പ്ലൂട്ടാർക്ക് എന്നറിയപ്പെടുന്ന ലുസിയസ് മെസ്ട്രിയസ് പ്ലൂട്ടാർക്കസ്[1] ഗ്രീക്ക് ജീവചരിത്രകാരനും പ്രബന്ധകാരനും ഇതിഹാസകാരനും ചിന്തകനും ആയിരുന്നു. ഗ്രീക്ക്, റോമൻ പൗരാണികതകളിലെ മഹദ്‌വ്യക്തികളുടെ ജീവചരിത്രങ്ങൾ സമാന്തരമായി അവതരിപ്പിക്കുന്ന സമാന്തരജീവിതങ്ങൾ, വിവിധവിഷയങ്ങളെ സംബന്ധിച്ച സന്മാർഗ്ഗ-ദാർശനിക ചിന്തകൾ അടങ്ങിയ മൊറേലിയ എന്നീ കൃതികളുടെ പേരിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.[2] ചിന്തകനെന്ന നിലയിൽ, ബിസി ഒന്നാം നൂറ്റാണ്ടു മുതൽ എഡി മൂന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ പ്രചരിച്ചിരുന്ന മധ്യപ്ലേറ്റോണികത എന്ന ദർശനപാരമ്പര്യത്തിൽ പെട്ടവനായാണ് ഇന്ന് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

പ്ലൂട്ടാർക്ക്
ലുസിയൻ മെസ്ട്രിയസ് പ്ലൂട്ടാർക്കസ്
സമാന്തരജീവചരിത്രങ്ങൾ 1565-ലെ ഷാക്ക് അമ്യോട്ടിന്റെ പരിഭാഷ
സമാന്തരജീവചരിത്രങ്ങൾ
1565-ലെ ഷാക്ക് അമ്യോട്ടിന്റെ പരിഭാഷ
ജനനംപൊതുവർഷം 46-നടുത്ത്
കേറോണിയ, ബിയോഷ
മരണംപൊതുവർഷം 120-നടുത്ത് (74 വയസ്സിൽ)
ഡെൽഫി, ഫോസിസ്
തൊഴിൽജീവചരിത്രകാരൻ, പ്രബന്ധകാരൻ, പുരോഹിതൻ, രാജദൂതൻ, ന്യായാധിപൻ
ദേശീയതറോമൻ പൗരത്വം നേടിയ യവനൻ
വിഷയംജീവചരിത്രം, പലവക
സാഹിത്യ പ്രസ്ഥാനംമദ്ധ്യ-പ്ലേറ്റോണികത,
ഗ്രീക്ക് സാഹിത്യം

പശ്ചാത്തലം, കുടുംബം

തിരുത്തുക

ഗ്രീസിലെ ബിയോഷയിൽ, വിശുദ്ധനഗരമായ ഡെൽഫിയ്ക്ക് ഇരുപതു മൈൽ കിഴക്കുള്ള കേറോണിയ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം പിന്നീടു റോമൻ പൗരത്വം സമ്പാദിച്ചു. ഒരു ധനികകുടുംബത്തിലായിരുന്നു പ്ലൂട്ടാർക്കിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് നിശ്ചയമില്ലെങ്കിലും, ഒന്നിടവിട്ടുള്ള തലമുറകളിൽ പേരുകൾ ആവർത്തിക്കുകയെന്ന ഗ്രീക്കു കുടുംബങ്ങളിലെ പതിവു പരിഗണിക്കുമ്പോൾ പേര് നിക്കാർക്കസ് എന്നായിരിക്കാൻ സാദ്ധ്യതയുണ്ട്. മുത്തച്ഛന്റെ പേര് ലാമ്പ്രിയാസ് എന്നായിരുന്നെന്ന് പ്ലൂട്ടാർക്ക് തന്നെ 'മൊറേലിയ'-യിലും, സമാന്തരജീവിതങ്ങളിൽ പെടുന്ന ആന്തണിയുടെ ജീവിതത്തിലും പറയുന്നുണ്ട്. '[3]

തന്റെ പ്രബന്ധങ്ങളിലും സംഭാഷണങ്ങളിലും അദ്ദേഹം തിമോൻ, ലാമ്പ്രിയാസ് എന്നീ രണ്ടു സഹോദരന്മാരുടെ കാര്യം ആവർത്തിച്ചു പറയുന്നു. ഇവരിൽ, തിമോനെക്കുറിച്ചുള്ള പരാമർശം വളരെ ഊഷ്മളതയോടെയാണ്. രചനകളിലെ സൂചനകളെ ആശ്രയിച്ച് പ്ലൂട്ടാർക്കിന്റെ ഭാര്യയുടെ പേര് തിമോക്സീനാ എന്നായിരുന്നെന്നു 17-ആം നൂറ്റാണ്ടിൽ ഫ്രെഞ്ചു പണ്ഡിതൻ റുവാൾഡസ് കണ്ടെത്തി. രണ്ടു വയസ്സുള്ള മകളുടെ മരണത്തിൽ ഏറെ ദുഃഖിക്കാതിരിക്കാൻ ഉപദേശിച്ച് പ്ലൂട്ടാർക്ക് ഭാര്യക്കെഴുതിയ കത്ത് ഇപ്പോഴും നിലവിലുണ്ട്. ആ മകളുടെ പേരും തിമോക്സീനാ എന്നായിരുന്നു. ആ സാന്ത്വനലേഖനത്തിൽ അദ്ദേഹം പുനർജ്ജന്മത്തിന്റെ സാദ്ധ്യത സൂചിപ്പിക്കുന്നുണ്ട്.

പ്ലൂട്ടാർക്കിന് എത്ര മക്കൾ ഉണ്ടായിരുന്നു എന്നു വ്യക്തമല്ല. ഓട്ടോബുലസ് എന്ന മകനേയും പ്ലൂട്ടാർക്ക് എന്നു തന്നെ പേരുള്ള മറ്റൊരു മകനേയും പ്ലൂട്ടാർക്ക് പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഡി അനിമേ പ്രൊക്രിയേഷോൻ തിമേയോ എന്ന കൃതിയുടെ സമർപ്പണം തന്നെ ഈ മക്കൾക്കാണ്. "ടേബിൾ ടോക്ക്" എന്ന കൃതിയിൽ വിവരിക്കപ്പെടുന്ന അത്താഴവിരുന്നുകളിൽ ഒന്നിന്റെ സാഹചര്യം ഓട്ടോബുലസിന്റെ വിവാഹം ആയിരുന്നു. സൊക്ലാറസ് എന്നൊരാളെ പരാമർശിക്കുന്നത് മകനെന്നു തോന്നിക്കും വിധമാണെങ്കിലും അത് ഉറപ്പില്ല. യൂറിഡീസ് എന്നൊരു മകളും അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാമെന്നതിനും സൂചനയുണ്ട്.[4]

ദേശാടനം

തിരുത്തുക

പൊതുവർഷം 66-67-ൽ പ്ലൂട്ടാർക്ക് ആഥൻസിലെ അക്കാദമിയിൽ അമ്മോനിയസിന്റെ കീഴിൽ ഗണിതവും തത്ത്വചിന്തയും അഭ്യസിച്ചിട്ടുണ്ട്.[5] സാമാന്യം ധനസ്ഥിതി ഉണ്ടായിരുന്ന അദ്ദേഹം മെഡിറ്ററേനിയൻ ലോകത്ത് വ്യാപകമായി സഞ്ചരിച്ചു. മദ്ധ്യ-ഗ്രീസ്, സ്പാർട്ട, കോറിന്ത്, പട്രേ, സാർദെസ്, അലക്സാണ്ട്രിയ എന്നിവിടങ്ങളിലും റോമിലും സഞ്ചരിച്ച അദ്ദേഹം ഒടുവിൽ റോമൻ പൗരത്വം സ്വീകരിച്ചു. റോമൻ സാമാജികൻ ലുസിയസ് മെസ്ട്രിയസ് ഫ്ലോറസിന്റെ ഒത്താശയിൽ പൗരത്വം ലഭിച്ച അദ്ദേഹം തുടർന്ന് ലുസിയൻ മെസ്ട്രിയസ് പ്ലൂട്ടാർക്കസ് എന്ന പേരു സ്വീകരിച്ചു[6]

റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരവും, അവിടത്തെ ഉപചാരവിധികളും ഉപരിവർഗ്ഗത്തിന്റെ ജീവിതമര്യാദകളും സ്റ്റോയിക് ധാർമ്മികതയും അദ്ദേഹത്തെ ആകർഷിച്ചു. റോമിന്റെ മഹത്ത്വത്തിനു പിന്നിൽ ധാർമ്മികതയും സ്വഭാവമഹിമയുമാണെന്നു കരുതിയ പ്ലൂട്ടാർക്കിന്റെ മനസ്സിൽ ഗ്രീക്ക് റോമൻ ചരിത്രങ്ങളിലെ മഹദ്ജീവിതങ്ങളുടെ താരതമ്യം എന്ന ആശയം അങ്കുരിച്ചു.[7]

പുരോഹിതൻ

തിരുത്തുക
 
ഡെൽഫിയിലെ അപ്പോളോ ദേവന്റെ ക്ഷേത്രത്തിന്റെ നഷ്ടശിഷ്ടങ്ങൾ - പ്ലൂട്ടാർക്ക് ഇവിടെ, വെളിച്ചപ്പാടിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിക്കാൻ ചുമതലപ്പെട്ട പുരോഹിതരിൽ ഒരുവനായിരുന്നിട്ടുണ്ട്

മദ്ധ്യധരണിപ്രദേശത്തെ സഞ്ചാരത്തിനുശേഷം മടങ്ങിയെത്തിയ പ്ലൂട്ടാർക്ക് ജീവിതത്തിന്റെ ശിഷ്ടകാലം മിക്കവാറും ചെലവഴിച്ചത് ജന്മനാടായ കേറോനിയയിൽ ആയിരുന്നു. ബൗദ്ധികജീവിതത്തെ സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങളുമായി സമന്വയിപ്പിക്കുന്നത് തന്റെ ചുമതലായി പ്ലൂട്ടാർക്ക് കരുതി. ഡെൽഫിയിലെ അപ്പോളോ ദേവന്റെ വിഖ്യാതക്ഷേത്രം കേറോനിയയിൽ നിന്ന് 20 മൈൽ മാത്രം അകലെയായിരുന്നു. അവിടെ ദേവാരാരാധനയിലെ വിശുദ്ധരഹസ്യങ്ങൾക്ക് ഉപക്രമപ്പെട്ട പ്ലൂട്ടാർക്കിന്, വെളിച്ചപ്പാടിന്റെ വചനങ്ങൾ വ്യാഖ്യാനിക്കുന്ന രണ്ടു പുരോഹിതന്മാരിൽ ശ്രേഷ്ഠസ്ഥാനം ലഭിച്ചു.

പുരാതനധാർമ്മികതയെ, അതിന്റെ അവിശ്വസനീയതയുടെ പേരിൽ തള്ളിക്കളയരുതെന്ന് അദ്ദേഹം കരുതി. ധർമ്മവ്യവസ്ഥകളുടെ വിശ്വസനീയതയേക്കാൾ പ്രധാനം, മനുഷ്യന്റെ ലോലമായ സദാചാരബോധത്തിന് അവ നൽകുന്ന ബലവും, തലമുറകളിലൂടെ രാഷ്ടീയവും സാമൂഹികവുമായ കെട്ടുപാടുകളെ നിലനിർത്തുന്നതിൽ അവയ്ക്കുള്ള പങ്കുമാണെന്ന് പ്ലൂട്ടാർക്ക് വിശ്വസിച്ചു. മതാനുഭവത്തിന്റെ ഹർഷത്തെ അദ്ദേഹം ജീവിതത്തിലെ ഏറ്റവും ആഴമേറിയ അനുഭവമായി കരുതി. ഒരേ സമയം ഭക്തനും സഹിഷ്ണുവും ആയിരുന്ന അദ്ദേഹം, ഗ്രീക്ക്, റോമൻ ഉപാസനാവിധികളെ തുലനം ചെയ്യുകവഴി മതങ്ങളുടെ താരതമ്യപഠനത്തിന്റെ പ്രാരംഭകൻ തന്നെ ആയിത്തീർന്നുവെന്ന് ചരിത്രകാരനായ വിൽ ഡുറാന്റ് ചൂണ്ടിക്കാട്ടുന്നു.[7]

പൊതുജനസേവനം, രചന

തിരുത്തുക

പൗരത്വവും സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിരതനായ പ്ലൂട്ടാർക്കിനെ നാട്ടുകാർ കേറോനിയയിലെ നഗരപിതാവിന്റെ പദവിയിലേക്ക് ഒന്നിലധികം തവണ തെരഞ്ഞെടുത്തു. പൗരമുഖ്യന്റെ പദവിയിൽ അദ്ദേഹം പട്ടണത്തിലെ വലുതും ചെറുതുമായ കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുകയും ഏറ്റവും വിനീതമായ ജോലികൾ പോലും നിർവഹിക്കുകയും ചെയ്തു.[8] ഇക്കാലത്ത് വിദേശരാജ്യങ്ങളിൽ നയതന്ത്രദൗത്യങ്ങൾക്കും അദ്ദേഹം നിയോഗിക്കപ്പെട്ടു.

പൗരോഹിത്യത്തിന്റേയും പൊതുജീവിതത്തിന്റേയും തിരക്കുകൾക്കിടയിലും തന്റെ ബൗദ്ധികകർമങ്ങൾക്ക് പ്ലൂട്ടാർക്ക് സമയം കണ്ടെത്തി. പിൻതലമുറകളെ സ്വാധീനിച്ച് ഇന്നോളം നിലനിൽക്കുന്ന തന്റെ രചനാസഞ്ചയം അദ്ദേഹം സൃഷ്ടിച്ചത് ഇക്കാലത്താണ്. രചനകളും റോമിലും മറ്റും നടത്തിയ പ്രഭാഷണങ്ങളും വഴി റോമാസാമ്രാജ്യത്തിൽ കീർത്തിമാനായിത്തീർന്ന ശേഷവും ജന്മനാട്ടിൽ തന്നെ ജീവിച്ച അദ്ദേഹത്തിന്റെ നാട്ടിൻപുറത്തെ വസതിയിൽ സാമ്രാജ്യത്തിലെമ്പാടും നിന്നുള്ള സന്ദർശകർ ഗൗരവമുള്ള സംഭാഷണത്തിനായി വന്നെത്തി. അവിടെ അദ്ദേഹം തന്റെ വെണ്ണക്കൽ മേശക്കരുകിൽ ചർച്ചകൾക്കു നേതൃത്വം കൊടുത്തു. ഈ സംഭാഷണങ്ങളിൽ പലതും രേഖപ്പെടുത്തപ്പെട്ട്, പിന്നീട് പ്ലൂട്ടാർക്കിന്റെ 'മൊറേലിയ'-യുടെ ഭാഗമായി.

പ്ലൂട്ടാർക്കിന്റെ രചനാസഞ്ചയത്തെ ജീവചരിത്രങ്ങളും മറ്റുള്ളവയും എന്നു രണ്ടായി തിരിക്കാം. ജീവചരിത്രങ്ങൾ അല്ലാതെയുള്ളവയെ ചേർത്ത് 'മൊറേലിയ' അഥവാ സാന്മാർഗ്ഗികരചനകൾ എന്നു വിളിക്കുക പതിവാണ്. സാഹിത്യനിരൂപണം, പ്രസംഗങ്ങൾ, നീതിശാസ്ത്രനിബന്ധങ്ങൾ, ഉപദേശങ്ങൾ, സംവാദങ്ങൾ, രാഷ്ട്രമീമാംസ എന്നിവയുടെ സഞ്ചയമാണത്. ഏറെ വൈവിദ്ധ്യം പ്രകടിപ്പിക്കുമ്പോഴും, വായനക്കാരെ ധർമ്മപ്രബുദ്ധരാക്കുക എന്ന പ്ലൂട്ടാർക്കിന്റെ ലക്ഷ്യം അവയെ സമന്വയിപ്പിക്കുന്നു.[9]

പ്ലൂട്ടാർക്കിന്റെ തൂലികയിൽ ആദ്യം പിറന്നത് 'മൊറേലിയ'-യിലെ രചനകളാണ്. ജീവിതത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിലാണ് അദ്ദേഹം 'സമാന്തരജീവിതങ്ങൾ' എഴുതിയത്.

സമാന്തരജീവിതങ്ങൾ

തിരുത്തുക

പ്ലൂട്ടാർക്കിന്റെ ഏറ്റവും അറിയപ്പെടുന്ന രചന 'സമാന്തരജീവിതങ്ങൾ' ആണ്. ഗ്രീക്ക്, റോമൻ ചരിത്രങ്ങളിലെ മഹച്ചരിതങ്ങളുടെ ഈ പരമ്പര, അവയിലെ നായകന്മാരുടെ ഗുണദോഷങ്ങളുടെ താരതമ്യപഠനത്തിനുതകും വിധം ജോഡികളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ പരമ്പരയിൽ നിലവിലുള്ളത് 23 ജോഡികളും ഒറ്റയായുള്ള നാലെണ്ണവുമാണ്.

"ഞാൻ എഴുതുന്നത് ഇതിഹാസങ്ങളല്ല, ജീവിതകഥകളാണ്; ഒട്ടധികം ഘോഷിക്കപ്പെടുന്ന കർമ്മങ്ങളിൽ പലപ്പോഴും ഗുണദോഷങ്ങളുടെ സൂചന കാണാറില്ല. ആയിരങ്ങൾ ചത്തൊടുങ്ങുന്ന യുദ്ധങ്ങളേക്കാൾ സ്വഭാവപ്രകൃതി വെളിവാക്കുന്നത് ഒരു വാക്യശകലമോ, നേരമ്പോക്കോ ആകാം."
പ്ലൂട്ടാർക്കിന്റെ സമാന്തരജീവിതങ്ങളിൽ, അലക്സാണ്ടറുടേയും സീസറുടേയും ജീവിതം

ഈ ജീവിതകഥകളിൽ താൻ അന്വേഷിച്ചത് ചരിത്രമല്ലെന്നും സ്വഭാവത്തിലെ നന്മതിന്മകൾ നായകന്മാരുടെ ജീവിതത്തേയും വിധിയേയും എങ്ങനെ രൂപപ്പെടുത്തി എന്നതാണെന്നും അലക്സാണ്ടറുടെ കഥയുടെ തുടക്കത്തിൽ പ്ലൂട്ടാർക്ക് ഏറ്റുപറയുന്നു. പലപ്പോഴും ചരിത്രത്തിലെ മഹാസംഭവങ്ങളെ അവഗണിക്കുന്ന അദ്ദേഹം ഹൃദ്യമായ ഉപാഖ്യാനങ്ങൾക്കും ആനുഷംഗികമായ തുച്ഛസംഭവങ്ങൾക്കും പ്രാധാന്യം കല്പിക്കുന്നു. ഏറെ പ്രഘോഷിക്കപ്പെടുന്ന നേട്ടങ്ങളേക്കാൾ ചരിത്രനായകന്മാരുടെ സ്വഭാവത്തിലേക്കു വെളിച്ചം വീശുന്നത് ഇത്തരം നിസ്സാരതകളാണെന്ന് അദ്ദേഹം കരുതി. തന്റെ നായകന്മാരുടെ ചിത്രങ്ങളെ സമഗ്രമാക്കാൻ പരമാവധി ശ്രമിച്ച പ്ലൂട്ടാർക്ക് ജീവചരിത്രരചനയെ ചിത്രകാരന്റെ തൊഴിലിനോടുപമിച്ചു. ബാഹ്യരൂപത്തിൽ സ്വഭാവത്തികവിനെ സംബന്ധിച്ച ഉൾക്കാഴ്ചകൾ തേടിയ അദ്ദേഹം പലപ്പോഴും ഉറപ്പില്ലാത്ത നിഗമങ്ങളിൽ എത്തിച്ചേർന്നു.

അലക്സാണ്ടർ ചക്രവർത്തിയുടെ കഥയിൽ നായകന്റെ കർമ്മകുശലതയുടേയും മഹത്ത്വാകാംക്ഷയുടേയും വിവരണത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന പ്ലൂട്ടാർക്ക് സ്വഭാവത്തിലെ ഈ സവിശേഷതകൾ തുടക്കം മുതൽ പ്രകടമായിരുന്നുവെന്നു ചൂണ്ടിക്കാട്ടുന്നു. അലക്സാണ്ടറുടെ ഇഷ്ടശില്പി ലിസ്സിപ്പസിന്റെ വിവരണം പിന്തുടർന്ന് നായകന്റെ ആകാരത്തിന്റെ സമഗ്രചിത്രവും അദ്ദേഹം അവതരിപ്പിക്കുന്നു. എങ്കിലും അലക്സാണ്ടറുടെ സ്വഭാവചിത്രീകരണത്തിൽ, പ്ലൂട്ടാർക്കിന് പലപ്പോഴും പിഴവു പറ്റുന്നു. ഒട്ടേറെ സന്ദർഭങ്ങളിൽ ആത്മസംയമനമില്ലാതെ പെരുമാറിയിട്ടുള്ള അലക്സാണ്ടറെ വലിയ സംയമിയായി അദ്ദേഹം ചിത്രീകരിക്കുന്നത് ഇതിനുദാഹരണമാണ്. ഏതായാലും കഥയുടെ അവസാനഭാഗമാകുമ്പോൾ നായകനോടുള്ള പ്ലൂട്ടാർക്കിന്റെ ആരാധന കുറയുന്നതു കാണാം. അലക്സാണ്ടറുടെ കഥക്കു സമാന്തരമായി പ്ലൂട്ടാർക്ക് പറയുന്ന ജീവിതകഥ ജൂലിയസ് സീസറുടേതാണ്. സീസറുടെ സ്വഭാവസവിശേഷതകളും യുദ്ധസാഹസങ്ങളും നേതൃത്വഗുണവും വർണ്ണിക്കുന്ന പ്ലൂട്ടാർക്ക് ഒടുവിൽ അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ വിശദാംശങ്ങളും നൽകുന്നു. ഈ ജീവിതാഖ്യാനം സമാപിക്കുന്നത് കൊലപാതകികൾക്ക് നേരിടേണ്ടി വന്ന ദുരന്തം വിവരിച്ചാണ്. സീസറുടെ 'കാവൽചൈതന്യം' (Guardian Genius) അദ്ദേഹത്തിന്റെ കൊലയ്ക്കു പ്രതികാരം ചെയ്യുകയായിരുന്നെന്ന ജീവചരിത്രകാരന്റെ നിഗമനവും അവിടെ വായിക്കാം.

സമാന്തരജീവിതങ്ങളിൽ ഹെരാക്ലീസ്, മാസിഡോണിയയിലെ ഫിലിപ്പ്, സിപ്പിയോ ആഫ്രിക്കാനസ് തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ നഷ്ടപ്പെട്ടുപോയി; അവശേഷിക്കുന്നവയിൽ തന്നെ പലതും വിടവുകൾ നിറഞ്ഞു ഭാഗികമായവയോ, പിൽക്കാലരചയിതാക്കൾ സശോധന ചെയ്തവയോ ആണ്. സോളോൺ, തെമിസ്റ്റോക്ലീസ്, അരിസ്റ്റൈഡീസ്, നിക്കിയാസ്, ഡെമോസ്തനിസ്, പെലോപ്പിഡാസ്, ഫിലോപ്പോമെൻ, തിമോലിയൻ, സൈറാക്കൂസിലെ ഡിയോൺ, അലക്സാണ്ടർ ചക്രവർത്തി, എപ്പിറസിലെ പിറസ്, റോമുലസ്, നൂമാ പോമ്പിലിയസ്, കൊറിയോലാനസ്, തെസ്യൂസ്, അമീലിയസ് പൗള്ളസ്, തിബേരിയസ് ഗ്രാക്കസ്, ഗൈയസ് ഗ്രാക്കസ്, ഗൈയസ് മാരിയസ്, ലൂയീസ് കൊർണേലിയസ് സള്ള, സെർട്ടോറിയസ്, ലുക്കല്ലസ്, പോമ്പേ, ജൂലിയസ് സീസർ, സിസറോ, ചെറിയ കാറ്റോ, മാർക്ക് ആന്തണി, ബ്രൂട്ടസ് എന്നിവരുടെ ജീവചരിത്രങ്ങളാണ് നിലവിലുള്ളവ.

മൊറേലിയ

തിരുത്തുക
"അനശ്വരമായ ആത്മാവ് മരണശേഷം, കൂട്ടിൽ നിന്നു സ്വതന്ത്രമാക്കപ്പെട്ട പക്ഷിയെപ്പോലെയാണ്. ശരീരത്തിൽ ഏറെക്കാലം കഴിഞ്ഞ് അതിന്റെ വാസനകൾ സ്വാംശീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് ഉടൻ മറ്റൊരു ശരീരം അന്വേഷിച്ചു കണ്ടെത്തുകയും ലോകത്തിന്റെ ദുരിതങ്ങളിൽ വീണ്ടും ചെന്നുപെടുകയും ചെയ്യുന്നു. ആത്മാവിന് പരലോകസ്മരണ മങ്ങുകയും ഇഹലോകബന്ധം മുറുകി ഐഹികസ്വഭാവം വന്നുചേരുകയും ചെയ്യുന്നു എന്നതാണ് വാർദ്ധക്യത്തിന്റെ ഏറ്റവും വലിയ ദുരന്തം. എന്നാൽ ശരീരത്തിൽ ഹ്രസ്വകാലം മാത്രം കഴിഞ്ഞിട്ടുള്ള ആത്മാവ് ഉപരിശക്തികളാൽ വിമോചിക്കപ്പെടുമ്പോൾ, വേഗത്തിൽ അഗ്നി വീണ്ടെടുത്ത് ഔന്നത്യം പ്രാപിക്കുന്നു."
പ്ലൂട്ടാർക്ക് (സാന്ത്വനങ്ങൾ, മൊറേലിയ)

ജീവചരിത്രങ്ങൾക്കു പുറമേയുള്ള പ്ലൂട്ടാർക്കിന്റെ രചനകളുടെ പൊതുനാമമാണ് 'മൊറേലിയ'. ലേഖനങ്ങളും, പ്രഭാഷണങ്ങളും ഉൾപ്പെടെ 78 രചനകളുടെ സഞ്ചയമാണത്. "സഹോദരസ്നേഹത്തെക്കുറിച്ച്" എന്നാണ് ഒരു ലേഖനത്തിന്റെ പേര്. സഹോദരങ്ങൾക്കിടയിലുള്ള സ്നേഹബഹുമാനങ്ങളുടെ വിശകലനമാണിത്. "ഭാഗ്യം അല്ലെങ്കിൽ മഹാനായ അലക്സാണ്ടറുടെ നന്മ" എന്ന ലേഖനം, സമാന്തരജീവിതങ്ങളുടെ ഭാഗമായ അലക്സാണ്ടറുടെ ജീവചരിത്രത്തോടു ചേർത്തുവായിക്കേണ്ടതാണ്. "ഐസിസ്-ഓസിറിസ് ആരാധനയെക്കുറിച്ച്" എന്ന രചന പുരാതന ഈജിപ്തിലെ ആരാധനാവിധികളുടെ പഠനത്തിലെ ഒരു പ്രധാന സ്രോതസ്സാണ്.[10] "വെളിച്ചപാടുകളുടെ അധോഗതി", "ദൈവപ്രതികാരവിളംബം", "മന:സ്സമാധാനം" എന്നീ പേരുകളിലുള്ള തത്ത്വവിചാരങ്ങളും 'മൊറേലിയ'-യിൽ ഉൾപ്പെടുന്നു.

'മൊറേലിയ'-യുടെ" ഭാഗമായ "ഹെറോഡൊട്ടസിന്റെ വിദ്വേഷം" എന്ന ലേഖനം പുരാതന യവനചരിത്രകാരൻ ഹെറോഡോട്ടസിന്റെ നിശിതവിമർശനമാണ്. ചരിത്രരചനയുടെ പിതാവ് എന്നു പോലും വിശേഷിപ്പിക്കപ്പെടാറുള്ള ഹെറോഡോട്ടസിനെ പ്ലൂട്ടാർക്ക് എല്ലാത്തരം മുൻവിധികളും, അവാസ്തവികതകളും ആരോപിച്ചു വിമർശിക്കുന്നു. സാഹിത്യചരിത്രത്തിലെ ആദ്യത്തെ കടിച്ചുകീറുന്ന നിരൂപണം (slashing review) എന്ന് ഈ ലേഖനം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[11]

മൊറേലിയ-യിലെ ചില രചനകൾ താരതമ്യേന ആശയലഘുത്വം ഉള്ളവയാണ്. യവനേതിഹാസനായകൻ ഒഡീസിയസും, സൈർസ് (Circe) എന്ന മോഹിനി പന്നികളാക്കി മാറ്റിയ അയാളുടെ യോദ്ധാക്കളിൽ ഒരുവനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന "ഒഡീസിയൂസും ഗ്രൈലസും" എന്ന നർമ്മരചന അത്തരത്തിൽ ഒന്നാണ്.

സ്വാധീനം

തിരുത്തുക
 
പ്ലൂട്ടാർക്കിന്റെ മഹച്ചരിതമാലയുടെ പതിനഞ്ചാം നൂറ്റാണ്ടിലെ പതിപ്പുകളിലൊന്നിന്റെ ഒരു പുറം

നൂറ്റാണ്ടുകളിലൂടെ യൂറോപ്യൻ ചിന്തയേയും ചരിത്രവീക്ഷണത്തേയും ആഴത്തിൽ സ്വാധീനിച്ച രചനാസഞ്ചയമാണു പ്ലൂട്ടാർക്കിന്റേത്. അതിന്റെ മുഖമുദ്രയായ പ്രസാദാത്മകത്വം മൂലം രചയിതാവിന്റെ ആശയങ്ങളുടെ സാധാരണത്വവും, ചരിത്രരചനയിൽ അദ്ദേഹം പിന്തുടർന്ന സങ്കേതങ്ങളുടെ കുറവുകളും വായനക്കാർ ശ്രദ്ധിക്കാതിരിക്കുന്നു. ആഖ്യാനത്തിന്റെ ഉജ്ജ്വലതയും, ഉദ്വേഗജനകമായ സംഭവവർണ്ണനകളും, ഹൃദ്യമായ ഉപാഖ്യാനങ്ങളും, ഉചിതജ്ഞത നിറഞ്ഞ നിരീക്ഷണങ്ങളും, ശൈലിയുടെ കുലീനതയും വായനക്കാരെ ആകർഷിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലെ രാഷ്ട്രീയപ്രവർത്തകയായിരുന്ന മദാം റോളാങ്ങ് പ്ലൂട്ടാർക്കിന്റെ രചനാസഞ്ചയത്തെ "മഹാത്മാക്കളുടെ മേച്ചില്പുറം" എന്നു പുകഴ്ത്തി. പ്ലൂട്ടാർക്കിന്റെ മഹച്ചരിതമാല, നെപ്പോളിയൻ തന്റെ പടയോട്ടങ്ങളിൽ എല്ലായിടത്തും കൂടെ കൊണ്ടുപോയി.[7]

പതിനാറാം നൂറ്റാണ്ടിൽ ഷാക്ക് അമ്യോട്ടിന്റെ പരിഭാഷ വഴി ഫ്രെഞ്ചു ഭാഷയിലും തോമസ് നോർത്ത് വഴി ഇംഗ്ലീഷിലും എത്തിച്ചേർന്ന പ്ലൂട്ടാർക്ക്, ആ നൂറ്റാണ്ടിനെ എന്തെന്നില്ലാതെ സ്വാധീനിച്ചു. പ്ലൂട്ടാർക്കിൽ മുങ്ങിനിന്ന നൂറ്റാണ്ടായിരുന്നു അത്. ചരിത്രകാരന്മാർക്കും ചിന്തകന്മാർക്കും പ്ലൂട്ടാർക്ക് അക്ഷയഖനിയായി. പ്ലൂട്ടാർക്കിൽ നിന്നു കടം കൊണ്ട ആപ്തവാക്യങ്ങളും, ഉപകഥകളും ആ നൂറ്റാണ്ടിലെ യൂറോപ്യൻ സാഹിത്യത്തിൽ എവിടേയും കാണാം. വില്യം ഷെയ്ക്സ്പിയർ ഉൾപ്പെടെയുള്ള എഴുത്തുകാർ പ്ലൂട്ടാർക്കിനെ മടികൂടാതെ ഉപജീവിച്ചു.[12] പതിനാറാം നൂറ്റാണ്ടിൽ ഫ്രെഞ്ചുഭാഷയിലെ നവോത്ഥാനത്തിന്റെ നായകനായിരുന്ന മൊണ്ടേയ്ൻ പ്ലൂട്ടാർക്കിന്റെ രചനാസഞ്ചയത്തെ തനിക്ക് ഒഴിച്ചു കൂടാത്തതെന്നും തന്റെ 'പ്രാർത്ഥനാമഞ്ജരി' (breviary) എന്നും വിളിച്ചു.

നുറുങ്ങുകൾ

തിരുത്തുക
  • അന്ത്യവിധിനാളിൽ എല്ലാ 'അവിശ്വാസികളേയും' നിത്യനരകത്തിനു വിധിച്ചാലും പ്ലേറ്റോയ്ക്കും പ്ലൂട്ടാർക്കിനും എങ്കിലും സ്വർഗ്ഗം നൽകാൻ കനിയണമെന്ന് പതിനൊന്നാം നൂറ്റാണ്ടിലെ ബൈസാന്തിയൻ കവി ജോൺ മൗറോപ്പോസ് യേശുവിനോടു പ്രാർത്ഥിച്ചിട്ടുണ്ട്.[13][9]
  1. പൗരത്വത്തിനൊപ്പം ഒരു റോമൻ രക്ഷാധികാരിയുടെ പേരു കൂടി സ്വീകരിക്കുന്ന റോമൻ പതിവനുസരിച്ച് പ്ലൂട്ടാർക്ക് കൈക്കൊണ്ട പേരാണ് ലൂസിയസ് മെസ്ട്രിയസ് എന്നത്; റോമൻ സാമാജികൻ ലുസിയസ് മെസ്ട്രിയസ് ഫ്ലോറസ് ആയിരുന്നു അദ്ദേഹത്തിന്റെ രക്ഷാധികാരി.
  2. "പ്ലൂട്ടാർക്ക്". ഓക്സ്ഫോർഡ് ദാർശനിക വിജ്ഞാനകോശം.
  3. Symposiacs, Book IX, questions II & III
  4. Aubrey Stewart, George Long. "Life of Plutarch". Plutarch's Lives, Volume I (of 4). The Gutenberg Project. Retrieved 2007-01-03.
  5. "Plutarch Bio(46c.-125)". The Online Library of Liberty. Retrieved 2006-12-06.
  6. Plutarch, Otho 14.1
  7. 7.0 7.1 7.2 വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും" - സംസ്കാരത്തിന്റെ കഥ (മൂന്നാം ഭാഗം - പുറങ്ങൾ 483-86)
  8. Clough, Arthur Hugh (1864). "Introduction". Plutarch's Lives. Liberty Library of Constitutional Classics. Archived from the original on 2011-06-05. Retrieved 2012-11-04.
  9. 9.0 9.1 LIVIUS, Articles on Ancient History, കേറോനിയയിലെ പ്ലൂട്ടാർക്ക് Archived 2009-07-21 at the Wayback Machine.
  10. എങ്കിലും, പുരാതന ഗ്രീസിൽ തെസ്സലോനിക്കയിലെ ധാർമ്മികതയാണ് ഇതിൽ വിവരിക്കപ്പെടുന്നതെന്ന് നവോത്ഥാനകാലത്തെ പ്രമുഖചിന്തകൻ ഇറാസ്മസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.Plutarch. "Isis and Osiris". Retrieved 2006-12-10. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  11. Roger Kimball, Plutarch & the issue of character, The New Criterion, December 2000]
  12. Plutarch's Influence on Shakespeare and Other Writers of the Sixteenth Century, From Shakespeare's Plutarch. Ed. C.F. Tucker Brooke. London: Chatto and Windus
  13. The Byzantine Empire, by Robert Browning, The Catholic University of America Press (പുറം 133)
"https://ml.wikipedia.org/w/index.php?title=പ്ലൂട്ടാർക്ക്&oldid=3655454" എന്ന താളിൽനിന്ന് ശേഖരിച്ചത്