ആര്യൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആര്യൻ (വിവക്ഷകൾ) എന്ന താൾ കാണുക. ആര്യൻ (വിവക്ഷകൾ)

ആദിമ ഇന്തോ-ഇറാനിയൻ ഭാഷക്കാർ അവരെ സ്വയം വിശേഷിപ്പിക്കാനുപയോഗിച്ചിരുന്ന നാമമാണ്‌ ആര്യൻ. ഇറാൻ, അലാൻ തുടങ്ങിയ വംശീയ നാമങ്ങൾ ഇതിൻറെ വകഭേദങ്ങളാണ് [1]. ഈ പദത്തിന് സംസ്കൃതഭാഷയിൽ കുലീനൻ അല്ലെങ്കിൽ പുരുഷൻ എന്ന അർത്ഥമുള്ള 'ആര്യ' എന്ന വാക്കായി അർത്ഥഭ്രംശം സംഭവിച്ചു. [2]. മാക്സ് മുള്ളറാണ്‌ ആധുനിക കാലത്ത് ആര്യൻ എന്ന സംജ്ഞ പ്രസ്തുത വംശജരെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്[അവലംബം ആവശ്യമാണ്]. എന്നാൽ മുള്ളർക്ക് മുന്പേ തന്നെ ആര്യ എന്ന സംജ്ഞ പ്രയോഗത്തിലിരുന്നു. ബുദ്ധമത തത്ത്വത്തിലെ നാല്‌ സത്യ ദർശനങ്ങളെ ആര്യ സത്യം എന്നും അശോക ചക്രവർത്തിയുടെ പ്രേരണമൂലം അവർ പ്രചരിപ്പിച്ച ആയുർവേദത്തിനും ആര്യവൈദ്യം എന്ന പേരുമുണ്ടായിരുന്നു. ബുദ്ധസന്യാസിമാരുടെ മഠങ്ങളെ ആര്യമഠങ്ങൾ എന്നും വിളിച്ചിരുന്നു.

ഇറാൻ എന്ന വാക്ക് ആര്യൻ എന്നതിൽ നിന്നായിരിക്കണം ഉരുത്തിരിഞ്ഞത്[2].

പേരിനു പിന്നിൽ

തിരുത്തുക

ഇറാനിയൻ ജനതകളെ സംബന്ധിച്ച് ആര്യൻ എന്നത് തികച്ചും ഒരു വംശീയനാമമായിരുന്നു. ഇറോൻ, ഇറാൻ, അലാൻ എന്നീ ജനതകൾ തന്നെ അറിയപ്പെടുന്നത് ആര്യൻ എന്ന പേരിന്റെ തത്ഭവങ്ങൾ ഉപയോഗിച്ചാണ്. ദാരിയസ്, ക്സർക്സസ് തുടങ്ങിയ പേർഷ്യൻ ഭരണകർത്താക്കൾ സ്വന്തം പേരിന്റെ കൂടെ "പേർഷ്യക്കാരൻറെ മകനായ പേർഷ്യൻ, ആര്യകുലത്തിൽ ജനിച്ച ആര്യൻ" എന്ന വിശേഷണം ചേർത്തിരുന്നതായി പുരാതന ലിഖിതങ്ങളിൽ കാണാം [3].

ഇന്ത്യയിൽ ഇന്തോ-ആര്യൻ സ്വാധീനം ഉള്ള പ്രദേശങ്ങളെ ആര്യാവർത്തം എന്ന് വിളിച്ചതിനു സമാനമായി സൊറോസ്ട്രിയരുടെ വേദഗ്രന്ഥമായ അവെസ്തയിൽ ആര്യാനാം വേജാഹ് (Ariyanam Vaejah) എന്നാണ്‌ പേർഷ്യക്കാർ അവരുടെ രാജ്യത്തെ പരാമർശിക്കുന്നത്. മദ്ധ്യകാല പേർഷ്യനിൽ ആര്യാനാം വേജാഹ് എന്നത് എറാൻ വേജ് എന്നായി മാറി. ഇതിൽ നിന്നാണ് ഇറാൻ എന്ന വാക്ക് ഉൽഭവിച്ചത് [2]. എന്നാൽ അവെസ്തയിൽ പരാമർശിക്കപ്പെടുന്ന ആര്യാനാം വേജ് സമർഖണ്ഡിനും ബുഖാറക്കും വളരെ വടക്കുള്ള പ്രദേശമായിരിക്കണം[4]‌ എന്ന് വില്ലെം വോഗൽ‌സാങ് എന്ന ചരിത്രകാരൻ കരുതുന്നു.

ഇറാൻ എന്ന പേരാണ് ആര്യൻ എന്നായിത്തീർന്നതെന്നാണ് മാക്സ് മുള്ളർ അവകാശപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ഇതിന്റെ മൂലരൂപം ആർഹോ എന്ന വാക്കാണെന്നും അത് ഉഴുന്നവൻ അതായത് നായാട്ടുകാരേക്കാൾ ശ്രേഷ്ഠനായ കൃഷിക്കാരൻ എന്നർത്ഥത്തിൽ ആണെന്നും അദ്ദേഹം വിശ്വസിച്ചു. പാലി ഭാഷാരൂപം അരിയ എന്നാണ്‌. അതിന്റെ സംസ്കൃതീകൃതരൂപമാണ്‌ ആര്യ. പാലിയിൽ തന്നെ ഉച്ചാരണ്അഭേദം വന്ന് (അന്ത്യലോപം വന്ന് അരി, സവർണ്ണനം വഴി അയ്യ, വർണ്ണവിപര്യയം വഴി അയിര) മറ്റു മൂന്നു രൂപങ്ങളും ഉണ്ട്. ആര്യ, ആരിയ, അരിയ, അയിര, അരി, അയ്യ, അജ്ജ എന്നീ രൂപങ്ങൾ മലയാളത്തിൽ നടപ്പിലായിട്ടുണ്ട്. ഭാരതീയരെ ആര്യസമുദായം എന്ന് സ്വാമി വിവേകാന്ദൻ വിശേഷിപ്പിക്കാറുണ്ട്.[5].

ആര്യൻമാർ ഭാരതത്തിലേക്ക് കുടിയേറി പാർത്തവരെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ ആര്യാധിനിവേശം അല്ല ആര്യൻ കുടിയേറ്റം ആണ് നടന്നിട്ടുള്ളത് വാദിക്കുന്ന പഠനങ്ങളുമുണ്ട്.[6].

ആധുനിക ഉപയോഗം

തിരുത്തുക

ഇന്തോ-യൂറോപ്യൻ ഭാഷകളെക്കുറിച്ചുള്ള പഠനം ആരംഭിച്ച കാലത്ത് ആര്യൻ എന്നത് ഇന്തോ-യൂറോപ്യന്മാരുടെ മുഴുവൻ സ്വയം വിശേഷണമായി യൂറോപ്യൻ ചരിത്രകാരന്മാർ തെറ്റിദ്ധരിച്ചിരുന്നു. തുടർന്ന് പല യൂറോപ്യൻ തീവ്ര വംശീയവാദികളും ആര്യൻ എന്ന സ്വയം വിശേഷണം ഏറ്റെടുത്തു. എന്നാൽ ഇന്തോ-ഇറേനിയൻ ശാഖയിൽ മാത്രമാണ് ഈ സ്വയം വിശേഷണം ചരിത്രരേഖകളിൽ കാണപ്പെടുന്നത്. തദ്ഫലമായി ഇന്ന് അക്കാദമിക് വൃത്തങ്ങളിൽ ആര്യൻ എന്ന പ്രയോഗം ഉപേക്ഷിക്കപ്പെടുന്നു, അഥവാ ഇന്തോ-ആര്യന്മാരെയോ ഇന്തോ-ഇറേനിയന്മാരെയോ മാത്രം സാംസ്കാരികമായി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു.

നാസികൾ സ്വയം ആര്യൻ വംശം എന്ന് വിളിച്ചിരുന്നു. അമേരിക്കയിലെ "ആര്യൻ നേഷൻസ്" ഈ പേര് ഇന്നും ഉപയോഗിക്കുന്ന വംശീയ വാദികൾക്ക് ഒരു ഉദാഹരണമാണ്. ഇന്തോ-യൂറോപ്യൻ കുടിയേറ്റങ്ങൾ ആണ് യൂറേഷ്യ ഒട്ടാകെ സംസ്കാരം എത്തിച്ചത് എന്ന മിഥ്യ ആണ് ഇവരെ നയിച്ചത്. എന്നാൽ ഇന്തോ-യൂറോപ്യൻ കുടിയേറ്റങ്ങളെ ഓൾഡ്‌ യൂറോപ്പ്, സിന്ധു നദീതടം, BMAC തുടങ്ങിയ ഉയർന്ന സാംസ്കാരികതയും നഗരങ്ങളും നിലനിന്ന കാർഷിക സംസ്കാരങ്ങളുടെ അന്ത്യവുമായിട്ടാണ് പുരാവസ്തു ഗവേഷണവും ജനിതക പഠനങ്ങളും ബന്ധപ്പെടുത്തുന്നത്.

  1. "Alans". Encyclopædia Iranica. Bibliotheca Persica Press. 2015. Retrieved 16 May 2015.
  2. 2.0 2.1 2.2 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 56. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. R.G. Kent. Old Persian. Grammar, texts, lexicon. 2nd ed., New Haven, Conn.
  4. Vogelsang, Willem (2002). "6 - Scythian Horsemen". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 91-93. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. സ്വാമി വിവേകാനന്ദൻറ്റെ പ്രസംഗങ്ങൾ, ലേഖനങ്ങൾ,സംഭാഷണങ്ങൾ,കവിതകൾ,സൂക്തങ്ങൾ,മുതലായവയുടെ സമ്പൂർണ്ണ സമാഹാരമാണ് വിവേകാനന്ദ സാഹിത്യ സർവ്വസ്വം.
  6. http://www.dnaindia.com/india/report_new-research-debunks-aryan-invasion-theory_1623744
"https://ml.wikipedia.org/w/index.php?title=ആര്യൻ&oldid=3779940" എന്ന താളിൽനിന്ന് ശേഖരിച്ചത്