കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ജനകീയശാസ്ത്ര പ്രസ്ഥാനം.
(പരിഷദ് വാർത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു.നിലവിൽ ടി.കെ മീരാഭായ് പ്രസിഡൻ്റും പി.വി. ദിവാകരൻ ജനറൽ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു.[2]

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔദ്യോഗിക മുദ്ര
ആപ്തവാക്യംശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്‌[1]
രൂപീകരണംഏപ്രിൽ 8,1962
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌സൈറ്റ്

ചരിത്രം

തിരുത്തുക

1962 ഏപ്രിൽ എട്ടിന് കോഴിക്കോടു് ഇമ്പീരിയൽ ഹോട്ടലിൽ ഡോ. കെ.ജി. അടിയോടിയുടെയും പി. ടി. ഭാസ്കരപ്പണിക്കരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപം കൊടുക്കുവാൻ തീരുമാനിച്ചത്[3]. കോന്നിയൂർ നരേന്ദ്രനാഥാണ് പേര് നിർദ്ദേശിച്ചത്.[4] 1962 സെപ്റ്റംബർ 10 നു കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. [5]ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു. അതേ വർഷം 1962 ജൂലൈ 14നു 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തു. ശാസ്ത്ര സാഹിത്യം മലയാളത്തിൽ എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം. സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ഭാഗമായി 1957 -ൽ രൂപീകരിക്കുകയും താമസിയാതെ തന്നെ പ്രവർത്തനം നിലയ്കുകയും ചെയ്ത കേരള ശാസ്ത്രസാഹിത്യ സമിതി എന്ന സംഘടനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിച്ചത്. [6]

പ്രവർത്തനം

തിരുത്തുക

കവിയും പത്രാധിപരുമായ എൻ.വി. കൃഷ്ണവാരിയർ, മലയാളത്തിലെ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരിൽ പ്രാമാണികനായ പി.ടി. ഭാസ്കരപ്പണിക്കർ, അന്തർദ്ദേശീയ പ്രശസ്തനായ ശാസ്ത്രജ്ഞനും കാലിക്കറ്റ് സർവ്വകലാശാല ജന്തുശാസ്ത്രവകുപ്പ് മേധാവിയുമായ ഡോ.കെ.ജി. അടിയോടി മുതലായവരാണ് പരിഷത്തിന്റെ സംഘാടകർ. മാതൃഭാഷയിൽ ശാസ്ത്രപ്രചരണം നടത്തുക, ശാസ്ത്രസാഹിത്യ രചനകളുടെ പ്രസാധനത്തിന് കൂട്ടായ പരിപാടികൾ ആവിഷ്ക്കരിക്കുക, ശാസ്ത്ര വിഷയങ്ങൾ ആധാരമാക്കി ചർച്ചകൾ നടത്തുക എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ.

പിന്നീട് ജനകീയ പ്രശ്നങ്ങളിൽ സക്രിയമായി പരിഷത്ത് ഇടപെടാൻ തുടങ്ങി. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം പരിഷത്ത് സ്വീകരിച്ചു. ഇക്കാലയളവിൽ, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, ചില ആദ്യകാല പ്രവർത്തകർ പരിഷത്ത് വിട്ടുപോയി[അവലംബം ആവശ്യമാണ്]. ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപവത്കരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന്‌ പരിഷത്ത് മുൻ‌ഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്.

നിലവിൽ മുപ്പത്തി അയ്യായിരത്തോളം[അവലംബം ആവശ്യമാണ്] }അംഗങ്ങളുള്ള ഈ പ്രസ്ഥാനത്തിന്‌ കേരളത്തിലെങ്ങും ശാഖകളുമുണ്ട്. കേരളത്തിനു പുറത്ത് മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമായിച്ചേർന്ന് ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖല (All India Peoples' Science Network) രൂപവത്കരിച്ച പരിഷത്തിന് ഇന്ത്യയ്ക്കു പുറത്ത് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി (Friends of KSSP) പോലുള്ള സൌഹൃദ സംഘങ്ങളുമുണ്ട്.

സംഘടനാ വൃക്ഷം

തിരുത്തുക

പ്രസ്ഥാനത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം യൂണിറ്റ് ആണ്‌. ഗ്രാമങ്ങളായിരിക്കും ഒട്ടുമിക്ക യൂണിറ്റിന്റേയും പ്രവർ‌ത്തന പരിധി. ചില യൂണിറ്റുകൾ ചിലപ്പോൾ ഒരു പഞ്ചായത്ത് തന്നെ ഉൾക്കൊള്ളുന്നതായിരിക്കും. അംഗങ്ങളുടെ എണ്ണവും, പ്രവർത്തന പരിധിയുടെ വിസ്തീർണ്ണവും എല്ലാം യൂണിറ്റ് നിർണ്ണയിക്കുന്നതിൽ പങ്കു വഹിക്കുന്നു. യൂണിറ്റിനു മുകളിൽ മേഖലാ ഘടകം ആണ്‌ ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ്‌ മേഖലകൾ രൂപവത്കരിച്ചിരിക്കുന്നത്. അതിനു മുകളിൽ ജില്ലാ ഘടകം.ഏറ്റവും മുകളിലായി കേന്ദ്ര നിർ‌വാഹക സമിതി ( സംസ്ഥാന കമ്മറ്റി). സംഘടനാ പരമായുള്ള അന്തിമ തീരുമാനങ്ങൾ കേന്ദ്ര നിർ‌വാഹക സമിതിയുടേതായിരിക്കും.നിലവിൽ 135ലേറെ മേഖലകളും 1500 ഓളം യൂണിറ്റുകളുമുണ്ട്.

പരിഷത്ത് ഉൽ‌പ്പന്നങ്ങൾ

തിരുത്തുക

ജനങ്ങളിൽ ശാസ്ത്രീയ ചിന്താഗതി വളർത്തുമ്പോൾ, അവർ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും സാധനങ്ങൾക്കും ബദലുകൾ ആവശ്യമായി വരും. അങ്ങനെയുള്ള ബദലുകളെ വികസിപ്പിച്ചെടുക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും പരിഷത്തിന്‌ ഒരു പരിധി വരെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചൂടാറാപ്പെട്ടി, പരിഷത്ത് അടുപ്പ്, പരിഷത്ത് സോപ്പുകൾ, ഐ.ആർ.ടി.സി. ഗാർഹിക ബയോഗ്യാസ് പ്ലാന്റ്, പരിഷത്ത് ഇലക്ട്രോണിക് ചോക്കുകൾ, തുടങ്ങിവ പരിഷത്ത് പുറത്തിറക്കിയ ഉത്പന്നങ്ങളാണ്.

 
പരിഷത് അടുപ്പ്
 
പരിഷത് അടുപ്പ്

ചൂടാറാപ്പെട്ടി

തിരുത്തുക
 
പരിഷത് ചൂടാറാപ്പെട്ടി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലുള്ള ഐ.ആർ.ടി.സി. രൂപകല്പന ചെയ്ത് പരിഷത് പ്രൊഡക്‌ഷൻ സെന്റർ വിപണിയിലെത്തിക്കുന്ന ഒരു ഉല്പന്നമാണ്‌ പരിഷത് ചൂടാറാപ്പെട്ടി[7]. ഊർജ്ജ സം‌രക്ഷണം,ഇന്ധനലാഭം തുടങ്ങിയവയാണ്‌ ഇതിന്റെ പ്രത്യേകതകൾ. തെർമോക്കോൾ ഉപയോഗിച്ചാണ്‌ ഇത് നിർ‍മ്മിച്ചിരിക്കുന്നത്. 50% വരെ ഊർജ്ജം ലാഭിക്കാൻ ഈ ഉല്പന്നം കൊണ്ട് സാധിക്കും[8]

ആനുകാലികങ്ങൾ

തിരുത്തുക

പ്രധാനമായും മൂന്ന് ആനുകാലികങ്ങളാണ് പരിഷത് പ്രസിദ്ധീകരിക്കുന്നത്.

  • ശാസ്ത്രഗതി : പൊതുജനങ്ങളെ ബാധിക്കുന്ന, സാമൂഹ്യ പ്രസക്തിയുള്ള, ഗഹനമായ വിഷയങ്ങൾ ചർച്ചചെയ്യുന്നു. പരിഷത്തിന്റെ പ്രസിദ്ധീകരണമാണെങ്കിലും, പരിഷത്തിന്റേതല്ലാത്ത (കടക വിരുദ്ധമല്ലാത്ത) നിലപാടുകളും ഈ മാസികയിൽ കാണാൻ സാധിക്കും.
  • ശാസ്ത്രകേരളം : പ്രധാനമായും ഹൈസ്കൂൾ പ്ളസ് ടു തലത്തിലുള്ള വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണം. ഹൈസ്കൂൾ ക്ലാസ്സുകളിലേയും പ്ലസ്ടു ക്ലാസ്സുകളിലേയും വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കലാണ്‌ പ്രധാന ഉദ്ദേശം
  • യുറീക്ക : കളികളിലൂടെയും പാട്ടുകളിലൂടെയും അപ്പർ പ്രൈമറി ക്ലാസ്സ് വരെയുള്ള കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തുക എന്നതാണ്‌ ഈ ദ്വൈവാരികയുടെ ലക്ഷ്യം
  • പരിഷദ് വാർത്ത :പരിഷത്തിന്റെ പ്രവർത്തകർക്കായി പുറത്തിറക്കുന്ന വാർത്ത പത്രികയാണിത്. ബാലശാസ്ത്രം എന്ന ചുവർ പത്രം എൽ.പി.കുട്ടികൾക്കായി കുറച്ചു കാലം നടത്തിയിരുന്നു. ശാസ്ത്ര, സാമൂഹ്യ രംഗങ്ങളിലെ വാർത്തകളും സമകാലിന പ്രശ്നങ്ങളും, പരിഷത്ത് സംഘടനയുടെ നിലപാടുകളും വാർത്തകളുമാണ് പരിഷദ് വാർത്തയുടെ ഉള്ളടക്കം.
  • ലൂക്ക സയൻസ് പോർട്ടൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലാണ് ലൂക്ക. Last Universal Common Ancestor എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്.

പുസ്തകങ്ങൾ

തിരുത്തുക

1200ലധികം പുസ്തകങ്ങളും ലഘുലേഖകളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്”, "എങ്ങനെ എങ്ങനെ എങ്ങനെ" ശാസ്ത്രകൌതുകം, പ്രകൃതിയുടെ താക്കോൽ, മനുഷ്യശരീരം, ശാസ്ത്രനിഘണ്ടു, തുടങ്ങിയ വിജ്ഞാനകോശങ്ങളും വായിച്ചാലും തീരാത്തപുസ്തകം, കേരളം മണ്ണും മനുഷ്യനും, വരു ഇന്ത്യയെകാണാം, ചരിത്രത്തിൽ എന്ത് സംഭവിച്ചു, പരിണാമം എന്നാൽ, ചിരുതക്കുട്ടിയും മാഷും തുടങ്ങിയവ

ലഘുലേഖകൾ

തിരുത്തുക

കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ച് നിരവധി ലഘുലേഖകളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്രാമപത്രം

തിരുത്തുക

പരിഷത്തിന്റെ നിലപാടുകൾ, പൊതുജനങ്ങളിലേക്ക് ഏളുപ്പം എത്തിക്കുന്നതിനായി, സംഘടന തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഒരു നൂതന സം‌വിധാനമായിരുന്നു, ഗ്രാമപത്രം.പരിഷത്ത് യൂണിറ്റുകൾ സജീവമായ യൂണിറ്റുകളീൽ ഗ്രാമപത്രങ്ങളിൽ ആശയങ്ങൾ എഴുതി പ്രചരിപ്പിക്കുന്നു.

വിദ്യാഭ്യാസ രംഗം

തിരുത്തുക

ജനങ്ങളെ ശാസ്ത്രീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിന്‌, ഏറ്റവും നന്നായി ശ്രദ്ധ ചെലുത്തേണ്ടത്, വിദ്യാഭ്യാസ രംഗത്താണെന്ന് പരിഷത്ത് കരുതുന്നു. വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന, ഉണ്ടായ മാറ്റങ്ങളെല്ലാം വളരെ സാകൂതം നിരീക്ഷിക്കുകയോ അല്ലെങ്കിൽ അതിന്‌ കാരണഭൂതമാവുകയോ ചെയ്ത ഒരു പ്രസ്ഥാനമാണ്‌ പരിഷത്ത്.

വിജ്ഞാനോത്സവം

തിരുത്തുക

ആദ്യ കാലത്ത്, യുറീക്കാ പരീക്ഷ എന്ന പേരിൽ ഒരു ശാസ്ത്ര സംബന്ധിയായ ചോദ്യോത്തരി പരിഷത്ത് നടത്തിയിരുന്നു. പിന്നീടാണ്‌ "പഠനം പാൽപ്പായസം" എന്ന മുദ്രാവാക്യത്തിന്റെ ചുവടു പിടിച്ച്, കേരള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ "യൂറീക്കാ വിജ്ഞാനോൽസവത്തിന്‌" രൂപം കൊടുക്കുന്നത്. കേരളത്തിലെ നിരവധി കുട്ടികളും രക്ഷാകർത്താക്കളും അദ്ധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു.കേരളത്തിൽ ആറ് ജില്ലകളിൽ നടപ്പിലാക്കിയ ഡി.പി.ഇ.പി.[9] യുടേയും പിന്നീട് കേരളത്തിലെ പുതിയ പാഠ്യ പദ്ധതിയുടേയും ആശയ അടിത്തറ വിജ്ഞാനോൽസവങ്ങളായിരുന്നു.[അവലംബം ആവശ്യമാണ്]. ഇപ്പോൾ വർഷാവർഷം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി ഇങ്ങനെ നാലു വിഭാഗങ്ങളായി കുട്ടികളെ തരംതിരിച്ച് സ്കൂൾതലം,പഞ്ചായത്തുതലം,മേഖലാതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായി വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു. ഇതിൽനിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബാലശാസ്ത്രകോൺഗ്രസ് നടത്തുന്നു

പ്രസിദ്ധീകരണ വിഭാഗം

തിരുത്തുക

പരിഷത്തിന് ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ട്. എല്ലാ വർഷവും വിവിധ ശാസ്ത്രവിഷയങ്ങളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. പുസ്തകങ്ങളുടെ വില്പനയിൽനിന്ന് ലഭിക്കുന്ന തുക കൊണ്ടാണ് പരിഷത്തിന്റെ വിവിധ ഘടകങ്ങൾ സംഘടനാപ്രവർത്തനം മുൻപോട്ട് കൊണ്ടുപോകുന്നത്.

 
പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഔദ്യോഗിക മുദ്ര

കേരള പഠനം

തിരുത്തുക

"കേരളം എങ്ങനെ ചിന്തിക്കുന്നു കേരളം എങ്ങനെ പ്രവർത്തിക്കുന്നു" എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സർവ്വേയുടെ റിപ്പോർട്ടായിട്ടാണ് കേരള പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇത് വിവിധമേഖലകളിൽ കേരള സമൂഹം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ്. കേരള പഠനത്തിന്റെ രണ്ടാം ഘട്ടം 2018ൽ ആരംഭിച്ചു. [10]

ഗവേഷണ രംഗത്ത്

തിരുത്തുക

ഐ.ആർ.ടി.സി എന്ന പേരിൽ പാലക്കാട് മുണ്ടൂരിൽ ഒരു ഗവേഷണ സ്ഥാപനവുമുണ്ട് പരിഷത്തിന്. [11]

ജനകീയ അടിത്തറ

തിരുത്തുക

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തന അടിത്തറ അതിന്റെ യൂണിറ്റ് ഘടകങ്ങൾ ആണു്. യൂണിറ്റ് പ്രവർത്തനമേഖല മിക്കവാറും ഗ്രാമങ്ങൾ ആണു്. യുണിറ്റിന്റെ പ്രവർത്തനപരിധിയിലെ എല്ലാവിഭാഗം ജനങ്ങളും പരിഷത്തിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാവുന്ന വിധത്തിലാണു് അംഗത്വഘടനയ്ക്കു രൂപം നല്കിയിരിക്കുന്നതു്. പ്രവർത്തനപരിധിയിലെ ഏതൊരാളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരിഷത്തു് പ്രവർത്തനത്തിന്റെ ഭാഗമാവുകയോ ഗുണഭോക്താക്കളാവുകയോ ചെയ്തിരിക്കും. ഗ്രന്ഥശാല പ്രവർത്തനം, അയൽക്കുട്ടങ്ങളുടെ പ്രവർത്തനം, സ്ത്രീശക്തി സ്വയം സഹായസംഘങ്ങളുടെ പ്രവർത്തനം, മുതലായി ഗ്രാമങ്ങളിലെ പൊതുപ്രവർത്തന ഇടങ്ങളിലെല്ലാം പരിഷത്തു പ്രവർത്തനത്തിനു് ആശയപരമായും കായികമായും സംഭാവന ചെയ്യാൻ കളിയണം. കാർഷിക പ്രവർത്തനങ്ങൾ, തുടങ്ങയ സമസ്തമേഖലകളിലും യൂണിറ്റിനു് ഇടപെടാൻ കഴിയും. കുടിവെള്ള സംരക്ഷണം, മണ്ണുസംരക്ഷണം, പരിസ്ഥിതി പ്രവർത്തനം തുടങ്ങിയവയിൽ പരിഷത്ത് ഇടപെട്ടു വരുന്നു.

ശാസ്ത്രകലാജാഥ

തിരുത്തുക
ശാസ്ത്രകലാജാഥ 2016 കൊല്ലത്ത്

ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുക, അന്ധവിശ്വാസം, അനാചാരം എന്നിവ ഇല്ലാതാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടുകൂടിയാണു പരിഷത്ത് നാടകങ്ങൾ എന്നറിയപ്പെടുന്ന ശാസ്ത്രകലാജാഥകൾ ആരംഭിച്ചത്.

ശാസ്ത്ര സാംസ്കാരികോൽസവം

തിരുത്തുക

ശാസ്ത്രകലാജാഥകൾക്കു ശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ ജനകീയ പരിപാടിയാണ് ശാസ്ത്ര സാംസ്കാരികോൽസവം. വൈവിധ്യമാർന്ന പരിപാടികളോടെ കേരളത്തിലെ ഗ്രാമങ്ങൾ കേന്ദ്രീകരിചു നടത്തിയ ശാസ്ത്ര പ്രചരണ പദ്ധതിയാണു ശാസ്ത്ര സാംസ്കാരികോൽസവം.പുസ്തക പ്രചാരണം,സംവാദങ്ങൾ,യുവസംഗമം,ഗ്രാമോൽസവം,എന്നിങ്ങനെ നിരവധി പരിപാടികൾ ഇതിൽ ഉൾപ്പെട്ടിരുന്നു.

ശാസ്ത്രവർഷം 2009

തിരുത്തുക

2009 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രവർഷമായി ആചരിക്കുന്നു. ഗലീലീയോ ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തിയതിന്റെ നാന്നൂറാം വാർഷികം, ചാൾസ് ഡാർവ്വിന്റെ ഇരുന്നൂറാം പിറന്നാൾ, ജെ.സി ബോസിന്റെ നൂറ്റമ്പതാം പിറന്നാൾ തുടങ്ങിയ പ്രത്യേകതകൾ ഉള്ള 2009 ൽ ജനങ്ങളുമായി ശാസ്ത്രം സംവദിക്കാനുള്ള നിരവധി പരിപാടികൾ ശാസ്ത്രവർഷം 2009 ൽ ഉൾപ്പെട്ടിരിക്കുന്നു. വാനനിരീക്ഷണം, ശാസ്ത്രക്ലാസുകൾ, ഗലീലിയോയുടെ ചരിത്രം, ടെലിസ്കോപ്പ് നിർമ്മാണം, ഡാർവിന്റെ കഥ, പരിണാമത്തിന്റെ ശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ ക്ലാസുകൾ നടത്തുന്നു.

ശാസ്ത്രവണ്ടി 2009

തിരുത്തുക
 
ശാസ്ത്രവണ്ടി 2009
 
ശാസ്ത്രവണ്ടി 2009

സാധാരണക്കാരിലേക്ക്‌ ശാസ്‌ത്രജ്ഞാനവും ശാസ്‌ത്രബോധവും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയാണ് ശാസ്ത്രവണ്ടി[12]. കേരളത്തിലെ എല്ലാ ജില്ലകളിലുടെയും ശാസ്ത്രവണ്ടി പര്യടനം നടത്തുന്നു. പാവനാടകങ്ങളും മാജിക് പരിപാടികളും ജനങ്ങളുമായുള്ള പങ്കാളിത്തവും ശാസ്ത്രവണ്ടിയെ വ്യത്യസ്തമാക്കുന്നു.

ഭൂമി പൊതുസ്വത്താണ്-കാമ്പേയിൻ

തിരുത്തുക

ഭൂമിയുടെ വിനിയോഗവും ഉദമസ്ഥതയുമായി ബന്ധപ്പെട്ട് പരിഷത്ത് രൂപംനൽകിയ പൌര വിദ്യാഭ്യാസ പരിപാടിയാണ് ഭൂമി പൊതുസ്വത്താണ്-കാമ്പേയിൻ.

ഭൂസംരക്ഷണ ജാഥ

തിരുത്തുക

അശാസ്ത്രീയമായ ഭൂവിനിയോഗം കേരളത്തിൻറെ പരിസ്ഥിതിയെ തകിടം മറിക്കുകയും ഭൂമി ഉത്പാദനോപാധി എന്നതിനു പകരം കേവലം വില്പനച്ചരക്കും ഊഹക്കച്ചവടത്തിനുള്ള ഉപകരണവുമായി മാറുകയും ചെയ്യുന്ന സമകാലീന അവസ്ഥ കേരളത്തിന്റെ ജനജീവിതത്തിനും നിലനില്പിനും കാര്ഷികോത്പാദനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയാവുകയാണ് എന്ന് പരിഷത്ത് കരുതുന്നു. ശാസ്ത്രീയവും സാമൂഹികകാഴ്ചപ്പാടോടെയുള്ളതുമായ ഒരു ഭൂവിനയോഗക്രമം നിലവിൽ വരുക എന്നത് ഈ അവസ്ഥയെ തരണം ചെയ്യാൻ അനിവാര്യമാണ് എന്നും അവർ ചിന്തിക്കുന്നു. അതിനുള്ള ജനകീയ മുൻകൈ രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ച കാന്പയിൻറെ ഭാഗമായുള്ള ആദ്യ പരിപാടി- ഭൂസംരക്ഷണ ജാഥ ഏപ്രിൽ 22 മുതൽ 29 വരെ കേരളത്തിൽ നടന്നു

വേണം മറ്റൊരു കേരളം

തിരുത്തുക
 
പദയാത്രയിൽ ആർ.വി.ജി മേനോൻ സംസാരിക്കുന്നു

സാമൂഹ്യ വികസനത്തിന് ഒരു ജനകീയ ക്യാമ്പയിൻ എന്ന മുദ്യാവാക്യമുയർത്തി കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2011 - 2012 കാലഘട്ടത്തിൽ നടത്തിയ പരിപാടിയാണ് വേണം മറ്റൊരു കേരളം. കേരളത്തിൽ കൂടി വരുന്ന സാമ്പത്തിക അസമത്വവും, ഭൂമാഫിയകളും, സ്ത്രീ സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങളും മറ്റും പരിഷത്ത് ഈ പരിപാടിയിലൂടെ ചർച്ചാ വിഷയമാക്കി. പദയാത്ര, വീട്ടുമുറ്റ ക്ലാസ്സുകൾ, കലാജാഥ മുതലായ പരിപാടികൾ ഉൾകൊള്ളിച്ചുകൊണ്ടായിരുന്നു പ്രചരണം. പരിഷത്ത് അടുത്ത കാലത്ത് നടത്തിയിട്ടുള്ളതിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു വേണം മറ്റൊരു കേരളം പ്രചാരണ പരിപാടി.


മറ്റൊരു കേരളം സാധ്യമാണ്

തിരുത്തുക

വേണം മറ്റൊരു കേരളം ക്യാമ്പയിനുശേഷം 2017ൽ പരിഷത്ത് ഏറ്റെടുത്ത വികസന ക്യാമ്പയിനാണ് മറ്റൊരു കേരളം സാധ്യമാണ്. ഇതിന്റെ ഭാഗമായി വികസന സംവാദങ്ങളും വികസനസംവാദ പദയാത്രയും സംഘടിപ്പിച്ചു.


ജനോത്സവം

തിരുത്തുക

പരിഷത്ത് കലാജാഥയുടെ പരിഷ്ത രൂപമാണ് 2018ലെ ജനോത്സവം. ഒരു ഗ്രാമമധ്യത്തിൽ ഉത്സവ സമാനമായ അന്തരീക്ഷത്തിലാണ് ജനോത്സവം നടക്കുക. ജനോത്സവത്തിൽ വര,പാട്ട്,നാടകം,സിനിമ എന്നീ നാല് സമാന്തര വിഭാഗങ്ങളായിട്ടാണ് പരിപാടികൾ നടക്കുക.

നേട്ടങ്ങൾ

തിരുത്തുക

സമാന്തര നോബൽ സമ്മാനം എന്നറിയുന്ന റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ്[13] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേടിയിട്ടുണ്ട്.

വിവാദങ്ങളും ആരോപണങ്ങളും

തിരുത്തുക

നല്ലൊരു ഭാഗം അംഗങ്ങളും ഇടതുപക്ഷാനുഭാവികളായതു കൊണ്ട് ആരംഭകാലം മുതൽക്കെ തന്നെ പരിഷത്ത് ഒരു ഇടതു പക്ഷ പോഷക സംഘടനയായി ആരോപിക്കപ്പെട്ടിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി പങ്കാളിയായ പി.എൽ.ഡി.പി പദ്ധതിയ്ക്ക് നെതർലന്റ് സർക്കാർ നൽകിയ പണം വിദേശ ഫണ്ട് ആണെന്ന് പാഠം മാസിക ആരോപിക്കുകയുണ്ടായി. കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസ് (സിഡിഎസ്)ആണ് പി.എൽ.ഡി.പി പദ്ധതിയ്ക്ക് കെ.ആർ.പി.എൽ.എൽ.ഡി പരിപാടിയിലുൾപ്പെടുത്തി ധനസഹായം അനുവദിച്ചിരുന്നത്.

ചിത്രശാല

തിരുത്തുക

[3]

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 740. 2012 ഏപ്രിൽ 30. Retrieved 2013 മെയ് 06. {{cite news}}: Check date values in: |accessdate= and |date= (help)
  2. Editor, Web. "കേരള ശാസ്ത്രസാഹിത്യ പരിഷത്ത് - പുതിയ ഭാരവാഹികൾ - KSSP" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-09-10. {{cite web}}: |last= has generic name (help)
  3. സുകുമാർ അഴീക്കോട്, ed. (2000). ഇരുപതാം നൂറ്റാണ്ട്, വർഷാനുചരിതം. കോട്ടയം: ഡി.സി. ബുക്സ്. ISBN 81-264-0109-5.
  4. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് 50 വയസ്സ്. (ദേശാഭിമാനി)[1]
  5. ഡോ. എം.പി. പരമേശ്വരൻ, ed. (20൦൮). ജനകീയ ശാസ്ത്രപ്രസ്ഥാനം. തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ISBN 978-81-905510-7-6. {{cite book}}: Check date values in: |year= (help)
  6. "ജെസ്റ്റോർ.ഓർഗ്".
  7. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 766. 2012 ഒക്ടോബർ 29. Retrieved 2013 മെയ് 15. {{cite news}}: Check date values in: |accessdate= and |date= (help)
  8. ഐ.ആർ.ടി.സി. സൈറ്റ്
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-25. Retrieved 2010-09-03.
  10. [https://wiki.kssp.in/r/c5
  11. [2]
  12. http://ksspnewss.blogspot.com/2009/10/blog-post.html
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-26. Retrieved 2018-04-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതു കൂടി കാണുക

തിരുത്തുക