റോമാ സാമ്രാജ്യത്തിനു് പുറത്തു് എദേസ്സ, മെസപ്പൊട്ടാമിയ, പേർഷ്യ, അറേബ്യ, ഇന്ത്യ, ചൈന, മംഗോളിയ, എന്നീ കിഴക്കൻ ഭൂപ്രദേശങ്ങളിൽ വളർന്ന് വികസിച്ച ക്രൈസ്തവസഭയായ കിഴക്കിന്റെ സഭയുടെ പരമാദ്ധ്യക്ഷന്റെ സ്ഥാനികനാമമാണ് പൗരസ്ത്യ കാതോലിക്കോസ് അഥവാ കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസ്. ബാബിലോണിന്റെ പാത്രിയർക്കീസ് എന്നും കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എന്നും ഈ സ്ഥാനം പരമ്പരാഗതമായി അറിയപ്പെടുന്നു.

മാറൻ മാർ ലൂയിസ് റാപ്പായേൽ സാക്കോ I
മാറൻ മാർ ഗീവർഗീസ് മൂന്നാമൻ സ്ലീവാ

ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിലെ മാർത്തോമാശ്ലീഹായുടേയും അദ്ദേഹത്തിൻറെ ശിഷ്യന്മാരായ മാർ അദ്ദായി, മാർ മാറി എന്നിവരുടെയും പ്രവർത്തനഫലമായാണ് ഈ സഭ രൂപപ്പെട്ടത്. നാലാം നൂറ്റാണ്ടിൽ ഈ സഭയുടെ ആസ്ഥാനം സസാനിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ടെസിഫോൺ ഇരട്ട നഗരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതോടെ ഈ സ്ഥാനത്തിന് സെലൂക്യാ-ടെസിഫോണിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസ് എന്ന പേരും കൈകവന്നു.[1][2] എദേസ്സൻ സഭാപാരമ്പര്യം പിന്തുടരുന്ന ഈ സഭ റോമാ സാമ്രാജ്യത്തിൽ വളർന്ന സഭകളിൽനിന്ന് വളരെ വ്യത്യസ്തമായ ചരിത്രപശ്ചാത്തലവും ആരാധനാക്രമവും ദൈവശാസ്ത്രവീക്ഷണവും ശിക്ഷണക്രമവും പിന്തുടരുന്ന സഭയാണ്. ഈ അധികാരസ്ഥാനം ഒന്നാം നൂറ്റാണ്ടിലെ എദേസ്സയിൽ പിറവിയെടുത്തതാണ്. പിന്നീട് സസാനിയൻ സാമ്രാജ്യത്തിനുള്ളിലെ ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ വികാസം പ്രാപിച്ചു.[1] പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും ഈ സഭ പശ്ചിമേഷ്യ, ഇന്ത്യ എന്നീ പ്രദേശങ്ങളിലേക്ക് പരിമിതപ്പെട്ടു. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ഉത്തരമെസപ്പൊട്ടാമിയായിലും ഇന്ത്യയിലും ഈ സഭ പലതരം പിളർപ്പുകൾ അനുഭവിച്ചു, അതിന്റെ ഫലമായി മത്സരിക്കുന്ന സഭാധ്യക്ഷന്മാരും സഭകളും രൂപപ്പെട്ടു. ഇന്ന്, ആ പിളർപ്പുകളിൽ നിന്ന് ഉയർന്നുവന്ന മൂന്ന് പ്രധാന സഭകൾ ഇറാഖ് കേന്ദ്രമായി പ്രവർത്തിക്കുന്നു. അവ അംഗബലം അനുസരിച്ച് കൽദായ കത്തോലിക്കാ സഭ, അസ്സീറിയൻ പൗരസ്ത്യ സഭ, പുരാതന പൗരസ്ത്യ സഭ എന്നിവയാണ്. ഇതിൽ ഒരോരോ സഭയ്ക്കും അവരവരുടേതായ പാത്രിയർക്കീസുമാരും സൂനഹദോസുകളും ഉണ്ട്. ഇതിൽ കൽദായ കത്തോലിക്കാ സഭാധ്യക്ഷൻ ബാബിലോണിന്റെ പാത്രിയർക്കീസെന്നും, പൗരസ്ത്യ അസ്സീറിയൻ സഭാധ്യക്ഷനും പുരാതന പൗരസ്ത്യ സഭാധ്യക്ഷനും സെലൂക്യാ-ടെസിഫോൺ കാതോലിക്കോസ്-പാത്രിയർക്കീസുമാർ എന്നും അറിയപ്പെട്ടുവരുന്നു.

ഇതും കാണുകതിരുത്തുക

പൗരസ്ത്യ കാതോലിക്കോസ്- പിന്തുടർച്ചാപട്ടിക

അവലംബംതിരുത്തുക

  1. 1.0 1.1 Wilmshurst 2000, p. 4.
  2. Walker 1985, p. 172: "this church had as its head a "catholicos" who came to be styled "Patriarch of the East" and had his seat originally at Seleucia-Ctesiphon (after 775 it was shifted to Baghdad)".
"https://ml.wikipedia.org/w/index.php?title=പൗരസ്ത്യ_കാതോലിക്കോസ്&oldid=3572705" എന്ന താളിൽനിന്ന് ശേഖരിച്ചത്