മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃദരാഷ്ട്രർ(धृतराष्ट्र). കുരുവംശത്തിലെ രാജാവായ ഇദ്ദേഹത്തിന്റെ നൂറ് പുത്രന്മാരാണ് കൗരവർ എന്നറിയപ്പെടുന്ന ദുര്യോധനൻ, ദുശ്ശാസനൻ തുടങ്ങിയവർ. അന്ധനായിരുന്നു ധൃദരാഷ്ട്രർ.

വനവാസ പുറപ്പാട് - അന്ധരായ ധൃദരാഷ്ട്രർക്കും ഗാന്ധാരിക്കും വഴികാണിക്കുന്ന കുന്തി

വേദവ്യാസന്റെ മകനായിരുന്നു ധൃദരാഷ്ട്രർ. കുരുവംശത്തിലെ പ്രസിദ്ധ രാജാവായ ശന്തനുവിന്റെയും മുക്കുവകന്യകയായ സത്യവതിയുടെയും പുത്രന്മാരായിരുന്നു വിചിത്രവീര്യനും ചിത്രാംഗദനും. ശന്തനുരാജാവിന് ഗംഗാദേവിയിൽ ജനിച്ച പുത്രനാണ് ഭീഷ്മർ എന്നു പ്രസിദ്ധനായ ഗംഗാദത്തൻ. ശന്തനു സത്യവതിയിൽ അനുരാഗബദ്ധനായപ്പോൾ ആ വിവാഹം നടക്കണമെങ്കിൽ സത്യവതിയിൽ ജനിക്കുന്ന പുത്രന് രാജ്യഭാരം നല്കണമെന്ന് നിബന്ധന വച്ചു. താൻ രാജാവാകാനാഗ്രഹിക്കുന്നില്ല എന്നും നിത്യബ്രഹ്മചാരിയായിരിക്കുമെന്നും ഗംഗാദത്തൻ ശപഥം ചെയ്തു. ഈ ശപഥത്തിന്റെപേരിൽ ഭീഷ്മർ എന്നറിയപ്പെട്ട ഇദ്ദേഹം കുരുവംശത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ആജീവനാന്തം പ്രവർത്തിച്ചു.


ഭീഷ്മർ സ്വയംവരസദസ്സിൽനിന്ന് ബലാത്കാരമായി പിടിച്ചുകൊണ്ടുവന്ന് വിചിത്രവീര്യന്റെ രാജ്ഞിമാരാക്കിയവരാണ് അംബികയും അംബാലികയും. വിചിത്രവീര്യനെ സ്വയംവര വിവരം അറിയിക്കാഞ്ഞതായിരുന്നു കാരണം. എന്നാൽ വിചിത്രവീര്യൻ സന്താനജനനത്തിനു മുമ്പ് മരണമടഞ്ഞതിനാൽ സത്യവതിയുടെതന്നെ പുത്രനായ വേദവ്യാസനെ അംബികയിലും അംബാലികയിലും സന്താനോത്പാദനത്തിന് നിയോഗിക്കുകയാണുണ്ടായത്. ചിത്രാംഗദൻ മുമ്പുതന്നെ ഒരു ഗന്ധർവനാൽ വധിക്കപ്പെട്ടിരുന്നു. ചീരജടാധാരിയായ വേദവ്യാസനെക്കണ്ട് അംബിക കണ്ണടച്ചും, അംബാലിക വിളറിവെളുത്ത് അതൃപ്തയായും സംയോഗത്തിലേർപ്പെട്ടു എന്നും അതിനാൽ ധൃതരാഷ്ട്രർ അന്ധനും പാണ്ഡു പാണ്ഡുവർണനും ആയി എന്നുമാണ് കഥ. രാജ്ഞിയുടെ തോഴി സന്തോഷപൂർവം വേദവ്യാസനെ സ്വീകരിച്ചു. ഇവർക്കു ജനിച്ച പുത്രനാണ് വിദുരർ. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായ ഗാന്ധാരിയായിരുന്നു ധൃതരാഷ്ട്രരുടെ പത്നി. തന്റെ ഭർത്താവ് അന്ധനായതിനാൽ രാജ്ഞിയായി കൊട്ടാരത്തിൽ വന്നപ്പോൾ മുതൽ സ്വയം കണ്ണ് മൂടിക്കെട്ടി ഭർത്താവിന്റെ ശുശ്രൂഷയിൽ നിരതയാവുകയായിരുന്നു ഗാന്ധാരി. ഗാന്ധാരിയുടെ സഹോദരനായ ശകുനി സഹോദരിയോടുള്ള സ്നേഹംമൂലം ധൃതരാഷ്ട്രരെ ഭരണകാര്യത്തിൽ സഹായിക്കുന്നതിന് ഹസ്തിനപുരത്തിലെത്തി ശിഷ്ടകാലം അവിടെ നിവസിക്കുകയാണുണ്ടായത്. എന്നാൽ ദുഷ്ടകഥാപാത്രമായ ശകുനി സഹോദരീപുത്രന്മാരായ ദുര്യോധനാദികളുടെ സ്വഭാവരൂപവത്കരണത്തിലും പാണ്ഡവരോട് ശത്രുതാമനോഭാവം വളർത്തുന്നതിലും മുഖ്യമായ പങ്കു വഹിക്കുകയും തന്മൂലം ദുര്യോധനാദികളുടെ നാശത്തിനു വഴിയൊരുക്കുകയുമാണ് ചെയ്തത്.

ജ്യേഷ്ഠൻ ധൃതരാഷ്ട്രരായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അന്ധതകാരണം അനുജനായ പാണ്ഡുവാണ് രാജാവായത്. പത്നീസ്പർശനത്താൽ മരണം സംഭവിക്കുമെന്ന് പാണ്ഡുവിന് മുനിശാപമുണ്ടായപ്പോൾ കുന്തിയോടും മാദ്രിയോടുമൊപ്പം വനത്തിൽ പോയി പാണ്ഡു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു. ഈ സന്ദർഭത്തിൽ ധൃതരാഷ്ട്രരാണ് രാജ്യഭരണം നിർവഹിച്ചത്. പാണ്ഡുവിന്റെ മരണശേഷം ധൃതരാഷ്ട്രർ കുന്തിയെയും പാണ്ഡവന്മാരെയും കൊട്ടാരത്തിൽ സംരക്ഷിച്ചു പരിപാലിക്കുകയും യുധിഷ്ഠിരനെ യുവരാജാവാക്കുകയും ചെയ്തു.

ഗാന്ധാരി ഗർഭിണിയായിട്ട് രണ്ടുവർഷം തികഞ്ഞിട്ടും പ്രസവിച്ചില്ല. താൻ ഗർഭിണിയായശേഷം ഗർഭിണിയായ കുന്തി പ്രസവിച്ചത് അറിഞ്ഞതോടെ നിരാശപൂണ്ട ഗാന്ധാരി വയറിൽ ശക്തിയായി മർദിച്ചപ്പോൾ ഒരു മാംസപിണ്ഡമാണ് ജനിച്ചത്. അവിടെ എത്തിയ വ്യാസമുനി ഈ മാംസപിണ്ഡം നൂറ്റിയൊന്നായി മുറിച്ച് പ്രത്യേകം തയ്യാറാക്കിയ കുടങ്ങളിൽ നിക്ഷേപിച്ചു. ഈ കുടങ്ങളിൽ വളർച്ചനേടി പുറത്തുവന്നവരാണ് ദുര്യോധനൻ, ദുശ്ശാസനൻ തുടങ്ങിയ നൂറുപുത്രന്മാരും ദുശ്ശള എന്ന പുത്രിയും. സിന്ധുരാജാവായ ജയദ്രഥനായിരുന്നു ദുശ്ശളയെ വിവാഹം ചെയ്തത്. ധൃതരാഷ്ട്രർക്ക് ഒരു ദാസിയിൽ ജനിച്ച യുയുത്സു ധർമിഷ്ഠനും പാണ്ഡവപക്ഷപാതിയുമായിരുന്നു.

യുവരാജാവായ യുധിഷ്ഠിരനും പാണ്ഡവർക്കും തന്റെ പുത്രന്മാരെക്കാൾ സ്ഥാനമാനങ്ങൾ ലഭിക്കുന്നതിൽ ധൃതരാഷ്ട്രർ ദുഃഖിതനായിരുന്നെങ്കിലും പ്രകടമായി ധർമമാർഗ്ഗം വെടിഞ്ഞ് പ്രവർത്തിക്കുന്നതിനു തുനിഞ്ഞില്ല. എന്നാൽ പരോക്ഷമായി ദുര്യോധനാദികളുടെ ദുഷ്പ്രവർത്തനങ്ങൾക്കു കൂട്ടുനില്ക്കേണ്ട അവസ്ഥയിലായിരുന്നു ഇദ്ദേഹം. അസത്യത്തിനും ദുഷ്ടതയ്ക്കും വിജയമുണ്ടാകില്ല എന്ന് ധൃതരാഷ്ട്രരും കുന്തിയും പുത്രന്മാരെയും ശകുനിയെയും ഉപദേശിച്ചിരുന്നു എങ്കിലും പാണ്ഡവർക്കെതിരെ ദുര്യോധനാദികൾ ചെയ്ത ചതിപ്രയോഗങ്ങളും അനീതിയും കണ്ടുനില്ക്കുന്നതിനേ അവർക്കു സാധിച്ചുള്ളൂ. വാരണാവതത്തിൽ അരക്കില്ലത്തിൽ താമസിക്കുന്നതിന് പാണ്ഡവരെ ധൃതരാഷ്ട്രർ അയയ്ക്കുന്നതും ദുര്യോധനാദികളുടെ പ്രേരണയാലായിരുന്നു. പാണ്ഡവർ അരക്കില്ലത്തിൽ ദഹിച്ചില്ല എന്നും പാഞ്ചാലിയെ വിവാഹം ചെയ്തുവെന്നും അറിഞ്ഞ് ധൃതരാഷ്ട്രർ അവരെ കൊട്ടാരത്തിൽ വരുത്തുകയും അർധരാജ്യം ധർമപുത്രർക്കു നല്കുകയും ചെയ്തു.

ദുര്യോധനാദികൾക്ക് പാണ്ഡവരോട് വൈരം കൂടിവരികയും അവരുടെ നിർബന്ധത്തിനു വഴങ്ങി ധൃതരാഷ്ട്രർ പാണ്ഡവരെ ചൂതിനു ക്ഷണിക്കുന്നതിനു സമ്മതിക്കുകയും ചെയ്തു. ശകുനിയുടെ നേതൃത്വത്തിൽ നടത്തിയ കള്ളച്ചൂതിൽ ധർമപുത്രർക്ക് സർവവും നഷ്ടമായി. രാജസഭാമധ്യത്തിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തടയുന്നതിന് ധൃതരാഷ്ട്രർക്കു കഴിഞ്ഞില്ല. ധൃതരാഷ്ട്രർ പാഞ്ചാലിയോട് എന്തു വരം വേണമെന്നു ചോദിച്ചപ്പോൾ പാഞ്ചാലി തന്റെയും തന്റെ ഭർത്താക്കന്മാരുടെയും മോചനമാണ് വരമായി അഭ്യർഥിച്ചത്.

പന്ത്രണ്ടുവർഷക്കാലം വനവാസവും ഒരു വർഷം അജ്ഞാതവാസവും ചൂതിൽ തോറ്റതിനു വ്യവസ്ഥപ്രകാരം അനുഭവിച്ചശേഷം തിരികെ ചെല്ലുന്നതിന് ദുര്യോധനാദികൾ സമ്മതം നല്കിയില്ല. പകുതിരാജ്യമോ അഞ്ചുദേശമോ ഒരുദേശമോ അഞ്ചുഗ്രാമമോ ഒരുഗ്രാമമോ ഒരുവീടോ പോലും നല്കില്ല എന്ന ദുര്യോധനന്റെ നിശ്ചയത്തിനു സമ്മതമരുളാൻ മാത്രമായിരുന്നു ധൃതരാഷ്ടർക്കു കഴിഞ്ഞത്. ദൂതുമായെത്തിയ ശ്രീകൃഷ്ണനെ ബന്ധനസ്ഥനാക്കാൻ ദുര്യോധനൻ തുനിഞ്ഞെങ്കിലും ധൃതരാഷ്ട്രരും മറ്റും ഇതിനെ എതിർത്തു. ശ്രീകൃഷ്ണൻ വിശ്വരൂപ പ്രദർശനത്തിലൂടെ തന്റെ ഈശ്വരഭാവം എല്ലാവർക്കും കാട്ടിയപ്പോൾ ധൃതരാഷ്ട്രർക്കും താത്കാലികമായി കാഴ്ച പ്രദാനം ചെയ്തു.

ദുർനിവാരമായ കുരുക്ഷേത്രയുദ്ധത്തിൽ എന്തു സംഭവിക്കുന്നു എന്നറിയുന്നതിന് ഉത്സുകനായിരുന്ന ധൃതരാഷ്ട്രർക്ക് വിവരണം നല്കുന്നതിനുവേണ്ടി വേദവ്യാസൻ സഞ്ജയന് ദിവ്യദൃഷ്ടി പ്രദാനംചെയ്ത് ധൃതരാഷ്ട്രരുടെ സമീപത്തേക്ക് അയച്ചു. സഞ്ജയനോട് യുദ്ധരംഗവർണന ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രരാഷ്ട്രർ പറയുന്ന;

(പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു?)എന്ന ശ്ലോകത്തോടെയാണ്‌ ഭഗവദ്ഗീത ആരംഭിക്കുന്നത്.

ജയദ്രഥന്റെയും തന്റെ എല്ലാ പുത്രന്മാരുടെയും അന്ത്യം സഞ്ജയനിലൂടെ അറിയേണ്ടിവന്ന ധൃതരാഷ്ട്രർക്ക് ദുര്യോധനന്റെയും ദുശ്ശാസനന്റെയും ഘാതകനായ ഭീമനോടായിരുന്നു ഏറ്റവുമധികം ദ്വേഷം. യുദ്ധത്തിനുശേഷം മറ്റു പാണ്ഡവരെല്ലാം ധൃതരാഷ്ട്രരെ ബഹുമാനിച്ചപ്പോൾ ഭീമൻ ധൃതരാഷ്ട്രരെ ദ്വേഷിച്ചു സംസാരിച്ചിരുന്നു. ഭീമനൊഴികെ മറ്റെല്ലാവരും സ്നേഹത്തോടും ബഹുമാനത്തോടുംധൃതരാഷ്ട്രരോട് പെരുമാറിയിരുന്നെങ്കിലും അദ്ദേഹം കൊട്ടാരത്തിലെ വാസം ഇഷ്ടപ്പെടാതെ ഗാന്ധാരിയുമൊത്ത് യാത്രതിരിച്ച് ഗംഗാതീരത്ത് ഒരു ആശ്രമത്തിലും പിന്നീട് ശതയൂപാശ്രമത്തിലും നിവസിച്ചു. കുന്തീദേവിയും ഇവരോടൊപ്പം ഇവരെ ശൂശ്രൂഷിച്ചുകൊണ്ട് സമീപമുണ്ടായി. ഇവിടെ ഇവരെ വേദവ്യാസനും മറ്റു ബന്ധുക്കളും സന്ദർശിച്ചിരുന്നു. ഇവർ നിവസിച്ച വനത്തിൽ കാട്ടുതീ ഉണ്ടായപ്പോൾ അതിൽ അകപ്പെട്ട് ഇവർ മൂന്നുപേരും സ്വർഗപ്രാപ്തരായി.

ധൃതരാഷ്ട്രരുടെ അന്ധത

തിരുത്തുക

ധൃതരാഷ്ട്ര മഹാരാജാവിനുണ്ടായ പുത്രദുഃഖത്തിനു ഒരു കാരണമുള്ളതായി മഹാഭാരതത്തിന്റെ ചില പ്രാദേശിക രചനകളിൽ കാണുന്നു . അതിങ്ങനെയാണ് . ഭാരതയുദ്ധശേഷം ധൃതരാഷ്ട്ര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് തനിക്കുണ്ടായ പുത്രദുഃഖത്തിന്റെ കാരണം ചോദിക്കുകയുണ്ടായി . അപ്പോൾ ഭഗവാൻ കൃഷ്ണൻ ധൃതരാഷ്ട്രരോട് കണ്ണുകളെ മൂടി ധ്യാനനിരതനാകുവാൻ ആവശ്യപ്പെട്ടു . ധ്യാനത്തിലിരുന്ന ധൃതരാഷ്ട്രർ തന്റെ പൂര്വ്വജന്മം ദർശിച്ചു. അനേകം ജന്മങ്ങൾക്ക് മുൻപ് അദ്ദേഹം സ്വേച്ഛാധിപതിയായ ഒരു നാടുവാഴിയായിരുന്നു . അപ്പോൾ അദ്ദേഹം ഒരു കായൽ തീരത്തുകൂടെ നടക്കാനിടയാവുകയും അവിടെ ഒരു കൊറ്റിപ്പക്ഷി തന്റെ വിരിയാറായ നൂറു മുട്ടകളുമായി അടയിരിക്കുന്നതും കാണാനിടയായി . ആ സമയം ഒരു രസം തോന്നിയ രാജാവ് കൊറ്റിയുടെ കണ്ണിനെ കുത്തി പൊട്ടിക്കുകയും അതിന്റെ നൂറു മുട്ടകളെയും അടിച്ചുടയ്ക്കുകയും ചെയ്തു .ആ മുട്ടകളിൽ ചിലത് പാതി വിരിഞ്ഞതായിരുന്നു . കരഞ്ഞുകൊണ്ട്‌ കൊറ്റി അവിടെയിരുന്നു മരണപ്പെട്ടു .ഈ കര്മ്മഫലമാണ് രാജാവിനെ ഈ ജന്മത്തിൽ വേട്ടയാടിയത് .അനേകം ജന്മങ്ങൾക്ക് മുന്പുണ്ടായ കര്മ്മത്തിലെ ചെറിയൊരു വ്യതിയാനം, കാലം ചെന്നപ്പോൾ വലിയൊരു വ്യതിയാനമാവുകയും അന്ധനായ രാജാവായി ജന്മമെടുത്തു തന്റെ നൂറു മക്കളുടെയും മരണം കൊണ്ടുള്ള ദുഃഖം അനുഭവിക്കുകയും ചെയ്തു .


"https://ml.wikipedia.org/w/index.php?title=ധൃതരാഷ്ട്രർ&oldid=3980746" എന്ന താളിൽനിന്ന് ശേഖരിച്ചത്