മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ മക്രേരി ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് മക്രേരി സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രം. ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയും ശ്രീരാമദാസനായ ഹനുമാൻസ്വാമിയുമാണ് പ്രധാനപ്രതിഷ്ഠകൾ. ഇവിടത്തെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് ഹനുമാനാണെന്നാണ് സങ്കല്പം. ഇന്നും ക്ഷേത്രത്തിലെ തന്ത്രിസ്ഥാനം ഹനുമാന്നാണ് നൽകിവരുന്നത് എന്നൊരു വലിയ പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഏറെക്കാലം ജീർണ്ണാവസ്ഥയിൽ കിടന്ന ഈ ക്ഷേത്രം, സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. തനിയ്ക്ക് ലഭിച്ച എല്ലാ ബഹുമതികളും താൻ പൂജിച്ചിരുന്ന ദേവീദേവന്മാരുടെ രൂപങ്ങളും സ്വാമി ഇവിടെ സമർപ്പിച്ചു. ഉപദേവതകളായി ഗണപതി, മഹാവിഷ്ണു (മൂന്ന് പ്രതിഷ്ഠകൾ), ഭഗവതി എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും ദർശനം നടത്തണം എന്നാണ് ചിട്ട. തന്മൂലം ഗുരുവായൂരിന് മമ്മിയൂർ പോലെ, തിരുനെല്ലിയ്ക്ക് തൃശ്ശിലേരി പോലെ, പെരളശ്ശേരിയ്ക്ക് മക്രേരി എന്നൊരു വാമൊഴിയുമുണ്ട്. തുലാമാസത്തിലെ സ്കന്ദഷഷ്ഠി, മകരമാസത്തിൽ തൈപ്പൂയം, മേടമാസത്തിൽ ഹനുമാൻ ജയന്തി, കന്നിമാസത്തിലെ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. വൈക്കത്തപ്പന്റെ പരമഭക്തനായിരുന്ന ദക്ഷിണാമൂർത്തി സ്വാമിയുടെ സ്മരണാർത്ഥം വൈക്കത്തഷ്ടമിയും അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം

തിരുത്തുക

പെരളശ്ശേരി ക്ഷേത്രവുമായി ബന്ധപ്പെട്ട അതേ ഐതിഹ്യം തന്നെയാണ് മക്രേരി ക്ഷേത്രത്തിനും. ‌വനവാസകാലത്ത് രാവണൻ സീതയെ അപഹരിച്ചപ്പോൾ ശ്രീരാമൻ ഇവിടെ എത്താനിടയായി.ക്ഷേത്രം ദർശിച്ച ശ്രീരാമന് ഇവിടെ സുബ്രഹ്മണ്യസാന്നിധ്യം അനുഭവപ്പെടുകയും ആ ചരിത്രം കൂടെയുണ്ടായിരുന്ന ഹനുമാനോടും ലക്ഷ്മണനോടും പറയുകയും ചെയ്തു.

ഒരിക്കൽ ബാലസുബ്രഹ്മണ്യൻ ബ്രഹ്മാവിനോട് ഓംകാരത്തിന്റെ പൊരുൾ ചോദിച്ചു.എന്നാൽ ബ്രഹ്മാവിനു അതിൻറെ അർത്ഥം യഥാവിധി പറഞ്ഞു കൊടുക്കാൻ പറ്റിയില്ല. ഇതിൽ ദേഷ്യം വന്ന സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലിടാൻ തന്റെ സേനാനിയായ ‌വീരബാഹുവിനോട് പറഞ്ഞു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായത് പ്രപഞ്ചത്തിൽ സൃഷ്ടി നിലയ്ക്കാൻ കാരണമായി. പിന്നീട് പരമേശ്വരന്റെ നിർദ്ദേശപ്രകാരം ബ്രഹ്മാവിനെ സുബ്രഹ്മണ്യൻ മോചിപ്പിച്ചു. പക്ഷേ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു. കുറച്ചുകാലം അജ്ഞാതവാസത്തിൽ കഴിയേണ്ടി വന്നു. അതനുസരിച്ചു അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിച്ചു.‌ വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തുപോന്നു. അതുകൊണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിയ്ക്ക് സുപ്രധാനസ്ഥാനം നല്കി പൂജിക്കണമെന്നു പറഞ്ഞു. അങ്ങനെ അവർ ക്ഷേത്രദർശനം നടത്തുകയും, ഇവിടെ സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തേണ്ടതിന്റെ ഔചിത്യത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അയ്യപ്പൻ താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്നും ആ ശ്രീകോവിലിന്റെ തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും ശ്രീരാമനോട് പറഞ്ഞു. ‌വിഗ്രഹത്തിനായി ശ്രേഷ്ഠമായ ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ പറഞ്ഞു വിട്ടു. വിഗ്രഹത്തിന് പോയ ഹനുമാൻ പ്രതിഷ്ഠാമുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹുർത്തം തെറ്റാതിരിക്കാൻ ശ്രീരാമൻ തന്റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് ബിംബത്തിൻറെ സഥാനത്ത് പ്രതിഷ്ഠിച്ചു.അപ്പോഴേക്കും ഹനുമാൻ ബിംബവുമായ് എത്തി. ശ്രീരാമൻ വളയുടെ മുകളിൽ തന്നെ പ്രതിഷ്ടിക്കാൻ നോക്കുന്നതു കണ്ട ഹനുമാൻ വള എടുത്തിട്ടു പ്രതിഷ്ഠിച്ചുകൂടെ എന്നു ചോദിച്ചു.‌ വള തിരിച്ചെടുക്കാൻ ഹനുമാൻ ശ്രമിച്ചപ്പോൾ വള ഇളകിയില്ലെന്നു മാത്രമല്ല ഒരു സർപ്പം വന്നു വളയിൽ ഇരുന്നു എടുക്കരുതെന്ന് ഫണം കാണിച്ചുകൊടുക്കുകയുമുണ്ടായി. പെരുവളയിൽ സുബ്രഹ്മണ്യസ്വാമി കുടികൊണ്ടെന്ന് മനസ്സിലാക്കിയ ശ്രീരാമൻ, തുടർന്ന് അവിടെ പ്രതിഷ്ഠ കഴിഞ്ഞതായി അറിയിച്ചു. എന്നറിയപ്പെട്ടു. അങ്ങനെ പെരുവള ഊരി പ്രതിഷ്ഠിച്ചതിനാൽ സ്ഥലം പെരുവളശ്ശേരി എന്ന് അറിയപ്പെട്ടു, കാലാന്തരത്തിൽ അത് ലോപിച്ച് പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു. താൻ കൊണ്ടുവന്ന വിഗ്രഹം, ഹനുമാൻ അടുത്തുതന്നെ മറ്റൊരു ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചു. മർക്കടനായ (കുരങ്ങൻ) ഹനുമാൻ പ്രതിഷ്ഠിച്ച ക്ഷേത്രമിരിയ്ക്കുന്ന സ്ഥലമായതിനാൽ മർക്കടശ്ശേരി എന്ന് അവിടം അറിയപ്പെട്ടു. കാലാന്തരത്തിൽ അത് ലോപിച്ച് മക്രേരി എന്ന് അറിയപ്പെട്ടു. ഇന്നും പെരളശ്ശേരി ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും കൂടി ദർശനം നടത്തണമെന്നാണ് ചിട്ട.

ക്ഷേത്രനിർമ്മിതി

തിരുത്തുക

മക്രേരി ദേശത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. നാലുഭാഗത്തുനിന്നും ക്ഷേത്രത്തിലെത്താൻ വഴികളുണ്ട്.