രാജസൂയയാഗം
ശ്രേഷ്ഠരാജവംശങ്ങളിലെ മഹാരാജാക്കന്മാർ [1]രാജ്യാഭിഷേക സമയത്തു അനുഷ്ഠിക്കുന്ന ഒരു യാഗമാണ് രാജസൂയം. [2]ഈ യാഗം അനുഷ്ഠിക്കുന്ന വ്യക്തി, ഗോത്രത്തിലെ ഏറ്റവും തലമുതിർന്ന ഭരണാധികാരിയും, ഭൂമണ്ഡലത്തിലെ മറ്റെല്ലാ രാജാക്കളെയും സൈന്യബലം കൊണ്ടും, അർത്ഥം കൊണ്ടും, ആൾബലം കൊണ്ടും ജയിച്ചവനായിരിക്കേണ്ടത് ആവശ്യമാണ്. ഒരേ സമയം ഒരേ കുലത്തിലെ രണ്ടുപേർക്ക് ഈ യാഗം നടത്താനാകില്ല. ഈ യാഗം നടത്തിയ ആൾക്ക് മുകളിലായി മറ്റൊരു രാജാവുണ്ടാകുന്നതല്ല. അതാണ് ഈ യാഗത്തിന്റെ സവിശേഷത. ഹരിശ്ചന്ദ്രൻ, മരുത്തൻ തുടങ്ങിയവർ ഈ യാഗം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീടുള്ളത് പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരൻ ആണ്.
രാജസൂയം നടത്തുന്നവൻ ആദ്യം സൈന്യങ്ങളെ അയച്ചു ദിഗ്വിജയം നടത്തണം. അത്തരത്തിൽ സർവ്വരാജാക്കളെയും ജയിച്ചു അവരിൽ നിന്നും ധനം കപ്പമായി വാങ്ങി ഖജനാവ് കുമിച്ചു കൂട്ടണം. ആ ധനമുപയോഗിച്ചു വിവിധതരം യാഗാദികളും, ദാനാദി സൽക്കർമ്മങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്. ഇഷ്ട്ടിയാഗം, പശുയാഗം, സോമയാഗം, സൗത്രാമണി,ദർവ്വി ഹോമം തുടങ്ങിയവ ഇതിൽ പ്രധാനമാണ്. സൌത്രാമണി വളരെയധികം ചെലവ് വരുന്നതും, വളരെയധികം സമയമെടുക്കുന്നതുമായ ഒരു കർമ്മമാണ്. ഇതിൽ 129 ഇഷ്ടിയാഗങ്ങളും, 2 പശുയാഗങ്ങളും, 7 ദർവ്വി ഹോമങ്ങളും, 6 സോമയാഗങ്ങളും ഉൾക്കൊള്ളുന്നു .
രാജസൂയത്തിൽ പുരോഹിതന്മാർക്ക് നൽകേണ്ടതായ ചില അസാധാരണമായ ദക്ഷിണകളുമുണ്ട്. സ്വർണ്ണം പതിച്ച രണ്ടു കണ്ണാടികൾ അധ്വര്യുവിനു നൽകണം. ഉദ്ഗാതാവിനു സ്വർണ്ണമാല, ഹോതാവിനു രുക്മം [ഇത് ഒരുതരം സ്വർണ്ണാഭരണമാണ്], പ്രതിഹർത്താവിനും, പ്രസ്തോതനും ഓരോ കുതിര, ബ്രഹ്മന് ഗർഭിണികളായ 12 പശുക്കൾ, മൈത്രാവരുണന് ഒരു മച്ചിപ്പശു, ബ്രാഹ്മണാച്‌ഛംസിക്ക് ഒരു കാള, നേഷ്ടനും പോതനും ഓരോ ഇരട്ട വസ്ത്രം, അച്‌ഛാവാകന് ഒരു വണ്ടി നിറച്ചു യവധാന്യം, അഗ്നീത്തിനു ഒരു കാള എന്നിവയാണ് വിശേഷമായ ദക്ഷിണകൾ.
രാജാധികാരം സ്വീകരിക്കുന്ന അനുഷ്ഠാനമായ രാജസൂയം, വളരെ സങ്കീർണ്ണമായ യാഗമാണ്. ഇത് അനുഷ്ഠിക്കുവാൻ രണ്ടു വർഷത്തോളം [കൃത്യമായി പറഞ്ഞാൽ 27 മാസങ്ങൾ] സമയം ആവശ്യമാണ്. പവിത്രം എന്ന "അഗ്നിഷ്ടോമ യാഗം" കൊണ്ടാണ് രാജസൂയം തുടങ്ങുന്നത്. രാജാഭിഷേകം ഉൾക്കൊള്ളുന്ന അഭിഷേചനീയം എന്ന ഉക്ഥ്യമാണ് അടുത്തയിനം. ഇതും ഒരു സോമയാഗമാകുന്നു. ദശപേയം എന്ന മറ്റൊരുതരം സോമയാഗവും തുടർന്ന് വരുന്നുണ്ട്. 10 ഋത്വിക്കുകൾ സോമരസം കുടിക്കുന്നത് കൊണ്ടാണ് ദശപേയം എന്ന പേര് വന്നത്. തുടർന്ന് ഒരു വർഷത്തോളം ചെറിയ ചെറിയ യാഗങ്ങളുണ്ട്. അതിനു ശേഷം കേശവപനീയം എന്ന അതിരാത്രയാഗം ചെയ്യേണ്ടതുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഇതിൽ "ക്ഷൗരം" ഒരു അംഗമാണ്. ഒരു മാസത്തിനു ശേഷം വ്യുഷ്ടിദ്വിരാത്രം എന്ന രണ്ടു ദിവസം വേണ്ടി വരുന്ന ഒരു ചടങ്ങു അനുഷ്ഠിക്കണം. വീണ്ടും ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമായി ക്ഷത്രധൃതി എന്ന അഗ്നിഷ്ടോമയാഗം ചെയ്യണം. ക്ഷത്രധൃതിയിൽ രാജാധികാരം സ്വീകരിക്കലാണ് പ്രധാനം. അമിതമായ സോമപാനത്തിനു പ്രായശ്ചിത്തമായാണ് സൗത്രാമണി എന്ന മഹായാഗം ചെയ്യുന്നത്. സൗത്രാമണി 3 മാസത്തോളം നീണ്ടു നിൽക്കുന്നു. അവസാനമായി ഒരാൾക്ക് "അഗ്രപൂജ" നല്കുക എന്നൊരു ചടങ്ങുണ്ട്. കുലത്തിലെ ഏറ്റവും ശ്രേഷ്ഠനും ജ്ഞാനിയും യോഗ്യനുമായ ആൾക്കാണിത് നല്കുന്നത്. അതോടെ രാജസൂയം സമാപിക്കുന്നു .
യുധിഷ്ഠിരന്റെ രാജസൂയം
തിരുത്തുകയുധിഷ്ഠിരന്റെ രാജസൂയം ഏറ്റവും മഹനീയമായ ഒന്നായിരുന്നുവെന്ന് വ്യാസൻ വർണ്ണിക്കുന്നുണ്ട്. ഈ യാഗത്തിൽ അദ്ദേഹത്തിന്റെ ശത്രുക്കളായ കൌരവർ പോലും സംബന്ധിച്ചിരുന്നു. ദുര്യോധനനു പോലും ഓരോ ചുമതലകൾ നല്കിയിരുന്നു. ഈ യാഗത്തിന്റെ മാഹാത്മ്യത്താൽ യുധിഷ്ഠിരന് രാജാക്കന്മാർക്കിടയിൽ പ്രഥമസ്ഥാനം ലഭിക്കുകയുണ്ടായി. പിതാവായ പാണ്ഡുവിന്റെ നിർദ്ദേശം നാരദമുനി വഴി അറിഞ്ഞാണ് അദ്ദേഹം ഈ യാഗം നടത്തിയത്. യുധിഷ്ഠിരന്റെ രാജസൂയത്തിൽ അഗ്രപൂജ നൽകിയത് ശ്രീകൃഷ്ണനായിരുന്നു. ഭീഷ്മരുടെ നിർദ്ദേശമനുസരിച്ചാണ് ഇങ്ങനെ നല്കിയത്.
യുധിഷ്ഠിരൻ മുന്നേ ഈ യാഗം അനുഷ്ഠിച്ചത് കൊണ്ടാണ് ദുര്യോധനന് ഇത് ചെയ്യാൻ സാധിക്കാതെ പോയത്.[അവലംബം ആവശ്യമാണ്]
യുധിഷ്ഠിരന്റെ രാജസൂയ യജ്ഞത്തിന് വേണ്ടിവന്നിരുന്ന സ്വർണ്ണം കൊണ്ടുവന്നത് ഹിമാലയ പർവ്വതത്തിൽ കൈലാസ ശിഖരത്തിനടുത്ത് മരുത്തന്റെ രാജസൂയത്തിനു ശേഷം സൂക്ഷിച്ചു വെച്ചിരുന്ന നിധിശേഖരത്തിൽ നിന്നാണെന്ന് മഹാഭാരതത്തിൽ പരാമർശിക്കുന്നു. (അശ്വേധം അദ്ധ്യായം -63 പദ്യം 24 )
തിരുത്തുകഅവലംബം
തിരുത്തുക- ↑ Knipe 2015, p. 237.
- ↑ "Importance of yagna". The Hindu (in Indian English). 2018-06-27. ISSN 0971-751X. Retrieved 2019-06-01.
ഉറവിടങ്ങൾ
തിരുത്തുക- Knipe, David M. (2015), Vedic Voices: Intimate Narratives of a Living Andhra Tradition, Oxford: Oxford University Press
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://literature.syzygy.in/mahabharata/sabha-parva/section-14-rajasuyarambha-parva Mahabharatha -sabhaparva - rajasooyaarambha -digwijaya- rajasooyika upaparvas] read sections 14 to 44.