നാടോടിക്കാറ്റ്

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സം‌വിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി.

നാടോടിക്കാറ്റ്
ഡി.വി.ഡി.യുടെ പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംരാജു മാത്യു
രചനശ്രീനിവാസൻ
കഥസിദ്ധിഖ്-ലാൽ
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
ശോഭന
സംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോകാസിനോ പിക്ചേഴ്സ്
വിതരണംസെഞ്വറി ഫിലിംസ്
റിലീസിങ് തീയതിമേയ് 6, 1987
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം158 മിനിറ്റ്

ഇതിവ്യത്തം

തിരുത്തുക

ചെറിയ ശമ്പളത്തിന് ശിപായിപ്പണി ചെയ്തുവരുന്ന രാമദാസ് എന്ന ദാസൻ (മോഹൻലാൽ), വിജയൻ (ശ്രീനിവാസൻ) എന്നീ രണ്ട് കേന്ദ്രകഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടാണ്‌ ചിത്രത്തിന്റെ തുടക്കം. വാണിജ്യ ശാസ്ത്രത്തിൽ ബിരുദധാരിയായ ദാസ്, തന്നെക്കാൾ യോഗ്യത കുറഞ്ഞവർക്ക് കീഴിൽ ജോലിയെടുക്കുന്നതും തനിക്കർഹിക്കുന്നത് ലഭിക്കാത്തതിലും ഇടക്കിടെ കുണ്ഠിതപ്പെടുന്നു. പി.ഡി.സി. തോറ്റ വിജയൻ, ദാസന്റെ സഹമുറിയനും അടുത്ത ചങ്ങാതിയുമാണ്‌. ഇവരുടെ സുഹൃത്ത്‌ ബന്ധം പിരിമുറുക്കം നിറഞ്ഞതാണ്‌. താൻ അല്പസ്വല്പം കാണാൻ ചന്തമുള്ളവനും ബി.കോം. ബിരുദധാരിയുമായതിനാൽ ദാസനുള്ള മേൽകൈ വിജയനെ പലപ്പോഴും ദേഷ്യം പിടിപ്പിക്കുന്നു. ചിത്രത്തിൽ ചിരിപടർത്തുന്ന പല സാഹചര്യങ്ങളും ഇവരുടെ കഥാപാത്രങ്ങളുടെ സവിശേഷമായ സ്വഭാവ പ്രകടനത്തിൽ നിന്നാണ്‌ രൂപം കൊള്ളുന്നത്. ദാസൻ പലപ്പോഴും വിജയന്റെ മേലുദ്യോഗസ്ഥനെപ്പോലെയാണ്‌. വിജയന് ഇതു തീരെ ഇഷ്ടമല്ല.

പുതുതായി വന്ന സ്ഥാപനമേധാവി ജോലിയിൽ പ്രവേശിക്കുന്നതോടു കൂടി തങ്ങൾക്ക് രണ്ടുപേർക്കും നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദാസനും വിജയനും. ഒരു ദിവസം ഓഫീസിലേക്കുള്ള യാത്രാമധ്യേ പരിചയമില്ലാത്ത ഒരാളുമായി ഇവർ വാക്കു തർക്കത്തിലാവുകയാണ്. അയൽക്കാരിയും സുന്ദരിയുമായ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ദാസൻ, വാക്കുതർക്കത്തിലായ ഈ അപരിചിതനെ ചീത്തപറയുകയും ചെളിവെള്ളത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. വിജയൻ ഈ സമയം അയാളുടെ കാറിന്റെ കാറ്റൊഴിച്ച് വിടുന്നു. പിന്നീട് ഓഫീസിലെത്തിയപ്പോഴാണ് മനസ്സിലാവുന്നത് ഇയാളാണ് തങ്ങളുടെ സ്ഥാപനത്തിന്റെ പുതിയ മേധാവിയെന്ന്. ഇത് തിരിച്ചറിഞ്ഞ ഉടനെതന്നെ രണ്ടുപേരും അവിടുന്ന് കടന്നുകളയുന്നു. പുതിയ മേധാവി തങ്ങളെ തിരിച്ചറിയാതിരിക്കാനായി ദാസൻ ഇരുണ്ട കണ്ണട ധരിച്ചും വിജയൻ കൃത്രിമ താടിവെച്ചുമാണ് അടുത്ത ദിവസം ആപീസിലെത്തുന്നത്. രണ്ടുപേരും അസുഖമായതിനാലാണ് കഴിഞദിവസം വരാതിരുന്നതെന്ന് പറഞ് സൂപ്പർ‌‌വൈസറെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അയാൾ അവരെ പുതിയ മേധാവിയുടെ അടുത്തേക്ക് വിടുന്നു. ആദ്യമൊക്കെ തങ്ങളുടെ പുതിയ മേധാവിയേ പറഞ്ഞ് പറ്റിച്ച് രണ്ടുപേരും ജോലി തുടർന്നങ്കിലും ഓഫീസിലെ പഴയ ഫോട്ടോയിൽനിന്ന് ഇവരെ തിരിച്ചറിഞ്ഞ മേധാവി ഇവരെ പുറത്താക്കുന്നു.

ജോലി നഷ്ടപെട്ട രണ്ട് പേരും ലോണെടുത്ത് ബിസിനസ്സ് തുടങ്ങുന്നതാണ് നല്ലതെന്ന് വീട്ടുടമസ്ഥൻ (ശങ്കരാടി) പറഞ്ഞത് പ്രകാരം ബാങ്ക് വായ്പയെടുത്ത് രണ്ട് പശുക്കളെ വാങ്ങുന്നു. സന്തോഷവാന്മാരായ ദാസനും വിജയനും പുതിയ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി. ദിവസം ചെല്ലുന്തോറും തങ്ങളുടെ പശുക്കൾ പാൽ തരുന്നതും കുറഞ്ഞ് വന്നു. വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കുദ്യോഗസ്ഥരും അവരെ സമീപിച്ചു തുടങ്ങി. ഇതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി വിജയന്റെ മനസ്സിൽ ഒരു ബുദ്ധിയുദിക്കുന്നു. പശുക്കളെ കിട്ടുന്ന കാശിന് വിറ്റ് അതുമായി എങ്ങനെയെങ്കിലും ഗൾഫിലേക്ക് പോവുക. ഗൾഫിലേക്ക് കയറ്റിവിടുന്നതിന്റെ ഒരു ഏജന്റായ ഗഫൂർക്ക (മാമുക്കോയ) അപ്പോഴാണ് കടന്ന് വരുന്നത്. കാലിഫോർണിയയിലേക്ക് പോകുന്ന തന്റെ ചരക്ക് വഞ്ചി നിങ്ങളെ ഇറക്കിവിടുന്നതിനായി ദുബായ് കടൽതീരം വഴി തരിച്ചു വിടാമെന്ന് ഗഫൂർക്ക അവരോട് വിശദീകരിക്കുന്നു. അധികാരികൾ തിരിച്ചറിയാതിരിക്കാനായി അറബികളുടെ വസ്ത്രം ധരിക്കണമെന്നും ഗഫൂർക്ക ഇവരെ പറഞ്ഞ് മനസ്സിലാക്കുന്നു. ദാസനും വിജയനും വീണ്ടും സ്വപ്നം കാണാൻ തു‍ടങ്ങി. തങ്ങൾക്ക് വരാൻ പോകുന്ന ഗൾഫിലെ ആർഭാടകരമായ ജീവിതം വീണ്ടും അവരെ സന്തോഷവാന്മാരാക്കി.

കടൽ തീരത്തണഞ്ഞതോടുകൂടി അറബികളുടെ വസ്ത്രമായ കന്തൂറ എടുത്തണിഞ്ഞു രണ്ട് പേരും. രണ്ട് അപരിചിതർ ദാസനെയും വിജയനെയും പിന്തുടരുകയും അവരിലുണ്ടായിരുന്ന സ്യൂട്ട്കേസ് നിർബന്ധിച്ച് കൈമാറ്റം ചെയ്യുകയും ചെയ്തു. ഒരറബിയേയും കണ്ടുകാണാത്തതിനാൽ അത്ഭുതം തോന്നി. മാത്രമല്ല തമിഴ് ഭാഷയിലെഴുതിയ ധാരാളം ബോർഡുകളും കാണുന്നു. ഗഫൂർക്ക തങ്ങളെ വഞ്ചിച്ചിരിക്കയാണന്നും ചെന്നൈ നഗരത്തിലാണ് ഇറക്കിവിട്ടിട്ടുള്ളതെന്നും ഇവർ തിരിച്ചറിയുന്നു. ദാസനും വിജയനും സ്യൂട്ട്കേസ് തുറന്ന് നോക്കുമ്പോൾ നിറയെ മയക്ക്മരുന്ന്. സ്യുട്ട്കേസ് ഉടനെ പോലിസിനു കൈമാറുന്നു. ഇതിനിടെ അധോലോക നേതാവായ അനന്തൻ നമ്പ്യാരുടെ (തിലകൻ) സംഘത്തിൽ പെട്ട ആ രണ്ട് അപരിചിതർ തങ്ങൾക്ക് തെറ്റ് പറ്റിയതായി തിരിച്ചറിയുന്നു. അറബി വസ്ത്രം ധരിച്ചിട്ടുള്ള ദാസനും വിജയനും സി.ഐ.ഡി.കളാണന്ന് അനന്തൻ നമ്പ്യാർ ധരിക്കുന്നു. ദാസനും വിജയനും നമ്പ്യാരുടെ ഓഫീസിൽ ദാസന്റെ സുഹൃത്തായ ബാലന്റെ (ഇന്നസെന്റ്) സഹായത്താൽ ജോലി ലഭിക്കുന്നു.

ദാസൻ തന്റെ സഹപ്രവർത്തകയായ രാധയെ (ശോഭന) കാണുന്നു. ഇവർ അയൽപക്കക്കാരുകൂടിയാണ്. പക്ഷേ ദാസനും വിജയനും വേഷം‌മാറിവന്ന സി.ഐ.ഡി.കളാണെന്ന് കരുതി അനന്തൻ നമ്പ്യാർ ഇവരെ ജോലിയിൽ നിന്ന് പിരിച്ച് വിടുന്നു. വീണ്ടും ജോലിരഹിതരായ ഇവർ യാത്രതുടങ്ങി. വിജയൻ സിനിമയിൽ അഭിനയിക്കാനായി ഒരവസരം തേടി പ്രശസ്ത സം‌വിധായകനായ ഐ.വി. ശശി യുടെ വീട്ടി ചെല്ലുന്നു. അവിടെയെത്തി ബെല്ലമർത്തിയപ്പോൾ ശശിയുടെ ഭാര്യയും നടിയുമായ സീമയാണ് വാതിൽ തുറന്നത്. ഈ ചിത്രത്തിലെ ഏറ്റവും രസകരവും ചിരിപ്പിക്കുന്നതുമായ ഒരു രംഗമാണിത്. രാധയുടെ സഹായത്താൽ ദാസൻ ഒരു പച്ചക്കറി കച്ചവടം തുടങ്ങുന്നു. ഇവർ തമ്മിൽ പ്രണയം നാമ്പിടുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ദാസനയെയും വിജയനെയും അവസാനിപ്പിക്കുന്നതിനായി അനന്തൻ നമ്പ്യാർ പവനായി (ക്യാപ്റ്റൻ രാജു) എന്ന കൊലയാളിയെ വിലക്കെടുക്കുന്നു. പക്ഷേ വിജയനേയും ദാസനേയും കൊല്ലാനുള്ള ശ്രമത്തിനിടയിൽ പവനായി കൊല്ലപ്പെടുന്നു. ഇത് അനന്തൻ നമ്പ്യാരെ കൂടുതൽ ഭയപ്പെടുത്തുന്നു.

കഥ അതിന്റെ മൂർദ്ധന്യത്തിലേക്ക് നീങ്ങുന്നതൊട് കൂടി ദാസനയേയും വിജയനേയും ഒരു രാഷ്ട്രീയക്കാരൻ (ജനാർദനൻ) തന്റെ ഫാക്ടറിയിലേക്ക് ചർച്ചക്കായി വിളിപ്പിക്കുന്നു. അനന്തൻ നമ്പ്യാരുടെ കൊലയാളി വിഭാഗം തങ്ങൾക്ക് ചുറ്റുമുണ്ടന്ന് ദാസനും വിജയനും മനസ്സിലാക്കുന്നു. ഇരു വിഭാഗവും തെറ്റിദ്ധരിച്ച് പരസ്പരം പോരടിക്കുകയാണ്. ഇതിനിടയിൽ ദാസനും വിജയനും ഈ അക്രമി സംഘത്തെ കെട്ടിടത്തിനകത്താക്കി വാതിൽ പുറത്ത്നിന്ന് പൂട്ടിടുന്നു. പോലീസ് വന്ന് ഇരു സംഘങ്ങളെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. ദാസനും വിജയനും സംസ്ഥാന പോലീസിലെ യഥാർത്ഥ സി.ഐ.ഡി.മാരായി തെരഞ്ഞെടുക്കപ്പെട്ട് ജീപ്പിൽ രാധയുമായി തിരിക്കുന്നതോടുകൂടി ചിത്രത്തിന്റെ‍ തിരശ്ശീല വീഴുകയാണ്.

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

കാസിനോ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്. സെഞ്ച്വറി കൊച്ചുമോൻ, മോഹൻലാൽ, ഐ.വി. ശശി, സീമ, മമ്മൂട്ടി എന്നിവർ അംഗങ്ങളായ ചലചിത്ര നിർമ്മാണ സ്ഥാപനമാണിത്. അക്കാലത്ത് സഹസം‌വിധായകരായി ജോലി ചെയ്തിരുന്ന ദ്വയങ്ങളായ സിദ്ദിഖ്-ലാൽ പറഞ്ഞ ഒരു രേഖാച്ചിത്രമാണു ഈ ചിത്രത്തിലെ ദാസന്റെയും വിജയന്റെയും കഥയ്ക്ക് ആധരമായത്. സത്യൻ അന്തിക്കാട് ഇത് ശ്രീനിവസന് വിവരിച്ചു കൊടുക്കുകയും ശ്രീനിവാസൻ അതിന് തിരക്കഥ ഒരുക്കുകയുമായിരുന്നു.

ഇതിന്റെ കഥയും തിരക്കഥയും മലയാള മുഖ്യധാരാസിനിമയിലെ ഏറ്റവും നല്ല ഒരു ക്ലാസിക്കായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിലുടനീളം കേരളം നേരിടുന്ന സാമൂഹിക പ്രശങ്ങളുടെ ഒരു പരിച്ഛേദം തന്നെ വരച്ചിടുന്നു. അക്കാലത്തെ അടിസ്ഥാന വിഷയങ്ങളായ തൊഴിലില്ലയ്മ, ഗൾഫ് സാധ്യതകൾ, വിദ്യാസമ്പന്നരായ യുവാക്കളുടെ വൈറ്റ് കോളർ ചിന്താഗതി ('ഞാൻ ബി.കോം ഫസ്റ്റ്ക്ലാസാണ്' എന്ന ദാസന്റെ ആത്മപ്രശംസാ പ്രകടനത്തിലൂടെ) എന്നിവ രസിപ്പിക്കുന്ന ഹാസ്യ സംഭാഷണത്തിലൂടെ പ്രകാശിപ്പിക്കുന്നു.

ചിത്രത്തിന്റെ ക്ലൈമാക്സ് സത്യൻ അന്തിക്കട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാൽ രണ്ടാമത് ശ്രീനിവാസൻ തിരുത്തി എഴുതുകയായിരുന്നു. ക്ലൈമാക്സ് ചിത്രീകരണ സമയത്ത് ഇരുവരും തമ്മിലുണ്ടായ സൃഷ്ടിപരമായ വിയോജിപ്പ് ഒരു ഘട്ടത്തിൽ പരസ്പരം സംസാരിക്കുന്നതിൽ നിന്ന് പോലും അവരെ തടഞ്ഞു. എങ്കിലും ചിത്രത്തിന്റെ ശബ്ദമിശ്രണ സമയത്ത് ഇരുവരും നല്ല സുഹൃത്തുക്കളായി ഒന്നിച്ചു.

ഗാനങ്ങൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം

# ഗാനംഗായകർ ദൈർഘ്യം
1. "കരകാണാക്കടലല മേലേ"  കെ.ജെ. യേശുദാസ്, സി.ഒ. ആന്റോ, കോറസ്  
2. "വൈശാഖ സന്ധ്യേ"  കെ.ജെ. യേശുദാസ്  
3. "വൈശാഖ സന്ധ്യേ"  കെ.എസ്. ചിത്ര  

സ്വീകാര്യത

തിരുത്തുക

നിരൂപക സമൂഹത്തിനിടയിലും വാണിജ്യപരമായും ചിത്രം വൻ വിജയമാണ് നേടിയത്. ശരാശരി മലയാളിയുടെ പ്രശനങ്ങൾ തിർശ്ശീലയിൽ ചർച്ച ചെയ്യുന്ന മറ്റൊരു സത്യൻ അന്തിക്കാട് ചിത്രമാണ് അവർ ദർശിച്ചത്. തിരശ്ശീലയിലെ മോഹൻലാൽ-ശ്രീനിവാസൻ സഖ്യത്തിന്റെ നല്ലൊരു കൂട്ടുകെട്ടിനു ഉദാഹരണമായിട്ടാണ് പ്രേക്ഷകർ ഈ ചിത്രത്തെ കണക്കാകുന്നത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു. ഇരുപതു വർഷങ്ങൾക്ക് ശേഷവും ടി.വി. ചാനലുകളിൽ ഈ ചിത്രം പുനഃസംപ്രേഷണം ചെയ്യുമ്പോൾ അതിന് കിട്ടുന്നത് വൻ പ്രേക്ഷക സാനിധ്യമാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഈ ചിത്രം നേട്ടം കൊയ്തു.

ഇതും കൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ നാടോടിക്കാറ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=നാടോടിക്കാറ്റ്&oldid=3954030" എന്ന താളിൽനിന്ന് ശേഖരിച്ചത്