പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം
കണ്ണൂർ ജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സുബ്രഹ്മണ്യക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം (Peralassery Sri Subrahmanya Temple)[1]. അഞ്ചരക്കണ്ടിപ്പുഴയുടെ കരയിൽ കണ്ണൂർ-കൂത്തുപറമ്പ് പാതയ്ക്കരികിലായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി അമ്പലം. പഴനിയിലേതുപോലെ പടിഞ്ഞാറോട്ടാണ് ഇവിടെയും സുബ്രഹ്മണ്യസ്വാമിയുടെ ദർശനം. കൂടാതെ തുല്യപ്രാധാന്യത്തോടെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്.നാഗപ്രീതിയ്ക്കായി ഇവിടെ സർപ്പബലി, നൂറും പാലും തുടങ്ങിയ വഴിപാടുകൾ നടത്താറുണ്ട്. ഈ ക്ഷേത്രത്തിന് മുന്നിലുള്ള പ്രത്യേകരീതിയിൽ നിർമ്മിച്ച ക്ഷേത്രക്കുളം പ്രസിദ്ധമാണ്. ഇവിടെയെത്തുന്ന തീർത്ഥാടകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ കുളം. ധനുമാസം അഞ്ചാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയാണ് ഈ ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടപ്പെടുന്നത്. കൂടാതെ, തുലാമാസത്തിൽ സ്കന്ദഷഷ്ഠിയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യംതിരുത്തുക
വനവാസകാലത്ത് രാവണൻ സീതയെ അപഹരിച്ചപ്പോൾ ശ്രീരാമൻ ഇവിടെ എത്താനിടയായി.ക്ഷേത്രം ദർശിച്ച ശ്രീരാമന് ഇവിടെ സുബ്രഹ്മണ്യസാന്നിധ്യം അനുഭവപ്പെടുകയും ആ ചരിത്രം കൂടെയുണ്ടായിരുന്ന ഹനുമാനോടും ലക്ഷ്മണനോടും പറയുകയും ചെയ്തു.
ഒരിക്കൽ ബാലസുബ്രഹ്മണ്യൻ ബ്രഹ്മാവിനോട് ഓംകാരത്തിന്റെ പൊരുൾ ചോദിച്ചു.എന്നാൽ ബ്രഹ്മാവിനു അതിൻറെ അർത്ഥം യഥാവിധി പറഞ്ഞു കൊടുക്കാൻ പറ്റിയില്ല. ഇതിൽ ദേഷ്യം വന്ന സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലിടാൻ തന്റെ സേനാനിയായ വീരബാഹുവിനോട് പറഞ്ഞു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായത് പ്രപഞ്ചത്തിൽ സൃഷ്ടി നിലയ്ക്കാൻ കാരണമായി. പിന്നീട് പരമേശ്വരന്റെ നിർദ്ദേശപ്രകാരം ബ്രഹ്മാവിനെ സുബ്രഹ്മണ്യൻ മോചിപ്പിച്ചു. പക്ഷേ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു. കുറച്ചുകാലം അജ്ഞാതവാസത്തിൽ കഴിയേണ്ടി വന്നു. അതനുസരിച്ചു അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിച്ചു. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തുപോന്നു. അതുകൊണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിയ്ക്ക് സുപ്രധാനസ്ഥാനം നല്കി പൂജിക്കണമെന്നു പറഞ്ഞു. അങ്ങനെ അവർ ക്ഷേത്രദർശനം നടത്തുകയും, ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തേണ്ടതിന്റെ ഔചിത്യത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അയ്യപ്പൻ താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്നും ആ ശ്രീകോവിലിന്റെ തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും ശ്രീരാമനോട് പറഞ്ഞു. വിഗ്രഹത്തിനായി ശ്രേഷ്ഠമായ ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ പറഞ്ഞു വിട്ടു. വിഗ്രഹത്തിന് പോയ ഹനുമാൻ പ്രതിഷ്ഠാമുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹുർത്തം തെറ്റാതിരിക്കാൻ ശ്രീരാമൻ തന്റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് ബിംബത്തിൻറെ സഥാനത്ത് പ്രതിഷ്ഠിച്ചു.അപ്പോഴേക്കും ഹനുമാൻ ബിംബവുമായ് എത്തി. ശ്രീരാമൻ വളയുടെ മുകളിൽ തന്നെ പ്രതിഷ്ടിക്കാൻ നോക്കുന്നതു കണ്ട ഹനുമാൻ വള എടുത്തിട്ടു പ്രതിഷ്ഠിച്ചുകൂടെ എന്നു ചോദിച്ചു. വള തിരിച്ചെടുക്കാൻ ഹനുമാൻ ശ്രമിച്ചപ്പോൾ വള ഇളകിയില്ലെന്നു മാത്രമല്ല ഒരു സർപ്പം വന്നു വളയിൽ ഇരുന്നു എടുക്കരുതെന്ന് ഫണം കാണിച്ചുകൊടുക്കുകയുമുണ്ടായി. പെരുവളയിൽ സുബ്രഹ്മണ്യസ്വാമി കുടികൊണ്ടെന്ന് മനസ്സിലാക്കിയ ശ്രീരാമൻ, തുടർന്ന് അവിടെ പ്രതിഷ്ഠ കഴിഞ്ഞതായി അറിയിച്ചു. എന്നറിയപ്പെട്ടു. അങ്ങനെ പെരുവള ഊരി പ്രതിഷ്ഠിച്ചതിനാൽ സ്ഥലം പെരുവളശ്ശേരി എന്ന് അറിയപ്പെട്ടു, കാലാന്തരത്തിൽ അത് ലോപിച്ച് പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു. താൻ കൊണ്ടുവന്ന വിഗ്രഹം, ഹനുമാൻ അടുത്തുതന്നെ മറ്റൊരു ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചു. മർക്കടനായ (കുരങ്ങൻ) ഹനുമാൻ പ്രതിഷ്ഠിച്ച ക്ഷേത്രമിരിയ്ക്കുന്ന സ്ഥലമായതിനാൽ മർക്കടശ്ശേരി എന്ന് അവിടം അറിയപ്പെട്ടു. കാലാന്തരത്തിൽ അത് ലോപിച്ച് മക്രേരി എന്ന് അറിയപ്പെട്ടു. ഇന്നും പെരളശ്ശേരി ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും കൂടി ദർശനം നടത്തണമെന്നാണ് ചിട്ട.
ക്ഷേത്രനിർമ്മിതിതിരുത്തുക
ക്ഷേത്രപരിസരവും മതിലകവുംതിരുത്തുക
പെരളശ്ശേരി ഗ്രാമത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ദർശനം. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് കാര്യാലയം, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റോപ്പ്, സ്കൂൾ, കോളേജ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ മുന്നിലായി കാണാം. ക്ഷേത്രത്തിൽ നിന്ന് അല്പദൂരം കിഴക്കുമാറി അഞ്ചരക്കണ്ടിപ്പുഴ ഒഴുകുന്നു. പുഴയ്ക്ക് കുറുകെ ഒരു തൂക്കുപാലം പണിതിട്ടുണ്ട്. ഇത് ഇവിടെ വരുന്നവരുടെ വലിയൊരു ആകർഷണം. ക്ഷേത്രത്തിന്റെ നേരെമുന്നിലായി വലിയ അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാലിനെ ത്രിമൂർത്തീസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായി കണക്കാക്കിവരുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. തെക്കുപടിഞ്ഞാറുഭാഗത്താണ് പ്രസിദ്ധമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. ഉത്തരേന്ത്യയിൽ കാണപ്പെടുന്ന പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിലാണ് ഇവിടെ കുളം കുഴിച്ചിരിയ്ക്കുന്നത്. 2001-ലാണ് ഇന്നത്തെ ഈ രൂപത്തിൽ കുളം നവീകരിച്ചത്. നിരവധി ചലച്ചിത്രങ്ങളും ആൽബങ്ങളും ഇവിടെ ചിത്രീകരിയ്ക്കപ്പെട്ടിട്ടുണ്ട്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാന്റെ ആറാട്ടും. കുളത്തിനടുത്തുതന്നെയാണ് വാഹന പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുള്ളത്. ഇതുമൂലം സ്ഥലപരിമിതി അടക്കമുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. അരയാലിനടുത്തുള്ള പടിക്കെട്ടുകളിലൂടെ കയറിയാൽ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലെത്താം. താരതമ്യേന വളരെ ചെറിയൊരു ഗോപുരമാണ് ഇവിടെയാണുള്ളത്. ഓടുമേഞ്ഞ ഈ ഗോപുരം ഇപ്പോഴും ക്ഷേത്രപ്പഴമ വിളിച്ചോതുന്ന രീതിയിൽ തന്നെയാണ് കാണപ്പെടുന്നത്. ഗോപുരത്തിനടുത്തായി ദേവസ്വം വക സ്റ്റേജും പണിതിട്ടുണ്ട്. ഇതിന് ഒരുപാട് പഴക്കമില്ല.
ഉത്സവങ്ങൾതിരുത്തുക
തുലാസംക്രമം, തുലാം 10, 11 തീയതികൾ, ധനു ഉത്സവം എന്നിവ ഇവിടുത്തെ പ്രധാന ഉത്സവങ്ങളാണ്. തുലാസംക്രമത്തിന് കാവേരി സംക്രമം എന്നും പേരുണ്ട്. കാവേരി നദിയിലെ ജലം ഈ ദിവസം ഇവിടെ എത്തിച്ചെരുമെന്നാണ് വിശ്വാസം. ആയില്യം നാളിൽ കൂടുതൽ ഭക്തൻമാർ ഇവിടെയെത്താറുണ്ട്. നാഗപൂജയ്ക്ക് പ്രാധാന്യമുള്ള ദിവസമാണ് ആയില്യം. എല്ലാ മാസവും വരുന്ന വെളുത്ത ഷഷ്ഠിദിവസങ്ങളും വിശേഷമാണ്.
അവലംബംതിരുത്തുക
- ↑ "ആരാധന കേന്ദ്രങ്ങൾ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്". മൂലതാളിൽ നിന്നും 2012-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-17.