സാമ്രാജ്യത്വം

ആധിപത്യത്തിലൂടെ രാജ്യങ്ങൾ തമ്മിലുള്ള അസമമായ ബന്ധം സൃഷ്ടിക്കൽ

ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ - സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂട നയത്തെ സാമ്രാജ്യത്വം (Imperialism) എന്ന് വിശേഷിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ കീഴടക്കപ്പെട്ട കോളനികൾ അഥവാ സാമന്തരാജ്യങ്ങളെ രാജ്യങ്ങളെ സൃഷ്ടിച്ച്, സാമ്രാജ്യ വ്യാപനം സാധ്യമാക്കുന്ന ഈ സമ്പ്രദായം രാഷ്ട്രങ്ങൾക്കിടയിൽ അസമമായ സാമ്പത്തിക, സാംസ്കാരിക, ഭൂമിശാസ്ത്ര ബന്ധങ്ങൾക്ക് കാരണമാകുന്നു. സൈനികമായതോ മറ്റേതെങ്കിലും രൂപത്തിലോ ഉള്ള അധികാര പ്രയോഗത്തിലൂടെ, മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുന്ന ഈ നയം അന്താരാഷ്ട്ര ബന്ധങ്ങളിൽ ആശാസ്യമല്ലാത്ത ഒന്നായി കരുതപ്പെടുന്നു.

ചരിത്രം

തിരുത്തുക

"ആജ്ഞാപിക്കുക" എന്നർത്ഥം വരുന്ന imperare എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ് imperialism എന്ന പദത്തിന്റെ ഉത്പത്തി. സാമ്രാജ്യത്വ വ്യാപനങ്ങളുടെ ചരിത്രം ചക്രവർത്തിവദം കാംക്ഷിച്ചുള്ള സമ്രാജ്യവ്യാപനത്തിൽ ആരംഭിച്ച്, കച്ചവട സാമ്രാജ്യത്വത്തിന്റെ വികാസത്തിലൂടെ, നവസാമ്രാജ്യത്വം എന്ന് ഇന്ന് വിശേഷിപ്പിക്കുന്ന, സാമ്പത്തിക നയങ്ങളിലൂടെയുള്ള സാമ്രാജ്യത്വ ആധികാര പ്രയോഗം വരെ എത്തിനിൽക്കുന്നു . പുരാതന ചൈനീസ് സാമ്രാജ്യം, അസ്സീരിയൻ സാമ്രാജ്യം, അലക്സാണ്ടറുടെ ഗ്രീക്ക് സാമ്രാജ്യം തുടങ്ങി ആധുനികകാലത്തെ അമേരിക്കൻ സാമ്രാജ്യത്വം വരെ നിരവധി ഉദാഹരണങ്ങൾ അതിനുണ്ട്. അതേസമയം 19 - ാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം മുതൽ 20-ാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥംവരെയുള്ള കാലത്തെ "സാമ്രാജ്യത്വത്തിന്റെ കാലം" എന്ന് വിശേഷിപ്പിക്കുന്നു. ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ലോകവ്യാപകമായി കോളനികൾ സ്ഥാപിച്ച കാലമാണിത്. സാമന്ത രാജ്യങ്ങളുടെ മേൽ നിയമപരമായ അധീശത്വം പുലർത്തിയ അധീശരാജ്യങ്ങൾ ഇക്കാലത്ത്, അവയുടെ സ്വത്തുവകകളും സമ്പത്തും തന്താങ്ങളുടെ രാജ്യത്തേക്ക് കടത്തിയതായി കാണാം.

"https://ml.wikipedia.org/w/index.php?title=സാമ്രാജ്യത്വം&oldid=4079918" എന്ന താളിൽനിന്ന് ശേഖരിച്ചത്