പാണ്ടിക്കാട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ ഒരു പ്രധാന നഗരമാണ് പാണ്ടിക്കാട്. ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ 'പാണ്ടി'യിൽ അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു. പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.

പാണ്ടിക്കാട്

Pandikkad

മലബാർ പോരാട്ടങ്ങളുടെ ഹൃദയ ഭൂമി
നഗരം
Pandikkad Town
പാണ്ടിക്കാട് ടൗൺ. ഒരു ആകാശ ദൃശ്യം.
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
ഭരണസമ്പ്രദായം
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2001)
 • ആകെ75,000+
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
676521
ടെലിഫോൺ കോഡ്0483
വാഹന റെജിസ്ട്രേഷൻKL-10
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി മണ്ഡലം

സാമൂഹ്യ ചരിത്രം തിരുത്തുക

ക്രിസ്തുവർഷം ഏഴും എട്ടും നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കുടിയേറിയ ആര്യവംശജരായ ബ്രാഹ്മണരാണ് ഇവിടുത്തെ ഭൂമി മുഴുവൻ കൈയ്യടക്കിവച്ചത്. എ.ഡി 600 വരെ ഇവിടെ ബ്രാഹ്മണരോ, ബ്രഹ്മസ്വം-ദേവസ്വം സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ലെന്നും, “അധ:കൃതർ” എന്നും “പട്ടികജാതിക്കാർ” എന്നും വിളിക്കപ്പെടുന്ന കേരളത്തിലെ ആദിമനിവാസികളായ, കീഴാള അടിസ്ഥാനവർഗ്ഗത്തിന്റേതായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കൾ മുഴുവനുമെന്ന് ചരിത്രസൂചനകൾ സാക്ഷ്യപ്പെടുത്തുന്നു. നാടുവാഴികൾ, കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, ബ്രാഹ്മണർ ഇല്ലങ്ങളിലും മനകളിലുമാണ് താമസിച്ചിരുന്നത്.

AD പതിനൊന്നാം നൂറ്റാണ്ടിന് മുമ്പ് തന്നെ ആദിചേരൻമാരുടെ സ്വാദീന ഭൂമിയെന്ന നിലക്ക് പ്രസിദ്ധി നേടിയ സ്ഥലങ്ങളാണ് പാണ്ടിക്കാടും പരിസര പ്രദേശങ്ങളും. മലബാർ മാന്വൽ എഴുതിയ വില്യം ലോഗൻ മുതൽ മലബാറിന്റെ ചരിത്രമെഴുതിയ എല്ലാ ചരിത്ര ഗവേഷകരും പാണ്ടിക്കാടിനെ പരാമർശിച്ചതായി കാണാം.

പാണ്ടിക്കാട്, കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇരുമ്പിന് പ്രസിദ്ധങ്ങളായ സ്ഥലങ്ങളായിരുന്നു. 1793 ൽ ഇറ്റലിയിലെ ഹീത്തിന് പാണ്ടിക്കാട്,ചെമ്പ്രശ്ശേരി തെയ്യംപാടിക്കുത്ത് നിന്ന് ഇരുമ്പയിര് ഖനനം ചെയ്യാൻ അന്നത്തെ വെള്ളുവനാടൻ രാജാവ് സമ്മതം നൽകിയതിന്റെ കരാർ പത്രം കോഴിക്കോട് ആർക്കൈവ്സിൽ കാണാം. എ.കെ കോഡൂർ എഴുതി: "കിഴക്കൻ ഏറനാട് സാമൂതിരിയുടെ കാലം തൊട്ടേ സമ്പന്ന പ്രദേശമായിരുന്നു. മൈസൂർ ഭരണാധികാരികൾ വന്നപ്പോൾ, തമിഴ്നാടും മൈസൂരുമായി റോഡ് ബന്ധം ആരംഭിച്ചതോടെ പ്രദേശം കച്ചവടത്തിലും വിദ്യാഭ്യാസത്തിലും മികച്ചു നിന്നു. അന്ന് മുതലേ കോഴിക്കോട് - പാലക്കാട് റോഡും, തൃശൂർ - ഊട്ടി റോഡും കടന്ന് പോവുന്നത് മഞ്ചേരി, നെല്ലിക്കുത്ത്, വെള്ളുവങ്ങാട്, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി വഴിയാണ്. മൈസൂർ, തമിഴ്നാട് കളിൽ നിന്ന് മലബാറിലേക്കും തിരിച്ചും ചരക്കുകടത്തിന്റെ കേന്ദ്രമായിരുന്നു കിഴക്കനേറനാട്. കച്ചവടം,കൃഷി എന്നിവകളാൽ സമ്യദ്ധമായിരുന്ന പ്രദേശം അക്ഷരജ്ഞാനത്തിന്റെ കാര്യത്തിലും ഏറ്റവും മുൻപന്തിയിൽ നിന്നുവെങ്കിലും ബ്രിട്ടീഷുകാരുടെ വരവോടെ എല്ലാം തലകീഴായി മറിഞ്ഞു."[1]

സംസ്‍കാരിക ചരിത്രം തിരുത്തുക

രാജ്യഭരണം, നാടുവാഴിത്തം, ജന്മിത്വം, സാമ്രാജ്യത്വം തുടങ്ങിയ അധികാരവാഴ്ചയുടെ വ്യത്യസ്തങ്ങളായ ചരിത്രഘട്ടങ്ങളിലൂടെ, അധ്വാനത്തിന്റെ കൂട്ടായ്മയിലൂടെ, സമരോത്സുകമായ മുന്നേറ്റങ്ങളിലൂടെ കടന്നുപോന്ന ഒരു ജനതയുടെ പിൻമുറക്കാർ എന്ന നിലയ്ക്ക് പാണ്ടിക്കാടിന് സമ്പന്നമായൊരു സാംസ്കാരികപൈതൃകമുണ്ട്. വ്യത്യസ്ത ജാതിമത വിഭാഗങ്ങളിൽ പെട്ടവരായിരിക്കുമ്പോൾ തന്നെ, ഭിന്നമായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന, ഇവിടുത്തെ ജനവിഭാഗങ്ങൾ തമ്മിൽ പരസ്പരധാരണയുടേയും സഹിഷ്ണുതയുടേയും സർവ്വോപരി സാഹോദര്യത്തിന്റെയും മഹത്തായൊരു സാമൂഹ്യബന്ധം ഇവിടെ നിലനിൽക്കുന്നുണ്ട്. കലാരൂപങ്ങളുടെയും നാടൻ പാട്ടുകളുടെയും ഒരു നിധി ശേഖരം തന്നെ ഈ ഗ്രാമത്തിന് പൈതൃകമായികിട്ടിയിട്ടുണ്ട്. ആരാന്റെ പണിപ്പാടങ്ങളിൽ ഏഴകളായി ഒടുങ്ങിത്തീരുന്ന ജന്മത്തിന്റെ നോവുകളും രോഷവും പകയും ചേർന്ന അടിസ്ഥാനവർഗ്ഗത്തിന്റെ കലാരൂപങ്ങളെല്ലാം ഇന്ന് അന്യംനിന്നുപോകുന്ന നിലയിലാണ്. നന്മയുടേയോ, ഏതെങ്കിലും മൂല്യത്തിന്റേയോ യാതൊരു കണികയും രക്തത്തിൽ പോലുമില്ലാതിരുന്ന തമ്പുരാക്കളെന്ന അധ്വാനിക്കാതെ ഉണ്ടിരുന്ന വർഗ്ഗത്തിന്റെ പടിപ്പുരകൾക്ക് പുറത്തും കളിമുറ്റങ്ങളിലും ഈ മണ്ണിന്റെ മക്കൾ ഒരുകാലത്ത് ഇങ്ങനെ ഉറഞ്ഞു പാടിയിരുന്നു. “കൊയ്യാനും മാണം ഞങ്ങള്…, മെതിച്ചാനും മാണം ഞങ്ങള്….., നെല്ലൊക്കെ അവുത്തായ……, ഞങ്ങളെ കണ്ടൂടോ………”. പഞ്ചായത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങൾക്കും സ്വന്തമായ കലാരൂപങ്ങളും അനുഷ്ഠാനമാധ്യമങ്ങളും ഉണ്ടായിരുന്നു. തുയിലുണർത്തുപാട്ട്, കൈകൊട്ടികളിപാട്ട്, ചെറുമപാട്ട്, കല്ല്യാണപാട്ട്, ശീവോതിപാട്ട്, പുള്ളുവൻ പാട്ട്, തിരുവാതിരപാട്ട് തുടങ്ങിയ പാട്ടുരൂപങ്ങളും ചെറുമക്കളി, പറയൻകാള, കോൽക്കളി തുടങ്ങിയ നാട്ടുരൂപങ്ങളും ഗ്രാമീണ ജീവിതത്തിനു സാംസ്കാരികവെളിച്ചം നൽകി അടുത്ത കാലം വരെ സജീവമായി നിലനിന്നിരുന്നു. മാപ്പിളമാർക്കിടയിൽ വാമൊഴി രൂപത്തിൽ പ്രചരിച്ചുപോന്ന മാപ്പിളപാട്ടുകൾ പുതിയകാലത്ത് പുതിയ രൂപഭാവങ്ങളോടെ നിലനിൽക്കുന്നുണ്ട്. മാരനാട്ട് ഗണപതി ക്ഷേത്രം ഏറെ പുരാതനവും കേരളീയ വാസ്തുശില്പ വിദ്യയുടെ ഉത്തമദൃഷ്ടാന്തവുമാണ്. മാരനാട്ട് ഗണപതി ക്ഷേത്രത്തിൽ വിഘ്നേശ്വരന് നിവേദിക്കപ്പെടുന്ന അപ്പം ഏറെ പ്രസിദ്ധമാണ്. പാണ്ടിക്കാടിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കരിങ്കാളികാവ് കാളീക്ഷേത്രത്തിലെ ആണ്ടോടാണ്ട് നടത്തിവരുന്ന ഉത്സവം ദേശവാസികൾ ജാതിമതഭേദമെന്യേ ആഘോഷിക്കുന്നു. 400-ലേറെ വർഷങ്ങളുടെ പഴക്കമുള്ള ഒടോമ്പറ്റ ജുമാഅത്ത് പള്ളി, കിഴക്കെ പാണ്ടിക്കാട് പള്ളി, കാരായ ജുമാഅത്ത് പള്ളി, വെള്ളുവങ്ങാട് പള്ളി,ചെമ്പ്രശ്ശേരി ഈസ്റ്റ്‌ പള്ളി, പാണ്ടിക്കാട് ജുമാഅത്ത് പള്ളി എന്നിവയൊക്കെ പാണ്ടിക്കാട് പഞ്ചായത്തിലെ പുരാതനമായ മുസ്ളീം ദേവാലയങ്ങളാണ്. കിഴക്കേ പാണ്ടിക്കാട് പള്ളിയിലും, ഒറവംപുറം പള്ളിയിലും മുൻകാലങ്ങളിൽ കൊണ്ടാടപ്പെട്ടിരുന്ന ആണ്ടുനേർച്ചകൾ ജാതിമതഭേദമെന്യേ ജനങ്ങൾ പങ്കുകൊണ്ടിരുന്ന ഉത്സവാഘോഷങ്ങളാണ്. ലോകപ്രശസ്ത നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ ഒ.വി.വിജയൻ ബാല്യകാലം ചെലവഴിച്ചത്, പാണ്ടിക്കാട് ഗ്രാമത്തിലാണ്. പാണ്ടിക്കാട് മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പ് ആസ്ഥാനത്ത് ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പം കുട്ടിക്കാലത്ത് അദ്ദേഹം ഇവിടെയായിരുന്നു. “ഖസാക്കിന്റെ ഇതിഹാസ”കാരൻ “അപ്പുക്കിളി” എന്ന കഥാപാത്രത്തിന്റെ സ്വത്വം വേർതിരിച്ചെടുത്തത് പാണ്ടിക്കാടിന്റെ മണ്ണിൽ നിന്നായിരുന്നുവെന്ന് “ഇതിഹാസത്തിന്റെ ഇതിഹാസം” എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കായികരംഗത്ത് 25-ലധികം സ്പോർട്സ് ക്ളബ്ബുകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്.

മലബാർ കലാപവും പാണ്ടിക്കാടും തിരുത്തുക

വർഗീയ ലഹളകലുടെ ദേശം തിരുത്തുക

ടിപ്പു സുൽത്താന്റെ 1788 ലെ പടയോട്ടത്തെ തുടർന്ന് മലബാറിൽ മൊത്തത്തിൽ സാമൂഹ്യ പരിഷ്ക്കരണങ്ങളുണ്ടായി. പ്രദേശത്ത് ഇത് ഏറെ പ്രകടമായി. നഗ്നത മറയ്ക്കാൻ അവകാശമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾ മാറുമറച്ച് ഉന്നതരുടെ ശാസനകൾക്കെതിരെ പ്രതിഷേധമുയർത്തിയ ചേല കലാപം അരങ്ങേറിയത് പാണ്ടിക്കാട്ടെ വെള്ളുവങ്ങാടായിരുന്നു.

1700-കളുടെ ഉത്തരാർദ്ധം മുതൽ ഒറ്റപ്പെട്ട ഒട്ടേറെ കർഷകകലാപങ്ങൾ മലബാറിൽ അരങ്ങേറിയിട്ടുണ്ട്. 1790-കളിൽ ഒളിപ്പോർ വിദഗ്ദ്ധരായിരുന്ന എളംപുളശ്ശേരി ഉണ്ണിമൂസയുടെ നേതൃത്വത്തിൽ നടന്ന നികുതിനിഷേധ പ്രക്ഷോഭം കർഷകസമര ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. നേരിട്ടുള്ള യുദ്ധത്തിലൂടെ മാപ്പിള കർഷക കലാപകാരികളെ കീഴ്പ്പെടുത്താനാവില്ലെന്ന് ബോദ്ധ്യപ്പെട്ട വെള്ളക്കാർ കരിനിയമങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി അവരെ അടിച്ചമർത്താൻ തുടങ്ങി. “മാപ്പിള ആക്ട്” എന്ന കിരാതനിയമം പ്രയോഗത്തിൽ വരുത്തി. 1920-കളോടെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഇവിടെ ആവേശകരമായി ഉയർത്തെഴുന്നൽക്കാൻ തുടങ്ങി. 1920 ഡിസംബറിൽ നാഗ്പൂരിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തോടെ നാടുനീളെ കോൺഗ്രസ് കമ്മിറ്റികളും ഖിലാഫത്തു കമ്മറ്റികളും സംഘടിപ്പിക്കപ്പെട്ടു. മഞ്ചേരിയിൽ വിപുലമായ രീതിയിൽ കോൺഗ്രസ് കോൺഫെറൻസ് നടന്നു. എ.പി.നാരായണമേനോന്റെയും കട്ടിളശ്ശേരി മുസ്ളിയാരുടെയും നേതൃത്വത്തിൽ പാണ്ടിക്കാട് ഖിലാഫത്ത് കമ്മിറ്റി രൂപികരിച്ചു.

"മലബാർ കലാപം ഇ.എം.എസിന്റെ ആഹ്വാനവും താക്കീതും" എന്ന ഗ്രന്ഥത്തിൽ പറയുന്നു: '1800 കളുടെ അവസാനമായപ്പോഴേക്കും രണ്ട് ഡസനോളം ശക്തമായ കലാപങ്ങൾ കൊളോണിയൽ ശക്തികൾക്കെതിരെ നടന്നു. ഇതിൽ 1836 ൽ പന്തല്ലൂരിലും 1894 ൽ പാണ്ടിക്കാട്ടും 1896 ൽ ചെമ്പ്രശ്ശേരിയിലും സാമ്രാജ്യത്വത്തിനെതിരെ വമ്പിച്ച സമരങ്ങൾ അരങ്ങേറിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് '[2]

പാണ്ടിക്കാട്, ചെമ്പശ്ശേരിയിൽ മഞ്ചേരി കോവിലക്കാരുടെ വകയായിയുണ്ടായിരുന്ന കുറേയേക്കർ ഭൂമി ഒഴിപ്പിക്കാൻ നടപടിയുണ്ടായപ്പോൾ ഇതിനെതിരെ മഞ്ചേരിയിൽ 1896 ൽ നടന്ന പ്രധാന ചാവേർ സമരത്തിൽ 94 മാപ്പിളമാരാണ് മരിച്ചത്.[3]

വടക്കെ മലബാർ പോലീസ് സുപ്രണ്ടായിരുന്ന ടോട്ടൺ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യൻ' എന്ന ഗ്രന്ഥത്തിൽ പാണ്ടിക്കാട്ടെ ചെമ്പ്രശ്ശേരി പ്രദേശത്തെ ബ്രിട്ടനെതിരെ വളരെ അപകടരമായ പ്രചാരവേല നടക്കുന്ന സ്ഥലമായി രേഖപ്പെടുത്തിയിട്ടുണ്ട്.1795 ലെ അധിനിവേശ വിരുദ്ധ വിപ്ലവകാരി എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പൻ ജനിച്ചത് പാണ്ടിക്കാടിനടുത്ത പന്തല്ലൂരിലാണ്.1921 ലെ 'കലാപത്തിന് മുമ്പ് നടന്ന നിരവധി ചാവേർ ആക്രമണങ്ങളിൽ ഏറ്റവും ഒടുവിലത്തേത് പാണ്ടിക്കാടിനടുത്ത നെന്മിനിയിൽ 1919 ലാണ് നടന്നത്.

ഖിലാഫത്ത് പോരാട്ടത്തിന്റെ കേന്ദ്രം തിരുത്തുക

1921 ലെ ഖിലാഫത്ത് ലഹളയുടെ പ്രധാന കേന്ദ്രങ്ങളെ ആർ,എച്ച് ഹിച്ച് കോക്ക് 'The History of Malabar Rebellion - 1921' എന്ന ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ് : "കിഴക്കൻ ഏറനാട്ടിലും വടക്കൻ വള്ളുവനാട്ടിലുമായി കിടക്കുന്ന പാണ്ടിക്കാട്, മേലാറ്റൂർ, കരുവാരക്കുണ്ട്,കാളികാവ്, വണ്ടൂർ എന്നീ പ്രദേശങ്ങളായിരുന്നു ലഹളയുടെ ഹൃദയ ഭാഗം. പാണ്ടിക്കാടായിരുന്നു ഇതിന്റെ കേന്ദ്രം. ഈ പ്രദേശങ്ങളിലെ വളരെ കുറച്ച് പേരൊഴിച്ച് ബാക്കിയെല്ലാവരും ലഹളയിൽ പങ്ക് ചേർന്നിരുന്നു."[4]

അദ്ദേഹം വീണ്ടും എഴുതി: "1921 ഓഗസ്റ്റ് 21ന് രാവിലെ പാണ്ടിക്കാട് പ്രദേശത്ത് ഒരു അഭ്യൂഹം പരന്നു. തിരൂരങ്ങാടിയിലെ മമ്പുറം ജുമാ മസ്ജിദ് ബ്രിട്ടീഷ് പട്ടാളം തകർത്തുവെന്നും, ഏറ്റുമുട്ടലിൽ ജില്ലാ മജിസ്ട്രേറ്റ് ഇ.എഫ് തോമസ്, ജില്ലാ പോലീസ് സുപ്രണ്ട് ആർ.എഛ് ഹിച്ച്കോക്ക്, ഡപ്യൂട്ടി സൂപ്രണ്ട് ആമു സാഹിബ് എന്നിവരടക്കം നിരവധി ഓഫീസർമാർ കൊല്ലപ്പെട്ടുവെന്നുമായിരുന്നു അഭ്യൂഹം. ഇതോടെ ആളുകൾ ചെറിയ,ചെറിയ കൂട്ടങ്ങളായി വിഷയം ചർച്ച ചെയ്യുന്നതായി കണ്ടു. അന്നേ ദിവസം വൈകുന്നേരം മഞ്ചേരി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഉത്തരവു പ്രകാരം പാണ്ടിക്കാട് സ്റ്റേഷനിൽ നിന്നും ഒരു ഹെഡ് കോൺസ്റ്റബിളിന്റെയും ഏഴ് കോൺസ്റ്റബിൾമാരുടെയും അകമ്പടിയോടെ വണ്ടിയിൽ കൊണ്ട് പോവുകയായിരുന്ന മുഴുവൻ ആയുധങ്ങളും പാണ്ടിക്കാടിന് കുറച്ചകലെ വെച്ച് കോൺസ്റ്റബിൾമാരെ കീഴടക്കി ലഹളക്കാർ തട്ടിക്കൊണ്ട് പോയി. പിന്നീട് പോലീസ് സ്റ്റേഷൻ ആക്രമിച്ച് രേഖകൾ നശിപ്പിച്ച ലഹളക്കാർ പാണ്ടിക്കാട് സംഘടിച്ച് വെള്ളുവങ്ങാട്ടേക്ക് മാർച്ച് ചെയ്യുകയും അവിടുത്തെ പാലം തകർക്കുകയും ചെയ്തു." [5]

"അന്നേ ദിവസം രാത്രി എട്ട് മണിക്ക് മുവ്വായിരത്തോളം മാപ്പിളമാർ പാണ്ടിക്കാട് പള്ളിയിൽ സമ്മേളിക്കുകയും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, എന്നിവർ പങ്കെടുക്കുകയും ചെയ്തു. ഇവിടെ വെച്ച് ചെമ്പ്രശ്ശേരി തങ്ങളെ കരുവാരക്കുണ്ട്, മേലാറ്റൂർ, കാളികാവ് എന്നീ പ്രദേശങ്ങളുടെയും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നെല്ലിക്കുത്ത്, വെള്ളുവങ്ങാട് പ്രദേശങ്ങളുടെയും പയ്യനാടൻ മോയിനെ ചെമ്പ്രശ്ശേരിയുടെയും അടുത്തിടെ ലഹളക്കാരോടൊപ്പം ചേർന്ന പാണ്ടിക്കാട് അധികാരി കൊടലിയിൽ മൂസ്സ ഹാജിയെ പാണ്ടിക്കാടിന്റേയും ഭരണാധികാരികളായി നിയമിച്ചു. "[6]

ഒന്നാം പാണ്ടിക്കാട് യുദ്ധം തിരുത്തുക

1894 ൽ മാർച്ച് 31 ന് വെള്ളുവങ്ങാട് തറിപ്പടിയിൽ നടന്ന ലഹള ഒന്നാം പാണ്ടിക്കാട് യുദ്ധം എന്നറിയപ്പെടുന്നു. കുടിയാൻമാരെ ഒഴിപ്പിക്കുന്നതിനെതിരെ പാലത്തിങ്ങൽ ഉണ്ണീൻ ഹാജിയുടെ നേതൃത്വത്തിൽ 34 പേർ ഈ സമരത്തിൽ പങ്കെടുത്തു. 32 പേർ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് കോട്ടയത്ത് നിന്ന് വാർത്താ വാരികയായി പ്രസിദ്ധീകരിച്ചിരുന്ന മലയാള മനോരമയിൽ 1894, ഏപ്രിൽ 14 ന് 'മാപ്പിള ലഹള' എന്ന പേരിൽ മുഖ പ്രസംഗം എഴുതിയിരുന്നു.[7]

പരസ്യ യുദ്ധ പ്രഖ്യാപനം തിരുത്തുക

പാണ്ടിക്കാട് - വളരാട് പാണ്ടിയാട് നാരായണൻ നമ്പീശന്റെ തറവാട് വീടായ തെക്കേക്കളം തറവാട്ടിൽ വെച്ച് 1921 ആഗസ്ത് 22 നു പാണ്ടിയാട് നാരായണൻ നമ്പീശന്റെ അദ്ധ്യക്ഷതയിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ,പുക്കുന്നുമ്മൽ ആലി ഹാജി, പൂന്താനം ഇല്ലത്തെ രാമൻ നമ്പൂതിരി, പറമ്പോട്ട് അച്യുതൻ കുട്ടി മേനോൻ, കാപ്പാട് കൃഷ്ണൻ നായർ പന്തല്ലൂർ താമി, പാണ്ടിയാട് ഉണ്ണികൃഷ്ണൻ നമ്പീശൻ തുടങ്ങി 150 തോളം വരുന്ന പ്രധാന നേതാക്കളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ആ യോഗത്തിന് ശേഷം നാലായിരത്തോളം വരുന്ന പോരാളികൾ അടക്കമുള്ള വലിയൊരു ജനക്കൂട്ടത്ത സാക്ഷി നിർത്തി പാണ്ടിക്കാട് അങ്ങാടിയിലെ അത്താണിയിൽ കയറി നിന്ന് കൊണ്ടു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സർക്കാരിനെതിരെ നേർക്കുനേർ ചരിത്രപ്രസിദ്ധമായ പരസ്യ യുദ്ധപ്രഖ്യാപനം നടത്തി.

പാണ്ടിക്കാട് അമ്പുഷ് തിരുത്തുക

കടത്തുകാരനായ കളത്തിൽ കുഞ്ഞാലിയുടെ ആസൂത്രണത്തിൽ 1921 സെപ്റ്റംബർ 23 ന് പാണ്ടിക്കാട്-പെരിന്തൽമണ്ണ റോഡിൽ ഒറവംപുറം എന്ന പ്രദേശത്ത് വെച്ച് ബ്രിട്ടന്റെ അന്താരാഷ്ട്ര ദൗത്യസേനയായ ഡോർസെറ്റ് റെജിമെന്റിനെ ആക്രമിച്ച് എം എ ബ്രുംഫീൽഡ്, പി ഹഗ്ഗ്‌ എന്നീ സൈനിക മേധാവികളെ വധിച്ചു. ഒളിപ്പോര് യുദ്ധമായിരുന്നു ഇത്.

പാണ്ടിക്കാട് യുദ്ധം തിരുത്തുക

1921 ലെ മലബാർ കലാപത്തിലെ ഒരു സുപ്രധാന സംഭവമാണ് പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം അഥവാ പാണ്ടിക്കാട് യുദ്ധം എന്നറിയപ്പെടുന്നത്. 1921 നവംബർ 14 നാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. മലബാർ കലാപത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഇത്. 1921ആഗസ്റ്റ്‌ അവസാനത്തോടെ മലബാർ കലാപത്തിലെ രക്തചോരിച്ചിലുകൾ തൽക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും ബ്രിട്ടീഷുകാർ പ്രതികാരത്തിനിറങ്ങിയത് വീണ്ടും കലാപം ആളിക്കത്തിച്ചു. പലയിടത്തും ബ്രിട്ടീഷ് - മാപ്പിള ഖിലാഫത്ത് വളണ്ടിയർ ഏറ്റുമുട്ടലുകൾ അരങ്ങേറി. അവയിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായിരുന്നു പാണ്ടിക്കാട് ഗൂർഖ മിലിട്ടറി ക്യാമ്പ് ആക്രമണം.

1921ൽ നടന്ന പാണ്ടിക്കാട് പട്ടാള ക്യാമ്പ് അക്രമണത്തെക്കുറിച്ച് കെ.മാധവൻ നായർ:

കിഴക്കൻ ഏറനാട്ടിലുള്ള പട്ടാളക്കാർക്കുണ്ടായിരുന്ന ക്യാമ്പുകളിൽ ഒന്നായിരുന്നു പാണ്ടിക്കാട് ക്യാമ്പ്. അവിടെ ഒരു പഴയ ചന്തപ്പുരയുണ്ട്. അതിനുള്ളിലായിരുന്നു ഗൂർക്ക പട്ടാളം താമസിച്ചിരുന്നത്. പട്ടാളത്തെ പെട്ടെന്ന് എതിർത്ത് നശിപ്പിക്കുവാൻ ലഹളക്കാർ തീർച്ചപ്പെടുത്തി. പട്ടാളക്കാരുമായി നേരിട്ടെതിർക്കുകയെന്നത് ലഹളക്കാർക്ക് സാധാരണ നയമായിരുന്നില്ലെങ്കിലും, പട്ടാളക്കാർ ആലോചിക്കാതെയും ഒരുങ്ങാതെയുമുള്ള അവസരത്തിൽ ക്യാമ്പിനെ ആക്രമിച്ചാൽ അവരെ മുഴുവൻ നശിപ്പിക്കാമെന്ന് ലഹളക്കാരാശിച്ചു. അതിനായി കിഴക്കൻ ഏറനാട്ടിലെ ലഹളത്തലവൻമാരിൽ പ്രധാനികളായ കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും യോജിച്ച് ഒരുങ്ങി. ഏകദേശം മൂവായിരം ലഹളക്കാരെ അവർ തങ്ങളുടെ കീഴിൽ ശേഖരിച്ചുവത്രേ. അങ്ങിനെ എല്ലാ ഒരുക്കങ്ങളും ചെയ്തശേഷം നവംബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച പുലർച്ചെ സമയത്ത് പാറാവിൻ്റെ നിഷ്കർഷയും മറ്റും കുറയുന്ന തഞ്ചം നോക്കി ചന്തപ്പുരയുടെ നാലുഭാഗത്തുനിന്നും ലഹളക്കാർ വളഞ്ഞു, പഴയ ചുമർ ഉന്തിമറിച്ചു. ലഹളക്കാർ അകത്ത് പ്രവേശിച്ചു പട്ടാളക്കാരോട് എതിർത്തു. ചന്തപ്പുരയുടെ അകത്തുണ്ടായിരുന്നത് പോലീസ് സൈന്യമോ വെള്ളപ്പട്ടാളമോ ആയിരുന്നുവെങ്കിൽ അവരിലാരെങ്കിലും അന്ന് ശേഷിക്കുമായിരുന്നുവോ എന്ന് സംശയമാണ്. തോക്കെടുക്കാനും തിര നിറയ്ക്കാനും അണിയായി നിൽക്കാനും കൽപ്പന കൊടുക്കാനും കേൾപ്പാനും ഒന്നിന്നും അതിലേർപ്പെട്ടവർക്ക് ഇടയുണ്ടായിരുന്നില്ല.

പക്ഷേ ഗൂർക്കപ്പട്ടാളത്തിന് തങ്ങളുടെ എതിരാളികളോട് എതിർക്കാൻ ഈവക ഒരുക്കങ്ങൾ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. കുക്രി എന്നു പറയുന്ന ഒരു വിധം വളഞ്ഞ, നീളംകുറഞ്ഞ വാളാണ് അവരുടെ ആയുധം. അതവർ എപ്പോഴും അവരുടെ ദേഹത്തിൽ ധരിച്ചിരിക്കും. ദ്വന്ദ യുദ്ധത്തിൽ കുക്രിധാരിയായ ഗൂർക്കയെ ജയിപ്പാൻ ഈ ലോകത്തിൽ ആരുമില്ല. പുലർച്ചെ സമയമായതുകൊണ്ട് ഏതാനും പട്ടാളക്കാർ ദിന കർമ്മങ്ങൾക്കായി പുറത്തു പോയിരുന്നു. എങ്കിലും കുറേപ്പേർ അവിടെത്തന്നെ ഉണ്ടായിരുന്നു. ഗൂർക്ക പട്ടാളക്കാർ ആകെ 80 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ലഹളക്കാർക്ക് ഗൂർക്കാസിൻ്റെ കുക്രിപ്രയോഗം തടുക്കാൻ കഴിഞ്ഞില്ല. പട്ടാളക്കാർ ലഹളക്കാരെ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി. ഇത്ര ഭയങ്കരമായ ഒരു യുദ്ധം ഈ കലാപത്തിൽ മറ്റെങ്ങും ഉണ്ടായിട്ടില്ല. 230 ലഹളക്കാർ അവിടെവെച്ചുതന്നെ കൊല്ലപ്പെട്ടു. ലഹളക്കാർ തീരെ പരാജിതരായി ഓട്ടമായി. അപ്പോൾ പട്ടാളക്കാർ അവരുടെ നേരെ വെടി തുടങ്ങി. ആ വെടിയിൽ എത്ര പേർ മരിച്ചിട്ടുണ്ട് എന്ന് പറയാൻ തരമില്ല. ഈ യുദ്ധത്തിൽ പട്ടാളക്കാരിൽ മൂന്നോ നാലോ പേർ മാത്രം മരിച്ചു. 34 ആളുകൾക്ക് മുറി പറ്റി. ക്യാപ്റ്റൻ ആവറിൽ എന്ന പട്ടാള ഉദ്യോഗസ്ഥന് കഠിനമായ മുറിവേൽക്കുകയും പിന്നീട് അയാൾ മരിക്കുകയും ചെയ്തു. സബ്ഇൻസ്പെക്ടർ അഹമ്മദ് കുട്ടി (ഖാൻ ബഹദൂർ ചേക്കുട്ടിയുടെ മകൻ), ഹെഡ്കോൺസ്റ്റബിൾ ദാമോദരമേനോൻ, മജിസ്ട്രേറ്റ് കോർട്ട് ഹെഡ് ക്ലർക്ക് വേലു ഇവർക്കും മുറിവുകൾ പറ്റിയിരുന്നു. പാണ്ടിക്കാട് തപാൽ മാസ്റ്ററെ ലഹളക്കാർ പോകുന്ന വഴിക്കാണെന്ന് തോന്നുന്നു കൊല്ലുകയുമുണ്ടായി.[8]

ഈ യുദ്ധത്തോടുകൂടി കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും ശക്തി ക്ഷയിച്ചുവെന്നുതന്നെ പറയാം. പട്ടാളക്കാരുടെ ഉണ്ട വെള്ളമായി പോകുമെന്നും വെട്ട് ഫലിക്കില്ലെന്നും  ലഹളക്കാർക്കുണ്ടായിരുന്ന വിശ്വാസം അസ്ഥാനത്തിലാണെന്നും ഈ യുദ്ധം കൊണ്ട് ലഹളക്കാർക്ക് ബോധ്യപ്പെട്ടിരിക്കണം.

മലബാർ കലാപത്തിലെ സൈന്യാധിപനായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിച്ചേർന്നു ചെമ്പ്രശ്ശേരി തങ്ങളാണ് മിലിട്ടറി ക്യാമ്പ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. കൂട്ടിനു മുക്രി അയമു, പയ്യനാടൻ മോയീൻ എന്നിവരുമുണ്ടായിരുന്നു. പാണ്ടിക്കാട്, പെരിന്തൽമണ്ണ റോഡിൽ മൊയ്തുണ്ണിപ്പാടത്തിന് സമീപമുള്ള ചന്തപ്പുരയായിരുന്നു പ്രസ്തുത സൈനിക ക്യാമ്പ്. മണ്ണുകൊണ്ട് ചുറ്റുമതിൽ നിർമിച്ചു കാവൽ ഏർപെടുത്തിയ സൈനിക ക്യാമ്പിൽ ഗറില്ല ആക്രമണമായിരുന്നു പ്ലാൻ ചെയ്തത്. ചെമ്പ്രശ്ശേരി, കരുവാരക്കുണ്ട്, കീഴാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം പരിശീലനം നേടിയെത്തിയ 400 പേരാണ് ക്യാമ്പ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. 1921 നവംബർ 14 ന് പുലർച്ചെ അഞ്ചുമണിക്കാണ് ആക്രമണം നടന്നത്. ക്യാമ്പിന്റെ ചുറ്റുമതിൽ പൊളിച്ചു അകത്തു കയറിയ മാപ്പിള പോരാളികൾ തുടക്കത്തിൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. എന്നാൽ വിദഗ്ദ്ധ പരിശീലനം നേടിയ പോരാട്ട വീര്യമേറിയ ഗൂർഖ സൈനികരാണ് ക്യാമ്പിൽ കൂടുതലുണ്ടായിരുന്നത്. മാപ്പിളപ്പോരാളികളുടെ പ്രതീക്ഷക്ക് വിരുദ്ധമായി വമ്പിച്ച ആയുധ ശേഖരവും ക്യാമ്പിലുണ്ടായിരുന്നു. ആദ്യം ഒന്ന് പതറിയെങ്കിലും മനോനില വീണ്ടെടുത്ത ഗൂർഖ സൈനികർ മെഷീൻ ഗണ്ണുകളുപയോഗിച്ചു ശക്തമായ തിരിച്ചടി ആരംഭിച്ചതോടെ യുദ്ധഗതി മാറി മറിഞ്ഞു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചതോടെ മാപ്പിളമാർ യുദ്ധത്തിൽ പരാജയപ്പെട്ടു. ആക്രമണത്തിൽ ബ്രിട്ടീഷ് സൈനിക മേധാവി ക്യാപ്റ്റൻ അവ്റെലിയും അഞ്ചു സൈനികരും കൊല്ലപ്പെട്ടു. മുപ്പത്തിനാലു പേർക്ക് പരിക്ക് പറ്റി. മാപ്പിള ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 200 അടുത്തായിരുന്നു എന്നാണ് എഴുതിവെക്കപ്പെട്ടിട്ടുള്ളത്.പക്ഷെ, ഈ കണക്കുകൾ അത്ര വിശ്വാസയോഗ്യമല്ല എന്ന് കരുതുന്ന ചരിത്രകാരൻമാരുണ്ട്.

മലബാർ കലാപ കാലത്ത് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എണ്ണം പുറത്ത് വരാതിരിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം കണിശത പാലിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട ചരിത്ര ഗവേഷകർ നിരവധിയാണ്.മലബാർ കലാപം ഒരു പഠനം എന്ന ഗ്രന്ഥം എഴുതി:

"സൈനിക മേധാവികൾ പട്ടാളക്കാരുടെ മരണ വിവരം കൃത്യമായി വെളിവാക്കിയിരുന്നില്ല. തങ്ങളുടെ പട്ടാള നടപടികൾക്ക് ലണ്ടനിലെ അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും അംഗീകാരം ലഭിക്കുന്നതിനുള്ള അടവായിരുന്നു അത്. പാണ്ടിക്കാട് യുദ്ധത്തിൽ നാല് യൂറോപ്യൻമാർ കൊല്ലപെട്ടു എന്നേ വടക്കെ മലബാർ പോലീസ് സുപ്രണ്ടായിരുന്ന ടോട്ടൺ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യൻ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ ഔദ്യോഗിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ലഹളയുടെ ചരിത്രമെഴുതിയവർ പാണ്ടിക്കാട് സംഭവം വിവരിക്കുന്നത്. യതാർത്ഥത്തിൽ പാണ്ടിക്കാട് പട്ടാളത്തിനും പോലീസിനും കനത്ത നാശം സംഭവിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അത് രേഖപ്പെടുത്താൻ ആളുണ്ടായില്ല. പൂക്കോട്ടൂർ ഒഴിച്ചാൽ ഇത്രയും ഭയങ്കരമായ ഒരു പോരാട്ടം വേറൊരു ലഹളയിലുണ്ടായിരുന്നില്ലെന്നു ചരിത്രകാരൻമാരും ഔദ്യോഗക രേഖകളും വൃക്തമാക്കുന്നുണ്ട്.( മലബാർ കലാപം ഒരു പഠനം, എം ആലിക്കുഞ്ഞി, തിരൂരങ്ങാടി ബുക്സ്,1972, പേജ്: 335)

എം.എസ്.പി ക്യാമ്പ് തിരുത്തുക

1921ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ, വീണ്ടും ഹിന്ദുക്കൾക്കെതിരെ കലാപ സാധ്യതയുള്ള പ്രദേശമെന്ന നിലക്ക് 1934 ൽ പാണ്ടിക്കാട് കൊളപ്പറമ്പിൽ ഒരു എം.എസ്.പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടു. എറിയാട് മന വകയും പട്ടിക്കാട്ടു തൊടി പണിക്കർമാർ വകയുമായുള്ള നൂറോളം ഏക്കർ സ്ഥലത്താണ് ഈ ക്യാമ്പുള്ളത്. പഞ്ചായത്തിലെ പരിധിയിൽകവിഞ്ഞ ഭൂസ്വത്തുള്ള ഭൂവുടമകളെല്ലാം മിച്ചഭൂമി വിട്ട്കൊടുത്തതിനാൽ മിച്ചഭൂമി പിടിച്ചെടുക്കൽ സമരം ഇവിടെയുണ്ടായില്ല.

മാപ്പിള സമര ആത്മാഭിമാനികൾ തിരുത്തുക

അടിസ്ഥാന വിവരങ്ങൾ തിരുത്തുക

പോലീസ്‌ സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ നില കൊള്ളുന്ന പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് ആസ്ഥാനം കൂടിയാണ്. സംസ്ഥാനപാതകളായ വളാഞ്ചേരി - നിലമ്പൂർ,പാലക്കാട് - കോഴിക്കോട്  പാതകൾ പാണ്ടിക്കാട് പട്ടണത്തിലൂടെ കടന്നുപോകുന്നു. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ പട്ടിക്കാടും, എയർപോർട്ട് കോഴിക്കോടുമാണ്. മലപ്പുറത്തെ SRF സ്ഥിതി ചെയ്യുന്നത് പാണ്ടിക്കാട് ഗ്രാപഞ്ചായത്തിലെ കൊളപ്പറമ്പ് പ്രദേശത്ത് ആണ്. ഒരു ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളും 17-ഓളം പ്രൈമറി സ്കൂളുകളും പാണ്ടിക്കാട് പഞ്ചായത്തിലുണ്ട്. മലപ്പുറത്തുനിന്ന് 22 കിലോമീറ്റർ കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 51 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുത്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 58,675 ആണ്. സാക്ഷരത 89%. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 714.2. പ്രദേശത്തെ 90% ഭാഗവും ലാറ്ററേറ്റ് മണ്ണും 10% എക്കൽ മണ്ണും ആണ്.

പ്രമുഖ കുടുംബങ്ങൾ തിരുത്തുക

വലിയ മാളിയേക്കൽ തങ്ങൾ തറവാട്, ബ്രിട്ടീഷ് ഭരണകാലത്ത് അധികാരിമാരായിരുന്ന കൊടലിയിൽ തറവാട്, കേരളത്തിൽ അവശേഷിക്കുന്ന ഏക പതിനാറു കെട്ടുമനയായ മരനാട്ടുമന, അതി പുരാതന മനയായ എറിയാട് മന, കറുത്തേടത്ത് മന, കറുകമണ്ണ ഇല്ലം എന്നിവയാണ് പ്രദേശത്തെ ചരിത്ര പ്രസിദ്ധമായ കുടുംബങ്ങൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

പ്രദേശത്തെ വിദ്യാഭ്യാസത്തിന് അത്യധികം പുരോഗതി നേടിക്കൊടുത്തത് 1957 ജൂൺ 21 ന് സ്ഥാപിതമായ പാണ്ടിക്കാട് ഗവൺമെൻറ് ഹൈസ്കൂളാണ്. കറുകമണ്ണ ഇല്ലത്തെ ഗോവിന്ദൻ മൂസതാണ് സ്കൂളിനാവശ്യമായ ഹെക്ടർ കണക്കിന് ഭൂമി സൗജന്യമായി നൽകിയത്. (പയ്യപറമ്പിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗ്രാമസേവകൻ്റെ കാര്യാലയം എന്നിവക്കും അദ്ദേഹമാണ് സൗജന്യമായി ഭൂമി വിട്ടു നൽകിയത്.) 1960 -1961 ൽ ആദ്യ SSLC ബാച്ച് ഇവിടെ നിന്നും പുറത്തിറങ്ങി. ചെറുതും വലുതുമായ പത്തിലേറെ സ്കൂളുകൾ പാണ്ടിക്കാട് പ്രദേശത്ത് നിലവിൽ ഉണ്ട്.1903 -ൽ സ്ഥാപിച്ച പാണ്ടിക്കാട് - മഞ്ചേരി റോഡിൽ വെള്ളുവങ്ങാട് ഉള്ള എ.എം.എൽ.പി സ്കൂളാണ് പ്രദേശത്തെ ആദ്യ വിദ്യാലയം. കാരക്കാട് കുഞ്ഞികമ്മു മൊല്ലയായിരുന്നു മദ്രാസ് സർക്കാരിന്റെ അംഗീകാരമുണ്ടായിരുന്ന ഈ സ്കൂളിന്റെ മാനേജർ. പ്രദേശത്ത് ആദ്യമായി അധ്യാപക പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ കാട്ടിൽ കുഞ്ഞിപ്പാത്തുമ്മ ടീച്ചർ (1935 -1937) അധ്യാപകരിൽ പ്രധാനിയാണ്. പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി വില്ലേജ് ഓഫീസറായി പ്രദേശത്ത് ആദ്യമായി നിയമിതനായത് ഇവരുടെ മകൻ എ. മുഹമ്മദ് ആയിരുന്നു. ഇവക്ക് പുറമെ,1908 ൽ നിലവിൽ വന്ന കൊടശ്ശേരി ജി.എം.എൽ.പി സ്കൂൾ,1912 ൽ നിലവിൽ വന്ന പാണ്ടിക്കാട് ടൗൺ ജി.എം.എൽ.പി സ്കൂൾ തുടങ്ങി സർക്കാർ സ്കൂളുകളും എയ്ഡഡ് മേഖലയിലുള്ള കറുകമണ്ണ ഇല്ലം ഏകാദ്ധ്യാപക വിദ്യാലയമായി ആരംംഭിച്ച പയ്യപറമ്പിലുള്ള ഇന്നത്തെ എസ്. എം എം .എ എൽ.പി.സ്കൂൾ, ചെമ്പ്രശ്ശേരി മരനാട്ട് മനക്കാരുടെ ഉടമസ്ഥതയിലുള്ള എ.യു.പി.സ്കൂൾ തുടങ്ങിയവയും ധാരാളം അൺ എയ്ഡഡ് സ്കൂളുകളും പ്രദേശത്തുണ്ട്.

1936 ൽ പ്രവർത്തനമാരംഭിച്ച പാണ്ടിക്കാട് കൊടശ്ശേരിയിലെ വിവേകദായിനി ലൈബ്രറിയാണ് പ്രദേശത്തെ ആദ്യ ഗ്രന്ഥാലയം. കെവിടൻ കുഞ്ഞിമുഹമ്മദിന്റെയും ചുള്ളിക്കുളവൻ ബിയ്യുണ്ണിയുടെയും മകനായ അബ്ദുല്ലയാണ് പ്രദേശത്തെ ആദ്യ മെഡിക്കൽ ഡോക്ടർ. 1957 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. പയ്യപറമ്പിലെ കെ.വി.ശാന്തകുമാരിയാണ് ആദ്യ വനിതാ ഡോക്ടർ. ദേശത്തെ ആദ്യ അഭിഭാഷകൻ സി. കുഞ്ചുനായരുടെയും ലക്ഷ്മിയമ്മയുടെയും മകനായ അഡ്വ.ശ്രീധരൻ നായരാണ്. 1969 ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്നായിരുന്നു നിയമ ബിരുദം. ചലച്ചിത്ര നടൻ മമ്മുട്ടി ഇദ്ദേഹത്തിന്റെ അസിസ്റ്റന്റായി മഞ്ചേരി ബാറിൽ ജോലി ചെയ്തിരുന്നു.കൊടലിയിൽ ഹഫ്സമായിരുന്നു പ്രദേശത്തെ ആദ്യ വനിതാ അഭിഭാഷക. വില്ലേജ് ഓഫീസർ പദവി വരുന്നതിന് മുമ്പുള്ള അധികാരി പദവിയിൽ പ്രദേശത്തെ അവസാനത്തെ ആളായിരുന്നു കൊടലയിൽ പുത്തൻപുരക്കൽ കുഞ്ഞഹമ്മദ് എന്ന മാനു ഹാജി.കൊടശ്ശേരിയിലെ പരേതനായ വി.പി. ഇബ്രാഹീം മാസ്റ്ററുടെയും സൈനബ ടീച്ചറുടെയും മകൻ വി.പി.എ. നസർ ആൾ ഇന്ത്യാ ഫുട്ബോൾ ഫഡറേഷൻ അംഗീകാരമുള്ള പ്രദേശത്തെ റഫറിയാണ്. ഇദ്ദേഹം ഇവിടെ ഒരു ഫുട്ബോൾ അക്കാഡമി നടത്തുന്നുണ്ട്.

പ്രസിദ്ധ നോവലിസ്റ്റ് ഒ വി വിജയൻ ബാല്യകാലം ചിലവിട്ടത് പാണ്ടിക്കാട് പ്രദേശങ്ങളിലായിരുന്നു. പാണ്ടിക്കാട് കൊളപ്പറമ്പിലുള്ള എം.എസ്.പി യിൽ ജീവനക്കാരനായിരുന്ന അച്ചന്റെ കൂടെയാണ് വിജയൻ പാണ്ടിക്കാട്ടെത്തിയത്. സി.എം.എ.എൽ.പി സ്കൂൾ കുറ്റിപ്പുളിയിലായിരുന്നു ഒ.വി.വിജയന്റെ പ്രാഥമിക വിദ്യാഭ്യാസം. ഇതിഹാസത്തിന്റെ ഇതിഹാസം എന്ന കൃതിയിൽ ഇക്കാര്യം അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. ആംഗ്ലോ മാപ്പിള യുദ്ധം, എ.കെ കോഡൂർ, പേജ്: 42
  2. എഡിറ്റർ ബഷീർ ചുങ്കത്തറ, പേജ്: 7
  3. ആംഗ്ലോ മാപ്പിള യുദ്ധം. പേജ് :43
  4. പേജ്: 54
  5. പേജ്:157,158
  6. The History of Malabar Rebellion -1921' P :
  7. ആംഗ്ലോ മാപ്പിള യുദ്ധം: പേജ് :57
  8. 1921ൽ കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.മാധവൻ നായർ (1882-1933) രചിച്ച ''മലബാർ കലാപം" എന്ന പുസ്തകത്തിൽ നിന്ന്. പേജ് 248,249  (ജനുവരി 2016 എഡിഷൻ).
"https://ml.wikipedia.org/w/index.php?title=പാണ്ടിക്കാട്&oldid=4007309" എന്ന താളിൽനിന്ന് ശേഖരിച്ചത്