മാർ അദ്ദായി
ക്രൈസ്തവരുടെ ഇടയിൽ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് മാർ അദ്ദായി (ലത്തീൻ: Addeus) അഥവാ എദേസ്സയിലെ തദ്ദേവൂസ്. പുരാതന ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് യേശു ക്രിസ്തുവിന്റെ എഴുപത്തിരണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം.
മാർ അദ്ദായി എദേസ്സയിലെ തദ്ദേവൂസ് | |
---|---|
എഴുപത്തിരണ്ട് ശിഷ്യന്മാരിൽ ഒരാൾ, കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയർക്കീസ് | |
മുൻഗാമി | മാർ തോമാശ്ലീഹ |
പിൻഗാമി | മാർ അഗ്ഗായി |
വ്യക്തി വിവരങ്ങൾ | |
ജനനം | ഒന്നാം നൂറ്റാണ്ട് എദേസ്സ |
വിശുദ്ധപദവി | |
വണങ്ങുന്നത് | കത്തോലിക്കാ സഭ, കിഴക്കൻ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, കിഴക്കിന്റെ സഭ വിശുദ്ധരെ വണങ്ങുന്ന എല്ലാ സഭകളും |
വിശുദ്ധ ശീർഷകം | കിഴക്കിന്റെ പ്രബോധകൻ |
തോമാശ്ലീഹായുടെ സഹചാരിയായാണ് അദ്ദായി അറിയപ്പെടുന്നത്. നിരവധി ഐതിഹ്യങ്ങളിലും അദ്ദായി ഭാഗമാണ്. എദേസ്സയിലെ അബ്ഗാർ അഞ്ചാമൻ രാജാവുമായുള്ള അദ്ദായിയുടെ ഇടപെടലുകൾ പ്രസിദ്ധമാണ്.[1]
ജീവചരിത്രം
തിരുത്തുകക്രൈസ്തവ പാരമ്പര്യം അനുസരിച്ച്, അദ്ദായി എദേസ്സയിൽ ജനിച്ചു വളർന്ന ഒരു യഹൂദനായിരുന്നു. യഹൂദരുടെ തിരുനാളിൽ പങ്കെടുക്കുവാൻ ഇദ്ദേഹം ജെറുസലേമിൽ എത്തുന്നത് പതിവായിരുന്നു. അവിടെവെച്ച് സ്നാപക യോഹന്നാന്റെ പ്രബോധനത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ അനുയായി ആയിത്തീർന്ന അദ്ദായി അതിനുശേഷം യൂദയായിൽ തുടർന്നു. പിന്നീട് യേശു ക്രിസ്തുവിനെ കണ്ടുമുട്ടിയ ഇദ്ദേഹം അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. യേശു ക്രിസ്തുവിന്റെ എഴുപത്തിരണ്ട് ശിഷ്യന്മാരിൽ ഒരാളായി അദ്ദായിയും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ദൗത്യവാഹകരായി യേശു വിവിധ പ്രദേശങ്ങളിലേക്ക് ഈരണ്ടുപേരായി അയച്ചവരിൽ ഇദ്ദേഹവും ഉൾപ്പെട്ടു.
യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം എദേസ്സിയിലേക്ക് പോയ അദ്ദായി അവിടെ അബ്ഗാർ അഞ്ചാമൻ രാജാവിന്റെ അടുക്കൽ സുവിശേഷം പ്രസംഗിക്കുകയും രാജാവിന്റെ കുഷ്ഠം സുഖപ്പെടുത്തുകയും ചെയ്തു. ഇതിനേത്തുടർന്ന് ക്രിസ്തുമതം സ്വീകരിച്ച അബ്ഗാർ രാജാവ് എദേസ്സയിൽ ക്രൈസ്തവ സഭയുടെ വളർച്ചയ്ക്ക് പിന്തുണ നൽകി. മെസൊപ്പൊട്ടേമിയ, സിറിയ, പേർഷ്യ എന്നിവിടങ്ങളിലായി സുവിശേഷം പ്രചരിപ്പിച്ച അദ്ദായി നിരവധി സ്ഥലങ്ങളിൽ പുരോഹിതന്മാരെ നിയമിക്കുകയും അനേകരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും സഭ കെട്ടിപ്പടുക്കുകയും ചെയ്തു. ബെയ്റൂട്ടിലെ സഭാസ്ഥാപകനായും അദ്ദായി അറിയപ്പെടുന്നു.[2]
പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ തോമസ്, ദൈവിക പ്രേരണയാൽ, ക്രിസ്തുവിന്റെ എഴുപത് ശിഷ്യന്മാരിൽ ഒരാളായ തദേവൂസിനെ ക്രിസ്തുവിന്റെ പഠിപ്പിക്കലിന്റെ പ്രസംഗകനും സുവിശേഷകനുമായി എഡേസയിലേക്ക് അയച്ചു
— യൗസേബിയോസ്, ഹിസ്റ്റോറിയ എക്ലെസിയാസ്റ്റിക്ക, I, xiii
പൗരസ്ത്യ സുറിയാനി ആചാരക്രമത്തിലെ പ്രധാന കൂദാശാക്രമം അദ്ദായി മാറി അനാഫൊറയാണ്. ഇതിന്റെ കർത്താക്കൾ മാർ അദ്ദായിയും ശിഷ്യനായ മാർ മാറിയുമാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്നു. പൗരസ്ത്യ സുറിയാനി ആചാരക്രമം പിന്തുടരുന്ന കിഴക്കിന്റെ സഭയിലെ വിഭാഗങ്ങളായ കിഴക്കിന്റെ അസ്സീറിയൻ സഭ, പുരാതന പൗരസ്ത്യ സഭ എന്നിവയും പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭകളായ കൽദായ കത്തോലിക്കാ സഭ, സിറോ-മലബാർ സഭ എന്നിവയും ഈ കൂദാശക്രമമാണ് ആരാധനയ്ക്ക് അനുവർത്തിക്കുന്നത്.[3][4]
അവലംബം
തിരുത്തുക- ↑ "Apostle Thaddeus of the Seventy". Retrieved 2023-03-15.
- ↑ Sengstock, Mary C. (1982). Chaldean-Americans: Changing Conceptions of Ethnic Identity (in ഇംഗ്ലീഷ്). Center for Migration Studies. p. 16. ISBN 978-0-913256-42-8.
- ↑ "CATHOLIC ENCYCLOPEDIA: Liturgy of Addeus and Maris". Retrieved 2023-03-18.
- ↑ Marinelli, Emanuela. Judas, Thaddeus, Addai: possible connections with the vicissitudes of the Edessan and Constantinopolitan Mandylion and any research perspectives».