നസ്രാണി ക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് തരിസാപ്പള്ളി ശാസനങ്ങൾ അഥവാ തരിസാപള്ളി ചെപ്പേടുകൾ എന്ന പേലിലറിയപ്പെടുന്നത്. ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി വർമ്മൻ പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, [1] പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മറുവാൻ സാപ്‌ർ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ. കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം) ആണ് തരിസാപ്പള്ളിയുടെ സ്ഥാനം. എന്നാൽ കൊല്ലത്ത് ഈ സ്ഥലം എവിടെയായിരുന്നു എന്നു കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. കിഴക്ക് വയലക്കാട്, തെക്കുകിഴക്ക് കോവിലകമുൾപ്പെടെ ചിറുവാതിക്കാൽ മതിൽ, പടിഞ്ഞാറ് കടൽ, വടക്ക് തോരണത്തോട്ടം, വടക്കുകിഴക്ക് പുന്നത്തലൈ അണ്ടിലൻതോട്ടം എന്നിവയാണ് അതിരുകൾ എന്ന് ശാസനത്തിൽ വിശദമാക്കുന്നുണ്ട്.[2] സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, ക്രി.വ. 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു. ശാസനങ്ങൾ ലഭിച്ച വ്യക്തിയുടെ പേര് അതിൽ ചിലയിടത്ത് ഈശോ ദ തപീർ എന്നും ചിലയിടങ്ങളിൽ മറുവാൻ സാപ്‌ർ ഈശോ എന്നുമാണ് നൽകിയിരിക്കുന്നത്. ചെപ്പേടുകൾ വ്യാഖ്യാനിക്കാൻ നടന്ന ആദ്യകാലങ്ങളിൽ ഈശോഡാത്തവ്വിറായി എന്നാണ്‌ ഈ പേർ എന്ന് കരുതിയിരുന്നതെങ്കിലും[3] പിൽക്കാലത്ത് തിരുത്തപ്പെട്ടു. ഇളവർ (ഈഴവർ), വണ്ണാൻ, വെള്ളാളർ, ആശാരി തുടങ്ങിയവരുടെ കുടുംബങ്ങളെ പള്ളിക്കു ദാനം നൽകിയതായും ചെപ്പേടിലുണ്ട്

ഒന്നാം ശാസനം- രണ്ട് ചേപ്പേടുകൽ 1-19 വരികൾ

തരിസാപ്പള്ളി ശാസനങ്ങൾ രണ്ടു കൂട്ടം രേഖകൾ ഉൾക്കൊള്ളുന്നു. ആദ്യത്തെ ശാസനത്തിൽ മൂന്നു തകിടുകൾ (ചെപ്പേടുകൾ) ഉൾപ്പെടുന്നു.[4] ഇവയിൽ ഒന്നാം തകിട് മാർത്തോമ്മാ സഭയുടെ ആസ്ഥാനമായ തിരുവല്ലയിലെ പുലാത്തീനിലും രണ്ടാം തകിട് മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാന കേന്ദ്രമായ കോട്ടയം ദേവലോകത്തെ കാതോലിക്കേറ്റ് അരമനയിലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേത് നഷ്ടപ്പെട്ടു.

രണ്ടാം ശാസനത്തിലെ നാലു തകിടുകളിൽ[4] ആദ്യത്തേത് നഷ്ടപ്പെട്ടു. രണ്ടും മൂന്നും തകിടുകൾ കോട്ടയം കാതോലിക്കേറ്റ് അരമനയിലും നാലാമത്തേത് തിരുവല്ല പുലാത്തീനിലും സൂക്ഷിച്ചിരിക്കുന്നു. ഈ തകിടുകളെല്ലാം തുല്യവലിപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണ്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും

ചേരചക്രവർത്തിയായ രാജശേഖരന്റെ (820-844) വാഴപ്പള്ളി ശാസനമാണ് ഇതിനു മുമ്പത്തേതായി ലഭിച്ചിട്ടുള്ള ഏക ശാസനം.

സപർ ഈശോയുടെ പശ്ചാത്തലം

തിരുത്തുക

ക്രി.വ. 823-ൽ കേരളത്തിലെത്തിയ ഒരു പേർഷ്യൻ കുടിയേറ്റസംഘത്തിന്റെ രണ്ടു നേതാക്കളിൽ ഒരാളായരുന്നു മാർ സാബോർ എന്നും അറിയപ്പെടുന്ന സബർ ഈശോ. രണ്ടാമത്തെയാൾ മാർ പ്രോത്ത് അല്ലെങ്കിൽ ആഫ്രോത്ത് ആയിരുന്നു. ഇരട്ടസഹോദരങ്ങളായിരുന്നെന്ന് പറയപ്പെടുന്ന ഇവർ നസ്രാണി ക്രൈസ്തവരുടെ വംശസ്മൃതിയിൽ പിൽക്കാലത്ത് പ്രാധാന്യത്തോടെ ഇടംനേടി. വിശുദ്ധന്മാർ എന്ന അർത്ഥത്തിൽ കന്തീശങ്ങൾ എന്നു വിളിക്കപ്പെട്ട ഇവർക്ക് കേരളത്തിലെ പല ക്രൈസ്തവദേവാലയങ്ങളും സമർപ്പിക്കപ്പെട്ടു. എന്നാൽ പാശ്ചാത്യകത്തോലിക്കാ മേൽക്കോയ്മയിലേക്ക് നസ്രാണി സഭയെ കൊണ്ടുവരാൻ ശ്രമിച്ച 1599-ലെ ഉദയമ്പേരൂർ സൂനഹദോസ്, ഇവരെ നെസ്തോറിയൻ പാഷണ്ഡികളായി ശപിക്കുകയും ഇവരുടെ പേരിൽ അറിയപ്പെട്ടിരുന്ന ദേവാലയങ്ങളെ സർവവിശുദ്ധരുടേയും ദേവാലയങ്ങളായി പുനർ സമർപ്പിക്കുകയും ചെയ്തു.

ശാസനങ്ങളുടെ ചരിത്രം

തിരുത്തുക

സ്ഥാണുരവിയുടെ അഞ്ചാമത്തെ ഭരണവർഷത്തിൽ (849) തയ്യാറാക്കിയ ഈ ശാസനങ്ങളുടെ കാലത്തെക്കുറിച്ച് വളരെയേറെ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ഡിതനായ ഗോപിനാഥറാവു ഒൻപതാം ശതകത്തിന്റെ ഉത്തരാർധത്തിൽ സ്ഥാണുരവി ജീവച്ചിരുന്നതായി പറയുന്നു. എന്നാൽ സ്ഥാണുരവി രാജ്യഭാരം ആരംഭിച്ചത് 844-ൽ ആണെന്നാണ് പ്രൊഫസർ ഇളംങ്കുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം. സ്ഥാണു രവിയുടെ സദസ്യനായിരുന്ന ശങ്കരണനാരായണൻ രചിച്ച ലഘുഭാസ്കരീയം എന്ന കൃതിയിൽ നിന്നാണ് ഇളംകുളം ഇതിനുള്ള തെളിവ് ശേഖരിച്ചത്.[2] ഒന്നാം ശാസനം കൊല്ലവർഷം ഇരുപത്തിനാലാമാണ്ട് ചെമ്പുതകിടിൽ എഴുതിയിട്ടുള്ളതാണ്. എന്നാൽ രണ്ടാമത്തേത് രണ്ടു മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം പകർത്തി സൂക്ഷിച്ചിട്ടുള്ളതാണെന്ന് ലിപിയുടേയും ഭാഷയുടേയും സ്വരൂപ സ്വഭാവങ്ങളിൽ നിന്ന് മനസ്സിലാക്കാം.

ശാസനങ്ങൾ അവ എഴുതപ്പെട്ട് കാലം മുതൽക്ക് സിറിയൻ ക്രിസ്ത്യാനികളുടെ കയ്യിൽ ഭദ്രമായി സം‌രക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലെ സിറിയൻ മെത്രാനായിരുന്ന മാർ യാക്കോബ് 1530-ൽ കൊച്ചിയിലെ പോർച്ചുഗീസ് ഗവർണ്ണറുടെ കയ്യിൽ പ്രസിദ്ധമായ ക്നായി തൊമ്മൻ ചെപ്പേട് അടക്കമുള്ള രേഖകൾക്കൊപ്പം സൂക്ഷിക്കാനേല്പിച്ച ഈ അമൂല്യരേഖകൾ, പിൽക്കാലങ്ങളിൽ ലഭ്യമല്ലാതായി. ഇതിനെ പറ്റി ചാർളി സ്വാൻസ്റ്റൺ എന്ന ബ്രിട്ടിഷ് കപ്പിത്താൻ 1883-ലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേർണലിൽ പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്‌. [5]"ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ ശാസനങ്ങൾ അങ്കമാലിയിലെ (കേരള ക്രിസ്ത്യാനികളുടെ) മെത്രാനായിരുന്ന യാക്കോബ് ആബൂന അന്നത്തെ പോർത്തുഗീസ് ഗോവർണ്ണദോറ്ടെ കൈവശം സൂക്ഷിക്കാനേല്പിച്ചു. എന്നാൽ നാടിനെ നടുക്കം കൊള്ളിക്കുമാറ് ഇവ നഷ്ടപ്പെട്ട വാർത്തയാണ്‌ പിന്നീടുണ്ടായത്. ഇവ നഷ്ടപ്പെട്ടശേഷം ക്രിസ്ത്യാനികൾക്ക് അവരുടെ അവകാശങ്ങൾ തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതായി. ആകെയുണ്ടായിരുന്നത് പാരമ്പര്യമായി കൈമാറിപ്പോന്ന അവകാശങ്ങളായിരുന്നു. ഈ അവകാശങ്ങൾ അക്കാലത്ത് സംശയത്തിന്റെ നിഴലിലുമാവാൻ തുടങ്ങി. കേണൽ മെക്കാളെ തിരുവിതാംകൂർ റസിഡന്റായി വന്ന ശേഷമാണ്‌ ഈ ചേപ്പേടുകൾക്കായി എന്തെങ്കിലും അന്വേഷണം നടന്നത്. 1806-ൽ ക്ലാഡ് ബുക്കാനന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് റെസിഡന്റ് കേണൽ മക്കാളേ ഉത്തരവിട്ട തെരച്ചിലിൽ ക്നായി തൊമ്മൻ ചേപ്പേട് കണ്ടു കിട്ടിയില്ലെങ്കിലും, കൊച്ചിയിലെ റെക്കോർഡ് കേന്ദ്രത്തിൽ തരിസപള്ളിശാസനങ്ങളിലെ ചേപ്പേടുകളിൽ ഒന്നൊഴികെ എല്ലാം കണ്ടുകിട്ടി."[6] [7] വീണ്ടും ഇതു നഷ്ടപ്പെടാതിരിക്കാനായി മൂന്നു വ്യത്യസ്ത ചുമതലക്കാർ ഒന്നിച്ച് തീരുമാനിച്ചാൽ മാത്രം പുറത്തെടുക്കാൻ കഴിയുന്ന രീതിയിൽ തിരുവല്ലയിലും കോട്ടയത്തുമായി ഇവ സൂക്ഷിച്ചിരിക്കുന്നത്.[2]

എന്നാൽ കാപ്റ്റൻ സ്വാൻസൺ ചെപ്പേടുകൾ എങ്ങനെ കണ്ടെത്തി എന്ന് പറയുന്നില്ല. പോർത്ച്ചുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ കൊച്ചികോട്ട കീഴടക്കിയപ്പോൾ പോർത്തുഗീസുകാർക്ക് വീരോചിതമായ പിൻവാങ്ങൽ അനുവദിച്ചു നൽകിയിരുന്നു. പള്ളിയുടെ വകയായ സാധങ്ങൾ ഒഴിച്ച് തോക്കും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അവർക്ക് കൊണ്ടുപോകാനനുവാദം നൽകിയിരുന്നു. ഈ സമയത്ത് ശാസനങ്ങൾ സിറിയൻ ക്രിസ്ത്യാനികൾക്കോ ഡച്ചുകാർകക്കോ കൈമാറ്റം ചെയ്തിരിക്കാം എന്നാണ്‌ കരുതുന്നത്. ഡച്ചുകാരെ തോല്പിച്ച് ഇംഗ്ലീഷുകാർ കൊച്ചി കീഴടക്കിയപ്പോൾ ഇതേ ശാസനങ്ങൾ അവരുടെ കയ്യിലുമെത്തിയിരിക്കണം. എന്നാൽ ഇതിനുള്ളിൽ ശാസനങ്ങൾ നഷ്ടപ്പെട്ടതും മെക്കാളെ തിരച്ചിൽ നടത്തിയതും സംശയത്തിനിടവരുത്തുന്നു.

മെക്കാളെ ശാസങ്ങൾ തിരഞ്ഞു പിടിച്ചശേഷം ബുക്കാനനെ അവയൂടെ ഫാസിമിലി കോപ്പി എടുക്കാനനുവദിക്കുകയും അതിനുശേഷം അവ സൂക്ഷിക്കാനായി സുറിയാനി മെത്രാപ്പോലീത്തയുടെ പക്കൽ ഏല്പിക്കുകയുമായിരുന്നു. ഇത് കോട്ടയത്തെ സെമിനാരിയിൽ സൂക്ഷിക്കപ്പെട്ടു. മാത്യൂസ് മാർ അത്തനാസിയോസിന്റെ കാലം വരെ ഇവ ഭദ്രമായിരുന്നു എന്നു കരുതപ്പെടുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ശാസനങ്ങളിൽ ചിലത് വീണ്ടും നഷ്ടപ്പെടുകയുണ്ടായി. അത്തനാസിയോസും ദിവന്ന്യാസോസും തമ്മിലുണ്ടായ കോടതി വ്യവഹാരത്തിനിടയിൽ അത്തനാസിയോസ് നാല് ചെപ്പേടുകൾ മാത്രമാണ്‌ ഹാജരാക്കിയത്. മറ്റുള്ളവ നഷ്ടപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. കോടതി വ്യവഹാരത്തിന്റെ ഗതി നിർണ്ണയിക്കാൻ ചില തല്പര കക്ഷികൾ അവ കൈവശപ്പെടുത്തിയതോ യഥാർത്ഥത്തിൽ തന്നെ നഷ്ടപ്പെട്ടതോ ആവാനാണ്‌ സാധ്യതയെന്ന് ചില സഭാചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.[8] ഇതുമൂലം ഗുണ്ടർട്ട്, ബുർണൽ, ഹോഗ്, തുടങ്ങിയ മഹാരഥൻമാർക്ക് ശാസനങ്ങളെ അവയുടെ പൂർണ്ണരൂപത്തിൽ പരിചയപ്പെടാനായില്ല.

ഒന്നാം ശാസനം

തിരുത്തുക

കൊരുക്കേണികൊല്ലത്തിനു് അടുത്ത്[9] എശോദാ തപീർ ചെയ്യിച്ച തരിസാപ്പള്ളിക്ക് സ്ഥലം നൽകുന്നതാണ് ഒന്നാം ശാസനത്തിലെ മുഖ്യ വിഷയം. അതിന് പുറമേ പള്ളിയുടെ ആവശ്യത്തിന് ഈഴവർ, വണ്ണാന്മാർ തുടങ്ങി വിവിധ ജാതികളിലെ തൊഴിൽ വിദഗ്ദ്ധരെ അനുവദിച്ച് നൽകി അവരുടെ പ്രവർത്തനങ്ങളെ പല ഇനങ്ങളിലേയും നികുതികളിൽ നിന്ന് ഒഴിവാക്കുകയും ചിലയിനം നികുതികൾ പിരിക്കാനുള്ള അവകാശം പള്ളിക്ക് കൈമാറുകയും ചെയ്യുന്നു. തലക്കാണം, ഏണിക്കാണം, മേനിപ്പൊന്ന്, പൊലിപ്പൊന്ന്, ഇരവുചോറ്, കുടനാഴി തുടങ്ങിയവ ഇങ്ങനെ ഒഴിവാക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത നികുതികളിലും രജാവകാശങ്ങളിലും ചിലതാണ്. ശാസനത്തിലൂടെ അനുവദിച്ചുകിട്ടിയ സ്ഥലത്ത് താമസിക്കാൻ നിയോഗിക്കപ്പെട്ട തൊഴിൽജാതികളുടെമേൽ നീതിനിർവഹണത്തിനും ജനന-വിവാഹാദികളുമായി ബന്ധപ്പെട്ട തീരുവകൾ പിരിക്കാനും ഉള്ള അവകാശം പള്ളിക്കായിരുന്നു. പള്ളിയേയും അതിന്റെ വസ്തുവകകളേയും സം‌രക്ഷിക്കാനുള്ള ഉത്തരവാദിത്തം അറുനൂറ്റുവർ എന്ന നഗരസഭയേയും അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളേയും ഏല്പ്പിക്കാനും ഒന്നാം ശാസനം വ്യവസ്ഥ ചെയ്തിരുന്നു.

മാതൃകയായി ഒന്നാം ശാസനത്തിലെ ഒരു ഭാഗം കൊടുക്കുന്നു.

('സ്വസ്തി രാജാവായ സ്ഥാണുരവിക്കു പല നൂറായിരം വർഷം ശത്രുക്കളെ മേന്മയോടെ കീഴ്പ്പെടുത്തി വാഴാനുള്ള ആണ്ടിൽ നടപ്പുവർഷം അഞ്ച്. ഈ ആണ്ടിൽ വേണാടു വാഴുന്ന അയ്യനടികൾ തിരുവടിയും ഉദ്യേഗസ്ഥന്മാരും പ്രകൃതിയും മണിക്കിരാമവും അഞ്ചുവണ്ണവും പുന്നത്തലപ്പതിയും കൂടി ആലോചിച്ച്, കുരക്കേണിക്കൊല്ലത്ത് ഏശോദാതപീർ ചെയ്യിച്ച തരുസാപ്പള്ളിക്ക് അയ്യനടികൾ തിരുവടികൾ കൊടുത്തവിടുപേറ്.')

രണ്ടാം ശാസനം

തിരുത്തുക

രണ്ടാം ശാസനം മരപ്പണിക്കാരുടേയും (തച്ചർ), ഉഴവുകാരുടേയും (വെള്ളാളർ) മറ്റും ഏതാനും കുടുംബങ്ങളുടെ സേവനവും, നികുതിയിളവായി അടിമകളെ വച്ചുകൊണ്ടിരിക്കാനുള്ള അനുവാദവും തരിസാപ്പള്ളിക്ക് നൽകി. ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചുവണ്ണം 'അനന്തരപ്പാട്'ആയി അനുഭവിക്കേണ്ടതാണെന്നും പറയുന്നു. പള്ളിയുടെ ഉയർന്ന സാമൂഹ്യസ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന 72 പ്രത്യേകാവകാവകാശങ്ങൾ വിശേഷാവസരങ്ങളിലേക്കും മറ്റുമായി രണ്ടാം ശാസനം അനുവദിച്ചു. ആ അവകാശങ്ങളുടെ പട്ടിക ഇതാണ്:

അടിമ, അന്മൂലം, അറപ്പുര, ആനമേൽ, ആർപ്പ്, ആലവട്ടം, ഇടുപടി, ഉച്ചിപ്പൂവ്, എടമ്പിരിശംഖ്, കച്ച, കച്ചപ്പുറം, കനകമുടി, കാൽച്ചിലമ്പ്, കുതിരസവാരി, കുഴൽ, കൈത്തള, കൊടി, ചണ്ണമേൽക്കട്ടി, ചെങ്കൊമ്പ്, ചെല്ലി, തകിൽ, തണ്ട്, തഴ, തീണ്ടലകറ്റൽ, തൂക്കുമഞ്ചം, തൊങ്ങൽ, തോൾവള, നഗരത്തോരണം, നടയും നടത്തും, നന്താവിളക്ക്, നാങ്കുപ്പരിഷക്കുടമ, നായാട്ടുഭോഗം, നാലുവാക്കുരവ, നിർമണ്ണ്, നെടിയകുട, നെട്ടൂർപെട്ടി, നെറ്റിപ്പട്ടം, നേർവാൾ, പകൽവിളക്ക്, പഞ്ചവട്ടം, പഞ്ചവർണ്ണക്കുട, പഞ്ചവാദ്യം, പട്ടുചട്ട, പട്ടുമുണ്ട്, പട്ടുറുമാൽ, പണിപ്പുടവ, പതക്കം, പന്തൽവിതാനം, പരവതാനി, പതിനേഴുപരിഷക്കുടമ, പല്ലക്ക്, പാവാട, മണക്കോലം, മദ്ദളം, മുടിക്കീഴാഭരണം, മുൻകൈയ്, മുൻകയ്യിൽ പതക്കം, മുൻചൊല്ല്, മുൻമൂലം, മുരശ്, മെതിയടി, രാജഭോഗം, രാജസമക്ഷം ഇരിപ്പ്, വലം‌പിരിശംഖ്, വിരിപന്തൽ, വീണ, വീരശൃംഖല, വീരത്തണ്ട്, വീരമദ്ദളം, വീരവാദ്യം, വെഞ്ചാമരം, ശംഖ്, ഹസ്തകടകം.[10]

ശാസനത്തിലെ വ്യവസ്ഥകൾക്കനുസരണമായി പള്ളിക്കും അതിന്റെ ഭൂമിക്കും ഉപകാരപ്രദമായത് ചെയ്യാൻ അറുനൂറ്റുവർ, അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ രണ്ടാം ശാസനത്തിലും ഉണ്ടായിരുന്നു.

രണ്ടാം ശാസനം രണ്ടുമൂന്ന് ശതകങ്ങൾക്കു ശേഷം പകർത്തിയെഴുതിയതായി കാണുന്നു.

ചെപ്പേടുകളിലെ എഴുത്ത്

തിരുത്തുക

അഞ്ച് ഏടുകളിൽ ഒമ്പതു പുറങ്ങളിലായാണ് ഈ ശാസനം രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തെ ഏടിന്റെ ഒരു പുറത്തേ എഴുത്തുള്ളു. മറ്റുള്ളവയുടെ രണ്ടു പുറത്തും എഴുത്തുണ്ട്.[11] അറബിക്, ഹീബ്രു, പേർഷ്യൻ, തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വട്ടെഴുത്ത്, ഗ്രന്ഥാക്ഷരം, കുഫിക്, പഹ്‌ലവി, ഹീബ്രു എന്നീ ലിപികളും ഉപയോഗിച്ചിരിക്കുന്നു. തിരിച്ചറിയപ്പെടാത്ത ഒരു ലിപിയും ഇതിൽ ഒന്നുരണ്ടിടത്ത് കാണുന്നുണ്ട്.[2]

ചേരചക്രവർത്തിയായ സ്ഥാണുരവിക്ക് വന്ദനം പറഞ്ഞുകൊണ്ടാണ് ഒന്നാം ശാസനത്തിന്റെ തുടക്കം. "സ്വസ്തി.കോത്താണു ഇരവിക്കു... " എന്നു തുടങ്ങുന്ന ആ ശാസനതിൽ സാക്ഷി "വേൾ-കുല ചുന്തരൻ" (വേളിർ കുലജാതനായ സുന്ദരൻ) ആണ്‌.

ആദ്യകാല മലയാള ഗദ്യത്തിന്റെ ഉത്തമ മാതൃകയായി പരിഗണിച്ചുവരുന്ന തരിസാപ്പള്ളി ശാസനത്തിന് ഭാഷാപരമായും വളരെയേറെ പ്രാധാന്യമുണ്ട്. കേരളപാണിനി പറഞ്ഞിട്ടുള്ള അനുനാസികാതിപ്രസരം, പുരുഷഭേദനിരാസം, താലവ്യാദേശം, സ്വരസംവരണം തുടങ്ങിയ ആറുഭാഷാനയങ്ങളിൽ വളരെ കുറച്ചു മാത്രമേ സംഭവിച്ചിട്ടുള്ളൂ. വാഴുകിന്റ, ചൊല്ലുകിന്റ, ചമൈച്ചു, ചൈവിച്ചു, തങ്ങൾ, കൊടുത്ത, അഞ്ചുവണ്ണമും മണിക്കിരാമമും എന്നിങ്ങനെ പരിണാമം സംഭവിച്ചതും അല്ലാത്തതുമായ ധാരാളം രൂപങ്ങൾ ഇതിൽ കാണാം. പരിച്, അടിപ്പടുത്തുക, അട്ടുവിത്ത്, ഉല്ക്കു, മനൈമേയ്പ്പാൻ തുടങ്ങി മലയാളത്തിൽ ഇന്ന് ലുപ്ത പ്രചാരങ്ങളായ പല പ്രയോഗങ്ങളും ഈ ശാസനത്തിൽ ഉണ്ട്. ഇതിൽനിന്ന് ശാസനകാലത്ത് വിഭക്തിപ്രത്യയങ്ങൾക്കും പുരുഷഭേദരഹിതങ്ങളായ ക്രിയാരൂപങ്ങൾക്കും അക്കാലത്ത് രാജഭാഷയിലേക്കു കടന്നുകൂടാൻ കഴിഞ്ഞിട്ടില്ലെന്നും വ്യവഹാരഭാഷക്ക് പ്രാബല്യവും രാജഭാഷയ്ക്ക് ശൈഥില്യവും സംഭവിച്ചു തുടങ്ങിയെന്നും മനസ്സിലാക്കാം.

മരപ്പണിക്കാരുടെ(തച്ചർ) രണ്ടുകുടുംബങ്ങളേയും ഉഴവുകാരുടെ(വെള്ളാളർ) നാലു കുടുംബങ്ങളേയും വേണാട്ടരചൻ തരിസ്സാപ്പള്ളിക്കു വിട്ടുകൊടുക്കുന്നതായുള്ള രണ്ടാം ശാസനത്തിലെ "ഇരണ്ടുകുടി..യരും. ഒരുകുടി തച്ചരുമളടൈയ പൂമിക്കു കരാഴർ നാലുകുടി വെള്ളാളരും..." എന്ന ഭാഗവും ശാസനങ്ങളിലെ ഭാഷക്ക് ഉദാഹരണമാണ്.

ഇപ്പോൾ തിരുവല്ലയിലെ മാർത്തോമ്മാ സഭാകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മൂന്നാം ചെപ്പേടിനൊടുവിലെ ഒപ്പുകളിൽ ചിലത് പഹലവി, ചതുരവടിവിലെ അറബിലിഅക്ഷരങ്ങൾ ചേർന്ന കൂഫിക്, എബ്രായ ലിപികളിലാണെന്നത്, അക്കാലത്തെ വേണാട്ടിലെ, പ്രത്യേകിച്ച് തുറമുഖനഗരമായ കൊല്ലത്തെ സമൂഹത്തിന്റെ വൈവിദ്ധ്യം പ്രകടമാക്കുന്നുണ്ട്.

ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവും

തിരുത്തുക

പ്രാചീന ഭാഷാഗവേഷണത്തിലും ചരിത്രഗവേഷണത്തിലും തരിസാപ്പള്ളി ശാസനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കൃത്യ മായി ആണ്ട് അറിയാവുന്ന ആദ്യത്തെ ശാസനമാണിത്. മഹോദയപുരം തലസ്ഥാനമാക്കി കേരളം വാണിരുന്ന സ്ഥാണുരവിയുടെ സാമന്തനായിരുന്നു വേണാട്ടിലെ നാടുവാഴികളായ അയ്യനടികളും രാമനടികളും. ചാലൂക്യരുടെയും രാഷ്ട്രകൂടരുടെയുമിടയിൽ ഉണ്ടായിരുന്ന ഭരണരീതി കേരളത്തിലും ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്ന് പ്രകൃതികളേയും അറുനൂറ്റുവരേയും കുറിച്ചുള്ള പ്രസ്താവനകൾ തെളിയിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ നടത്താൻ നാടുവാഴികൾക്ക് അധികാരമുണ്ടായിരുന്നില്ല എന്നാണ് സ്ഥാണുരവിയുടെ പ്രതിനിധിയായി വിജയരാഗദേവൻ സന്നിഹിതനായത് വ്യക്തമാക്കുന്നത്.

രാജ്യത്തെ അന്ന് നാടുകളായും നാടുകളെ തറകളായും തറകളെ ദേശങ്ങളായും വിഭജിച്ചിരുന്നുവെന്ന് ഈ ചെപ്പേടിൽ നിന്നും മനസ്സിലാക്കാം. ദേശങ്ങളുടെ അധികാരി കുടിപതിയും നാടു ഭരിച്ചിരുന്നത് നാട്ടുടയവരും ഏറ്റവും മുകളിലായി പെരുമാളും ചേർന്നതായിരുന്നു അന്നത്തെ ഭരണക്രമം.[2]

അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശങ്ങളും ഈ ശാസനങ്ങളിലാണുള്ളത്. ഒൻപതാം ശതകത്തിൽ തെക്കേ ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന ജൂത വ്യാപാര സംഘങ്ങളാണ് അഞ്ചുവണ്ണവും മണിഗ്രാമവും. അഞ്ചു വിധം സാധനങ്ങളുടെ വ്യാപാരം നടത്തുന്ന സംഘം എന്ന അർഥത്തിലാകാം അഞ്ചുവണ്ണം എന്നു പറയുന്നത്. അഞ്ചുവണ്ണത്തോടും മണിഗ്രാമത്തോടും ആലോചിച്ചതിനു ശേഷമായിരുന്നു അയ്യനടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് വ്യാപാര സൌജന്യങ്ങളും പള്ളി വയ്ക്കാനുള്ള അവകാശങ്ങളും നല്കിയത്.

ഈഴവരെക്കുറിച്ചു പരാമർശമുള്ള ആദ്യത്തെ ശാസനവും ഇതു തന്നെയാണ്. അന്ന് ഈ പദം ജാതിനാമമായിരുന്നില്ല. മദ്യം സംഭരിക്കുന്നവൻ, മദ്യം വില്ക്കുന്നവൻ എന്നെല്ലാമേ അർഥമുണ്ടായിരുന്നുള്ളൂ എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.

തരിസാപ്പള്ളി ശാസനങ്ങൾ അവ എഴുതപ്പെട്ട കാലത്തെ കേരളത്തിലെ ഭരണസം‌വിധാനത്തേയും, സമൂഹത്തേയും, വിശ്വാസവ്യവസ്ഥകളേയും സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. വേണാട്ടരചനൻ അയ്യനടികൾ തിരുവടികൾ സ്വതന്ത്രഭരണാധികാരിയായിരുന്നില്ലെന്നും ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴിയായിരുന്നെന്നും ചെപ്പേടുകളിൽ നിന്ന് മനസ്സിലാക്കാം. ജീവിതത്തിന്റെ വിവിധമേഖലകളിലെ നേതൃത്വങ്ങൾക്കിടയിൽ വിഭജനം നിർബന്ധമായിരുന്നില്ല. പുരോഹിതനായിരുന്ന സപർ ഈശോ, വ്യാപാരപ്രമുഖനും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേകലകളിൽ പ്രഭാവം ചെലുത്തുന്നവനും ആയിരുന്നു. കൊല്ലം നഗരം, രാഷ്ട്രാന്തരപ്രസക്തിയുള്ള ഒരു തുറമുഖവും വ്യാപ്രാരകേന്ദ്രവുമായിരുന്നുവെന്ന് ചെപ്പേടുകൾ വ്യക്തമാക്കുന്നു. വികേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനത്തിന്റെ സൂചനകളും ചെപ്പേടുകളിലുണ്ട്. അറുനൂറ്റുവർ എന്ന നഗരസഭയും, അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളും ഏറെ അധികാരങ്ങൾ കയ്യാളിയിരുന്നതായും ബഹുമാനിക്കപ്പെട്ടിരുന്നതായും കാണാം. നഗരത്തിന്റെ സുരക്ഷ ഈ സംഘങ്ങളെയാണ് ഭരമേല്പ്പിച്ചിരുന്നത്. [4]

വേണാട്ടിൽ നിലവിലുണ്ടായിരുന്ന നികുതിവ്യവസ്ഥയുടെ രൂപരേഖ ചെപ്പേടുകളിൽ പ്രതിഫലിക്കുന്നുണ്ട്. അടിമകളെ സൂക്ഷിക്കുന്നതിന് അടിമക്കാശും ആഭരണങ്ങൾ അണിയുന്നതിന് മേനിപ്പൊന്ന്, പൊലിപ്പൊന്ന് എന്നിവയും വിവിധ തൊഴിലുകൾക്ക് തലക്കാണം, ഏണിക്കാണം, കുടനാഴി, തുടങ്ങിയ തൊഴിൽക്കരങ്ങളും പ്രത്യേകം ഉണ്ടായിരുന്നു. സാധനങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുമ്പോൾ അറുപതിലൊന്ന് 'ഉല്ക്കു' കൊടുക്കണമെന്നും വില്പന നികുതി ഉണ്ടായിരുന്നു എന്നും വണ്ടികൾക്കും 'പടകു'കൾക്കും ടോൾ ഉണ്ടായിരുന്നു എന്നും മനസ്സിലാക്കാം. തൊഴിൽക്കരം, വില്പ്പനക്കരം, വാഹനനികുതി, ആഭരണങ്ങൾ അണിയുന്നതിനുള്ള (സ്വത്ത്) നികുതി തുടങ്ങിയവയെ വിപുലമായ നികുതിവ്യവസ്ഥയെ സൂചിപ്പിക്കുന്നു.

അക്കാലത്ത് അടിമവ്യവസ്ഥ വ്യാപകമായിരുന്നെന്ന സൂചന ശാസനങ്ങളിലുണ്ട്. കുറ്റവാളികളെ അടിമകളാക്കി വിൽക്കാൻ നാടുവാഴിക്ക് കഴിയുമായിരുന്നു.

അക്കാലത്ത് കേരളസമൂഹത്തിൽ നിലനിന്നിരുന്ന മതസഹിഷ്ണുതക്കും വൈവിദ്ധ്യത്തിനും മതിയായ തെളിവുകൾ ചെപ്പേടുകളിലുണ്ട്. ക്രിസ്ത്യാനിയായ സപർ ഈശോക്ക്, വലിയ സമ്പത്തിന്റെയും അധികാരങ്ങളുടേയും അധിപതിയാവുന്നതിന് അദ്ദേഹത്തിന്റെ മതം തടസമായില്ല. രണ്ടാം ചെപ്പേടിനൊടുവിൽ കൊടുത്തിട്ടുള്ള പഹലവി, കൂഫിക്, എബ്രായ ലിപികളിലെ ഒപ്പുകൾ, അക്കാലത്ത്, വലിയ വാണിജ്യകേന്ദ്രങ്ങളിലെങ്കിലും നിലവിലിരുന്ന സമൂഹത്തിന്റെ വൈവിദ്ധ്യത്തെ സൂചിപ്പിക്കുന്നു.[4]

പുതിയ പഠനങ്ങൾ

തിരുത്തുക

പ്രൊഫ. എം.ആർ. രാഘവാര്യരുടെയും പ്രൊഫ. കേശവൻ വെളുത്താട്ടിന്റെയും നേതൃത്വത്തിൽ നടന്ന പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവ രണ്ടു സെറ്റ് പട്ടയങ്ങളല്ല ഒരു സെറ്റ് പട്ടയങ്ങളാണ് എന്നുമാണ്. പട്ടയത്തിലെ ഏടുകൾ വ്യത്യസ്തമായ രീതിയിൽ ക്രമപ്പെടുത്തിയാണ് ഈ രേഖയുമായി ഇതുവരെ നിലനിന്നിരുന്ന സന്ദേഹങ്ങൾ അറുതിവരുത്താൻ പോന്ന കണ്ടെത്തലിലെത്തിച്ചേർന്നത്. ഇതോടെ അപൂർണ്ണമാണ് എന്ന് കരുതപ്പെട്ടിരുന്ന ഈ രേഖ പൂർണ്ണരൂപത്തിൽ തന്നെ വായിച്ചെടുക്കാനുമായി. രണ്ടു രേഖകളായി പരിഗണിച്ചിരുന്നപ്പോൾ രണ്ടാമത്തേത് ആദ്യവസാനം ഇല്ലാത്തതു പോലെയാണ് തോന്നിയിരുന്നത്.[2] "ഇന്നാലുകുടി ഈഴവരും ഒരു കുടി വണ്ണാരും" എന്നതിനോട് ഇതുവരെ കണക്കാക്കിയിരുന്ന തുടർപേജിലെ "മെവ്വകൈപ്പട്ട ഇറൈയയുന്തരി... എന്ന ഭാഗം അന്വയിക്കുന്നില്ല. എന്നാൽ "ഇരണ്ടുകുടി എരുവിയരും" എന്നു തുടങ്ങുന്ന ഏടാണ് ആദ്യത്തെതിനോട് ചേർന്നു വരുന്നതെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നു എന്നാണ് രാഘവവാര്യരും കേശവൻ വെളുത്താട്ടും സമർത്ഥിക്കുന്നത്.

  1. കെ. ശിവശങ്കരൻ നായർ; വേണാടിന്റെ പരിണാമം, ഡി.സി ബുക്സ്; 2005
  2. 2.0 2.1 2.2 2.3 2.4 2.5 വീണ്ടും ശ്രദ്ധേയമാകുന്ന തരിസാപ്പള്ളി ചെപ്പേടുകൾ-ശ്രീജിത്. ഇ (സമകാലിക മലയാളം 24 ജനുവരി 2014)
  3. ഗുണ്ടർട്ട്
  4. 4.0 4.1 4.2 4.3 Kerala History and its Makers - A Sreedhara Menon
  5. Captain Charles Swanston Vol.1 (old Series) Journal of the Royal Asiatic Society. January 1833
  6. കത്തോലിക്കാ വിജ്ഞാനകോശത്തിലെ, St. Thomas Christians എന്ന ലേഖനം - http://www.newadvent.org/cathen/14678a.htm#VII
  7. NSC Network - The Plates and the Privileges of Syrian Christians
  8. C.M. Agur B.A. Church Histroy of Travancore
  9. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 57-58; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
  10. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഉപോത്ഘാതം (പുറം 28)- സ്കറിയ സക്കറിയ
  11. സാക്ഷിപ്പട്ടികയുടെ പുനർവായന-ശിഹാബുദ്ദീൻ ആരാമ്പ്രം (പച്ചക്കുതിര - ആഗസ്റ്റ് 2014)

12.ഡോ.കാനം ശങ്കരപ്പിള്ള ,”തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികൾ” ,കിളിപ്പാട്ട് മാസിക,തിരുവനന്തപുരം-8, പുസ്തകം 10 ലക്കം 7 ജനുവരി 2016 പേജ് 11-12

13.http://849ce.org.uk/

14.http://kurakenikollam849ce.blogspot.in/

15. https://sharbtho.blogspot.com/2018/11/plate-pole-apart.html


പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ശാസനങ്ങൾ തരിസാപ്പള്ളി ശാസനങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തരിസാപ്പള്ളി_ശാസനങ്ങൾ&oldid=4108544" എന്ന താളിൽനിന്ന് ശേഖരിച്ചത്