പാർസ് (പൗരസ്ത്യ സുറിയാനി മെത്രാസന പ്രവിശ്യ)

കിഴക്കിന്റെ സഭയുടെ ഒരു ബാഹ്യ സഭാപ്രവിശ്യ
(പാർസ് (പൗരസ്ത്യ സുറിയാനി മെത്രാസനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കിന്റെ സഭയുടെ ഒരു സഭാ പ്രവിശ്യയായിരുന്നു പാർസ് അഥവാ ബേഥ് പാർസായെ. പേർഷ്യൻ സംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഇന്നത്തെ ഫാർസ് പ്രവിശ്യയിലെ റെവ് അർദാശിർ എന്ന പൗരാണിക നഗരം കേന്ദ്രീകരിച്ചാണ് ഈ മെത്രാസനം പ്രവർത്തിച്ചിരുന്നത്.[1]

പാർസ് മെത്രാസനം
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഉമ്മുൽ ഖുവൈനിലെ സിനിയ ദ്വീപിൽ നിന്ന് 2022ൽ കണ്ടെടുക്കപ്പെട്ട ക്രൈസ്തവ ആശ്രമത്തിന്റെ അവശേഷിപ്പുകൾ
സ്ഥാനം
പ്രവിശ്യഫാർസ് പ്രവിശ്യ
മെത്രാസനംറെവ് അർദാശിർ
വിവരണം
സഭാശാഖകിഴക്കിന്റെ സഭ
ആചാരക്രമംകൽദായ ആചാരക്രമം
പാത്രിയർക്കീസ്‌പൗരസ്ത്യ കാതോലിക്കോസ്
മെത്രാപ്പൊലീത്തറെവ് അർദാശിറിന്റെ മെത്രാപ്പോലീത്ത
സാമന്ത രൂപതകൾബേഥ് പാർസായെ
അർദാശിർ ഖുറാഹ് (ശിറാഫ്),
ദാറബ്ഗർദ്,
ഇശ്താഖ്ർ,
കസ്സ്റുൻ (ബിഹ് ശാപൂർ),
ഖീശ്,
ശിറാസ്സ്,
കർമാൺ,
മർമാദിത്,
ബേഥ് ഖത്റായെ (ക്രി. വ. 676വരെ)
ദയറിൻ,
മശ്മാഹിഗ്,
ഹാഗർ,
ഹത്താ
ബേഥ് മാസ്സുനായെ (ഒമാൻ),
ബേഥ് ഹെന്ദായെ (7ാം നൂറ്റാണ്ടുവരെ),
സൊക്കോത്ര,
ഖാലാ
ഭൂപടം

ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

ചരിത്ര പശ്ചാത്തലം

തിരുത്തുക
 
കിഴക്കിന്റെ സഭയുടെ എട്ടാം നൂറ്റാണ്ടിലെ പ്രേഷിത പ്രവർത്തന മേഖല

പാരമ്പര്യം അനുസരിച്ച് പാർസ് പ്രവിശ്യയിലേക്ക് (സുറിയാനി: ܒܝܬ ܦܪܣܝܐ, ബേഥ് പാർസായെ) ക്രിസ്തുമതം എത്തിച്ചത് യേശുക്രിസ്തുവിന്റെ ശിഷ്യനായ മാർത്തോമാ ശ്ലീഹായാണ്.[2] എദേസ്സയിൽ മാർ അദ്ദായിയുടെ ശിഷ്യരായിത്തീർന്ന പേർഷ്യൻ വ്യാപാരികൾ ഇവിടെ ക്രിസ്തുമതം പ്രചരിപ്പിച്ചെന്ന പാരമ്പര്യവും നിലവിലുണ്ട്. മാർ മാറിയുടെ നടപടികൾ എന്ന ഗ്രന്ഥത്തിൽ രണ്ടാമത്തെ പാരമ്പര്യമാണ് പരാമർശിക്കുന്നത്.[1] സസ്സാനിയൻ ചക്രവർത്തിമാരായ ശാപൂർ 1ാമനും (ഭരണം. 240–72) അദ്ദേഹത്തിന്റെ പൗത്രൻ ശാപൂർ 2ാമനും (ഭരണം. 309–79) റോമാ സാമ്രാജ്യത്തിലെ സിറിയ ആക്രമിച്ച് കീഴടക്കിയശേഷം അവിടെനിന്നും കടത്തിക്കൊണ്ടു വന്ന പ്രവാസികളിൽ ക്രിസ്ത്യാനികൾ ഉൾപ്പെടെ ഉള്ളവർ ഈ മേഖലയിൽ പുനരധിവസിപ്പിക്കപ്പെട്ടിരുന്നു. ഇവർ തങ്ങളുടെ മതവിശ്വാസം നിലനിർത്തികൊണ്ട് തന്നെ തദ്ദേശീയ പേർഷ്യക്കാരുമായി വിവാഹബന്ധങ്ങൾ തുടങ്ങി.[1] ഇതും പേർഷ്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഉൽഭവത്തിന് പിന്നിലെ കാരണമാണ്.[3] സീർത്തിന്റെ നാളാഗമം നൽകുന്ന ഒരു വിവരണത്തിൽ പാർസിലെ ക്രൈസ്തവ സമൂഹം സുറിയാനിയിലും ഗ്രീക്കിലും ആരാധന നടത്തിയിരുന്നു എന്ന് പരമർശിക്കുന്നുണ്ട്. കിഴക്കിന്റെ സഭയുടെ ആന്തരിക പ്രവിശ്യകളുടെ ഉൽഭവത്തിന് കാരണമായെന്ന് കണക്കാക്കപ്പെടുന്ന സെലൂക്യാ-ക്ടെസിഫോണിലെ മാർ മാറി നടത്തിയ പ്രവർത്തനത്തെ അപ്രധാനമായാണ് പാർസിൽ ഉള്ളവർ കണക്കാക്കിയിരുന്നത്. കിഴക്കിന്റെ സഭയിലെ സിറിയൻ, പേർഷ്യൻ അംഗങ്ങൾ തമ്മിലുള്ള അനൈക്യത്തിന്റെ ഉദാഹരണമായി ഇത് ഗണിക്കപ്പെടുന്നു. സെലൂക്യാ-ക്ടെസിഫോണിലെ പാത്രിയർക്കീസുമാർക്ക് പലപ്പോഴും പാർസ് പ്രവിശ്യയുടെ ഭരണമേൽനോട്ടം ദുഷ്കരമായിരുന്നു.[1][4]

 
പതിനാലാം നൂറ്റാണ്ടിലെ കിഴക്കിന്റെ സഭയുടെ മദ്ധ്യപൂർവദേശത്തെ വ്യാപ്തിയും അതിൽ പാർസിന്റെ (9) സ്ഥാനവും

424ൽ മർകബ്തായിൽ മാർ ദാദീശോയുടെ നേതൃത്വത്തിൽ ചേർന്ന സൂനഹദോസിന്റെ നടപടികളിൽ അന്നത്തെ അഞ്ച് ആന്തരിക സഭാ പ്രവിശ്യകളുടെയും മെത്രാപ്പോലീത്തമാരുടേയും സാമന്ത രൂപതകളുടെ ആപ്പിസ്കോപ്പമാരുടെയും ഇടയിൽ റെവ് അർദാശിറിന്റെ മേലദ്ധ്യക്ഷന്റെ ഒപ്പും കാണപ്പെടുന്നുണ്ട്. അപ്പോഴേക്കും പാർസിനെ കിഴക്കിന്റെ സഭയുടെ ആറാമത്തെ മെത്രാസന പ്രവിശ്യയായി അംഗീകരിച്ചിരുന്നു എന്ന സൂചന ഇതിൽ നിന്നും ലഭിക്കുന്നു.[5]

410ലെ ഇസഹാഖ് കാതോലിക്കോസിന്റെ സൂനഹദോസിൽ പേർഷ്യയിലെ പ്രധാന ഭദ്രാസനമായ റെവ് അർദാശിർ സഭയുടെ കേന്ദ്ര പ്രവിശ്യകൾക്ക് വെളിയിലായാണ് രേഖപ്പെടുത്തപ്പെട്ടത്. 420ലെ യാഹ്ബല്ലാഹാ കാതോലിക്കോസിന്റെ സൂനഹദോസോടെ മെത്രാപ്പോലീത്തൻ പദവിയിലേക്ക് ഉയർന്ന റെവ് അർദാശിർ സഭയുടെ വിദൂര പ്രവിശ്യകളുടെ ഗണത്തിൽ എണ്ണപ്പെട്ടു തുടങ്ങി. എന്നാൽ 554ലെ കാതോലിക്കോസ് യൗസേപ്പിന്റെ സൂനഹദോസ് റെവ് അർദാശിറിന്റെ നേതൃത്വത്തിലുള്ള പാർസ് പ്രവിശ്യയെ സഭയുടെ കേന്ദ്ര പ്രവിശ്യകളിൽ ഒന്നായി അംഗീകരിച്ചു. കാതോലിക്കോസ് തിമോത്തിയോസ് ഒന്നാമന്റെ കാലത്താണ് ഇതിന് മാറ്റമുണ്ടാകുന്നത്.[6] അദ്ദേഹം പാർസ്, മെർവ് എന്നീ പ്രവിശ്യകളെ കേന്ദ്ര പ്രവിശ്യാ പദവിയിൽ നിന്ന് മാറ്റി വിദൂര പ്രവിശ്യകളായി തരംതിരിച്ചു.[7] ഇത്തരം പ്രവിശ്യകൾക്ക് ചില സവിശേഷ ആനുകൂല്യങ്ങൾ അനുവദിക്കപ്പെട്ടിരുന്നു. ദൂരവും യാത്രാബുദ്ധിമുട്ടും കണക്കിലെടുത്ത് ഇവയ്ക്ക് സഭയുടെ സൂനഹദോസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവ് അനുവദിച്ചിരുന്നു. കൂടാതെ പ്രവിശ്യയിലെ സാമന്ത ഭദ്രാസനങ്ങളുടെ അപ്പിസ്കോപ്പമാരെ തിരഞ്ഞെടുക്കാനും കാതോലിക്കോസിന്റെ സ്ഥിരീകരണം വാങ്ങിയശേഷം അവരെ വാഴിക്കാനും അനുവാദം ഉണ്ടായിരുന്നു.[8]

അധികാരത്തർക്കവും 676ലെ ദയറിൻ സൂനഹദോസും

തിരുത്തുക

അവസാന സസ്സാനിയൻ, ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിൽ പാർസിലെ മെത്രാപ്പോലീത്തമാർ കാതോലിക്കോസുമാരുമായി ഭരണപരമായ തർക്കത്തിൽ ഏർപ്പെട്ടിരുന്നു.[9] ഈശോയാബ് 2ാമൻ (ഭരണകാലം 628–645), ഈശോയാബ് 3ാമൻ (ഭരണകാലം 649–659), ഗീവർഗ്ഗീസ് 1ാമൻ (ഭരണകാലം 661–680) എന്നീ കാതോലിക്കോസുമാരുടെ കാലത്ത് ഈ തർക്കം രൂക്ഷമായിരുന്നു.[4][10] കാതോലിക്കോസ് തിമോത്തിയോസ് 1ാമൻ (ഭരണകാലം 780–823) ഈ തർക്കം ശാശ്വതമായി പരിഹരിക്കുന്നത് വരെ ഇത് വലിയ വിവാദമായി തുടർന്നുകൊണ്ടിരുന്നു.[11][2][12]

കിഴക്കിന്റെ സഭയുടെ യഥാർത്ഥ കേന്ദ്രം തങ്ങളുടേതാണെന്ന് പാർസ് മെത്രാസനത്തിലുള്ളവർ വിശ്വസിച്ചിരുന്നു. അതുകൊണ്ട് പലകാലത്തും സെലൂക്യാ-ക്ടെസിഫോണിലെ കാതോലിക്കോസിന് എതിരായി അധികാരത്തർക്കത്തിൽ അവർ ഏർപ്പെട്ടിരുന്നു.[12] 497ൽ കാതോലിക്കോസ് ബാവായിയുടെ അദ്ധ്യക്ഷതയിൽ നടന്ന സൂനഹദോസിൽ നിന്ന് പാർസിലെ മെത്രാപ്പോലീത്ത ആയിരുന്ന യാസ്സ്ദാദ് വിട്ടുനിന്നിരുന്നു. പാർസിലെ മെത്രാപ്പോലീത്ത ഗ്രിഗോറിയോസും പ്രവിശ്യയിലെ ബിഷപ്പുമാരും 586ലെ ഈശോയാബ് 2ാമന്റെ സൂനഹദോസ് ബഹിഷ്കരിച്ചു. ദറാബ്ഗർദിലെ ബിഷപ്പായിരുന്ന മൽക്കയോട് കാതോലിക്കോസ് യൗസേപ്പ് 1ാമൻ പരുഷമായി പെരുമാറിയത് പാർസിലെ സഭാംഗങ്ങളുടെ ഒരുമിച്ചുള്ള പ്രതിഷേധത്തിന് ഇടവരുത്തി. അവർ കാതോലിക്കോസിന്റെ പേര് പ്രാർത്ഥനാക്രമത്തിലെ ഡിപ്റ്റിക്സിൽ നിന്ന് വെട്ടി.[13] 554ലെ സൂനഹദോസ് മുതൽ എങ്കിലും പാർസിന്റെ മെത്രാപ്പോലീത്തയുടെ അധികാരത്തിൻ കീഴിൽ ഉണ്ടായിരുന്ന ഇന്ത്യൻ ഭദ്രാസനത്തെ പുതിയ പ്രവിശ്യയായി കാതോലിക്കോസ് ഉയർത്തിയത് പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കി.[4][14] ഈശോയാബ് 2ാമനോ ഈശോയാബ് 3ാമനോ ആകാം ഈ നടപടി എടുത്തത്.[4][15][16] ഈശോയാബ് 3ാമന്റെ കാലത്ത് സഭയുടെ കേന്ദ്ര നേതൃത്വവും പാർസ് മെത്രാസനവും തമ്മിലുള്ള കലഹം അതിന്റെ മൂർദ്ധന്യത്തിൽ എത്തിച്ചേർന്നു.[13] പാർസിലെ മെത്രാപ്പോലീത്തയും പ്രവിശ്യയിലെ മറ്റ് ബിഷപ്പുമാരും ഓരോരുത്തരായി തന്റെ സ്ഥിരീകരണം വാങ്ങണം എന്ന് അദ്ദേഹം ഉത്തരവിട്ടു. ഈ തീരുമാനം അനുസരിക്കാൻ പാർസിലെ റെവ് അർദാശിറിലെ മെത്രാപ്പോലീത്തയായ ശിമയോൻ കൂട്ടാക്കിയില്ല. ശിമയോൻ അടക്കമുള്ള പാർസിലെ ഇരുപതിലധികം ബിഷപ്പുമാർ കാതോലിക്കോസിന്റെ സ്ഥിരീകരണം മുമ്പ് വാങ്ങിയിരുന്നില്ല.[17] ബേഥ് ഖത്റായെ, ഇന്ത്യ എന്നിവിടങ്ങളിലെ ഭദ്രാസനങ്ങൾ റെവ് അർദാശിറിലെ പ്രവിശ്യാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായിരുന്നു. അവർ കാതോലിക്കോസിനോട് പരാതിപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മെത്രാപ്പോലീത്തയോടുള്ള വിധേയത്വം അവസാനിപ്പിച്ച് കാതോലിക്കോസിനോട് നേരിട്ട് ബന്ധം സ്ഥാപിക്കുകയും ചെയ്തു. പ്രവിശ്യയുടെ ഭരണകാര്യങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഈശോയാബ് 3ാമൻ ശിമയോൻ മെത്രാപ്പോലീത്തയ്ക്ക് അയച്ച കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:

ഇവയോടൊപ്പം ഓർക്കുക, നമ്മുടെ ദൈവസ്‌നേഹിയായ സഹോദരാ, ഇന്ത്യയിലെ നിരവധി ജനതകളുടെ മുമ്പിൽ എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിന്റെ വാതിൽ താങ്കൾ അടച്ചു കളയുകയും ശരീരത്തിന്റെ അഭിനിവേശങ്ങളെ ജ്വലിപ്പിക്കുന്ന നശ്വരമായ നേട്ടങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ ദാനത്തെ താങ്കൾ തടസ്സപ്പെടുത്തുകയും ചെയ്തതുപോലെ നമ്മുടെ മുൻഗാമികളും താങ്കളുടെ ആത്മീയ ആവശ്യങ്ങളുടെ മുമ്പിൽ ദൈവത്തിന്റെ ദാനത്തിന്റെ വാതിൽ അടച്ചു... എന്തെന്നാൽ ഈ ദാനം കാനോനികമായി പകർന്നു നൽകപ്പെട്ടുകൊണ്ടിരിക്കുന്നതും, നൽകപ്പെടുന്നതും, അങ്ങനെ, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ലോകം മുഴുവൻ അസംഖ്യം ബിഷപ്പുമാരും വൈദികരും വിശ്വാസികളും ഉണ്ടായി, ഇപ്പോഴും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. താങ്കളുടെ പ്രവിശ്യയെ സംബന്ധിച്ചിടത്തോളം സഭാപരമായ നിയമങ്ങൾക്കെതിരെ താങ്കൾ എതിർപ്പ് കാണിച്ച കാലം മുതൽ ഇന്ത്യയിൽ എപ്പിസ്കോപ്പൽ പിന്തുടർച്ച തടസ്സപ്പെട്ടിരിക്കുകയും, ഈ രാജ്യം അന്നുമുതൽ ശരിയായ ബിഷപ്പുമാർ മുഖേനയുള്ള ദൈവികമായ പ്രബോധനത്തിന്റേ വെളിച്ചത്തിൽ നിന്ന് അകലെ അന്ധകാരത്തിൽ ഇരിക്കുകയും ആണ്. പേർഷ്യൻ സാമ്രാജ്യത്തിന്റെ അതിർത്തികൾ മുതൽ വ്യാപിച്ചു കിടക്കുന്ന ഇന്ത്യ മാത്രമല്ല, ആയിരത്തി ഇരുന്നൂറ് പാറസംഗങ്ങൾ ദൂരമുള്ള ഖാലാഹ് എന്നറിയപ്പെടുന്ന നാട്ടിലേക്കും, എന്തിന് നിങ്ങളുടെ സ്വന്തം പാർസ് പോലും.

— കാതോലിക്കോസ് ഈശോയാബ് മൂന്നാമൻ പാർസിലെ ശിമയോന് അയച്ച കത്ത്

ഇന്ത്യയും ബേഥ് ഖത്റായെയും പുതിയ പ്രവിശ്യകളായി ഈശോയാബ് 3ാമൻ ഉയർത്തി.[18] ഇത് പാർസിലെ ശിമയോൻ മെത്രാപ്പോലീത്തയുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. അതുകൊണ്ട് ആ തീരുമാനം നടപ്പാക്കാൻ കാതോലിക്കോസിന് സാധിച്ചില്ല. ഇതേത്തുടർന്ന് അദ്ദേഹം നേരിട്ട് പാർസിൽ അജപാലന സന്ദർശനം നടത്തുകയും ശിമയോനുമായി ഒത്തുതീർപ്പിൽ എത്തിച്ചേരുകയും ചെയ്തു.[18] പിന്നീട് ഒരു നൂറ്റാണ്ടിനുശേഷം തിമോത്തിയോസ് 1ാമനാണ് ഇന്ത്യയെ സ്വതന്ത്ര മെത്രാസനമായി ഉയർത്തിക്കൊണ്ടുള്ള ഈ തീരുമാനം പൂർണമായി നടപ്പിൽ വരുത്തിയത് എന്ന് അനുമാനിക്കപ്പെടുന്നു.[19] 676ൽ കാതോലിക്കോസ് ഗീവർഗീസ് 1ാമൻ ബഹ്റൈനിന് അടുത്ത് സ്ഥിതിചെയ്യുന്ന ദയിറിൻ ദ്വീപിൽ ഒരു സൂനഹദോസ് വിളിച്ചുചേർത്തു. സൂനഹദോസിൽ വെച്ച് ബേഥ് ഖത്റായെ ഒരു മെത്രാപ്പോലീത്തൻ പ്രവിശ്യയായി ഉയർത്താനും പാർസിലെ മെത്രാപ്പോലീത്തയുടെ അധികാരപരിധിയിൽ നിന്ന് വേർപെടുത്താനും തീരുമാനമുണ്ടായി.[20][1] ബേഥ് ഖത്റായെയുടെ ആദ്യ മെത്രാപ്പോലീത്തയായി മാർ തോമാ എന്ന പുരോഹിതൻ നിയമിതനായി.[21] കാതോലിക്കോസ് സ്ലീവാ-സ്സ്ഖാ (ഭരണകാലം 714-728) ഇന്ത്യ, ചൈന, ഹേറാത്ത്, സമർഖണ്ഡ് എന്നിവയ്ക്കായി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ സ്ഥാപിച്ച് അവിടങ്ങളിലേക്ക് മെത്രാപ്പോലീത്തമാരെ നിയമിച്ചയച്ചു എന്ന് നിസിബിസിലെ അവ്ദീശോ രേഖപ്പെടുത്തിയിരിക്കുന്നു.[22]

എന്നാൽ ഇതുകൊണ്ടൊന്നും പാർസിലെ മെത്രാപ്പോലീത്തമാർ കലാപക്കൊടി താഴ്ത്തിയില്ല. തിമോത്തിയോസ് 1ാമൻ കാതോലിക്കോസിന്റെ കാലം വരെ അവർ തങ്ങളുടെ വിമത നിലപാട് തുടർന്നുകൊണ്ടുപോയി. യാക്കോബായ ചരിത്രകാരനായ ബർ എബ്രായാ നൽകുന്ന വിവരണം ഇപ്രകാരമാണ്:

തിമോത്തിയോസിന്റെ കാലത്ത് പാർസ് പ്രദേശത്തെ ബിഷപ്പുമാർ വെളുത്ത വസ്ത്രം ധരിക്കുകയും ഇതരമത പുരോഹിതരെപ്പോലെ മാംസം ഭക്ഷിക്കുകയും വിവാഹം കഴിക്കുകയും, "ഞങ്ങൾ മാർത്തോമാ ശ്ലീഹായുടെ ശിഷ്യന്മാരാണ് ഞങ്ങൾക്ക് മാറിയുടെ സിംഹാസനവുമായി യാതൊന്നും ചെയ്യാനില്ല" എന്ന് പറഞ്ഞുകൊണ്ട് സെലൂക്യാ-ക്ടെസിഫോണിലെ കാതോലിക്കോസിന് കീഴ്പ്പെടാൻ വിസമ്മതിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.

പാർസിലെ സഭാനേതൃത്വത്തിന്റെ വിമത നിലപാടിനെ ശക്തമായ രീതിയിൽ അടിച്ചമർത്താനാണ് മാർ തിമോത്തിയോസ് ശ്രമിച്ചത്. വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന റെവ് അർദാശിറിലെ മെത്രാപ്പോലീത്തയായ മാർ ബാവായിയെ അദ്ദേഹം മുടക്കുകയും പകരം ശിമയോൻ എന്ന വൈദികനെ പുതിയ മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു. വിഭാഗീയത അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഭയുടെ കേന്ദ്ര പ്രവിശ്യകളിൽ ഒന്ന് എന്ന നിലയിൽ നിന്ന് മാറ്റി പാർസിനെ ഒരു വിദൂര പ്രവിശ്യയായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതിലൂടെ പാർസിലെ സഭയ്ക്ക് പ്രാദേശികമായി കൂടുതൽ പ്രവർത്തന സ്വതന്ത്ര്യം കരഗതമായി. അതേസമയം കാതോലിക്കോസ് തിരഞ്ഞെടുപ്പ് നടക്കുന്ന സൂനഹദോസുകളിൽ പാർസിലെ ബിഷപ്പുമാരുടെ സാന്നിധ്യം ഈ നടപടിയോടെ അപ്രസക്തമായി തീരുകയും ചെയ്തു.[11]

തിമോത്തിയോസ് അവരുമായി അനുരഞ്ജനപ്പെടുകയും അവരെ തന്നോട് പുനരൈക്യപ്പെടുത്തുകയും മാംസം ഭക്ഷിക്കുകയോ വിവാഹം ചെയ്യുകയോ കമ്പിളി അല്ലാത്തപക്ഷം വെളുത്തത് ധരിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശിച്ച് അവർക്കായി ശിമയോൻ എന്ന് പേരായ ഒരു മെത്രാപ്പോലീത്തയെ അഭിഷേകം ചെയ്ത് നൽകുകയും ചെയ്തു. ബിഷപ്പുമാരെ അഭിഷേകം ചെയ്യുമ്പോൾ, മറ്റ് ഭദ്രാസനങ്ങളിലെ ബിഷപ്പുമാരെപ്പോലെ സ്ഥിരീകരണത്തിനായി കാതോലിക്കോസിന്റെ മുമ്പാകെ വരാതെ സ്വയമേവ അവരെ സ്ഥിരീകരിക്കാൻ അദ്ദേഹം അദ്ദേഹത്തെ അനുവദിച്ചു. ഇങ്ങനെയാണ് ഇന്നുവരെയുള്ള പതിവ്

— ഗ്രിഗോറിയോസ് ബർ എബ്രായാ. അബെലൂസ്; ലാമി (eds.). സഭാ നാളാഗമം. p. col. 172.

ഇസ്ലാമിക കാലഘട്ടവും പ്രവിശ്യയുടെ പതനവും

തിരുത്തുക
 
സൗദി അറേബ്യയിലെ ജുബെയിലിൽ സ്ഥിതി ചെയ്തിരുന്ന പള്ളിയുടെ അവശേഷിപ്പുകൾ

അറബ് അധിനിവേശത്തിന് ശേഷം പാർസും അറേബ്യൻ ഉപദ്വീപിന്റെ വടക്കൻ മേഖലയും തീവ്രമായ ഇസ്ലാമികവത്കരണത്തിന് വിധേയമായിത്തീർന്നു. സസ്സാനിദ് സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം അതിന്റെ മുൻ ഭരണമേഖലകളിൽ ക്രിസ്തുമതം ഏറ്റവും ദ്രുതഗതിയിൽ ഇല്ലാതായ മേഖലകൾ ഇവയായിരുന്നു. റെവ് അർദാശിറിലെ രേഖപ്പെടുത്തപ്പെട്ട അവസാന മെത്രാപ്പോലീത്ത 1138ൽ കാതോലിക്കോസ് അവ്ദീശോ 3ാമന്റെ സ്ഥാനോരോഹണച്ചടങ്ങിൽ പങ്കെടുത്ത മാർ അവ്ദീശോ ആണ്. ദാറബ്ഗർദിലെ മാലെക്, ബിഹ് ശാപൂറിലെ ഗബ്രിയേൽ എന്നിവർ 963ൽ പാത്രിയർക്കീസ് അബ്ദീശോ 1ാമന്റെ സ്ഥാനാരോഹണത്തിന് പങ്കെടുത്തു. 1220ൽ മംഗോളിയർ പേർഷ്യ കീഴടക്കിയപ്പോൾ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങിയ പാർസിലെ ജനങ്ങളെ വെറുതെ വിട്ടിരുന്നു. എങ്കിലും അപ്പോഴേക്കും അവിടത്തെ ക്രൈസ്തവ സാന്നിധ്യം ദുർബലമായി കഴിഞ്ഞിരുന്നു. എന്നിൽ പതിനാറാം നൂറ്റാണ്ടുവരെ ഹോർമൂസിൽ ഒരു പൗരസ്ത്യ സുറിയാനി സമൂഹം നിലനിന്നിരുന്നു.

അറേബ്യൻ മേഖലയിലെ രൂപതകളിൽ മശ്മാഹിഗ് 650ലും ദയറിൻ, ഒമാൻ (ബേഥ് മാസ്സുനായെ), ഹാഗർ, ഹത്താ എന്നിവ 676ലുമാണ് അവസാനമായി പരാമർശിക്കപ്പെടുന്നത്. മർഗായിലെ തോമസ് രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് യെമനിലെ സനായിൽ പത്രോസ് എന്ന ഒരു ബിഷപ്പ് അബ്രാഹം 2ാമൻ പാത്രിയർക്കീസിന്റെ (837–50) കാലത്ത് ഉണ്ടായിരുന്നു. അദ്ദേഹം മുൻപ് ചൈനയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇതിനുശേഷം ഈ രൂപത മറ്റൊരിടത്തും പരാമർശിക്കപ്പെട്ടിട്ടില്ല. എന്നാൽ സൊക്കോത്രയിൽ ശക്തമായ ഒരു ക്രൈസ്തവ സമൂഹം നിലനിന്നു. 1281ൽ പാത്രിയർക്കീസ് യാഹ്ബല്ലാഹാ 3ാമന്റെ സ്ഥാനാരോഹണത്തിൽ അവിടത്തെ ബിഷപ്പ് പങ്കെടുത്തു. 1280കളിൽ സൊകോത്ര സന്ദർശിച്ച വെനീഷ്യൻ സഞ്ചാരിയായ മാർക്കോ പോളോ അവിടെ ഒരു പൗരസ്ത്യ സുറിയാനി ആർക്കെപ്പിസ്കോപ്പ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. സമീപത്തുള്ള മാലിസ് ദ്വീപിൽ അദ്ദേഹത്തിന് ഒരു സാമന്ത ആപ്പിസ്കോപ്പ ഉള്ളതായും മാർക്കോ പോളോ കൂട്ടിച്ചേർക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടുവരെ അറേബിക്കടലിലെ ഒറ്റപ്പെട്ട ഒരു ക്രൈസ്തവ തുരുത്ത് ആയി സൊക്കോത്ര നിലകൊണ്ടു.[1]

പ്രവിശ്യയും ഭദ്രാസനങ്ങളും

തിരുത്തുക
 

അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പാർസിലും അറേബ്യൻ ഉപദ്വീപിന്റെ വടക്കൻ മേഖലയിലുമായി (സുറിയാനി: ܒܝܬ ܩܛܪܝܐ, ബേഥ് ഖത്റായെ) നിരവധി രൂപതകൾ നിലനിന്നിരുന്നു. എങ്കിലും 410ലെ സൂനഹദോസ് ഇവയെ ഒരു മെത്രാപ്പോലീത്തൻ പ്രവിശ്യയായി ക്രമീകരിച്ചിരുന്നില്ല. മാർ ഇസഹാഖിന്റെ നേതൃത്വത്തിൽ നടന്ന ആ സൂനഹദോസ് മെസപ്പൊട്ടാമിയയിലെ അഞ്ച് കേന്ദ്ര മെത്രാസന പ്രവിശ്യകളെ രൂപീകരിച്ചിരുന്നു. സൂനഹദോസിന്റെ 21ാം കാനോൻ 'പാർസ്, ദ്വീപുകൾ, ബേഥ് മദായെ, ബേഥ് റാസിഖായെ, അബ്രശഹർ എന്നീ പ്രദേശങ്ങളിലെ കൂടുതൽ വിദൂരത്തുള്ള രൂപതകളുടെ ആപ്പിസ്കോപ്പമാർ ഈ സൂനഹദോസ് നിർണ്ണയിച്ച തീരുമാനം പിന്നീട് അംഗീകരിക്കണം' എന്ന് മാത്രം പരാമർശിച്ചു.[17]

പാർസിലും പേർഷ്യൻ ഗൾഫിലെയും പരിസരത്തെയും ദ്വീപുകളിലുമായി അഞ്ചാം നൂറ്റാണ്ടിൽ എട്ടിലധികം രൂപതകൾ നിലവിലുണ്ടായിരുന്നു. സസ്സാനിയൻ കാലഘട്ടത്തിന്റെ അവസാനമായപ്പോഴേക്കും പതിനൊന്നിലധികമായി അവ വർദ്ധിച്ചിരുന്നു. പാർസിൽ ആസ്ഥാന അതിരൂപതയായ റെവ് അർദാശിർ ആദ്യമായി പരാമർശിക്കപ്പെട്ട് കാണുന്നത് മാർ യാഹ്ബല്ലാഹാ 1ാമൻ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ 420ൽ നടന്ന സൂനഹദോസിന്റെ രേഖകളിലാണ്. 540ഓടെ റെവ് അർദാശിറിലെ സഭാ മേലദ്ധ്യക്ഷൻ പാർസ്, അറേബ്യൻ ഉപദ്വീപ് എന്നീ പ്രദേശങ്ങളിൽ അധികാരമുള്ള മെത്രാപ്പോലീത്തയായി ഗണിക്കപ്പെട്ടിരുന്നു. അർദാശിർ ഖുറാഹ്, ദാറബ്ഗർദ്, ഇശ്താഖ്ർ, കസ്സ്റുൻ (ബിഹ് ശാപൂർ) എന്നീ രൂപതകൾ 424ലെ സൂനഹദോസിലും ഖീശ് രൂപത 540ലും ആദ്യമായി പരാമർശിക്കപ്പെടുന്നു.[23] പേർഷ്യൻ ഗൾഫിന്റെ അറേബ്യൻ തീരത്ത് ദയറിൻ, മശ്മാഹിഗ് (ബഹ്റൈൻ) രൂപതകൾ 410ലേയും ബേഥ് മാസ്സുനായെ (ഒമാൻ) 424ലേയും സൂനഹദോസ് രേഖകളിൽ ആദ്യമായി പരാമർശിക്കപ്പെട്ടു.[24][25] ഹാഗർ രൂപത 576ലും ഹത്താ 676ലും ആദ്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഹത്താ രൂപത മുമ്പ് ഹാഗർ രൂപതയുടെ ഭാഗമായിരുന്നു. പാത്രിയർക്കീസ് ഗീവർഗീസ് 1ാമൻ പേർഷ്യൻ ഗൾഫിലെ ദയിറിൻ ദ്വീപിൽ വിളിച്ചുചേർത്ത പ്രദേശിക സൂനഹദോസിലാണ് ഈ രൂപത സ്ഥാപിതമായത്.[21] 890ൽ ശിറാസ്സ്, ഇശ്താഖ്ർ, ശാപൂർ (ബിഹ് ശാപൂർ അഥവാ കസ്സ്റുൻ ആയിരിക്കാം), കർമാൺ, ദാറബ്ഗർദ്, ശിറാഫ് (അർദാശിർ ഖുറാഹ്), മർമാദിത്, സൊക്കോത്ര എന്നീ സാമന്ത രൂപതകൾ സ്ഥാനക്രമത്തിൽ ദമാസ്കസിലെ ഏലിയാ രേഖപ്പെടുത്തിയിട്ടുണ്ട്.

പാഹ്ലവി ഭാഷയുടെ ഉപയോഗം

തിരുത്തുക
 
ഏഴാം നൂറ്റാണ്ടിലെ പാഹ്ലവി സങ്കീർത്തനത്തിന്റെ കൈയ്യെത്തുപ്രതി

കിഴക്കിന്റെ സഭയുടെ മറ്റ് സഭാ പ്രവിശ്യകളിൽ നിന്ന് വ്യത്യസ്തമായി ഇവിടത്തെ മേൽപ്പട്ടക്കാരുടെ പേരുകൾ ഭൂരിഭാഗവും സുറിയാനി, ഗ്രീക്ക് എന്നിവയ്ക്ക് പകരം പാഹ്ലവി ഭാഷയിലേതാണ്. സുറിയാനിയിൽ നിന്ന് പാഹ്ലവിയിലേക്ക് ബൈബിൾ ഭാഗങ്ങളും മറ്റ് മതഗ്രന്ഥങ്ങളും തർജ്ജമ ചെയ്യുന്നതിലും ഇവിടത്തെ ക്രൈസ്തവർ ശ്രദ്ധേയമായ താത്പര്യം കാണിച്ചിരുന്നു.[26] ഇത് തദ്ദേശീയരായ പേർഷ്യൻ ജനങ്ങളുടെ ഇടയിൽ സഭ ഉണ്ടാക്കിയ വേരോട്ടത്തിന്റേയും സജീവമായ മതപ്രചരണത്തിന്റേയും സൂചനയായി കണക്കാക്കപ്പെടുന്നു. സീർത്തിന്റെ നാളാഗമത്തിലെ പ്രസിദ്ധമായ ഒരു ഉദ്ധരണിയിൽ ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പാർസിന്റെ മെത്രാപ്പോലീത്തയായ മാനാ പള്ളികളിൽ ചൊല്ലപ്പെടേണ്ടതിന് പേർഷ്യൻ ഭാഷയിൽ എഴുതിയ (പാഹ്ലവിയിൽ) കീർത്തനങ്ങളും, പ്രഭാഷണങ്ങളും, മറുപടികളും അതോടൊപ്പം ദിയദോറിന്റേയും തിയദോറിന്റേയും ഗ്രീക്കിൽ നിന്ന് സുറിയാനിയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട കൃതികളും കടൽത്തീര ജനവാസകേന്ദ്രങ്ങളിലേക്കും (ബേഥ് ഖത്റായെ) ഇന്ത്യയിലേക്കും വിതരണം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു.[1][27]

 
ഹെറാത്തിലെ പാഹ്ലവി ആലേഖിത പ്രദക്ഷിണ കുരിശ്
 
മറുപുറം

ഇസ്ലാമിക കാലഘട്ടം വരെ പേർഷ്യൻ ക്രൈസ്തവ സംസ്കാരത്തിന്റെ കേന്ദ്രമായി പാർസ് നിലകൊണ്ടു. എട്ടാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും ഇവിടെ രചിക്കപ്പെട്ട ക്രൈസ്തവ കൃതികൾ പേർഷ്യയിലെ ക്രിസ്തവരുടെ സസ്സാനിയൻ സാംസ്കാരിക അനുരൂപണത്തിന് തെളിവാണ്. അവരുടെ ഇടയിൽ സസ്സാനിയൻ വിവാഹിക ശൈലികളുടെ സ്വീകാര്യതയും അത്തരം 'മാഗിയൻ' (സൊറോവാസ്ട്രിയൻ) ശീലങ്ങൾ അവരുടെ ഇടയിൽ നിന്ന് നീക്കം ചെയ്യാൻ പുരോഹിതർ നടത്തിയ ശ്രമങ്ങളും ഇവയിൽ വിവരിക്കപ്പെടുന്നു.[28][1]

 
കോട്ടയത്തെ പാഹ്ലവി ആലേഖിത കൽക്കുരിശ്

ഇന്ത്യയും മാർത്തോമാ നസ്രാണികളും

തിരുത്തുക

ഇന്ത്യാ മഹാസമുദ്രം ഉടനീളം വ്യാപിച്ചു കിടന്ന സമുദ്രാന്തര വർത്തക സമൂഹങ്ങൾക്ക് പാർസിലെ മെത്രാപ്പോലീത്ത മേലദ്ധ്യക്ഷന്മാരെയും പുരോഹിതരെയും വാഴിച്ചു കൊടുത്തിരുന്നു. ആറാം നൂറ്റാണ്ടിൽ പാത്രിയർക്കീസ് മാർ ആബായുടെ ശിഷ്യനും പണ്ഡിതനും കുരുമുളക് വ്യാപാരിയുമായ കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റെസ് നൽകുന്ന വിവരണത്തിൽ സൊക്കോത്രാ ദ്വീപിലും തെക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ കല്ല്യാണയിലും കുരുമുളക് വിളയുന്ന മാലിയിലും തപ്രൊബാനെയിലും (ശ്രീലങ്കയിലും) പേർഷ്യക്കാരായ മെത്രാന്മാരും പേർഷ്യയിൽ നിന്ന് നിയമിക്കപ്പെടുന്ന പുരോഹിതരും ക്രൈസ്തവ സമൂഹങ്ങളും ഉണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.[29][30][31] ഇന്ത്യയിലെ മാർത്തോമാ നസ്രാണികളേക്കുറിച്ച് ലഭിക്കുന്ന ആദ്യ ആധികാരിക വിവരണം ഇതാണ്. ദക്ഷിണേന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും പാഹ്ലവി ആലേഖിതമായ കൽക്കുരിശുകൾ കണ്ടെടുക്കപ്പെട്ടതും കൊല്ലം തരിസാപ്പള്ളി ശാസനത്തിൽ പാഹ്ലവി, സുറിയാനി ക്രൈസ്തവരുടെ പേരുകൾ പരാമർശിക്കപ്പെട്ടിരിക്കുന്നതും ഇവരുടെ പേർഷ്യൻ ബന്ധത്തിന്റെ മറ്റ് തെളിവുകളായി നിലകൊള്ളുന്നു.[32][33][34]

 
കൊല്ലം തരിസാപ്പള്ളി ശാസനത്തിലെ കുഫിക്, പാഹ്ലവി, യഹൂദ-പേർഷ്യൻ കൈയ്യൊപ്പുകൾ

പുരാവസ്തു ശേഷിപ്പുകൾ

തിരുത്തുക
 
ഖാർഗ് ദ്വീപിലെ ആശ്രമത്തിന്റെ അവശേഷിപ്പുകൾ

ഫാർസ് മേഖലയിലെ ക്രൈസ്തവ സാന്നിധ്യത്തേക്കുറിച്ച് നിരവധി ചരിത്ര രേഖകൾ ലഭ്യമാണെങ്കിലും ഇറാനിയൻ തീര മേഖലയിലെ പുരാവസ്തു ഗവേഷണങ്ങൾ കാര്യമായ പുരാവസ്തു തെളിവുകൾ കണ്ടെത്തുന്നതിൽ ഇതുവരെയും വിജയിച്ചിട്ടില്ല. ഇത് പ്രധാനമായും ഗവേഷണത്തിൽ നിലനിൽക്കുന്ന പക്ഷപാതപരമായ സാഹചര്യങ്ങളും അപാകതയുമാണ്.[1] അതേസമയം അറേബ്യൻ തീരത്ത് നടത്തിയ ഗവേഷണങ്ങളിൽ ഇതിനോടകം കുറഞ്ഞത് എട്ടിടത്ത് എങ്കിലും ക്രൈസ്തവ പള്ളികളുടെ അവശേഷിപ്പുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.[1] ഖാർഗ് ദ്വീപിൽ നടത്തിയ ഉത്ഖനനത്തിൽ ഒൻപതാം നൂറ്റാണ്ടിലെ വിശാലമായ (123 x 88 മീറ്റർ) ഒരു ആശ്രവും കണ്ടെത്തിയിട്ടുണ്ട്. ഫാർസിലെ പഴയ റെവ് അർദാർശിറിൽ നിന്ന് 50 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്ക് ഉള്ളത്.[35][36][1][21]

തെക്കേ ഇന്ത്യയിൽ നിന്ന് പാഹ്ലവി ലിഖിതങ്ങൾ ആലേഖനം ചെയ്യപ്പെട്ട കൽക്കുരിശുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെ പഴക്കം ഗണിക്കപ്പെടുന്നു. കേരളത്തിൽ കോട്ടയം, ആലങ്ങാട്, മുട്ടുച്ചിറ, കടമറ്റം എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ മൈലാപ്പൂരിലും ഗോവയിലെ പീലാറിലും ആണ് ഇവ കണ്ടെടുക്കപ്പെട്ടത്. ശ്രീലങ്കയിലെ അനുരാധപുരയിലും കേരളത്തിലെ കോതനല്ലൂരിലും പാഹ്ലവി ലിഖിതം ഇല്ലാത്ത സമാനമായ കുരിശുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ ക്രൈസ്തവ സാന്നിധ്യത്തിന്റെ ഏറ്റവും പുരാതനമായ പുരാവസ്തു ശേഷിപ്പാണ് മാർത്തോമാ സ്ലീവാകൾ എന്നറിയപ്പെടുന്ന ഈ കൽക്കുരിശുകൾ.[37][38]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 Walker (2011).
  2. 2.0 2.1 Mingana (1926), പുറം. 32.
  3. F. Jullien & C. Jullien (2002), പുറം. 153–87.
  4. 4.0 4.1 4.2 4.3 4.4 Platt (2017), പുറം. 118.
  5. J. Fiey (1969), പുറം. 178–9.
  6. Platt (2017), പുറം. 114.
  7. Platt (2017), പുറം. 115.
  8. Platt (2017), പുറം. 119–121.
  9. Baum & Winkler (2003), പുറം. 43.
  10. Mingana (1926), പുറം. 29-31.
  11. 11.0 11.1 Platt (2017), പുറം. 119.
  12. 12.0 12.1 Hoyland (1997), പുറം. 178.
  13. 13.0 13.1 Hoyland (1997), പുറം. 178–182.
  14. Dauvilliers (1983), പുറം. 269.
  15. Mingana (1926), പുറം. 31-32.
  16. Baum & Winkler (2003), പുറം. 53–54.
  17. 17.0 17.1 Wilmshurst (2011), പുറം. 104–105.
  18. 18.0 18.1 Hoyland (1997), പുറം. 180.
  19. Mingana (1926), പുറം. 29-32.
  20. Rompay (2011).
  21. 21.0 21.1 21.2 Bonnéric.
  22. Mai, Angelo (ed.). Scriptorum Veterum Nova Collectio. Vol. x. 141.{{cite book}}: CS1 maint: location (link)
  23. J. Fiey (1969), പുറം. 202–3.
  24. Kozah & Abu-Husayn (2014), പുറം. 24.
  25. Hellyer (2011), പുറം. 88.
  26. Shaked, Shaul. BIBLE: Middle Persian Translations. Vol. IV, Fasc. 2. Encyclopædia Iranica. pp. 206–207.
  27. Mingana (1926), പുറം. 25.
  28. R. Payne (2010), പുറം. 191–241.
  29. Christian Topography’ 3.65
  30. D. Weerakkody (1997), പുറം. 237 and 244.
  31. Mingana (1926), പുറം. 26–29.
  32. Perczel (2018), പുറം. 662–674.
  33. Mingana (1926), പുറം. 70–73.
  34. Baum & Winkler (2003), പുറം. 53–58.
  35. R. A. Carter (2008), പുറം. 97–8.
  36. M.-J. Steve (2003), പുറം. 85–154.
  37. Mingana (1926), പുറം. 71–74.
  38. Perczel (2018), പുറം. 671–674.

സ്രോതസ്സുകൾ

തിരുത്തുക

അനുബന്ധ കണ്ണികൾ

തിരുത്തുക