തൊഴിലാളി സംഘടന

(തൊഴിലാളിസംഘടന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി രൂപവത്കരിക്കുന്ന സംഘടനയാണ്‌ ട്രേഡ് യൂണിയൻ.

ചരിത്രം

തിരുത്തുക

തുടക്കം

തിരുത്തുക

ട്രേഡ് യൂണിയനുകൾ വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നമാണ്. വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിലാണ്, ആധുനിക ട്രേഡ് യൂണിയൻ പ്രസ്ഥാനം ആവിർഭവിച്ചത്. ഇംഗ്ലണ്ടിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലും ആദ്യമായി ട്രേഡ് യൂണിയൻ രൂപം കൊണ്ടപ്പോൾ, അവ ക്രിമിനൽ സംഘടനകളായിട്ടാണ് ആദ്യം വീക്ഷിക്കപ്പെട്ടത്. അവയുടെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ നിയമവിരുദ്ധമായിരുന്നു. പത്തൊമ്പതാം ശതകത്തിന്റെ അന്ത്യദശകങ്ങൾവരെയും ഗവൺമെന്റുകളോ വ്യവസായ മുതലാളിമാരോ യൂണിയനുകളെ അംഗീകരിച്ചിരുന്നില്ല. 1800-ലെ ബ്രിട്ടിഷ് കോമ്പിനേഷൻ ആക്ടൂകൾ (The British Combination acts of 1800), 1791ൽ ഫ്രാൻസിൽ നടപ്പാക്കിയ ലൈ ലെ ഷെപേലിയർ നിയമങ്ങൾ(Lio Le Chapellier) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

രാഷ്ട്രീയപരിണാമം

തിരുത്തുക

നിയമവിരുദ്ധമായി കരുതപ്പെട്ടിരുന്ന ആദ്യഘട്ടത്തിനു ശേഷമുള്ള, യൂണിയനുകളുടെ വികാസപരിണാമം പല രാജ്യങ്ങളിലും പല രീതിയിലാണ് സംഭവിച്ചത്. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൻ കീഴിലുള്ള വിശാലമായ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് യൂണിയനുകൾ സംഘടിപ്പിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന്റേയും ജീവിതനിലവാരത്തിന്റേയും പിന്നോക്കാവസ്ഥമൂലം തൊഴിലാളികൾക്കു സ്വയം സംഘടിക്കുവാനും മുതലാളിവർഗവുമായി ഫലപ്രദമായി വിലപേശുവാനും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസപരമായും ബൗദ്ധികമായും ഉന്നതനിലവാരം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ രക്ഷാകർത്തൃത്വം ആദ്യകാല ട്രേഡ് യൂണിയനുകൾക്ക് ആവശ്യമായി വന്നത്. തൊഴിൽ സ്ഥാപനങ്ങളിലെ ദുരിതപൂർണമായ ജീവിത സാഹചര്യങ്ങൾക്കു പുറമേ, പ്രാഥമികമായ പൗരാവകാശങ്ങൾപോലും തൊഴിലാളികൾക്ക് ഒരു കാലത്ത് നിഷേധിച്ചിരുന്നു. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുംതൊഴിൽപരവുമായഅവകാശസംരക്ഷണത്തിനുവേണ്ടിയാണ് തൊഴിലാളിവർഗപ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്. ഈ പ്രസ്ഥാനങ്ങളുടെ അവിഭാജ്യ ഭാഗമായിട്ടാണ് ട്രേഡ് യൂണിയനുകൾ വികസിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളിലൂടെ മാത്രമേ തൊഴിലാളികളുടെ മൗലികാവകാശങ്ങൾ നേടിയെടുക്കാനാവൂ എന്ന് ആദ്യകാല നേതൃത്വം മനസ്സിലാക്കിയിരുന്നു. ഇത്തരം പരിവർത്തനോന്മുഖ പ്രവർത്തനങ്ങളിൽ തൊഴിലാളി സംഘടനകളുടെ രാഷ്ട്രീയനേതൃത്വം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ട്രേഡ് യൂണിയനുകളുടെ ചരിത്രം പരിശോധിച്ചാൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്ത യൂണിയനുകൾ സംഘടിപ്പിച്ചിരുന്നതായി കാണാം. ഇത് ട്രേഡ് യുണിയൻ പ്രസ്ഥാനത്തിനുള്ളിൽത്തന്നെ പരസ്പര മത്സരത്തിനും വിഭാഗീയതയ്ക്കും കാരണമായിട്ടുണ്ട്. രണ്ടാം ലോകയുദ്ധം വരെയുള്ള കാലഘട്ടത്തിൽ സോഷ്യലിസ്റ്റ്, ക്രിസ്ത്യൻ ഡെമോക്രാറ്റിക്, കമ്യൂണിസ്റ്റു വിഭാഗങ്ങളായിരുന്നു മുഖ്യമായിട്ടുണ്ടായിരുന്നത്. സ്കാൻഡിനേവിയയിൽ സോഷ്യലിസ്റ്റ് നീലക്കോളർ യൂണിയനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദഗ്ദ്ധ തൊഴിലാളികളെ പ്രതിനിധീകരിച്ചിരുന്ന ഫ്രഞ്ച് സിൻഡിക്കേറ്റുകൾ രാഷ്ട്രീയ നേതൃത്വത്തെ നിരാകരിച്ചിരുന്നു. സിൻഡിക്കലിസത്തിന്റെ തകർച്ചയെ തുടർന്ന് ഫ്രാൻസിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ 'കോൺഫെഡറേഷൻ ജനറൽ റ്റു ട്രാവൈലി'ന്റെ നേതൃത്വം കമ്യൂണിസ്റ്റുകാർ ഏറ്റെടുത്തു.

ക്രമേണ ട്രേഡ് യൂണിയനുകൾ കൂടുതൽ പദവിയും അംഗീകാരവും ആർജിച്ചു. യൂണിയനുകളിലെ അംഗസംഖ്യ വൻതോതിൽ വർധിക്കുകയും യൂണിയനുകൾ അവഗണിക്കാനാവാത്ത സംഘടിത ശക്തിയായി വളരുകയും ചെയ്തു. 1906-ൽ ജർമനിയിലുണ്ടായ 'മോൻഹൈം ഉടമ്പടി' (Monnheim agreement) യൂണിയനുകൾ ആർജിച്ച രാഷ്ട്രീയശക്തിയുടെ തെളിവാണ്. എന്നാൽ ബ്രിട്ടനിലെ ട്രേഡ് യൂണിയനുകൾ സാമൂഹിക പരിഷ്കരണാശയങ്ങളെ നിരാകരിക്കുകയും തൊഴിലാളികളുടെ ദൈനംദിന ജീവിതാവശ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ചാർട്ടിസ്റ്റു നവോത്ഥാനപ്രസ്ഥാനത്തിന്റെ പരാജയത്തിനു ശേഷമാണ് ഈ യൂണിയനുകൾ രൂപം കൊണ്ടത്. എന്നാൽ അവിദഗ്ദ്ധ തൊഴിലാളികളും സംഘടിക്കാൻ തുടങ്ങിയതോടെ, സോഷ്യലിസ്റ്റു നവോത്ഥാനാശയങ്ങൾക്കു സ്വാധീനത ലഭിക്കുകയുണ്ടായി. ബ്രിട്ടിഷ് യൂണിയനുകൾ ആദ്യ ഘട്ടങ്ങളിൽ വ്യക്തിഗത ഫാക്ടറികളിലാണ് കേന്ദ്രീകരിച്ചിരുന്നത്. ഈ യൂണിയനുകളുടെ ശക്തമായ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് 1871-ലും 75-ലും തൊഴിൽ നിയമങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടത്. 1920-കളോടെ യൂണിയനുകളുടെ നിയമ സാധുത്വം അംഗീകരിക്കപ്പെടുകയും ദേശീയാടിസ്ഥാനത്തിലുള്ള തൊഴിൽ ഉടമ്പടികൾ നിലവിൽ വരുകയും ചെയ്തു.

ലേബർ പാർട്ടി

തിരുത്തുക

ബ്രിട്ടനിലെ ലേബർ പാർട്ടി പ്രധാനമായും തൊഴിലാളി സംഘടനകളുടെ സൃഷ്ടിയാണ്. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉപകരണം എന്ന നിലയ്ക്കാണ് ലേബർ പാർട്ടി രൂപം കൊണ്ടതുതന്നെ. ട്രേഡ് യൂണിയനുകൾ ലേബർപാർട്ടിയിൽ അഫിലിയേറ്റ് ചെയ്തിരുന്നു. വരിസംഖ്യയ്ക്കു പുറമേ യൂണിയനുകൾ ഒരു 'രാഷ്ട്രീയ ലെവി' (Political levy)യും നൽകിയിരുന്നു.

ട്രേഡ് യൂണിയനുകളുടെ രാഷ്ട്രീയ ഉപകരണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടിഷ് ലേബർ പാർട്ടി സ്ഥാപിതമായത് 1900-ലാണ്. 1918-ൽ സോഷ്യലിസമാണ് ലക്ഷ്യമെന്ന് ലേബർ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1921-22-ൽ ബ്രിട്ടിഷ് പാർലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയെന്ന പദവി ലേബർ പാർട്ടിക്കു ലഭിച്ചു. 1924-ൽ ജെ.ആർ. മക്ഡൊണാൾഡിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നു. ബ്രിട്ടിഷ് രാഷ്ട്രീയ രംഗത്ത് ട്രേഡ് യൂണിയനുകൾ ആർജിച്ച വമ്പിച്ച സ്വാധീനശക്തിയുടെ തെളിവാണിത്. 1929-ലും മക്ഡൊണാൾഡിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിലെത്തുകയുണ്ടായി. 1940-ലെ വിൻസ്റ്റൺ ചർച്ചിൽ മന്ത്രിസഭയിലും ലേബർപാർട്ടിക്ക് പങ്കാളിത്തമുണ്ടായിരുന്നു. 1945-ൽ വീണ്ടും സി.ആർ. ആറ്റ്ലിയുടെ ലേബർ പാർട്ടി മന്ത്രിസഭ അധികാരത്തിലെത്തി. ആറ്റ്ലി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്, ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്.

സോവിയറ്റ്‌ യൂണിയൻ

തിരുത്തുക

20-ാം ശതകത്തിന്റെ ആരംഭത്തിൽ ഇറ്റലിയിലേയും അമേരിക്കയിലേയും ട്രേഡ് യൂണിയനുകളുടെ മാതൃകയിൽ റഷ്യയിലെ സാറിസ്റ്റു ഭരണാധികാരികൾ ഔദ്യോഗിക യൂണിയനുകൾക്കു രൂപം നൽകിയിരുന്നു. എന്നാൽ, 1905-ൽ സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിൽ, 'വർക്കേഴ്സ് ഡെപ്യൂട്ടീസിന്റെ സോവിയറ്റ്' എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടതോടെയാണ്, റഷ്യയിലെ സ്വതന്ത്ര ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇതേ വർഷം തന്നെ, റഷ്യൻ ട്രേഡ് യൂണിയന്റെ പ്രഥമ കോൺഗ്രസ് നടന്നു. മോസ്കോയിലേയും ഇതര വ്യവസായ നഗരങ്ങളിലേയും നാല്പതോളം സ്വതന്ത്രയൂണിയനുകൾ ഈ കോൺഗ്രസ്സിൽ പങ്കെടുത്തിരുന്നു. 1905-ലെ ജനാധിപത്യ വിപ്ലവത്തിന്റെ പരാജയത്തെത്തുടർന്ന് സാർ ഭരണകൂടം സ്വതന്ത്ര ട്രേഡ് യൂണിയനുകളെ നിരോധിച്ചു. പിന്നീട് 1917-ലാണ് 'പെട്രോഗ്രാഡ് സോവിയറ്റ്' എന്ന പേരിൽ തൊഴിലാളികൾ സംഘടിച്ചത്. റഷ്യയിലെ ട്രേഡ് യൂണിയൻ കൗൺസിലുകളായ സോവിയറ്റുകൾ, ഇതര രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളിൽ നിന്നു വ്യത്യസ്തമാണ്. മാർക്സിസത്തിന്റെ ഭരണകൂട സിദ്ധാന്തമായ 'തൊഴിലാളിവർഗ സർവാധിപത്യം' എന്ന സങ്കല്പത്തിന്റെ സംഘടനാരൂപം എന്ന നിലയ്ക്കാണ് സോവിയറ്റുകൾക്കു രൂപം നൽകിയിട്ടുള്ളത്. തൊഴിലാളികളുടെ സാമ്പത്തികാവകാശങ്ങൾ നേടിയെടുക്കുക എന്നതിലുപരി, തൊഴിലാളിവർഗ ഭരണകൂടത്തിന്റെ അടിസ്ഥാന ഘടകം എന്ന നിലയ്ക്കാണ് സോവിയറ്റുകളെ വിഭാവന ചെയ്തിരുന്നത്. 1917-ൽ നടന്ന റഷ്യൻ ട്രേഡ് യൂണിയൻ കോൺഫറൻസ്, 15 ലക്ഷം തൊഴിലാളികളുടെ പ്രാതിനിധ്യം അവകാശപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ റഷ്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനുള്ളിൽ മെൻഷെവിക്കുകൾ എന്നും ബോൾഷെവിക്കുകൾ എന്നുമുള്ള രണ്ടു വിഭാഗങ്ങൾ രൂപംകൊണ്ടു. ക്രമാനുഗതമായ പരിഷ്ക്കാരങ്ങളുടെ വക്താക്കളായ മെൻഷെവിക്കുകളെ എതിർത്ത ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കണമെന്നു വാദിച്ചു. ലെനിനും ട്രോട്സ്കിയുമാണ് ബോൾഷെവിക്കുകൾക്കു നേതൃത്വം നൽകിയിരുന്നത്.

ഒക്ടോബർ സോഷ്യലിസ്റ്റു വിപ്ലവത്തിലൂടെ കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതിനെത്തുടർന്ന്, സോവിയറ്റ് യൂണിയനിൽ സ്വതന്ത്ര ട്രേഡ് യൂണിയൻ എന്ന ആശയം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. ഗവൺമെന്റിന്റേയും പാർട്ടിയുടേയും നയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പോഷകസംഘടനകളോ ഏജൻസികളോ ആണ് ട്രേഡ് യൂണിയനുകൾ എന്ന ഉപകരണ വാദപരമായ സമീപനത്തിനു മുൻതൂക്കം ലഭിച്ചു. സ്റ്റാലിന്റെ രഹസ്യപ്പോലീസുകാരാൽ വധിക്കപ്പെട്ട ട്രോട്സ്ക്കിയും ആദ്യനാളുകളിൽ ഇതേ വീക്ഷണം തന്നെയായിരുന്നു പുലർത്തിയിരുന്നത്. മൈക്കിൾ ടോംസ്കിയെപ്പോലുള്ളവർ സ്വതന്ത്ര ട്രേഡ് യൂണിയനുകൾക്കുവേണ്ടി വാദിച്ചിരുന്നു. പക്ഷേ, സ്റ്റാലിന്റെ ഏകാധിപത്യവാഴ്ചയിൽ ട്രേഡ് യൂണിയനുകളെ സംബന്ധിച്ചുള്ള എല്ലാ ഭിന്നാഭിപ്രായങ്ങളും അടിച്ചമർത്തപ്പെട്ടു. സ്റ്റാലിനിസ്റ്റു സർവാധിപത്യത്തിനെതിരെ, രഹസ്യസംഘടനകൾ രൂപീകരിച്ചുകൊണ്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധം 'തൊഴിലാളി പ്രതിപക്ഷം' (വർക്കേഴ്സ് ഓപ്പസിഷൻ) എന്നാണറിയപ്പെട്ടിരുന്നത്.

അന്തർദേശീയം

തിരുത്തുക

രാഷ്ട്രീയ പാർട്ടികളും യൂണിയനുകളും തമ്മിലുള്ള ബന്ധം സാർവദേശീയ തൊഴിൽ സംഘടനകളേയും ബാധിച്ചിരുന്നു. ഇന്റർനാഷണൽ ട്രേഡ് സെക്രട്ടേറിയറ്റ് എന്ന പേരിലാണ് ആദ്യമായി സാർവദേശീയ തൊഴിലാളി സംഘടനകൾ രൂപം കൊണ്ടത്. ഓരോ വ്യവസായത്തിലേയും തൊഴിലാളികൾ പ്രത്യേകം പ്രത്യേകമായിട്ടായിരുന്നു സംഘടിച്ചിരുന്നത്. ഇത്തരത്തിലുള്ള സംഘടനകൾ ചേർന്ന് 1889-ൽ ആദ്യമായി ഇന്റർനാഷണൽ അസോസിയേഷൻ രൂപീകരിച്ചു. ദേശീയ ട്രേഡ് യൂണിയൻ സെന്ററുകൾ 1901-ൽ കോപ്പൻഹേഗനിൽ വച്ച് ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം നടത്തി. എല്ലാ വർഷവും മേയ് 1-ാം തീയതി ലോക തൊഴിലാളിദിനമായി ആചരിക്കാൻ ഇന്റർനാഷണൽ സോഷ്യലിസ്റ്റു കോൺഗ്രസ് തീരുമാനിച്ചതും ഇതേ വർഷമാണ്. 1890 മേയ് ഒന്നിന് അമേരിക്കയിലെ ഷിക്കാഗോയിൽ തൊഴിൽ ദൈർഘ്യം 8 മണിക്കൂറായി കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ നടത്തിയ പ്രകടനത്തിനുനേരെ നടന്ന അടിച്ചമർത്തലിനെ അനുസ്മരിക്കാനാണ് ഈ ദിനം തൊഴിലാളി ദിനമായി സ്വീകരിച്ചിട്ടുള്ളത്. ഈ സമ്മേളനം ഒരു ഇന്റർനാഷണൽ സെക്രട്ടേറിയറ്റിനു രൂപം നൽകുകയും ജർമൻ ട്രേഡ് യൂണിയനുകളെ അതിന്റെ ഭരണച്ചുമതല ഏൽപിക്കുകയും ചെയ്തു. 1913-ൽ ഈ സെക്രട്ടേറിയറ്റ്, ഇന്റർ നാഷണൽ ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് (International Federation of Trade Unions-IFTU) എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് അമേരിക്കൻ ഫെഡറേഷൻ ഒഫ് ലേബർ (American Federation of Labour -AFL) എന്ന സംഘടനയും ഐ എഫ് ടി യു-വിൽ ചേർന്നു. അന്താരാഷ്ട്ര തൊഴിലാളി സംഘടന, വേൾഡ് ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് (World Federation of Trade Unions-WFTU) ആയി പുനഃസംഘടിപ്പിക്കപ്പെട്ടതിന്റെ ഫലമായി റഷ്യൻ തൊഴിലാളിവർഗ പ്രസ്ഥാനം അതിലേക്ക് ആകർഷിക്കപ്പെട്ടു. തുടർന്ന് കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റു വിരുദ്ധരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഡബ്ലിയു. എഫ്. ടി.യു പിളർന്നു. കമ്യൂണിസ്റ്റിതര സംഘടനകൾ ചേർന്ന് ബ്രസ്സ ൽസ് ആസ്ഥാനമായി 1949-ൽ ഇന്റർനാഷണൽ കോൺ ഫെഡറേഷൻ ഒഫ് ഫ്രീ ട്രേഡ് യൂണിയൻസ് (International Confederation of Free Trade Unions-ICFTU) എന്ന സംഘടന രൂപീകരിച്ചു.

യൂണിയനുകളുടെ പ്രവർത്തനരീതി

തിരുത്തുക

മിക്ക സ്കാൻഡിനേവിയൻ രാജ്യങ്ങളിലും വ്യക്തിഗത യൂണിയനുകൾ ചേർന്ന് ഫെഡറേഷൻ രൂപീകരിക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഈ ഫെഡറേഷന് അവയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയനുകൾക്കുമേൽ ഗണ്യമായ നിയന്ത്രണവുമുണ്ട്. ബ്രിട്ടനിലെ ട്രേഡ് യൂണിയൻ കോൺഗ്രസ് (Trade Union Congree-TUC) ഒരു പ്രബല ശക്തിയാണ്. തൊഴിലാളികളുടെ സംഘടിതമായ വിലപേശലിൽ അതിന് നിർണായക സ്വാധീനമുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിൽ വ്യവസായങ്ങൾ ദേശസാൽക്കരിക്കപ്പെട്ടതിനെ തുടർന്ന് മാനേജ്മെന്റിൽ തൊഴിലാളിയൂണിയനുകളുടെ പങ്കിനെക്കുറിച്ച് വിപുലമായ സംവാദങ്ങളുണ്ടായി. ദേശസാൽക്കരണം തൊഴിലാളി യൂണിയനുകളുടെ ചരിത്രത്തിലെ വലിയൊരു വഴിത്തിരിവാണ്. ദേശസാൽക്കരിക്കപ്പെട്ട വ്യവസായങ്ങളും മാനേജ്മെന്റിൽ തൊഴിലാളിസംഘടനകളുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്തു. അതിന്റെ ഫലമായി വ്യവസായങ്ങളുടെ നടത്തിപ്പിൽ ട്രേഡ് യൂണിയനുകൾക്ക് ഗണ്യമായ സ്വാധീനം ചെലുത്താവുന്ന സ്ഥിതി സംജാതമായി,

സംഘടിത വിലപേശലിന്റെ കേന്ദ്രമായിട്ടാണ് ബ്രിട്ടൻ വിശേഷിപ്പിക്കപ്പെടുന്നത്. സേവന - വേതന വ്യവസ്ഥകൾ തീരുമാനിക്കുന്നതിൽ തൊഴിലാളികളെ അവഗണിക്കാനാവില്ല. സേവന-വേതന വ്യവസ്ഥകളെ സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് അംഗീകൃതമായ ഉടമ്പടികൾ ആവിഷ്കരിക്കേത് നിയമപരമായിത്തന്നെ തീരുമാനിച്ചിട്ടുണ്ട്.

അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി തൊഴിലാളികൾ വിവിധങ്ങളായ സമരമാർഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും മുഖ്യമായ സമരായുധമാണ് പണിമുടക്ക്. തൊഴിൽശാലകളിലെ പ്രവർത്തനം സ്തംഭിപ്പിക്കുന്നതിലൂടെ, മാനേജ്മെന്റിനെ തൊഴിലാളി സംഘടനകളുമായുള്ള ഒത്തുതീർപ്പിന് നിർബന്ധിതമാക്കുകയെന്നതാണ് പണിമുടക്കിന്റെ ലക്ഷ്യം. പണിമുടക്കിലേർപ്പെട്ടിരിക്കുന്ന സംഘടനകളുമായുള്ള ഒത്തുതീർപ്പു സംഭാഷണങ്ങളിലൂടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മിക്ക ആധുനിക മാനേജുമെന്റുകളും സന്നദ്ധമാകാറുണ്ട്. സംഘടിതമായ വിലപേശലും അവകാശ സംരക്ഷണവും തൊഴിൽശാലകളിലെ വേതന നിർണയത്തെ പ്രത്യക്ഷമായും ഉത്പന്നവിലകളെ പരോക്ഷമായും സ്വാധീനിക്കുന്നു. വേതനത്തിൽ വരുത്തുന്ന വർധനവ്, ഉത്പാദനച്ചെലവ് വർധിപ്പിക്കും. അത് ഉത്പന്നങ്ങളുടെ വില വർധനവിന് കാരണമാകുന്നു. ട്രേഡ് യൂണിയൻ വിലപേശലിലൂടെ സംഘടിത തൊഴിലാളി വിഭാഗങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക്, അന്തിമമായി വില നൽകേണ്ടി വരുന്നത് ഉപഭോക്താക്കളാണ്.

1960-കളിൽ മുതലാളിത്ത രാജ്യങ്ങളിലെ സമ്പദ്ഘടനകൾക്കുണ്ടായ ഘടനാപരമായ പരിവർത്തനങ്ങളുടെ ഫലമായി തൊഴിലാളി സംഘടനകൾക്ക് മാനേജ്മെന്റിൽ വർധിച്ച പ്രാതിനിധ്യം നൽകാൻ മുതലാളിമാർ തയ്യാറായി. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുകയെന്നത് മൂലധന താത്പര്യത്തിന്റെതന്നെ ഭാഗമായിട്ടുണ്ട് എന്നു പറയാം. ട്രേഡ് യൂണിയനുകൾ മൂലധന താത്പര്യത്തിന്റെ പങ്കുപറ്റാൻ തുടങ്ങുന്നതോടെ, ആദ്യകാലങ്ങളിലുണ്ടായിരുന്ന പുരോഗമന ലക്ഷ്യങ്ങളിൽ നിന്ന് അകലാനും തുടങ്ങിയിട്ടുണ്ട്. സാമൂഹിക സാമ്പത്തിക പരിവർത്തനങ്ങൾക്കുവേണ്ടി വാദിച്ചിരുന്ന ട്രേഡ് യൂണിയനുകൾ മുതലാളിത്ത വ്യവസ്ഥയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതായി പല ചിന്തകരും വിമർശിക്കുന്നു. വിഭാഗീയമായ താത്പര്യങ്ങൾക്കു വേണ്ടി മാത്രം തൊഴിലാളികൾ പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ പരിണതഫലമാണ് ട്രേഡ് യൂണിയനിസം എന്ന ആധുനിക പ്രതിഭാസം. മൂലധന താത്പര്യങ്ങളിൽ പരോക്ഷമായി പങ്കുപറ്റുന്നു എന്നതിനു പുറമേ, പിന്നോക്ക രാജ്യങ്ങളിൽ അത് സംരംഭകത്വ സംസ്കാരത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

ട്രേഡ് യൂണിയനിസം സംരംഭകത്വ സംസ്കാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥ എന്ന് പൊതുജനാഭിപ്രായമുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണോത്സുകമായ ട്രേഡ് യൂണിയനിസമാണ് കേരളത്തിൽ നിലനിൽക്കുന്നത്. കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പോഷക സംഘടനകളെന്ന നിലയ്ക്ക് ട്രേഡ് യൂണിയനുകളുണ്ട്. സമൂഹത്തിന്റെ പൊതുവായ വ്യാവസായിക വികസന കാഴ്ചപ്പാടുകൾക്കു പകരം, സങ്കുചിതവും വിഭാഗീയവുമായ താത്പര്യങ്ങൾ മിക്ക ട്രേഡ് യൂണിയൻ നേതൃത്വങ്ങളും അവലംബിക്കുന്നു എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക സമ്പദ്ഘടനയിലുണ്ടാകുന്ന പരിവർത്തനങ്ങൾക്കനുസരിച്ച് ആധുനികരിക്കുന്നതിനും യന്ത്രവൽക്കരിക്കുന്നതിനും മറ്റും തടസ്സം നിൽക്കുന്ന കേരളത്തിലെ ട്രേഡ് യൂണിയൻ നേതൃത്വം ഇവിടത്തെ ഉത്പാദനരംഗം നേരിടുന്ന മാന്ദ്യത്തിന് കാരണമായിത്തീരുന്നു എന്ന് പല സാമ്പത്തികശാസ്ത്രവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ അത്യന്താധുനികമായ രീതിയിൽ നവീകരിക്കുന്നതിനും ലോക കമ്പോളത്തിലെ മത്സരം നേരിടുന്നതിന് അവയെ പ്രാപ്തമാക്കുന്നതിനും കഴിഞ്ഞിട്ടില്ല. ലോക വിപണിയെ മുഖ്യമായും ആശ്രയിക്കുന്ന പരമ്പരാഗത വ്യവസായങ്ങൾ അതുകൊണ്ടുതന്നെ ലോക വിപണിയിൽ നിന്ന് പുറന്തള്ളപ്പെട്ടിരിക്കുന്ന സ്ഥിതിയാണ്. അതുപോലെ തന്നെ കേരളത്തിനു പുറത്തുള്ള വ്യവസായ നിക്ഷേപകർ, ഇവിടെ മൂലധനം മുടക്കുന്നതിന് താത്പര്യം കാണിക്കാത്തതിന് ഒരു കാരണം ട്രേഡ് യൂണിയനുകളുടെ സമീപനത്തിലെ സമന്വയമില്ലായ്മയാണ് എന്നും അഭിപ്രായമുണ്ട്. അതുകൊണ്ടാണ് സമീപകാലത്തായി പുതിയൊരു 'വികസനസംസ്കാര'ത്തെക്കുറിച്ചുള്ള ആശയങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. പ്രത്യുത്പാദനമേഖലയുടെ അവികസിതാവസ്ഥ മറികടക്കുന്നതിന് വമ്പിച്ച സ്വകാര്യമൂലധനനിക്ഷേപം ആവശ്യമാണ്. അനുകൂലമായ സംരംഭകത്വ സംസ്കാരം വളർന്നെങ്കിൽ മാത്രമേ സ്വകാര്യ സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുകയുള്ളൂ. പ്രത്യുത്പാദന മേഖല വൻതോതിൽ വികസിച്ചെങ്കിൽ മാത്രമേ, കേരളത്തിലെ ഉയർന്ന ജീവിതഗുണനിലവാരം സ്ഥായിയായി നിലനിർത്താൻ കഴിയുകയുള്ളൂ എന്ന കാര്യത്തിൽ പൊതുവായ അഭിപ്രായ ഐക്യമുണ്ടായിട്ടുണ്ട്. സേവന-വിതരണ മേഖലകളുടെ ആനുപാതികമല്ലാത്ത വളർച്ചയെ ക്രമപ്പെടുത്തുകയും പ്രത്യുത്പാദനമേഖലകളിലേക്ക് മൂലധനപ്രവാഹത്തെ തിരിച്ചു വിടുകയും ചെയ്യുക എന്നതാണ് പുതിയ വികസനസംസ്കാരം കൊണ്ടുദ്ദേശിക്കുന്നത്.

ട്രേഡ് യൂണിയനുകൾ ഇന്ത്യയിൽ

തിരുത്തുക

1890-കളുടെ മധ്യത്തിൽ കൽക്കട്ടയിലെ പരുത്തിത്തുണി മില്ലുകളിൽ നടന്ന ലഹളകളെത്തുടർന്നാണ് ഇന്ത്യയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം ആവിർഭവിക്കുന്നത്. അക്കാലത്ത് ബോംബെയിലേയും കൽക്കട്ടയിലേയും തുണിമില്ലുകളിലെ തൊഴിൽ സാഹചര്യം മനുഷ്യത്വരഹിതമായിരുന്നു. 1881-ലേയും 1891-ലേയും ഫാക്ടറി ആക്റ്റുകളിലെ വ്യവസ്ഥകൾ മിക്ക മില്ലുടമകളും നടപ്പാക്കിയിരുന്നില്ല. ഒരു ദിവസം 15 മുതൽ 18 വരെ മണിക്കൂർ പണിയെടുക്കാൻ തൊഴിലാളികൾ നിർബന്ധിതരായിരുന്നു. ഈ വർഷങ്ങളിൽ ബോംബെ, കൽക്കട്ട, അഹമ്മദാബാദ്, സൂററ്റ്, മദ്രാസ്, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന തുണിമില്ലുകൾ, റെയിൽവേ, തോട്ടങ്ങൾ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ് തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾ പല തരത്തിലുള്ള പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. സാമൂഹിക പരിഷ്കർത്താവായിരുന്ന, ഫൂലെയുടെ അനുയായിയായിരുന്ന എൻ.എം. ലോക്കാ 1880-ൽ ദീനബന്ധു എന്ന പേരിൽ ഒരു വാരിക ആരംഭിക്കുകയും തൊഴിലാളികളുടെ പ്രശ്നങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. തൊഴിൽ സമയം കുറയ്ക്കണമെന്നാവശ്യപ്പെടുന്ന യോഗങ്ങൾ സംഘടിപ്പിക്കുകയും 1890-ൽ ബോംബെ മിൽ ഹാൻഡ്സ് അസോസിയേഷൻ രൂപീകരിക്കുകയും ചെയ്തു. തന്നെ സമീപിക്കുന്നവർക്ക് ഉപദേശങ്ങൾ നൽകുന്നതിനുവേണ്ടി ലോക്കാ ഒരു ഓഫീസ് തുറന്നു പ്രവർത്തിപ്പിച്ചു. ബ്രഹ്മ സമാജ പ്രവർത്തകനായിരുന്ന ശശിപാദ ബാനർജി ബംഗാളിലെ തുണിമിൽ തൊഴിലാളികൾക്കിടയിൽ സമാന പ്രവർത്തനങ്ങൾ ആരംഭിച്ചു. തൊഴിലാളികൾക്കിടയിൽ അവകാശബോധം വളർത്തുന്നതിനുവേണ്ടി അദ്ദേഹം 1874-ൽ ഭാരത് ശ്രമജീവി എന്നൊരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. തേയിലത്തോട്ടങ്ങളിലെ അടിമത്തപരമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരായി ബംഗാളി ബുദ്ധിജീവിയായ ദ്വാരക്നാഥ് ഗാംഗുലിയുടെ നേതൃത്വത്തിൽ 1880-ൽ വമ്പിച്ച പ്രചാരണം നടന്നു. 1882-നും 1890-നുമിടയിൽ മദ്രാസിലും ബോംബെയിലും ചെറുതും വലുതുമായ 25-ഓളം പണിമുടക്കുകൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1899-ൽ [ഇന്ത്യൻ റെയിൽവേ|റെയിൽവേയിലാണ്]] ആദ്യമായി സംഘടിതവും രാജ്യവ്യാപകവുമായ പണിമുടക്കു നടന്നത്. [ബാല ഗംഗാധര തിലകൻ|ബാലഗംഗാധര തിലകന്റെ]] പത്രാധിപത്യത്തിലുണ്ടായിരുന്ന മറാത്ത, കേസരി തുടങ്ങിയ മാസികകൾ പണിമുടക്കിനെ പിന്തുണച്ചിരുന്നു. ബംഗാളിലെ സ്വദേശിപ്രസ്ഥാനം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

1905-ൽ ബംഗാളിലെ പല ഭാഗങ്ങളിലും തൊഴിലാളികളുടെ പണിമുടക്കുകൾ പൊട്ടിപ്പുറപ്പെട്ടു. അതേവർഷം തന്നെയാണ് പ്രിന്റേഴ്സ് യൂണിയൻ നിലവിൽ വന്നത്. 1906-ൽ ഈസ്റ്റ് ഇന്ത്യൻ റെയിൽവേയിലെ ക്ലെറിക്കൽ തൊഴിലാളികൾ പണിമുടക്കുകയും 'റെയിൽവേ മെൻസ് യൂണിയന്' രൂപം നൽകുകയും ചെയ്തു. ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്ന 1905 ഒ. 16-ന് ബംഗാളിലുടനീളം പണിമുടക്കുകളും ഹർത്താലുമുണ്ടായി. ട്രേഡ് യൂണിയനുകൾ സാമ്പത്തികാവശ്യങ്ങൾക്കു പുറമേ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയർത്താൻ തുടങ്ങിയത് ഈ സന്ദർഭത്തിലാണ്. ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രചാരം ലഭിച്ചതും ഈ കാലയളവിലാണ്. ബാലഗംഗാധര തിലകന്റെ അറസ്റ്റിനെതിരായി ബോംബെയിൽ നടന്ന പണിമുടക്കു സമരം, ഇന്ത്യയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. 1920-ൽ ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (All India Trade Union Congress-AITUC) രൂപീകരിക്കപ്പെട്ടത് എടുത്തുപറയേ സംഭവമാണ്.
എ.ഐ.റ്റി.യു. സി.യുടെ രൂപീകരണത്തിന് തിലകൻ നൽകിയ സംഭാവനകൾ അമൂല്യമാണ്. ലാലാ ലജപത് റായി ആയിരുന്നു ആദ്യ പ്രസിഡന്റ്. 1920- ൽ 125-ഓളം യൂണിയനുകളും രണ്ടര ലക്ഷം അംഗങ്ങളുമുണ്ടായിരുന്നു. 1921-ൽ വെയിൽസ് രാജകുമാരന്റെ സന്ദർശന വേളയിൽ ബോംബെയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾ പണിമുടക്കുകയും തെരുവുപ്രകടനങ്ങൾ നടത്തുകയും ചെയ്തു. 1918-ൽ ഗാന്ധിജി രൂപീകരിച്ച അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ അസ്സോസിയേഷനിൽ 14,000 അംഗങ്ങളുണ്ടായിരുന്നു. 1920-കളുടെ രണ്ടാം പകുതിയിലാണ് ഇടതു ട്രേഡ് യൂണിയനുകൾ രൂപംകൊത്. 1927-ൽ എസ്.എ. ഡാങ്കെ, മുസഫർ അഹമ്മദ്, പി.സി.ജോഷി തുടങ്ങിയ ആദ്യകാല കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർട്ടി(Workers and Peasants Party-WPP) രൂപംകൊണ്ടു. 1928-ൽ ബോംബെ തുണിമില്ലുകളിൽ നടന്ന ആറുമാസം നീണ്ടുനിന്ന സമരത്തെത്തുടർന്ന് കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള യൂണിയനുകൾ എ.ഐ.റ്റി.യു.സി.യുടെ നേതൃത്വത്തിലേക്കുയർന്നു. 1929-ൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ചേർന്ന എ.ഐ.റ്റി.യു.സി. സമ്മേളനത്തിൽ വച്ച് എൻ.എം. ജോഷിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കമ്യൂണിസ്റ്റു സ്വാധീനത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റു സ്വാധീനം ഇല്ലാതാക്കുന്നതിനു വേണ്ടി ബ്രിട്ടിഷ് ഗവൺമെന്റ് പബ്ലിക് സേഫ്റ്റി ആക്ട് (Public Safety Act), ട്രേഡ് ഡിസ്പ്യൂട്ട് ആക്ട് (Trade Dispute Act) തുടങ്ങിയ നിയമങ്ങൾ നടപ്പിലാക്കി. തുടർന്ന് കമ്യൂണിസ്റ്റ് യൂണിയൻ നേതൃത്വത്തെ ഒന്നടങ്കം തടവിലാക്കുകയും മീററ്റ് ഗൂഢാലോചനക്കേസിൽ അവരെ പ്രതികളാക്കുകയും ചെയ്തു. 1931-ൽ എ.ഐ.റ്റി.യു.സി.യിൽ നിന്ന് കമ്യൂണിസ്റ്റുകാരെ പുറത്താക്കിയെങ്കിലും 1935-ൽ അവർ വീണ്ടും സംഘടനയിൽ ചേർന്നു പ്രവർത്തിച്ചു. സ്വാതന്ത്ര്യ ലബ്ധിയെത്തുടർന്ന് എ.ഐ.റ്റി.യു.സി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്രേഡ് യൂണിയനായി മാറി. 1964-ൽ പാർട്ടി പിളർന്നപ്പോൾ എ.ഐ.റ്റി.യു.സി.യിലും പിളർപ്പുണ്ടായി. സി.പി.ഐ. (എം)-ന്റെ നേതൃത്വത്തിൽ സി.ഐ.റ്റി.യു. രൂപംകൊണ്ടു. ദീർഘകാലം സി.ഐ.റ്റി.യു.വിന്റെ പ്രസിഡന്റായി പ്രവർത്തിച്ച ബി.ടി. രണദിവെ അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെയും പിന്നീട് സി.പി.ഐ.(എം)-ന്റെയും അഖിലേന്ത്യാ നേതൃനിരയിലെ പ്രമുഖനായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ട്രേഡ് യൂണിയനുകൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാഷ്ട്രീയ പാർട്ടികൾ മത്സര ബുദ്ധിയോടെ തൊഴിലാളി യൂണിയനുകൾ സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായി തൊഴിലാളികൾക്കിടയിൽ അനൈക്യവും വിഭാഗീയതയും വളരുകയാണുണ്ടായത്. തൊഴിലാളികളുടെ പൊതുവായ അവകാശങ്ങൾ നേടിയെടുക്കുക എന്നതിനേക്കാൾ തൊഴിലാളികൾക്കിടയിൽ രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യമുറപ്പിക്കുകയെന്നതായിരിക്കുന്നു ഇന്നത്തെ ലക്ഷ്യം.

ട്രേഡ് യൂണിയൻ കേരളത്തിൽ

തിരുത്തുക

കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് സാമൂഹിക പ്രവർത്തകരായിരുന്നു. മുതലാളിത്തവ്യവസ്ഥയോടുള്ള താത്ത്വികമായ എതിർപ്പിനേക്കാൾ പ്രധാനമായി ഇവരെ ഇതിനു പ്രേരിപ്പിച്ചത് തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളായിരുന്നു. ആധുനികമായ തൊഴിൽ നിയമങ്ങളോ സേവന വേതന വ്യവസ്ഥകളോ നിലവിലില്ലാതിരുന്ന അക്കാലത്ത്, തൊഴിലാളികൾക്ക് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ വർണനാതീതമായിരുന്നു. തൊഴിൽ സമയം ക്ലിപ്തപ്പെടുത്തിയിട്ടില്ലായിരുന്നതിനാൽ തൊഴിലാളികൾ അതിരാവിലെ തന്നെ ജോലിയിൽ പ്രവേശിക്കണമായിരുന്നു. രാത്രി വളരെ വൈകും വരെ ജോലി ചെയ്യുകയും വേണം. മുതലാളിമാരുടെ ഏജന്റുമാരായ മേസ്ത്രിയും മൂപ്പനും കങ്കാണിയും പറയുന്നതെന്തും അനുസരിക്കണം. വിസമ്മതിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താൽ ശിക്ഷ കഠിനമായിരുന്നു. ആലപ്പുഴയിലെ കയർ വ്യവസായശാലകളിലാണ് ഏറ്റവുമധികം തൊഴിലാളികൾ പണിയെടുത്തിരുന്നത്. മൂപ്പന്മാരായിരുന്നു ഫാക്ടറികളിലെ സർവാധിപതികൾ. ശമ്പളദിവസം 'മൂപ്പ്കാശ്' എന്ന പേരിൽ ഒന്നും രണ്ടും ചക്രം വീതം (ഇരുപത്തെട്ട് ചക്രം = ഒരു രൂപ) തൊഴിലാളികളിൽ നിന്ന് പിരിവ് നടത്തുകയെന്നത് ഇവരുടെ അലിഖിതമായ അവകാശമായിരുന്നു. നിസ്സാരകുറ്റങ്ങൾക്കുപോലും വലിയ തുക പിഴയിടുകയോ ശാരീരിക പീഡനമേൽപ്പിക്കുകയോ ചെയ്യുമായിരുന്നു. തൊഴിലാളികൾ നല്ല വസ്ത്രം ധരിക്കാൻ പാടില്ലായിരുന്നു. തിരുവിതാംകൂറിൽ ജാതിയടിസ്ഥാനത്തിലുള്ള വിവേചനവുമുണ്ടായിരുന്നു. ഈഴവർ, മുക്കുവർ, ഊരാളി, കൊല്ലൻ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്ക് നൽകിയിരുന്ന കൂലി 'ജാതിക്കൂലി' എന്നറിയപ്പെട്ടിരുന്നു. കൊല്ലത്തെ ഓട്ടുകമ്പനികളിലേയും കശുവണ്ടി ഫാക്ടറികളിലേയും സ്ഥിതി വളരെ ദയനീയമായിരുന്നു. മലബാർ മേഖലയിലെ തൊഴിലാളികളുടെ ജീവിതവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. തൊഴിൽ സ്ഥലങ്ങളിലെ പീഡനങ്ങൾക്കും ചൂഷണത്തിനുമെതിരായി അസംഘടിതമായ പല പ്രതിഷേധങ്ങളുമുണ്ടായിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ സംഘടിതമായ ട്രേഡ് യൂണിയൻ ആലപ്പുഴയിലെ 'തിരുവിതാംകൂർ ലേബർ അസ്സോസിയേഷൻ' ആണ്. പ്രമുഖ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന ആർ. സുഗതനായിരുന്നു ഇതിനു നേതൃത്വം നൽകിയത്. 1922 മാർച്ച് 31- നാണ് ഈ സംഘടന രൂപീകൃതമായത്. ആദ്യനാമം ലേബർ യൂണിയൻ എന്നായിരുന്നു. ജൂലൈയിലാണ് ലേബർ അസ്സോസിയേഷൻ എന്ന പേര് സ്വീകരിച്ചത്. തൊഴിലാളികളിൽ നിന്നു ശേഖരിക്കുന്ന ചെറിയ സംഭാവനകൾ ഉപയോഗിച്ച് അവർക്ക് ചികിത്സാസഹായം നൽകുക, വായനശാലകൾ സ്ഥാപിക്കുക തുടങ്ങിയവയ്ക്കു പുറമേ വ്യക്തമായ സാമൂഹിക രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഈ സംഘടന മുന്നോട്ടുവച്ചിരുന്നു. അയിത്തം അവസാനിപ്പിക്കുക, നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഏർപ്പെടുത്തുക, പള്ളിക്കൂടങ്ങളിലും തൊഴിൽശാലകളിലും വൈദ്യപരിശോധന നടത്തുക, പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. മാത്രവുമല്ല പില്ക്കാലത്ത് സിവിൽ നിയമലംഘന പ്രസ്ഥാനത്തേയും പൂർണ സ്വാതന്ത്ര്യ പ്രമേയത്തേയും അസ്സോസിയേഷൻ പിന്തുണച്ചു. 1925-ൽ തൊഴിലാളി എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും ആരംഭിച്ചു. പി. കേശവദേവ് ഈ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.

1928 ജൂലൈയിൽ നടന്ന റെയിൽവേ പണിമുടക്കിനെത്തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രേഡ് യൂണിയനുകൾ രൂപം കൊണ്ടും. കേരളത്തിലെ ആദ്യത്തെ പണിമുടക്കുസമരം ഈ റെയിൽവേ പണിമുടക്കാണ്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ശമ്പളം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ റെയിൽവേ സമരം തെക്കേ ഇന്ത്യ മുഴുവൻ വ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് കേരളത്തിന്റെ പലയിടങ്ങളിലും പ്രാദേശികമായി തൊഴിലാളികൾ സംഘടിക്കാനും വില പേശാനും തുടങ്ങിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. 1930-ൽ സന്മാർഗോദയം കൂലിവേലസംഘം എന്നൊരു സംഘടന മുണ്ടക്കയത്ത് രൂപീകൃതമായി. പൊന്നറ ശ്രീധറിന്റേയും എൻ.സി. ശേഖറിന്റേയും നേതൃത്വത്തിൽ 1931-ൽ തിരുവനന്തപുരം പ്രസ് വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുകയുണ്ടായി. മലബാർ പ്രദേശത്ത് കോട്ടൺ മില്ലുകളിലും തേയിലത്തോട്ടങ്ങളിലും മറ്റും ഇക്കാലത്ത് ട്രേഡ് യൂണിയനുകൾ രൂപീകരിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.

1932-ൽ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ലേബർ യൂണിയൻ നിലവിൽവന്നു. 1931-33 കാലയളവിൽ കൊച്ചിൻ ലേബർ യൂണിയനും രൂപീകൃതമായി. 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടിയുടെ കേരള ഘടകത്തിന്റെ രൂപീകരണം, കേരള ചരിത്രത്തിലെ നിർണായകമായൊരു വഴിത്തിരിവാണ്. കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടിയുടെ രൂപീകരണത്തെത്തുടർന്ന് കോൺഗ്രസ്സിലെ ഇടതുപക്ഷക്കാരുടെ നേതൃത്വത്തിൽ മിക്ക സ്ഥലങ്ങളിലും ട്രേഡ് യൂണിയനുകൾ സജീവമായി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് 1935 മേയ് മാസത്തിൽ കോഴിക്കോട്ട് ഒരു സമ്മേളനം നടന്നു. അഖില കേരളാടിസ്ഥാനത്തിലുള്ള ട്രേഡ് യൂണിയന്റെ പ്രാരംഭം ഈ സമ്മേളനമാണ്. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന ഈ സമ്മേളനം ജോലിസ്ഥിരത, ജോലി സമയം തുടങ്ങിയ ആവശ്യങ്ങൾക്കു പുറമേ കോൺഗ്രസ്സിൽ തൊഴിലാളികൾക്ക് അംഗത്വം നൽകുക, ഇന്ത്യയ്ക്ക് പൂർണസ്വാതന്ത്ര്യ നൽകുക തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. ഈ സമ്മേളനത്തിനു ശേഷമാണ് ആലപ്പുഴ ലേബർ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ, തൊഴിലാളികളുടെ ജീവിത ദുരിതങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന ഒരു നിവേദനം തിരുവിതാംകൂർ രാജാവിന് നൽകാൻ തീരുമാനിച്ചത്. നിവേദനം നൽകുന്നതിനുവേണ്ടി ഒരു ജാഥ തിരുവനന്തപുരത്തേക്ക് പോകാനും തീരുമാനിച്ചു. ജാഥയെ നിരോധിച്ചുവെങ്കിലും, തൊഴിലാളികൾക്കിടയിൽ ശക്തിപ്പെട്ടുകൊണ്ടിരുന്ന പ്രതിഷേധത്തെ അവഗണിക്കാൻ തിരുവിതാംകൂർ രാജവാഴ്ചയ്ക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ട്രേഡ് യൂണിയൻ ഡിസ്പ്യൂട്ട് ബിൽ, വർക്മെൻ കോംപൻസേഷൻ ബിൽ തുടങ്ങിയ നിയമനിർമ്മാണങ്ങൾ നടന്നത്.

അഖില കേരള ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ രണ്ടാം സമ്മേളനം 1937-ൽ തൃശൂരിലും മൂന്നാം സമ്മേളനം 1939-ൽ ആലപ്പുഴയിലും നടന്നു. തിരുവിതാംകൂറിലെ തൊഴിലാളി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി 1939-ൽ ആലപ്പുഴയിൽ വച്ച് ഒരു അഖില തിരുവിതാംകൂർ സമ്മേളനവും ചേരുകയുണ്ടായി. ഈ സമ്മേളനങ്ങളിലെല്ലാം തന്നെ എ.ഐ.റ്റി.യു.സി.യുടെ അഖിലേന്ത്യാ നേതാക്കന്മാർ സജീവമായി പങ്കെടുത്തിരുന്നു. കണ്ണൂരിലെ നെയ്ത്തു തൊഴിലാളി യൂണിയൻ, തലശ്ശേരി ബീഡിത്തൊഴിലാളി യൂണിയൻ, കോഴിക്കോട്ടെ ഓട്ടുകമ്പനികളിലേയും തടിമില്ലുകളിലേയും യൂണിയനുകൾ തുടങ്ങിയവ ഈ കാലയളവിൽ രൂപം കൊണ്ടു പ്രധാന തൊഴിലാളി സംഘടനകളാണ്. തിരുവിതാംകൂറിലെ ഉത്തരവാദഭരണപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ 1938-ലെ ആലപ്പുഴ തൊഴിലാളി സമരം ശ്രദ്ധേയമാണ്. 40,000- ഓളം തൊഴിലാളികൾ പങ്കെടുത്ത ഈ സമരം 25 ദിവസം നീണ്ടുനിന്നു. തൊഴിലാളികളുടെ പല ആവശ്യങ്ങളും ഭാഗികമായി അംഗീകരിക്കപ്പെട്ടു. തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ചന്വേഷിക്കാൻ ഒരു കമ്മിറ്റി നിലവിൽ വരുകയും ചെയ്തു. രണ്ടാം ലോക യുദ്ധാനന്തരഘട്ടത്തിൽ കേരളത്തിലെ ട്രേഡ് യൂണിയനുകൾ സജീവമായി. 1946 സെപ്റ്റംബറിൽ ആലപ്പുഴയിൽ ചേർന്ന ട്രേഡ് യൂണിയൻ സമ്മേളനം രാജവാഴ്ചയ്ക്കെതിരായും ഉത്തരവാദ ഭരണത്തി നുവേണ്ടിയും പൊതുപണിമുടക്കു നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 22-ന് ആരംഭിച്ച പൊതുപണിമുടക്കാണ് കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും പൊതുവായ രാഷ്ട്രീയ ചരിത്രത്തിലും ഒരുപോലെ നിർണായകമായി പരിണമിച്ചത്.

1956 ന. 1-ന് കേരള സംസ്ഥാനം രൂപീകൃതമായി. 1957-ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റു ഗവൺമെന്റ് അധികാരത്തിൽ വന്നു. 1964-ൽ കമ്യൂണിസ്റ്റു പാർട്ടി പിളർന്നതിനെ തുടർന്ന് മാർക്സിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു. രൂപംകൊണ്ടു. മറ്റു രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സംഘടനകളായ എ.ഐ.റ്റി.യു.സി., ഐ.എൻ.ടി.യു.സി., യു.ടി.യു.സി., എസ്.ടി.യു., ബി.എം.എസ്., പി.ഡി.പിയുടെ തൊഴിലാളി സംഘടനയായ പി.ടി.യു.സി., ഹിന്ദ് മസ്ദൂർ സഭയുടെ പോഷക സംഘടനയായ കേരള വഴിവാണിഭ സഭ തുടങ്ങിയവയ്ക്കു പുറമേ ചില സ്വതന്ത്രട്രേഡ് യൂണിയനുകളും ഇന്നു കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൊഴിലാളി സംഘടന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൊഴിലാളി_സംഘടന&oldid=3976621" എന്ന താളിൽനിന്ന് ശേഖരിച്ചത്