വീണ്ടും വിലയിരുത്തുന്ന പുതിയ ആമുഖങ്ങളോടെ പുന:പ്രസിദ്ധീകരിച്ചു. ഇതോടെ തൽക്കാലത്തേക്ക് തന്റെ രചനാദൗത്യം പൂർത്തിയായെന്നും താമസിയാതെ വായനക്കാർ കൃതികളെ തേടിയെത്തുമെന്നും നീച്ച കരുതി. നീച്ചയുടെ ദർശനത്തിലുള്ള താത്പര്യം, അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാത്തത്ര മെല്ലെയാണെങ്കിലും, ഇക്കാലത്ത് വർദ്ധിക്കുകതന്നെ ചെയ്തു. 1886-ൽ നീച്ചയുടെ സഹോദരി എലിസബത്ത്, ബേൺഹാർഡ് ഫോസ്റ്റർ എന്ന യഹൂദവിരുദ്ധനെ വിവാഹം കഴിച്ച്, ഒരു നവജർമ്മനിയുടെ നിർമ്മാണത്തിന് പദ്ധതിയിട്ട് ദക്ഷിണ അമേരിക്കയിലെ പരാഗ്വേയിലേക്ക് പോയി. നീച്ച ഈ പദ്ധതിയെ പരിഹസിച്ചുതള്ളി.[14] കത്തുകളിൽ നീച്ചയും സഹോദരിയുമായുള്ള ബന്ധം ഇടവിട്ടുള്ള കലഹത്തിന്റേയും രഞ്ജിപ്പിന്റേയും വഴി പിന്തുടർന്നെങ്കിലും, അവർ തമ്മിൽ പിന്നീട് കാണുന്നത് നീച്ചയുടെ മനോവിഭ്രാന്തിയുടെ തുടക്കത്തിനുശേഷം മാത്രമാണ്. രോഗത്തിന്റെ ആക്രമണങ്ങൾ അദ്ദേഹത്തെ നിരന്തരം അലട്ടാൻ തുടങ്ങിയെങ്കിലും 1887-ൽ നീച്ച "സദാചാരത്തിന്റെ വംശാവലിയെപ്പറ്റി" (On the Genealogy of Morality) എന്ന സംവാദഭരിതമായ കൃതി എഴുതി.

1887-ൽ തന്നെ നീച്ച ദസ്തയേവ്‌സ്കിയുടെ കൃതികളുമായി പരിചയപ്പെടുകയും അവ പെട്ടെന്ന് ഇഷ്ടപ്പെടുകയും ചെയ്തു.[15] അക്കാലത്ത് നീച്ച ഫ്രഞ്ച് വിമർശകനും ചരിത്രകാരനുമായിരുന്ന ഹിപ്പോലൈറ്റ് ടെയിനുമായും സ്കാൻഡിനേവിയൻ സാഹിത്യസൈദ്ധാന്തികൻ ജോർജ് ബ്രാൻഡസുമായും എഴുത്തുകുത്തിലേർപ്പെട്ടു. കീർക്കെഗാഡിന്റെ തത്ത്വചിന്ത പഠിപ്പിക്കാൻ തുടങ്ങിയിരുന്ന ബ്രാൻഡസ് നീച്ചയോട് കീർക്കെഗാഡിന്റെ കൃതികൾ വായിക്കാൻ നിർദ്ദേശിച്ചു. താൻ കോപ്പൻഹേഗനിൽ വന്ന് ബ്രാൻഡസിനൊപ്പം അവ വായിക്കാനുദ്ദേശിക്കുന്നെന്നായിരുന്നു നീച്ചയുടെ മറുപടി. ഈ ഉദ്ദേശം പൂർത്തീകരിക്കാനാകുന്നതിന് മുൻപ് നീച്ച രോഗത്തിലേക്കും വിഭ്രാന്തിയിലേക്കും ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്നു. 1888 ആരംഭത്തിൽ ബ്രാൻഡസ് കോപ്പൻഹേഗനിൽ നീച്ചയുടെ തത്ത്വചിന്തയെക്കുറിച്ചുള്ള ആദ്യപ്രഭാഷണങ്ങളിലൊന്ന് നടത്തി.


1886-ൽ "സദാചാരത്തിന്റെ വംശാവലി"-യുടെ അവസാനഭാഗത്ത് നീച്ച, "അധികാരേച്ഛ: എല്ലാ മൂല്യങ്ങളേയും പുനർമൂല്യനിർ‍ണ്ണയത്തിനുള്ള ഒരു ശ്രമം" എന്ന പേരിൽ ഒരു ഗ്രന്ഥം രചിക്കാനുള്ള ഉദ്ദേശം വ്യക്തമാക്കിയിരുന്നെങ്കിലും, ആ സമീപനം പിന്നീട് ഉപേക്ഷിച്ചെന്ന് കരുതണം. ആ പദ്ധതിക്കുവേണ്ടി എഴുതിയ ഭാഗങ്ങൾ 1888-ൽ പൂർത്തിയാക്കിയ "വിഗ്രഹങ്ങളുടെ സായന്തനം"(Twilight of the Idols), "അന്തിക്രിസ്തു" എന്നീ രചനകളിൽ ഉപയോഗിക്കുകയാണ് ചെയ്തത്.[16]

ഇടക്ക് നീച്ചയുടെ ആരോഗ്യം ഭേദപ്പെടുന്നതായി തോന്നി. ആ വേനൽക്കാലത്ത് അദ്ദേഹം സന്തോഷവാനായിരുന്നു. 1888 അവസാനമായപ്പോൾ നീച്ചയുടെ രചനകൾ തന്റെ തന്നെ സ്ഥാനത്തെക്കുറിച്ചും 'വിധി'യെക്കുറിച്ചും ഉയർന്ന വിലമതിക്കൽ കാണിക്കാൻ തുടങ്ങി. 'വാഗ്നറുടെ കേസ്' എന്ന വിവാദരചനയടക്കമുള്ള രചനകളുടെ ജനസമ്മതിയിലുള്ള വർദ്ധനവിനെക്കുറിച്ച് അദ്ദേഹം വലിയ പ്രതീക്ഷപുലർത്തി. 44 വയസ്സായ ദിവസം, വിഗ്രഹങ്ങളുടെ സായന്തനവും, അന്തിക്രിസ്തുവും പൂർത്തിയാക്കിയതിനുശേഷം, അദ്ദേഹം "ഇതാണ് ആ മനുഷ്യൻ" (Ecce Homo) എന്ന പേരിൽ ഒരു ജീവചരിത്രം രചിക്കാൻ തീരുമാനിച്ചു. ആ കൃതിയുടെ ആമുഖത്തിൽ, തന്റെ രചനകളുടെ വ്യാഖ്യാനത്തിൽ ഉണ്ടാകാനിരുന്ന പ്രശ്നങ്ങളെ മുൻകൂട്ടി കണ്ടിട്ടാകണം, നീച്ച ഇങ്ങനെ എഴുതി: "എനിക്ക് ചെവി തരുക! ഞാൻ ഒരു പ്രത്യേകവ്യക്തിയാണ്. എന്നെ മറ്റൊരാളായി തെറ്റിദ്ധരിക്കാതിരിക്കുക." [17] തന്റെ രചനകളിലുള്ള അവകാശം പ്രസാധകനിൽ നിന്ന് തിരികെ വാങ്ങി അവ മറ്റു യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നകാര്യം അദ്ദേഹം ആലോചിച്ചു. "നീച്ച വാഗ്നർക്കെതിരെ" എന്ന സമാഹാരവും തന്റെ കവിതകളുടെ ഒരു പുസ്തകവും പ്രസിദ്ധീകരിക്കാനും അദ്ദേഹം ആഗ്രഹിച്ചു.

മനോവിഭ്രാന്തിയും മരണവും

തിരുത്തുക
 
"രോഗിയായ നീച്ച" എന്ന പരമ്പരയിൽപെടുന്ന ഒരു ചിത്രം - ഹാൻസ് ഓൾഡെ 1899-ലെ വേനൽക്കാലത്തെടുത്തത്

1889 ജനുവരി മൂന്നാം തിയതി നീച്ച ആദ്യമായി മാനസികതകർച്ചയുടെ ലക്‌ഷണങ്ങൾ പ്രകടിപ്പിച്ചു. ഇറ്റലിയിലെ ടൂറിനിലെ ഒരു തെരുവിൽ അദ്ദേഹം ബഹളം വച്ചതിനെ തുടർന്ന് രണ്ടു പോലീസുകാർ നീച്ചയെ സമീപിച്ചു. യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് വ്യക്തമല്ല. പലപ്പോഴും ആവർത്തിക്കപ്പെട്ടിട്ടുള്ള കഥയനുസരിച്ച് തെരുവിന്റെ ഒരറ്റത്ത് ആരോ ഒരു കുതിരയെ ചാട്ടവാറിനടിക്കുന്നത് കണ്ട നീച്ച, കുതിരയെ രക്ഷിക്കാനായി ഓടിച്ചെന്ന് അതിനെ കൈകൾ കൊണ്ടു പൊതിയുകയും പിന്നീട് കുഴഞ്ഞുവീഴുകയുമാണ് ചെയ്തത്.[18]

തുടർന്നുവന്ന ഏതാനും ദിവസങ്ങളിൽ നീച്ച, കോസിമാ വാഗ്നർ ഉൾപ്പെടെയുള്ള കുറേ സുഹൃത്തുക്കൾക്ക് ഭ്രാന്തൻ കത്തുകൾ (Madness letters) എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ചെറിയ കുറിപ്പുകൾ അയച്ചു. കൃത്യമായ അർത്ഥമില്ലാത്ത ജല്പനങ്ങളുടെ രീതിയായിരുന്നു അവക്ക്. ജർമ്മനിയിലെ ചക്രവർത്തിയോട് വെടിവച്ചുകൊല്ലപ്പെടാനായി റോമിലേക്ക് പോകാൻ ആവശ്യപ്പെടുകയും, ജർമ്മനിക്കെതിരെ സൈനികനടപടിയെടുക്കാൻ ഇതര യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നവയായിരുന്നു ചില കുറിപ്പുകൾ.[19] പഴയ സഹപ്രവർത്തകനായ ജേക്കബ് ബർക്കാർട്ടിന് കിട്ടിയ കുറിപ്പ് ഇങ്ങനെയായിരുന്നു:-

ബർക്കാർട്ട് തനിക്ക് കിട്ടിയ കുറിപ്പ് നീച്ചയുടെ പഴയ സുഹൃത്തായ ദൈവശാസ്ത്രജ്ഞൻ ഫ്രാൻസ് ഓവർബെക്കിനെ കാണിച്ചു. അടുത്തദിവസം തന്നെ അതേമാതിരി ഒരു കുറിപ്പ് ഓവർബെക്കിനും കിട്ടി. നീച്ചയെ ബാസലിലേക്ക് മടക്കികൊണ്ടുവരാൻ സുഹൃത്തുക്കൾ മുൻകൈ എടുക്കേണ്ടതാണെന്ന് ഓവർബെക്ക് തീരുമാനിച്ചു. അദ്ദേഹം ടൂറിനിൽ ചെന്ന് നീച്ചയെ ബാസലിലേക്ക് കൊണ്ടുവരുകയും ഒരു മാനസികരോഗ ചികിത്സാകേന്ദ്രത്തിലാക്കുകയും ചെയ്തു. അപ്പോഴേക്ക് നീച്ച പൂർണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു. നീച്ചയെ ജർമ്മനിയിൽ ജേനയിലേക്ക് കൊണ്ടുപോകാനും അവിടെ, പ്രശസ്തമനഃശാസ്ത്രജ്ഞനും ജേന സർവകലാശാലയിലെ മനഃശാസ്ത്രവിഭാഗത്തിന്റെ തലവനുമായ ഓട്ടോ ബിൻസ്വാഞ്ചറുടെ മേൽനോട്ടത്തിലുള്ള ഒരാശുപത്രിയിൽ പ്രവേശിപ്പിക്കാനും അമ്മ ഫ്രാൻസെസ്കാ തീരുമാനിച്ചു. 1889 നവംബർ മുതൽ 1890 ഫെബ്രുവരി വരെ കലാചരിത്രകാരൻ ജൂലിയസ് ലാങ്ങ്‌ബെൻ നീച്ചയെ ചികിത്സിക്കാൻ ശ്രമിച്ചു. നീച്ചയുടെ അവസ്ഥ വൈദ്യശാസ്ത്രത്തിന് ചികിത്സിക്കാവുന്നതരത്തിലുള്ളതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ക്രമേണ ലാങ്ങ്‌ബെൻ നീച്ചയുടെ മേൽ കൂടുതൽ നിയന്ത്രണം നേടിയെടുത്തു. എന്നാൽ എന്നാൽ തന്റെ 'ചികിത്സ' യുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനുള്ള ലാങ്ങ്‌ബെന്നിന്റെ വൈമനസ്യം അദ്ദേഹത്തിൽ മറ്റുള്ളവർക്ക് വിശ്വാസം ഇല്ലാതാക്കി. 1890 മാർച്ചിൽ ഫ്രാൻസെസ്കാ നീച്ചയെ ആശുപത്രിയിൽ നിന്ന് നാംബെർഗ്ഗിലുള്ള വീട്ടിൽ കൊണ്ടുവന്നു.

ഇതിനിടെ നീച്ചയുടെ പ്രസിദ്ധീകരിക്കപ്പെടാത്ത രചനകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓവർബെക്കും പീറ്റർ ഗാസ്റ്റും ആലോചിച്ചു. 1889 ജനുവരിയിൽ തന്നെ അവർ, അതിനകം അച്ചടിപൂർത്തിയായിക്കഴിഞ്ഞിരുന്ന "വിഗ്രഹങ്ങളുടെ സായന്തനം" പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരിയിൽ "നീച്ച വാഗ്നർക്കെതിരെ" എന്ന പുസ്തകത്തിന്റെ 50 പ്രതികൾ സ്വകാര്യവായനയ്ക്കായി അച്ചടിക്കാൻ ഏർപ്പാടാക്കി. എന്നാൽ പ്രസാധകൻ സി.ജി. നൗമാൻ രഹസ്യമായി 100 പ്രതികൾ അച്ചടിച്ചു. ക്രമേണ നീച്ചയുടെ രചനകളുടെ സ്വീകാര്യതയും അംഗീകാരവും ആദ്യമായി കൂടാൻ തുടങ്ങി. കൂടുതൽ വിവാദപരമായ ഉള്ളടക്കമുള്ള 'അന്തിക്രിസ്തു", "ഇതാണ് ആ മനുഷ്യൻ" എന്നിവയുടെ പ്രസിദ്ധീകരണം തൽക്കാലം വേണ്ടെന്നാണ് ഓവർബെക്കും ഗാസ്റ്റും തീരുമാനിച്ചത്.

 
പീറ്റർ ഗാസ്റ്റ്, മനോവിഭ്രാന്തിയിലായിക്കഴിഞ്ഞ് നീച്ചയുടെ സമ്മതം കിട്ടാൻ നിവൃത്തിയില്ലതിരുന്നപ്പോൾ പോലും അദ്ദേഹത്തിന്റെ രചനകളിൽ 'തിരുത്തൽ' വരുത്തുക പതിവായിരുന്നു. — പിൽക്കാല നീച്ച പണ്ഡിതന്മാർ ഇതിനെ വിമർശിച്ചിട്ടുണ്ട് - "ഇതാണ് ആ മനുഷ്യൻ" എന്ന കൃതിയുടെ കൈയെഴുത്തുപ്രതിയുടെ ഈ ഭാഗത്ത് കാണുന്ന തിരുത്തലുകളിൽ രണ്ടെണ്ണം ഗാസ്റ്റിന്റെ കൈപ്പടയിലാണ്.

1893-ൽ ഭർത്താവിന്റെ ആത്മഹത്യയെതുടർന്ന്, നീഷയുടെ സഹോദരി പരാഗ്വേയിലെ 'നവജർമ്മനി'യിൽ നിന്ന് മടങ്ങിവന്നു. അവർ നീച്ചയുടെ രചനകൾ ഒന്നൊന്നായി പഠിച്ച് ആ കൃതികളുടേയും അവയുടെ പ്രസിദ്ധീകരണത്തിന്റേയും നിയന്ത്രണം ഏറ്റെടുത്തു. ഓവർബെക്കിനെ എലിസബത്ത് പറഞ്ഞുവിട്ടു. പീറ്റർ ഗാസ്റ്റ് അവരുമായി സഹകരിക്കാൻ സമ്മതിച്ചു. 1897-ൽ അവരുടെ അമ്മ ഫ്രാൻസെസ്കായുടെ മരണത്തിനുശേഷം നീച്ച വെയ്മറിൽ എലിസബത്തിന്റെ നോട്ടത്തിലാണ് ജീവിച്ചത്. ആശയവിനിമയം നടത്തുന്നത് നിർത്തിയിരുന്ന സഹോദരനെ അവർ ശുശ്രൂഷിക്കുകയും അദ്ദേഹത്തെ കാണാൻ, ആസ്ട്രേലിയൻ തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്ന റുഡോൾഫ് സ്റ്റീനറെപ്പോലുള്ള സന്ദർശകരെ അനുവദിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ എലിസബത്ത്, സഹോദരന്റെ തത്ത്വചിന്ത തന്നെ പഠിപ്പിക്കാൻ സ്റ്റീനറെ ഏർപ്പാടാക്കുകപോലും ചെയ്തു. ഏതാനും മാസം കഴിഞ്ഞ്, എലിസബത്തിനെ തത്ത്വചിന്തയെക്കുറിച്ച് എന്തെങ്കിലും പഠിപ്പിക്കുക അസാദ്ധ്യമാണെന്നു പറഞ്ഞ് സ്റ്റീനർ വിട്ടുപോയി.[21]

നീച്ചയുടെ മനോവിഭ്രാന്തിക്ക് കാരണമായത് സിഫിലിസ് ബാധ ആയിരുന്നെന്ന് പരക്കെ വിശ്വാസമുണ്ട്. മാനസികതകർച്ചക്കുപിന്നിൽ തത്ത്വചിന്ത ആയിരുന്നു എന്ന വാദം മിക്കവരും അംഗീകരിക്കുന്നില്ല. എന്നാൽ സ്വന്തം തത്ത്വചിന്തയിൽ നിന്നുണ്ടായ മാനസിക അസന്തുലനമാണ് നീച്ചയെ തകർത്തതെന്ന് ചിലരെങ്കിലും വാദിച്ചിട്ടുണ്ട്.[22][23] മസ്തിഷ്കാർബുദമാണ് നീച്ചക്ക് മാനസികവിഭ്രാന്തി വരുത്തിയതെന്നും ഒരു വാദമുണ്ട്.[24]

1898-ലും 99-ലും ഉണ്ടായ ഹൃദയാഘാതങ്ങളെ തുടർന്ന് നീച്ചക്ക് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു. 1900 ഓഗസ്റ്റ് മദ്ധ്യത്തിൽ ന്യൂമോണിയ ബാധിച്ചിരിക്കെ, അഗസ്റ്റ് 24 രാത്രിയിൽ മറ്റൊരാഘാതം കൂടി അനുഭവപ്പെടുകയും ഓഗസ്റ്റ് 25 ഉച്ചയോടെ മരിക്കുകയും ചെയ്തു.[25] എലിസബത്ത്, നീച്ചയെ, റോക്കനിനെ പള്ളിയിൽ അവരുടെ പിതാവിനെ സംസ്കരിച്ചിരുന്നതിനടുത്ത് സംസ്കരിക്കാൻ ഏർപ്പാടുചെയ്തു. നീച്ചയുടെ ശിഷ്യനും സുഹൃത്തുമായിരുന്ന പീറ്റർ ഗാസ്റ്റാണ് ചരമപ്രസംഗം നടത്തിയത്. "നിന്റെ നാമം വരും തലമുറകൾക്കെല്ലാം പരിശുദ്ധമായിരിക്കും" എന്നാണ് ഗാസ്റ്റ് തന്റെ സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്. [ക]

നീച്ചയുടെ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന നോട്ടുപുസ്തകങ്ങളിലെ കുറിപ്പുകളിൽ നിന്ന് എലിസബത്ത് 'അധികാരേച്ഛ' (Will to Power) എന്ന കൃതി സമാഹരിച്ച് നീച്ചയുടെ മരണശേഷം പ്രസിദ്ധീക്കരിച്ചു. നീച്ചയുടെ കുറിപ്പുകളുടെ ക്രമീകരണം എലിസബത്ത് തനിക്ക് തോന്നിയവിധമാണ് ചെയ്തത്. ലഭ്യമായ വിവരങ്ങളുടെ ഉപയോഗത്തിൽ അവർ എടുത്ത സ്വാതന്ത്ര്യം മൂലം ആ കൃതിക്ക് കിട്ടിയത് നീച്ച ഉദ്ദേശിച്ച രൂപമല്ല എന്നാണ് പൊതുവേ അഭിപ്രായം. നീച്ചയുടെ രചനാശേഖരം പിന്നീട് സംശോധനചെയ്ത് മസീനോ മൊണ്ടിനാറി, 'അധികാരേച്ഛ' ഒരു കൃത്രിമരചനയാണെന്നും, നീച്ചയുടേതായി അങ്ങനെയൊരു കൃതി ഉണ്ടായിട്ടില്ല എന്നും കരുതി.

തത്ത്വചിന്ത

തിരുത്തുക
 
ഫ്രീഡ്രിക്ക് നീച്ച, 1882-ൽ

നീച്ചയുടെ സക്രിയജീവിതകാലത്ത് അദ്ദേഹത്തിന്റെ രചനകൾ വ്യാപകമായി വായിക്കപ്പെട്ടിരുന്നില്ല. എന്നാൽ 1888-ൽ ഡാനിഷ് വിമർശകൻ ജോർജ് ബ്രാൻഡസ് കോപ്പൻഹേഗൻ സർവകലാശാലയിൽ നീച്ചയുടെ ചിന്തകളെക്കുറിച്ച് നടത്തിയ പ്രഭാഷണപരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. 1894-ൽ ലൗ അന്ദ്രേ സലോമി, "ഫ്രീഡ്രീക്ക് നീച്ച തന്റെ കൃതികളിൽ" എന്നപേരിൽ ഒരു പുസ്തകം പ്രസീദ്ധീകരിച്ചു.[ഖ] നീച്ചയുടെ മരണത്തെ തുടർന്നുവന്ന വർഷങ്ങളിൽ, ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്കുള്ള പരിഭാഷകൾ മൂലം, അദ്ദേഹത്തിന്റെ രചനകൾ വ്യാപകമായി വായിക്കപ്പെടാൻ തുടങ്ങി. അമേരിക്കയിൽ നീച്ചയുടെ രചനകൾ, വാൾട്ടർ കൗഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭ്യമായി. 1950-ൽ തുടങ്ങി, പല പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ട "നീച്ച: തത്ത്വചിന്തകനും, മനോവിജ്ഞാനിയും, അന്തിക്രിസ്തുവും" എന്ന കൃതിയും കൗഫ്മാന്റേതായുണ്ടായിരുന്നു. നാലുവാല്യങ്ങളു ള്ള ഒരു ഗ്രന്ഥം നീച്ചയെക്കുറിച്ചെഴുതിയ മാർട്ടിൻ ഹൈഡഗർ ഉൾപ്പെടെ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ചിന്തകന്മാരിൽ പലരും ദർശനത്തെക്കുറിച്ച് രചനകൾ നടത്തി. തങ്ങളുടെ ചിന്തയെ നീച്ച മൗലികമായി സ്വാധീനിച്ചതായി സമ്മതിച്ച ചിന്തകന്മാരുടെ എണ്ണം അതിലും അധികമായിരുന്നു. ജീൻ പോൾ സാർത്രെ, മൈക്കേൾ ഫുക്കോ, ഡെറിഡാ എന്നിവർ ഇതിലുൾപ്പെട്ടിരുന്നു.

നീച്ചയുടെ രചനകൾ ഇന്നും വിവാദപരമാണ്. അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. നീച്ചയെ വ്യാഖ്യാനിക്കുന്നതിലുള്ള ഒരു പ്രശ്നം, അദ്ദേഹത്തിന്റെ തത്ത്വചിന്താരചനകളിലെ അങ്ങേയറ്റം പ്രകോപനകരമായ ശൈലിയാണ്. "ചുറ്റികകൊണ്ട് തത്ത്വവിചാരം നടത്തുന്നവൻ" (Philosopher of the hammer) എന്നാണ് നീച്ച സ്വയം വിശേഷിപ്പിച്ചത്. ക്രിസ്തുമതത്തേയും, അംഗീകൃതചിന്തകന്മാരായ പ്ലേറ്റോ, കാന്റ് തുടങ്ങിയവരേയും ദൈവദൂഷണസമാനം പ്രകോപനപരമായ ശൈലിയിൽ അദ്ദേഹം വിമർശിച്ചു. ഇതുളവാക്കിയ പ്രതിക്ഷേധത്തിന്റെ ആഴം മനസ്സിലാക്കാൻ പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ മനോഭാവം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. തന്റെ വാദങ്ങളിൽ അദ്ദേഹം വ്യക്തിപരമായ ആക്രമണങ്ങളും, വൈകാരികമായ ആഹ്വാനങ്ങളും ഉപയോഗിച്ചു. ആപ്തവാക്യശൈലിയിൽ എഴുതിയകൃതികളിൽ പ്രത്യേകിച്ചും, ഒരു വാദത്തിൽ നിന്ന് മറ്റൊന്നിലേക്ക്, ആശയങ്ങൾ തമ്മിൽ പ്രകടമായ യുക്തിബന്ധമൊന്നുമില്ലാതെയുള്ള ചാട്ടം കാണാം. കൊടുമുടിയിൽ നിന്ന് കൊടുമുടിയിലേക്കുള്ള കുതിപ്പ് എന്നാണ് നീച്ച ഈ രീതിയെ വിശേഷിപ്പിച്ചത്. നീച്ചയുടെ ശൈലിയുടെ ഈ സവിശേഷതകൾ തത്ത്വചിന്താരചനകളിലെ പരമ്പരാഗത രീതികൾക്ക് വിപരീതമായിരുന്നത്, അക്കാലത്തെ അക്കഡമിക്ക് സമൂഹത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റി. ഒരളവുവരെ ആ അകലം ഇന്നും നിലനിൽക്കുന്നു. നീച്ചയുടെ ചിന്തയെ അസ്ഥിരവും, യഥാർഥതത്ത്വചിന്തയെന്നതിനുപകരം ഭാവനാവ്യാപാരവും, ആയി പല അനലറ്റിക് തത്ത്വചിന്തകന്മാരും വിലയിരുത്തുന്നുവെന്നത് അതിന് തെളിവാണ്.

നീച്ചയെ കാര്യമായി പഠിക്കുന്നവർ പ്രത്യേകം പരിഗണിക്കാറുള്ള അദ്ദേഹത്തിന്റെ ചിന്തയിലെ പ്രമേയങ്ങളിൽ ചിലത്, സദാചാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്, ദൈവം മരിച്ചുവെന്നും ലോകത്തിന്റെമേലുള്ള ദൈവപരിപാലനയിലെ വിശ്വാസത്തിന്റെ കാലം കഴിഞ്ഞുവെന്നുമുള്ള വാദം, അധികാരേച്ഛയെക്കുറിച്ചും അതിമനുഷ്യനെക്കുറിച്ചും, പ്രത്യാഗമനനൈരന്തര്യത്തെക്കുറിച്ചും(eternal return) ഉള്ള ആശയങ്ങൾ തുടങ്ങിയവയാണ്.

സദാചാരം

തിരുത്തുക

തന്റെ "സദാചാരത്തിനെതിരായുള്ള സമരം" നീച്ച തുടങ്ങുന്നത് 'പുലരി' എന്ന കൃതിയിലാണ്.[26] അദ്ദേഹം സ്വയം 'ദുരാചാരി' എന്നുവിശേഷിപ്പിക്കുകയും നിലവിലുണ്ടായിരുന്ന സന്മാർഗവ്യവസ്ഥകളായ ക്രിസ്തുമതം, കാന്റിന്റെ ധാർമ്മികവ്യവസ്ഥ, പ്രയോജനവാദം എന്നിവയെ നിശിതമായി വിമർശിക്കുകയും ചെയ്തു. അതേസമയം സദാചാരത്തെ ഇല്ലാതാക്കുകയായിരുന്നില്ല നീച്ചയുടെ ലക്‌ഷ്യം. യഹൂദ-ക്രൈസ്തവ മൂല്യവ്യവസ്ഥയുടെ പുനർനിർണ്ണയത്തിൽ തുടങ്ങി, ജീവന്റെ അടിസ്ഥാനചോദനകളെ ആധാരമാക്കിയ കൂടുതൽ സ്വാഭാവികവും ജീവഗന്ധിയുമായ മൂല്യസങ്കല്പത്തിലെത്താനാണ് നീച്ച ആഗ്രഹിച്ചത്.

സദാചാരത്തിന്റെ വികാസചരിത്രം നീച്ചക്ക് പ്രധാനമായിരുന്നു. ആ ചരിത്രം അദ്ദേഹം പറയുന്നത് ഒരു വംശാവലിവിവരണത്തിലൂടെയാണ്. ഇതനുസരിച്ച്, ആദ്യത്തെ സദാചാരവ്യവസ്ഥ 'യജമാനസദാചാരം' (Master Morality) ആയിരുന്നു. ഹോമറിന്റെ ഇതിഹാസങ്ങൾ വരുച്ചുകാട്ടുന്ന ഗ്രീസിലെ വ്യവസ്ഥ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇതിൽ മൂല്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നല്ലതും ചീത്തയും തമ്മിലുള്ള വൈരുദ്ധ്യത്തിൽ നിന്നാണ്. സമ്പത്ത്, ശക്തി, ആരോഗ്യം, അധികാരം തുടങ്ങി, ഹോമറിന്റെ നായകന്മാരിൽ കണ്ടിരുന്ന ഗുണങ്ങൾ നല്ലതായി എണ്ണപ്പെടുന്നു. അടിമയുടെ രോഗ-ദാരിദ്ര്യ-ദൗർബ്ബല്യങ്ങളും അവയിൽ നിന്നുണ്ടാകുന്ന പരിതാപാവസ്ഥയും ചീത്ത ഗുണങ്ങളായും കണക്കാക്കപ്പെടുന്നു.

ഇതിന് വിപരീതമായ 'അടിമസദാചാരം', യജമാന സദാചാരത്തോടുള്ള പ്രതിക്ഷേധത്തിൽ നിന്ന് ജനിക്കുന്നതാണ്. അടിമസദാചാരത്തിന്റെ ഉല്പത്തിയെ നീച്ച യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങളുമായി ബന്ധപ്പെടുത്തി. ഇവിടെ മൂല്യങ്ങൾ ജനിക്കുന്നത് നന്മയും തിന്മയും തമ്മിലുള്ള താരതമ്യത്തിൽ നിന്നാണ്. ഇതിൽ കരുണ, ഭക്തി, ഇന്ദ്രിയനിഗ്രഹം, വിനീതഭാവം, വിധേയത്വം മുതലായവ നന്മകളായും; ക്രൂരത, സ്വാർഥത, സമ്പന്നത, ഭോഗപരത, ആക്രമണോത്സുകത തുടങ്ങിയവ തിന്മകളായും എണ്ണപ്പെടുന്നു. അടിമസദാചാരം, യജമാനന്മാരുടെ മൂല്യവ്യവസ്ഥയെ അട്ടിമറിച്ച് സ്വന്തം അധികാരം സ്ഥാപിക്കാനായി, റോമൻ ആധിപത്യത്തിൽ കീഴിലെ യഹൂദരേയും ക്രൈസ്തവരേയും പോലുള്ള അടിമ-ദുർബ്ബല വിഭാഗങ്ങൾ പ്രയോഗിച്ച സൂത്രമായിരുന്നെന്ന് നീച്ച കരുതി. തങ്ങളുടെ ദുർബ്ബലാവസ്ഥയെ വിശദീകരിക്കാനും സമൂഹത്തെ മുഴുവൻ അടിമശൈലിയിൽ രൂപപ്പെടുത്താനും ഈ വിഭാഗങ്ങൾ അടിമസദാചാരത്തെ ആയുധമാക്കി.

അടിമസദാചാരത്തെ യൂറോപ്പിനെ പിടികൂടിയ സാമൂഹ്യവിപത്തായി നീച്ച കണക്കാക്കി. വെറുപ്പിലും, അപരനെ തിന്മയായികണ്ട് അപലപിക്കുന്നതിലും അല്ലാതെ മറ്റൊന്നിലും അടിസ്ഥാനമില്ലാത്ത മൂല്യവ്യവസ്ഥയാണത്. സ്നേഹവും ദയയും പ്രസംഗിക്കുന്ന ക്രിസ്ത്യാനികൾ തന്നെ, സദാചാരത്തിന്റെ വിലക്കുകൾ മൂലം തങ്ങൾ പരസ്യമായി ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന്റെ പേരിൽ മറ്റുള്ളവരെ നിന്ദിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുവെന്ന് നീച്ച കരുതി. ഇത് ക്രിസ്തീയതയെ ഒരുതരം കാപട്യമാക്കുന്നു. ലോകത്തിലെ ശക്തന്മാരോട്, അവർ എടുത്തണിഞ്ഞിരിക്കുന്ന ചങ്ങലകൾ വലിച്ചെറിഞ്ഞ്, അവരുടെ ശക്തിക്കും, ആരോഗ്യത്തിനും, ജീവചൈതന്യത്തിനും ഇണങ്ങുംവിധം ജീവിക്കാൻ നീച്ച ആവശ്യപ്പെട്ടു.[27]

ക്രിസ്തുമതത്തിന്റെ വിമർശനം

തിരുത്തുക
 
'അന്തിക്രിസ്തു'വിന്റെ കൈയെഴുത്തുപ്രതിക്ക് നീച്ച ഉണ്ടാക്കിയ രണ്ടു പുറംതാളുകൾ: ഇടതുവശത്തേത് 'അന്തിക്രിസ്തു', "മൂല്യങ്ങളുടെ പുനർനിർണ്ണയം" എന്ന പേരിൽ നാലുഭാഗങ്ങളുള്ള ഒരു കൃതിയുടെ ഒന്നാം ഭാഗമായിരി‍ക്കുമെന്ന് കരുതിയപ്പോൾ എഴുതിയതാണ്. നാലുഭാഗങ്ങളുള്ള ഗ്രന്ഥമെന്ന പദ്ധതി ഉപേക്ഷിച്ച ശേഷം ഉണ്ടാക്കിയ പുറംതാളാണ് വലതുവശത്ത്. അതിൽ "മൂല്യങ്ങളുടെ പുനർനിർണ്ണയം" എന്ന് ആദ്യം ഉപശീർഷകമായി കൊടുത്തിരുന്നു. പിന്നീട് അത് വെട്ടി, "ക്രിസ്തുമതത്തിന് ശാപം" എന്നെഴുതി.

ക്രിസ്തുമതത്തെക്കുറിച്ച് നീച്ച പ്രകടിപ്പിച്ച വീക്ഷണങ്ങൾ അദ്ദേഹത്തിന്റെ സദാചാരചിന്തയുടെ ഒരു പ്രധാനഭാഗമായിരുന്നു. ക്രിസ്തുമതത്തെ ആധുനികകാലത്ത് ഏറ്റവും നിശിതമായി വിമർശിച്ചവരിൽ ഒരാളായിരുന്നു നീച്ച. പിടിപ്പുകെട്ടവരുടേയും പരാജിതരുടേയും പ്രതിഷേധത്തിൽ നിന്ന് ഉറവെടുത്ത, വിസർജ്ജ്യഘടകങ്ങൾ നിറഞ്ഞ ചീയലിന്റെ പ്രസ്ഥാനമെന്ന് നീച്ച അതിനെ വിശേഷിപ്പിച്ചു. യഹൂദന്മാർ തുടങ്ങിവച്ച പ്രതിക്ഷേധത്തെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നത്, യാതൊരുസത്യസന്ധതയുമില്ലാതിരുന്ന പൗലോസ് അപ്പസ്തോലനെപ്പോലുള്ള വിശുദ്ധ അപസ്മാരരോഗികളാണ്. കുലീനതതൊട്ടുതീണ്ടിയില്ലാത്ത തരം ജനുസിലെ മനുഷ്യന് മാത്രം ചേരുന്ന സുവിശേഷമെന്ന് പുതിയനിയമത്തെ നീച്ച വിശേഷിപ്പിച്ചു. എക്കാലത്തേയും ഏറ്റവും മാരകവും വിഭ്രാമകവും ആയ നുണയാണ് ക്രിസ്തുമതം. ക്രിസ്തുമതത്തിലെ ആദർശമനുഷ്യനെപ്പോലെ ഒരാൾ ഒരിക്കലും ഉണ്ടായിട്ടില്ല. റോമൻ ചരിത്രകാരനായ പ്ലൂട്ടാർക്ക് എഴുതിയ മഹത്ജീവിതചരിത്രങ്ങൾ വായിച്ചാൽ അത് വ്യക്തമാകും.[28]

പൗലോസിനേയും ക്രിസ്തുമതത്തേയും വിമർശിക്കുമ്പോഴും നീച്ച യേശുവിനെ വിമർശിക്കുന്നില്ല. "യേശു, നല്ലവരും നീതിമാന്മാരുമെന്നവകാശപ്പെട്ടവരുടെ അടുത്തേക്ക് വരാതെ വരാതെ മരുഭൂമിയിൽ തന്നെ കഴിഞ്ഞിരുന്നെങ്കിൽ, ഭൂമിയെ സ്നേഹിക്കുവാനും പുഞ്ചിരിക്കുവാനും പഠിക്കുമായിരുന്നു" എന്ന് അദ്ദേഹം 'സരത്തുസ്ട്രാ' യിൽ എഴുതി. "ദൈവരാജ്യം നിങ്ങൾക്കുള്ളിലാണ്" എന്ന യേശുവിന്റെ വചനം നീച്ച 'അന്തിക്രിസ്തു'വിൽ അംഗീകാരപൂർവം ഉദ്ധരിക്കുന്നു. നിത്യജീവിതം ഇവിടെത്തന്നെയാണ്, ഇല്ലാത്ത മറ്റൊരു ലോകത്തിലല്ല എന്ന വ്യാഖ്യാനമാണ് അദ്ദേഹം ആ വ്യാക്യത്തിന് അതിൽ നൽകിയത് എന്നുമാത്രം.

ദൈവത്തിന്റെ മരണം

തിരുത്തുക

സന്തുഷ്ടശാസ്ത്രം(The Gay Science) പോലുള്ള പല രചനകളിലും നീച്ച "ദൈവം മരിച്ചു" എന്ന് പ്രഖ്യാപിക്കുന്നുണ്ട്. നീച്ചയുടെ ഏറ്റവും അറിയപ്പെടുന്ന വാക്യങ്ങളിലൊന്നാണത്. ഈ പ്രസ്താവന അടിസ്ഥാനമാക്കി മിക്കവരും [29] അദ്ദേഹത്തെ കണക്കാക്കുന്നത് നിരീശ്വരവാദിയായാണ്. ശാസ്ത്രത്തിന്റെ മുന്നേറ്റവും സമൂഹത്തിന്റെ മതേതരവൽക്കരണവും ചേർന്ന്, ആയിരത്തിലേറെക്കൊല്ലക്കാലം പാശ്ചാത്യമനുഷ്യന് അർത്ഥത്തിന്റേയും മൂല്യത്തിന്റേയും അടിസ്ഥാനമായിരുന്ന ക്രൈസ്തവദൈവത്തെ കൊന്നു എന്ന് നീച്ച പ്രഖ്യാപിച്ചു.

വീക്ഷണകോണവാദം

തിരുത്തുക

ദൈവത്തിന്റെ മരണം ക്രമേണ, എല്ലാത്തിനേയും വിലയിരുത്താൻ പറ്റിയ സാർവത്രികമായ വീക്ഷണകോണത്തിന്റേയും അതോടൊപ്പം വസ്തുനിഷ്ഠമായ സത്യമെന്ന സങ്കല്പത്തിന്റേയും തിരോധാനത്തിൽ കലാശിക്കുമെന്ന് നീച്ച കരുതി.[30] അവയുടെ സ്ഥാനത്ത് അവശേഷിക്കുക നമുക്ക് വ്യക്തിപരമായുള്ള അനേകം ചഞ്ചലവീക്ഷണങ്ങളുടെ വൈവിദ്ധ്യമാണ്. ഈ നിലപാട് 'വീക്ഷണകോണവാദം' (perspectivism) എന്നറിയപ്പെടുന്നു.

സർവനിഷേധവാദം

തിരുത്തുക

മറ്റൊരുവഴിക്ക്, ദൈവത്തിന്റെ മരണം കേവലമായ വീക്ഷണകോണവാദത്തിനപ്പുറം ഒരുതരം സർവനിഷേധമായി (നിഹിലിസം ) ഒന്നിനും എന്തെങ്കിലും പ്രാധാന്യമോ, ജീവിതത്തിന് ലക്‌ഷ്യമോ ഇല്ലെന്ന നിലപാടായേക്കാം. ഹൈഡഗർ ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു. "എല്ലത്തിന്റേയും ഇന്ദ്രിയാതീതമായ അടിസ്ഥാനവും ലക്‌ഷ്യവുമായ ദൈവം മരിച്ചെങ്കിൽ, ഇന്ദ്രിയാതീതമായ ആശയങ്ങളുടെ ലോകത്തിന്റെ ജീവനും വികാസത്തിനും ആവശ്യമായിരന്ന ശക്തി നശിച്ചെങ്കിൽ, മനുഷ്യന് ആശ്രയത്തിന് അള്ളിപ്പിടിക്കാനും വഴികാട്ടിയുമായി സ്വീകരിക്കാനും ഒന്നുമില്ല."[31] "സരത്തുസ്ട്രാ ഇങ്ങനെ പറഞ്ഞു" എന്ന കൃതിയിൽ ഈ ആശയത്തെ കൂടുതൽ വികസിപ്പിച്ച്, നീച്ച മൂല്യങ്ങളുടെ സ്രഷ്ടാവായ അതിമനുഷ്യൻ(Ubermensch) എന്ന സങ്കല്പത്തിലെത്തിച്ചേർന്നു. ലാമ്പെർട്ടിന്റെ അഭിപ്രായത്തിൽ "ദൈവത്തിന്റെ മരണത്തെ തുടർന്നുണ്ടാവുക, വിശ്വാസവും നിഷേധവാദവും ഒന്നിച്ചുനിൽക്കുന്ന ഒരു ദിനപ്പകർച്ചയാണ്(Twilight of piety and nihilism). സരത്തുസ്ട്രാ അതിമനുഷ്യനെ സമ്മാനിച്ചത് അയാൾക്ക് പരിഹരിക്കാനുള്ള പ്രശ്നത്തിന്റെ സ്വഭാവമെന്താണെന്നുതന്നെ അറിഞ്ഞുകൂടാത്ത മനുഷ്യരാശിക്കാണ്.[32]

അധികാരേച്ഛ

തിരുത്തുക

മനുഷ്യവ്യക്തികളുടെ പെരുമാറ്റത്തിന്റെ വിശദീകരണത്തിന് നീച്ച ഉപയോഗിച്ച 'അധികാരേച്ഛ' എന്ന സങ്കല്പം തത്ത്വചിന്തയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഒരു പ്രധാനഘടകമാണ്. അധികാരേച്ഛ, സാഹചര്യങ്ങൾക്കൊപ്പം മാറി അതിജീവനം ഉറപ്പാക്കാനുള്ള പ്രേരണ മാത്രമല്ലെന്ന് നീച്ച പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.[33] പിൽക്കാലരചനകളിൽ അധികാരേച്ഛയെ എല്ലാ ജീവജാലങ്ങൾക്കും ബാധകമായ ഒരു ശക്തിയായാണ് നീച്ച അവതരിപ്പിച്ചത്. നിലനിൽക്കാൻ വേണ്ടി പരിസരത്തിനൊത്തുമാറാനുള്ള ത്വരയേക്കാൾ ജീവജാലങ്ങളുടെ പരിണാമത്തിന് കാരണമായിരിക്കുന്നത്, അധികാരം വികസിപ്പിക്കാനുള്ള അവരുടെ ഇച്ഛയാണന്നാണ് നീച്ച ഈ രചനകളിൽ സൂചിപ്പിച്ചത്. പിന്നീട് ഈ ആശയത്തെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോയ നീച്ച, പദാർഥത്തെ 'ബലകേന്ദ്രങ്ങൾ' എന്നതിനുപകരം 'ഇച്ഛാശക്തിയുടെ കേന്ദ്രങ്ങൾ' എന്ന് നിർവചിച്ചു. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ശക്തികൾക്കിടയിൽ അളവുകളിലുള്ള വ്യത്യാസത്തിനും, ഓരോ ശക്തിയേയും മറ്റുള്ളവയുമായുള്ള ബന്ധത്തിലേക്കു നയിക്കുന്ന ഗുണത്തിനും അടിസ്ഥാനമായിരിക്കുന്ന ഘടകമെന്ന് അധികാരേച്ഛ നിർവചിക്കപ്പെട്ടിട്ടുണ്ട്. ഈ നിർവചനത്തിൽ അത്, ശക്തികളുടെ സംശ്ലേഷണത്തിനു പിന്നിലെ തത്ത്വമാണ്(principle of synthesis of forces).[34]

ഷോപ്പൻഹോവറുടെ ജീവിതേച്ഛ എന്ന ആശയത്തോടുള്ള പ്രതികരണമായും അധികാരേച്ഛയെ കാണാം. മരണം അനിവാര്യമായ അന്തിമസത്യമാണെന്നിരുന്നിട്ടും അതിൽ നിന്നൊഴിവാകാനും പ്രത്യുല്പാദനത്തിലേർപ്പെടുവാനും പ്രേരണനൽകിക്കൊണ്ടിരിക്കുന്ന ആദിമമായ ഒരു ജീവിതേച്ഛ പ്രപഞ്ചത്തെയാകെ ഗ്രസിച്ചുനിൽക്കുന്നതായി നീച്ചക്ക് ഒരു തലമുറമുൻപ് ഷോപ്പൻഹോവർ എഴുതി. ഇതിനെ ചോദ്യം ചെയ്ത നീച്ച, മനുഷ്യരും മറ്റുജീവികളും യഥാർഥത്തിൽ ആഗ്രഹിക്കുന്നത് അധികാരമാണെന്നു വാദിച്ചു. ജീവിച്ചിരി‍ക്കുകയെന്നത് അധികാരത്തിന്റെ വികസനത്തിന് ആവശ്യമാകുന്നിടത്തോളം മാത്രം പ്രസക്തമായ ആനുഷംഗികലക്‌ഷ്യം മാത്രമാണ്. ഇതിന് തെളിവായി, മനുഷ്യരും മൃഗങ്ങളും അധികാരവർദ്ധനക്കുവേണ്ടി യുദ്ധങ്ങളിലും മത്സരപ്പോരുകളിലും മറ്റും സ്വമനസാലെ ജീവൻ അപകടത്തിലാക്കുന്നത് നീച്ച ചുണ്ടിക്കാണിക്കുന്നു. ഇവിടേയും നീച്ച, തനിക്ക് നല്ല പരിചയമുണ്ടായിരുന്ന ഹോമറുടെ ഗ്രീക്ക് ഇതിഹാസങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിക്കുന്നതായി തോന്നും. അവയിലെ കുലീനനായകന്മാർ ആഗ്രഹിച്ചത് വെറുതേ ജീവിച്ചിരിക്കാനല്ല. യുദ്ധങ്ങളിൽ ജീവൻ അപകടത്തിലാക്കി അവർ പലപ്പോഴും യുവാവസ്ഥയിൽ തന്നെ മരിച്ചിരുന്നു. അവർക്കുവേണ്ടിയിരുന്നത്, അധികാരവും, പുകഴ്ച്ചയും, മഹത്ത്വവും ആയിരുന്നു. യവനസംസ്കാരത്തിലെ മത്സരം(agon) എന്ന ആശയത്തെ ഈ സന്ദർഭത്തിൽ നീച്ച പലപ്പോഴും പരാമർശിക്കുന്നുണ്ട്.

ഷോപ്പൻഹോവറുടെ മനഃശ്ശാസ്ത്രമാനങ്ങളുള്ള സിദ്ധാന്തത്തിനുപുറമേ, അക്കാലത്ത് പ്രചാരത്തിലിരുന്ന മറ്റുപലസിദ്ധാന്തങ്ങളുമായും നീച്ച അധികാരേച്ഛയെ താരതമ്യം ചെയ്തു. എല്ലാമനുഷ്യരും അടിസ്ഥാനപരമായി ആഗ്രഹിക്കുന്നത് സന്തുഷ്ടിയാണെന്നു [ഗ] വാദിച്ച പ്രയോജനവാദികളുടേയും, നന്മയുമായോ, ദൈവവുമായോ ഉള്ള ഐക്യമാണ് മനുഷ്യരുടെ ആഗ്രഹമെന്ന് പറഞ്ഞ പ്ലേറ്റോണിസ്റ്റുകളുടേയും ക്രൈസ്തവ-നവപ്ലേറ്റോണിസ്റ്റുകളുടേയും ഒക്കെ നിലപാടുകളെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. മനുഷ്യപ്രകൃതിയുടെ പൊതുവിശദീകരണമെന്ന നിലയിൽ അധികാരേച്ഛ ഇവയെല്ലാത്തിനേയുംകാൾ വിശ്വസനീയമാണെന്ന് നീച്ച വാദിച്ചു.

അതിമനുഷ്യൻ

തിരുത്തുക

നീച്ചയുടെ ചിന്തയെ മനസ്സിലാക്കാൻ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന സങ്കല്പമാണ് 'അതിമനുഷ്യൻ'. ജർമ്മൻ ഭാഷയിൽ നീച്ച ഇതിന് ഉപയോഗിച്ച Ubermensch എന്ന് വാക്ക് അലിംഗപദമാണെങ്കിലും ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിൽ അതിന് സാധാരണ കാണാറുള്ള പരിഭാഷ പുല്ലിംഗമാണ്. അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു. നീച്ചയുടെ സങ്കല്പത്തിലെ 'അവസാനമനുഷ്യൻ'(Last Man) ജനാധിപത്യ, ബൂർഷ്വാ, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് സാമൂഹ്യ-രാഷ്ട്രീയ പദ്ധതികളിലെ 'തരംതാണ' മനുഷ്യസങ്കല്പങ്ങളുടെ ശരാശരിയുടെ അതിശയോക്തരൂപമാണെന്ന് പറയാം.[35] അതിമനുഷ്യർ എന്ന ബഹുവചനരൂപം നീച്ച ഉപയോഗിക്കുന്നതേയില്ല. അതിമനുഷ്യൻ എന്ന സങ്കല്പത്തിന് നാസികൾ കൊടുത്ത വംശീയമാനങ്ങളുള്ള വ്യാഖ്യാനം കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സുഖദുഃഖങ്ങൾ തമ്മിലുള്ള അവിഭാജ്യബന്ധം തിരിച്ചറിഞ്ഞ്, സന്തോഷസന്താപങ്ങൾക്കുപരിയും അപ്പുറവും നിലകൊള്ളുന്നവനാണ് അതിമനുഷ്യൻ എന്ന് മൈക്കേൾ ടാനർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[36]


പ്രത്യാഗമനനൈരന്തര്യം

തിരുത്തുക

നീച്ചയുടെ ആശയങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് പ്രത്യാഗമനനൈരന്തര്യം(eternal recurrence) എന്ന സങ്കല്പം. ഇതിനെ നിത്യമായ തിരിച്ചുവരവ്, നിത്യമായ ആവർത്തനം എന്നുമൊക്കെ വിളിക്കാം. ശക്തിയും ഉശിരുമുള്ള ജീവിതത്തിന് സഹായകമായ ഒരു ചിന്താപരീക്ഷണമാണ്(thought experiment) നീച്ച ഇതിലൂടെ അവതരിപ്പിക്കുന്നത് എന്ന് പറയാം. നാം നയിക്കുന്ന ജീവിതം നമ്മുടെ മരണത്തിൽ അവസാനിക്കുന്നില്ലെന്നും, അതിലെ ഓരോ നിമിഷവും നിത്യതയോളം അതേരൂപത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ് പ്രത്യാഗമനനൈരന്തര്യം വാദിക്കുന്നത്. ഈ ആശയത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നത്, ജീവിതത്തെ വിലമതിക്കേണ്ടതുപോലെ വിലമതിക്കാൻ ആറിയാതെവരുമ്പോഴാണ്. ഈ ആശയത്തെ സന്തോഷപൂർവം സ്വീകരിക്കുന്നവരുടെ ജീവിതത്തെ അത് ധന്യമാക്കുന്നു. പ്രത്യാഗമനനൈരന്തര്യം എന്ന സങ്കല്പം, 'സന്തുഷ്ടശാസ്ത്രം', "സരത്തുസ്ട്രാ ഇങ്ങനെ പറഞ്ഞു" എന്നിവയടക്കം നീച്ചയുടെ പല കൃതികളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

സ്ത്രീകളെക്കുറിച്ച്

തിരുത്തുക
 
അമ്മ ഫ്രാൻസെസ്കായോടൊത്ത് നീച്ച

സ്ത്രീകളെക്കുറിച്ച് നീച്ച പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങൾ പ്രകോപനപരവും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളവയുമാണ്. അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും. സ്ത്രീകൾ ഇനിയും സൗഹൃദത്തിന് കഴിവുള്ളവരായിട്ടില്ലെന്നും അവർ ഇപ്പോഴും പൂച്ചകളും, കിളികളും ഏറിയാൽ പശുക്കളും ആണെന്നും അദ്ദേഹം 'സരത്തുസ്ട്രാ'യിൽ എഴുതി. "പുരുഷന്മാർക്ക് യുദ്ധപരിശീലനവും സ്ത്രീകൾക്ക് യോദ്ധാവിനെ വിനോദിപ്പിക്കാനുള്ള പരിശീലനവും ആണ് നൽകേണ്ടത്. മറ്റുവാദങ്ങളൊക്കെ തട്ടിപ്പാണ്" എന്നായിരുന്നു നീച്ചയുടെ അഭിപ്രായം. പുരുഷന്മാരെ ഉദ്ദേശിച്ച് ഒരുപദേശവുമുണ്ട്: "നീ പെണ്ണിന്റെ അടുത്തുപോവുകയാണോ? ചാട്ടവാർ കൊണ്ടുപോകാൻ മറക്കരുത്." [37]

സ്ത്രീകളെക്കുറിച്ചുള്ള തന്റെ വിലയിരുത്തലിന് നീച്ച ഒരുതരത്തിലുമുള്ള തെളിവുകളും അവതരിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അനുഭവം സ്വന്തം സഹോദരി എലിസബത്തിൽ ഒതുങ്ങിനിന്നുവെന്നും പ്രസിദ്ധചിന്തകനായ ബർട്രാൻഡ് റസ്സൽ വിമർശിച്ചിട്ടുണ്ട്. പെണ്ണിന്റെ അടുത്തുപോകുമ്പോൾ ചാട്ടവർ കരുതണമെന്ന് പുരുഷന്മാരെ ഉപദേശിച്ചതിനെ റസ്സൽ ഇങ്ങനെ പരിഹസിക്കുന്നു: "പത്തുപെണ്ണുങ്ങളിൽ ഒൻപത്പേർക്കും നീച്ചയുടെ കയ്യിൽ നിന്ന് ചാട്ടവാർ പിടിച്ചുവാങ്ങാൻ കഴിയും. നീച്ചക്ക് ഇതറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം അവരിൽ നിന്ന് കഴിയുന്നത്ര ഒഴിഞ്ഞുനിൽക്കുകയും, തന്റെ വൃണിതഗർവിന്റെ സാന്ത്വനത്തിനായി, അവർക്കെതിരെ കടുത്ത വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.[38]

  • ദുരന്തകഥയുടെ ജനനം (1872)
  • സദാചാരനിരപേക്ഷമായ നേരും നുണയും (1873)
  • അസമയ ചിന്തകൾ (1876)
  • മാനുഷികം, അങ്ങേയറ്റം മാനുഷികം (1879-80)
  • പ്രഭാതം (1881)
  • സന്തുഷ്ടശാസ്ത്രം (1882)
  • സരത്തുസ്ട്രാ അങ്ങനെ പറഞ്ഞു (1883-85)
  • നന്മ-തിന്മകൾക്കപ്പുറം (1886)
  • സദാചാരത്തിന്റെ വംശാവലി (1887)
  • വാഗ്നറുടെ പക്ഷം (1888)
  • വിഗ്രഹങ്ങളുടെ സായന്തനം (1888)
  • അന്തിക്രിസ്തു (1888)
  • ഇതാണ് ആ മനുഷ്യൻ (1888)
  • നീച്ച വാഗ്നർക്കെതിരെ (1888)
  • അധികാരേച്ഛ (പ്രസിദ്ധീകരിക്കാതിരുന്ന കൈയെഴുത്തുപ്രതി സഹോദരി സംശോധന ചെയ്തത്)

നീച്ചയെ സ്വാധീനിച്ചവർ

തിരുത്തുക

ഭാഷാശാസ്ത്രജ്ഞനെന്ന നിലയിൽ നീച്ച യവന തത്ത്വചിന്തയിൽ സമഗ്രമായ അറിവുനേടിയിരുന്നു. അദ്ദേഹം കാന്റിന്റേയും മില്ലിന്റേയും ഷോപ്പൻഹോവറുടേയും രചനകളും വായിച്ചു.[39] ഇവർ പിന്നീട് തത്ത്വചിന്തയിൽ നീച്ചയുടെ മുഖ്യ എതിരാളികളായി. പിന്നീട് നീച്ച സ്പിനോസയുടെ രചനകളും വായിച്ചു. സ്പിനോസയെ നീച്ച ഒരളവുവരെ തന്റെ പൂർവഗാമിയായും [40] മറ്റൊരുവിധത്തിൽ തനിക്കിഷ്ടമില്ലാതിരുന്ന സാത്വികതയുടെ വക്താവായും കണക്കാക്കി. ലാ റോക്കെഫോക്കാൾഡിനേയും മറ്റും പോലുള്ള പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരേയും പത്തൊൻപതാം നൂറ്റാണ്ടിലെ സ്റ്റെൻധാളിനേയും നീച്ചക്ക് ഇഷ്ടമായിരുന്നു. യാഥാർഥ്യത്തെ ഒരു ജീവൽഘടനയായി കണ്ട് വിശദീകരിക്കാൻ ശ്രമിച്ച പോൾ ബോർഗെറ്റ്, റുഡോൾഫ് വിർചൗ, ആൽഫ്രെഡ് എസ്പിനാസ് തുടങ്ങിയവർ (Organicists)നീച്ചയെ സ്വാധീനിച്ചിരുന്നു. ഡാർവിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് നീച്ച, ഫ്രീഡ്രിക്ക് ലാങ്ങ് വഴി മനസ്സിലാക്കിയിരുന്നു. ലിയോ ടോൾസ്റ്റോയിയുടെ "എന്റെ മതം" ഏണസ്റ്റ് റീനാൻ എഴുതിയ "യേശുവിന്റെ ജീവിതം" ദോസ്തോവ്സ്കിയുടെ 'ഭൂതാവിഷ്ടർ' തുടങ്ങിയ കൃതികളും നീച്ച വായിച്ചിരുന്നു.[41] തനിക്ക് പഠിക്കാൻ എന്തെങ്കിലുമുള്ള ഒരേയൊരു മനഃശാസ്ത്രജ്ഞൻ എന്ന് നീച്ച ദോസ്തോവ്സ്കിയെ വിശേഷിപ്പിച്ചു. റാൽഫ് വാൾഡോ എമേഴ്സന്റെ കൃതികളോടും നീച്ചയുടെ മനോഭാവം അനുകൂലമായിരുന്നെന്ന് അദ്ദേഹത്തിന്റെ രചനകളിൽ നിന്ന് വ്യക്തമാകുന്നു.

നീച്ചയുടെ സ്വാധീനം

തിരുത്തുക

തത്ത്വചിന്തകന്മാരും പൊതുജനസംസ്കാരവും നീച്ചയുടെ രചനകളോട് പ്രതികരിച്ചത് സങ്കീർണ്ണവും വിവാദപരവുമായ രീതികളിലാണ്. വ്യക്തിവാദത്തിനും വ്യക്തിത്വവികാസത്തിനും നീച്ച 'സരത്തുസ്ട്രാ'യിൽ കൊടുത്ത ഊന്നൽ ജർമ്മൻ സമൂഹം കാലക്രമേണ തിരിച്ചറിഞ്ഞു. എന്നാൽ അവയോട് പലരും പലവിധത്തിലാണ് പ്രതികരിച്ചത്. 1890-കളിൽ ജർമ്മനിയിലെ ഇടതുപക്ഷത്തിനിടയിൽ ചിലർ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. 1894-95-ൽ യാഥാസ്ഥിതികർ അദ്ദേഹത്തിന്റെ രചനകൾ വിധ്വംസകമെന്ന് പറഞ്ഞ് അവയുടെ നിരോധനം ആവശ്യപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലം നീച്ചയുടെ രചനകൾ അരാജകത്വവാദവുമായി ബന്ധപ്പെടുത്തി അറിയപ്പെട്ടിരുന്നു. ഫ്രാൻസിലേയും അമേരിക്കൻ ഐക്യനാടുകളിലേയും അരാജകത്വവാദികൾക്കിടയിൽ നീച്ചക്ക് സ്വാധീനമുണ്ടായിരുന്നുവെന്ന് തോന്നുന്നു.[42]

ഒന്നാംലോകമഹായുദ്ധസമയമായപ്പോൾ ജർമ്മനിയിലെ വലതുപക്ഷ സൈനികവാദത്തിന്റെ പ്രചോദകനായി അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. യുദ്ധത്തിനിടെ ജർമ്മൻ പട്ടാളക്കാർക്ക് 'സരത്തുസ്ട്രാ'യുടെ പ്രതികൾ സമ്മാനമായി കൊടുക്കുവാൻ പോലും തുടങ്ങി.[43] നീച്ചയെക്കുറിച്ചുള്ള ധാരണകളുടെ ഒരു ചിത്രം, യഹൂദവംശജനായിരുന്ന ആൽഫ്രഡ് ഡ്രൈഫസ് എന്ന ഫ്രഞ്ച് സൈനികോദ്യോഗസ്ഥനെ നിരപരാധിയായിരുന്നിട്ടും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്തു ശിക്ഷിച്ച സംഭവത്തിൽ നിന്ന് കിട്ടും. ഡ്രൈഫസിനെ പിന്തുണച്ച യഹൂദ-ഇടതുപക്ഷ ബുദ്ധിജീവികളെ, വലതുപക്ഷത്തെ യഹൂദവിരുദ്ധന്മാർ വിളിച്ചത് 'നീച്ചയന്മാർ' (Nietzscheans) എന്നാണ്.[44]

ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ സ്വേച്ഛാപതികളായ സ്റ്റാലിൻ[45], ഹിറ്റ്ലർ[46], മുസ്സോലിനി[47] തുടങ്ങിയവർ നീച്ചയുടെ കൃതികൾ വായിച്ചിരുന്നു. നാത്‌സികൾ നീച്ചയുടെ തത്ത്വചിന്തയിൽ തങ്ങൾക്ക് ഇഷ്ടമുള്ളത് സ്വീകരിച്ചു. നാത്‌സി ആശയസംഹിതയുമായുള്ള ഈ ബന്ധം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നീച്ചയുടെ ജനസമ്മതിയെ ബാധിച്ചു.

ഏതായാലും നീച്ചയുടെ ചിന്തകൾ മൈക്കേൾ ഫുക്കോ, ഷാക്ക് ഡെറിഡാ, മാർട്ടിൻ ഹൈഡഗർ, ആൽബർട്ട് കാമ്യു, ജീൻ പോൾ സാർത്രെ എന്നിവരുൾപ്പെടെയുള്ള പിൽക്കാല ചിന്തകന്മാരെ കാര്യമായി സ്വാധീനിച്ചു. ആംഗല-അമേരിക്കൻ പാരമ്പര്യത്തിൽ വാൾട്ടർ കൗഫ്മാന്റേയും ആർ.ജെ. ഹോളിങ്ങ്‌ഡേലിന്റെയും പഠനങ്ങൾ ഒരു തത്ത്വചിന്തകനെന്ന നിലയിൽ നീച്ചക്ക് പുന:പ്രതിഷ്ഠ നൽകി. നീച്ചയുടെ "ഉപരിവർഗ്ഗ തീവ്രവാദത്തെ" സമാനതാവാദമായി ദുർവ്യാഖ്യാനമാക്കുന്ന ജനകീയവ്യാഖ്യാനത്തെ വിമർശിക്കുന്ന ഒരു ന്യൂനപക്ഷം നീച്ച വ്യാഖ്യാതാക്കൾ വേറേയുമുണ്ട്.

നീച്ചയുടെ സഹോദരി

തിരുത്തുക

തന്റെ സഹോദരി എലിസബത്തിന് നീച്ച ഒട്ടേറെ കത്തുകൾ എഴുതിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിനൊടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും എലിസബത്ത് യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ടിരുന്നു.[48] തുടക്കം മുതലേ ആര്യൻ വംശത്തിന്റെ മേന്മയിൽ വിശ്വസിച്ചിരുന്ന എലിസബത്ത് 1880-കളിൽ യഹൂദവിരുദ്ധപ്രവർത്തകനായ ബെർണാർഡ് ബേൺഹാർഡ് ഫോർസ്റ്ററെ വിവാഹം കഴിച്ചു. അവരിരുവരും, പരാഗ്വേയിൽ നവ-ജർമ്മനി എന്ന പേരിൽ ഒരു ആര്യൻ കോളനി സ്ഥാപിക്കാനുദ്ദേശിച്ച് പുറപ്പെട്ടു.[48] അവരുടെ പദ്ധതി പ്രതീക്ഷിച്ചതുപോലെ നടപ്പായില്ല. നേരത്തേതന്നെ സഹോദരിക്ക് മുന്നറിയിപ്പ്‌കൊടുത്തിരുന്ന നീച്ചയെ അത് അത്ഭുതപ്പെടുത്തിയില്ല.[49] "ഞാൻ പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകങ്ങളുടെ വായന, അപകടകരമായ കൗതുകത്തിനൊന്നും കാരണമാകാതെ നോക്കണമെന്ന്" നീച്ച എലിസബത്തിനെഴുതിയിരുന്നു.[50] സഹോദരി തന്റെ രചനകളെ സഹോദരി ദുർവ്യഖ്യാനം ചെയ്യുകയോ, അവയ്ക്ക് ഗ്രന്ഥകാരൻ ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിക്കുന്നവരാൽ വഴിതെറ്റിക്കപ്പെടുകയോ ചെയ്തേക്കാമെന്ന ഭയമായിരുന്നു നീച്ച പ്രകടിപ്പിച്ചത്. നീച്ചയുടെ ഈ ഭയം ഒടുവിൽ യാഥാർഥ്യമായി. എലിസബത്ത്, നീച്ചയുടെ രചനകളെ തന്റെ മുൻഗണനകൾക്ക് ചേരുംവിധം വ്യാഖ്യാനിച്ചു.[51] നീച്ചയുടെ മാനസികമായ തകർച്ചക്കുശേഷം അദ്ദേഹത്തിന്റെ പ്രകാശിതവും അപ്രകാശിതവുമായ രചനകളുടെ നിയന്ത്രണം എലിസബത്ത് ഏറ്റെടുക്കുകയും അവയെ, തോന്നും‌പോലെ വ്യാഖ്യാനിക്കുകയും ചെയ്തു. നീച്ചയുടെ മരണശേഷം അവർ ഒരുപടികൂടി കടന്ന്, കൃതികളിൽ തിരുത്തലുകൾ വരുത്തുകയും ചിലതൊക്കെ പൂർണ്ണമായി മറ്റിയെഴുതുകയും ചെയ്തു. പിന്നീട് എലിസബത്ത് നാത്‌സി സർക്കാരിനെ പിന്തുണക്കുകയും നീച്ചയുടെ ചിന്തയെ നാത്‌സി ആശയസംഹിതക്കിണങ്ങും വിധം വളച്ചൊടിക്കാൻ ശ്രമിക്കുകയും ചെയ്തു.[52]

നുറുങ്ങുകൾ

തിരുത്തുക
  • നീച്ചയുടെ ജനനകാലത്ത് ഏകീകൃതജർമ്മൻ രാഷ്ട്രം രൂപവത്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നില്ല. നാട്ടുരാജ്യങ്ങളിൽ ഒന്നായ പ്രഷ്യയിലാണ് നീച്ച ജനിച്ചതെങ്കിലും ബാസലിൽ അദ്ധ്യാപകനായി ജോലി സ്വീകരിക്കാൻ വേണ്ടി പ്രഷ്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നു. എന്നിട്ടും നീച്ചയെ ഒരു ജർമ്മൻ ചിന്തകനായാണ് തത്ത്വചിന്തകന്മാരും സാധാരണക്കാരും കരുതിവരുന്നത്. തന്റെ ദേശീയതയെക്കുറിച്ച് നീച്ചയുടെതന്നെ ധാരണ വളരെ സങ്കീർണ്ണമായിരുന്നു. പൂർവികന്മാർ പോളണ്ടുകാരായിരുന്നെന്നും യാത്രകൾക്കിടയിൽ പോളണ്ടുകാരടക്കമുള്ളവർ തന്നെ ആ നാട്ടുകാരനായി കരുതാറുണ്ടെന്നും ജർമ്മനിയുടേതെന്ന് പറയാൻ തന്നിലുള്ളത് പുറം പൂച്ച് മാത്രമാണെന്നും "ഇതാണ് ആ മനുഷ്യൻ" എന്ന കൃതിയിൽ നീച്ച എഴുതിയിട്ടുണ്ട്.[53] പഴയ ജർമ്മൻ ചിന്തകന്മാരിൽ ഷോപ്പൻഹോവറുടെ കൃതികൾ മാത്രമാണ് നീച്ചയുടെ സ്വകാര്യഗ്രന്ഥശേഖരത്തിൽ ഉണ്ടായിരുന്നത് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[54]
  • ഭ്രാന്തിന്റെ കയത്തിൽ മുങ്ങിയ നീച്ചയെ അമ്മ കാണുന്ന രംഗം, യേശുവിന്റെ ശവശരീരത്തെ മേരി മടിയിൽ കിടത്തിയതായി ചിത്രീകരിക്കുന്ന മൈക്കെലാഞ്ജലോയുടെ പ്രഖ്യാതശില്പമായ പിയേത്തായെ അനുസ്മരിപ്പിക്കുമെന്ന് വിൽ ഡുറാന്റ് എഴുതിയിട്ടുണ്ട്. ഭ്രാന്ത്, നീച്ചക്ക് ജീവിതത്തിലൊരിക്കലും ലഭിക്കാതിരുന്ന ശാന്തി കൊടുത്തുവെന്നും ഡുറാന്റ് എഴുതി. ഭ്രാന്തിലേക്ക് തള്ളിവിട്ട് പ്രകൃതി അദ്ദേഹത്തോട് കരുണ കാണിക്കുകയായിരുന്നത്രെ. ആ അവസ്ഥയിൽ അദ്ദേഹം അസന്തുഷ്ടനായിരുന്നില്ല. ഒരിക്കൽ തന്നെ നോക്കി സഹോദരി കണ്ണീരൊഴുക്കുന്നതുകണ്ടിട്ട്, നീച്ചക്ക് കാരണം മനസ്സിലായില്ല. അദ്ദേഹം അവരോട് ചോദിച്ചു: "ലിസ്ബത്ത്, നമുക്ക് സന്തോഷമാണല്ലോ. പിന്നെ നീ കരയുന്നതെന്തിന്." മറ്റൊരിക്കൽ ആരോ പുസ്തകങ്ങളുടെ കാര്യം ചർച്ച ചെയ്യുന്നത് കേട്ട അദ്ദേഹം പുഞ്ചിരിച്ച്, "ഹാ!, ഞാനും ചില നല്ല പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്" എന്നു പറഞ്ഞു.[55]

കുറിപ്പുകൾ

തിരുത്തുക

ക.^ ഒരു കാലത്ത് തന്റെ പേരിൽ വിശുദ്ധി ആരോപിക്കപ്പെട്ടേക്കാമെന്ന ഭയം, നീച്ച "ഇതാണ് ആ മനുഷ്യൻ" എന്ന കൃതിയിൽ പ്രകടിപ്പിച്ചിരുന്നു.


ഖ.^ 1880-കളുടെ ആദ്യഭാഗത്ത് നീച്ചയെ അടുത്തറിഞ്ഞിരുന്ന സലോമി, അദ്ദേഹത്തെക്കുറിച്ച് വർഷങ്ങൾക്കുശേഷം 1932-ൽ വീണ്ടും എഴുതി. "തിരിഞ്ഞുനോട്ടം: സ്മരണകൾ" എന്നു പേരിട്ട ആ പുസ്തകം നീച്ച, റെയ്നർ മരിയ റിൽക്കെ, സിഗ്മണ്ട് ഫ്രോയിഡ് എന്നിവരുമായുള്ള സലോമിയുടെ ബൗദ്ധികസൗഹൃദത്തിന്റെ കഥയായിരുന്നു.

ഗ.^ അത് ഇംഗ്ലീഷുകാരന്റെ മാത്രം ആഗ്രഹമാണെന്ന് നീച്ച കരുതി.

  1. Baird, Forrest E. (2008). From Plato to Derrida. Upper Saddle River, New Jersey: Pearson Prentice Hall. pp. 1011-1014. ISBN 0-13-158591-6. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Kaufmann, Walter, Nietzsche: Philosopher, Psychologist, Antichrist, p. 22.
  3. 3.0 3.1 Schaberg, William, The Nietzsche Canon, University of Chicago Press, 1996, p. 32
  4. Jörg Salaquarda, "Nietzsche and the Judaeo-Christian tradition," in The Cambridge Companion to Nietzsche (Cambridge: Cambridge University Press, 1996), 99.
  5. അപകടത്തെക്കുറിച്ചുള്ള നീച്ചയുടെ വിവരണം കാൾ വോൺ ഗെർസ്ഡ്രോഫിനെ ജൂൺ 1868-ൽ എഴുതിയ കത്തിൽ വായിക്കാം - http://en.wikisource.org/wiki/Selected_Letters_of_Friedrich_Nietzsche#To_Freiherr_Karl_Von_Gersdorff_-_June.2C_1868
  6. നീച്ചയുടെ തെരഞ്ഞെടുത്ത കത്തുകൾ - വാഗ്നറുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച നീച്ച വിവരിക്കുന്നത് ഈ കത്തിൽ വായിക്കാം - http://en.wikisource.org/wiki/Selected_Letters_of_Friedrich_Nietzsche#To_Rohde_-_November.2C_1868
  7. Kaufmann, p. 25.
  8. Richard Schain, The Legend of Nietzsche's Syphilis (Westwood: Greenwood Press, 2001
  9. "A biography of Spir".
  10. Stephan Güntzel, "Nietzsche's Geophilosophy" Archived 2007-09-27 at the Wayback Machine., p.85 in: Journal of Nietzsche Studies 25 (Spring 2003), The Pennsylvania State University Press, University Park (Penn State), 2003-10-15; re-published on HyperNietzsche's website (in English)/(in German)
  11. Kaufmann, p.49
  12. നീച്ചയുടെ തെരഞ്ഞെടുത്ത കത്തുകളിൽ നിന്ന് പീറ്റർ ഗാസ്റ്റിന് 1883 ഓഗസ്റ്റ് 26-ന് എഴുതിയ കത്ത് - http://en.wikisource.org/wiki/Selected_Letters_of_Friedrich_Nietzsche#Nietzsche_To_Peter_Gast_-_August.2C_1883
  13. The Nietzsche Channel, Correspondences
  14. Encyclopædia Britannica Online. "Förster-Nietzsche, Elisabeth." http://www.search.eb.com.librarypx.lclark.edu/eb/article-9034925[പ്രവർത്തിക്കാത്ത കണ്ണി])
  15. നീച്ചയുടെ കത്തുകൾ - 1887 മാർച്ചിൽ പീറ്റർ ഗാസ്റ്റിനെഴുതിയ കത്ത് - http://en.wikisource.org/wiki/Selected_Letters_of_Friedrich_Nietzsche#Nietzsche_To_Peter_Gast_-_March.2C_1887
  16. Mazzino Montinari, Friedrich Nietzsche (1974; translated into German in 1991, Friedrich Nietzsche. Eine Einführung., Berlin-New York, De Gruyter; and in French, Friedrich Nietzsche, PUF, 2001)
  17. From the Preface, section 1 (English translation by Walter Kaufmann)
  18. Friedrich Nietzsche - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/nietzsche/
  19. Zweig, Stefan (1939) Master Builders [trilogy], The Struggle with the Daimon, Viking Press, p. 524.
  20. The Portable Nietzsche, trans. Walter Kaufmann.
  21. Andrew Bailey, First Philosophy: Fundamental Problems and Readings in Philosophy, Broadview Press, 2002, p704
  22. Georges Bataille & Annette Michelson, Nietzsche's Madness, October, Vol. 36, Georges Bataille: Writings on Laughter, Sacrifice, Nietzsche, Un-Knowing. (Spring, 1986), pp. 42-45.
  23. René Girard, Superman in the Underground: Strategies of Madness — Nietzsche, Wagner, and Dostoevsky, MLN, Vol. 91, No. 6, Comparative Literature. (December, 1976), pp. 1161-1185.
  24. ""Nietzsche 'died of brain cancer'"".
  25. ഏലിസബത്തിന്റെ 1904-ൽ പ്രസിദ്ധീകരിച്ച ജീവചരിത്രം
  26. Kaufmann, p.187. (Ecce Homo-M I)
  27. Kaufmann, pp. 111-13, 296-7, 371-2
  28. ബെർട്രാൻഡ് റസ്സലിന്റെ പാശ്ചാത്യത്ത്വചിന്തയുടെ ചരിത്രത്തിൽ നീച്ചയെക്കുറിച്ചുള്ള ലേഖനം - പുറം 765
  29. Morgan, George Allen (1941). What Nietzsche Means. Cambridge, Mass.: Harvard University Press. p. 36.
  30. Lampert, Nietzsche's Teaching, 17–8; Heidegger, "The Word of Nietzsche."
  31. Heidegger, "The Word of Nietzsche," 61.
  32. Lampert, Nietzsche's Teaching, 18.
  33. Beyond Good & Evil 13, Gay Science 349 & Genealogy of Morality II:12
  34. Gilles Deleuze, Nietzsche ad Philosophy, translated by Hugh Tomlinson, 2006, p46
  35. Lampert, Nietzsche's Teaching, 18–27.
  36. Tanner, Nietzsche, 50.
  37. ബെർട്രാൻഡ് റസ്സലിന്റെ മേലുദ്ധരിച്ച പുസ്തകം - പുറം 764
  38. ബെർട്രാൻഡ് റസ്സലിന്റെ മേലുദ്ധരിച്ച പുസ്തകം - പുറം 767
  39. Brobjer, Thomas. Nietzsche's Reading and Private Library, 1885-1889. Published in Journal of History of Ideas.
  40. Letter to Franz Overbeck, July 30, 1881
  41. Walter Kaufmann, Nietzsche: Philosopher, Psychologist, Antichrist, pp. 306-340.
  42. O. Ewald, "German Philosophy in 1907", in The Philosophical Review, Vol. 17, No. 4, Jul., 1908, pp. 400-426; T. A. Riley, "Anti-Statism in German Literature, as Exemplified by the Work of John Henry Mackay", in PMLA, Vol. 62, No. 3, Sep., 1947, pp. 828-843; C. E. Forth, "Nietzsche, Decadence, and Regeneration in France, 1891-95", in Journal of the History of Ideas, Vol. 54, No. 1, Jan., 1993, pp. 97-117
  43. Kaufmann, p.8
  44. Schrift, A.D. (1995). Nietzsche's French Legacy: A Genealogy of Poststructuralism. Routledge. ISBN 0-415-91147-8.
  45. D. Volkogonov: Stalin, part I, near the end of its introduction (2006).
  46. See e.g. A. Kubizek: The Young Hitler I Knew, c. 17, p. 181, Greenhill Books, 2006.
  47. See e.g. D. Irving: Hitler's War, part I, c. 3, near the beginning (2005)
  48. 48.0 48.1 Encyclopædia Britannica Online. "Förster-Nietzsche, Elisabeth." http://www.search.eb.com.librarypx.lclark.edu/eb/article-9034925[പ്രവർത്തിക്കാത്ത കണ്ണി]
  49. Levy, Oscar. Selected Letters of Friedrich Nietzsche. (New York: Doubleday, Page and Co., 1921),195.
  50. Levy, Oscar. Selected Letters of Friedrich Nietzsche. (New York: Doubleday, Page and Co., 1921), 253.
  51. Diethe, Carol. Nietzsche's Sister and the Will to Power: A Biography of Elisabeth Förster-Nietzsche. Illinois: University of Illinois Press, 2003.
  52. Wikipedia. "Elisabeth Förster-Nietzsche." http://en.wikipedia.org/wiki/Elisabeth_F%C3%B6rster-Nietzsche (Accessed October 12, 2008).
  53. ഇതാണ് ആ മനുഷ്യൻ എന്ന് കൃതിയിലെ, "ഞാൻ ഇത്ര ബുദ്ധിമാനായിരിക്കുന്നതെങ്ങനെ" എന്ന ഭാഗം , 3 (W. Kaufmann-ന്റെ പരിഭാഷ)
  54. Brobjer, Thomas H. Nietzsche as German Philosopher: His Reading of the Classical German Philosophers." in Nietzsche and the German Tradition (Bern: Peter Lang AG, 2003), 42.
  55. The Story of Philosophy, Will Durant(പുറം 335),

ഗ്രന്ഥസൂചി

തിരുത്തുക
  • Deleuze, Gilles (1983). Nietzsche and Philosophy. trans. Hugh Tomlinson. Athlone Press. ISBN 0485112337.
  • Kaufmann, Walter (1974). Nietzsche: Philosopher, Psychologist, Antichrist. Princeton University Press. ISBN 0691019835.
  • Lampert, Laurence (1986). Nietzsche's Teaching: An Interpretation of "Thus Spoke Zarathustra". New Haven: Yale University Press. ISBN 0300044305.
  • Magnus and Higgins, "Nietzsche's works and their themes", in The Cambridge Companion to Nietzsche, Magnus and Higgins (ed.), University of Cambridge Press, 1996, pp. 21–58. ISBN 0-521-36767-0
  • O'Flaherty, James C., Sellner, Timothy F., Helm, Robert M., "Studies in Nietzsche and the Classical Tradition" (University of North Carolina Press)1979 ISBN 0-08078-8085-X
  • O'Flaherty, James C., Sellner, Timothy F., Helm, Robert M., ""Studies in Nietzsche and the Judaeo-Christian Tradition" (University of North Carolina Press)1985 ISBN 0-8078-8104-X
  • Seung, T.K. Nietzsche's Epic of the Soul: Thus Spoke Zarathustra. Lanham, MD: Lexington Books, 2005. ISBN 0-7391-1130-2
  • Tanner, Michael (1994). Nietzsche. Oxford: Oxford University Press. ISBN 0192876805.
  • Wicks, Robert. "Friedrich Nietzsche". In Edward N. Zalta (ed.). The Stanford Encyclopedia of Philosophy (Fall 2004 Edition ed.). {{cite encyclopedia}}: |edition= has extra text (help)
  • Baird, Forrest E. (2008). From Plato to Derrida. Upper Saddle River, New Jersey: Pearson Prentice Hall. pp. 1011-1038. ISBN 0-13-158591-6. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറംകണ്ണികൾ

തിരുത്തുക

പൂർണ്ണ‌ഗ്രന്ഥങ്ങൾ

തിരുത്തുക

മാധ്യമങ്ങൾ

തിരുത്തുക

മറ്റ് ഉറവിടങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്രീഡ്രിക്ക്_നീച്ച&oldid=4286058" എന്ന താളിൽനിന്ന് ശേഖരിച്ചത്