പാഹ്ലവി സങ്കീർത്തനഗ്രന്ഥം
ബൈബിളിന്റെ സുറിയാനി പതിപ്പായ പ്ശീത്തായിലെ സങ്കീർത്തനങ്ങളുടെ പുസ്‌തകത്തിന്റെ പാഹ്ലവിയിലുള്ള ഒരു വിവർത്തനമാണ് പാഹ്ലവി സങ്കീർത്തനഗ്രന്ഥം അഥവാ പഹ്‌ലവി സാൾട്ടർ. ഇതിന്റെ 12 പേജുകളുള്ള തുടർച്ചയായതല്ലാത്ത ശകലങ്ങൾ മാത്രമാണ് ഇപ്പോൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. പാഹ്ലവി സാഹിത്യത്തിന്റെ ഇന്ന് നിലനിൽക്കുന്നതിൽ വെച്ച് ഏറ്റവും പഴയ രേഖയാണ് പാഹ്ലവി സങ്കീർത്തനഗ്രന്ഥം.
പാഹ്ലവി സാഹിത്യത്തിന്റെ മറ്റെല്ലാ ഉദാഹരണങ്ങളെയും പോലെ പാഹ്ലവി സങ്കീർത്തനഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നതും അറമായ ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞ പാഹ്ലവി ലിപിയാണ്. മറ്റൊരു പാഹ്ലവി ലിപി വകഭേദമായ ഗ്രന്ഥ പാഹ്ലവി ലിപിയിൽ നിന്ന് വ്യത്യസ്തമായി സങ്കീർത്തനഗ്രന്ഥത്തിലെ ലിപിയിൽ 5 ചിഹ്നങ്ങൾ കൂടെ ഉപയോഗിച്ചിട്ടുണ്ട്. പിൽക്കാലത്ത് ഹെറാത്തിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാനിൽ) ഒരു വെങ്കല പ്രദക്ഷിണ കുരിശ് കണ്ടെത്തുന്നത് വരെ, ഈ സങ്കീർത്തനഗ്രന്ഥം ഒരു നൂറ്റാണ്ടോളം ഈ പ്രത്യേക ലിപി വകഭേദത്തിന്റെ അവശേഷിക്കുന്ന ഏക തെളിവായിരുന്നു. അതുകൊണ്ട് പാഹ്ലവി ലിപിയുടെ ഈ വകഭേദം സങ്കീർത്തനഗ്രന്ഥ പാഹ്ലവി അഥവാ സാൾട്ടർ പഹ്‌ലവി എന്ന് വിളിക്കപ്പെടാൻ തുടങ്ങി. താരതമ്യപഠനത്തിന് കൂടുതൽ ലിഖിതങ്ങളുടെ ദൗർലഭ്യം കാരണം, രണ്ട് സ്രോതസ്സുകളിലെയും ചില വാക്കുകളും വാക്യങ്ങളും പൂർണമായി നിർദ്ധാരണം ചെയ്യാൻ ഇതുവരെയും സാധിച്ചിട്ടില്ല.[1][2][3]
കണ്ടെത്തൽ
തിരുത്തുക1905ൽ ആൽബർട്ട് വോൺ ലെ കോക്കിന്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ ജർമ്മൻ ടർപാൻ പര്യവേഷണമാണ് പഹ്‌ലവി സങ്കീർത്തനഗ്രന്ഥം കണ്ടെത്തിയത്. ടർപാനിനടുത്ത്, ബുലൈക്കിലെ ഷൂയി-പാങ്ങിന്റെ (ഇന്നത്തെ ചൈനയിലെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശം) ലൈബ്രറിയുടെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ മറ്റ് നിരവധി ക്രിസ്ത്യൻ കൈയെഴുത്തുപ്രതികൾക്കൊപ്പം ഈ രേഖകൾ വിശകലനത്തിനായി ബെർലിനിലേക്ക് അയച്ചുകൊടുത്തു. ഇതിപ്പോഴും അവിടെത്തന്നെ സംരക്ഷിക്കപ്പെടുന്നു.[1]
കാലഗണനം
തിരുത്തുകഇപ്പോൾ ശേഷിക്കുന്ന ശകലങ്ങൾ മിക്കവാറും ക്രി. വ. 6-7 നൂറ്റാണ്ടുകളിലേതാണ്. ഇത് കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസ് ആയിരുന്ന മാർ ആബാ ഒന്നാമന്റെ സുറിയാനി മൂലത്തിലേക്കുള്ള ആരാധനക്രമ കൂട്ടിച്ചേർക്കലുകളെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ആറാം നൂറ്റാണ്ടിന്റെ മധ്യത്തിനുശേഷം രചിക്കപ്പെട്ടതാണ് ഇത് എന്ന് കരുതപ്പെടുന്നു.[1]
കർതൃത്വം
തിരുത്തുക6ാം നൂറ്റാണ്ടിൽ പൗരസ്ത്യ സുറിയാനി സഭയുടെ പാർസ് സഭാപ്രവിശ്യയുടെ മെത്രാപ്പോലീത്ത ആയിരുന്ന മാനാ ആണ് പാഹ്ലവി സങ്കീർത്തനഗ്രന്ഥം സുറിയാനി പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്തത് എന്ന് പൊതുവേ അനുമാനിക്കപ്പെടുന്നു. മാനാ പാഹ്ലവി ഭാഷയിൽ ആരാധനാക്രമ കീർത്തനങ്ങളും പ്രബോധന രചനകളും പ്രത്യുത്തര ഗീതങ്ങളും രചിച്ച് ഇന്ത്യയിലെയും സമീപത്തെ നിരവധി ദ്വീപുകളിലെയും തന്റെ അധികാരത്തിന് കീഴിലുള്ള ക്രൈസ്തവ സമൂഹങ്ങൾക്ക് അയച്ചുകൊടുത്തതായി സീർട്ടിന്റെ നാളാഗമം എന്ന ചരിത്രരേഖ രേഖപ്പെടുത്തുന്നുണ്ട്. പാഹ്ലവി ഭാഷ സംസാരിച്ചിരുന്ന തദ്ദേശീയ ജനങ്ങളുടെ ഇടയിലേക്ക് ക്രൈസ്തവ വിശ്വാസം വ്യാപിപ്പിക്കാൻ മാനാ ശ്രമിച്ചിരുന്നു.[4][5][6] പാർസിൽ, പ്രത്യേകിച്ച് ശിറാസ്സ്, റെവ് അർദാശിർ തുടങ്ങിയ അവിടത്തെ പ്രധാന നഗരപ്രദേശങ്ങളിൽ, ബാബിലോൺ പ്രവാസ കാലം മുതൽ അധിവസിച്ചുവന്നിരുന്നവരും ക്രമേണ പാഹ്ലവി സംസാരഭാഷയയായി സ്വീകരിച്ചവരും ആയ യഹൂദ സമൂഹത്തെ ഉദ്ദേശിച്ചാണ് ഈ സങ്കീർത്തന ഗ്രന്ഥം അദ്ദേഹം പരിഭാഷപ്പെടുത്തിയത് എന്നും അനുമാനിക്കപ്പെടുന്നു.[7]
പാഹ്ലവി ഭാഷയിൽ തയ്യാറാക്കപ്പെട്ട സങ്കീർത്തന പുസ്തകത്തിന്റെ ഈ തർജ്ജമ കിഴക്കിന്റെ കാതോലിക്കോസും മുമ്പ് നിസിബിസിലെ വേദശാസ്ത്ര കേന്ദ്രത്തിൽ മാനായുടെ ശിഷ്യനും ആയിരുന്ന മാർ ആബായെയും വളരെ ആകർഷിച്ചു. അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിന് ചേരുന്ന രീതിയിൽ താൻ രചിച്ച സുറിയാനി 'കാനോനാ' വാക്യങ്ങൾ പാഹ്ലവിയിലേക്ക് തർജ്ജമ ചെയ്ത് വേറിട്ട മഷിയിൽ മാനായുടെ യഥാർത്ഥ തർജ്ജമയിലെ സങ്കീർത്തനങ്ങളോട് ചേർത്ത് പരിഷ്കരിച്ചശേഷം സഭയുടെ വിദൂര പ്രദേശങ്ങളിലെ രൂപതകളിലേക്കും പ്രേക്ഷിത മേഖലകളിലേക്കും ഉള്ള ഉപയോഗത്തിന് വേണ്ടി അതിൻറെ നിരവധി പകർപ്പുകൾ തയ്യാറാക്കിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സസ്സാനിയൻ സാമ്രാജ്യത്തിലെ മത മർദ്ദനത്തെ തുടർന്ന് അദർബയ്ഗാനിലെ തടവറയിൽ കഴിഞ്ഞിരുന്ന കാലത്ത് മാർ ആബാ നടത്തിയ രചനകളുടെ ഭാഗമായിരുന്നിരിക്കണം പാഹ്ലവി സങ്കീർത്തന ഗ്രന്ഥത്തിലെ ഈ പരിഷ്കാരങ്ങൾ.[8]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Gignoux, Philippe (20 July 2002). "PAHLAVI PSALTER". PAHLAVI PSALTER. https://www.iranicaonline.org/articles/pahlavi-psalter.
- ↑ ആന്റണി, മാർട്ടിൻ തോമസ് (13 മാർച്ച് 2021). "The Pahlavi Inscribed Processional Cross Of Herat, Afghanistan And The Pahlavi Crosses Of South India: A Comparative Study Of The Religio Cultural Traditions Of The Churches Of India And Parthia". Retrieved 10 സെപ്റ്റംബർ 2023.
- ↑ "Psalter Pahlavi".
- ↑ Whittingham, Martin (2020). A History of Muslim Views of the Bible: The First Four Centuries. De Gruyter. p. 12. ISBN 9783110335880.
- ↑ Kenneth J. Thomas; Ali Asghar Aghbar (2015). A Restless Search: A History of Persian Translations ofthe Bible. pp. 37–9. ISBN 9781944092023.
- ↑ Kenneth J. Thomas; Fereydun Vahman. "BIBLE vii. Persian Translations of the Bible". Encyclopaedia Iranica. Vol. IV/2. pp. 209–213.
- ↑ Kenneth J. Thomas & Ali Asghar Aghbar (2015), പുറം. 39.
- ↑ Kenneth J. Thomas & Ali Asghar Aghbar (2015), പുറം. 37.