ഒന്നാം ലോകയുദ്ധത്തിനു ശേഷം ജർമ്മനിയിൽ ഉടലെടുത്ത ഒരു പ്രത്യേക ജീവിതവീക്ഷണമാണു് അസ്തിത്വവാദം. വ്യക്തിത്വത്തിനും സ്വതന്ത്ര ഇച്ഛയ്ക്കും പ്രാധാന്യം കല്പിക്കയും യുക്തിയെക്കാൾ ഇച്ഛയ്ക്കു മുൻതൂക്കം നല്കുകയും ഇച്ഛാനുസരണം വിധിയെ നിയന്ത്രിക്കാൻ കഴിയും എന്നു വിശ്വസിക്കയും ചെയ്യുക എന്നതാണ് ഈ വീക്ഷണത്തിന്റെ കാതൽ. അസ്തിത്വവാദികൾ മനുഷ്യന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നതോടൊപ്പം ഭാവിയെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയും എന്ന വാദത്തെ നിരാകരിക്കയും ചെയ്യുന്നു. ഇവർ അസ്തിത്വത്തിന്റെ നിസ്സാരതയെപ്പറ്റി ഊന്നിപ്പറയുകയും പ്രപഞ്ചം അർഥശൂന്യമാണെന്നു വാദിക്കുകയും സാൻമാർഗികമൂല്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു.

പ്രകൃതിനിയമങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും മുൻപിൽ നിസ്സഹായത പ്രകടമാക്കുന്ന കോമരങ്ങളായി മനുഷ്യരെ കണക്കാക്കുന്നതിനെതിരെ രൂപംകൊണ്ട ചിന്താഗതിയാണിത്. യുക്തിയാണ് യഥാർഥമായിട്ടുള്ളതെന്ന ഹെഗലിന്റെ ദർശനത്തെ അസ്തിത്വവാദികൾ ചോദ്യം ചെയ്യുന്നു. ഡൻമാർക്കിലെ സോറൻ കീർക്കെഗാഡ്, ഫ്രാൻസിലെ ഴാങ് പോൾ സാർത്ര് (Jean Paul Sartre, 1905), അൽബേർ കാമ്യു (Albert Camus, 191360), സ്പെയിനിലെ മീഗേൽ ദേ ഊനാ മൂനോ (Miguel De Una Muno), ജർമനിയിലെ ജൊഹാൻ ഹാമാൻ (Johann Hamann), നിക്കൊളായ് ബർദിയായേഫ് (Nicholai Berdyaev), ഫ്രഡറിക് നീഷെ (Friedrich Nietzsche), ഫ്രാൻസ് കാഫ്‌ക തുടങ്ങിയവരാണ് പ്രമുഖ അസ്തിത്വവാദികൾ. രണ്ടാം ലോകയുദ്ധത്തിനുശേഷം ഈ ചിന്താഗതികൾക്കു കലാസാഹിത്യമേഖലകളിലും വലിയ പ്രചാരം സിദ്ധിച്ചു.

അസ്തിത്വം

തിരുത്തുക

ഡാനിഷ് ചിന്തകനായ കീർക്കഗോർ അസ്തിത്വവാദത്തിന്റെ പിതാവായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതികൾ മിക്ക അസ്തിത്വവാദികളെയും സ്വാധീനിച്ചിട്ടുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഈ കൃതികൾക്കു വലിയ വില കല്പിക്കപ്പെട്ടിരുന്നില്ലെങ്കിലും 1909-14-ൽ ഇവയുടെ ജർമൻ പരിഭാഷ പുറത്തു വന്നതോടുകൂടി ഇവയുടെ സ്വാധീനം വർധിച്ചുതുടങ്ങി. വൈപരീത്യങ്ങളും തിന്മകളും നിറഞ്ഞ ലോകത്തിൽ താൻ ഒറ്റപ്പെട്ടവനാണെന്നു കീർക്കഗോറിന് തോന്നി. ഈ പരിതഃസ്ഥിതിയിൽനിന്നു രക്ഷപ്പെടാനുള്ള മാർഗ്ഗത്തെക്കുറിച്ച് ഇദ്ദേഹം ആലോചിച്ചു. ഭയവും ഉത്കണ്ഠയുംമൂലം മനുഷ്യന്റെ അസ്തിത്വം പീഡിതമാണ്. ഈ അവസ്ഥയിൽനിന്നു രക്ഷ നേടുന്നതിന് അദ്ദേഹം ഈശ്വരസത്തയിൽ വിശ്വസിക്കുന്നു. മീൻ, മരം, കല്ല്, മനുഷ്യൻ തുടങ്ങിയവയെല്ലാം അസ്തിത്വമുള്ളവയാണ്. എന്നാൽ പുതിയ അർഥത്തിൽ അസ്തിത്വം മനുഷ്യനുമാത്രമേ ഉള്ളു. ഒരു ഉദാഹരണംകൊണ്ട് കീർക്കഗോർ ഇതു വ്യക്തമാക്കുന്നു. കുതിരവണ്ടിയിൽ സവാരിചെയ്യുന്ന രണ്ടു തരത്തിലുള്ള വ്യക്തികളാണ് താരതമ്യത്തിനു നിദാനം. ഒരാൾ കടിഞ്ഞാൺ കൈയിൽ പിടിച്ചിട്ടുണ്ടെങ്കിലും ഉറക്കമാണ്; അയാളുടെ യാത്രയെക്കുറിച്ച് അയാൾ ബോധവാനല്ല. പരിചയംമൂലം കുതിര നിർദിഷ്ടമാർഗ്ഗത്തിലൂടെ പോകുന്നു. രണ്ടാമൻ കുതിരയുടെ ഗതിയെ (തന്റെ യാത്രയെ) അനുനിമിഷം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ രണ്ടു സവാരിക്കാർക്കും ഒരുവിധത്തിൽ അസ്തിത്വം അവകാശപ്പെടാമെങ്കിലും കീർക്കഗോർ വിവരിക്കുന്ന രീതിയിലുള്ള അസ്തിത്വം ഇതിൽ രണ്ടാമനു മാത്രമേ ഉള്ളു. ഈ അസ്തിത്വം ബോധപൂർവം ഒരു പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന വ്യക്തിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ശാസ്ത്രീയമായോ അതിഭൌതികമായോ മനുഷ്യനെ മനസ്സിലാക്കുക സാധ്യമല്ലെന്നും അവൻ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും സ്വതന്ത്രനാണെന്നും അതുകൊണ്ടുതന്നെ ദുഃഖിതനുമാണെന്നും അസ്തിത്വവാദം സമർഥിക്കുന്നു. അവന്റെ ഭാവി അവന്റെ സ്വതന്ത്രമായ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് മുൻവിധി സാധ്യമല്ല.

നാസ്തിക-അസ്തിത്വവാദം.

തിരുത്തുക

അസ്തിത്വവാദം നാസ്തികമെന്നും ക്രൈസ്തവമെന്നും രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ചോത്പത്തി ഈശ്വരനിൽനിന്നാണെന്നുള്ള വിശ്വാസത്തെ ഫ്രഞ്ച് അസ്തിത്വവാദികൾ പാടേ നിഷേധിക്കുന്നു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതിനും മനുഷ്യനെ സംരക്ഷിക്കുന്നതിനും ആയി ദൈവം എന്നൊരു ശക്തി ഇല്ലെന്ന് ഇവർ ഉറപ്പിച്ചുപറയുന്നു. സാർവലൌകികമായ മനുഷ്യപ്രകൃതിയെയും സാർവത്രികമായ മാനുഷികമൂല്യങ്ങളെയും അവർ അംഗീകരിക്കുന്നില്ല. മനുഷ്യാവസ്ഥ (Human Condition) എന്ന് ഒന്നുമാത്രമേയുള്ളു എന്നാണ് സാർത്ര് കരുതുന്നത്. മേല്പറഞ്ഞ രണ്ടു വിഭാഗത്തിലെയും അസ്തിത്വവാദികൾ പൊതുവേ വിശ്വസിക്കുന്ന ഒരു കേന്ദ്രതത്ത്വമുണ്ട്: 'സത്തയ്ക്കു മുൻപ് അസ്തിത്വം' (Existence precedes essence). മനുഷ്യൻ ജീവിക്കുന്നതിനു മുൻപ് അവനെ സംബന്ധിക്കുന്ന യാതൊരു സത്തയുമില്ല; യാതൊരർഥവുമില്ല. മനുഷ്യപ്രകൃതിയെക്കുറിച്ചോ മനുഷ്യൻ എന്തായിത്തീരുമെന്നതിനെക്കുറിച്ചോ മുൻകൂട്ടി ഒന്നും വിധിക്കുക സാധ്യമല്ല. മനുഷ്യൻ ആദ്യം ജീവിക്കുന്നു. പിന്നീട് എന്തെങ്കിലും ആയിത്തീരുന്നു. തന്നെത്താൻ നിർവചിക്കുന്നു. ഇതാണ് 'സത്തയ്ക്കുമുൻപ് അസ്തിത്വം' എന്നതിന്റെ അർഥം. സാർത്രിന്റെ വാദവും ഇതുതന്നെ.

ഈശ്വരന്റെയും മനുഷ്യസത്തയെ മുൻകൂട്ടി അറിയുന്ന ഒരു മനസ്സിന്റെയും അഭാവത്തിൽ മനുഷ്യൻ തന്റെ സത്തയെ സ്വയം വളർത്തിയെടുക്കണം. സ്വന്തം ഇച്ഛയനുസരിച്ച് അവൻ തീരുമാനങ്ങൾ എടുക്കേണ്ടതായി വരുന്നു. അതുകൊണ്ട് അവന്റെ പ്രവൃത്തിയെ സംബന്ധിച്ചിടത്തോളം അവൻ സ്വതന്ത്രനാണ്. എന്നാൽ മാനവരാശിക്കു മുഴുവൻ അവൻ ഒരു മാതൃകയായിരിക്കണം. ഒരുദാഹരണംകൊണ്ട് സാർത്ര് ഇതു വ്യക്തമാക്കുന്നു. ഒരു കത്രികകൊണ്ടുള്ള പ്രയോജനത്തെപ്പറ്റിയുള്ള ബോധം അതിന്റെ നിർമ്മാണത്തെ സാധ്യമാക്കുന്നു; അതായത് കത്രികയുടെ സത്തയ്ക്ക് അതിന്റെ ഉത്പത്തിക്കു മുൻപുതന്നെ അസ്തിത്വമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ അസ്തിത്വത്തിനു മുൻപ് സത്ത എന്നാണ് പറയേണ്ടത്. എന്നാൽ മനുഷ്യരുടെ കാര്യത്തിൽ നേരേ മറിച്ചാണ് ക്രമം. മനുഷ്യൻ എന്താണ്, എങ്ങനെയാണ്, എന്തിനാണ് എന്നൊക്കെ കത്രിക നിർമ്മിക്കുന്നവനെപ്പോലെ ആരും കാലേകൂട്ടി ചിന്തിച്ച് തിട്ടപ്പെടുത്തുന്നില്ല. സ്വയം എന്തായിത്തീരുന്നുവോ അതാണ് മനുഷ്യൻ. ഈ ചിന്താഗതി ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങൾക്കും റോമൻ കത്തോലിക്കാ വിശ്വാസങ്ങൾക്കും വിരുദ്ധമാണ്.

ക്രൈസ്തവ-അസ്തിത്വവാദം

തിരുത്തുക

ഈശ്വരൻ സ്ഥിതിചെയ്യുന്നില്ലെന്ന് നാസ്തിക-അസ്തിത്വവാദികൾ വാദിക്കുന്നതിനെതിരെ ക്രൈസ്തവ-അസ്തിത്വവാദികൾ സത്തയ്ക്കുമുൻപ് അസ്തിത്വം എന്ന പൊതുതത്ത്വത്തിന്റെ പശ്ചാത്തലത്തിൽ പുതിയൊരു ചിന്താഗതി അവതരിപ്പിക്കുന്നു. ഈശ്വരൻ സ്ഥിതി ചെയ്യുന്നില്ലെന്നു പറയുകയാണെങ്കിൽ സത്തയ്ക്കുമുൻപ് ഒരു ഭാവം (being) എങ്കിലും ഉണ്ടായിരിക്കണം. ഈ ഭാവം മനുഷ്യനോ, ഹൈഡഗ്ഗർ വ്യവഹരിക്കുന്നതുപോലെ, മാനുഷികതത്ത്വമോ (Human reality) ആയിരിക്കും. സ്വയം നിർമ്മിക്കുന്നതല്ലാതെ മറ്റൊന്നുമല്ല മനുഷ്യൻ. അവന്റെ ജീവിതം മാത്രമാണ് അവൻ. എത്രമാത്രം അവൻ സ്വയം ഭാവിയിലേക്കു പ്രക്ഷേപണം (project) ചെയ്യുന്നുവോ അതിനനുസരണമായി അവന് അസ്തിത്വമുണ്ടാകുന്നു. ചുരുക്കത്തിൽ സ്വന്തം പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് അവൻ. തൻമൂലം അവന്റെ പ്രവൃത്തികൾക്ക് ഉത്തരവാദിയും അവൻ തന്നെയാകുന്നു. അതുകൂടാതെ അവനു മനുഷ്യവർഗത്തോടും ഉത്തരവാദിത്തമുണ്ട്. അവൻ തിരഞ്ഞെടുക്കുന്ന സംഗതികൾ അവനുവേണ്ടി മാത്രമല്ല, പ്രത്യുത മനുഷ്യവർഗത്തിനുകൂടി വേണ്ടിയാകുന്നു. നാം തിരഞ്ഞെടുക്കുമ്പോൾ തിൻമയല്ല, നൻമയായിരിക്കും സ്വീകരിക്കുന്നത്. അന്യർക്കു ഗുണപ്രദമായതു മാത്രമേ നമുക്കും ഗുണകരമായിരിക്കുകയുള്ളു. അതിനാൽ മനുഷ്യക്ഷേമത്തിനുവേണ്ടിയാകുമ്പോൾ തിരഞ്ഞെടുക്കുന്ന പ്രവൃത്തിയിൽ നമ്മുടെ ഉത്തരവാദിത്തം നാം ധരിക്കുന്നതിലേറെ വർധിക്കുന്നു. തിരഞ്ഞെടുപ്പിന്റെ ഏക മാനദണ്ഡം മൂല്യങ്ങളല്ല; പ്രാമാണികത (Authenticity) യാകുന്നു. ഈശ്വരൻ ഇല്ലെന്നുവന്നാൽ നിയമങ്ങളെയും ശാസനകളെയും അനുസരിക്കുകയോ അന്യർക്കുവേണ്ടി അവയെ മാനിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മനുഷ്യൻ പൂർണസ്വതന്ത്രനായിത്തീരുന്നു. വാസ്തവത്തിൽ നമുക്ക് പൂർണസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കാരണം മനുഷ്യനെ അവന്റെ ഇഷ്ടവും അഭിപ്രായവും ആരായാതെ ലോകത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. ഈ കാര്യത്തിൽ അവനു യാതൊരു നിയന്ത്രണവും ഇല്ല. എങ്കിലും ഒന്നുപേക്ഷിച്ചു മറ്റൊന്നു തിരഞ്ഞെടുക്കുവാനുള്ള ഇച്ഛാസ്വാതന്ത്ര്യമുള്ളതിനാൽ അവന്റെ സ്വന്തം പ്രവൃത്തിയിൽ അവന് ഉത്തരവാദിത്തമുണ്ട്. കാൾബാർത് (Karlbarth), കാൾ യാസ്പേഴ്സ് (Karl Jaspers), ഗബ്രിയേൽ മാർസെൽ (Gabriel Marcel), റൂഡോൾഫ് ബൾട്ട്മാൻ (Rudolf Bultman), മാർട്ടിൻ ബൂബർ (Martin Buber), പോൾ ടിലിച് (Paul Tillich) എന്നീ ആധുനിക ചിന്തകർ ഈ വീക്ഷണത്തിനു വലിയ പ്രചാരം നല്കി.

ആധുനികകാലം.

തിരുത്തുക

ഇരുപതാം ശതകത്തിൽ അസ്തിത്വവാദത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയത് ജർമനിയിലെ കാൾ യാസ്പേഴ്സ് (1883-1973) ആണ്. മാർട്ടിൻ ഹൈഡഗ്ഗർ (Martin Heidegger, 1889-1976) ആണ് മറ്റൊരു പ്രമുഖ അസ്തിത്വവാദി. എഡ്മണ്ഡ് ഹുസേളി (Edmund Husserl) (1859-1938) ന്റെ ശിഷ്യനാണ് ഇദ്ദേഹം. ഹുസേളിന്റെ അഭിപ്രായം ദാർശനികർ പ്രകൃതിയിൽ നിന്ന് പിന്തിരിഞ്ഞ് ആന്തരികാനുഭവങ്ങളിലേക്കു ശ്രദ്ധ തിരിക്കണമെന്നാണ്. അസ്തിത്വവാദത്തിന്റെ പ്രമുഖ ഉപജ്ഞാതാക്കളിലൊരാളായ ഴാങ് പോൾ സാർത്ര് ലാനോസേ (Lanausee) എന്ന തത്ത്വശാസ്ത്ര നോവൽ കൂടാതെ നിലനില്പും നിശൂന്യതയും (Being and Nothingness), അസ്തിത്വവാദവും മാനവതാവാദവും (Existentialism and Humanism) തുടങ്ങിയ പല ദാർശനിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരവധി നാടകങ്ങളും പ്രബന്ധങ്ങളും കഥകളും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. ഒരു അസ്തിത്വവാദി ക്രിസ്ത്യാനിയോ നിരീശ്വരവാദിയോ ആകാം എന്ന് സാർത്ര് അഭിപ്രായപ്പെടുന്നു. സാർത്ര് ഒരു നിരീശ്വരവാദിയാണെങ്കിലും 1948 വരെ അദ്ദേഹത്തിന്റെ അനുയായികളിൽ കത്തോലിക്കരും ഉൾപ്പെട്ടിരുന്നു. മനുഷ്യബന്ധങ്ങളെപ്പറ്റി വിവിധ അസ്തിത്വവാദികൾക്കു ഭിന്നാഭിപ്രായങ്ങളാണുള്ളത്. കീർക്കഗോർ, സാർത്ര് തുടങ്ങിയവർ മനുഷ്യന്റെ ഏകാന്തതയെപ്പറ്റി ഊന്നിപ്പറയുന്നു. കാൾ യാസ്പേഴ്സ്, ഗബ്രിയേൽ മാർസെൽ തുടങ്ങിയവരുടെ അഭിപ്രായത്തിൽ ജീവിതലക്ഷ്യം മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരധാരണയാണ്. ആധുനികകാലത്തു യൂറോപ്പിൽ പൊതുവേ അസ്തിത്വവാദത്തിന് നല്ല സ്വാധീനം ഉണ്ടായി. എന്നാൽ ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ ഇതിന് അത്രമേൽ പ്രചാരം സിദ്ധിച്ചില്ല. എങ്കിലും സാഹിത്യമണ്ഡലത്തിൽ സാർത്ര്, സിമോൺ ദ് ബോവ്വാർ, അൽബേർ കാമ്യു തുടങ്ങിയവരുടെ കൃതികൾക്ക് ഗണ്യമായ പ്രചാരം ലഭിച്ചു. അസ്തിത്വവാദത്തിനു പുതിയ വ്യാഖ്യാനങ്ങൾ നല്കിക്കൊണ്ട് സ്വന്തം കൃതികൾ അസ്തിത്വവാദത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു പല സാഹിത്യകാരന്മാരും അവകാശപ്പെടാറുണ്ട്. കാൾ ഹൈം (Karl Heim) എന്ന ജർമൻ സാഹിത്യകാരൻ ഊർജതന്ത്രത്തിന്റെ തത്ത്വശാസ്ത്രത്തെ വിശദീകരിക്കുന്നതിനിടയിൽ അസ്തിത്വവാദത്തെ നിർവചിക്കാൻ ശ്രമിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ പരിധിയിൽ കർശനമായി പെടാത്ത ഏതു വിഷയവും അസ്തിത്വവാദത്തിന്റെ പഠനവിഷയമായി അദ്ദേഹം കണക്കാക്കുന്നു. അസ്തിത്വവാദം ദൈവശാസ്ത്രത്തിലെന്നപോലെ രാഷ്ട്രതന്ത്രത്തിലും മനഃശാസ്ത്രത്തിലും സാഹിത്യത്തിലും വിവിധതലത്തിൽ സ്വാധീനം ചെലുത്തിവരുന്നു.

അസ്തിത്വവാദത്തിന്റെ സ്വാധീനം സാഹിത്യത്തിൽ.

തിരുത്തുക
 
ഫ്രഞ്ച് ദാർശനികരായ ഷാൺ-പോൾ സാർത്രും സീമോങ് ദ് ബുവയും

സാഹിത്യമണ്ഡലത്തിൽ സർഗാത്മക പ്രക്രിയയ്ക്കു പ്രചോദനം നല്കിയ അസ്തിത്വവാദികളിൽ പ്രധാനി ആൽബേർ കാമ്യു (1913-60)വാണ്. ലെത്രാൻഷേർ (അപരിചിതൻ) എന്ന പ്രഥമ നോവലിൽ പ്രപഞ്ചം അവ്യവസ്ഥിതവും അയുക്തികവും അജ്ഞേയവും ആണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം തെളിഞ്ഞുകാണാം. ലാ ഷൂത് (പതനം), ലാ പെസ്ത് (പ്ളേഗ്) എന്നീ നോവലുകളും ലെ മിത്ത് ദ് സിസിഫസ് (സിസിഫസ് പുരാണം) ലോം റെവോൽത് (ദ് റെബൽ) എന്നീ ഉപന്യാസങ്ങളും ആണ് കാമ്യുവിന്റെ മികച്ച സംഭാവനകൾ. ലെതാംപ്സ് മോഡേൺസ് എന്ന എക്സിസ്റ്റൻഷ്യലിസ്റ്റ് മാസികയുടെ നടത്തിപ്പിൽ സാർത്രിന്റെ വലംകയ്യായിരുന്ന സിമോൺ ദ ബൊവ (1908-)യുടെ ലിൻവിറ്റിയെ (അവൾ താമസിക്കാനായി വന്നു), ല്സാങ് ദെ ഓത്ര്സ് (മറ്റുള്ളവരുടെ ചോര) എന്നീ നോവലുകളും യൂജിൻ അയനെസ്കോ (1912-) യുടെ അമീദില്റ്വസ് മ്യൂർത്ത് (രാജാവു നാടുനീങ്ങുന്നു), ല് റിനോസെറോസ് (കാണ്ടാമൃഗം), ലാ ലെസൊൻ (പാഠം), ല് ചെയ്സെ (കസേരകൾ) എന്നീ നാടകങ്ങളും ഫ്രഞ്ച് സാഹിത്യത്തിലെ അസ്തിത്വവാദപരമായ പ്രമുഖകൃതികളാണ്. കഥാസാഹിത്യത്തിനു പുതിയ കൂമ്പുകൾ പൊടിപ്പിച്ച ജർമൻ സാഹിത്യകാരനായ ഫ്രാൻസ് കാഫ്ക (1833-1924) ഈ രംഗത്ത് സവിശേഷശ്രദ്ധയർഹിക്കുന്നു. 20-ാം ശ.-ത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായ ഇദ്ദേഹത്തിന്റെ ദീ വെർവാൻദ് ലുങ് (രൂപാന്തരപ്രാപ്തി) അസ്തിത്വത്തെക്കുറിച്ചുള്ള ഭീകരദർശനം ഉൾക്കൊള്ളുന്നു ഭൂമിയിൽ തന്റെ സ്ഥാനമെന്തെന്നു നിർണയിക്കാനുള്ള ആധുനിക മനുഷ്യന്റെ വൃഥാശ്രമത്തെ അന്യാപദേശരൂപത്തിൽ ചിത്രീകരിക്കുന്ന രണ്ട് ഉത്കൃഷ്ട കൃതികളാണ് ദെർ പ്രോസെസ് (വിചാരണ), ദാസ് ഷ്ളോസ് എന്നീ നോവലുകൾ. ജർമൻ സാഹിത്യത്തിൽ ഈ പ്രസ്ഥാനത്തിനു ലഭിച്ച മികച്ച സംഭാവനകളിൽ മാക്സ് ഫിഷറിന്റെ (1911- സ്റ്റില്ലർ (ശാന്തത കൈവരുത്തുന്നവൻ), ഫ്രീഡ്റിഹ് ഡ്യൂറൻമറ്റി (1921-)ന്റെ ദെർ റിഷ്തെർ ഉൺഡ് സയിൻ ഹെൻകർ (ജഡ്ജിയും ആരാച്ചാരും), ദെർ ഫെർദാഷ്ത് (ഇര), ദെർ ബ്യൂഷ് ദെർ ആൾടെൻ ഡെയിം (സന്ദർശനം), ദീ പിസിക്കർ (ഭൗതികശാസ്ത്രജ്ഞൻ) എന്നീ നാടകങ്ങളും ഹെർമൻ ഹെസ്സി(1877-1962)ന്റെ ദെർ സ്റ്റെപ്പൻവുർഫ്, സിദ്ധാർഥ, നാർസിസ് ഉൺഡ് ഗോൾഡ്മണ്ഡ് എന്നീ നോവലുകളും ഉൾപ്പെടുന്നു. സാഹിത്യസൃഷ്ടിയിലെ വീക്ഷണം എന്തായാലും അതിന്റെ ബാഹ്യസംയോജകം വിശ്വാസ്യവും ആന്തരികഭദ്രതയുള്ളതും ആയിരിക്കണമെന്നു വാദിച്ച ഇംഗ്ളീഷ് കവി ടി.എസ്. എലിയട്ടി (1888-1965)ന്റെ ദ് വേസ്റ്റ് ലാൻഡ് (തരിശുഭൂമി), ദ് ഹോളൊമെൻ (പൊള്ളയായ മനുഷ്യൻ) എന്നീ കവിതകളിൽ ആധുനിക മനുഷ്യജീവിതത്തിലെ ഭയത്തിന്റെയും ശൂന്യതയുടെയും ആത്മസംഘർഷമാണ് ആവിഷ്കരിച്ചിട്ടുള്ളത്. ജീവിതനിരർഥകതയും സംഭ്രാന്തിയും പ്രതിഫലിപ്പിക്കുന്ന കലാശില്പങ്ങളാണ് സാമുവൽ ബെക്കറ്റി(1906-89)ന്റെ വെയ്റ്റിങ് ഫോർ ഗോദൊ (ഗോദൊയെ കാത്ത്), എൻഡ്ഗെയിം (കടശ്ശിക്കളി) എന്നീ നാടകങ്ങൾ. അമേരിക്കൻ സാഹിത്യത്തിൽ സോൾ ബെല്ലൊയുടെ ഹെർസോഗ്, ജെ.ഡി. സലിംഗറുടെ ദ കാച്ചർ ഇൻ ദ റൈ (റൈയിലെ മീൻ പിടുത്തക്കാരൻ), നോർമൻ മെയ്ലറുടെ ആൻ അമേരിക്കൻ ഡ്രീം (ഒരു അമേരിക്കൻ സ്വപ്നം) എന്നീ നോവലുകളും എഡ്വേർഡ് ആൽബിയുടെ ദി അമേരിക്കൻ ഡ്രീം (അമേരിക്കൻ സ്വപ്നം) എന്ന നാടകവും അസ്തിത്വവാദപരമായ കൃതികളിൽപ്പെടുന്നു.

മലയാള സാഹിത്യവും അസ്തിത്വവാദവും

തിരുത്തുക

ആധുനിക ഭാരതീയ പരിതോവസ്ഥയിൽ സ്വന്തം പ്രസക്തി അന്വേഷിച്ച സാഹിത്യകാരന്മാരെ പാശ്ചാത്യ അസ്തിത്വദർശനം ആകർഷിക്കുകയും ഭാരതീയ പശ്ചാത്തലത്തിൽ അവർ അതിന്റെ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ കാലഘട്ടത്തോടെ അല്പാല്പമായി അതിന്റെ നിഴൽ വീണു തുടങ്ങി. സാങ്കേതികമായ അർഥത്തിൽ അസ്തിത്വാനുഭൂതിയുടെ ലക്ഷണങ്ങൾ എല്ലാം ഒത്തവയായിരുന്നില്ല ആ സാഹിത്യസൃഷ്ടികൾ; ചില അംശങ്ങളിൽ ആ വിചാരശൈലി കാണാമെന്നേയുള്ളൂ. ഭാരതീയ സാഹിത്യങ്ങളിൽ അസ്തിത്വവാദകാലഘട്ടം ആരംഭിക്കുന്നത് അറുപതികളിലാണ്. അസ്തിത്വദാർശനികരെ ഏറെ ചിന്തിപ്പിച്ചിട്ടുള്ള പ്രതിഭാസമാണ് മരണം. മരണം സർവവിനാശമല്ലെന്നും ഉണ്മയുടെ ഒരു വകഭേദമാണെന്നും പറഞ്ഞവരുണ്ട്. ഇത്തരം ഒരു മനോഭാവം മലയാളത്തിലെ കാല്പനിക കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'അതിമാനുഷൻ' (1944) എന്ന കവിതയിൽ കാണാം. ജി. ശങ്കരക്കുറുപ്പിന്റെ (1901-77) 'പാണനാർ', വൈലോപ്പിള്ളി (1911-85)യുടെ 'ഉണ്ണികൾ' എന്നീ കവിതകളിൽ മൂല്യച്യുതിയെക്കുറിച്ചുള്ള ആശങ്കയാണ് സ്ഫുരിക്കുന്നത്. നിരർഥകമായ നഗര ജീവിതാവസ്ഥ ചിത്രീകരിക്കുന്ന എൻ.വി. കൃഷ്ണവാരിയരുടെ 'അവസാനത്തെ ആസ്പത്രി', 'കൊച്ചുതൊമ്മൻ' തുടങ്ങിയ കവിതകളിൽ ഈ ഭാവത്തിന്റെ വളർച്ച കാണാം. ആധുനിക നാഗരികതയും ശാസ്ത്രപുരോഗതിയും മനുഷ്യനെ സ്വന്തം കർമമണ്ഡലങ്ങളിൽ അന്യനാക്കിയിരിക്കുന്നു എന്ന ദുഃഖസത്യത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യത്തിലൂടെ അക്കിത്തം വികാരതീവ്രമായി ആവിഷ്കരിച്ചിരിക്കുന്നു. അസ്തിത്വവ്യഥ, ശോകം, തിരസ്കാരം, ശൂന്യത, ഭീതി, ഏകാന്തത, നിസ്സഹായത, മൃത്യുപൂജ, വിരസത തുടങ്ങിയ പല ഭാവങ്ങൾ സങ്കീർണരൂപത്തിൽ ആവിഷ്കരിക്കാനാണ് പുതിയ കവികൾ ശ്രമിക്കുന്നത്. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ 'രാമൻ നായർ മരിച്ചു', അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം', എൻ.എൻ. കക്കാടിന്റെ 'പാതാളത്തിന്റെ മുഴക്കം', മാധവൻ അയ്യപ്പത്തിന്റെ 'മണിയറയിലേക്ക്', സുഗതകുമാരിയുടെ 'അമ്പലമണി', എം.എൻ. പാലൂരിന്റെ 'അനാസിൻ', സച്ചിദാനന്ദന്റെ 'ആത്മഗീത' മുതലായവ ഉദാഹരണങ്ങളാണ്. അസ്തിത്വദർശനം കവികളെക്കാൾ കൂടുതൽ സ്വാധീനിച്ചത് നോവലിസ്റ്റുകളെയും ചെറുകഥാകൃത്തുകളെയുമാണ്. മലയാളത്തിലെ ആദ്യത്തെ അസ്തിത്വവാദപരമായ കൃതി വൈക്കം മുഹമ്മദ്ബഷീറി(1910-)ന്റെ ശബ്ദങ്ങളാണെന്നു ചില നിരൂപകർ അഭിപ്രായപ്പെടുന്നു. ഇതിലെ പ്രധാന കഥാപാത്രത്തിന്റെ ജീവിതം മൃതിയെക്കാൾ ഭയാനകമാണ്. വ്യർഥതാബോധം പ്രകാശിപ്പിക്കുന്ന നോവലുകളിൽ ഒ.വി. വിജയൻറെ (1930-) ഖസാക്കിന്റെ ഇതിഹാസം മികച്ചു നില്ക്കുന്നു. കാക്കനാടന്റെ (1935-) വസൂരി, ഉഷ്ണമേഖല, ആനന്ദിന്റെ (1936-) ആൾക്കൂട്ടം, സി. രാധാകൃഷ്ണന്റെ (1939-) താരനിശ, എം. മുകുന്ദന്റെ (1943-) ഹരിദ്വാരിൽ മണിമുഴങ്ങുന്നു, മാടമ്പു കുഞ്ഞുക്കുട്ടന്റെ (1946-) അശ്വത്ഥാമാവ് തുടങ്ങിയവ ഈയിനത്തിൽപ്പെട്ട പ്രധാന നോവലുകളിൽപ്പെടുന്നു. മൂല്യങ്ങൾ തകർന്ന ആധുനിക യാന്ത്രികലോകത്തിൽ ലക്ഷ്യരഹിതമായി അസ്തിത്വം തേടി അലയുന്ന മനുഷ്യരുടെ അവസ്ഥയാണ് ഈ നോവലുകളിലെ ചിന്താവിഷയം. സക്കറിയ (1931-), സേതു (1935-), പദ്മരാജൻ (1945-91) മുതലായവരുടെ ചില ചെറുകഥകളിലും അസ്തിത്വദുഃഖം പ്രമേയമാക്കിയിട്ടുണ്ട്. ഡോ. കെ. രാഘവൻപിള്ള രചിച്ച സാർത്രിന്റെ അസ്തിത്വദർശനം എന്ന കൃതി ശ്രദ്ധേയമായ ഒരു പഠനമാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസ്തിത്വവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അസ്തിത്വവാദം&oldid=3952608" എന്ന താളിൽനിന്ന് ശേഖരിച്ചത്