പാണ്ടിക്കാട് യുദ്ധം 1921 നവംബർ 14

1921 ലെ മലബാർ കലാപത്തിലെ ഒരു സുപ്രധാന സംഭവമാണ് പാണ്ടിക്കാട് മിലിട്ടറി ക്യാമ്പ് ആക്രമണം അഥവാ പാണ്ടിക്കാട് യുദ്ധം എന്നറിയപ്പെടുന്നത്. 1921 നവംബർ 14 നാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. മലബാർ കലാപത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഇത്. 1921ആഗസ്റ്റ്‌ അവസാനത്തോടെ മലബാർ കലാപത്തിലെ രക്തചോരിച്ചിലുകൾ തൽക്കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും ബ്രിട്ടീഷുകാർ പ്രതികാരത്തിനിറങ്ങിയത് വീണ്ടും കലാപം ആളിക്കത്തിച്ചു. പലയിടത്തും ബ്രിട്ടീഷ് - മാപ്പിള ഖിലാഫത്ത് വളണ്ടിയർ ഏറ്റുമുട്ടലുകൾ അരങ്ങേറി. അവയിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായിരുന്നു പാണ്ടിക്കാട് ഗൂർഖ മിലിട്ടറി ക്യാമ്പ് ആക്രമണം.

മലബാർ കലാപത്തിലെ സൈന്യാധിപനായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിച്ചേർന്നു ചെമ്പ്രശ്ശേരി തങ്ങളാണ് മിലിട്ടറി ക്യാമ്പ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. കൂട്ടിനു മുക്രി അയമു, പയ്യനാടൻ മോയീൻ എന്നിവരുമുണ്ടായിരുന്നു. പാണ്ടിക്കാട്, പെരിന്തൽമണ്ണ റോഡിൽ മൊയ്തുണ്ണിപ്പാടത്തിന് സമീപമുള്ള ചന്തപ്പുരയായിരുന്നു പ്രസ്തുത സൈനിക ക്യാമ്പ്. മണ്ണുകൊണ്ട് ചുറ്റുമതിൽ നിർമിച്ചു കാവൽ ഏർപെടുത്തിയ സൈനിക ക്യാമ്പിൽ ഗറില്ല ആക്രമണമായിരുന്നു പ്ലാൻ ചെയ്തത്. ചെമ്പ്രശ്ശേരി, കരുവാരക്കുണ്ട്, കീഴാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം പരിശീലനം നേടിയെത്തിയ 400 പേരാണ് ക്യാമ്പ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടത്. 1921 നവംബർ 14 ന് പുലർച്ചെ അഞ്ചുമണിക്കാണ് ആക്രമണം നടന്നത്. ക്യാമ്പിന്റെ ചുറ്റുമതിൽ പൊളിച്ചു അകത്തു കയറിയ മാപ്പിള പോരാളികൾ തുടക്കത്തിൽ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. എന്നാൽ വിദഗ്ദ്ധ പരിശീലനം നേടിയ പോരാട്ട വീര്യമേറിയ ഗൂർഖ സൈനികരാണ് ക്യാമ്പിൽ കൂടുതലുണ്ടായിരുന്നത്. മാപ്പിളപ്പോരാളികളുടെ പ്രതീക്ഷക്ക് വിരുദ്ധമായി വമ്പിച്ച ആയുധ ശേഖരവും ക്യാമ്പിലുണ്ടായിരുന്നു. ആദ്യം ഒന്ന് പതറിയെങ്കിലും മനോനില വീണ്ടെടുത്ത ഗൂർഖ സൈനികർ മെഷീൻ ഗണ്ണുകളുപയോഗിച്ചു ശക്തമായ തിരിച്ചടി ആരംഭിച്ചതോടെ യുദ്ധഗതി മാറി മറിഞ്ഞു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചതോടെ മാപ്പിളമാർ യുദ്ധത്തിൽ പരാജയപ്പെട്ടു. ആക്രമണത്തിൽ ബ്രിട്ടീഷ് സൈനിക മേധാവി ക്യാപ്റ്റൻ അവ്റെലിയും അഞ്ചു സൈനികരും കൊല്ലപ്പെട്ടു. മുപ്പത്തിനാലു പേർക്ക് പരിക്ക് പറ്റി. മാപ്പിള ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 200 അടുത്തായിരുന്നു എന്നാണ് എഴുതിവെക്കപ്പെട്ടിട്ടുള്ളത്.പക്ഷെ, ഈ കണക്കുകൾ അത്ര വിശ്വാസയോഗ്യമല്ല എന്ന് കരുതുന്ന ചരിത്രകാരൻമാരുണ്ട്.

മലബാർ കലാപ കാലത്ത് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എണ്ണം പുറത്ത് വരാതിരിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം കണിശത പാലിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട ചരിത്ര ഗവേഷകർ നിരവധിയാണ്.മലബാർ കലാപം ഒരു പഠനം എന്ന ഗ്രന്ഥം എഴുതി:

"സൈനിക മേധാവികൾ പട്ടാളക്കാരുടെ മരണ വിവരം കൃത്യമായി വെളിവാക്കിയിരുന്നില്ല. തങ്ങളുടെ പട്ടാള നടപടികൾക്ക് ലണ്ടനിലെ അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും അംഗീകാരം ലഭിക്കുന്നതിനുള്ള അടവായിരുന്നു അത്. പാണ്ടിക്കാട് യുദ്ധത്തിൽ നാല് യൂറോപ്യൻമാർ കൊല്ലപെട്ടു എന്നേ വടക്കെ മലബാർ പോലീസ് സുപ്രണ്ടായിരുന്ന ടോട്ടൺ ഹാം അദ്ദേഹത്തിന്റെ 'ദ മാപ്പിള റബല്യൻ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ ഔദ്യോഗിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ലഹളയുടെ ചരിത്രമെഴുതിയവർ പാണ്ടിക്കാട് സംഭവം വിവരിക്കുന്നത്. യതാർത്ഥത്തിൽ പാണ്ടിക്കാട് പട്ടാളത്തിനും പോലീസിനും കനത്ത നാശം സംഭവിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അത് രേഖപ്പെടുത്താൻ ആളുണ്ടായില്ല. പൂക്കോട്ടൂർ ഒഴിച്ചാൽ ഇത്രയും ഭയങ്കരമായ ഒരു പോരാട്ടം വേറൊരു ലഹളയിലുണ്ടായിരുന്നില്ലെന്നു ചരിത്രകാരൻമാരും ഔദ്യോഗക രേഖകളും വൃക്തമാക്കുന്നുണ്ട്.( മലബാർ കലാപം ഒരു പഠനം, എം ആലിക്കുഞ്ഞി, തിരൂരങ്ങാടി ബുക്സ്,1972, പേജ്: 335)

സ്വാതന്ത്ര സമര സേനാനിയും മാതൃഭൂമിയുടെ ആദ്യകാല പത്രാധിപരുമായ കെ. മാധവൻ നായർ ഈ പോരാട്ടത്തെ കുറിച്ച് എഴുതിയത് ഇപ്രകാരമായിരുന്നു:

"കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും സംയുക്ത നേതൃത്വത്തിൽ മാപ്പിളമാർ ക്യാമ്പ് ആക്രമിച്ചപ്പോൾ ഗുർഖാസൈന്യം അകത്തുണ്ടായിരുന്നു. സാധാരണ ബ്രിട്ടീഷ് പട്ടാളക്കാരായിരുന്നു അവിടെയുണ്ടായിരുന്നതെങ്കിൽ അവർക്കൊരിക്കലും മാപ്പിളമാരുടെ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാനാകുമായിരുന്നില്ല. എന്നാൽ എതിരാളികളെ നേരിടുന്നതിൽ അതീവ വൈദഗ്ദ്ധ്യം നേടിയ ഈ ഗൂർക്കകൾ ശക്തമായി തിരിച്ചടിച്ചപ്പോൾ മലബാർ കണ്ട ഏറ്റവും ഉജ്ജ്വലമായ പോരാട്ടം പരാജയത്തിൽ കലാശിച്ചു."(മലബാർ കലാപം, പേജ്: 216,217

സ്മാരകങ്ങൾതിരുത്തുക

സിനിമകൾതിരുത്തുക

▪️പാണ്ടിക്കാട് യുദ്ധത്തിന്റെ തൊണ്ണൂറ്റി ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് 2020 നവംബർ 14 ന് റിലീസ് ചെയ്ത സിനിമ ആണ് രണഭൂമി.

തിരക്കഥ, സംവിധാനം : ഷഹബാസ് പാണ്ടിക്കാട്.

നിർമ്മാണം : മുബാറക് പാണ്ടിക്കാട്

NB : സിനിമ യൂട്യൂബിൽ ലഭ്യമാണ്.

ഇതും കാണുകതിരുത്തുക

▪️വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

▪️വെള്ളുവങ്ങാട്

▪️പാണ്ടിക്കാട്

"https://ml.wikipedia.org/w/index.php?title=പാണ്ടിക്കാട്_യുദ്ധം&oldid=3536736" എന്ന താളിൽനിന്ന് ശേഖരിച്ചത്